08/04/2026

നീ വരുവോളം : ഭാഗം 03

രചന – ജിഫ്ന നിസാർ

കുളിച്ചു കഴിഞ്ഞു റൂമിൽ ഇറങ്ങി വന്നപ്പോൾ തന്നെ കണ്ടിരുന്നു കൊച്ചൂട്ടൻ ബെഡിൽ ഇരിക്കുന്നത്.. തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു മുടി ഒന്നൂടെ തോർത്തി അവനടുത്തു ചെന്നിരുന്നു ആനി. “എന്താ മോനെ “മുഖം കുനിഞ്ഞു ഇരിക്കുന്ന കുഞ്ഞിനെ നോക്കി ആനി ചോദിച്ചു. തല ഉയർത്താതെ തന്നെ അവൻ ഒന്നും ഇല്ലെന്ന് പറഞ്ഞു.. പക്ഷേ ആ സ്വരം വിങ്ങൽ നിറഞ്ഞതായിരുന്നു.. “എന്താ പറ്റിയെ മമ്മേടെ കൊച്ചുന് “ആനി അവന്റെ നേരെ തിരിഞ്ഞു ഇരുന്നു മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു. നിറഞ്ഞ ആ കുഞ്ഞി കണ്ണുകൾ കാണവേ ആനി ഞെട്ടി പോയി.. “പപ്പാ കൊടുത്തു വിട്ട മിട്ടായി റോണി ചേട്ടനും ജിനി ചേച്ചിക്കും കൊടുത്തു വരാം “എന്ന് പറഞ്ഞു മുറിക് പുറത്തേക്ക് പോയിരുന്നു ആനി കുളിക്കാൻ കയറും മുൻപ്.. കഴിക്കാതെ എടുത്തു വെച്ചിരുന്നു അവനത്.. എന്നിട്ടിപ്പോ എന്ത് പറ്റി.. “പറടാ.. എന്താ.. എന്തിനാ എന്റെ കൊച്ചൂട്ടൻ കരയുന്നത്. റോണിയും ജിനിയും മുഴുവനും കഴിച്ചോ മോന് തരാതെ “ആനി ചോദിച്ചു..

കൊച്ചൂട്ടൻ ഇല്ലെന്ന് തലയാട്ടി.. “പിന്നെന്താ…”ആനി ഉറക്കെ ചോദിച്ചു.. “അത് ചീത്ത ആണെന്ന് പറഞ്ഞു വലിച്ചെറിഞ്ഞു മമ്മാ “കണ്ണുകൾ നിറച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ ആനിക്ക് വല്ലാത്ത നോവ് തോന്നി.. ഉള്ള് നിറയെ അത് കഴിക്കാൻ കൊതി ഉണ്ടായിട്ടും, വീട്ടിലെത്തി റോണിക്കും ജിനിക്കും കൊടുക്കാൻ കാത്തു വെച്ചു കൊണ്ട് വന്നതാ.. “പപ്പ അറിയുമ്പോൾ സങ്കടം ആവില്ലേ മമ്മാ.. മോന് വേണ്ടി കൊടുത്തയച്ചിട്ടും ചീത്ത ആണെന്ന് പറഞ്ഞ..”കരച്ചിലോടെ കൊച്ചൂട്ടൻ പറഞ്ഞപ്പോൾ ആനിയും കരഞ്ഞു പോയി.. “മിട്ടായി അല്ല കൊച്ചുട്ടാ ചീത്ത. അതിനേക്കാൾ ചീഞ്ഞ പലതും ഇവിടെ ഉള്ളിൽകൊണ്ട് നടക്കുന്നവർ ഉണ്ട്..”ആനി അമർഷത്തോടെ പറഞ്ഞു.. “ഇവിടെ എന്താ മമ്മാ നമ്മളെ ആർക്കും ഇഷ്ടം അല്ലാത്തെ “അവളോട്‌ ചേർന്നിരിക്കെ കൊച്ചൂട്ടൻ ചോദിച്ചു.. “അറിയില്ല കൊച്ചു.. ഒന്നറിയാം.. ഇവിടെ ഉള്ളതൊന്നും മനുഷ്യൻ ആയിരിക്കത്തില്ല..അങ്ങനെ ഉള്ളോർക്കല്ലേ സ്നേഹം തിരിച്ചറിയാൻ കഴിയു..” കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ആനി എഴുന്നേറ്റു പുറത്തേക്ക് നടന്നു.. പിറകെ കൊച്ചൂട്ടനും.. ഇതങ്ങു വിട്ട് കൊടുക്കാൻ പറ്റത്തില്ല..

