രചന – നന്ദ നന്ദിത
കാത്തിരിപ്പിന് ശമനമെന്ന പോലെ ബാലന്റെ ബൈക്ക് കോളേജ് ഗേറ്റ് കടന്ന് വരുന്നത് സാന്ദ്ര നോക്കി നിന്നു. പാർക്കിങ്ങിലേക്ക് ബൈക്ക് വച്ച് തിരികെ നടക്കാൻ തുടങ്ങിയപ്പോഴേക്കും സാന്ദ്ര ബാലന്റെ അടുത്തേക്ക് ഓടിയെത്തി… “എന്റെ ബാലൻ മാഷേ എവിടാരുന്നു രണ്ട് ദിവസം…??” “എനിക്ക് ശരിക്കും വിഷമം ആയിട്ടോ….!!” “ഹാ… അതിനു താൻ എന്തിനാ വിഷമിക്കണേ…?” “മതിട്ടോ… ഇനിയും ഈ ഗൗരവം ഒന്നും വേണ്ട… ഇനിയെങ്കിലും എന്നോട് കുറച്ചു സന്തോഷത്തോടെ സംസാരിച്ചൂടെ…? ഒക്കെ ഞാനറിഞ്ഞു…!!” “എന്ത്..?? ബാലൻ അവളോട് തിരക്കി… “ബാലൻ സാർ കല്യാണലോചിച്ച് വീട്ടിൽ ചെന്നതൊക്കെ…” “ഹാ അതാണോ…?” “കേൾക്കുന്നതൊക്കെ ഇങ്ങനെ വളച്ചൊടിച്ചു പറയണ എന്തിനാ സാന്ദ്രേ…? ന്റെ അനിയൻ ഉണ്ണിയും വർഷയുമായ് അടുപ്പത്തിലാണ്. ഇന്നലെ വീട്ടിൽ ചെന്നപ്പോഴാ സാന്ദ്രയുടെ വീട്ടിലാണ് ചെന്നതെന്ന് ഞാൻ അറിഞ്ഞത്…” ബാലൻ പറയുന്ന കേട്ട് സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
“സ…ർ… സർ അപ്പൊ ന… നമ്മുടെ കാര്യം പറയാൻ അല്ലേ വീ… വീട്ടിൽ പോയത്…??” “നമ്മുടെ കാര്യോം… താൻ ഇതെന്തൊക്കെയാ സാന്ദ്രേ പറയണേ…?? തന്നോടിങ്ങനെ ഒക്കെ ആരാ പറഞ്ഞെ…?? ഞൻ പറഞ്ഞില്ലേ…?? ഞങൾ ഇന്നലെ അവിടെ പോയിന്നുള്ളത് നേരാ… പക്ഷെ അത് ന്റെ അനിയന് വേണ്ടി തന്റെ ചേച്ചിയെ ആലോചിക്കാൻ ആയിരുന്നു… അത് മാത്രല്ല… തന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ…സാന്ദ്രയോട് എനിക്ക് മറ്റൊന്നും ഇല്ലെന്ന്…?? ഇനിയും ഇത് പറഞ്ഞെന്റെ പുറകെ വരേണ്ടതില്ല… കേട്ടല്ലോ…!!” “ഇല്ല… ഇല്ല… സർ… സർ വെറുതെ പറയാ… എന്നേ കളിപ്പിക്കാൻ… എനിക്ക് അറിയാ….” അവളുടെ ഭാവത്തിൽ ചെറിയ മാറ്റം വന്നതായി ബാലന് തോന്നി… അവൾ പതിയെ പിച്ചും പേയും പറഞ്ഞു കൊണ്ട് തിരിഞ്ഞു…
തൂണിലേക്ക് മുറുകെ പിടിച്ചു… “എന്നെ കളിപ്പിക്യ… എനിക്ക് അറിയാ… എനിക്ക് അറിയാ… എന്നേ ഇഷ്ടം ആന്നെന്നു…” അവളുടെ വാക്കുകൾ കേട്ടതും… ബാലൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു… പതിയെ അവളുടെ തോളിലേക്ക് കൈവെച്ചു… “സാന്ദ്ര…!!” പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു. “സാന്ദ്ര…എന്ത്പറ്റി തനിക്ക്… Are u alright…??” “ഹാ… അതെ… അതെ…” അവൾ യന്ത്രികമായി തല ചലിപ്പിച്ചു. “സർ… സാറിനു… എന്നേ… എന്നേ ഇഷ്ടം അല്ലേ…??വീട്ടിൽ പോയത് നമ്മുടെ കാര്യം സംസാരിക്കാൻ അല്ലേ…??എനിക്ക്…എനിക്ക് സർപ്രൈസ് തരാൻ… സർപ്രൈസ് തരാനല്ലേ ഇങ്ങനെ ഒക്കെ പറയുന്നേ…??അതെന്ന് എനിക്ക് അറിയാം… അറിയാം…” “എടോ… താൻ ഇതെന്താ ഇങ്ങനെ ഒക്കെ …?? തനിക്കെന്താ എത്ര പറഞ്ഞാലും മനസ്സിലാവാത്ത പോലെ പെരുമാറണേ…??എത്രയൊക്കെ പറഞ്ഞിട്ടും തനിക്ക് മനസ്സിലാവില്ലെങ്കിൽ ഒരു കാര്യം ഞാൻ പറയാം…
