26/05/2026

കാട്ടുപൂക്കൾ : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

അയാൾ ഞെട്ടി വിറച്ചു.

താഴെ പാറയുടെ ചെറിയൊരു സ്റ്റെപ്പ് പോലുള്ള ഭാഗത്ത് ബോധരഹിതയായ് തടഞ്ഞുകിടക്കുകയാണ് ചിന്നു.

ഒരൽപ്പം നീങ്ങിയാൽ പോലും അഗാധതയിലേക്ക് വീണ് പോകാം.
എന്ത് ചെയ്യണമെന്ന് അയാൾക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല.
നിലാവിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റിലും തിരിഞ്ഞു നോക്കി.
രക്ഷിക്കാൻ ഒരാൾ പോലും ഇങ്ങോട്ട് വരാൻ പോകുന്നില്ല.
ഇടതു വശത്തായി അൽപ്പം ചരിഞ്ഞു നിൽക്കുന്ന ഭാഗത്ത്‌ കൂടെ
അയാൾ ശ്രെദ്ധയോടെ താഴെക്കിറങ്ങി.

സൂക്ഷ്മതയോടെ,ഒരാൾക്ക് നിൽക്കാൻ കഴിയുന്ന പാറയിടുക്കിൽ അയാൾ കാലുകൾ ഉറപ്പിച്ചു. ബോധരഹിതയായ ചിന്നുവിനെ എടുത്തുയർത്താൻ മാത്രമുള്ള ശക്തി എടുക്കാൻ ആവില്ല.

ഭാരം എടുക്കുമ്പോൾ ഒരുപക്ഷെ താനും താഴേക്ക് വീണ് പോയേക്കാം.

ആകെയുള്ള വഴി അവളെ വലിച്ചു തന്റെ കാൽച്ചുവട്ടിൽ എത്തിക്കുക എന്നതാണ്.താൻ നിൽക്കുന്നിടം,ചരിഞ്ഞ,മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടില്ലാത്ത ഭാഗമാണ്.
ഇവിടെ എത്തിച്ചു കഴിഞ്ഞാൽ അവളെ എടുത്തുയർത്തി മുകളിലേക്ക് അൽപ്പം ബുദ്ധിമുട്ടിയാലും നടന്നു കയറാം.

വലിക്കുമ്പോൾ ഒരുപക്ഷെ അവൾ ബോധം തെളിയുകയോ,ചരിയുകയോ ചെയ്താൽ താഴേക്ക് പോകും.
അവളെ ഇവിടെനിന്നു ഇരു കൈകൾ കൊണ്ട് കൈയെത്തിച്ചു പിടിക്കാനും സാധിക്കില്ല.ഒരു കൈകൊണ്ടു പാറയുടെ ഒരു സൈഡിൽ പിടിച്ചില്ലെങ്കിൽ ബലം കൊടുത്ത് അവളെ വലിച്ചെടുക്കുമ്പോൾ താനും താഴേക്ക് വീണ് പോയേക്കാം.

വിധി അങ്ങനെയെങ്കിൽ അങ്ങനെതന്നെ നടക്കട്ടെ.

പാറയിടുക്കിൽ കാലുകൾ ഉറപ്പിച്ചു നിന്ന് അയാൾ അവളെ പതിയെ അരികിലേക്ക് വലിച്ചു നിരക്കി. പതിയെ അവളെ കൈകളിൽ പിടിച്ച് വലിച്ചെടുക്കുമ്പോൾ പാറയുടെ അരികുകളിൽ ഉരഞ്ഞ് അവളിൽ ഇടത് കൈയും, പാവാട
കാൽ മുട്ടിനുമുകളിലേക്ക് ഉയർന്നു പോയതിനാൽ ഇടതുകാലും മുറിഞ്ഞു രക്തം കിനിയുന്നുണ്ട്.

അവളെ വലുച്ചെടുത്തു തോളിൽ കിടത്തി,മുകളിൽ എത്തിച്ചതും അയാൾ തളർന്നു വീണു.

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുതോന്നുന്നുണ്ട്.അല്പ്നേരം അയാൾ ആ നിരപ്പിൽ കിടന്നു.

കൈകലുകൾക്കൊന്നും ഒരു ബലവും ഇല്ലാത്തതു പോലെ.
അരികിൽ കിടക്കുന്ന ചിന്നുവിനെ അയാൾ കുലുക്കി വിളിച്ചിട്ടും അവൾ ഉണരുന്നില്ല.ഈശ്വരാ ഈ പറയിടുക്കിൽ ഇത്തിരി വെള്ളം എവിടെ കിട്ടും.