മനുഷ്യൻ ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ… ആനി ചെല്ലുമ്പോൾ ഹാളിൽ തന്നെ ഉണ്ടായിരുന്നു സിനിയും മക്കളും.. അജിയെ അവിടെ കണ്ടില്ല.. “ഇവർക്ക് വേണ്ടങ്കിൽ കൊടുക്കണ്ട എന്ന് വെച്ച പോരായിരുന്നോ. ചേട്ടത്തി എന്തിനാ കൊച്ചൂട്ടൻ കൊണ്ട് വന്ന മിടായി എടുത്തു എറിഞ്ഞത്..”ആനി സിനിയോട് ചോദിച്ചു.. “ഓഹോ.. അത് പറയാൻ ആണോ ഇവൻ റോക്കറ്റ് വിട്ട പോലെ ഓടിയത്.. ആന്നോ ടാ “കൊച്ചൂട്ടന്റ നേരെ നോക്കി സിനി കണ്ണുരുട്ടി.. “എറിഞ്ഞത് എന്തിനാ എന്ന എന്റെ ചോദ്യം.. എന്റെ കൊച്ച് ഇവിടെ വരെയും അത് കൊണ്ട് തന്നില്ലേ..”ആനി കലിയോടെ ചോദിച്ചു.. “എന്നെ ചോദ്യം ചെയ്യാൻ നീ ആരാടി.. മരി യാധിക്ക് നിന്നില്ലേ… നീ മേടിക്കും “ആനിക്ക് നേരെ കുരച്ചു കൊണ്ട് സിനി ചാടി എഴുന്നേറ്റു.. കൊച്ചൂട്ടൻ ആനിയെ ചുറ്റി പിടിച്ചു..

ആനി അവന്റെ തലയിൽ തലോടി കൊണ്ട് കണ്ണടച്ച് കാണിച്ചു.. റോണിയും ജിനിയും ഒരു അടി കാണാൻ എന്നത് പോലെ നിൽക്കുന്നുണ്ട്… “അത് തന്നെയാ എനിക്കും പറയാനോള്ളേ.. മര്യാദക്ക് ആണേൽ ഞാനും അങ്ങനെ.. അല്ലങ്കിൽ.. അറിയില്ല നിങ്ങക്ക് എന്നെ.. ആകെ പിടി വിട്ട് നിൽക്കുവാ ഞാൻ.. വന്ന പിറ്റേന്ന് മുതൽ തുടങ്ങിയതാ എന്നെ ശത്രു വായി കാണൽ.. എന്നാത്തിനാ അത്.. ഇന്നേ വരെയും നിങ്ങളുടെ എന്തേലും കാര്യം ഞാൻ ഇടയിൽ നിന്നും മുടകീട്ടുണ്ടോ.. എന്നതേലും വേണ്ടാത്തത് നിങ്ങളോട് പറഞ്ഞിട്ടുണ്ടോ.. പിന്നെ എന്താ നിങ്ങടെ പ്രശ്നം “ആനി ദേഷ്യം കൊണ്ട് വിറച്ചു… സിനി പുച്ഛത്തോടെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. “സത്യയിട്ടും അറിയത്തില്ല എനിക്ക്.. എന്താ ഞാൻ ചെയ്ത കുറ്റം എന്നത്.. അപ്പച്ചനും ചേട്ടായിയും കാണിക്കുന്ന ദേഷ്യം… ഞാൻ അവരുടെ വാക്ക് അനുസരിചില്ല എന്ന കാരണം ആണെന്ന് അറിയാം.. പക്ഷേ നിങ്ങക്ക് എന്താ അതിന്.. എന്റെ ജീവിതം ഞാൻ അല്ല്യോ തിരഞ്ഞെടുക്കേണ്ടത്. എന്റെ ഇഷ്ടം അല്ലേ നോക്കേണ്ടത്.. അതിനു പകരം നിങ്ങളൊക്കെ പറയുന്ന ആളെ കെട്ടിയിട്ടു ജീവിതം മുഴുവനും നരകിച്ചു കഴിയാണോ ഞാൻ.. അപ്പോഴും നിങ്ങളൊക്കെ പറയില്ലേ.. നിന്റെ വിധി ആണ്.. സഹിച്ചോ ന്ന്… എന്നെ സ്നേഹിക്കാൻ കഴിയുന്ന ആളെ തന്നെ ആണ് ഞാൻ കണ്ടു പിടിച്ചത്.. അതിൽ എനിക്ക് തെറ്റിയില്ല..”ആനി കിതാപ്പോടെ പറഞ്ഞു..