എനിക്ക്… എനിക്ക് മറ്റൊരു കുട്ട്യേ ഇഷ്ടാണ്….!!” “നോ….!!!” സാന്ദ്രയുടെ അലർച്ചയിൽ ഒരു നിമിഷം ബാലനും നടുങ്ങി… “നോ… ഞാൻ ഇത് വിശ്വസിക്കില്ല….!!വിശ്വസിക്കില്ല…!!സർ… സർ എന്റെയാ… എന്റെ… വിട്ടുകൊടുക്കില്ല…!!വിട്ടുകൊടുക്കില്ല… ഞാൻ ആർക്കും…!!എനിക്ക്… എനിക്ക് വേണം… സർ… സർ എന്നേ വഴക്ക് പറഞ്ഞോളൂ… പക്ഷെ… പക്ഷെ എന്നേ വേണ്ടെന്ന് പറയല്ലേ… പ്ലീസ്… പ്ലീസ് സർ…” അവൾ ബാലന്റെ കാലിലേക്ക് വീണു… “ഹേയ്… സാന്ദ്ര… താൻ… താൻ ഇതെന്താ കാണിക്കണേ…??” ബാലൻ വേഗം മുട്ടുകുത്തി ഇരുന്നു… അവളുടെ തോളിൽ പിടിച്ചു… അപ്പോഴേക്കും സാന്ദ്ര ബാലന്റെ കയ്യിലേക്ക് തളർന്നു വീണിട്ടുണ്ടായിരുന്നു…
“എന്താ ശെരിക്കും ഉണ്ടായേ ബാലൻ സാറേ…??” ശാരി ടീച്ചറുടെ ചോദ്യം കേട്ട്, ബാലൻ തല ഉയർത്തി… തന്നേ തന്നേ നോക്കി ഇരിക്കുന്ന ശാരി ടീച്ചറിനെയും, സുരേഷ് സാർനെയും ബാലൻ മാറി മാറി നോക്കി… “എനിക്കറിയില്ല ടീച്ചറെ… ആ കുട്ടി…” പറഞ്ഞു മുഴുവിപ്പിക്കും മുന്നേ…ഡോർ തുറന്ന് നേഴ്സ് പുറത്തേക്ക് വന്നു. “സാന്ദ്രയുടെ കൂടെ വന്നത് ആരാ…?” ബാലൻ വേഗം ചാടി എഴുന്നേറ്റു… പുറകെ ശാരി ടീച്ചറും, സുരേഷ് സാറും… “ഞങ്ങളാ…” “ആരെങ്കിലും ഒരാൾ അകത്തേക്ക് വരൂ… ഡോക്ടർ വിളിക്കുന്നുണ്ട്…” അതും പറഞ്ഞു സിസ്റ്റർ തിരികെ പോയി. “ബാലൻ സർ ചെല്ലൂ…” സുരേഷ് സർന്റെ വാക്കുകളെ ശരിവെച്ചു ബാലൻ ഡോർ തുറന്ന് അകത്തേക്ക് കയറി.. “ഡോക്ടർ…” “Please sitdown mr…??” “Balachandran…!!” “Ok.. Mr. Balachandran താങ്കൾ ആ കുട്ടിയുടെ ആരാണ്…?”
“അധ്യാപകൻ ആണ്… കോളേജിൽ വെച്ചാണ്… പെട്ടന്ന് വയ്യാതെ ആയത്… പേരെന്റ്സ് നെ വിവരം അറിയിച്ചിട്ടുണ്ട്… അവർ ഓൺ ദി വേ ആണ്… സർ… സാന്ദ്രക്ക്…?? സാന്ദ്രക്ക് ഇപ്പോ എങ്ങിനെ ഉണ്ട്…??” “ഇപ്പോ… കുഴപ്പൊന്നും ഇല്ല mr. ബാലൻചന്ദ്രൻ…ഒരു സടേഷൻ കൊടുത്തിട്ടുണ്ട്… അതിന്റെ മയക്കത്തിൽ ആണ്…” “പിന്നെ… ആ കുട്ടിക്ക് എന്തേലും പ്രശനം ഉള്ളതായി അറിയാമോ…?” “എന്താണ് സർ… അങ്ങിനെ എന്തെങ്കിലും ഉള്ളതായി എനിക്ക് അറിയില്ല…!!എന്താ ഡോക്ടർ…?? എന്തെങ്കിലും കുഴപ്പം ഉണ്ടോ…??” “ആ കുട്ടി മെന്റലി അത്ര സ്റ്റേബിൾ അല്ലെന്ന് തോന്നുന്നു…” “Hey… No…Never…doctor…!!ആ കുട്ടിക്ക് അങ്ങിനെ…??” “എനിക്ക് അങ്ങിനെ തോന്നി… എന്തായാലും വിശദമായൊരു ചെക്കപ്പ് കഴിഞ്ഞേ പറയാൻ പറ്റു… പിന്നെ.. ആ കുട്ടിടെ പേരെന്റ്സ് വരട്ടെ… എന്നിട്ട് ബാക്കി നോക്കാം…” “ഓക്കേ…താങ്ക്സ് ഡോക്ടർ…” ബാലൻ അതും പറഞ്ഞു…റൂമിനു വെളിയിൽ ഇറങ്ങി..
