18/04/2026

നിലാവിന്റെ തോഴൻ : ഭാഗം 25 & 26

രചന – ജിഫ്ന നിസാർ

“തല തുടക്ക് ”

അവളെയൊന്ന് നോക്കിയതിനു ശേഷം ക്രിസ്റ്റി കയ്യിലുള്ള തോർത്ത്‌ നീട്ടി കൊണ്ട് പറഞ്ഞു.

വിറക്കുന്ന കയ്യോടെ ഫാത്തിമ അത് വാങ്ങി.

നനഞ്ഞൊട്ടിയ ദേഹത്തോടെ അവന്റെ മുന്നിൽ നിവർന്നു നിൽക്കാൻ അവൾക്കൊരു ജ്യാളതയുണ്ടെന്ന് മനസ്സിലാക്കിയ ക്രിസ്റ്റി വേഗം തിരിഞ്ഞു നിന്നു.

അവന്റെയും ദേഹം പാതിയോളം നനഞ്ഞു പോയിരുന്നു.
നനവുള്ള മുടിയിഴകൾ കൈ കൊണ്ട് കോതി ഒതുക്കി അവൻ പുറത്ത് തിമിർത്തു പെയ്യുന്ന മഴയിലേക്ക് തുറിച്ചു നോക്കി നിന്നു.

“തീർന്നില്ലേ?”
തിരിഞ്ഞു നോക്കാതെ ക്രിസ്റ്റി ചോദിച്ചു.

“മ്മ്..”
മഴയിൽ കുതിർന്നത് പോലൊരു മൂളലാണ് പകരം കിട്ടിയത്.

“എങ്കിൽ വാ, അകത്തേക്ക് പോകാം ”

അവൻ തിരിഞ്ഞ് നിന്ന് അവളെ നോക്കി കൊണ്ടവളെ നോക്കി.
തല തുവർത്തിയിട്ടുണ്ട്.
നനഞ്ഞുലഞ്ഞ മുടിയിഴകൾ മുഖത്തിന്റെ പാതിയോളം മറച്ചിട്ടും വിറക്കുന്ന ചുണ്ടുകൾ രണ്ടും അവൾ കൂട്ടി പിടിച്ചത് കാണാം.

ഇട്ടിരുന്നു ചുരിദാറിൽ നിന്നും വെള്ളം ഇറ്റി വീഴുന്നത് ക്രിസ്റ്റി ടോർച്ചിന്റെ വെട്ടത്തിൽ കണ്ടു.

അവനവളോട് അങ്ങേയറ്റം സഹതാപം തോന്നി ആ നിൽപ്പ് കണ്ടപ്പോൾ.

“ഞാൻ.. ഞാനിവിടെ..”

വിറച്ചു വിറച്ചു കൊണ്ടവൾ പറഞ്ഞു തുടങ്ങിയത് അവന്റെ ഒറ്റ നോട്ടത്തോടെ നിർത്തി കളഞ്ഞു.

‘”ഇന്നലെ പറഞ്ഞത് തന്നെ എനിക്കിന്നും പറയാനൊട്ടും താല്പര്യമില്ല. അതിനായ് കളയാൻ സമയവുമില്ല. വരുന്നെങ്കിൽ വാ ”

ഇച്ചിരി കടുപ്പത്തിൽ അത്രയും പറഞ്ഞു കൊണ്ടവൻ വീണ്ടും കൈകൾ തലയ്ക്കു മുകളിൽ വെച്ചിട്ട് മഴയിലേക്കിറങ്ങി.
പിന്നിലേക്ക് ടോർച്ചു തെളിയിക്കുമ്പോൾ അവൾ പുറകെ തന്നെ വരുമെന്ന് അവനുറപ്പായിരുന്നു.

വീണ്ടും നനഞ്ഞു കൊണ്ട് അവരാ അടുക്കളപ്പുറത്തെ തകര ഷീറ്റിന് കീഴിൽ വന്നു നിന്നു.

“ഡ്രസ്സ്‌ ഒന്ന് വെള്ളം പിഴിഞ്ഞ് കള. അകത്തു കയറുമ്പോ വെള്ളം ഇറ്റി വീണിട്ട് തെളിവുണ്ടാക്കി കൊടുക്കേണ്ട ”

അടക്കിയ ശബ്ദത്തിൽ ക്രിസ്റ്റി പറഞ്ഞു.

അവൻ പറയുന്നത് കേട്ടിട്ടും അവളുടെ കണ്ണുകൾ നാല് പാടും ചിതറി തെറിക്കുന്നുണ്ട്.

“എന്തായീ നോക്കുന്നേ?”

ക്രിസ്റ്റി ചോദിച്ചു.

“ആ പട്ടി…”

പാത്തു അത് പറയുന്നത് പോലും ഭയത്തോടെയാണ്.

“എന്തോന്ന്…?”

ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“ഇവിടെ ഇന്നലെ ഉണ്ടായിരുന്ന ആ പട്ടി. അതെവിടെ പോയാവോ ”

വീണ്ടും ഫാത്തിമ ചുറ്റും കണ്ണുകൾ പായിച്ചു.

“ടോമി.. അതാണാവന്റെ പേര് ”

അവളാ പറഞ്ഞത് ഇഷ്ടപെടാത്തത്തിന്റെ മുഴുവൻ മുഷിപ്പുമുണ്ടായിരുന്നു അപ്പോഴവന്റെ സ്വരത്തിൽ.

“അവനെ ഇന്ന് തുറന്നു വിട്ടിട്ടില്ല ഞാൻ “വീണ്ടും ക്രിസ്റ്റി പറഞ്ഞത് കേട്ട് അവൾ തലയാട്ടി.

കയ്യിലുള്ള തോർത്ത്‌ ക്രിസ്റ്റിക്ക് നേരെ നീട്ടിയിട്ട് ഫാത്തിമ മുടിയെല്ലാം കൂടി മുകളിലേക്ക് വാരി കെട്ടി വെച്ചിട് ചുരിദാറിന്റെ ടോപ്പ് നന്നായി ഒന്ന് പിഴിഞ്ഞ് കളഞ്ഞു.

“വേഗം നോക്ക്..”

ഒറ്റ കൈ കൊണ്ട് മുടി തോർത്തി ക്രിസ്റ്റി ധൃതി കൂട്ടി.

തോളിൽ കിടന്നു ഷാൾ കൂടി വലിച്ചെടുത് പിഴിഞ്ഞ് അവളത് നിവർത്തിയിട്ടു.

