രചന – ജിഫ്ന നിസാർ
പ്രഭാതകുളിരിൽ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പതുങ്ങുമ്പോൾ.. വാതിൽ പൊളിയും പോലെയുള്ള മുട്ട് കേട്ടത്.. ഞെട്ടി പിടഞ്ഞു എഴുന്നേറ്റു മാറി.. അവനും പകച്ചിരിപ്പുണ്ട്.. നിർത്താതെ ഉള്ള മുട്ടൽ തുടർന്നപ്പോൾ ഇച്ചായൻ തന്നെ നോക്കിയൊന്ന് കണ്ണടച്ചു കാണിച്ചു.. എന്നിട്ട് ഒരു ടീ ഷർട്ട് എടുത്തിട്ട് പോയി വാതിൽ തുറന്നു.. മുന്നിൽ ഒരുപാട് പോലീസുകാർ.. അമ്പരന്ന് പോയി.. ഇച്ചായനും നെറ്റി ചുളിച്ചു നോക്കുന്നുണ്ട്.. പണ്ടേ പോലീസിനെ കാണുമ്പോൾ വിറയൽ ആയിരുന്നു ആനിക്ക്. മുട്ടുകൾ കൂട്ടി ഇടിക്കാൻ തുടങ്ങും മുൻപ് ആനി ഓടി പ്രിൻസിന്റെ അരികിൽ ചെന്ന് നിന്നു.. അവന്റെ അമ്മയും ഏട്ടനും പേടിച്ചു നിൽക്കുന്നത് അവൾ കണ്ടിരുന്നു.. “എന്താ സർ.. എന്താ കാര്യം.. എനിക്ക് മനസ്സിലായില്ല “പ്രിൻസ് ചോദിച്ചു.. “സോറി മിസ്റ്റർ…”മുന്നിലുള്ള പോലീസുകാരൻ അവനെ നോക്കി.. “പ്രിൻസ് “… അവൻ പൂരിപ്പിച്ചു കൊടുത്തു.
“ഒക്കെ.. പ്രിൻസ്.. ഞങ്ങൾക്ക് ഈ വീടൊക്കെ ഒന്ന് സേർച്ച് ചെയ്യണം. ഇവിടെ കഞ്ചാവ് വില്പന നടക്കുന്നുണ്ട് എന്നൊരു ഇൻഫാർമേഷൻ കിട്ടിയിട്ടുണ്ട്..”ഗൗരവത്തോടെ അയാൾ പറയുമ്പോൾ പ്രിൻസ് ആശ്വാസത്തോടെ ആനിയെ നോക്കി.. അവൻ കരുതിയത് ആനിയുടെ അപ്പച്ചൻ കൊടുത്ത പരാതി ആയിരിക്കും എന്നായിരുന്നു.. ഇതിപ്പോ എന്നാത്തിനാ പേടിക്കുന്നെ.. ഇവിടെ അങ്ങനൊന്നും ഇല്ലെന്ന് ഉറപ്പാണ്.. “ഒക്കെ സർ.. കിട്ടിയ ഇൻഫാർമേഷൻ തെറ്റാണ്.. പക്ഷേ സാർ മുഴുവനും സേർച്ച് ചെയ്തിട്ട് പോയാൽ മതി.. ഇവിടെ വരെയും ഈ തണുപ്പത്തു വന്നതല്ല്യോ “പ്രിൻസ് ചിരിച്ചു കൊണ്ട് പറഞ്ഞു… അവൻ ആനിയെയും ചേർത്ത് പിടിച്ചു വഴിയിൽ നിന്നും മാറി കൊടുത്തു.. പോലീസുകാർ നാലുപാടും ചിതറും പോൽ ഉള്ളിലേക്ക് കടന്നു..
