“ഈ പാതിരാത്രി റേഡിയോയിൽ കുട്ടികളുടെ പരിപാടിയോ?”
ആൽഫിയച്ചന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അച്ചൻ കഷ്ടപ്പെട്ട് കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സമയം നോക്കി.
അതെ സമയം ഒന്നര കഴിഞ്ഞ് പതിമൂന്ന് സെക്കന്റ്.
ചെറിയൊരു അപകടം കഴിഞ്ഞതിന്റെ വിശ്രമത്തിലായിരുന്നു ആൽഫിയച്ചൻ. പഴയ കത്തീഡ്രലിന്റെ പടികൾ കയറുന്ന നേരത്ത് ഒന്ന് കാലിടറി. നിമിഷനേരം കൊണ്ടാണ് നാല് നിലകൾ കടന്ന് താഴേക്ക് പതിച്ചത്. ദൈവത്തിന്റെ കാവൽ കൊണ്ട് ജീവൻ നഷ്ടമായില്ല.
പക്ഷെ കാര്യമായിത്തന്നെ പരിക്ക് പറ്റി. ആറുമാസമാണ് വിശ്രമം പറഞ്ഞത്. കാണാൻ വരുന്നവരുടെ തിരക്കും, ബഹളങ്ങളും കാരണം അരമനയിൽ ശരിക്കൊന്ന് ഉറങ്ങാൻ പോലും സമയം കിട്ടില്ല. അങ്ങിനെയാണ് നഗരത്തിന് പുറത്തുള്ള പഴയ ഫാംഹൗസിലേക്ക് മാറിയത്. ഇവിടെയാകുമ്പോൾ ശല്യത്തിന് ആരുമില്ല. അയൽക്കാർ പോലും.
ഇടയ്ക്ക് അല്പം ദൂരെയുള്ള സെമിനാരിയിൽ നിന്ന് സാധനങ്ങളുമായി റെക്ടർ അച്ചൻ ആരെയെങ്കിലും പറഞ്ഞയക്കും. അതായിരുന്നു പുറംലോകവുമായി ആകെയുണ്ടായിരുന്ന ബന്ധം. അതല്ലാതെയുള്ള കൂട്ട് ഒരു പഴഞ്ചൻ റേഡിയോയാണ്. വേദനയുടെ ശക്തി കാരണം ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ വെറുതെ അത് ഇരുന്ന് ട്യൂൺ ചെയ്ത് നോക്കും. ചെറുപ്പത്തിൽ ദൂരദേശങ്ങളിൽ നിന്നുള്ള സംഗീതവുമായി പറന്നെത്തുന്ന ഷോർട് വേവ് സ്റ്റേഷനുകൾക്ക് വേണ്ടി കാതോർത്തിരുന്നതിന്റെ ഓർമ്മയ്ക്കായി.
എന്നാൽ ഒരു രാത്രി വളരെ വിചിത്രമായ ഒരു സംഭവം നടന്നു. ട്യൂൺ ചെയ്ത് കൊണ്ടിരിക്കെ ഡയലിന്റെ അവസാനമെത്തിയപ്പോൾ പെട്ടെന്ന് സൂചി അതിന്റെ പുറത്തേക്ക് നീങ്ങി..
“ങ്ങേ? ഇതെന്ത് മാജിക്ക്?”
അത് കണ്ട അച്ചൻ ചെറുതായിട്ടൊന്ന് ഞെട്ടി. പക്ഷെ ശരിക്കും ഞെട്ടിയത് ആ ഭാഗത്ത് ഒരു സ്റ്റേഷൻ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോഴാണ്.
പതിവിലും അരോചകമായ ഒരു മൂളലാണ് ആ ഫ്രീക്വൻസിയിൽ നിന്ന് കേട്ടത്. കൂടുതൽ വ്യക്തത വരുന്തോറും അത് ഒരു നിലവിളി പോലെ തെളിഞ്ഞ് വരുന്നുണ്ടായിരുന്നു. ഇനി എന്ത് സംഭവിക്കുമെന്ന് അറിയാൻ അച്ചൻ ആകാംക്ഷയോടെ കാത്തിരുന്നു.