അയാൾ പതിയെ അവളുടെ കവിളിൽ പിടിച്ചുലച്ചു.

ചിന്നൂ…..

ഇല്ല അനങ്ങുന്നുപോലുമില്ല.

എന്ത് ചെയ്യണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു.

അയാൾ അവളുടെ ഇരുകവിളിലും മാറി മാറി പതിയെ അടിച്ചു…

ചിന്നൂ…. മോളേ കണ്ണ് തുറക്ക്….

ചിന്നൂ….

അവൾ മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു.

പെട്ടന്ന് ചാടിയെഴുന്നേറ്റ് ചുറ്റിലും നോക്കി.
ഒടുവിൽ അയാളിൽ അവളുടെ കണ്ണുകൾ തറഞ്ഞു.

എന്നോട് എന്തിനീ ചതി ചെയ്തു. രക്ഷപെടാനുള്ള എന്റെ അവസാന ശ്രെമം നിങ്ങളായിട്ട് ഇല്ലാതാക്കി.

എന്തിനാണ് എന്നെ രക്ഷിച്ചത്?
ഭ്രാന്തമായി അയാളെ പിടിച്ചുലച്ചു കൊണ്ട് അവൾ ചോദിച്ചു.
പെട്ടന്നവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നതും, ഇടത്തെ കൈ പതിയെ നേരെ വയ്ക്കുന്നതും നരേന്ദ്രൻ ശ്രെദ്ധിച്ചു.

എന്ത് പറ്റി കൈ കാണിച്ചേ..

മാറിപ്പോ…. അവൾ ചീറി.

പിന്നെ പൊട്ടിപ്പൊട്ടി കരഞ്ഞു.

നിമിഷങ്ങൾ കടന്ന് പോയി.

ചിന്നൂ… ആർദ്രമായി അയാൾ വിളിച്ചു.
എന്താ കുട്ടിക്ക് ഇങ്ങനെ തോന്നാൻ?
അതിനും മാത്രം എന്ത് സംഭവിച്ചു?

അവൾ തലയുയർത്തി… ഇനിയും അടർന്നു തീർന്നിട്ടില്ലാത്ത കണ്ണുനീർ തുള്ളികൾ നിലാവിൽ തിളങ്ങുന്നത് അയാൾ ശ്രെദ്ധിച്ചു.

ആരെയോ ഇഷ്ട്ടപെടുന്നു എന്നും ഇവിടെ കൊണ്ടാക്കണമെന്നും കുട്ടിയല്ലേ പറഞ്ഞത് എന്നിട്ട് ഇപ്പോൾ എന്ത് പറ്റി?

ഞാൻ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനൊരാൾ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടല്ലേ എനിക്കവിടെ നിന്നും പോരാൻ കഴിഞ്ഞത്.
അല്ലെങ്കിൽ അവർ എന്നെ ആരുടെയെങ്കിലും കൂടെ കെട്ടിച്ചയക്കും, ചിലപ്പോൾ നിങ്ങൾ, അല്ലെങ്കിൽ വീട്ടിൽ പശുവിനെ കറക്കാൻ വരുന്ന രാമുവേട്ടൻ,അങ്ങനെ ആരുമാകാം.

ഇന്നാ…എന്റെ വീട്ടിൽ ഒരുപയോഗവും ഇല്ലാത്ത ഒരു വസ്തുവുണ്ട് വേണമെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ ഇതിനെ എടുത്തോ എന്ന ലാഘവത്തോടെ എന്നെ കാശ് മുടക്കില്ലാതെ ആക്രി കൊടുക്കും പോലെ നൽകും.

അവൾ ഒന്ന് ചിരിച്ചു.

നിങ്ങൾക്കറിയുമോ പത്തു വയസുവരെ രാജകുമാരിയെ പോലെയാണ് ഞാൻ ജീവിച്ചത്. വീട്ടിൽ ധാരാളം ജോലിക്കാർ. പ്രമാണിയായ അച്ഛൻ, അച്ഛനെ അനുസരിക്കാൻ മാത്രം അറിയുന്ന അമ്മ, ജീവന് തുല്യം ഞാൻ സ്നേഹിക്കുന്ന എന്റെ ഏട്ടൻ.
.
തിരിച്ചറിവ് തുടങ്ങിയ കാലത്തെ എന്റെ ഏറ്റവും വലിയ സംശയം ,എന്തിനാണ് അച്ഛന്റെ മുറിയിൽ നിന്നും ചില ജോലിക്കാരി ചേച്ചിമാർ കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നത് എന്നാണ്
അമ്മയോട് ചോദിക്കുമ്പോൾ കണ്ണ് നിറച്ചമ്മയെന്നെ നോക്കും.

