കട്ടിലിന്റെ അങ്ങേ തലയ്ക്കൽ അവൾ തലവെച്ചു ഉറങ്ങുന്നു, ഞാൻ ഇങ്ങേ വശത്തും, അവളുടെ കാലിന്മേൽ ഒന്ന് ഉമ്മവെയ്ക്കാൻ ആഞ്ഞതും
തൊട്ടുപോകരുത് എന്റെ ദേഹത്ത് “” എന്നൊരു അലർച്ച…
കെട്ടികഴിഞ്ഞാൽ പുരുഷന്മാർ എന്തൊക്കെ സഹിക്കണം ഞാൻ മെല്ലെ പറഞ്ഞു.
അത് കേട്ട് അവൾ അതിന്റെ മറുപടി എന്നോണം ഒന്നമർത്തി മൂളി.
എന്നോടുള്ള പിണക്കത്തിന്റെ തെളിവ് ആണ് ഒരു കട്ടിലിന്റെ രണ്ടു തലയ്ക്കൽ കിടക്കുക എന്നത്.
ഒന്ന് സോപ്പിട്ട്, കയ്യിലെടുക്കാൻ ആണ് കാലിൽ ഉമ്മവെയ്ക്കാൻ തുടങ്ങിയത്, അവളത് മുളയിലേ നുള്ളി.
എന്ത് പറയാൻ അനുഭവിച്ചേ മതിയാകു, കെട്ടിപോയില്ലേ.
ഈ പെണ്ണുങ്ങൾക്ക് രണ്ടുകണ്ണല്ല ഉള്ളത് എന്ന് തോന്നിപോകുന്നത് ഇതുപോലുള്ള സമയത്താണ്. ഞാൻ എന്ത് ചെയ്താലുംഅവളതറിഞ്ഞിരിക്കും .
ഞാൻ ഒന്നൂടെ അവളെ നോക്കിയെങ്കിലും യാതൊരു രക്ഷയും ഇല്ല. പുള്ളിക്കാരി എന്നോട് കലിപ്പിലാണ്.
വീണ്ടും എന്റെ കാലെടുത്ത് അവളുടെ ദേഹത്ത് മെല്ലെവച്ചു.
അവളെഴുന്നേറ്റിരുന്നതാണോ, അതോ…
എന്റെ കാല് പറക്കുന്നപോലെ എനിക്ക് തോന്നി, അവൾ കാലെടുത്ത് മാറ്റിയതാണ്, ഞാൻ പാതി നിലത്തുവീണ അവസ്ഥയിലായി.
ഒരു കാൽ നിലത്ത് കുത്തി, ഉടുമുണ്ട് വരിഞ്ഞുടുത്ത് എഴുന്നേൽക്കുമ്പോൾ അവൾ ചോദിക്കുന്നു വല്ലോം പറ്റിയോ എന്ന് !
ചോദിച്ചതല്ലേ….
ഇല്ലാത്ത വേദന വരുത്തി ഞാൻ പറഞ്ഞു, ന്റെ കാലിനു വല്ലാത്ത വേദന.
അത്രേ ഉള്ളോ
സാരമില്ല തിരിഞ്ഞു കിടന്നോ അതങ്ങ് മാറിക്കോളും എന്നവൾ പറഞ്ഞപ്പോൾ എന്റെ ഉള്ള പ്രതിക്ഷയും പോയി.
വീണ്ടും കട്ടിലിന്റെ ഇങ്ങേ അറ്റത്ത് ചുരുണ്ട് കൂടി കിടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അവൾ പറഞ്ഞു
പുതയ്ക്കാൻ പുതപ്പ് വേണ്ടേ നിങ്ങൾക്ക്
ചോദ്യത്തിന് കാത്തു നിന്നപോലെ ഞാൻ പറഞ്ഞു, നമ്മുക്കൊരു പുതപ്പ് പോരെ പെണ്ണെ….
നിയിങ്ങോട്ട് മാറി കിടക്ക്.
അല്ലെ വേണ്ട ചേട്ടൻ അങ്ങോട്ട് വരാം ഞാൻ പറഞ്ഞു തീരും മുൻപേ അവൾ വീണ്ടും എന്നോട്…
അലമാരിയിൽ പുതപ്പുണ്ട് അതങ്ങെടുത്തു പുതച്ചാൽ മതി.