ആനിക്ക് ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത തോന്നി.. എന്തോ അപകടത്തിൽ പെടാൻ പോകുന്നു.. അവളുടെ ഹൃദയം ഉറക്കെ മുന്നറിയിപ്പ് കൊടുത്തു.. ആ തണുപ്പിലും അവളെ വിയർത്തു തുടങ്ങി.. “പേടിച്ചു പോയോ ഇച്ചായന്റെ ആനി കൊച്ച്.. ഈ തണുപ്പത്തു ഇച്ചിരി കൂടി കിടക്കാൻ വിചാരിച്ചതാ ഞാൻ.. അത് ഇവന്മാർ അലമ്പാക്കി..”കണ്ണിറുക്കി കള്ള ചിരിയോടെ പ്രിൻസ് പറയുമ്പോൾ ആനി ചിരിക്കാൻ കൂടി കഴിയാത്ത വിധം തളർന്നു തുടങ്ങിയിരുന്നു.. പേടി കൊണ്ട്. അവളിലെ വിറയൽ അറിഞ്ഞ പ്രിൻസ് നെഞ്ചോടു ചേർത്ത് പിടിച്ചു ആനിയെ.. നിമിഷങ്ങൾക്കകം കയ്യിലൊരു പൊതിയും കൊണ്ട് തന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന പോലീസുകാരനെ കാണെ.. പ്രിൻസിന്റെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നു.. നെറ്റിയിൽ ചുളിവുകൾ വീണ്ടും കണ്ടു.. ആനിക്ക് ശ്വാസം പോലും നിലച്ച പോലെയുള്ള അവസ്ഥയിൽ ആയിരുന്നു. “ഇത്.. ഇത് എന്നതാ സർ “അവൻ അയാളുടെ കയ്യിലേക്ക് ചൂണ്ടി ചോദിക്കുമ്പോൾ si എന്ന് തോന്നിക്കുന്ന അയാൾ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു.. “നിന്റെ ഓവർ കോൺഫിഡൻസ് കണ്ടപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയതാ.
പോലീസ് വെറും ഊളന്മാർ ആണെന്ന് കരുതിയോ പൊന്ന് മോൻ. എന്തായാലും ഈ തണുപ്പത്തു വന്നത് വെറുതെ ആയില്ല “പ്രിൻസിനെ നോക്കി അയാൾ പറയുമ്പോൾ ആനി അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. “പേടിക്കണ്ട ട്ടോ.. ഒന്നുല്ല.. ഇച്ചായൻ ഉണ്ടല്ലോ…”അവളുടെ കണ്ണിൽ നോക്കി പറഞ്ഞിട്ട് പ്രിൻസ് എസ് ഐ യുടെ അടുത്തേക്ക് നീങ്ങി.. “നിങ്ങളുടെ കയ്യിലുള്ള ഈ പൊതി എന്താണ് എന്ന് പോലും എനിക്ക് അറിയില്ല.. അതെങ്ങനെ ഇവിടെ വന്നെന്നും അറിയത്തില്ല. എന്താ സർ ഇതിന്റെ അർഥം..” അവനെ അയാളോന്നു തുറുപ്പിച്ചു നോക്കി.. “നീ മിടുക്കൻ ആണല്ലോ പ്രിൻസെ. കഞ്ചാവ് കൊണ്ട് വന്നു കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചതും പോരാഞ്ഞു, ഇനി അതുകൂടി ഞാൻ അന്വേഷിച്ചു പറഞ്ഞു തരണോ ” അയാൾ കളിയാക്കി കൊണ്ട് പറഞ്ഞപ്പോൾ അവന്റെ ഉള്ളിൽ സ്ഫോടനം നടന്നു..
ചതി.. ഉള്ളിലിരുന്ന് ഹൃദയം വിളിച്ചു പറഞ്ഞു.. “ഞാൻ.. ഞാനല്ല സർ. എനിക്ക് അറിയില്ല ഇതെങ്ങനെ അവിടെ വന്നെന്ന്. എനിക്ക് ഇൻഫോപാർക്കിൽ ജോലി ആണ് സർ. അതിലൂടെ കിട്ടും എനിക്ക് ജീവിക്കാൻ ഉള്ള കാശ്. കഞ്ചാവ് വിറ്റ് ജീവിതം കഴിക്കാൻ മാത്രം പ്രിൻസ് അതപതിച്ചു പോയിട്ടില്ല.. കർത്താവിന് നിര ക്കാതൊന്നും ഇന്നേ വരെയും ഞാൻ ചെയ്തിട്ടില്ല സർ “പ്രിൻസ് ഉറപ്പോടെ പറയുമ്പോൾ എസ് ഐ അവന്റെ കോളറിൽ പിടിച്ചു വലിച്ചു.. “നീ വല്ലാതെ പുണ്യാളൻ ആവല്ലേ മോനെ. നീ അറിയാതെ എങ്ങനെ ഇത് നിന്റെ കാട്ടിലിനടിയിൽ വന്നു. നീ അല്ലങ്കിൽ പിന്നെ ഒരുത്തരം പറഞ്ഞു താ നീ എനിക്ക്..” ഇച്ചായ.. ആനിയുടെ പിടയുന്ന വിളി കേട്ടപ്പോൾ പ്രിൻസ് അവളെ ഒന്ന് നോക്കി.. “എന്റെ മോൻ അങ്ങനെ ചെയ്യത്തില്ല സാറേ..”പ്രിൻസിന്റെ അമ്മ കരഞ്ഞു കൊണ്ട് എസ് ഐ യെ നോക്കി പറഞ്ഞു..