കൃത്യം ഒരു മണിക്ക്, പുറത്തെ മഞ്ഞിന് ഘനം വച്ച് തുടങ്ങിയ സമയം തന്നെ സ്റ്റേഷൻ പ്രക്ഷേപണം തുടങ്ങി. അതും നല്ല വ്യക്തമായ ശബ്ദത്തിൽ. ഇരുട്ടിനെക്കുറിച്ചുള്ള കവിതകളായിരുന്നു ആദ്യം. വശ്യമായ ശബ്ദത്തിൽ വളരെ ചടുലമായി വായിച്ച ആ കവിതകൾക്ക് വല്ലാത്ത അർത്ഥങ്ങളും, അതിനേക്കാൾ മുഴച്ച് നിൽക്കുന്ന ഭീകരതയും ഉണ്ടായിരുന്നു. കവിതകൾക്ക് ശേഷമാണ് കുട്ടികളുടെ പരിപാടി തുടങ്ങിയത്. അതും ഈ പാതിരാത്രി?
ആൽഫിയച്ചൻ അത്ഭുതത്തോടെ റേഡിയോയുടെ അരികിലേക്ക് നീങ്ങിയിരുന്നു. വെളിച്ചത്തെ ഭയക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ആദ്യം പറഞ്ഞത്. പിന്നീട് കുട്ടികൾ ചേർന്ന് പാടിയ ഒരു പാട്ടും കേൾപ്പിച്ചു. ഉറക്കം തൂങ്ങിയത് പോലെ പാടുന്ന ആ പാട്ടിലെ അവ്യക്തമായ വരികൾ പക്ഷെ നേരത്തെ കേട്ട കവിതകൾ പോലെത്തന്നെയുണ്ടായിരുന്നു.
“എന്റെ ദൈവമേ, ഇതൊക്കെയാണോ ഇവിടത്തെ കുട്ടികൾ കേൾക്കുന്നത്?”
പാട്ടിന്റെ അവസാനം അവതരിപ്പിച്ച കുട്ടികൾക്ക് നന്ദി പറഞ്ഞ കൂട്ടത്തിൽ അവതാരകൻ ആ സ്റ്റുഡിയോ നിൽക്കുന്ന സ്ഥലത്തെക്കുറിച്ചും എന്തോ പറഞ്ഞിരുന്നു. ഓൾഡ് ചർച്ച് റോഡിലെ ഓക്ക് ട്രീ ലോഡ്ജ്.
ആൽഫിയച്ചൻ അത് വേഗം കുറിച്ചെടുത്തു.
‘എത്രയും പെട്ടെന്ന് അവർക്കെഴുതണം. ഇങ്ങനെയാണോ കുട്ടികളുടെ പരിപാടി നടത്തുന്നത്? അതും ഈ നേരംകെട്ട നേരത്ത്??’
പിന്നെയും വിചിത്രമായ എന്തൊക്കെയോ പരിപാടികൾ ഉണ്ടായിരുന്നു. പക്ഷെ നേരം വെളുക്കാറായതും ആദ്യം കേട്ട നിലവിളി തുടങ്ങി. പതുക്കെ അത് മൂളലായി പരിണമിച്ച് സൂര്യോദയത്തോടെ ഒന്നും കേൾക്കാതെയായി.
“ഓൾഡ് ചർച്ച് റോഡിലെ റേഡിയോ സ്റ്റേഷൻ അറിയാമോ?”
രാവിലെ സാധനങ്ങളുമായി വന്ന ഡ്രൈവർ ആ ചോദ്യം കേട്ടപ്പോൾ നെറ്റി ചുളിച്ചു.
“റേഡിയോ സ്റ്റേഷനോ? ഇവിടെയോ?”
“അതെ, ഒരു ഓക്ക് ട്രീ ലോഡ്ജിൽ….”
“ഓ അതോ…..” അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. “എന്റച്ചോ അവിടെ റേഡിയോ സ്റ്റേഷനും, റെയിൽവേ സ്റ്റേഷനും ഒന്നുമില്ല. അതൊരു പഴയ ശവക്കോട്ടയാണ്. പള്ളി അവിടന്ന് മാറ്റിയപ്പോ ആർക്കും വേണ്ടാതായ സ്ഥലം… അവിടെ പിന്നീട് പണിത ഒരു കെട്ടിടത്തിന്റെ പേരാണ് ഓക്ക് ട്രീ ലോഡ്ജ്. പക്ഷെ അതിന്റെ പണി പൂർത്തിയാക്കും മുൻപേ ഉടമകൾ ആത്മഹത്യ ചെയ്തു….”