അപ്പോഴും നന്നായി വിറക്കുന്നുണ്ട്.

“വാ ”

തോർത്ത്‌ തോളിൽ ഇട്ടു അടുക്കള വാതിൽ തള്ളി തുറന്നു കൊണ്ടവൻ അകത്തേക്ക് കയറി.

ഫാത്തിമ കൂടി കയറിയത്തിന് ശേഷം വളരെ ശ്രദ്ധയോടെ അത് ചേർത്തടച്ചു കൊണ്ട് തിരിഞ്ഞ് നടന്നു.

തലേന്നത്തെ അനുഭവം പോലെ തന്നെ മുഖകിലെത്തിയിട്ടാണ് രണ്ടാളും നേരെയൊന്ന് ശ്വാസം വിട്ടത്.

അവളെയൊന്ന് നോക്കിയിട്ട് ഷെൽഫിൽ നിന്നും അവൾക്ക് ധരിക്കാൻ കൊടുത്ത അതേ ഡ്രസ്സ്‌ തന്നെ എടുത്തു നീട്ടുമ്പോൾ ഫാത്തിമ മുഖം ഉയർത്തി അവനെയൊന്ന് നോക്കി.

“പോയി ഫ്രഷ് ആയിട്ട് വാ. നനഞ്ഞു നിന്നാൽ പിന്നെ അത് മതിയാവും വല്ല അസുഖവും വരാൻ. കിടന്നു പോയാൽ അവർക്ക് മുന്നിൽ ലോക്കാവും.”

ഒന്ന് മടിച്ചവളെ നോക്കി അവനൊരു മന്ദഹാസത്തോടെ ഓർമ്മിപ്പിച്ചതും അറിയാതെ തന്നെ ഫാത്തിമ അത് കൈ നീട്ടി വാങ്ങി.

തോളിൽ കിടന്നു തോർത്ത്‌ കൂടി അവൾക്ക് നേരെ നീട്ടിയിട്ട് ക്രിസ്റ്റി പുറത്തേക്കിറങ്ങി.

❣️❣️❣️

ഇജാസിന്റെ മുഖത്തൊരു പരിഹാസച്ചിരിയുണ്ട്.

അതിലേക്ക് നോക്കുമ്പോഴൊക്കെയും അമീന്റെ പല്ലുകൾ ഞെരിഞ്ഞു.

“ഓള് കളിക്കാൻ അറിയാവുന്നവളാണെടാ മോനെ ”

ഫാത്തിമയുടെ മുറിയിൽ ആകെയൊന്ന് കണ്ണോടിച്ചു നോക്കി കൊണ്ട് ഇജാസ് വീണ്ടും പറഞ്ഞു.

“”എങ്കിൽ ഓളെ കളി പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഓൾക്കറിയില്ല ഈ അമീനെ ”

താടി ഉഴിഞ്ഞു കൊണ്ട് അമീൻ പകയോടെ മൊഴിഞ്ഞു.

“എന്റെ പൊന്ന് അമീ. ഇനിയെങ്കിലും ഓളെ വിട്ടു പിടിക്കുന്നതാണ് നിന്റെ ആരോഗ്യത്തിനും മാന്യതക്കും ഏറ്റവും നല്ലത്.”

ഇജാസ് അവനെയൊന്നുക്കൂടി ഓർമ്മിപ്പിച്ചു.

“ഓള് പറഞ്ഞത് ഇയ്യും കേട്ടില്ലേ? രണ്ടും കല്പ്പിച്ചു തന്നെയാണ് ഓളും. ഷാഹിദ് ഇതറിഞ്ഞാ.. ന്റെ അള്ളോഹ്..”

ആ ഓർമയിൽ പോലും ഇജാസ് വിറച്ചു.

“ഇല്ലെടാ.. വിടില്ല ഞാനവളെ. എനിക്ക് മുന്നിൽ വന്നു നിന്നിട്ട് വെല്ലുവിളിച്ചവളെ ഞാൻ വെറുതെ വിടാണോ.? നടക്കില്ലത്.ഞാനാണ് പിറകില്ലെന്ന് അറിയിക്കാതെ തന്നെ ഓളെ ഞാൻ കുരുക്കും. അതിനുള്ള വഴി എനിക്കറിയാം ”

കൗശലത്തോടെ അമീൻ വീണ്ടും ചിരിച്ചു.

“ഞാനല്ല… ഇവിടെ ഷാഹിദിന്റെ ബീവി പട്ടം കാത്ത് നിൽക്കുന്ന നിരവധി തരുണീമണികളില്ലേ? അവനെ കൈവിട്ടു പോകുമെന്ന് ഭയന്നിട്ടല്ലേ അവളുമാര് ഫാത്തിമയെ കൂട്ടത്തിൽ ചേർക്കാത്തത്. തത്കാലം അവരാണ് എന്റെ കരുക്കൾ. അവരെ വെച്ചിട്ട് തന്നെ അവളെ ഞാൻ കുരുക്കും. നീ നോക്കിക്കോ?

കുതന്ത്രങ്ങളോരോന്നും അവനുള്ളിൽ വിഷം ചീറ്റി മൂളി പറക്കാൻ തുടങ്ങിരുന്നു.. ആ നിമിഷം മുതൽ.

❣️❣️❣️

റെഡിയാക്കിയ കട്ടൻ ചായ ശ്രദ്ധയോടെ ക്രിസ്റ്റി ഒരു ജഗ്ഗിലേക്ക് പകർന്നു.

തിളച്ച ചായ ഗ്ലാസ്സിൽ എടുത്താൽ അതുമായി സ്റ്റെപ്പ് കയറി മുകളിൽ എത്തുകയെന്നത് റിസ്ക്കാണ്.

അതുമല്ല.. അതുമായി പോകുന്ന നേരം കഷ്ടകാലത്തിനു ആരെങ്കിലും അപ്രതീക്ഷിതമായി മുന്നിലേക്ക് വന്നെത്തിയാൽ… അതോടെ തീർന്നു.

നേരിട്ട്, മറിയാമ്മച്ചി ഒഴികെ ആരും ചോദ്യം ചോദിക്കില്ലെങ്കിൽ കൂടിയും താൻ നീരീക്ഷിക്കപ്പെടാൻ സാധ്യതയേറും.

അങ്ങനെയാവുമ്പോൾ ഫാത്തിമയുടെ കാര്യമാണ് കഷ്ടത്തിലാവുക.

അവൾക്കൊരിക്കലും സംരക്ഷണമൊരുക്കാൻ പിന്നീട് കഴിഞ്ഞെന്ന് വരില്ല.

