Karimizhi

The World of Malayalam Stories

ചെറുകഥകൾ

ആരുമറിയാതെ അവിടെയൊരു അച്ഛനും മകളും ഉടലെടുത്തിരുന്നു..!

മകൾ

രചന – നിത്യാമോഹൻ

“അതേ, ഇന്ന് വല്ലതുമുണ്ടോ?”. നിരാശയോടെയായിരുന്നു അവളുടെ ചോദ്യം. “ഇല്ല, ഒന്നുമില്ല..” മോളെന്തിനാ എന്നും ഇങ്ങോട്ട് പൊരുന്നേ, എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ആളുകളുണ്ട്.. അതാത് അഡ്രെസ്സിൽ കൊണ്ടുവന്നു തരും!. അയാളുടെ വാക്കുകൾ കേട്ടപ്പോൾ, നിറയുന്ന മിഴികൾ അയാളിൽ നിന്നും ഒളിപ്പിച്ച് തലകുനിച്ച് നിന്നുകൊണ്ടവൾ പറഞ്ഞു, “നിങ്ങളിത്ര ആക്രോശിക്കുകയൊന്നും വേണ്ട, എനിക്ക് തോന്നുമ്പോൾ ഞാനിവിടെ വരും ” “മോള് അതിന് കരയുകയൊന്നും വേണ്ട, ഇങ്ങനെ എന്നും വരുന്നത് ബുദ്ധിമുട്ടല്ലേ.. അതുകൊണ്ടല്ലേ അങ്ങനെ പറഞ്ഞത്!”. നിങ്ങൾക്കെന്താ ഞാൻ ബുദ്ധിമുട്ടുന്നത് കൊണ്ട്, അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പോസ്റ്റൊഫീസിൽ നിന്നും പുറത്തേക്കിറങ്ങി.. “അരുന്ധതീ, മോളേ !” അയാൾ വേദനയോടെ നീട്ടി വിളിച്ചു.

അയാളുടെ വിളി, ശ്രദ്ധിക്കാതെ അവൾ മുന്നോട്ടു നടന്നു. “നാളെയും വരണേ മോളേ!”. ചിരിച്ച്‌, കണ്ണ് നീർ തുടച്ചുകൊണ്ട്. അവൾ, അയാളെ തിരിഞ്ഞു നോക്കി..തലയാട്ടി !. സങ്കടം മാറി , അവളുടെ മുഖത്ത് സന്തോഷം കണ്ട അയാൾ ചിരിച്ചു,. എന്നും ഇതുപോലെയാണ്, കുശുമ്പ് കുത്തി പിണങ്ങിയ അവളുടെ മുഖം കാണാൻ എന്നും ഓരോ കുറുമ്പുകൾ അയാൾ പറയും..അകാലത്തിൽ പൊലിഞ്ഞ സ്വന്തം മകളെ അയാൾ അവളിൽ കാണും.. അവളുടെ, ദേഷ്യം കൊണ്ടുള്ള ആ സംസാരം അയാൾക്കൊരാനന്ദമായിരുന്നു. ഇടയ്ക്കയാൾ ഒരച്ഛനെ പോലെ സംസാരിച്ചിരുന്നു, ശാസിച്ചിരുന്നു..! പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവളുടെ മിഴികൾ നോക്കി അയാൾ “എന്റെ മോളേ” യെന്ന് മനസ്സിൽ വിളിച്ചിരുന്നു.

അവളുടെ ഓരോ കൊഞ്ചലിലും ഒരു മകൾ ഒളിഞ്ഞിരുന്നു, എന്തുകൊണ്ടോ അയാൾ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു..! ആരുമറിയാതെ അവിടെയൊരു അച്ഛനും മകളും ഉടലെടുത്തിരുന്നു..!. എന്നും വരുന്ന കവറുകളിൽ അവളുടെ പേരുന്നുണ്ടോയെന്ന് അയാൾ ശ്വാസമടക്കി നോക്കിയിരുന്നു..!. വീട്ടിൽ കൊണ്ടുപോയി അവൾക്കു വന്ന ബുക്കുകൾ കൊടുക്കണമെന്ന് അയാൾ ഒരുപാട് ആഗ്രഹിച്ചിരുന്നു… ******