തീയില്ലാതെ ഒരിക്കലും പുകയും ഉണ്ടാകില്ല എന്ന പ്രമാണക്കാരനായ അച്ചൻ അതൊന്നും വിശ്വസിച്ചില്ല. എന്തായാലും ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച സ്ഥിതിക്ക് അദ്ദേഹം രാവിലെ തന്നെ കത്തും തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. അത് കയ്യോടെ ഡ്രൈവറെ ഏൽപ്പിച്ച് പോകുന്ന വഴിക്ക് തന്നെ പോസ്റ്റ് ചെയ്യണം എന്ന നിർദ്ദേശവും നൽകി.
അന്ന് രാത്രി റേഡിയോ ശാന്തമായിരുന്നു. തലേന്ന് കണ്ടത് പോലെ ഡയലിന്റെ പുറത്തേക്ക് ട്യൂൺ ചെയ്യാൻ ശ്രമിച്ചപ്പോൾ അതിന്റെ നോബ് തിരിയുക പോലുമുണ്ടായിരുന്നില്ല. കുറേ നേരം പരിശ്രമിച്ചിട്ടും ഒന്നും കേൾക്കാതായപ്പോൾ പതുക്കെ അച്ചന് തന്നെത്തന്നെ സംശയമായി.
‘ഇനി ഇതെല്ലാം വെറും തോന്നലായിരുന്നോ?’
പക്ഷെ അല്ലെന്ന് നന്നായി അറിയാം. അഡ്രസ്സ് എഴുതിയെടുത്ത തുണ്ട് കടലാസ്സ് മുന്നിൽത്തന്നെ ഇരിപ്പുണ്ടല്ലോ.
പിറ്റേന്നും അത് തന്നെയായിരുന്നു അവസ്ഥ. നേരം വെളുക്കുന്നത് വരെ ഇരുന്ന് ട്യൂൺ ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലും അച്ചൻ രാവും, പകലും കുത്തിയിരുന്ന് ട്യൂൺ ചെയ്ത് നോക്കി. പതുക്കെ തന്റെ മനസ്സിന്റെ താളം തെറ്റുന്നത് പോലെ തോന്നിയ അച്ചൻ ആ റേഡിയോ കയ്യിലെടുത്ത് വീടിനകത്തും, പുറത്തും പലയിടങ്ങളിലായി കൊണ്ട് നടന്നും, കയ്യിൽ കിട്ടിയ വയറുകൾ പിരിച്ച് അതിന്റെ ആന്റിനയുമായി ബന്ധിപ്പിച്ച് പുറത്തേക്ക് നീട്ടി വച്ചും വരെ ശ്രമിച്ചിരുന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല.
അടുത്ത ദിവസം സെമിനാരിയിൽ നിന്ന് സാധനങ്ങളുമായി എത്തിയ ഡ്രൈവർ കടന്നത് ഫാമിന്റെ ഗേറ്റിങ്കൽ തന്നെ തയ്യാറായി നിൽക്കുന്ന ആൽഫിയച്ചനെയാണ്.
“വരൂ, നമുക്കൊരിടം വരെ പോകാം….”
മറുപടിക്ക് കാത്ത് നിൽക്കാതെ അച്ചൻ പിക്കപ്പിൽ കയറി ഓക്ക് ട്രീ ലോഡ്ജിലേക്ക് പോകാൻ പറഞ്ഞു. ഡ്രൈവർ കഴിയുന്നത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കേൾക്കാൻ തയ്യാറായിരുന്നില്ല.
ടൗണിന്റെ എതിർദിശയിലേക്കുള്ള പാത ചെന്ന് അവസാനിക്കുന്നിടത്താണ് ഓൾഡ് ചർച്ച് സ്ട്രീറ്റ്. അങ്ങോട്ടുള്ള വഴിയുടെ ഇരുവശങ്ങളിലായി നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും, ചതുപ്പുനിലങ്ങളും മാത്രമാണ്. കുറേ ചെന്നപ്പോൾ പതുക്കെ കൃഷിയിടങ്ങൾ കാണാതെയായി, മൂടൽമഞ്ഞിൽ കുളിച്ച് നിൽക്കുന്ന ചതുപ്പുകളും, പുൽമേടുകളും മാത്രമായി. ഒടുവിൽ മഞ്ഞ് മൂടിയ ഒരു കല്ലുവഴിയുടെ മുന്നിൽ ചെന്ന് വണ്ടി നിന്നു.
