The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഒരു കുഞ്ഞു പിണക്കം
*********************
“അങ്ങനെ പെട്ടെന്നൊരു നിമിഷം ഒറ്റവാക്കിൽ എല്ലാം ഉപേക്ഷിക്കുന്നുവെന്നു പറഞ്ഞാൽ എങ്ങനാ… “
“എനിക്കിനി ഇതു തുടരാൻ പറ്റില്ല.. അത്ര തന്നെ “
“എങ്കിൽ ഞാൻ കാശു മുടക്കി വാങ്ങി തന്നിട്ടുള്ള ഗിഫ്റ്റോക്കെ എനിക്ക് തിരികെ വേണം”
“എന്തിനാ അടുത്ത കാമുകിക്ക് അതു തന്നെ കൊടുക്കാനാണോ”
“അതൊന്നും നീ അറിയണ്ട കാര്യമില്ല.. ഞാൻ ആർക്കു വേണേൽ കൊടുക്കും.. അതൊക്കെ എന്റെ ഇഷ്ടം..നീയതൊക്കെ ഒന്നു വേഗം തിരികെ തന്നാൽ മതി”
“ആ തന്നേക്കാം…”
“നാളെ തന്നെ വേണം”
“നാളെ എനിക്ക് പറ്റൂല്ല”
“അല്പമെങ്കിലും നാണം ഉണ്ടെങ്കിൽ നീ നാളെ തന്നെ തരും. “
“ആ തന്നേക്കാം . അല്ലെങ്കിലും എച്ചി എന്നും എച്ചി തന്നെയാ”
“അതേടി എച്ചി തന്നെ.. നീ കൂടുതൽ ഒന്നും പറയണ്ട നാളെ രാവിലെ എനിക്ക് എല്ല ഗിഫ്റ്റും തിരികെ കിട്ടണം”
“ആ ശെരി”
അവൾ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തപ്പോൾ എനിക്കെന്തോ വിഷമമായി. മൂന്നു വർഷമായി പരസ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ട്. ഇതിപ്പോ ഫോൺ വിളിച്ചിട്ട് പെട്ടെന്ന് എല്ലാം നിർത്തുകയാണ് എന്നു പറയുമ്പോൾ ഒന്നും മനസിലാകുന്നില്ല. ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല.
എന്തായാലും നാളെ കാണുമല്ലോ. ഞാൻ നേരിട്ട് ചോദിച്ചാൽ എന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്റെ പെണ്ണിന് പറ്റില്ല. അവളെ വാശി പിടിപ്പിക്കാൻ വേണ്ടിയാണ് കൊടുത്ത സമ്മാനങ്ങളൊക്കെ തിരികെ വേണമെന്ന് പറഞ്ഞത്. ഇങ്ങനെ എന്തെങ്കിലും വാശി പിടിപ്പിക്കാതെ വെറുതെ കാണണമെന്ന് പറഞ്ഞാൽ ഈ സാഹചര്യത്തിൽ അവൾ വരാൻ സാധ്യതയില്ല.
ആളില്ലാത്ത വളവിൽ ഞങ്ങൾ സ്ഥിരം കാണാറുള്ള സ്ഥലത്തു രാവിലെ ഞാൻ എത്തുമ്പോൾ അവൾ എന്നെയും കാത്തു നിൽപ്പുണ്ട്. ദൂരെ നിന്നേ കാണാം മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരിപ്പുണ്ട്.
“ലെച്ചൂ….”
വിളി കേൾക്കും മുന്നേ അവൾ ഒരു വലിയ പാക്കറ്റ് എന്റെ കയ്യിലേക്ക് നീട്ടി
“ഇതാ നിന്റെ ഗിഫ്റ്റ്… കൊണ്ടേ പുഴുങ്ങി തിന്നോ”
ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞെങ്കിലും അവൾ ആ ഗിഫ്റ്റോക്കെ കൊണ്ടു വരുമെന്ന് ഞാൻ തീരെ കരുതിയില്ല. എന്തെങ്കിലും കാരണമുണ്ടാക്കി അവളെ ഒന്നും കാണണം ,ഒന്നു നേരിട്ടു സംസാരിക്കണം അത്രയേ കരുതിയിരുന്നുള്ളൂ… പക്ഷെ.. അവളെല്ലാം കൊണ്ടുവന്നു തിരികെ ഏല്പിച്ചപ്പോൾ വല്ലാത്തൊരു വിങ്ങൽ.
“ എന്താ ലെച്ചു നീ ഇങ്ങനെ…എന്തിനാ ലെച്ചു പെട്ടെന്ന് ഇതൊക്കെ അവസാനിപ്പിക്കണമെന്നു നീ പറയുന്നത്?”
“ഒന്നൂല്ല… “
“പറയെടി”
“ഒന്നുല്ലെന്നു പറഞ്ഞില്ലേ..”
“അങ്ങനെ ഒന്നൂല്ലാതെ നീ പറയില്ലല്ലോ..”
“തന്ന സമ്മാനങ്ങൾ തിരികെ ചോദിക്കുന്ന ഒരു എച്ചിയെ പ്രേമിക്കാൻ എനിക്ക് താൽപര്യമില്ല.. അത്ര തന്നെ..”
“ഡീ നമ്പർ ഇറക്കാതെ എന്താന്നു വെച്ചാൽ പറയുന്നുണ്ടോ”
“ഇനി എനിക്കൊന്നും നിന്നോട് സംസാരിക്കാനില്ല. ഇതു വാങ്ങിയിട്ടു വേഗം പൊയ്ക്കോ”
അതും പറഞ്ഞവൾ വീണ്ടും ആ പാക്കറ്റ് എനിക്ക് നേരെ നീട്ടി.