വണ്ടികൾക്കൊന്നും പോകുവാൻ ഇടയില്ലാത്ത ആ ഇടുങ്ങിയ ഇടവഴിയിലൂടെ അവൾ നിരാശയോടെ ഇന്നും നടന്നു, എത്ര ദിവസങ്ങളായി മോഹിച്ച്‌ ഇങ്ങനെ പോസ്‌റ്റോഫീസ് കയറി ഇറങ്ങുന്നു.. തന്റെ വീട്ടിലേക്കുള്ള വഴി അത്ര മോശമാണ്.. അതുകൊണ്ട് തന്നെ അവൾ എന്നും പ്രതീക്ഷയോടെ പോകും.. പക്ഷെ.. നിരാശ തന്നെ എന്നും ഫലം വളരെ നാളായി ആഗ്രഹിച്ചിരുന്ന കാര്യം, ഒരുപാട് നാളത്തെ പ്രതീക്ഷ.. ആ കൊച്ചു വീട്ടിലെ ഇരുട്ടറയിലിരുന്ന്, തന്റെ അനുഭവങ്ങൾ ബുക്കിലേക്ക് പകർത്തുമ്പോൾ ഒരിക്കലും അവൾ കരുതിയിരുന്നില്ല ആ അക്ഷരങ്ങൾ വെളിച്ചം കാണുമെന്ന്.. പക്ഷെ.. അതെല്ലാം അയച്ചു കൊടുത്തപ്പോൾ അവർ അറിയിച്ചു,

ബുക്ക്‌ ആക്കാമെന്ന്.. നിലവാരമുള്ള എഴുത്താണെന്ന് പറഞ്ഞ് ഒരു പബ്ലിക്കേഷൻ അത് ഏറ്റെടുത്തു.. ജീവിതത്തിൽ അവൾക്കു കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം.. ബുക്കിന്റെ ഒരു കോപ്പി അത് ഒന്ന് കൈകൊണ്ട് തൊടാൻ, അതിന്റെ ഒരു കോപ്പി പോസ്‌റ്റോഫീസിൽ മറന്നു വച്ച് പോരാൻ, തന്റെ വരികൾ ഒന്ന് ആർത്തിയോടെ വായിക്കുവാൻ.. എത്രയെത്ര നാളുകളായി, അവൾ കാത്തിരിക്കുന്നു. ചിലപ്പോഴെല്ലാം അവളുടെ നിരാശ, സന്തോഷമാകാറുണ്ട്.. അയാളിൽ ഒരച്ഛന്റെ സ്നേഹ വാത്സല്യങ്ങളും ശകാരങ്ങളും അവൾ ആസ്വദിച്ചിരുന്നു.. അതാവാം എന്നുമവളെ അങ്ങോട്ട്‌ നയിക്കുവാൻ മറ്റൊരു കാരണം !

കുറച്ചു ദിവസമായല്ലോ ആ കുട്ടിയെ കണ്ടിട്ട്? പോസ്റ്റു മാസ്റ്ററുടെ ചോദ്യം കേട്ട്, അയാളും ആലോചിച്ചു.. ശരിയാണ്, അവൾ മടുത്ത് വരാതിരിക്കുന്നതാവും..അവളെ കാണാത്തതിൽ അയാൾ ഏറെ ദുഃഖിച്ചിരുന്നു. അവളുടെ ബുക്ക്‌ വന്ന വിവരം, ഒന്നറിയിക്കുവാൻ അയാൾ വെമ്പൽ കൊണ്ടിരുന്നു..! വേറെയൊന്നും അയാൾ ആലോചിച്ചില്ല.., അവളുടെ വീടിന്റെ അഡ്രസ് നോക്കി അങ്ങോട്ട്‌ പുറപ്പെട്ടു.. ******** ഇത്രയും ചെറിയ വഴിയിലൂടെ.. ഇത്രയും ദൂരം താണ്ടിയായിരുന്നു അവൾ വന്നിരുന്നതെന്നോർത്ത് അയാൾ അത്ഭുതപ്പെട്ടു, അതോടൊപ്പം അവളോടുള്ള സ്നേഹം നൂറിരട്ടി കൂടുന്നതായും തോന്നി.. തന്നിലെ അച്ഛനെ തിരിച്ചറുഞ്ഞിരിക്കാമെന്ന് അയാൾ ചിന്തിച്ചു കൂട്ടി! ആ ഇടവഴിയാവസാനിക്കുന്നിടം അവളുടെ വീടായിരുന്നു. ഒരു വശത്തായി കെട്ടിയ ആ ഒറ്റ മതിൽ കടന്നയാൾ പോകുമ്പോൾ ഒരു കാത്തിരിപ്പിന്റെ അവസാനമായിരുന്നു. ഇവിടാരുമില്ലേ? ഒരു കൊച്ചു വീട്, അയാൾ ആ പരിസരം മുഴുവൻ നിരീക്ഷിച്ചു..

നിറം മങ്ങിയ വീടിന്റെ ചുവരുകളിൽ ചിതൽ ചിത്രം വരച്ചിരുന്നു. പെട്ടെന്ന് മെല്ലിച്ച ഒരു സ്ത്രീ പുറത്തേക്ക് വന്നു, അവരുടെ കയ്യിലേക്ക് അയാൾ ആ കവർ നൽകുമ്പോൾ അവരുടെ അധരം വിറച്ചിരുന്നു. “അരുന്ധതി?” അയാളുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല! ചോദ്യം ആവർത്തിക്കും മുൻപ്, കരഞ്ഞു കലങ്ങിയ കുഴിഞ്ഞ കണ്ണുകൾ ഭിത്തിയിലേക്ക് നീണ്ടു! ചുവരിൽ തൂക്കിയ ചിത്രം അയാളുടെ കണ്ണിലുടക്കി. പോസ്റ്റോഫീസിലെത്തി തന്റെ അഡ്രസ്സിൽ എന്തെങ്കിലുമെത്തിയിട്ടുണ്ടോയെന്നു ചോദിച്ചിരുന്നവൾ, കലഹിച്ചിരുന്നവൾ, ആരുമറിയാതെ പലവട്ടം നെഞ്ചിലിട്ടു താരാട്ട് പാടിയിരുന്നവൾ ചിലപ്പോഴെല്ലാം…. “അച്ഛൻ പറയട്ടെ മോളെയെന്ന്” അറിയാതെ പറഞ്ഞിടുമ്പോൾ, അങ്ങനെ തന്നെയാണെന്ന് മൗനം കൊണ്ട് സമ്മതിച്ചിരുന്നവൾ!. അവളുടെ ആ ചിത്രത്തിലും,നിറഞ്ഞ മിഴികളോടെ അവൾ ചിരിച്ചിരുന്നു..

ചിത്രത്തിൽ തൂക്കിയിരുന്ന മാല അവളുടെ പരിഭവം പോലെ അല്പം വാടിയിരുന്നു!. പിന്തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ നെഞ്ചിൽ തിങ്ങിക്കൂടിയ ഭാരം മിഴികളിലൂടെ ഒഴുകി.. താൻ സ്നേഹിക്കുന്നവരുടെ വിയോഗം അയാളെ തളർത്തിയിരുന്നു!. ഒറ്റമതിലിനു താഴെ വാടിയ പൂക്കളുടെ കീഴിൽ അവൾ അങ്ങ് അനന്തതയിൽ ലയിച്ചിരുന്നു. അവിടെയെത്തിയപ്പോൾ, ഇടനെഞ്ചു പൊട്ടി അയാൾ ” മോളേ ” യെന്ന് നീട്ടി വിളിച്ചിരുന്നു!. അതറിഞ്ഞിട്ടെന്നോണം, പ്രകൃതി പോലും കരഞ്ഞിരുന്നു, പെയ്യുന്ന മഴയ്‌ക്കൊപ്പം അയാളുടെ മിഴിനീരും ലയിച്ചിരുന്നു.. അവൾക്ക്, ഒന്ന് കാണുവാൻ പോലും സാധിക്കാത്ത പുസ്തകത്തിന്റെ പുറം ചട്ടയിൽ ആ പേര് തെളിഞ്ഞു നിന്നു !!. ” എന്റെ അച്ഛൻ !!”……

LEAVE A RESPONSE