“എന്നിട്ട് എന്തിയെടി നിന്റെ സ്നേഹനിധി.. എവിടെ പോയെടി.. അവന്റെ വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നില്ലേ നിനക്ക്. നിന്റെ മോനെ പോലും കാണാൻ വന്നോ അവര്.. അവള്ടെ ഒരു ജീവിതം.. നിന്റെ സ്വഭാവം കൊണ്ട് തന്നെ ആണെടി ഇങ്ങനെ ആയി പോയത്..” സിനി കുത്തി ഇറക്കിയ വിഷം ആനിയുടെ ഉള്ളിൽ വലിയൊരു മുറിവ് തന്നെ വരുത്തി.. പക്ഷേ തളരരുത്… അവൾ അവളോട്‌ തന്നെ മന്ത്രിച്ചു… “ഇഷ്ടം ഇല്ലാത്ത ആളോടപ്പം ഒരായുസ്സ് നരകിച്ചു ജീവിക്കുന്നതിലും മനസ്സിൽ പതിഞ്ഞ ആളോടപ്പം ഒരു ദിവസം കഴിയുന്നതാ ചേട്ടത്തി നല്ലത്..” ആനി കണ്ണ് നിറഞ്ഞപ്പോൾ പോലും ചിരിച്ചു കൊണ്ട് പറഞ്ഞു.. “പിന്നെ എന്നെ ഇറക്കി വിട്ടത്… അവരെന്റെ ആരും അല്ലല്ലോ.. എന്റെ ഇച്ചായന്റെ അമ്മ.. എന്റെ അമ്മയാണ്.. പക്ഷേ അതെനിക്ക് മാത്രം തോന്നിയ പോരല്ലോ..”ആനി ഉറക്കെ പറഞ്ഞു.. അവരുടെ സംസാരം കേട്ട് കത്രീനാമ്മ ഹാളിലേക്ക് വന്നു നോക്കി..