“ധാ അവിടെയാണ് അങ്ങ് പറഞ്ഞ സ്ഥലം..”
ഡ്രൈവർ ദൂരേക്ക് വിരൽ ചൂണ്ടി. അവിടെ പുകച്ചുരുളുകൾ പോലെ പറക്കുന്ന മഞ്ഞിന് നടുവിലായി ഒരു കെട്ടിടത്തിന്റെ രൂപം പോലെ കാണാം. ഒന്നും മിണ്ടാതെ ആൽഫിയച്ചൻ ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു.
പണ്ട് ധാരാളം മനുഷ്യർ താമസിച്ചിരുന്ന ഒരു വലിയ ഗ്രാമമായിരുന്നു അത്. യുദ്ധവും, ക്ഷാമങ്ങളും കാരണം ആളുകൾ കൂട്ടത്തോടെ മാറിത്താമസിച്ചത് കൊണ്ടാണ് പള്ളിയും അവിടന്ന് പൊളിച്ചുമാറ്റേണ്ടി വന്നത്.
കണ്ണ് മൂടുന്ന മഞ്ഞിൽ ഇളകിയ കല്ലുകൾക്ക് മേലെ ചവുട്ടി നടക്കൽ ഒരു വലിയ പ്രശ്നമായിരുന്നു. എന്നിട്ടും ആൽഫിയച്ചൻ അതൊന്നും വകവയ്ക്കാതെ നടന്ന് ആ കെട്ടിടത്തിന് മുന്നിലെത്തി. പക്ഷെ അവിടെ കണ്ട കാഴ്ച്ച, അതിൽ അദ്ദേഹത്തിന്റെ സകല ഊർജ്ജവും ചോർന്നുപോയി.
“ഞാൻ പറഞ്ഞതല്ലേ അവിടെ ഒന്നുമില്ലെന്ന്……”
അച്ചന്റെ നിൽപ്പ് കണ്ടിട്ടാകും, പിന്നാലെ വന്ന ഡ്രൈവർ പറഞ്ഞു.
പക്ഷെ അച്ചന്റെ ഭാവത്തിൽ മാത്രം യാതൊരു മാറ്റവും കണ്ടില്ല. അദ്ദേഹം പൂർവ്വാധികം അമ്പരപ്പോടെ തന്നെ അങ്ങോട്ടും നോക്കി നിൽക്കുകയാണ്.
“എന്താണച്ചോ? എന്താണ് പ്രശ്നം?”
ഡ്രൈവറുടെ ചോദ്യം കേട്ട അച്ചൻ ആ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ പിൻഭാഗത്തേക്ക് വിരൽ ചൂണ്ടി. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ അവിടത്തെ മഞ്ഞുമറകൾക്ക് അനക്കം വച്ചപ്പോൾ ആ കാഴ്ച്ച ഡ്രൈവറും കണ്ടു, അവിടെ തലയുയർത്തി നിൽക്കുന്ന ഒരു വമ്പൻ റേഡിയോ ആന്റിന.
അച്ചൻ പതുക്കെ അതിനടുത്തേക്ക് ചെന്ന് നോക്കി. അതെ റേഡിയോ ടവർ തന്നെയാണ്. പക്ഷെ ഏതെങ്കിലും പവർ സോഴ്‌സുമായി കണക്റ്റ് ചെയ്തതായി തോന്നുന്നില്ല.
പെട്ടെന്ന് പുറകെ വന്ന ഡ്രൈവർ എന്തിലോ തട്ടി വീണു. അടുത്ത നിമിഷം കിടന്നിടത്ത് തന്നെ ഉരുണ്ട് ഉറക്കെ കരഞ്ഞ അയാൾ, വേഗത്തിൽ എഴുന്നേറ്റ് വണ്ടിക്കരികിലേക്ക് ഓടി. കാര്യമറിയാൻ ഓടിച്ചെന്ന അച്ചൻ കണ്ടത് നിലത്താകെ ചിതറിക്കിടക്കുന്ന അസ്ഥികളാണ്. അതും മനുഷ്യന്റെ. അതിൽ ഒന്നിൽ തട്ടിയാണ് അയാൾ വീണത്.
ആൽഫിയച്ചൻ പിന്നീട് അവിടെ നിന്നില്ല. തിരിച്ചുള്ള യാത്രയിൽ ഡ്രൈവറും ഒന്നും പറഞ്ഞില്ല.