“എല്ലാ തള്ളമാരും സ്ഥിരം പറയുന്ന ഡയലോഗ് ആണത്.. അവൻ അങ്ങനെ ചെയ്യില്ല.. ഇങ്ങനെ ചെയ്യില്ല എന്നൊക്കെ.. നിങ്ങൾക്ക് ഇവന്മാരെ ശെരിക്കും അറിയത്തില്ല. തരം കിട്ടിയ പെറ്റ തള്ളയുടെ വരെ കരണം നോക്കി പൊട്ടിക്കാൻ കരളുറപ്പ് ഉള്ളവർമാർ ആണ് ചുറ്റും.. അങ്ങോട്ട് മാറി നിന്നാട്ടെ.. എനിക്ക് ചോദിക്കാൻ ഉണ്ട് ഇവനോട് “അയാൾ അവരുടെ നേരെ ചീറി.. “സത്യം ആണ് സർ എന്റെ അമ്മ പറയുന്നത്. ഞാൻ അത് ചെയ്തിട്ടില്ല. ഇന്നലെ എന്റെ കല്യാണം ആയിരുന്നു. കർത്താവാണേ സത്യം.. ഞാൻ… എനിക്ക് അറിയത്തില്ല എന്താ നടന്നത് എന്ന്. ആരോ ചതിച്ചതാ എന്നെ “പ്രിൻസ് പറയുമ്പോൾ എസ് ഐ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു.. “അത് ശരി.. നല്ല രാശിയുള്ള പെണ്ണാണല്ലോ. വലതു കാൽ വെച്ച് കയറിയത്തിന്റെ പിറ്റേന്ന് തന്നെ കെട്ടിയോൻ അകത്തായി.. മോളൊരു കാര്യം ചെയ്യുന്നത് നന്നായിരിക്കും.
കിട്ടുന്ന വണ്ടി പിടിച്ചു വീട്ടീ പോവാൻ നോക്കിക്കോ. എന്നിട്ട് നല്ലൊരു സോപ് വാങ്ങി തേച്ചോരച്ചു കുളിച്ചു നല്ലൊരു കൊച്ചനെ കണ്ടു പിടിച്ചു തരാൻ പറ വീട്ടുകാരോട്. ഇവനെയൊക്കെ ഇനി നോക്കി ഇരുന്ന നിന്റെ ജീവിതം പാഴായി പോവും… ഇവനിനി പുറലോകം കാണാൻ സാധ്യത കുറവാണ്.. കഞ്ചാവ് പിടിച്ചത് അവന്റെ വീട്ടില് നിന്നാല്ല്യോ.. ജാമ്യം പോലും കിട്ടില്ല “. ആനിയെ ചുഴിഞ്ഞു നോക്കി അയാൾ പറഞ്ഞപ്പോൾ അവളൊന്നു ഏങ്ങി പോയി.. ആശ്രയം തേടി കണ്ണുകൾ പ്രിൻസിനെ തിരഞ്ഞു… മറ്റുള്ള പോലീസുകാർ ചിരിച്ചു കൊണ്ട് നോക്കി നിൽപ്പുണ്ട്.. പ്രിൻസ് വേഗം ആനിയുടെ അടുത്തെത്തി അവളെ ചേർത്ത് പിടിച്ചു.. “സാർ വിചാരിച്ച എന്നെ കുറ്റവാളി ആക്കാൻ പറ്റിയെക്കും, പക്ഷേ സത്യം ഒരിക്കലും മൂടി വെക്കാൻ പറ്റത്തില്ല സാറേ. ഞാൻ തെറ്റ് ചെയ്തിട്ടില്ല. അതെനിക്ക് ഉറപ്പുണ്ട്.”അവളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ പറയുമ്പോൾ അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“മാറി നിക്കേടാ ഇങ്ങോട്ട്.. അവന്റെ ഒരു കുറ്റസമ്മതം.. തെമ്മാടിത്തരം കാണിച്ചിട്ട് നിന്ന് പ്രസംഗം നടത്തിയ ഞാൻ അങ്ങ് വിരണ്ടു പോകും എന്ന് കരുതിയോ നീ… രണ്ടു കിലോ കഞ്ചാവ് പറന്നു വന്നു നിന്റെ കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു എന്ന് ഞാൻ അങ്ങ് വിശ്വസിച്ചു.. എന്താ അത് മതിയോ “അയാൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു മാറ്റി കൊണ്ട് പറഞ്ഞു.. “ഊരി പോരാൻ മോൻ കുറെ പാട് പെടും.. ഇപ്പൊ നമ്മുക്ക് പോയാലോ “അയാൾ ആനിയെ ചുഴിഞ് നോക്കി ഒരു വഷളൻ ചിരിയോടെ പറയുമ്പോൾ ഒന്ന് കരയാൻ പോലും ആവാത്ത വിധം തകർന്ന് കൊണ്ട് അവൾ നിലത്തേക്കിരുന്നു പോയിരുന്നു.. ചുറ്റും വലിയ ആൾക്കൂട്ടം രൂപപ്പെടുന്നുണ്ട്.. പ്രിൻസ് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. എന്താണ് സംഭവിച്ചു പോയത് എന്നറിയാതെ അവന്റെ മനസ്സിൽ വെലി യേറ്റം നടന്നു… ഉള്ളിൽ ആധി പെരുകി.. തന്നെ മാത്രം വിശ്വസിച്ചു കൂടെ വന്നൊരു പെണ്ണുണ്ട്.. ഇന്നലെ ആയിരുന്നു എങ്കിൽ പോലും ഇത്രയും വേദന തോന്നില്ല..അവളെ വിളിച്ചു കൂടെ പോരില്ലായിരുന്നു.. അവൾ താൻ തെറ്റ് ചെയ്തെന്ന് ഒരിക്കലും വിശ്വസിച്ചു പോവില്ല.. അത് നന്നായി അറിയാം.. പക്ഷേ പൊട്ടി തകർന്നുള്ള ആ ഇരിപ്പ് സഹിക്കുന്നില്ല.
താൻ കാരണം ആ കണ്ണുകൾ നിറയുന്നത് മരണം പോൽ ആണ്.. അവന്റെ ഉള്ളം പിടഞ്ഞു… ആർക്കാ കർത്താവെ എന്നോട് ഇതിന് മാത്രം പക.. “അപ്പൊ മോനെ നമ്മളങ് പോയാലോ “പ്രിൻസിന്റ കയ്യിൽ വിലങ്ങു അണിയിച്ചു അയാൾ പറഞ്ഞു.. നാട്ടുകാർ വല്ലാത്ത നോട്ടം നോക്കുന്നുണ്ട്.. ഇന്നലെ മുതൽ അവരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു.. എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു.. വലിയ സഹായം ആയിരുന്നു അവനും കൂട്ടുകാരും.. ഇന്നിപ്പോൾ ആ കണ്ണുകൾ എല്ലാം കുറ്റവാളിയെ പോലെയുള്ള നോട്ടം.. പ്രിൻസിന് വേദന തോന്നി.. ഇത്രേം ഒള്ളു… തെറ്റ് ചെയ്യണ്ട.. തെറ്റിദ്ധരിച്ചു പോയ മതി.. പിന്നെ നല്ലത് പറയാൻ ആരും ഉണ്ടാവില്ല.. അമ്മ ഏട്ടനെ കെട്ടിപിടിച്ചു കരയുന്നുണ്ട്.. ഏട്ടന്റെ മുഖത്തും വല്ലാത്ത ആധി തന്നെ ആണ്.. പണ്ടേ അൽപ്പം ധൈര്യം കുറവുള്ള ആളാണ് മൂപ്പര്.. ആ പേടി മുഖം നിറയെ ഉണ്ട്.. ആനി വെറും നിലത്ത് പ്രതിമ പോൽ ഇരിക്കുന്നു..
