മംഗല്യസൂത്രം…. 16

🧡മംഗല്യസൂത്രം : പതിനാറ്🧡

“പിന്നെ ബാക്കിയൊക്കെ ഓരോരുത്തരുടെ സ്വഭാവം പോലെയല്ലേ. നമ്മളെ അവരുടെ പ്രധാന പ്രയോറിറ്റി ആയി വെക്കുന്ന ഒരാളായിരിക്കണം നമ്മുടെ പാർട്ട്നർ എന്നാണ് എന്റെ അഭിപ്രായം,” റിഷി പറഞ്ഞു.

അല്ലി ആലോചിച്ചു. ആയുഷും അങ്ങനെ തന്നെയല്ലേ? തന്റെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ചില്ലേ? താൻ സംസാരിക്കുന്ന രീതിയിൽ നിന്നുപോലും എന്താണ് തന്റെ മനസ്സിൽ നടക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചില്ലേ?

“പ്രണയം എന്ന് പറയുന്നത് ഒരാളെ കണ്ടാൽ ഹൃദയം വേഗത്തിൽ മിടിക്കുന്നതിൽ മാത്രം അല്ലല്ലോ. ആൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ നമ്മളായി തന്നെ ഇരിക്കാൻ കഴിയണം. നമ്മുടെ ചെറിയ കാര്യങ്ങൾ മനസ്സിലാക്കണം. നമ്മൾ പറയുന്നത് കേൾക്കണം. നമ്മളെ ബഹുമാനിക്കണം. നമ്മളെ വളരാൻ സഹായിക്കണം.”

അവന്റെ ആ വാക്ക് കേട്ടിട്ടും അല്ലി ഒന്നും പറഞ്ഞില്ല. അവന്റെ ഓരോ വാക്കും അവളുടെ ഉള്ളിൽ മറ്റൊരാളുടെ മുഖം വരച്ചുകൊണ്ടിരുന്നു. ആയുഷ്….! 🧡

അവൻ തന്നോട് പറഞ്ഞില്ലേ, “നീ ആരാണെന്ന് സ്വയം അറിയണം. എന്നിട്ട് നീ ആയിത്തന്നെ വളരണം.” അത് ഓർത്തതും അല്ലിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു. അവൾ വേഗം മുഖം തിരിച്ചു. ഭാഗ്യത്തിന് റിഷി അത് ശ്രദ്ധിച്ചില്ല.

അവൾ മനസ്സിൽ പതിയെ പറഞ്ഞു, “ഞാൻ ആദ്യം അവനിൽ ശ്രദ്ധിച്ചതും ഇതൊക്കെയായിരുന്നു… അവന്റെ സൗന്ദര്യത്തേക്കാൾ… അവന്റെ സംസാരത്തേക്കാൾ… അവൻ തന്നെ ശ്രദ്ധിച്ചത്, തന്റെ ചെറിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചത്, തന്റെ വാക്കുകൾ മുഴുവൻ കേട്ടത്, തന്റെ അമ്മയെക്കുറിച്ച് മോശമായി പറയാതെ, അമ്മയുടെ പേടിയും തന്റെ ആഗ്രഹങ്ങളും ഒരുപോലെ മനസ്സിലാക്കാൻ ശ്രമിച്ചതുമായിരുന്നു…”

അവൾ പതിയെ കണ്ണുകൾ അടച്ചു. അപ്പോൾ… ഇത് തന്നെയാണോ പ്രണയം?!

……

അന്ന് രാത്രി…

എല്ലാവരും ഉറങ്ങിയതിന് ശേഷം അല്ലി തന്റെ മുറിയിലെ മേശയ്ക്കരികിൽ ഇരുന്നു. മേശപ്പുറത്ത് അവളുടെ ഡയറി തുറന്നുകിടന്നു. പേന വിരലുകൾക്കിടയിൽ പിടിച്ചിരുന്നെങ്കിലും എഴുതാൻ അവൾക്ക് കഴിഞ്ഞില്ല. ഒരുപാട് നേരം വെറുതെ ആ വെള്ളപേജിലേക്ക് നോക്കി. പിന്നെ പതിയെ ആദ്യ വരി എഴുതി.

“ഇന്ന് ഞാൻ എന്നെക്കുറിച്ച് ഒരു കാര്യം മനസ്സിലാക്കി…”

അവൾ നിർത്തി. വീണ്ടും എഴുതി.