“ദേ നോക്ക്.. എന്റെ പെറ്റമ്മ ആണ്.. പക്ഷേ ആ മനസ്സിൽ ആനി എന്ന മോൾ ഉള്ളതും ഇല്ലാത്തതും കണക്കാ.. ആകെ തകർന്ന് പോയ അവസ്ഥയിൽ പോലും… ഞാൻ കൂടെ ഉണ്ടല്ലോ മോളെ എന്ന് പറയാൻ തോന്നിയിട്ടില്ല.. അതിൽ പോലും എനിക്ക് സങ്കടം ഇല്ല. പിന്നെ ഞാൻ എന്തിനാ ചേട്ടത്തി മറ്റുള്ളോരെ കുറിച്ച് പറയുന്നത്..” ആനി സങ്കടം അമർത്തി കൊണ്ട് പറയുമ്പോൾ കത്രീനാമ്മ അവളെ തന്നെ നോക്കി നിന്ന് പോയി.. “ചുറ്റിലും വേണ്ടപ്പെട്ടവർ ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപെട്ടു പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്.. അതിന്റെ വേദന ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ ആവില്ല ചേട്ടത്തി.. അത്തരം ഒരവസ്ഥ ഉണ്ടായിട്ടുണ്ട് എനിക്ക്.. പരാതി പറഞ്ഞിട്ടുണ്ടോ ഞാൻ.. ഞാനും എന്റെ മോനും വാക്കോ നോക്കോ കൊണ്ട് നിങ്ങളെ ശല്യം ചെയ്തിട്ടുണ്ടോ.. പറഞ്ഞു താ ഒന്നെനിക്ക്.. കല്യാണം കഴിഞ്ഞു എന്നൊരു കാരണം കൊണ്ട് എന്റെ വീട് എങ്ങനാ എനിക്ക് അന്യം ആവുന്നത്.. ചേട്ടത്തിക്ക് പറ്റുമോ അങ്ങനെ മാറി നിൽക്കാൻ..”ആനി സിനിയോട് ചോദിച്ചു… “നിന്റെ നല്ലതിന് വേണ്ടി അല്ല്യോ ചേട്ടായി ഓരോന്നു പറയുന്നത്.. ആ സാം.. അവൻ ഒരു ജീവിതം വച്ച് നീട്ടുമ്പോ നീ എന്താ ചെയ്യുന്നത്.. നിനക്ക് എന്തും ആവാം എന്നാണോ “അപ്പോഴും വെല്ലുവിളി പോലെ സിനി പറഞ്ഞു.

“എനിക്ക് പറ്റത്തില്ല ചേട്ടത്തി.. ഇനി എന്തൊക്ക പറഞ്ഞാലും ആനി മരിക്കണം അതിന്.ഒരു കൗതുകത്തിനു ബന്ധം സ്ഥാപിച്ചവർക്കും സ്നേഹം അഭിനയിച്ച വർക്കും ഇട്ടിട്ടു പോവാനും.. ഒരു വീഴ്ച വരുമ്പോൾ മാറി നിൽക്കാനും പെട്ടന്ന് മറക്കാനും… മറ്റൊരു ബന്ധം തേ ടാനും പെട്ടന്ന് കഴിയുമായിരിക്കും.പക്ഷേ ആത്മർത്ഥ മായ് സ്നേഹിച്ചു പോയവർ മറക്കാൻ മരിക്കണം..”ആനി പറയുമ്പോൾ സിനി ചുണ്ട് കൊട്ടി ചിരിച്ചു.. “എന്റെ ഇച്ചായൻ തിരിച്ചു വരും.. അതെനിക്ക് ഉറപ്പാണ്.. എന്നേക്കാൾ ഞാൻ അവനെ സ്നേഹിക്കുന്നുണ്ട്.. അതൊരിക്കലും മാറത്തില്ല.”ആനി ഉറപ്പോടെ പറഞ്ഞു.. “ഓ.. കാത്തിരുന്നോ.. ചില്ലറ കേസ് വല്ലതും ആന്നോ.. നിന്റെ ജീവിതം ഇങ്ങനെ തീർന്നു പോവാത്തൊള്ളൂ “സിനി കളിയാക്കി ചിരിച്ചു.. ആനിക്ക് ഹൃദയം വിണ്ടു കീറും പോലെ തോന്നി.. “ഇച്ചായനെ എനിക്ക് എത്ര നാൾ വേണേലും കാണാതിരിക്കാൻ പറ്റും.. മിണ്ടാതെ ഇരിക്കാൻ പറ്റും.. പക്ഷേ ഒരു നിമിഷം പോലും ഓർക്കാതിരിക്കാൻ പറ്റത്തില്ല.. കാരണം അറിയാവോ നിങ്ങക്ക്.. അവൻ എനിക്ക് നൽകിയ സ്നേഹം… അതിന്റെ പവിത്രത..”ആനി ചിരിയോടെ പറഞ്ഞു..