“ബാല… ന്റെ മോൾക്ക്…??” വിഷമത്തോടെ വെപ്രാളപ്പെട്ട് ഓടി വന്നു വാസുദേവൻ ചോദിച്ചു… തൊട്ടു പുറകെ കരഞ്ഞു കൊണ്ട് മീരയും വർഷയും ഉണ്ടായിരുന്നു… “സാന്ദ്രക്ക് കുഴപ്പൊന്നും ഇല്യ… ചെറിയൊരു തല കറക്കം… അത്രേ ഒള്ളൂ…ഇപ്പോ ചെറിയൊരു സെടഷനിൽ ആണ്… ഡോക്ടറെ പോയി കണ്ടോളു…” ബാലൻ വാസുദേവന്റെ കൈകളിൽ പിടിച്ചു സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. “ബാലേട്ടാ… ന്റെ സാന്ദ്രമോള്…!!” “സാന്ദ്രക്ക് ഒന്നുല്ല വർഷാ… നിങ്ങൾ പോയി ഡോക്ടറെ കണ്ടിട്ട് വരൂ…” അത് കേട്ടതും അവർ ഡോക്ടറിന്റെ റൂമിലേക്ക് പോയി… “സാർന്… ഇവരൊക്കെ അറിയുവോ…?? നേരത്തെ…??” സുരേഷ് സർ ന്റെ ചോദ്യം കേട്ട് ബാലൻ ഒന്ന് മൂളി… “ആ കുട്ടീടെ പേരെന്റ്സ് വന്നില്ലേ… ഇനി ഇപ്പോ സാറും ടീച്ചറും പൊക്കോളൂ… ക്ലാസ്സ് ഉള്ളതല്ലേ…?? ഞാൻ ഇവിടെ നിൽക്കാം…” “ആ… എങ്കിൽ അങ്ങിനെ ആവട്ടെ… എന്തെങ്കിലും ഉണ്ടേൽ വിളിക്കണേ ബാലൻ സർ…നമുക്ക് എങ്കിൽ ഇറങ്ങാം ടീച്ചറെ…” അതും പറഞ്ഞു സുരേഷ് സാറും ടീച്ചറും മടങ്ങി പോയി.
“മോളെ… സാന്ദ്ര മോളെ… ന്താ ന്റെ മോൾക്ക് പറ്റിയെ…??” മീര സാന്ദ്രക്ക് അരികിൽ കണ്ണീരോടെ ഇരുന്നു. “അമ്മ വിഷമിക്കല്ലേ… അച്ഛൻ ഡോക്ടറെ കാണാൻ പോയേക്കുവല്ലേ…?? അവൾക്ക് ഒന്നും ഉണ്ടാവില്ല… അമ്മ കരയാതെ…” വർഷ മീരക്കരികിൽ, ഇരുന്നു… അല്പസമയത്തിന് ശേഷം, വാസുദേവൻ അവർക്കരികിലേക്ക് വന്നു… “ഏട്ടാ…ന്താ എന്റെ മോൾക്ക് പറ്റിയെ…?? ഡോക്ടർ എന്താ പറഞ്ഞെ…??എന്താ ഏട്ടാ…?? എന്താ ഒന്നും മിണ്ടാത്തെ…??” “താൻ വെറുതെ വിഷമിക്കല്ലേ മീരേ… അവൾക്ക് ക്കു, കുഴപ്പൊന്നും ഇല്ല… ചെറിയൊരു തലകറക്കം… അല്ലാതെ ഒന്നുല്ല…” വാസുദേവൻ മീരയെ ചേർത്ത് പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “ബാലൻ സർ… സർ…” സാന്ദ്രയുടെ ചെറിയ ഞെരുക്കം കേട്ട്… വാസുദേവനും, മീരയും അവളുടെ അരികിലേക്ക് ചെന്നു.