നിരവധി കണക്ക് കൂട്ടലുകളായിരുന്നു അവന്, രണ്ടു ഗ്ലാസ് ചായ തിളക്കും വരെയും.

അതിന്റെ റിസൾട്ടാണ് ഇപ്പൊ ജഗിൽ എത്തി നിൽക്കുന്നത്.

ഇത് പോലെ പഠിക്കാനിരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ.. മുകളിലേക്ക് കൊണ്ട് പോകാറുള്ളത് കൊണ്ട് തന്നെ സംശയിക്കപ്പെടാൻ സാധ്യതയുണ്ടാവില്ല എന്നതും അവനുറപ്പുണ്ടായിരുന്നു.

മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തിട്ട് അത് പോക്കറ്റിലിട്ടിട്ട് അവൻ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു.

ഒരു കയ്യിൽ ജഗ്ഗും മറു കയ്യിൽ രണ്ടു ഗ്ലാസ്സുമാവുമ്പോൾ ആ ലൈറ്റ് കൊടുത്തുവാൻ വീണ്ടും ഇറങ്ങി വരേണ്ടി വരുമെന്ന് കരുതിയാണ് അവനങ്ങനെ ചെയ്തത്.

ഹാളിലെ സ്റ്റെപ്പിനരികിൽ അവൻ എത്തിയതും ഡെയ്സിയുടെ മുറിയുടെ വാതിൽ തുറന്നു കൊണ്ട് അവരിറങ്ങി വന്നതും ഒരുമിച്ചായിരുന്നു.

ഒരു നിമിഷത്തെ വെപ്രാളത്തിൽ ക്രിസ്റ്റി ഞെട്ടി പോയിരുന്നു.

അറിയാതെ തന്നെ അവന്റെ കണ്ണുകൾ മുകളിലേക്ക് പാഞ്ഞു.

അതേ സമയം അവനെ അവിടെ പ്രതീക്ഷികാത്ത ഒരു പകപ്പ് ഡെയ്സിയിലും ഉണ്ടായിരുന്നു.

കണ്ണുകൾ തമ്മിലിടയുമെന്ന് തോന്നിയ അതേ നിമിഷം തന്നെ ക്രിസ്റ്റി നോട്ടം തെറ്റിച്ചു.

പതിയെ അവൻ മുകളിലേക്ക് കയറി പോകുന്നത് നോക്കി ഡെയ്സി അപ്പോഴും താഴെയുണ്ടായിരുന്നു.

കാൽ കൊണ്ട് വാതിൽ പതിയെ ചവിട്ടി തുറന്നു കൊണ്ട് ക്രിസ്റ്റി ചെല്ലുമ്പോൾ ഫാത്തിമ കുളിച്ചു കഴിഞ്ഞു വന്നിരുന്നു.

നനഞ്ഞു മുടിയിഴകൾ തോർത്തിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.

നനഞ്ഞു ആ ഷാൾ ഒന്നൂടെ പിഴിഞ്ഞ് കുടഞ്ഞിട്ട് അത് തന്നെ മാറിന് കുറുകെയിട്ടിട്ടുണ്ട്.

അവൾ അഴിച്ചു മാറ്റിയ ഡ്രസ്സ്‌ ചുരുട്ടി കൂട്ടി കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടിട്ട് ക്രിസ്റ്റി കയ്യിലുള്ള ജഗ്ഗും ഗ്ലാസും മുറിയിലെ കുഞ്ഞു ടേബിളിൽ വെച്ചിട്ട്, ഷെൽഫിൽ നിന്നൊരു പ്ലാസ്റ്റിക്ക് കവറെടുത്തു കൊണ്ട് അവൾക്ക് നേരെ നീട്ടി.

“ഇതിനകത്തിട്ടേക്ക് ”

അവൻ പറഞ്ഞു.

ഒന്ന് തലയാട്ടി കൊണ്ട് ഫാത്തിമ അത് വാങ്ങി.

ഷെൽഫിൽ നിന്നും ഒരു ഷർട്ട് കൂടി എടുത്തു കൊണ്ട് ക്രിസ്റ്റി ബാത്റൂമിന് നേരെ നടന്നു.

ഷർട്ട് നന്നായി നനഞ്ഞിട്ടുണ്ട്. അതൊന്ന് മാറ്റിയിട്ടു കൊണ്ട് അവനിറങ്ങി വന്നപ്പോഴും ഫാത്തിമ മുറിയുടെ മൂലയിൽ അതേ നിൽപ്പാണ്.

“ചായ കുടിച്ചില്ലേ നീ?”

അവൻ ഇറങ്ങി വന്നു ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല.

അവൻ തന്നെ രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് അവൽക്കരികിലെത്തി.

“കുടിക്ക്. ഈ തണുപ്പൊന്ന് മാറട്ടെ.”

അവൻ നീട്ടിയ ഗ്ലാസ് ഫാത്തിമ ആർത്തിയോടെയാണ് വാങ്ങിയത്.

ആ അവസ്ഥയിൽ അതവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.

വിറയൽ ക്രമേണ അമർന്നത് പോലെ.

അവളുടെ കണ്ണുകൾ നന്ദിയോടെ ക്രിസ്റ്റിയുടെ നേരെ നീണ്ടു.

അവനും കിടക്കയിലിരുന്നു കൊണ്ട് കട്ടൻ ആസ്വദിച്ചു കുടിക്കുകയാണ്.

“ജഗിൽ ഇനിയുമുണ്ട്. വേണമെങ്കിൽ എടുത്തു കുടിക്ക് ”

അവളെ നോക്കി ക്രിസ്റ്റി വീണ്ടും പറഞ്ഞു.

“മതി…”

ഫാത്തിമ പതിയെ പറഞ്ഞു.

“ഒരുപാട് നേരമായിരുന്നോ അവിടെ വന്നിരുന്നിട്ട്?”

ക്രിസ്റ്റി അവളെ നോക്കി.

“മ്മ്.. മഴ തോരുമെന്ന് കരുതി.. പക്ഷേ…”

വളരെ പതിയെ ആണ് പറയുന്നത്.

“കയ്യിലൊരു വെളിച്ചം പോലുമില്ലാതെ…”

ക്രിസ്റ്റി ഒരു നെടുവീർപ്പോടെ അവളെ നോക്കി.

ഫാത്തിമ ഒന്നും പറയാതെ മുഖം കുനിച്ചു.

“ഓരോ ദിവസം കഴിയുന്തോറും കൂടുതൽ റിസ്ക് ആവുകയാണ് ഫാത്തിമ. ശാശ്വതമായൊരു പരിഹാരം കണ്ടെത്തിയെ മതിയാവൂ ”

ക്രിസ്റ്റി വീണ്ടും പറഞ്ഞത് കേട്ട് അവൾ അവനെയൊന്ന് നോക്കി.

“എനിക്കിങ്ങോട്ട് നിന്നെ വിളിച്ചു കയറ്റാൻ പരിമിതികളുണ്ട്. അറിയാലോ.. പിടിക്കപ്പെട്ടാൽ എന്നെയും നിന്നെയും കേൾക്കാൻ പോലും ആരുമുണ്ടാവില്ല ”

അവൻ വീണ്ടും അവളെ നോക്കി.

“നീ… എന്തെങ്കിലും പഠിക്കാൻ പോയിരുന്നോ?”

അവന്റെ ചോദ്യം കേട്ടിട്ട് അവൾ ഒന്ന് തലയാട്ടി.

“ഏതായിരുന്നു?”

“ഡിഗ്രി.. സെക്കന്റ്‌ ഇയർ ”
ഫാത്തിമ ആവേശത്തിലാണ് മറുപടി പറഞ്ഞത്.

“ഇവിടെ നിന്നും പഠിക്കാൻ പോണമെന്നൊന്നും പറഞ്ഞില്ലെ നീ?”

ഇല്ലെന്ന് തലയാട്ടുമ്പോൾ അവളുടെ മുഖം വാടി പോയി.

“എങ്കിൽ.. ഏതു വിധേനയും താനത് അറകലിൽ അവതരിപ്പിക്കാൻ ശ്രമിക്കണം. ആവിശ്യം നിന്റെയാണ്.. അംഗീകരിച്ചു തരുവോളം ശ്രമിക്കണം. പോരാടുക എന്നത് നിന്റെ ഉത്തരവാദിത്തമാണ്. തോറ്റു കൊടുക്കില്ലെന്ന് വാശിയോടെ ശ്രമിക്കണം.മനസ്സിലായോ?”

ക്രിസ്റ്റി ചോദിക്കുമ്പോൾ… വല്ല്യ പ്രതീക്ഷയൊന്നുമില്ലാത്തത് പോലെ പാത്തുവിന്റെ മുഖം വീണ്ടും മങ്ങി.

ആ വലിയ വീടിനുള്ളിൽ തന്റെ സ്ഥാനം എന്തെന്ന് മനസ്സിലായത് പോലെ ഒരു വിളറിയ ചിരിയുണ്ടായിരുന്നു അവളിൽ.

“ഒറ്റ പറച്ചില് കൊണ്ടൊന്നും പോസിറ്റീവ് റിസൾട് പ്രതീക്ഷിക്കരുത്. നിരന്തരം പ്രയക്നിക്കാൻ തയ്യാറാവണം നീ. ഒരു ദിവസം കൊണ്ട് നേടായില്ലെങ്കിലും ഏതെങ്കിലും ഒരു ദിവസം… തീർച്ചയായും നേടാനാവും.”

ക്രിസ്റ്റി അവളെ തന്നെ നോക്കി…

തുടരും.

ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ട് ക്രിസ്റ്റിയും പാത്തുവും ഒരുപോലെ ഞെട്ടി തരിച്ചു പോയിരുന്നു.

മുറിയിലാകെ നിറഞ്ഞു നിന്നിരുന്ന മൗനം പെട്ടന്നാരോ ഉടച്ചത് പോലെ..

പാത്തുവിനെ ഒന്ന് നോക്കിയിട്ട് ക്രിസ്റ്റി ഫോണെടുത്തു.

ഫൈസിയാണ്..

ആ പേര് കണ്ടതും ക്രിസ്റ്റിക്ക് ചിരി വന്നു.
“ഹലോ…”
പാത്തുവിനെ ഒന്ന് നോക്കി കണ്ണ് ചിമ്മി കാണിച്ചിട്ട് നല്ല ഈണത്തിൽ ക്രിസ്റ്റി പറഞ്ഞു.

“അകത്തെത്തിയോ?”

മുഖവുരയൊന്നുമില്ലാതെ ഫൈസിയുടെ ചോദ്യം.

“ഉവ്വ്..”

“സമാധാനം..”

“അത് അവിടെ നിക്കട്ടെ.. ഞാനും അവളും അകത്തു കയറിയെന്ന് നിനക്കെങ്ങനെ അറിയാം?”
ക്രിസ്റ്റി ചിരി അടക്കി പിടിച്ചു ചോദിച്ചു.

“ഞാൻ കാവടി നിരത്തി നോക്കിയെടാ.. എന്തേ… അത് പോരെ?”
ഫൈസിയുടെ മറുപടി കേട്ടതും ക്രിസ്റ്റി നിലവിട്ട് ചിരിച്ചു പോയിരുന്നു.

“ഇപ്പൊ പുറത്തെ മഴയെ ഓർത്തു നിനക്ക് വേവലാതിയുണ്ടോടാ അലവലാതി?”

കടുപ്പത്തിലുള്ള ചോദ്യം.

“തകർത്ത് പെയ്യുന്ന മഴ ഒരു അനുഗ്രഹമല്ലേ മോനെ ഫൈസി.. അങ്ങട്ട് പെയ്യട്ടെടാ. ഭൂമിയുടെ ദാഹം തീരണ്ടേ. അത് കൊണ്ട് നീ കണ്ണ് വെക്കല്ലേ?”

കള്ളത്തരം മുഴുവനുമുണ്ടായിരുന്നു ക്രിസ്റ്റിയുടെ വാക്കുകളിൽ.

“എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ. ഒടുക്കം പുലിവാലാകുമെന്നു തോന്നുമ്പോ.. വേണ്ട.. ഞാനൊന്നും പറയുന്നില്ല ”

ഫൈസി പറഞ്ഞു.

ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.

“ഇന്നും ബാൽകണിയിൽ ചീറ്റലടിച്ചു കിടക്കാനാണോ പ്ലാൻ? അസുഖം വന്നു കിടപ്പിലായ നീയും തനിച്ചാണ് കേട്ടോ ”

ഉള്ളിലെ സ്നേഹത്തിന്റെ കരുതലാണ് അവന്റെയാ മുന്നറിയിപ്പ്.

“അങ്ങനൊന്നും ഉണ്ടാവില്ലേടാ ”

ക്രിസ്റ്റി നേർത്തൊരു ചിരിയോടെയാണ് സംസാരിക്കുന്നത്.