“എനിക്ക് ആയുഷിനെ ഇഷ്ടമാണ്.”

ആ വാക്കുകൾ എഴുതിയതും അവളുടെ ഹൃദയം ശക്തമായി മിടിച്ചു. അവൾ കുറച്ചുനേരം ആ വരിയിലേക്ക് തന്നെ നോക്കി. പിന്നെ അതിന് താഴെ പതിയെ എഴുതി.

“ഇത് വെറും ക്രഷ് അല്ല. ഇത് പ്രണയമാണെന്ന് തോന്നുന്നു.”

അവളുടെ കണ്ണുകളിൽ ഒരു ചെറിയ തിളക്കം.ആ വരി എഴുതിയ ശേഷം അവൾ പേന മേശപ്പുറത്ത് വെച്ചു. അവളുടെ ഉള്ളിൽ ഒരേസമയം സന്തോഷവും പേടിയും നിറഞ്ഞു.

ഇത്രയും നാളായി പേരില്ലാതെ മനസ്സിൽ കിടന്നിരുന്ന വികാരത്തിന് ഇന്ന് അവൾ ഒരു പേര് നൽകിയിരിക്കുന്നു. പ്രണയം. പക്ഷേ ആ പേരിനൊപ്പം മറ്റൊരു വാക്കും അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.

അമ്മ….

മിത്രയുടെ മുഖം വീണ്ടും മനസ്സിൽ തെളിഞ്ഞു. അവൾ പതിയെ ഡയറിയിൽ എഴുതി.

“പക്ഷേ ഞാൻ അമ്മയ്ക്ക് കൊടുത്ത വാക്ക് മറക്കില്ല. അമ്മയെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.”

അവൾ കുറച്ചുനേരം നിശ്ശബ്ദമായി ഇരുന്നു. പിന്നെ ഡയറി അടച്ചു. അതിന്റെ മുകളിൽ കൈവെച്ച് കണ്ണുകൾ അടച്ചു.

ആയുഷിനെ സ്നേഹിക്കുന്നുണ്ടെങ്കിലും… ആ സ്നേഹം അവൾ തന്റെ ഹൃദയത്തിനുള്ളിൽ തന്നെ സൂക്ഷിക്കും. ആരോടും പറയാതെ. ആരെയും അറിയിക്കാതെ. അവനെ സ്വന്തമാക്കാനുള്ള സ്വപ്നം പോലും കാണാതെ… കുറഞ്ഞത് ഇപ്പോഴെങ്കിലും. കാരണം… അവളുടെ ജീവിതത്തിൽ ആദ്യമായി അവൾക്ക് ലഭിച്ച ആ മനോഹരമായ വികാരത്തെക്കാൾ വലുതായിരുന്നു അമ്മയ്ക്ക് നൽകിയ വാക്ക്.

അല്ലി പതിയെ കിടക്കയിലേക്ക് നടന്നു. ലൈറ്റ് ഓഫ് ചെയ്തു. ഇരുട്ടിൽ അവളുടെ കണ്ണുകൾ മാത്രം തുറന്നുകിടന്നു. അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി. മനസ്സിൽ ഒരേയൊരു പേര്: ആയുഷ്…

അവൾക്ക് അറിയില്ലായിരുന്നു, താൻ ആ രാത്രി ഡയറിയിൽ എഴുതി വെച്ച ആ ചെറിയ സമ്മതം ഒരുനാൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായി മാറുമെന്ന്.

……

ലൈബ്രറിയിലെ ആ സംഭാഷണം കഴിഞ്ഞിട്ടും അല്ലിയുടെ മനസ്സിൽ റിഷി പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും തിരിച്ചുവന്നു.

“ഒരാളെ ഇഷ്ടപ്പെടുന്നത് മാത്രം പ്രണയം അല്ല, അല്ലി… ആ മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതും, അയാൾ പറയുന്നത് കേൾക്കുന്നതും, അയാളെ നഷ്ടപ്പെടുന്നത് ഭയക്കുന്നതും.… അതൊക്കെയാണ് പതിയെ പ്രണയമായി മാറുന്നത്.”

