08/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 38

രചന – ആയിഷ അക്ബർ

ഇത്…. ഇത് സ്വപ്‌മനമല്ലല്ലോ…
ഞാൻ വിശ്വസിച്ചോട്ടേ….

അവനിൽ നിന്നും തെല്ലടർന്നു മാറി അവളത് ചോദിക്കുമ്പോഴും കണ്ണുകളിലെ നനവ് തോർന്നിട്ടില്ലായിരുന്നു….

അവൻ അവളുടേ കവിളുകൾ ഇരു കൈകളിലും കോരിയെടുത്തു അവന്റെ ചുണ്ടുകൾ അവളുടേ നനവൂറിയ ചുണ്ടുകൾക്ക് മേൽ പതിപ്പിച്ചു……

ആദ്യ ചുംബനത്തിന്റെ ചൂടിൽ അവളൊന്ന് പിടഞ്ഞു….

അവനടർന്ന് മാറിയപ്പോഴും  ചുണ്ടിൽ തങ്ങളുടെ പ്രണയത്തിന്റെ സ്വാധായിരുന്നു ഊറി നിന്നിരുന്നത്…..

ഒരു കുസൃതി ചിരിയോടെ അവനവളെ നോക്കിയിരിക്കുമ്പോഴും
അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല…..

നാണം കൊണ്ടവളുടെ മിഴികൾ കൂമ്പിയടഞ്ഞിരുന്നു…..

ഞാനും ഈയൊരു നിമിഷം സ്വപ്നത്തിൽ മാത്രമെ കണ്ടിട്ടുള്ളു…
ശെരിക്കും നടക്കുമെന്ന് വിചാരിച്ചിട്ടേയില്ല….

പ്രതീക്ഷിക്കാത്ത സന്തോഷങ്ങൽ നൽകി പടച്ചോൻ വീണ്ടുമെന്നേ അത്ഭുതപ്പെടുത്തിയിരിക്കുന്നു..

അവനൊരു ചിരിയോടെ അത് പറയുമ്പോൾ ആ മിഴികളിലുണ്ടായിരുന്നു ഈ നിമിഷം അവന് നൽകിയ സന്തോഷത്തിന്റെ ആഴം……

അവളിലതൊരു ആനന്ദ മഴയായ് പെയ്തിറങ്ങി…

പിന്നെങ്ങനെയാണ് ഇതെല്ലാം…..
അവളിലും ഊറി നിന്ന ആ സംശയത്തെ അവളവനോട് ചോദിക്കുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു……

സംഭവ ബഹുലമായ ഇന്നലത്തെ രാത്രിയിലേക്കവന്റെ ഓർമ്മകൾ നീങ്ങി….

ഒരിക്കലും മറക്കാൻ പറ്റാത്തൊരു രാത്രി …….

പോകുകയാണെന്നും പറഞ്ഞു വല്യു പ്പയുടെ മുറിയിൽ നിന്നും ഇറങ്ങി പോന്നതും തന്റെ മുറിയിലെത്തി വേഗം അത്യാവശ്യ സാധനങ്ങൾ ബാഗി ലാക്കുന്ന തിരക്കിലായിരുന്നു…..

ബാഗ് ഒരുക്കിയിട്ട് വേണം ഹിമയെ വിളിക്കാനെന്നായിരുന്നു കണക്ക് കൂട്ടിയത് …..

എന്നാൽ അപ്പോഴേക്കും തന്റെ മുറിയുടെ വാതിൽ തുറന്ന് മുമ്പിൽ നിൽക്കുന്ന വല്യു പ്പയെ കണ്ടതും അവൻ ബാഗ് താഴെ വെച്ച് അദ്ദേഹത്തിലേക്ക് നോക്കി…..

നീ പറഞ്ഞത് ശെരിയാ…. അന്ന് ഞാൻ നിന്റെ ഉപ്പയെ ഇറക്കി വീട്ടില്ലായിരുന്നെങ്കിൽ നീ ഇവിടെ വളരേണ്ടതായിരുന്നു…..