“രാവിലെ എത്തണം. നാളെ മുതൽ ഞാൻ സെമിനാരിയിലേക്ക് താമസം മാറുകയാണ്…”
തിരിച്ചെത്തിയപ്പോൾ അത് മാത്രം പറഞ്ഞിട്ട് അച്ചൻ അയാളെ പറഞ്ഞയച്ചു.
രാത്രിയിൽ ഭക്ഷണം പോലും കഴിക്കാതെയാണ് അച്ചൻ സാധനങ്ങൾ പാക്ക് ചെയ്യാൻ ഇരുന്നത്. എല്ലാം എടുത്ത് വച്ചെങ്കിലും ആ പഴയ റേഡിയോ മാത്രം എടുത്തില്ല. എടുക്കേണ്ട എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
‘എങ്ങിനെയെങ്കിലും ഒന്ന് നേരം വെളുത്താൽ മതി….’
രണ്ട് ഗുളികകൾ കഴിച്ചിട്ടാണ് കിടന്നത്. നേരം വെളുപ്പിക്കാൻ അത്ര മാത്രം ധൃതി ഉണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല പിന്നീടുള്ള കാര്യങ്ങൾ.
രാത്രിയിൽ എപ്പോഴോ ഒരു മൂളൽ കേട്ട് അച്ചൻ എഴുന്നേറ്റു. മരുന്നിന്റെ ശക്തി കാരണം കണ്ണുകൾ തുറക്കാൻ തന്നെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. പക്ഷെ തുറന്നപ്പോഴാകട്ടെ ഒരിക്കലും തുറക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
കാരണം നേരത്തെ ഓൺ ചെയ്യാതെ മാറ്റിവച്ച റേഡിയോയിൽ നിന്നായിരുന്നു ആ മൂളൽ…
അച്ചൻ ഭയത്തോടെ നോക്കിയിരിക്കെ ആ മൂളൽ പതുക്കെ ഒരു കരച്ചിലിലേക്ക് പരിണമിച്ചു. അധികം വൈകാതെ കരച്ചിൽ നിലച്ച് വളരെ വികൃതമായ ശബ്ദത്തിലുള്ള ഒരു പൊട്ടിച്ചിരി അവിടമാകെ മുഴങ്ങി.
“പ്രിയപ്പെട്ട ശ്രോതാക്കളേ…..” ചിരിയടക്കാൻ കഷ്ടപ്പെട്ടു കൊണ്ട് ആ ശബ്ദം പറഞ്ഞു. “കഴിഞ്ഞ ദിവസം നമുക്ക് ആദ്യമായി ഒരു കത്ത് ലഭിച്ചു. അതിൽ കുട്ടികളുടെ പരിപാടി ഈ നേരത്ത് കൊണ്ട് വച്ചതിനെ വിമർശിച്ചായിരുന്നു ഒരു മാന്യദേഹം എഴുതിയിരുന്നത്… ഈ നേരത്ത് പരിപാടി വച്ചാൽ കുട്ടികൾ എങ്ങനെ കേൾക്കുമെന്നാണ് അദ്ദേഹത്തിന്റെ സംശയം… പക്ഷെ അദ്ദേഹത്തിനറിയില്ലല്ലോ; ആ പരിപാടി കേൾക്കേണ്ട കുട്ടികളെല്ലാം ഉണർന്നിരിക്കുന്ന സമയം ഇതാണെന്ന്…. ഹ ഹ ഹ ഹ….”
ചിരി കേട്ട അച്ചൻ ശരിക്കും നടുങ്ങിപ്പോയി. കാരണം ആ പൊട്ടിച്ചിരിയുടെ കൂടെ വേറെയും ചിരികൾ അദ്ദേഹത്തിന് കേൾക്കാമായിരുന്നു. അതും റേഡിയോയുടെ അകത്ത് നിന്ന് മാത്രമല്ല……
“മാത്രമല്ല പ്രിയ ശ്രോതാക്കളേ….” റേഡിയോയിലെ ശബ്ദം തുടർന്നു. “ഇതൊക്കെ നേരിട്ട് പറയാൻ വേണ്ടിയാണെന്ന് തോന്നുന്നു. ആ മാന്യദേഹം ഇന്ന് നമ്മളെ കാണാൻ വന്നിരുന്നു. പക്ഷെ കുട്ടികൾ ഉറക്കമായത് കൊണ്ട് അതിന് സാധിച്ചില്ല. പക്ഷെ സാരമില്ല, ആ മാന്യദേഹത്തിന്റെ വിഷമം മാറ്റാൻ നമ്മൾ ഇന്നത്തെ പ്രോഗ്രാം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുകയാണ്….”