റിഷി പറഞ്ഞത് വളരെ സത്യമായ വാക്കുകളായിരുന്നു. പക്ഷേ… അത് കേട്ടത് മുതൽ അല്ലിയുടെ ഉള്ളിൽ എന്തോ ഒന്നിലേക്കുള്ള ഒരു വാതിൽ തുറന്നതുപോലെ തോന്നി. അവൾ ലൈബ്രറിയിലെ ഒരു കോണിലെ കസേരയിൽ ഇരിക്കുകയായിരുന്നു. മുന്നിൽ തുറന്നുവച്ചിരുന്ന പുസ്തകത്തിന്റെ പേജുകൾ കാറ്റിൽ പതിയെ ഇളകുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ കണ്ണുകൾ അതിലായിരുന്നില്ല. അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ഒരേ മുഖം… ആയുഷ്.

അവൾ ആദ്യമായി അവനെ ശ്രദ്ധിച്ചത് എപ്പോഴാണെന്ന് പോലും അവൾക്ക് കൃത്യമായി ഓർമ്മയില്ല. ആദ്യമൊക്കെ അവൻ ഒരു അധ്യാപകൻ മാത്രമായിരുന്നു. പിന്നീട്… സംസാരിക്കാൻ ഇഷ്ടമുള്ള ഒരാൾ, അവളുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞ ഒരാൾ, അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഓർത്തുവച്ച ഒരാൾ, അവൾ പറയാതെ തന്നെ അവളുടെ മൗനം ശ്രദ്ധിച്ച ഒരാൾ, അവൾക്ക് വീട്ടിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച ഒരാൾ, അവളുടെ അമ്മയെക്കുറിച്ച് കേട്ടപ്പോൾ അവളെ കുറ്റപ്പെടുത്താതെ, അമ്മയുടെ ഭയവും മനസ്സിലാക്കാൻ ശ്രമിച്ച, അവൾക്ക് ബിസിനസ് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതിനെ ചെറുതാക്കി കാണാതിരുന്ന ഒരാൾ.
ഇതെല്ലാം… അവളുടെ മനസ്സിൽ എപ്പോഴാണ് ഇത്ര വലിയ സ്ഥാനം പിടിച്ചത്? അല്ലിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഒരു കാര്യം മാത്രം അവൾക്ക് വ്യക്തമായിരുന്നു: അവൾക്ക് ആയുഷിനെ ഇഷ്ടമാണ്.

ആ സത്യം സമ്മതിക്കാൻ പോലും അവൾക്ക് കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു. അവൾ പതിയെ പുസ്തകം അടച്ചു.

“ഇത് ശരിയാണോ…?” അവൾ സ്വയം ചോദിച്ചു. അവൾക്ക് ഉത്തരം ഇല്ല.

“എനിക്ക് ഇഷ്ടമാണെന്ന് തോന്നുന്നതുകൊണ്ട് മാത്രം… അത് പ്രണയമാണോ?” അവളിൽ വീണ്ടും വീണ്ടും നിശ്ശബ്ദത.

അവൾ കണ്ണുകൾ അടച്ചു. അപ്പോൾ സ്റ്റാഫ് റൂമിലെ ആ അപ്രതീക്ഷിത നിമിഷം മനസ്സിലേക്ക് വന്നു. അവൾ ഉടനെ കണ്ണുകൾ തുറന്നു.

“അയ്യേ…” അവൾ നെറ്റിയിൽ കൈവച്ചു. അത് ഓർക്കുമ്പോഴൊക്കെ അവളുടെ ഉള്ളിൽ ഒരുതരം നാണവും ചമ്മലും നിറഞ്ഞു.

പക്ഷേ ഇത്തവണ അവൾ അതിനെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ ശ്രമിച്ചു. അത് ഒരു തെറ്റായിരുന്നു. അവർക്കിടയിലെ അതിർത്തി ഒരു നിമിഷത്തേക്ക് മങ്ങിപ്പോയിരുന്നു. അത് അവൾക്ക് ഇഷ്ടമായിരുന്നോ എന്ന ചോദ്യത്തേക്കാൾ പ്രധാനപ്പെട്ടത് മറ്റൊന്നായിരുന്നു: അയാൾ അവളുടെ അധ്യാപകനാണ്. അത് അവൾക്ക് മറക്കാൻ പാടില്ല. എന്നാൽ ആയുഷിനും മറക്കാൻ പറ്റില്ല…

അവൾ പതിയെ എഴുന്നേറ്റു. പുസ്തകം എടുത്ത് ലൈബ്രറി ഷെൽഫിലേക്ക് തിരികെ വച്ചു. അപ്പോഴാണ് പിന്നിൽ നിന്ന് റിഷിയുടെ ശബ്ദം കേട്ടത്.