അതെന്റെ വാശി കാരണം തന്നെയാ……

എന്തായെന്ന് പോലും ചോദിക്കാതെ അദ്ദേഹത്തെ നോക്കി നിൽക്കുന്ന റാനിയോട് അവരത് പറയുമ്പോൾ ആ വാക്കുകൾ വല്ലാതെ പതിഞ്ഞു പോയത് പോലവന് തോന്നി….

ആഗ്രഹിച്ചു കയ്യിൽ കിട്ടിയ നിന്നെ കണ്ട് കൊതി തീരും മുന്പേ ഇനിയും ആ തെറ്റ് ആവർത്തിക്കാൻ വയ്യെന്ന് തോന്നാ…… പണ്ടത്തെ വീറും വാശിയും ഒന്നും ഇപ്പോഴില്ല ഹാഷി…..

വല്യു പ്പ അതും പറഞ് കലങ്ങിയ കണ്ണുകളോടെ നോക്കുമ്പോൾ അവന്റെ ഉള്ളം വല്ലാതെ നൊന്തു തുടങ്ങിയിരുന്നു…..

അവൻ ആലോചനാക്കിടം കൊടുക്കാതെ അദ്ദേഹത്തിന്റെ തോളിലൂടെ കൈ ചുറ്റി പിടിച്ചു……

കണ്ണുകളിൽ നിന്നും കണ്ണ് നീർ ഇറ്റി വീണു തുടങ്ങിയിരുന്നു ……

സുലൈമാൻ സാഹിബെന്ന ആ മനുഷ്യൻ എല്ലാവർക്കും കാണപ്പെട്ട ദൈവമാണ്…

ആർക്കു മുമ്പിലും തന്റെ ആഡിത്യം വിട്ട് കളിക്കാത്ത ആളാണ്‌….

ആ മനുഷ്യൻ തന്റെ മുമ്പിൽ തോറ്റു നിൽക്കുന്നത് പോലെ കാണുമ്പോൾ അവന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു….

വേണം…. വീറും വാശിയും എല്ലാം വേണം….
പുത്തൻ പുരക്കൽ സുലൈമാൻ സാഹിബിനു അതൊരഴകാണ്….

വല്യു പ്പ എന്റെ മുമ്പിൽ താഴ്ന്നു നിൽക്കുന്നത് കാണുമ്പോൾ എനിക്ക്…. എനിക്ക്…..

അതും പറഞ്ഞവനൊരു പൊട്ടി കരച്ചിലോടെ കട്ടിലിലേക്കിരുന്നു….

ആരാ പറഞ്ഞത് ഞാൻ നിന്റെ മുമ്പിലാണ് തോറ്റു പോയതെന്ന്…..
. അവന്റെ തോളിൽ പിടിച് അദ്ദേഹമത് പറഞ്ഞതും അവൻ മുഖമുയർത്തി അദ്ദേഹത്തെ യൊന്നു നോക്കി…..

ഞാൻ തോറ്റു പോയത് നിന്നോടുള്ള എന്റെ സ്നേഹത്തിനു മുമ്പിലാണ് ഹാഷി……

സ്നേഹത്തിന് മുമ്പിലുള്ള തോൽവികളെപ്പോഴും നമുക്ക് വിജയം മാത്രമേ തരു…..
മരിക്കുവോളം എനിക്ക് നിന്നെ അടുത്ത് കാണാൻ പറ്റുന്നതല്ലേ എനിക്ക് കിട്ടുന്ന വിജയം…..

അതും പറഞ്ഞദ്ദേഹം ഒന്ന് ചിരിച്ചപ്പോൾ റാനിയുടെ മനസ്സും ഒന്ന് തണുത്തിരുന്നു……

എന്നേ മാത്രമല്ല…. എന്റെ മക്കളെയും പേരക്കുട്ടികളെയും കൊഞ്ചിച് ഒരായിരം വർഷം വല്യു പ്പ ഇനിയും എന്റെ കൂടെ വേണം….

