The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നാഫിയ നഫി
“ഇവിടൊരു നല്ല കാര്യം നടക്കുമ്പോൾ നീയിതെങ്ങോട്ടാ എഴുന്നള്ളുന്നെ ”
കതിർമണ്ഡപത്തിലേക്ക് അച്ചുവിനെ കൈപ്പിടിച്ചിരുത്തുമ്പോൾ അമ്മാവൻ പറഞ്ഞ വാക്കുകൾ കൂരമ്പ് പോലെ എന്റെ നെഞ്ചിലേക്കാണ് ആഞ്ഞു തറച്ചത്..
ഒന്നും മിണ്ടാതെ മുഖത്തൊരു ചിരി മാത്രം സൃഷ്ടിച്ചു കൊണ്ട് അവിടെ നിന്നും മാറിനിൽക്കുമ്പോൾ കണ്ണ് നിറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു ..
ഈ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഭയന്ന് തന്നെയാണ് ഏട്ടൻ മരിച്ചതിനു ശേഷം വെളിയിലിറങ്ങാതെയും അധികമാരോടും സംസാരിക്കാതെയും വീടിനുള്ളിൽ തന്നെ ഒതുങ്ങികൂടിയത്.
കല്യാണം കഴിഞ്ഞു മാസങ്ങൾ കഴിയുംമുന്പേ വാഹനാപകടത്തിന്റെ രൂപത്തിൽ ഏട്ടനെ മരണം കൊണ്ട് പോകുമ്പോൾ ഒരുതരം മരവിപ്പായിരുന്നു എനിക്ക് ശരീരത്തിന് മാത്രമല്ല മനസ്സിനും.
സന്തോഷവും സ്നേഹവും കുഞ്ഞു സ്വപ്നങ്ങൾ കൊണ്ടും മനോഹരമായിട്ടുള്ള എന്റെ ലോകത്തിനു പെട്ടന്നൊരു നാൾ നിറമില്ലാതായപ്പോൾ ഉണ്ടായ ശൂന്യത പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു..
നെറ്റിയിലെ സിന്ദൂരം മായ്ച്ചുകൊണ്ട് പവിത്രമായ താലിമാല ഒരു സ്വപനo മാത്രമാക്കി കൊണ്ട് പൂക്കളും നിറങ്ങളുമുള്ള വസ്ത്രങ്ങൾ എനിക്കന്യമാക്കി കൊണ്ട് എല്ലാവരും എനിക്കൊരു പേര് സമ്മാനിച്ചു “വിധവ “.
പിന്നീട് എന്റെ ലോകം തന്നെ മാറുകയായിരുന്നു..ഒരുപാട് സംസാരിച്ചിരുന്ന ഞാൻ ഒത്തിരി ചിരിക്കാറുള്ള ഞാൻ ഒന്നുറക്കെ സംസാരിക്കാനും ഒന്ന് പൊട്ടി ചിരിക്കാനും ഭയപ്പെട്ടു തുടങ്ങി..
ചുറ്റുമുള്ള നോട്ടങ്ങളിൽ സഹതാപം നിറഞ്ഞു കാണുമ്പോൾ അമർഷമായിരുന്നു എനിക്ക് എന്റെ വിധിയോട്.
മംഗല്യകർമങ്ങളിലും മറ്റും എന്റെ സാനിധ്യം അലോസരമാണെന്ന് പറയാതെ പലരും പറഞ്ഞപ്പോൾ …ചുറ്റുമുള്ള നോട്ടങ്ങളിൽ കൂടി കുറ്റപ്പെടുത്തൽ കണ്ടു തുടങ്ങിയപ്പോൾ പിന്നീടുള്ള എന്റെ സ്വപ്നങ്ങൾക്ക് കൂടി ഭംഗിയില്ലായിരുന്നു..
“ചേച്ചി എന്താ ഇവിടെ നിൽക്കുന്നെ മുഹൂർത്തം അടുക്കാറായി ”
അച്ചു വന്ന് കയ്യിൽ പിടിച്ചപ്പോഴാണ്
ചിന്തയിൽ നിന്നുംഉണരുന്നത്..
“താലി കെട്ട് കഴിഞ്ഞ് ഞാൻ എത്തിക്കോളാം …
ബോധപൂർവം ഒഴിഞ്ഞു നിന്നതാണെന്ന് മനസ്സിലായത് കൊണ്ടാവാം അവൻ എന്റെ കൈ മുറുകെ പിടിച്ചതും അമ്മാവന്റെ അടുത്ത് ചെന്നതും.
“എന്റെ ചേച്ചിയുടെ സാനിധ്യം ഐശ്വര്യകേടാണെന്ന് ചിന്തയുള്ള ഒരാളും എന്റെ കല്യാണത്തിന് വേണമെന്നില്ല..
ചേച്ചിയെയും ഈശ്വരൻ തന്നെയാ സൃഷ്ടിച്ചത് …നമ്മളെല്ലാവരെ പോലെയും സന്തോഷിക്കാനും സ്വപ്നം കാണാനും ചേച്ചിക്കും അവകാശമുണ്ട് …ഒരുപക്ഷെ അപകടത്തിൽ മരിച്ചത് ചേച്ചിയാണെങ്കിൽ ഏട്ടനെ കൊണ്ട് എല്ലാവരും പുനർവിവാഹം കഴിപ്പിച്ചേനെ …ചേച്ചിക്ക് എന്തേ അത് പാടില്ലാതെ പോയത് ..ചേച്ചി മനുഷ്യനല്ലേ ..
ഏട്ടന്റെ ഓർമകളിൽ മാത്രം ജീവിക്കുമ്പോൾ ഇങ്ങനുള്ള കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുo ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ …
എല്ലാം കേട്ടു കൊണ്ട് മൗനം പാലിച്ച അമ്മാവന്റെ മുന്നിൽ എന്നെ ചേർത്ത്പിടിച്ചു അച്ചു മണ്ഡപത്തിൽ നിൽക്കുമ്പോൾ പിന്നിൽ നിന്നും അമ്മാവനാണ് പറഞ്ഞത് അവനു കെട്ടാനുള്ള താലിയും ഹാരവും എന്നെ ഏല്പിക്കാൻ .