“മോളെ… സാന്ദ്ര മോളെ…” മീര അവളുടെ നെറ്റിയിൽ മൃദുവായി തലോടി.. “സർ… ബാലൻ സർ… സർ എവിടെ…?” അവൾ ആയാസപ്പെട്ട് പറഞ്ഞൊപ്പിച്ചു. “സർ പുറത്തുണ്ട്… ന്റെ മോള് വിഷമിക്കണ്ടാട്ടോ…” വാസുദേവൻ അവളുടെ കയ്യിൽ പതിയെ പിടിച്ചു കൊണ്ട് പറഞ്ഞു. അല്പ സമയത്തിന് ശേഷം… എന്തോ ഓർത്തു കൊണ്ട് വാസുദേവൻ പുറത്തേക് ഇറങ്ങി… പുറത്ത് കസേരയിൽ ബാലൻ ഇരിക്കുന്നുണ്ടായിയുന്നു… വാസുദേവനെ കണ്ടതും ബാലൻ വേഗം എഴുന്നേറ്റു.. “സാന്ദ്ര… സാന്ദ്രക്ക് എങ്ങിനെ ഉണ്ട് സർ…??” “ബോധം വന്നിട്ടുണ്ട്… രണ്ട് ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടറെ പറഞ്ഞത്…” “മ്മ്…” “ബാല… വിരോധം ഇല്ലെങ്കിൽ നമുക്ക് ഒന്ന് പുറത്ത് പോകാം…?” “പോകാലോ സർ…” ബാലനും വാസുദേവനും ആശുപത്രിയിൽ നിന്ന് വെളിയിൽ ഇറങ്ങി.. വാസുദേവൻ പാർക്കിങ്ങിൽ നിന്ന് കാർ മുന്നോട്ട് എടുത്തു… ബാലന്റെ മുന്നിൽ കൊണ്ടു നിർത്തി.
ബാലൻ വേഗം വണ്ടിയിൽ കയറി… വാസുദേവൻ അതിവേഗം കാർ എടുത്തു… പോകുന്ന വഴിക്ക് ഒരിക്കൽ പോലും വാസുദേവൻ ഒന്നും മിണ്ടിയില്ല… ബാലൻ എന്താ സർ..എന്ന് ചോദിക്കണമെന്ന് ഉണ്ടായെങ്കിലും…ബാലൻ മൗനം പാലിച്ചു… കുറച്ചു സമയത്തിന് ശേഷം, ആളൊഴിഞ്ഞ ഒരു സ്ഥലത്ത്… വാസുദേവൻ വണ്ടി ഒതുക്കി… പതിയെ കാറിൽ നിന്ന് പുറത്തിറങ്ങി… പുറകെ ബാലനും… വാസുദേവൻ പോക്കറ്റിൽ നിന്നൊരു സിഗറേറ്റ് എടുത്ത് കത്തിച്ചു ചുണ്ടിൽ വെച്ചു…അത് വലിച്ചു തീരുന്നത് വരെ മറ്റൊന്നും രണ്ടുപേരും മിണ്ടിയില്ല… “സോറി… സോറി ബാല… ടെൻഷൻ.. ടെൻഷൻ വരുമ്പോൾ മാത്രം ഒന്ന് വലിക്കും… തനിക്ക് ബുദ്ധിമുട്ടായോ…??” വാസുദേവന്റെ ചോദ്യം കേട്ട് ബാലൻ ഇല്ലെന്ന് തലയാട്ടി… “ന്താ ബാല ന്റെ മോൾക്ക് പറ്റിത്…??എന്താ കോളേജിൽ ഉണ്ടായത്…?” അയാളുടെ ചോദ്യം കേട്ട്… ബാലൻ പതിയെ തിരിഞ്ഞു നിന്നു… അത് കണ്ട് വാസുദേവൻ ബാലന്റെ ഒപ്പം വന്നു നിന്നു.
“ന്റെ മോള്… കണ്ണ് തുറന്നതും, അന്വേക്ഷിച്ചത് ബാലൻ സർ നെ ആണ്… എന്താ… എന്താ നിങ്ങൾ തമ്മിൽ…?? എന്താ എന്റെ മോൾക്ക് പറ്റിത്…?? ഡോക്ടർ പറഞ്ഞത് താങ്ങാൻ കഴിയാത്ത എന്തോ ഒരു ഷോക്ക് ന്റെ മോൾക്ക് ഉണ്ടായി എന്നാ… പറ… പറ ബാല… എന്താ ന്റെ മോൾക്ക് പറ്റിത്…??” “സർ… ഞാനും സാന്ദ്രയും തമ്മിൽ ഒരു ടീച്ചർ – സ്റ്റുഡന്റ് റിലേഷൻഷിപ്പിൽ കൂടുതൽ ഒന്നൂല്യ… ഞാൻ അവളെ പഠിപ്പിക്കുന്ന കുട്ടി എന്നതിനപ്പുറം മറ്റൊരു രീതിയിലും കണ്ടിട്ടില്യ… പക്ഷെ… സാന്ദ്ര…!!