“സ്വന്തം പ്രവർത്തികളെ എല്ലാം ശെരിയായി കണ്ടു വാദിക്കുന്നവർക്ക്, മറ്റുള്ളവരെ അറിയാനോ കേൾക്കാനോ കഴിയില്ല.. അവരുടെ ശരികൾ സ്ഥാപിക്കാൻ വേണ്ടി ഏതറ്റം വരെയും പോവാറുണ്ട് ചിലർ. അങ്ങനെ നേടിയ ശെരികൾക്ക് പിന്നിൽ കുറച്ചു നിഷ്കളങ്കരുടെ കണ്ണീർ ഉണ്ടാവും.. അപശകുനം പോലെ.. “ആനി കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു.. “നിങ്ങളുടെ മുന്നിൽ പോലും വരാതെ മാറി തന്നേക്കാം ഞാൻ.. പേടി കൊണ്ടല്ല.. ഞാൻ കാരണം എന്റെ മോനെ നിങ്ങൾ ഇനി ഉപദ്രവിക്കണ്ട.. അവൻ പറയാറില്ലേലും ഞാൻ കാണാറുണ്ട് അമ്മച്ചി.. അവന്റെ ചെവിയിലും തുടയിലും തിനർത് കിടക്കുന്ന പാടുകൾ.. വല്ലാത്ത നോവ് തരും എനിക്കത്.. ഇനി അവനെയും ഞാൻ കൊണ്ട് പോയിക്കൊള്ളാം.. ആർക്കും ഒരു ഭാരം ആവില്ല..”ആനിക്ക് കരച്ചിൽ തൊണ്ടയിൽ തടഞ്ഞു.. “ഞാൻ ഇവിടെ ഉണ്ടായത് തന്നെ അല്ല്യോ അമ്മച്ചിയെ.. സംശയം കൊണ്ട് ചോദിച്ചു പോവുന്നതാ..എന്റെ മോനൊരു ഉറുമ്പ് കടിച്ച അവനെക്കാൾ ആഴത്തിൽ എനിക്ക് നോവും..

പക്ഷേ ഇവിടെ ഞാൻ എത്ര പിടഞ്ഞാലും അമ്മച്ചി ഒന്ന് നോക്കുക പോലും ചെയ്യത്തില്ല.. അത്രയും മാറ്റി നിർത്താൻ മാത്രം എന്നതാ ഞാൻ ചെയ്തെ.. ഒരു ചില്ലി കാശ് പോലും മോഹിച്ചിട്ടില്ല ഞാൻ.. പിന്നെയും എന്താ.. അതോ എന്റെ ഇച്ചായൻ ജയിലിലോട്ട് പോയപ്പോൾ തന്നെ ആത്മഹത്യ ചെയ്യണമായിരുന്നോ ഞാൻ.. വയറ്റിൽ ഒരു കൊച്ചിനേം കൊണ്ട് എന്തോരും ബുദ്ധിമുട്ട് അനുഭവിച്ചു ഞാൻ.. അപ്പോൾ പോലും ആരും ഉണ്ടായില്ല..”ആനി തേങ്ങി പോയി.. കൊച്ചൂട്ടൻ അവളോട്‌ ഒന്നൂടെ ചേർന്നു നിന്ന്.. “ജീവിതം തുടങ്ങുമ്പോൾ ഇല്ലായിരുന്നു ഈ അകലം.. പിന്നെ എങ്ങനെ വന്നു അത്… സത്യത്തിൽ ആരും ഇല്ലാത്തപ്പോ അല്ലേ താങ്ങു വേണ്ടത്.. ഇങ്ങനെ ആരും ഇല്ലെന്ന് തോന്നുന്നത് കൊണ്ട് തന്നെ ആണ് അമ്മച്ചി പല ജന്മങ്ങളും ജീവിതം അവസാനിപ്പിച്ചു പോവുന്നത്.. അല്ലാതെ കൊതി തീർന്നിട്ടല്ല അത്.. ഞാൻ എന്തായാലും അങ്ങനെ ചെയ്യില്ല.. അത് ഒത്തിരി പേര് കൂടെ ഉള്ളത് കൊണ്ടല്ല.. ഇച്ചിരി അകലെ ആണേലും എന്റെ കൂടെ ഉള്ള ആൾക്ക് ഞാൻ പ്രാണൻ ആണെന്ന് അറിയുന്നത് കൊണ്ടാണ്..” ആനി കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് കൊച്ചൂട്ടനെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.. “നിങ്ങളുടെ വഴിയിൽ.. വരാതെ ഞാൻ മാറി നിൽക്കുന്നത് പോലെ… എന്റെ മോന്റെ വഴിയിൽ ഒരിക്കലും ഞാൻ ഇനി നിങ്ങളെ കാണരുത്.. അങ്ങനെ ഉണ്ടായ ഞാൻ എന്താ ചെയ്യുക എന്നെനിക്കറിയില്ല.. പറഞ്ഞില്ലെന്നു വേണ്ട “തിരിഞ്ഞു നിന്ന് അത്രയും പറഞ്ഞു ആനി അകത്തു മറഞ്ഞപ്പോൾ സിനി പല്ലുകൾ അമർത്തി ദേഷ്യം അമർത്തി.. അമ്മച്ചി അവൾ പോയ വഴിയിൽ തറഞ്ഞു നിന്ന് പോയി…