അവന്റെ ഹൃദയം നീറി.. എന്റെ പെണ്ണ്… അവൾക്കിനി… അവൻ അവളുടെ അരികിൽ മുട്ട് കുത്തി ഇരുന്നു.. ആനി.. പതിയെ വിളിച്ചപ്പോൾ അവൾ അവനെ നിറഞ്ഞ കണ്ണോടെ നോക്കി.. “തിരിച്ചു വരും.. സത്യം തെളിയും.. ഏറിയാൽ ഒരാഴ്ച.. അതിനുള്ളിൽ ഞാൻ നിന്റെ അരികിൽ ഉണ്ടാവും..പേടിക്കണ്ട.. ഇച്ചായൻ വരും പെണ്ണെ.. നീ കാത്തിരിക്കുമ്പോൾ എനിക്ക് വരാതിരിക്കാൻ ആവുമോ.. ഹൃദയം കൊണ്ട് ഞാൻ നിന്റെ അരികിൽ തന്നെ ഉണ്ട്.. വെറുതെ കരഞ്ഞോണ്ടിരിക്കരുത്..ഞാൻ വരുമ്പോൾ എനിക്ക് കൊതി തീരെ സ്നേഹിക്കാൻ ഉള്ളതാ “കണ്ണിറുക്കി അവൻ പറയുമ്പോൾ ആ പെണ്ണിന്റ ഉള്ളം പൊടിഞ്ഞു പോയിരുന്നു.. കണ്ടു കൊതി തീർന്നില്ലല്ലോ കർത്താവെ എനിക്ക്.. എന്തിനാ ഈ പരീക്ഷണം.. അവൾ കണ്ണീരോടെ ഓർത്തു. പ്രിൻസ് എഴുന്നേറ്റു അമ്മയുടെ അടുത്തെത്തി.. “വിഷമിക്കണ്ട അമ്മ.. അമ്മേടെ മോനെ വിശ്വാസം ഇല്ലേ.. ഞാൻ തിരിച്ചു വരും..”അവൻ അവരോടു പറഞ്ഞു..
“എന്റെ.. എന്റെ പെണ്ണിനെ നോക്കിക്കോണേ അമ്മാ.. ആരും ഇല്ല അവൾക്ക്.. എന്നെ വിശ്വസിച്ചു കൂടെ വന്നതാ.. തിരികെ വരുമ്പോൾ എനിക്ക് തിരിച്ചേൽപ്പിക്കണം…”അവന്റെ ശബ്ദം ഇടറി.. ചെയ്യാത്ത കുറ്റത്തിനാണ്.. അതോർക്കുമ്പോ ഉള്ളം വിറക്കുന്നു.. “മതിയെടാ.. ഈ കണക്കിന് നീ വല്ല ടൂറും പോകുമ്പോൾ എങ്ങനെ യാത്ര പറയും.. നടക്കങ്ങോട്ട്..”എസ് ഐ അവന്റെ തോളിൽ പിടിച്ചു ഉന്തി.. പുറത്തേക്ക് ഇറങ്ങുമ്പോൾ അവൻ ഏട്ടനോട് കണ്ണ് കൊണ്ട് യാത്ര അറിയിച്ചു.. നോക്കിക്കോണേ ഏട്ട.. അതായിരിക്കും ആ കണ്ണുകൾ വിളിച്ചു പറഞ്ഞത്.. നടന്നതൊരു സ്വപ്നം പോൽ തോന്നി ആനിക്ക്.. തിരിഞ്ഞു നോക്കി നടക്കുന്ന പ്രിൻസിനെ കാണെ അങ്ങനെ ആയിരിക്കണേ എന്ന് വെറുതെ മോഹിച്ചു.. ഉണരുമ്പോൾ മായുന്ന പേടിപ്പിച്ച വെറും സ്വപ്നം.. നൂറായിരം കഷ്ണങ്ങൾ ആയി ഹൃദയം പിന്നി പോയത് അറിയവേ.. അതൊരിക്കലും സ്വപ്നം അല്ലെന്ന് അവൾ തിരിച്ചറിഞ്ഞു..