അത്രയും ആയപ്പോളേക്കും ഞാൻ സങ്കടവും ദേഷ്യവുമൊക്കെ വന്നിട്ട് വല്ലാത്ത ഒരു അവസ്ഥയിലായി.
അവൾ എനിക്ക് നേരെ നീട്ടിയ ആ പാക്കറ്റ് വാങ്ങിയിട്ട് റോഡിനു താഴെയുള്ള പൊന്തക്കാട്ടിലേക്കു അതേപടി ഞാൻ വലിച്ചെറിഞ്ഞു. ബൈക്കും സ്റ്റാർട്ടാക്കി മുന്നോട്ട് പോയി. പക്ഷെ എത്ര ശ്രമിച്ചിട്ടും കണ്ണാടിയിലൂടെ അവളെയൊന്നു നോക്കാതിരിക്കാൻ എനിക്കായില്ല. നോക്കുമ്പോൾ അവൾ അവിടെ തന്നെ നിന്നു കരയുന്നു.
എത്ര എന്നെ വേണ്ടെന്നു പറഞ്ഞാലും അവളുടെ കണ്ണുനീർ കണ്ടു നിൽക്കാൻ എനിക്കാവില്ല. ഞാൻ ബൈക്ക് തിരിച്ചു അവളുടെ അടുത്തേക്ക് തിരികെ ചെന്നു
“എന്താ ലെച്ചു നീ കരയുന്നത്”
“നീ എന്തിനാ അതൊക്കെ കാട്ടിലേക്ക് വലിച്ചെറിഞ്ഞത്”
“നിനക്കു വേണ്ടാതെ നീ തിരികെ തന്നത് എനിക്ക് പിന്നെ എന്തിനാ”
“അതു നീ ഇന്നലെ ചോദിച്ച കൊണ്ടല്ലേ…”
“എടി.. അതു നിന്നെയൊന്നു കാണാൻ വേണ്ടി ഒരു കാരണം ഉണ്ടാക്കിയതല്ലേ… അല്ലാതെ വെറുതെ പറഞ്ഞാൽ നീ വരുമായിരുന്നോ”
“…എന്നാലും…”
“ഒരെന്നലുമില്ല.. “അതും പറഞ്ഞു ഞാൻ അവളുടെ കണ്ണുനീർ തുടച്ചു
“ഇനി പറ ഇന്നലെ എന്താ സംഭവിച്ചത്”
“അതു നമ്മൾ തമ്മിൽ മിണ്ടുന്നത് അച്ഛന്റെ കൂട്ടുകാരൻ ബാലൻ മാമൻ കണ്ടിട്ട് അച്ഛനോട് പറഞ്ഞു. അച്ഛനെന്നെ കുറെ വഴക്ക് പറഞ്ഞു. “
“അതിനാണോടി പൊട്ടിപ്പെണ്ണേ എന്നെ നീ ഇത്രയും വിഷമിപ്പിച്ചത്…”
“ഉം…
“എന്തു ഉം”
“സോറി..”
“സാരല്ലെടി… എന്തു പ്രശ്നം ഉണ്ടായാലും … ഇടയ്ക്കൊന്നു പിണങ്ങിയാലും നീയെനിക്കും ഞാൻ നിനക്കും ഉള്ളതാ… നമ്മുടെ സ്നേഹം ഒന്നുകൊണ്ടും നഷ്ടമാവില്ല”
“എനിക്കെന്റെ ഗിഫ്റ്റൊക്കെ തിരികെ വേണം.”
“എന്തോന്നാ”
“എന്റെ ഗിഫ്റ്റുകൾ എനിക്കു ഇപ്പൊ തിരിച്ചു വേണമെന്ന്…”
“നിന്റേതോ..”
“ആ എന്റെയാ…”
“അതിനി എങ്ങനെ എടുക്കാനാടി…”
“അതൊന്നും എനിക്കറിയണ്ട..എനിക്ക് വേണം..ആരു പറഞ്ഞു തന്നെയുടനെ വലിച്ചെറിയാൻ.. ഞാൻ എങ്ങനെ സൂക്ഷിച്ചു വച്ചിരുന്നതാണെന്ന് അറിയോ”
അവളതു പരിഭവത്തോടെ പറയുമ്പോൾ ഞാൻ ചിരി അടക്കിപ്പിടിക്കാൻ പാട് പെടുകയായിരുന്നു.
ഇത്രയും സ്നേഹം വെച്ചിട്ടാണ് ആ പൊട്ടി പിരിയാമെന്നു പറഞ്ഞത്..
ഞാൻ വളരെ കഷ്ടപ്പെട്ട് ആ പൊന്തക്കാട്ടിലിറങ്ങി വലിച്ചെറിഞ്ഞ കവർ തപ്പിയെടുത്തു അവൾക്കു തിരികെ കൊടുത്തു.
പെണ്ണിന്റെ മുഖം വീണ്ടും നിലാവുദിച്ച പോലെ ആയി
ബൈക്കിൽ എന്റെ പുറകിൽ ഇരിക്കുമ്പോൾ കുറച്ചു സമയത്തേക്കെങ്കിലും എന്നെ വിഷമിപ്പിച്ചതിനു പകരമായി എന്റെ വലതു കവിളിൽ അവൾ അവളുടെ ചുംബനം സമ്മാനിച്ചു… കുറെ നാളുകളായി ഞാൻ കെഞ്ചി ചോദിചിട്ടും അവൾ തരാതെ വെച്ചിരുന്ന അവളുടെ ആദ്യ ചുംബനം…
Rose Mary