അങ്ങനെയിരിക്കെ പാടത്തെ പണിക്ക് വന്ന ഒരു സ്ത്രീ വീട്ടിൽ അമിത സ്വാതന്ത്രം എടുക്കുന്നത് എനിക്കു ഇഷ്ടമായില്ല.

അതിന്റെ പേരിൽ അമ്മ അച്ഛനോട് കയർത്തു സംസാരിക്കുന്നത് ആദ്യമായി ഞാൻ കണ്ടു.
പിന്നെപ്പിന്നെ വഴക്ക് നിത്യ സംഭവമായി.
ഒരു ദിവസം സ്കൂൾ വിട്ട് വന്ന ഞാൻ കാണുന്നത് അച്ഛന്റെ തൊഴികൊണ്ട് മുറ്റത്തേക്ക് തെറിച്ചു വീഴുന്ന അമ്മയെയാണ്.

അമ്മയ്‌ക്കരികിലേക്ക് ഓടി എത്തിയ എന്നെയും ഏട്ടനേയുംഅച്ഛൻ പിടിച്ച് മാറ്റി.

ഇറങ്ങി പോടീ… എന്ന അലർച്ചയിൽ ഞെട്ടിവിറച്ച് പാവം എന്റെ അമ്മ .

എന്റെ കുഞ്ഞുങ്ങൾ… എന്റെ കുഞ്ഞുങ്ങളെ എനിക്ക് വേണം എന്ന് പറഞ്ഞമ്മ കരഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

ഇവരെ ഞാൻ വിട്ടുതരില്ല, നീ പോകാൻ നോക്ക് എന്ന് പറഞ്ഞ് അച്ഛൻ ഞങ്ങളെ അകത്തു കയറ്റി. കുതറിപ്പിടഞ്ഞു കരയുന്ന ഞങ്ങളെ അച്ഛൻ ബലമായി പിടിച്ച് നിർത്തി.

വീടിന്റെ നേർക്കു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അമ്മ കരഞ്ഞു കൊണ്ട് പോകുന്നത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

അന്ന് പോയ അമ്മ ഇവിടെ അമ്മയുടെ നാട്ടിൽ, ഇതാ ഇവിടുന്നു ചാടി ജീവിതം അവസാനിപ്പിച്ചു.
പാവപ്പെട്ട കുടുംബത്തിലെ സുന്ദരിയായ അമ്മയെ കണ്ടിഷ്ടപ്പെട്ടു സ്വന്തമാക്കിയതാണ് അച്ഛൻ.എന്നിട്ട് ഒരു പണിക്കാരി പെണ്ണിൽ മയങ്ങി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആ മനുഷ്യനോട് അന്ന് വെറുപ്പ്‌ തോന്നി.

പിന്നെ മേനകയെന്ന ആ സ്ത്രീ വീട്ടിൽ താമസമാക്കി.

എന്റെ ഒരേ ഒരു ആശ്വാസം എന്റെ ഏട്ടനായിരുന്നു. പക്ഷെ തുടർപഠനത്തിന്റെ പേരും പറഞ്ഞ് ഏട്ടൻ ദൂരെയുള്ള കോളേജിൽ ചേർന്ന്, ഹോസ്റ്റലിൽ തമാസവുമാക്കി. സ്വന്തം കാര്യം നോക്കാൻ ഏട്ടൻ അന്നേ ശീലിച്ചിരുന്നു.
പക്ഷെ ഒരു പത്തുവയസുകാരിക്ക് എന്ത് ചെയ്യാൻ പറ്റും, എങ്ങോട്ട് പോകാൻ കഴിയും.

പിന്നീട് അച്ഛന് മേനകയിൽ ഒരാൺകുട്ടി ജനിച്ചു ഗൗതം… എന്റെ അച്ഛന്റെ കുഞ്ഞല്ലേ ഞാനവന് ചേച്ചിയായി. രണ്ടു കൊല്ലം കഴിഞ്ഞ് ഗോകുൽ ജനിച്ചു.അപ്പോൾ അവനെ നോക്കാനായി ആ സ്ത്രീ എന്റെ പഠിപ്പ് വരെ നിർത്തി. കുഞ്ഞിനെ ജോലിക്കാരികൾ നോക്കിയാൽ ഒക്കില്ലത്രേ.