“അല്ലീ…”

അവൾ തിരിഞ്ഞുനോക്കി. “ആ നീയോ?”

“എന്താ ഇങ്ങനെ വെളിവില്ലാത്ത പോലെ ആയി നടക്കുന്നത്?”

“ഏയ്യ് അങ്ങനെ ഒന്നുമില്ല.”

റിഷി കണ്ണുകൾ ചുരുക്കി നോക്കി. “ഹ്മ്മ് നീ ഒന്നുമില്ല എന്ന് പറയുമ്പോഴാണ് ശെരിക്കും എന്തെങ്കിലും ഉണ്ടാവുക.”

അല്ലി ചെറുതായി ചിരിച്ചു. “നിനക്ക് ഇത്രയും ഒബ്സെർവഷൻ എപ്പോഴാ വന്നത്?”

“അത് ഞാൻ നിന്നിൽ നിന്ന് പഠിച്ചതാ.”

“എന്നിൽ നിന്നോ?”

“അതെ. നീ ആളുകളെ ഒബ്സെർവ് ചെയ്യുന്നതുപോലെ ഞാൻ നിന്നെയും ഒബ്സെർവ് ചെയ്യാൻ തുടങ്ങി.”

അല്ലി ഒന്നും പറഞ്ഞില്ല. റിഷി അവളുടെ മുഖത്തേക്ക് നോക്കി.

“എന്താ?”

“ഒന്നുമില്ല.”

“ശരി. പറയണ്ട.” അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

അല്ലി കുറച്ച് നിമിഷം അവനെ നോക്കി നിന്നു. പിന്നെ പതിയെ ചോദിച്ചു, “റിഷീ…”

അവൻ തിരിഞ്ഞു, “എന്താ?”

“ഒരാൾക്ക് ഒരാളെ ഇഷ്ടമാണെന്ന് തോന്നിയാൽ… അത് പറയണമോ?”

റിഷി കുറച്ച് നേരം അവളെ നോക്കി. “ആരോടാണ്?”

അല്ലിയുടെ ഹൃദയം ഒന്ന് പിടഞ്ഞു. “അങ്ങനെയല്ല… ഞാൻ മൊത്തത്തിൽ ചോദിച്ചതാ.”

“ഓ മൊത്തത്തിൽ ആണേൽ മൊത്തമായ മറുപടി തരാം” അവൻ ചിരിച്ചു. “ഒരാളെ ഇഷ്ടപ്പെടുന്നത് തെറ്റല്ല. പക്ഷേ പറയുന്നതിന് മുമ്പ് ആ ബന്ധം എന്താണെന്ന് മനസ്സിലാക്കണം. മറുവശത്തുള്ള ആളിന് എന്ത് സ്ഥാനം ആണുള്ളത്, എന്ത് സാഹചര്യമാണുള്ളത്… അതൊക്കെ നോക്കണം.”

അല്ലി നിശ്ശബ്ദയായി. റിഷിയുടെ ശബ്ദം ഇത്തവണ ഗൗരവമായിരുന്നു.

“പ്രണയം ഉണ്ടെന്ന് തോന്നിയതുകൊണ്ട് മാത്രം ഉടനെ ഓടിപ്പോയി പറയേണ്ടതില്ല, അല്ലി. ചിലപ്പോൾ കുറച്ച് സമയം കൊടുക്കുന്നതാണ് നല്ലത്.”

അല്ലി അവനെ നോക്കി, “എന്തിന്?”

“നമ്മൾക്ക് തോന്നുന്നത് ശരിക്കും പ്രണയമാണോ, അല്ലെങ്കിൽ ആ വ്യക്തി നമ്മളെ മനസ്സിലാക്കിയതിന്റെ സന്തോഷമാണോ എന്ന് മനസ്സിലാക്കാൻ.”

ആ വാക്ക് അല്ലിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. “ആ വ്യക്തി നമ്മളെ മനസ്സിലാക്കിയതിന്റെ സന്തോഷമാണോ?”