അതും പറഞ്ഞവൻ അദ്ദേഹത്തെ കെട്ടി പിടിച്ചപ്പോൾ അദ്ദേഹം നിറഞ്ഞൊന്ന് ചിരിച്ചു…..

പിന്നെ എല്ലാം വല്യു പ്പാന്റെ കണക്ക് കൂട്ടലുകൾ ആയിരുന്നു…..

താഹിറ ഇപ്പൊ ഒന്നും അറിയേണ്ട….
ഏറെ സന്തോഷത്തോടെ നടക്കട്ടെ ഈ നിക്കാഹ്…
ഒരു പക്ഷെ ഇന്നവളതറിഞ്ഞാൽ നിങ്ങള് പിരിയാൻ അത്രയേറെ ആഗ്രഹിക്കുന്ന അവൾ ഇനി മറ്റെന്തെങ്കിലും ചെയ്യുമോയെന്ന് വരെ ഞാൻ ഭയക്കുന്നുണ്ട്….

അത് കൊണ്ട് നാളെ പള്ളിയിലെ ചടങ്ങ് കഴിയും വരെ ആരും ഒന്നും അറിയേണ്ട…..

അത്രയേറെ മുമ്പിലോട്ട് ചിന്തിച് വല്യുപ്പ യത് പറഞ്ഞപ്പോൾ അത് ശെരിയായത് കൊണ്ട് തന്നെ റാനിയുടെ നെഞ്ചോന്ന് വേദനിച്ചു……

ഹാഷി….. നീ ആ കുട്ടീടെ വീട്ടിലോട്ട് വിളിച്ചു താ….
അവിടെ നിന്ന് ആരോടൊക്കെ യാണെന്ന് വെച്ചാൽ വരാൻ പറയാം….
നമ്മുടെ ചടങ്ങിന് അവരും സാക്ഷിയാകണമല്ലോ….

വല്യു പ്പ ആ പറഞ്ഞത് പ്രകാരമാണ് മുത്തശ്ശിക്ക് വിളിച്ചത്…..

വല്യു പ്പ തന്നെ അമ്മാവനെയും അമ്മായിയെയും ക്ഷണിച്ചു…..

അവരുടെ മുഖത്തെ സന്തോഷം ഫോണിലൂടെ തന്നെ തനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നു……

റാനി….. നമ്മളാദ്യം പോകേണ്ടത് പ്രൊഫസർ അബ്ദു റഹീമിന്റെ വീട്ടിലേക്കാണ്……
അവരോട് സംസാരിച്ചു കാര്യങ്ങൾക്കെല്ലാം വ്യക്തത വരുത്തണം…..

വല്യു പ്പ ഗൗരവം കൈ വിടാതെ അത് പറഞ്ഞപ്പോൾ തന്റെ ചിന്തയും ലൈലയിലേക്കെത്തി…..

ഞാൻ…. ഞാൻ ഇപ്പൊ തന്നെ പോകാം വല്യു പ്പാ….

അതും പറഞ് പോകാനൊരുങ്ങിയ തന്നെ വല്യു പ്പ ഒരു കൈ കൊണ്ട് തടഞ്ഞു…..

വേണ്ടാ….. ഞാനും വരാം….

അദ്ദേഹം അത് പറഞ്ഞതും ഒരു ഞെട്ടലോടെ റാനി നോക്കി….

വല്യു പ്പ പുറത്തൊരു വീട്ടിലേക്ക് പോകുക യെന്ന് പറഞ്ഞാൽ വളരേ ചുരുക്കമാണ്…..

അദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിക്ക് പോലും അത്രയേറെ മൂല്യമുണ്ട്….

അദ്ദേഹത്തെ ഒരു വീട്ടിൽ അഥിതിയായി കിട്ടാൻ എല്ലാവരും കൊതിക്കാറുണ്ട്…..

തെറ്റ്…. നമ്മുടെ ഭാഗത്തു കൂടിയുണ്ട്…. തെറ്റ് ചെയ്‌തെന്ന് തോന്നിയാൽ മാപ്പ് പറയേണ്ടത് നമ്മുടെ കടമയാണ്…..