പാത്തു അവന്റെ ചിരിയിലേക്കും സംസാരത്തിലേക്കും നോക്കി നിൽപ്പുണ്ട്.

അവന്റെ ചിരിച്ച മുഖം കാണുമ്പോഴൊക്കെയും അവൾക്കുള്ളിലേക്ക് ഒരു വിറയൽ പാഞ്ഞു കയറും.

അവളെയൊന്നാകെ കുളിരണിയിച്ചു കൊണ്ട് ഏതോ സ്മൃതിയുടെ തലോടലുണ്ടാവും.

ഹൃദയമെന്തിനോ.. ഇടിഞ്ഞു താഴെ വീഴുന്നത് പോലെ പിടയും.

ഹേയ്.. ”

വിരൽ ഞൊടിച്ചു കൊണ്ട് ക്രിസ്റ്റി വിളിക്കുമ്പോൾ പാത്തു ഞെട്ടി.

അവന്റെ മുഖത്തൊരു ചിരിയുണ്ട്.
ഫോൺ വിളിയെല്ലാം കഴിഞ്ഞിരുന്നു.

“എന്താണ്.. കിനാവ് കാണുവാണോ ഫാത്തിമ ?”
വീണ്ടും കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

ഇത്രയും നേരം അവനെ സൂക്ഷിച്ചു നോക്കി നിൽപ്പായിരുന്നുവെന്നും.. അതവൻ വെടിപ്പായി കണ്ടുവെന്നുമുള്ള ഓർമയിൽ
അവൾക്ക് അവന്റെ നേരെ നോക്കാനൊരു ചമ്മൽ തോന്നി.

“എന്റെ കൂട്ടുകാരനാണ് വിളിച്ചത് ”

ക്രിസ്റ്റി പറഞ്ഞത് കേട്ടപ്പോൾ പാത്തു തലയാട്ടി.

“അവനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ കാര്യം.”

പാത്തുവിന്റെ കണ്ണിൽ പ്രതീക്ഷ തെളിയുന്നത് ക്രിസ്റ്റി ശ്രദ്ധിച്ചിരുന്നു.

“പക്ഷേ എന്ത് ചെയ്യണമെങ്കിലും.. ആദ്യം അറക്കലിൽ നിന്നും നീ ചാടണം. അത് കൊണ്ടാണ് ഞാൻ പറഞ്ഞത്.. നിന്റെ പഠനത്തിന്റെ കാര്യം സീരിയസായി നീ അവിടെ പ്രസന്റ് ചെയ്യണം. അങ്ങനെയാവുമ്പോൾ ആ പേരിൽ വീട്ടിൽ നിന്നും ചാടാം. ഹോസ്റ്റലിൽ നിന്നിട്ട് പഠിക്കണം എന്ന് കൂടി പതിയെ അവിടെ പറയണം ”

ക്രിസ്റ്റി പറയുന്നത് വളരെ ശ്രദ്ധയോടെ തന്നെയാണ് പാത്തു കേട്ട് നിൽക്കുന്നത്.

പക്ഷേ ആ കാര്യത്തിൽ അവൾക്ക് വല്ല്യ പ്രതീക്ഷയൊന്നുമില്ലന്ന് ആ മുഖം കാണുമ്പോൾ അറിയാം.

“ശ്രമിച്ചാൽ നടക്കും ഫാത്തിമ.”

അവൻ ഉറപ്പോടെ പറഞ്ഞു.

“പറഞ്ഞില്ലേ ഞാൻ… അതിജീവിക്കുകയെന്നത് നിന്റെ ആവിശ്യമാണ്. എത്രയൊക്കെ റിസ്ക് എടുത്തിട്ടായാലും അത് നേടിയെടുക്കുമെന്ന് നിനക്കൊരു വാശി വേണം ”

ക്രിസ്റ്റി വീണ്ടും പറഞ്ഞു.

“എന്നും ഭയന്നും വിറച്ചും ജീവിച്ചാൽ മതിയോ നിനക്ക്.? സ്വന്തം കാര്യം പറയാനുള്ള തന്റേടമില്ലാത്തതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ പരാജയം. ഇത്രയും കാലം എങ്ങനെ ആയിരുന്നു എന്നത് വിട്ടേക്ക് നീ. ഇനി അങ്ങോട്ട്‌… നീ നിനക്ക് വേണ്ടി ശബ്ദമുയർത്തുക.. നിനക്ക് വേണ്ടി ജീവിക്കുക ”

ക്രിസ്റ്റി പറഞ്ഞു നിർത്തി കൊണ്ട് എഴുന്നേറ്റു.

“കിടന്നോ.. നേരം ഒരുപാടായി ”

അതും പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് നടന്നു.

“അതേയ്…”

പിന്നിൽ നിന്നും പാത്തു വിളിക്കുന്നത് കേട്ടപ്പോൾ വീണ്ടും അവൻ തിരിഞ്ഞു നോക്കി.

“നല്ല.. നല്ല മഴയല്ലേ. പുറത്ത്… തണുപ്പടിച്ചു കിടക്കാനൊക്കെ ബുദ്ധിമുട്ടല്ലേ.?”

പാത്തു വിക്കി കൊണ്ട് പറയുന്നത് കേട്ടപ്പോഴും അവളെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത ഭാവമുണ്ടായിരുന്നു അവന്റെ മുഖത്ത് നിറയെ.

“ഞാൻ… ഞാനിവിടെ എവിടെയെങ്കിലും ഇരുന്നു കൊള്ളാം. നിങ്ങളിവിടെ തന്നെ കിടന്നോളു..”

പാത്തു പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ ഉള്ളിലൊരു പിടച്ചിലുണ്ടായിരുന്നു.

“എനിക് നിങ്ങളെ വിശ്വാസമാണെന്നാണ് അവളാ പറഞ്ഞത്.

അവനുള്ളം നിറഞ്ഞു.

ഓർമയിൽ വീണ്ടും അവനെയേറെ സ്നേഹിച്ചൊരു.. വിശ്വാസിച്ചൊരു കൂട്ടുകാരിയെ ഓർത്തു.