അത് തന്നെയായിരുന്നോ അവളുടെ കാര്യത്തിലും? ആയുഷ് അവളെ ശ്രദ്ധിച്ചു. അവൾ പറയുന്ന കാര്യങ്ങൾ കേട്ടു. അവളെ മറ്റുള്ളവരെപ്പോലെ കാണാതെ, ഒരു വ്യക്തിയായി കണ്ടു. അവൾക്ക് അത്രയും കാലം കിട്ടാതെ പോയ ശ്രദ്ധയാണ് ആയുഷ് നൽകിയതെങ്കിൽ, അത് പ്രണയമായി തോന്നിയതാണോ?

അല്ലി ഒന്നും പറഞ്ഞില്ല. റിഷി അവളുടെ തോളിൽ പതിയെ തട്ടി. “ഓവർതിങ്ക് ചെയ്യണ്ട. സമയം എല്ലാം ക്ലിയർ ആക്കും.”

പറഞ്ഞുകൊണ്ട് അവൻ നടന്നു പോയി. അല്ലി അവിടെ തന്നെ നിന്നു.

“സമയം…” അവൾ പതിയെ പറഞ്ഞു. “സമയം തന്നെയാണ് എനിക്ക് ഇപ്പോൾ വേണ്ടത്.”

….

അന്ന് വൈകുന്നേരം കോളേജ് വിട്ടിറങ്ങുമ്പോൾ ആകാശം മേഘാവൃതമായിരുന്നു. മഴ പെയ്യാൻ വെമ്പി നിൽക്കുന്നതുപോലെ ചുറ്റുമൊരു ഇരുട് പടർന്നിട്ടുണ്ട്. അല്ലി ബാഗ് തോളിൽ ഇട്ടുകൊണ്ട് ഗേറ്റിന് സമീപം നിന്നു. റിഷി നേരത്തെ പോയിരുന്നു. അവൾക്ക് ബസ് വരാൻ കുറച്ച് സമയം ബാക്കിയുണ്ടായിരുന്നു.

അവൾ ഫോൺ എടുത്തു. സ്ക്രീനിൽ നോട്ടിഫിക്കേഷൻസ് ഒന്നുമില്ല. അവൾ അറിയാതെ തന്നെ കോൺടാക്ട് ലിസ്റ്റ് തുറന്നു “ആയുഷ് സർ “. അവളുടെ വിരൽ ആ പേരിന് മുകളിൽ നിശ്ചലമായി. ഒരു കാൾ ചെയ്യണമെന്ന തോന്നൽ. പിന്നെ അവൾ തന്നെ അത് വേണ്ടന്ന് വെച്ചു…

“വേണ്ട.” മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ഫോൺ ലോക്ക് ചെയ്തു. പിന്നെ വീണ്ടും തുറന്നു.

“ഒന്ന് message അയച്ചാലോ?” അവൾ വാട്സ് ആപ്പ് എടുത്തു.

“ഹായ് സർ …” അത്ര മാത്രം ടൈപ്പ് ചെയ്ത് അടുത്തത് എന്താണ് എഴുതേണ്ടത് എന്ന് ആലോചിച്ചു

“ഇന്നത്തെ class നല്ലതായിരുന്നു.” വേണ്ട.
“നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്.” അതും വേണ്ട.
“നമ്മൾക്കിടയിൽ നടന്നത്…” അവൾ ഉടനെ ഡിലീറ്റ് ചെയ്തു.

“അയ്യേ…” അവൾ ഫോൺ ബാഗിൽ ഇട്ടു. “ഇതൊന്നും വേണ്ട കോപ്പ്. എനിക്ക് തലക്ക് എന്തോ കുഴപ്പമുണ്ട്, ഞാൻ എന്താ ഇങ്ങനെ ഈശ്വരാ.”

മനസ്സിൽ വിചാരിച്ചുകൊണ്ടിരുന്നപ്പോഴേക്ക് ബസ് എത്തി. അവൾ അതിൽ കയറി. വിൻഡോ സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കി. മഴയുടെ ആദ്യത്തെ തുള്ളികൾ ഗ്ലാസിൽ പതിക്കാൻ തുടങ്ങി. അല്ലിക്ക് മഴ ഇഷ്ടമാണ്, എന്നാൽ ഇന്ന് മഴ പോലും അവളുടെ മനസ്സിനെ ശാന്തമാക്കുന്നില്ല.

തുടരും…

Similar Posts

Leave a Reply