അതും പറഞ് അദ്ദേഹം തലയിലൊരു തലപ്പാവ് കൂടി കെട്ടി പുറത്തെക്കിറങ്ങി….

പുറത്തേക്ക് പോകുമ്പോൾ മാത്രം ധരിക്കാറുള്ള ആ തലപ്പാവിനു ആടിത്യമേറെയാണ്……

ആരും കാണാതെ ആ വീട്ടിൽ നിന്നിറങ്ങാൻ അല്പം പ്രയാസപ്പെട്ടെങ്കിലും ഞങ്ങൾ രണ്ട് പേരും അവിടെ നിന്നിറങ്ങി……

ലൈലയുടെ വീടിന്റെ മുമ്പിലെത്തിയപ്പോൾ തന്നെ പ്രൊഫസർ ഓടി വന്നു……

തന്റെ വീട്ടിലേക്ക് വരുന്ന അതിഥിയെ കണ്ട് ഒരു നിമിഷം അവർ തന്നെ ഒന്ന് അമ്പരന്നിരുന്നു…..

വിളിപ്പിച്ചാൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ…..

വിനയ പൂർവ്വം അദ്ദേഹം പറഞ്ഞു……

അവിടം നിറഞ്ഞു നിന്ന കല്യാണ വീടിന്റെ ഒരുക്കങ്ങൾ കാണുമ്പോൾ റാനിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു…..

ഞാനും നിങ്ങളും അറിയാതെ പറ്റിപ്പോയൊരു തെറ്റിനു മാപ്പ് പറയാനാണ് ഞങ്ങൾ വന്നത്……

സാഹിബിന്റെ മുഖവുരക്ക് തെളിച്ചമില്ലാത്തത് കൊണ്ട് തന്നെ പ്രൊഫസർ സാറിന്റെ മുഖമൊന്നു മങ്ങി……

പറയാൻ… എനിക്ക് പ്രയാസമുണ്ട്….. പക്ഷെ ഇനിയെങ്കിലും അത് പറഞ്ഞെ തീരു….

ഇവന്റെ…. ഇവന്റെ വിവാഹം ഒരു തവണ കഴിഞ്ഞതാണത്രേ…..

സുലൈമാൻ സാഹിബിന്റെ ശബ്ദത്തിൽ ഗൗരവമുണ്ടായിരുന്നെങ്കിലും അവരുടെ മുഖത്ത് നോക്കാൻ അദ്ദേഹത്തിന് പ്രയാസമുള്ളതായി റാനിക്ക് തോന്നി….

ഇതിലേറ്റവും വലിയ തെറ്റ് തന്റെതാണ്…..

ഇതിനു മുൻപ് ഇത് വല്യു പ്പയോട് പറയാനുള്ള ആർജവം താൻ കാണിക്കേണ്ടതായിരുന്നു…

പ്രൊഫസർ സാഹിബിന്റെ വാക്കിലെ ഞെട്ടലിലാണ്….

എന്നിട്ട് ഇതിപ്പോഴാണോ പറയുന്നത്….എന്റെ…. എന്റെ മോളോട് ഞാനെന്ത് പറയും…..
നിങ്ങൾ ഇഷ്ടത്തിലാണെന്ന് പറഞ്ഞല്ലേ……

അതും പറഞ്ഞ് പ്രൊഫസർ റാനിയുടെ നേരെ കയർത്തു….

പണ്ടും എന്നോടുള്ള ഇഷ്ടം അവൾ നിങ്ങളോട് പറഞ്ഞിട്ടുണ്ട്…..
അന്ന് ഒന്നുമില്ലാത്ത റാനിയെ നിങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല….

ഇന്ന് പുത്തൻ പുരക്കലെ അവകാശിയാണെന്നറിഞ്ഞതും നിങ്ങളുടെ ഹൃദയം വിശാലമായി….

മകളുടെ പ്രണയം അംഗീകരിക്കുന്ന പിതാവായി..