അവൻ.. അവളുടെ രാജ കുമാരൻ ജയിലിൽ ആണ്.. തെറ്റൊന്നും ചെയ്യാതെ.. ഓർക്കുമ്പോ വീണ്ടും വീണ്ടും വേദന.. അമ്മയും തളർന്നു പോയിരുന്നു.. പ്രിൻസിന്റെ കൂട്ടുകാരാണ് വക്കീലിനെ ഏർപാട് ചെയ്തത് പോലും.. പക്ഷേ ജാമ്യം പോലും കിട്ടാത്ത രീതിയിൽ ആയിരുന്നു കേസ്.. ജീവനോടെ മരിക്കാൻ ഒരാൾക്ക് ഹൃദയത്തിൽ ഒരിത്തിരി ഇടം കൊടുത്താൽ മതിയെന്ന് ആനിക്ക് തോന്നിയ ദിവസങ്ങൾ .. ഓരോ ദിവസവും ഒരു വർഷത്തെ നീട്ടം പോലെ ആ മുഖമൊന്ന് കാണാൻ ശ്വാസം കിട്ടാത്ത പോലുള്ള പിടച്ചിൽ.. കരയേണ്ട എന്നൊന്ന് പറയാൻ പോലും ആരും ഇല്ലാത്ത അവസ്ഥ.. വിശപ്പില്ല.. ദാഹമില്ല.. ഒന്നും തന്നെ ഇല്ല.. അവന്റെ മുഖമൊന്ന് കാണണം എന്ന മോഹം മാത്രം.. രാവും പകലും.. സ്റ്റേഷനിൽ ചെന്ന് കാല് പിടിച്ചു പറഞ്ഞിട്ടും അവൾക്കൊന്നു കാണാൻ ആയില്ല.. പ്രാർത്ഥന മാത്രം ഉണ്ടൊരു ശക്തി.. മരിക്കാൻ പോലും തോന്നി.. പക്ഷേ ആ ചാര കണ്ണുകൾ ഓർക്കേ.. കള്ളച്ചിരി ഓർക്കേ ജീവിക്കാൻ വല്ലാത്ത കൊതി തോന്നി ആ പെണ്ണിന്.. അവൻ തിരിച്ചു വരും.. മന്ത്രം പോൽ അവളതു ഒരുവിട്ടു.. തളർച്ച തോന്നിയപ്പോൾ എല്ലാം.. ദിവസം ആഴ്ചകളായി.. മാസങ്ങൾ ആയി.. അവൻ മാത്രം തിരികെ വന്നില്ല.. കേസ് നടക്കുന്നു..
അത് മാത്രം അറിയാം.. പക്ഷേ വിധി എന്താവും എന്ന് അറിയില്ല.. കഞ്ചാവ് തെളിവ് സഹിതം കിട്ടിയതാണ്.. പെട്ടന്ന് ഊരി പോരാൻ ആവില്ലെന്ന് വക്കീൽ പറഞ്ഞപ്പോൾ അവൾ ജീവനോടെ ദഹിച്ചു.. അത് വരെയും കരുണയോടെ മാത്രം നോക്കിയ അമ്മ പിന്നെ പിന്നെ അവളുടെ ഭാഗ്യദോഷം ആണ് എന്ന് വിശ്വസിച്ചു തുടങ്ങി.. അങ്ങനെ വരുതി തീർത്തു അഭിപ്രായകമ്മിറ്റി കൾ.. അതിൽ പിന്നെ അവളോട് ദേഷ്യം ആയിരുന്നു.. വല്ലാതെ.. ജീവിതം വല്ലാത്തൊരു അവസ്ഥ യിൽ എത്തിയിരിക്കുന്നു ആനിക്ക്.. ജീവൻ നില നിർത്താൻ മാത്രം വല്ലതും കഴിക്കും.. ആരും അവളോട് ഒന്നും മിണ്ടിയില്ല.. അവളും അതാഗ്രഹിച്ചിരുന്നില്ല.. മിണ്ടാതെ.. അവൾ ചെയ്യേണ്ട ജോലികൾ തീർക്കും.. തീർത്തും നിസംഗത.. മടുത്തു പോയി എന്ന് തോന്നി തുടങ്ങിയ നാളുകളിൽ ഒരിക്കൽ അവന്റെ ജീവൻ ഉള്ളിലുണ്ടെന്ന് അറി ഞ്ഞു.. കരയാൻ പോലും മറന്നവൾ… അന്നുറക്കെ ഉറക്കെ പൊട്ടികരഞ്ഞു.. ഇനിയും അവനെ കാണാതെ വയ്യാന്നായി..