സാന്ദ്ര എന്നേ കണ്ടത്…!!” ബാലൻ മുഴുവപ്പിക്കാതെ ദൂരേക്ക് നോക്കി നിന്നു. “മ്മ്… ന്റെ മോൾടെ മനസ്സിൽ ബാലൻ സർ ന് മറ്റൊരു സ്ഥാനം കൊടുക്കുന്നുണ്ടെന്ന് അവളുടെ പലപ്പോഴുള്ള സംസാരത്തിൽ നിന്നും എനിക്ക് തോന്നിയിരുന്നു… പക്ഷെ… ന്റെ മോളെ തളർത്തി കളയാൻ മാത്രം ശക്തിയുണ്ട് അതിനെന്നു ഇപ്പോഴാണ് ഞാൻ അറിഞ്ഞത്…” “സർ… ഞാൻ… ഞാൻ ഒന്നും…!!” “അറിയാം ബാല…താൻ അറിഞ്ഞു കൊണ്ടല്ല എന്ന് എനിക്ക് അറിയാം…
എന്റെ മോളെ എനിക്ക് നന്നായി അറിയാം… പക്ഷെ പൂർണമായി അവളെ മാത്രം കുറ്റം പറയാൻ എനിക്ക് സാധിക്കില്ല… ബാലന് അറിയുവോ… ഒരിക്കൽ മനസ്സിന്റെ താളം തെറ്റിയതാ ന്റെ മോൾക്ക്…!!” “സർ…!!” ബാലൻ ഒരു ഞെട്ടലോടെ വാസുദേവനെ നോക്കി. “അതെ ബാല… ന്റെ മോൾക്ക്…!!!” അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീരോഴുകി… ബാലൻ അയാളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം തോളിൽ പിടിച്ചു. “എനിക്ക്…മൂന്ന് മക്കൾ ഉണ്ടായിരുന്നു… വർഷ,വൈഷ്ണവി, സാന്ദ്ര…!! വർഷയും വൈഷ്ണവി മോളും ഇരട്ടകൾ ആയിരുന്നു…നിമിഷങ്ങളുടെ വത്യാസത്തിൽ.. ഒരേ മുഖത്തോടെ ജനിച്ച ന്റെ പൊന്ന് മക്കൾ… അവർക്ക് മൂന്നു വയസാകാറായപ്പോഴാ സാന്ദ്രമോള് ജനിക്കണേ…ചേച്ചിമാരെന്ന് ആയിട്ടല്ല… സാന്ദ്രമോളെ അവര് നോക്കിത്… ന്നേം മീരേക്കാൾ അടുപ്പവും സ്നേഹവും ഒകെ അവർ തമ്മിൽ ആയിരുന്നു…
സാന്ദ്ര ഏഴിൽ പഠിക്കാണ സമയത്ത് ആയിരുന്നു… ഒരു ദിവസം… വൈഷണവി മോളും സാന്ദ്രയും ബാൽക്കണിയിൽ നിൽക്കുവായിരുന്നു… എന്തോ പറഞ്ഞു വഴക്കിട്ടപ്പോ… ന്റെ കുഞ്ഞ് അറിയാതെ ചേച്ചിയെ പിടിച്ചു തള്ളി…പെട്ടന്നുള്ള സാന്ദ്രയുടെ പ്രവർത്തിയിൽ വൈഷ്ണവിക്ക് ബാലൻസ് കിട്ടിലാ… താഴേക്ക് വീണ ന്റെ മോള് പിന്നെ…!! അതോടെ എനിക്ക് നഷ്ടയത് ന്റെ സാന്ദ്രമോളെ കൂടെയാണ്… ചേച്ചി ടെ മരണത്തിനു കാരണമായതു അവളുടെ മനസ്സിൽ വല്ലാത്ത ആഘാതം സൃഷ്ടിച്ചു… പിന്നീട് ന്റെ മോള് ആകെ മാറി… ആരോടും മിണ്ടാത്തെ ആയി… ചിലപ്പോൾ… പൊട്ടി കരയും… മറ്റു ചിലപ്പോൾ തന്നോട് തന്നേ അവൾ പ്രതികാരം ചെയ്യാൻ… സ്വയം മരിക്കാൻ നോക്കും… ഒടുവിൽ… ഒത്തിരി നാളത്തെ ട്രീറ്റ്‌മെന്റിനു ശേഷ ഈ കാണുന്ന സാന്ദ്ര ആയത്…. ഇന്ന്… ഒരുപാടുനാളുകൾക്ക് ശേഷം… വീണ്ടും ആ പഴയ അവസ്ഥയിലേക്ക് ന്റെ മോള്…!!അത്രയും വലിയൊരു ഷോക്ക് ഉണ്ടാവാൻ എന്താ… എന്താ ബാല കാര്യം…?? എന്താ എന്റെ മോൾക്ക് പറ്റിത്…?? ” വാസുദേവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്താ പറയേണ്ടതെന്ന് അറിയാതെ ബാലൻ നിന്നു..