റാനി പുച്ഛത്തോടെ അത് പറഞ്ഞതും ശെരിയെന്നുള്ളത് കൊണ്ട് തന്നെ അയാൾ നിശബ്ദനായി……

റാനി മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് പിറകിലായി തങ്ങളുടെ സംസാരങ്ങളെല്ലാം കേട്ടെന്ന പോൽ നിർവികാരയായി നിൽക്കുന്ന ലൈലയെ യാണ്……

ഇനി ഞാൻ ചതിച്ചെന്നാണെങ്കിൽ അവളോട് തന്നെ ചോദിച്ചു നോക്കു….

അവൾക്കെല്ലാം അറിയാമായിരുന്നില്ലേ എന്ന്…….

റാനി ലൈലയെ ചൂണ്ടിയത് പറഞ്ഞതും അയാൾ അവൾക്ക് നേരെ തിരിഞ്ഞു …..

ആണോ…. ശെരിയാണോ ഇവൻ പറയുന്നത്…..

അയാൾ അപ്പോഴേക്കും അല്പം ശാന്തമായിരുന്നു….

ലൈല അൽപ നേരം ഒന്നും മിണ്ടിയില്ല….

അവളുടേ വാക്കിനെന്ന പോൽ എല്ലാവരും കാത്തു നിൽക്കുകയാണ്……

അറിയാ… മായിരുന്നു…..
അവളത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി….

എനിക്കറിയുന്നതിനേക്കാൾ….. അല്ലേ…..

റാനി പുച്ഛത്തോടെ അതും കൂടി ചോദിക്കുമ്പോൾ അവൾ കുറ്റബോധത്താൽ തല താഴ്ത്തി…

പ്രൊഫസർ ഒരു തരം നിർവികാരതയോടെ അങ്ങനെ നിന്നു…..

രണ്ടാം കെട്ടിനോക്കെ നിന്ന് കൊടുക്കാൻ മാത്രം മണ്ടിയായോ എന്റെ മോള്…

അയാൾ അവൾക്ക് നേരെ നിന്നത് ചോദിക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല….

എന്റെ മോള് കൂടി ഇതൊക്കെ അറിഞ്ഞു കൊണ്ടാണെങ്കിൽ മാപ്പ് ചോദിക്കേണ്ട കടമ എനിക്കുമുണ്ട്….

അയാൾ അതും പറഞ്ഞു വല്യു പ്പാക്ക് നേരെ തിരിഞ്ഞു….

ഇനി ഇരിക്കുന്നില്ല….. ഞങ്ങളിറങ്ങുവാണ്….

അതും പറഞ് വല്യു പ്പ എഴുന്നേറ്റു…..

എന്നും ഞാൻ പറയാറുള്ളത് പോലെ തന്നെ നീയെനിക്ക് ഏറ്റവും നല്ല സുഹൃത്താണ് ലൈലാ…..

അതിനിടക്ക് നീ കാമുകിയാകേണ്ടിയിരുന്നില്ല….

ലൈലയുടെ അടുത്ത് നിന്നത് പറയുമ്പോൾ റാനിയുടെ ഉള്ളു നീറുന്നുണ്ടായിരുന്നു….

ലൈല തുടക്കും തോറും മിഴി നീർ ശക്തിയായി പ്രവഹിച്ചു കൊണ്ടിരുന്നു…..

നാളത്തെ എന്റെ വിവാഹത്തിൽ എന്റെ ഏറ്റവും നല്ല സുഹൃത്തായി നീയുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്….
അതിൽ തെറ്റില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ നീ വരാതിരിക്കരുത്…..

അവന്നതും പറഞ് അവിടെ നിന്നും പടിയിറങ്ങുമ്പോൾ ലൈല താഴെക്കൂർന്നു പോയി….

കൈ വെള്ളയിൽ നിന്നാണ് തന്റെ മാണിക്യം ഒലിച്ചു പോയത്….

നഷ്ട ബോധത്താൽ അവളുടേ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു…..

എന്നിട്ടും അവള് വന്നു…. അല്ലേ…..

റാനി ബാക്കി വെച്ചിടത് നിന്ന് ഹിമ ചോദിച്ചതും അവൻ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി…..

(തുടരും