“സാരമില്ല ടോ.. ഞാനിവിടെ കിടക്കുമ്പോ തനിക്കൊരു ശ്വാസം മുട്ടലാവും. എനിക്കറിയാം എന്റെ ബുദ്ധിമുട്ട് ഓർത്തിട്ടാണ് നീ ഇപ്പോഴിതു പറഞ്ഞതെന്ന്. പേടിക്കേണ്ട.. ഇന്ന് പുറത്തേക്കിറങ്ങുന്നില്ല.. ഞാനീ മുറിക്ക് പുറത്ത് എവിടെങ്കിലും കിടന്നോളാം. താൻ കിടന്നോ ”

മനോഹരമായൊരു മന്ദഹാസത്തോടെ ക്രിസ്റ്റി പുറത്തേക്കിറങ്ങി.

വീണ്ടും പാത്തുവിന്റെ കണ്ണ് നിറഞ്ഞു.. അവന്റെ വാക്കുകൾ ഓർത്തു കൊണ്ട്.

❣️❣️❣️

“നിനക്കെന്താടാ ഉറക്കമൊന്നുമില്ലേ?”

പാതിരാത്രി വാതിൽ മുട്ടി തുറപ്പിച്ചു കൊണ്ട് അകത്തേക്ക് കയറുന്ന അമീനെ നോക്കി ഇശൽ പല്ല് കടിച്ചു.

“നീയുമുണ്ടോ?”
അവന്റെ പുറകെ തന്നെ ഇജാസും ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി ചെന്നിരുന്നു.

“എണീറ്റെ എല്ലാരും. എനിക്കൊരു കാര്യം പറയാനുണ്ട്.”

വലിയൊരു കിടക്കയിൽ തലങ്ങും വിലങ്ങും കിടക്കുന്ന പെൺ പടകളെയെല്ലാം അമീൻ തട്ടി വിളിച്ചു.

സമയം പത്തു കഴിഞ്ഞിട്ടും ഒറ്റയൊന്നും ഉറങ്ങിയിട്ടില്ല. എല്ലാം മൊബൈലിൽ തോണ്ടി കിടപ്പാണ്.

“നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ അമീ?”

ഇശൽ വാതിൽ അടച്ചു കൊണ്ട് വീണ്ടും അവനരികിൽ വന്നു തോളിൽ അമർത്തിയൊരു അടിയോടെ പറഞ്ഞു.

“അടങ്ങി നിൽക്കേടി ഹംക്കേ. ഞാൻ പറഞ്ഞു തരാം ”

തോള് തടവി കൊണ്ട് അമീൻ അവളെ നോക്കി കണ്ണുരുട്ടി.

ഹമീദിന്റെ മകളാണ് ഇശൽ. അവൾക്ക് നേരെ മൂത്തവൻ ഇമ്രാൻ.. ലണ്ടനിൽ പഠിക്കുകയാണ്. ഒരനിയത്തി കൂടിയുണ്ട് ഇശലിന്… ഇതൾ പത്തിലാണ് പഠിക്കുന്നത്.

“ഈ പാതിരാത്രി ആയപ്പോഴാണോ അമീ നിനക്ക് കാര്യം പറയാനുണ്ടായത്?”

ആരോടോ കാര്യമായി ചെയ്തിരുന്ന ചാറ്റിംഗ് നിന്ന് പോയതിന്റെ അങ്ങേയറ്റം നീരസമിണ്ടായിരുന്നു ഷംല അത് പറയുമ്പോൾ.

സലാമിന്റെ മൂത്ത പെങ്ങൾ റംലയുടെ മൂത്ത മകളാണ് ഷംല. അവൾക്ക് താഴെ രണ്ടാൺകുട്ടികള് കൂടിയുണ്ട്.

“കാര്യം പറയാൻ എപ്പോഴാണോ തോന്നുന്നത് അപ്പോൾ പറയണം. അതാണ്‌ ഗയ്സ് എന്റെ പോളിസി.. അത് കൊണ്ട്.. റിയലി സോറി ”

കിടക്കയിലേക്ക് ഇരുന്നു കൊണ്ട് ഒരു തലയിണ മടിയിലേക്കെടുത്തു വെച്ച് അത്യാവശ്യം ഗൗരവത്തോടെ പറയുന്ന അമീന്റെ നടുപ്പുറം നോക്കി ഒരു കൊട്ട് കൊടുത്താണ് സജ്‌ന അവളുടെ കലിപ്പ് തീർത്തത്.

രണ്ടാമത്തെ പെങ്ങൾ സുഹ്‌റയുടെ മകളാണ് സജ്‌ന. അവൾക്കൊരു ഏട്ടൻ കൂടിയുണ്ട്. സമദ് പഠനമെല്ലാം കഴിഞ്ഞു ജോലിക്ക് കയറിയിട്ടുണ്ട്.

“ഹൂ… ഈ പിശാചുകൾ എല്ലാം കൂടി എന്നെ കൊല്ലുവോ പടച്ചോനെ ”
അടി കിട്ടിയ വേദനയിൽ ഞെളിഞ്ഞു പിരിഞ്ഞ് കൊണ്ട് അമീൻ പല്ല് കടിച്ചു.

“ആഹ്.. ഇന്ന് അത്താഴം കഴിച്ചത് പോലും മ്മള് ഒരുമിച്ചിരുന്നു കൊണ്ടല്ലേ പഹയാ. അപ്പോഴൊന്നും പറയാനില്ലാതാ കാര്യം.. അനക്കെങ്ങനെ ഈ പാതിരാത്രി കിട്ടി.”

അഴിഞ്ഞുല്ലഞ്ഞു കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് മാടി വെച്ച് കൊണ്ട് സിയാ കൂടി പറഞ്ഞതോടെ നാല് പെൺപിള്ളേരും കൂടി അമീനെ തുറിച്ചു നോക്കി.

നിയാസിന്റെ മൂത്ത മകളാണ് സിയാ. അവൾക്ക് താഴെ ഒരു മകള് കൂടിയുണ്ട് അയാൾക്ക്, റിയ.

നാലിനും വേറെ വേറെ മുറിയുണ്ടങ്കിൽ കൂടിയും എല്ലാരും കൂടി ആ മുറിയിലാണ് കിടക്കുന്നത്.

പ്ലസ്‌ ടൂകാരിയായ സിയയാണ് അവരിൽ ഏറ്റവും ചെറുത്.

ഇശൽ ഡിഗ്രി സെക്കൻഡ് ഇയറും.. ഷംലയും സജ്‌നയും ലാസ്റ്റ് ഇയറുമാണ്.

നാലും കട്ട കമ്പനികളാണേലും തമ്മിൽ ചേരാത്ത ഒരേയൊരു കാര്യം.. ഷാഹിദ് എന്നാ അവരുടെ പറയപ്പെടാത്ത പ്രാണനാഥനാണ്.