പെട്ടെന്ന് റേഡിയോ നിശബ്ദമായി. റേഡിയോ മാത്രമല്ല, അത്രയും നേരം പുറത്ത് വീശിയടിച്ചിരുന്ന കാറ്റിന് പോലും ഭീതിപ്പെടുത്തുന്ന ഒരു ശാന്തത. അടുത്ത നിമിഷം അന്ന് റേഡിയോയിൽ കേട്ട കുട്ടികളുടെ പാട്ട് അവിടെങ്ങും അലയടിച്ചു. ഭയന്നുവിറച്ച അച്ചൻ ചാടിയെഴുന്നേറ്റ് ചുറ്റും നോക്കി. അല്ല, അത് റേഡിയോയിൽ നിന്നല്ല… പുറത്ത് നിന്ന്, അതെ അച്ചൻ കിടക്കുന്ന മുറിയുടെ ജനാലയുടെ പുറത്ത് നിന്നാണ് കേൾക്കുന്നത്.
കഴുത്തിലെ കൊന്തയിൽ മുറുകെ പിടിച്ചുകൊണ്ട് അച്ചൻ പുറത്തേക്ക് നോക്കി. വർഷങ്ങളോളം പ്രാർത്ഥനകളും, കർമ്മങ്ങളുമായി കഴിഞ്ഞ ഒരു പാതിരിയായിട്ട് കൂടി അവിടെ കണ്ട കാഴ്ച്ച അദ്ദേഹത്തിന് താങ്ങാനായില്ല.
മണ്ണിൽ നിന്ന് കുഴിച്ചെടുത്തത് പോലുള്ള കുറേ കുഞ്ഞുങ്ങൾ അവിടെ നിന്ന് പാടുകയാണ്. ഇന്നലെ കേട്ട അതേ ഭീകരഗാനം തന്നെ. പക്ഷെ അവർ ആരും തന്നെ അങ്ങോട്ട് നോക്കിയിരുന്നില്ല. പലർക്കും പാടാനുള്ള ശബ്ദം പോലും ഉണ്ടായിരുന്നില്ല. ചിലർക്ക് കൈകളും, ചിലർക്കും കാലുകളും ഇല്ലായിരുന്നു. ഒരാൾക്ക് തലയാണ് ഇല്ലാത്തത്. എന്നിട്ടും കൈകൾ കൊണ്ട് പാട്ടിന് താളം പിടിക്കുന്നുണ്ട്. എല്ലാം നിയന്ത്രിച്ചുകൊണ്ട് കറുത്ത കരിമ്പടം പുതച്ച ഒരു രൂപം തൊട്ടുപിന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
കനത്ത മഞ്ഞിൽ പോലും അച്ചൻ നന്നായി വിയർത്തു.
“എല്ലാവരും ആവേശത്തോടെ പാടൂ…. അതിഥിയുടെ സന്തോഷമാണ് നമ്മുടെ സന്തോഷം……”
നേരത്തെ റേഡിയോയിൽ കേട്ട അതേ ശബ്ദത്തിൽ ആ രൂപം പറഞ്ഞു.
പിറ്റേന്ന് ഡ്രൈവർ വിളിക്കാൻ വന്നപ്പോൾ ഗേറ്റിങ്കൽ ആരുമുണ്ടായിരുന്നില്ല.
മടിച്ചുമടിച്ച് അയാൾ അകത്ത് കയറി നോക്കി. തയ്യാറാക്കി വച്ച ബാഗുകളും, പെട്ടിയുമല്ലാതെ അച്ചനെ അവിടെങ്ങും കണ്ടില്ല.
എന്നാൽ അവിടെല്ലാം ഓടി നടന്ന് അയാൾ അച്ചനെ തിരയുന്ന നേരത്തെല്ലാം ആ റേഡിയോ മൂളിക്കൊണ്ട് ജനാലയ്ക്കരികിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ജനാലയ്ക്ക് പുറത്തായി ആരോ എറിഞ്ഞിട്ട നിലയിൽ അച്ചന്റെ കൊന്തയും…..
Shine Warwick
Malayalam Horror Story

by