കൊച്ചൂട്ടനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ആനി കരച്ചിൽ അടക്കാൻ പാടുപെട്ടു.. അവളുടെ നോവ് അറിഞ്ഞ പോൽ കൊച്ചൂട്ടൻ അവളെ ചേർന്ന് കിടന്നു.. ഇറുക്കി കെട്ടിപിടിച്ചു.. രാത്രിയുടെ ഏകാന്ത ത എന്നിൽ നിന്റെ ഓർമകൾ വേദനിപ്പിച്ചു കൊല്ലുന്നു പ്രിയ പെട്ടവനെ… ഇച്ചിരി ദൂരെ ആണ് നീ ഉള്ളതെങ്കിലും..എന്റെ മനസ്സ് കൊതിക്കുമ്പോ നിന്നരികിൽ എത്താൻ ആവുന്നില്ലല്ലോ… മറവി എത്ര റാഞ്ചാൻ ശ്രമിച്ചാലും മനസ്സിൽ ഞാൻ ഒളിപ്പിച്ചു വെക്കാറുണ്ട് നിന്നോട് ഒപ്പം ഉണ്ടായിരുന്ന നല്ല നാളുകൾ.. നിനക്ക് തോന്നാറുണ്ടോ ഇച്ചായ… എനിക്ക് നിന്നെ മറക്കാൻ ആവുമെന്ന്.. കാലമെത്ര കഴിഞ്ഞാലും… എങ്കിൽ അത് വെറുതെ ആണ്.. ഞാൻ വിജാരിച്ച നിന്നെയോ നീ വിചാരിച്ച എന്നെയോ നമ്മൾക്ക് മറക്കാൻ ആവുമോ.. ചുറ്റുമുള്ള കാഴ്ചകളിൽ ഞാനും നീയും തമ്മിൽ തിരയാറില്ലേ.. നിശബ്ദത പോലും നമ്മുക്ക് വാക്കുകൾ അല്ലേ.. നിദ്രയിൽ പോലും സ്വപ്നമായി വിരിയാറില്ലേ.. പിന്നെങ്ങനെ മറക്കും ഇച്ചായ.. നമ്മൾ കൂടുതൽ സ്നേഹിക്കയല്ലേ… നീ വരുമ്പോൾ പൂത്തുലഞ്ഞു പോവാനുള്ളൊരു വസന്തകാലം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ഞാനും എന്റെ ഉള്ളിൽ.. ആനി എങ്ങനെ പിന്നെ ഒറ്റക്കാവും.. ഉള്ള് കൊണ്ട് അവനോടു പരാതി പറഞ്ഞിരിക്കെ അവൾകന്ന് ഒട്ടും ഉറക്കം വന്നില്ല.. അവനും.. എല്ലാവരും സ്വപ്നം കണ്ടു ചുറ്റും ഉറങ്ങുമ്പോൾ അവളെന്ന സ്വപ്നം കുരുങ്ങിയ ഹൃദയം കൊണ്ട് തേങ്ങി അവനും ഉറങ്ങാതെ കാത്തിരിപ്പുണ്ട്… തുടരും..