പരസ്പരം വഴക്കിടന്നത് പോലും അവന്റെ പേരിലാണ്.

“നിനക്കൊക്കെ ഉപകാരമുള്ളൊരു കാര്യം പറയാൻ ഉറക്കം പോലും കളഞ്ഞിട്ട് വന്ന പാവം എന്നെയാണ് നീയൊക്കെ കൂടി ഇക്കോലത്തിൽ എടുത്തിട്ട് അലക്കുന്നത്. മനസാക്ഷി വേണമെടി..”
അമീൻ ഒടുവിൽ സെന്റിയായി തുടങ്ങി.

നാല് പേരും അവനെ നോക്കി ചുണ്ട് കോട്ടി.

“ഓ മതിയെടാ… എന്താണ് നീ ഇത്രേം കഷ്ടപെട്ടു കണ്ടു പിടിച്ചുവെന്ന് വീമ്പ് പറയുന്ന ആ കാര്യം. ആദ്യം പൊന്നുമോൻ അതൊന്ന് പറഞ്ഞു താ ”

ഇശൽ അവനരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.

“ന്റെ ഇശു.. ഇയ്യാദ്യം ഒന്ന് മയത്തിൽ ചോദിക്ക്. ഇതൊരുമാതിരി കുറ്റവാളികളോട് ചോദിക്കുന്നത് പോലെ..”

അമീൻ കണ്ണ് ചുരുക്കി.

“അനക്ക് അടുത്തത് കിട്ടണ്ടങ്കിൽ വേഗം പറഞ്ഞോ അമീ ”

ഷംല കൈ ചുരുട്ടി അവന് നേരെ നോക്കി.

“ഹാ… ഞാൻ പറയട്ടെ പെണ്ണേ.. ഇയ്യ് ഇവിടെ ഇരിക്ക് ആദ്യം.”

അമീൻ നയത്തിൽ അവളുടെ കൈ പിടിച്ചു കൊണ്ട് അരികിലിരുത്തി.

“പറയങ്ങോട്ട്…”

അവൾ വീണ്ടും കണ്ണ് ചുരുക്കി.

“ഇവിടെ കൊണ്ട് വന്നിട്ടില്ലേ ഒരു രാജകുമാരി.. അവളെ കുറിച്ചാ എനിക്ക് പറയാനുള്ളത് ”

നാല് പേരെയും മാറി മാറി നോക്കി അമീൻ കൗശലത്തോടെ പറഞ്ഞത് കേട്ടതും ഇജാസ് ഒന്ന് കൂടി അവനെ നോക്കി.

ഇവനിത് എന്ത് ഭാവിച്ചാണ് പടച്ചോനെ..?

അറിയാതെ തന്നെ അവന്റെ കണ്ണുകൾ മേലേക്കുയർന്നു.

“ഓ… അതൊരുമാതിരി വെള്ളത്തിൽ വീണ പഞ്ഞി പോലൊരു സാധനം. അതിനെ കുറിച്ച് ന്താ പ്പോ അനക്കിത്ര പറയാൻ?”

സജ്‌ന ചുണ്ട് കോട്ടി.

“പിന്നല്ലാണ്ട്. എപ്പോ നോക്കിയാലും എവിടേലും കുത്തി പിടിച്ചു ഇരിക്കുന്നത് കാണാം.”

ഇശലും അവളോട് ചേർന്നിട്ട് പറഞ്ഞു.

“അങ്ങനെ അവളെ വില കുറച്ചു കാണണ്ട നിങ്ങളാരും. കാഞ്ഞ ബുദ്ധിയുള്ളവളാണ്.”
അമീൻ വീണ്ടും കൗശലത്തോടെ തന്നെ പറഞ്ഞു.

ഇജാസിനൊപ്പം തന്നെ ബാക്കി നാല് പേരുടെയും മുഖത്ത് നിറയെ സംശയങ്ങൾ നിറഞ്ഞു.

“പറയുന്നെങ്കിൽ മര്യാദക്ക് തെളിയിച്ചു മനുഷ്യന് മനസ്സിലാക്കുന്ന കോലത്തിൽ പറയുക. അല്ലെങ്കിൽ മിണ്ടാതെ വായും പൂട്ടി പോവുക. ഇതിലേതാണ് അമീനെ നീ ചെയ്യുന്നത് ”

സജ്ന കലിപ്പോടെ പറഞ്ഞത് കേട്ടതും അമീൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.

“എങ്കിൽ ശ്രദ്ധിച്ചു കേട്ടോ എല്ലാരും. ഇങ്ങോട്ട് അവളെ വിളിച്ചു വരുത്തിയത് ഷാദിക്ക് വേണ്ടിയാണെന്ന് എനിക്കറിയാവുന്നത് പോലെ തന്നെ നിങ്ങൾക്കും അറിയാലോ.. ഇല്ലേ?”

അൽപ്പം നാടകീയതയോടെ അമീൻ അവരെയെല്ലാം നോക്കി.

കലിപ്പും സംശയങ്ങളുമെല്ലാം മാറി ആ മുഖത്തൊക്കെയും വല്ലാത്തൊരു അവസ്ഥ വന്നു നിറയുന്നത് അമീൻ സംതൃപ്തിയോടെ നോക്കി കണ്ടു.

“കൊണ്ട് വന്നത് അങ്ങനെ പറഞ്ഞിട്ടാണെങ്കിലും ഷാദിയെ മ്മക്ക് അറിയാലോ? ഇവളെ പോലൊരു പഴങ്കഞ്ഞിയെ അവനൊരിക്കലും സ്വീകരിക്കില്ലെന്ന് നമ്മുക്ക് ആശ്വാസിക്കാമായിരുന്നു ”

അമീൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.

“ന്റെ പൊന്നു അമീ.. ഇയ്യ് പറയാനുള്ളത് ഒന്ന് വളച്ചു കെട്ടാതെ പെട്ടന്ന് പറഞ്ഞു തീർക്കുമോ? മനുഷ്യനിവിടെ ശ്വാസം മുട്ടി മരിക്കാറായി. അപ്പഴാ അവന്റെയൊരു സ്ലോ മോഷൻ ”

ഇശൽ വീണ്ടും പല്ല് കടിച്ചു കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റു അവനരികെ വന്നു നിന്നു.

“പറയല്ലേ… ഞാൻ ”
അമീൻ അൽപ്പം ജാഡയിട്ട് കൊണ്ട് അവളെ ചാരി നിന്നു.