പെണ്ണിന്റെ കലിപ്പ് തീരുന്ന ലക്ഷണം കാണുന്നില്ല.
ഞാൻ എന്റെ വിരലിലേയ്ക്ക് നോക്കി.
കല്യാണ മോതിരം അത് എന്റെ വിരലിൽ ഇല്ല.
അതാണ് അവൾ കലിതുള്ളുന്നത്.
തുറന്നു പറയാം അല്ലാതെ വേറെ മാർഗം ഇല്ല.
ഞാൻ അവളെ കുലുക്കി വിളിച്ചു
നീയുറങ്ങിയോ പെണ്ണെ
ഇല്ല എന്തെ…. ഉറക്കാൻ തോന്നുന്നുണ്ടോ മുഖം കൂർപ്പിച്ചവൾ എന്നോട് ചോദിച്ചു .
എടി മോതിരം ഞാൻ പണയം വെച്ചതാ, നമ്മുടെ ഹരീഷിന്റെ വണ്ടിടെ സിസി അടയ്ക്കാൻ വേണ്ടി.
എന്നെ ഒത്തിരി സഹായിച്ചിട്ടുള്ളവൻ ആണെടി അവൻ, ഗൾഫിൽ കൊണ്ടുപോയതും അവനല്ലേ എന്നെ.
ഇപ്പൊ ആകെ കടത്തിലാണ് അവൻ,
മുന്നിൽ വന്നു കൈ നീട്ടേണ്ട അവസ്ത്ഥ അവനു വന്നതിൽ എനിക്കൊത്തിരി സങ്കടം ഉണ്ട് പെണ്ണെ.
ഒന്നും ഓർത്തില്ല മോതിരം ഊരികൊടുത്തു.
നിന്നോട് പറയാഞ്ഞത് നീ സങ്കടപ്പെടും എന്നത് കൊണ്ടാണ്.
ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ, അവൾ ഒന്ന് മൂളി.
ഹോ… ..തുറന്നു പറഞ്ഞപ്പോൾ നെഞ്ചിലൊരു ആശ്വാസം.
ഞാൻ പഴയത് പോലെ കിടന്നു.
നേരം വെളുത്തപ്പോൾ എന്റെ നെഞ്ചിൽ തല ചായ്ച്ചു, എന്റെ ചൂടുപറ്റിയവൾ ചേർന്ന് കിടക്കുന്നു .
കിട്ടിയ അവസരമല്ലേ ഞാൻ അങ്ങ് ചേർത്തുപിടിച്ചു.
അപ്പോളവൾ മെല്ലെചോദിച്ചു
എന്നോട് ഉള്ളകാര്യം ഉള്ളത് പോലെ പറയാഞ്ഞിട്ടല്ലേ ദേഷ്യം വന്നത്, പിണങ്ങിയത്. ഇങ്ങനെ ഒരു ഉപകാരം ചെയുമ്പോൾ ഞാൻ വിലക്കും എന്ന് ഓർത്തോ,
ഒരിക്കലും ഞാൻ തടസം നിൽക്കില്ല, നല്ലകാര്യങ്ങൾക്ക്.
അവളുടെ ശബ്ദം ഇടറി.
ഇനി അതുണ്ടാവില്ല പെണ്ണെ നീയാണെ സത്യം.
ഞാൻ അവളുടെ തലയിൽ കൈ വെയ്ക്കാൻ ആഞ്ഞെങ്കിലും അവൾ ആ കൈ എടുത്ത് വീർത്തു വരുന്ന അവളുടെ വയറിൽ ചേർത്ത് പിടിച്ചിട്ട് പറയുവാ..
തേ ഇവിടെ തൊട്ട് സത്യം ചെയ്താൽ മതി.
പെട്ടുപോയല്ലോ എന്ന് തോന്നിയെങ്കിലും ഞാൻ സത്യം ചെയ്തു
എന്ത് കാര്യം ആണെങ്കിലും അവളോട് തുറന്നുപറയുമെന്നു,
ഒന്നും ഒളിച്ചുവെയ്ക്കില്ലന്ന്.
ശുഭം !
(അവസാനിച്ചു)
രചന – ക്രിസ് മരിയ

by