സ്കൂളിൽ നിന്നും ടീച്ചർ വന്ന് പറഞ്ഞതുകൊണ്ട് മാത്രം ഗോകുലിനു നാല് മാസം പ്രായം ആയതോടെ എന്നെ തുടർന്ന് പഠിക്കാൻ അയച്ചു.
പക്ഷെ പ്ലസ്ടു കഴിഞ്ഞ്. എന്തൊക്കെയോ അച്ഛനോട് എന്നെക്കുറിച്ച് പറഞ്ഞ് എന്നെ പഠിക്കാൻ വിട്ടില്ല.

അതൊക്കെ ഞാൻ ക്ഷമിച്ചു. വീട്ടിൽ തന്നെ ഒതുങ്ങി കൂടി. അല്ലെങ്കിലും എത്രയോ പണ്ടേ എന്റെ ആഗ്രഹങ്ങൾ എല്ലാം അവസാനിച്ചതാണ്. മരിക്കാൻ പേടിയുള്ളത് കൊണ്ട് മാത്രം അതിന് തുനിയാതെ, പഴികൾ മാത്രം കേൾക്കാനായി ജീവിച്ചു.

ചിന്നുവിന് നല്ലത് പറഞ്ഞൂടാരുന്നോ അവരോട്. ഒന്നും മിണ്ടാതെ ഇരുന്നതുകൊണ്ടാണ് ക്ഷമിക്കും തോറും അവർ തലയിൽ കയറിയത്.

ശരിയായിരിക്കും .ഒരാള് പോലും മനസിലാക്കാനില്ലാത്ത, ഒന്ന് മിണ്ടാൻ പോലും ആരുമില്ലാത്ത, ഒരിത്തിരിപോന്ന സ്നേഹത്തിന്റെകണിക പോലും കിട്ടാത്ത ഒരു മനുഷ്യന്റെ വേദന ഒരാൾക്കും പറഞ്ഞാൽ മനസിലാകില്ല.

ഒന്നും ആരോടും പറഞ്ഞ് നേടാനുള്ള കഴിവൊന്നും എനിക്കില്ല.

കഴിഞ്ഞ ആഴ്ച്ച.അച്ഛൻ അച്ഛമ്മയുടെ കുറേ ആഭരണങ്ങൾ എന്നെ കാണിച്ചു.എല്ലാം എന്റെ വിവാഹത്തിനാണ്.നിനക്ക് വിവാഹലോചനകൾ തുടങ്ങി എന്ന്.

പക്ഷെ മേനകഎന്ന ആ സ്ത്രീക്ക് എനിക്കായി അച്ഛൻ കരുതിയ ആഭരണങ്ങൾ എങ്ങനെയെങ്കിലും കൈക്കലാക്കണം.അച്ഛന്റെ സ്വത്തുക്കൾ അവരുടെ മക്കൾക്കായി മാത്രം കിട്ടണം.

അതിന് വേണ്ടിയാണ് അവർ എന്നെ മോശക്കാരിയാക്കിയതും.ആരുടെയെങ്കിലും കൂടെ ഒരു ചിലവും ഇല്ലാതെ,എങ്ങനെയെങ്കിലും കെട്ടിച്ച് അയക്കണമെന്നും ആ സ്ത്രീ തീരുമാനിച്ചത്.

അതിനായി അവർ കണ്ടെത്തിയ കാരണം അച്ഛനോടവർ പറയുന്നത് ഞാൻ നേരിട്ട് കേട്ടു.ഞാൻ…. ഞാൻ… ചീത്ത പെൺകുട്ടിയാണെന്ന്.
അതുംകൂടി താങ്ങാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് എന്റെ അമ്മ ജീവിതം അവസാനിപ്പിച്ച ഇതേ ഇടത്തിൽ, ഞാൻ എന്റെ ജീവിതവും തീർക്കാൻ നോക്കിയത്.

അതാണ് നിങ്ങൾ കാരണം നടക്കാതെ പോയത്.

പറഞ്ഞു കഴിഞ്ഞതും അവൾ വീണ്ടും പൊട്ടിക്കരഞ്ഞു….

അയാൾ ഒന്നും മിണ്ടിയില്ല.കരയട്ടെ സങ്കടങ്ങൾ അല്പ്പമെങ്കിലും കുറയട്ടെ

ഏങ്ങലടിയിൽ വിറക്കുന്ന അവളുടെ ഉടൽ… അവളെ ചേർത്തണച്ച് കരയരുത് എന്ന് പറയാൻ അയാൾക്ക്‌ തോന്നി.