“എങ്കിൽ ഇനി നമ്മക്ക് ആ പ്രതീക്ഷ വേണ്ട മക്കളെ ”

അവൻ വീണ്ടും ദയനീയമായി അവരെ നോക്കി.

ഇജാസ് അവന്റെ നവരസങ്ങളിൽ ശ്രദ്ധിച്ചു കൊണ്ട് നിൽപ്പുണ്ട്.

“അതെന്താടാ..?”

ആകാംക്ഷയോടെ അവരെല്ലാം അമീനെ നോക്കി.

“വന്നവളത്ര നിസ്സാരക്കാരിയല്ല. അത് തന്നെ കാരണം ”
അതും പറഞ്ഞു കൊണ്ട് അമീൻ കിടക്കയിലേക്ക് തന്നെയിരുന്നു.

“ദേ അമീ.. മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടോ ”

സിയാ വീണ്ടും അവനെ നോക്കി കണ്ണുരുട്ടി.

“അത് തന്നെയല്ലേ കുരുപ്പേ ഞാൻ പറയുന്നത്. ഷാദിക്ക് അവളെ വേണ്ടന്ന് തോന്നിയാലും… അവളില്ലാതെ വയ്യെന്ന് തോന്നിപ്പിക്കാൻ അവൾക്ക് അധികസമയമൊന്നും വേണ്ടി വരില്ലെന്ന് ”

അമീൻ കിടക്കയിലേക്ക് ചാഞ്ഞു കിടന്ന് കൊണ്ട് പറഞ്ഞു.

“ഏയ്‌… അവളെ കണ്ടാൽ അങ്ങനൊന്നും തോന്നില്ലല്ലോ.. ഒരു സാധു ആണെന്ന് തോന്നുന്നു. അല്ലേടി?”

ഇശൽ മറ്റുള്ളവരെ നോക്കി ചോദിച്ചു.

“അങ്ങനെ അങ്ങ് നിസ്സാരമാക്കല്ലേ മക്കളെ. ഒന്നുമില്ലാതെ ഈ അമീൻ വെറുതെ പറയാറില്ലെന്ന് നിങ്ങൾക്കറിയാമല്ലോ?”

അമീൻ വീണ്ടും പറഞ്ഞതോടെ ഇശലിനെ സപ്പോർട്ട് ചെയ്തു തലയാട്ടിവരെല്ലാം വീണ്ടും അമീന്റെ ചുറ്റും കൂടിയിരുന്നു…

❣️❣️❣️

“ആരും അറിയാനൊന്നും പോകുന്നില്ല ദിലു. ജസ്റ്റ്‌ ഒരു ഡേ മാത്രം. നീ സാധാരണ സ്കൂളിൽ പോകുന്നത് പോലെ വീട്ടിൽ നിന്നും ഇറങ്ങുക. ഞാൻ കാത്ത് നിൽക്കാം. അവിടുന്ന് നമ്മൾ ഒരുമിച്ച് പോകും.. നമ്മുടേത് മാത്രമായ കുറച്ചു നിമിഷങ്ങൾ.. സ്കൂൾ വിടുന്ന കറക്ട് ടൈമിൽ നിന്നെ ഞാൻ തിരികെ ഡ്രോപ്പ് ചെയ്യുന്നു..”

മനസ്സിലുള്ള പ്ലാൻ ദിൽനയോട് പറയുമ്പോൾ…റോയ്സ് വല്ലാത്ത ആവേശത്തിലായിരുന്നു.

ക്രിസ്റ്റി നോട്ടമിട്ട സ്ഥിതിക്ക് ഇനിയും കാത്ത് നിൽക്കുന്നതിൽ അർഥമില്ല.

അവനെ ശെരിക്കും അറിയാവുന്നത് കൊണ്ട് തന്നെ എത്രയും പെട്ടന്ന്.. എത്രത്തോളം ദിൽനയോട് അടുക്കാമോ അങ്ങനെയെല്ലാം ചെയ്യണമെന്ന് സൂസന്റെ ബുദ്ധിയാണ്.

ഇത്രത്തോളം കൊതിച്ചിട്ട് ഇനി കൈ വിട്ട് കളയുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യായിരുന്നു.

ദിൽനയെ അകലാൻ കഴിയാത്ത വിധം ആകർഷിച്ചു നിർത്തുകയെന്നതും സൂസന്റെ ബുദ്ധിയാണ്.

അവളൊരു പക്വതയെത്താത്ത പെൺകുട്ടിയാണെന്നും സ്വന്തം സഹോദരന്റെ മകളാണെന്നും സൂസൻ അപ്പോൾ ഓർത്തതെയില്ലായിരുന്നു.

അവളുടെ അതേ പ്രായത്തിൽ തനിക്കൊരു മകളുണ്ട് എന്നത് പോലും ഓർക്കാതെ കെണി ഒരുക്കാൻ മകന് കൂട്ട് നിൽക്കുമ്പോൾ കയ്യിലേക്ക് വരാനിരിക്കുന്ന സ്വത്തുക്കളെ കുറിച്ച് മാത്രമാണ് അവരപ്പോൾ ഓർത്തത് മുഴുവനും.

“അതൊന്നും വേണ്ട. എനിക്ക്.. എനിക്ക് പേടിയാണ് ”

ദിൽനയുടെ മറുപടി കേട്ടതും റോയ്സ് കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.

“അങ്ങനെ പറയല്ലേ പൊന്നു.. ഞാനൊത്തിരി കൊതിച്ചു പോയി. നിന്നോടൊപ്പം ഇച്ചിരി സമയം. രണ്ടൂസം ആയിട്ട് എന്റെ മനസ്സിൽ അത് തന്നെയാണ്. നമ്മൾ ഒരുമിച്ചുള്ള സുന്ദരനിമിഷങ്ങൾ..”

റോയ്സ് ആർദ്രമായി പറഞ്ഞത് കേട്ടിട്ട്.. ദിൽന ധർമ്മസങ്കടത്തിലാണ്.

“എനിക്കും… എനിക്കും ആഗ്രഹമുണ്ട് റോയിച്ചാ.. പക്ഷേ.. എനിക്ക്.. എനിക്കെന്തോ ഇതൊക്കെ വല്ല്യ പ്രശ്നങ്ങളാവും എന്ന് തോന്നുന്നു..”

ദിൽന പറയുന്നത് കേട്ടതും റോയ്സിന്റെ ചുണ്ടിൽ ഒരു വിജയച്ചിരിയുണ്ടായിരുന്നു..

തുടരും..