പ്രിൻസിന്റെ കൂട്ടുകാരൻ സിജോ ആണ് കൊണ്ട് പോയത്.. മറ്റാരും കൂടെ പോയില്ല.. അവളുടെ ദയനീയ അവസ്ഥ കണ്ടു അലിവ് തോന്നിയ ഒരു പോലീസുകാരൻ എസ് ഐ യോടെ അപേക്ഷിച്ചത് കൊണ്ട് അന്നവൾ അവളുടെ പ്രാണനെ ഒന്ന് കണ്ടു.. താടി രോമം നിറഞ്ഞ… തിളക്കം മാഞ്ഞ ആ മുഖം അവളെ ഒന്നൂടെ തളർത്തി.. “സുഖണോ ടി പെണ്ണെ “ഇല്ലാത്ത ചിരി ഉണ്ടാക്കി അവൻ ചോദിച്ചപ്പോൾ അത് വരെയും അനുഭവിച്ച ദുരിതം ആ പെണ്ണ് മനഃപൂർവം മറന്നു കളഞ്ഞു.. അതേ എന്ന് തലയാട്ടി കാണിച്ചപ്പോൾ കണ്ണിലെ നീർ മുത്തുകൾ ചിതറി തെറിച്ചു.. അവന്റെ ജീവൻ ഉള്ളിലുണ്ടെന്ന് ആദ്യം അവനെ അറിയിച്ചപ്പോൾ, ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിയാത്ത സങ്കടം ഇരുമ്പ് കമ്പിയിൽ അവൻ അമർത്തി പിടിച്ചു കണ്ണ് അടക്കുമ്പോൾ… നിറഞ്ഞ കണ്ണോടെ അവനെ കാണേണ്ടി വന്നതിൽ അവളുടെ മനസ്സിനൊപ്പം ശരീരം കൂടി കുഴഞ്ഞു വീണിരുന്നു.. കണ്ണടയും മുൻപ് എത്തി പിടിക്കാൻ കൈ നീട്ടി അതിന് കഴിയാത്ത നിസ്സഹാതയിൽ ഉറക്കെ കരയുന്ന അവനെയും അവൾ കണ്ടിരുന്നു..
ഹോസ്പിറ്റലിൽ കൂടെ ഉണ്ടായിരുന്നത് സിജോ ആണ്.. ആരും അന്വേഷിച്ചു വന്നില്ല.. അതിനു ആനിക്ക് ആരാ ഉള്ളത്.. എന്റെ ജീവൻ അവിടെ വിലങ്ങണിഞ്ഞു കമ്പികൾക്കിടയിൽ അല്ലേ.. കരച്ചിൽ പോലും വന്നില്ല.. മരവിച്ചു പോയിരുന്നു.. ഉള്ളിലൊരു ജീവൻ ഉണ്ടെന്ന് അറിഞ്ഞിട്ടും ആരുടേയും മനോഭാവം മാറിയില്ല.. കുഞ്ഞിന് വേണ്ടി മാത്രം അവൾ ഭക്ഷണം കഴിച്ചു.. ദാഹം തീർത്തു.. സ്വപ്നം കണ്ടു.. എല്ലാം എല്ലാം കുഞ്ഞു ജീവനെ ഓർത്തു.. ഇതിനിടയിൽ പ്രിൻസിന് ശിക്ഷ വിധിച്ചത് അറിഞ്ഞു.. പന്ത്രണ്ട് വർഷം.. ശ്വാസം പോലും കിട്ടാൻ പ്രയാസം തോന്നി അവൾക്ക്.. അപ്പോഴും കരച്ചിൽ വന്നില്ല.. എന്റെ ഇച്ചായൻ വരും.. മന്ത്രം പോൽ അത് മാത്രം ഉരുവിട്ട് അവൾ കാത്തിരുന്നു.. തുടരും..

by