പാടില്ല… ഒരു കൊച്ചു പെൺകുട്ടിയാണ്.അവളെ കൺനിറയെ നോക്കുവാനുള്ള യോഗ്യത പോലും തനിക്കില്ല.അത് താൻ മറക്കാൻ പാടില്ല.

ചിന്നൂ… അയാൾ മെല്ലെ വിളിച്ചു.

ഇപ്പോൾ ചിന്നു മരിക്കാൻ കാണിച്ച ഈ ധൈര്യം ഇല്ലേ അത് മതി ജീവിക്കാൻ

തന്റെ അമ്മയെ ഇല്ലാതാക്കാൻ കാരണക്കാരായ, തന്നെ ജീവിക്കാൻ അനുവദിക്കാത്ത ആളുകളോട് തനിക്ക് ഒന്നും തോന്നുന്നില്ലേ…
വെറുതെയങ്ങ് മരിച്ച് കളയുന്നത് മണ്ടത്തരമല്ലേ….

ചിന്നു ഒന്നും മനസിലാകാതെ അയാളുടെ മുഖത്തേക്ക് നോക്കി.

പകരം വീട്ടാനുള്ളത് വീട്ടുക തന്നെ വേണം.അല്ലാതെ മടിച്ചിയായി സ്വയം അങ്ങ് ഒടുങ്ങുവല്ല വേണ്ടത്.

തന്റെ വീടിന്റെ അവകാശിയായി അവരങ്ങനെ വിലസാൻ പാടുണ്ടോ.അവരെ വന്ന വഴിയിലൂടെ ഓടിക്കണം.അവർ പണ്ട് എന്തായിരുന്നുവോ അതിൽ തന്നെ അവർ എത്തണം.

അവളുടെ മുഖത്ത് ഒരു ധൈര്യം നിറയുന്നത് നിലാവിൽ അയാൾ വ്യക്തമായി കണ്ടു

കുട്ടി വാ..അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

നടക്കുമ്പോൾ വേദന കൊണ്ട് അവളുടെ മുഖം ചുളിയുന്നുണ്ടായിരുന്നു.

വേദനയുണ്ടല്ലേ,സാരമില്ല.

ചേട്ടനത് പറയാം, വേദനിക്കുന്നത് എനിക്കല്ലേ

വേണ്ടാത്ത പണിക്കു നിന്നിട്ടല്ലേ. അയാൾ പിറുപിറുത്തു.

എന്താ പറഞ്ഞത്…?

ഒന്നുമില്ല. വേഗം നടക്ക്.

അയാൾ പതിയെ അവളുടെ കൈയിൽ പിടിച്ച് നടത്തി.

വണ്ടിയിൽ കയറിയിരിക്കുമ്പോൾ അവൾ ആയാളുടെ മുഖത്തേക്ക് നോക്കി. മുഖത്ത് അവിടവിടെയായി രക്തം പൊടിഞ്ഞിട്ടുണ്ട്.

അയ്യോ മുഖത്ത് മുറിവ് ഉണ്ടല്ലോ.

പിന്നെ പത്തമ്പത്തിരണ്ട് കിലോയോളം ഭാരവും തോളിലിട്ട് അവിടുന്ന് രക്ഷപെടാൻ പെട്ട പാട് എനിക്കെ അറിയൂ.പാറയുടെ മൂർച്ചയുള്ള ഭാഗം ഉരയുമ്പോൾ ചോര പൊടിഞ്ഞെന്നിരിക്കും.

ഞാൻ പറഞ്ഞില്ലല്ലോ എന്നെ രക്ഷിക്കാൻ.

അല്ല… ഈ..തലയൊക്കെ പൊട്ടി, എല്ലൊക്കെ ഒടിഞ്ഞു നുറുങ്ങി, ചുമ്മാ ചിത്തറിത്തെറിച്ച് പോകുന്നതാണോ നല്ലത്. വല്ല കുറുക്കന്മാരും കടിച്ചു വലിച്ചു തിന്നും. പിന്നെ ബാക്കിയുള്ളത് വല്ല കഴുകൻമാരും കൊത്തിവലിച്ച്….

ഓഹ്…ഒന്ന് മിണ്ടാതിരിക്ക് അവൾ ചെവി പൊത്തിപ്പിടിച്ചു.

അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അവളുടെ വീടിനു മുന്നിൽ വണ്ടി നിർത്തിയതും. മാധവൻ ഓടിവന്നു

എടാ നായെ….എന്റെ മകളെ നീ എവിടെയാടാ കൊണ്ടുപോയത്, എന്താടാ നീയവളെ ചെയ്തത്…..

അയാൾ നരേന്ദ്രന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.

*******************

തുടരും.