“സർ… ഞാൻ…. എനിക്ക് ഒന്നും അറിയില്ലായിരുന്നു… സാന്ദ്ര പലപ്പോഴും എന്നോട് ഇഷ്ടമാന്നെന്ന് പറഞ്ഞു ന്റെ മുന്നിൽ വരുമായിരുന്നു… ഓരോ തവണയും ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു… പക്ഷെ… ഒരു വാശി പോലെ ആയിരുന്നു അവൾക്ക്… ഒടുവിൽ… ഒടുവിൽ ഇന്നും വന്നു പഴയ വാക്കുകൾ ആവർത്തിച്ചപ്പോൾ… എനിക്ക് ദേഷ്യം വന്നു… എനിക്ക് മറ്റൊരു കുട്ട്യേ ഇഷ്ടാണെന്ന് പറയേണ്ടി വന്നു… അപ്പോഴേക്കും അവള്….!!” ബാലൻ വാസുദേവന്റെ മുന്നിൽ തല കുനിച്ചു നിന്നു. പക്ഷെ… ഇത്രക്കും അവളെന്നെ സ്നേഹിച്ചിരുന്നോ…?? ബാലന്റെ ഉള്ളിൽ ആ ചോദ്യം അലയടിച്ചു കൊണ്ടിരുന്നു… ഒന്നും മിണ്ടാത്തെ… രണ്ടുപേരും കുറെ നേരം നിന്നു… മൗനത്തിന് ഭംഗം വരുത്തി കൊണ്ട് വാസുദേവൻ ബാലനെ വിളിച്ചു…
“ബാല…ഞാൻ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…?? ന്റെ മോൾക്ക് അവളുടെ… അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തൂടെ…??” വാസുദേവന്റെ ചോദ്യം കേട്ട്… ബാലൻ ഒരു നിമിഷം അമ്പരന്ന് നിന്നു…. “എനിക്ക്… ഒരു എതിർപ്പും ഇല്ല… ഞാൻ ബാലന്റെ വീട്ടിൽ വന്നു സംസാരിക്കാം… ബാലന് സമ്മതമാണെങ്കിൽ… ന്റെ മോൾടെ ആഗ്രഹം നടത്തി കൊടുത്തൂടെ നമുക്ക്…?? അവളെ പഴയതു പോലെ… ന്റെ സാന്ദ്രമോളായി എനിക്ക് വേണം… അതിനു ബാലനെ കഴിയു… ഞൻ… ഞാൻ ബലാനോടെ ന്റെ മോൾക്ക് വേണ്ടി അപേക്ഷിക്കുവാണ്…” അയാൾ ബാലന്റെ മുന്നിൽ കൈകൂപ്പി… “എന്താ സർ ഇത്…??” ബാലൻ വേഗം അയാളുടെ തൊഴുകൈകൾ വീടിപ്പിച്ചു… “സാന്ദ്രയുടെ ഇപ്പോഴത്തെ അവസ്ഥക്ക് അറിഞ്ഞോ അറിയാതെയോ ഞാൻ ആണ് കാരണം… ശരിയാണ്… അവളെ പറ്റിയോ… അവളുടെ അവസ്ഥയെ പറ്റിയോ… അവളുടെ സ്നേഹത്തിന്റെ ആഴമോ ഒന്നും… ഒന്നും എനിക്ക് അറിയില്ലായിരുന്നു….എന്റെ വാക്കുകൾ അവളുടെ മനസ്സിനെ ഇത്രയധികം ആഴത്തിൽ മുറിപ്പെടുത്തിയെന്നും എനിക്ക് അറിയില്ലായിരുന്നു…
അതെന്റെ തെറ്റാണു… ഞൻ സമ്മതിക്കുന്നു… പക്ഷെ…പക്ഷെ… ഇപ്പോ സർ പറഞ്ഞത്… കഴിയില്ല… കഴിയില്ല സർ എനിക്ക്… ന്നോട് ക്ഷമിക്കണം… നാളെ കഴിഞ്ഞാൽ ന്റെ വിവാഹാ… ഒന്നും അറിയാത്തൊരു പാവം ന്റെ വീട്ടിലുണ്ട്…ആരോരും ഇല്ലാത്തൊരു അനാഥപെണ്ണ്… ന്റെ ഭാര്യ ആവണത് സ്വപനം കണ്ട് കഴിയണ അവളെ… അവളെ മറക്കാൻ എനിക്കാവില്ല…!!” സർ എന്നോട് ക്ഷമിക്കണം…!!” അത്രയും പറഞ്ഞു കൊണ്ട്… ബാലൻ വാസുദേവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ… റോഡിലൂടെ പോയ ഓട്ടോയിക്ക് കൈ കാട്ടി അതിൽ കയറി പോയി… * “ന്താ ബാലേട്ടാ… ഇങ്ങനെ ഇരിക്കണേ…?? കോളേജിന്ന് വന്നപ്പോ മുതൽ മുറിയിൽ ഇരിക്കുവാണല്ലോ…ചായയും കുടിച്ചില്യ…ഇത്ര നേരായിട്ട് ഒന്നും കഴിച്ചു പോലുല്ലല്ലോ… വാ… ഞാൻ ഏട്ടന് ഇഷ്ടോള്ള ഇലയിട ഇണ്ടാക്കിട്ടുണ്ട്…വന്നേ…” “നിക്ക് വേണ്ട ഗൗരി…താൻ താഴേക്ക് പൊയ്ക്കോ… ഞൻ പിന്നീട് വരാം…” “ഇല്യാ… അങ്ങനിപ്പോ ഗൗരി പോണില്യ… ന്തേ… എന്താ ഉണ്ടായെന്നു പറ ഏട്ടാ…?? ന്താ ന്റെ ബാലേട്ടന് പറ്റ്യേ…?ന്തേലും വയ്യായ്ക ഉണ്ടോ…??” ഗൗരി വേഗം ബാലൻറെ നെറ്റിയിലേക്ക് കൈവെച്ചു…
“പനി ഒന്നും ഇല്യാലോ… പിന്നെ എന്താ… ന്താ പറ്റ്യേ…??” “നീ ഒന്ന് പോണുണ്ടോ ഗൗരി… ശല്യം…!!ഞൻ പറഞ്ഞില്ലേ ഒന്നൂല്യാന്ന്… പിന്നെ എന്താ നിനക്ക് പറഞ്ഞാൽ മനസ്സിലാവാത്തെ…??” പെട്ടന്നുള്ള ബാലന്റെ വാക്കുകൾ കേട്ട്… ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് താഴേക്ക് പോയി. * “എന്നേ വിട്… എനിക്ക് സർ നെ കാണണം… എന്നേ വിട്… സർ എന്റെയാ… സർ വെറുതെ പറഞ്ഞതാ… വെറുതെ പറഞ്ഞതാ… ന്നെ പറ്റിക്കാൻ…!!” സാന്ദ്ര അലറി കരഞ്ഞു കൊണ്ടിരുന്നു… വർഷയും, മീരയും അവളെ രണ്ട് കയ്യിലുമായി മുറുകേ പിടിച്ചു… പെട്ടന്ന് തന്നേ ഡോക്ടർ സെടേഷൻ കൊടുത്തു… പതിയെ അവളുടെ കരച്ചിൽ ഒരു നേർത്ത ശബ്ദമായി പുറത്തേക്ക് വന്നു… പതിയെ… അവൾ മയക്കത്തിലേക്ക് വഴുതി വീണു… മീര കണ്ണീരോടെ… അവളുടെ അടുത്തേക്ക് ഇരുന്നു… അപ്പോഴേക്കും വാസുദേവൻ മുറിക്കുള്ളിലേക്ക് വന്നു.. മീര അയാളുടെ അരികിലേക്ക് ഓടി ചെന്നു…
“എന്താ… എന്താ കുഞ്ഞിന് പറ്റിത്…?? ന്റെ മോളിപ്പോ പഴയപോലെ ആയതിനെന്താ കാരണം…?? പറ… ഏട്ടാ…ബാലൻ സർ അവളുടെ ആരാ…?? പറ…!!” അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് അവർ കരഞ്ഞു… അല്പനേരത്തിനു ശേഷം മീര ശാന്തമായെന്ന് തോന്നിയ നിമിഷം… വാസുദേവൻ പതിയെ അവരെ കസേരയിലേക്ക് ഇരുത്തി… നടന്നതെല്ലാം അവരോടായി.. പറഞ്ഞു… എല്ലാം കേട്ടതിനു ശേഷം എന്ത് ചെയ്യണം എന്നറിയാതെ അവർ ഇരുന്നു… “നീ വിഷമിക്കാതെ മീരേ… നമ്മുടെ മോൾക്ക് ഒന്നും വരില്ല… നാളെ ഒരിടം വരെ എനിക്ക് പോകണം… ഒരാളെ കാണണം…” അതും പറഞ്ഞയാൾ വെളിയിലേക്ക് പോയി… * “നീ… എവിടേക്കാ ബാല… രാവിലെ തന്നേ… ഇന്ന് കോളേജ് ഇല്യാലോ…??നാളെ ആ വിവാഹം അത് മറക്കണ്ട…!!ആരേം വിളിക്കണില്യാന്ന് കരുതി… ഒരുക്കങ്ങൾ ഒക്കെ വേണ്ട രീതില് വേണ്ടാന്നുണ്ടോ…??” “ഞാൻ… ഞൻ വേഗം വരും അച്ഛാ… ഒരത്യാവിശം എണ്ട്… ഞാൻ ഉടനെ വരും…!!” അതും പറഞ്ഞു ബാലൻ വണ്ടിയുമെടുത്തു പുറത്തേക്ക് പോയി.
“ബാലേട്ടാ… ബാലേട്ടാ…” ഗൗരി വിളിച്ചോണ്ട് ഉമ്മറത്തേക്ക് വന്നപ്പോഴേക്കും ബാലൻ പോയിരുന്നു… “ന്താ കുട്ട്യേ…? ബാലൻ പോയിലോ…” “ബാലേട്ടൻ എവിടേക്കാ പോയെന്ന് പറഞ്ഞോ അച്ഛാ…” “ഇല്ല മോളെ… എളുപ്പം വരാന്ന് പറഞ്ഞു… എന്തേ… കുട്ട്യേ.. നിന്നോടെ പറഞ്ഞില്യേ…??” “ഇല്ല അച്ഛാ…” അതും പറഞ്ഞു ഗൗരി അകത്തേക്ക് പോയി… ബാലൻ തിരികെ വരുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു… വന്നപാടെ ഒന്നും മിണ്ടാത്തെ കട്ടിലിൽ കേറി കിടന്നു… അല്പ സമയത്തിന് ശേഷം ഗൗരി ബാലനടുത്തേക്ക് വന്നു… “ബാലേട്ടാ…” അവളുടെ വിളി കേട്ട് ബാലൻ പതിയെ കണ്ണു തുറന്നു, കട്ടിലിൽ നിന്ന് എഴുന്നേറ്റു… ഗൗരി ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു… “സാന്ദ്രക്ക് ഇപ്പോ എങ്ങനെ ഉണ്ട് ബാലേട്ടാ…??” നിർവികരതയോടുള്ള ഗൗരിയുടെ ചോദ്യം കേട്ട് ബാലന്റെ ഉള്ളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായി… “നീ… നീ എങ്ങനെ അറിഞ്ഞു…??” വെപ്രാളംപെട്ടുള്ള ബാലന്റെ ചോദ്യം കേട്ട് ഗൗരി ഒന്ന് പുഞ്ചിരിച്ചു.
“സാന്ദ്രയുടെ അച്ഛൻ ഇവിടെ വന്നിരുന്നു…!!!” ഗൗരിയുടെ മറുപടി കേട്ട്.. ബാലൻ അന്താളിച്ചു നിന്നു… “എപ്പോ…?? എപ്പോ വന്നു… ന്തിനാ അയാൾ ഇവിടെ വന്നത്…?? ന്താ ഇവിടെ എല്ലാരോടും പറഞ്ഞത്…??” “മറ്റുള്ളവരോടൊന്നും ഒന്നും പറഞ്ഞില്യ… ന്നെ കാണാൻ ആ അയാൾ വന്നേ…!!സാന്ദ്രയുടെ കാര്യങ്ങളൊക്കെ പറഞ്ഞു…” അൽപനേരം ഗൗരി ഒന്നും മിണ്ടാത്തെ നിന്നു… “ആ കുട്ടി… ആ കുട്ടി ഒരു പാവം ആ… അല്ലെ ബാലേട്ടാ…?ബാലേട്ടനെ അവൾ ഒത്തിരി… ഒത്തിരി സ്നേഹിക്കണുണ്ട്… അതോണ്ട്… അതോണ്ട് അല്ലേ… ബാലേട്ടനെ നഷ്ട്ടാകും എന്ന് തോന്ന്യപ്പോ അതിനു…!!” ഗൗരി മുഴുവപ്പിക്കാതെ പുറത്തേക്ക് നോക്കി നിന്നു… “ന്നേക്കാൾ… ബാലേട്ടന് ചേരുക ആ കുട്യാ… അവള്… അവള് ബാലേട്ടനെ അത്രേം സ്നേഹിക്കണിണ്ട്… ഞാൻ… ഞാൻ നിങ്ങൾക്കിടയിലേക്ക് വരാൻ പാടില്യാർന്നു…ബാലേട്ടൻ… ബാലേട്ടൻ ന്നെ മറക്കണം…
പകരം ആ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കണം…!!” “മതി…!!!” ബാലൻ വേഗം ഗൗരിയുടെ അരികിലേക്ക് ചേർന്നു നിന്നു… അവളെ അവന്റെ നേരെക്ക് തിരിച്ചു നിർത്തി… “ന്തൊക്കെയാ ഗൗരി നീ പറയണേ…?? നിന്നെ… നിന്നെ മറന്ന് അവളെ… നിന്റെ സ്ഥാനത്തേക്ക്… എങ്ങിനെ… എങ്ങിനാടി ഞാൻ…?? നിക്ക് അതിനു കഴിയുന്ന്… നിനക്ക് തോന്നണുണ്ടോ മോളെ…?? ഇല്യ…ഈ ബാലന് ഒരു പെണ്ണുണ്ടെങ്കിൽ അത് ഗൗരി മാത്രായിരിക്കും…!! നിന്നെ.. നിന്നെ വിട്ടു കൊടുക്കാൻ… നിന്നെ ഉപേക്ഷിക്കാൻ എനിക്കാവില്ലടാ…!!” ബാലൻ അവളെ തന്നിലേക്ക് ചേർത്തു നിർത്തി… അവളുടെ മുഖം കൈകൊണ്ടു കോരിയെടുത്തു… അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു… ഗൗരിയും ബാലനെ മുറുകെ കെട്ടിപിടിച്ചു… അവളുടെ കണ്ണുനീര് ബാലന്റെ നെഞ്ചിൽ പടർന്നു… (തുടരും )

by