The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മഴക്കാറ്റിൽ ആടിയുലയുന്ന ആ കുന്നിൻചെരുവിലെ തേയിലത്തോട്ടത്തിന്റെ വക്കിലാണ് ഞാൻ ദേവിനെ ആദ്യമായി കാണുന്നത്. അവന്റെ വിരലുകൾക്കിടയിൽ പുകഞ്ഞുതീരാറായ ഒരു ചീരട്ട് ഉണ്ടായിരുന്നു. കനത്ത മഞ്ഞും പെയ്യാൻ വെമ്പിനിൽക്കുന്ന കാർമേഘങ്ങളും നിറഞ്ഞ ആ മലയോരത്ത്, അവന്റെ കയ്യിലെ കനൽത്തുണ്ട് ഇരുണ്ട അന്തരീക്ഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരു ചെറിയ തീപ്പൊരി പോലെ തോന്നിപ്പിച്ചു. തേയിലച്ചെടികൾക്കിടയിലൂടെ തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ അവൻ ആ ചെറുകനലിലേക്ക് ആഴത്തിൽ കണ്ണുനട്ടു നിൽക്കുകയായിരുന്നു. പ്രകൃതിപോലും ശാന്തമായിരുന്ന ആ നിമിഷത്തിൽ അവന്റെ സാന്നിധ്യം അവിടെയൊരു പ്രത്യേക ഗാംഭീര്യം നിറച്ചു.
“എനിക്കിത് തീരെ ഇഷ്ടമല്ല… ആ വൃത്തികെട്ട സാധനം താഴെയിട് മനുഷ്യാ,” കുറച്ച് അനിഷ്ടത്തോടെയും എന്നാൽ അതിലേറെ കൗതുകത്തോടെയും ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ മുഖത്തേക്ക് നോക്കി ഒന്നമർത്തി ചിരിച്ചു. ഉള്ളിലേക്ക് വലിചെടുത്ത പുക സാവധാനം പുറത്തേക്ക് വിട്ടുകൊണ്ട്, അവൻ ആ സിഗരറ്റ് കഷ്ണം താഴെ നനഞ്ഞു കുതിർന്ന മണ്ണിലേക്ക് തട്ടിയിട്ടു. അടുത്ത നിമിഷത്തിൽ പെയ്തിറങ്ങിയ കനത്ത മഴത്തുള്ളികൾ ആ കനലിനെ എന്നെന്നേക്കുമായി അണച്ചു കളഞ്ഞു. ആകാശത്തെ കറുത്ത മേഘങ്ങൾക്കിടയിൽ സൂര്യൻ മറഞ്ഞതുപോലെ, അവന്റെ വിരലുകൾക്കിടയിലെ ആ തീപ്പൊരിയും മണ്ണിൽ അലിഞ്ഞുപോയി.
അവൻ നനഞ്ഞൊട്ടിയ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ച്, കണ്ണെടുക്കാതെ എന്റെ നേർക്ക് നടന്നടുത്തു. എന്റെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു; ആ കുന്നിൻചെരുവിലൂടെ ഇരമ്പിയടിക്കുന്ന മഴക്കാറ്റിന്റെ ശബ്ദത്തെക്കാൾ ഉറക്കെ.
അവന്റെ ഓരോ ചുവടുവെപ്പിലും ഒരുതരം കാന്തികതയുണ്ടായിരുന്നു. എന്റെ തൊട്ടടുത്തെത്തി നിന്ന അവൻ, തന്റെ ശക്തമായ കൈകളാൽ എന്നെ അരികിലേക്ക് ചേർത്തുപിടിച്ചു. അവന്റെ സ്പർശനത്തിന്റെ ചൂടിൽ ഞാൻ ഒന്നു വിറച്ചപ്പോൾ, ഉള്ളിലേക്ക് എടുത്ത അവസാന പുകയുടെ നേർത്ത ഗന്ധം അവൻ എന്റെ മുഖത്തേക്ക് മെല്ലെ ഊതിവിട്ടു.
ആ പുകപടലങ്ങൾക്കിടയിലൂടെ അവൻ എന്നെത്തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. അവന്റെ തണുത്ത ചുണ്ടുകളിൽ ഒരു നിഗൂഢമായ പുഞ്ചിരി അപ്പോഴും മായാതെ നിൽപ്പുണ്ടായിരുന്നു. വികാരഭരിതമായ ആ നോട്ടം താങ്ങാനാവാതെ ഞാൻ മുഖം തിരിക്കാൻ ശ്രമിച്ചെങ്കിലും, അവൻ എന്നെ കൂടുതൽ മുറുകെ ചേർത്തുപിടിച്ചു. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ അവൻ എന്റെ അധരങ്ങളെ സ്വന്തമാക്കി. മഴയുടെ തണുപ്പിലും അവന്റെ ആ ആദ്യ ചുംബനത്തിന് കാപ്പിയുടെയും സിഗരറ്റിന്റെയും സമ്മിശ്രമായ ഒരു പ്രത്യേക രുചിയായിരുന്നു.
പെട്ടെന്നുണ്ടായ പരിഭ്രമത്തിൽ ഞാൻ അവനെ മാറോടു തള്ളിമാറ്റി. കുറ്റപ്പെടുത്തുന്ന ഭാവത്തോടെ അവന്റെ നെഞ്ചിൽ എന്റെ കുഞ്ഞുമുഷ്ടികൾ ചുരുട്ടിയിടിച്ചപ്പോഴും അവന്റെ ചുണ്ടിലെ ആ കള്ളച്ചിരി മാഞ്ഞിരുന്നില്ല. പിന്നീട് ഞങ്ങൾ ആ മലയോര പാതയിലൂടെ കൈകോർത്തു നടക്കുമ്പോഴും അവൻ വീണ്ടും പോക്കറ്റിൽ നിന്ന് പുതിയൊരു സിഗരറ്റ് പാക്കറ്റ് എടുത്തു. ദേഷ്യത്തോടെ ഞാൻ അത് വാങ്ങി ദൂരേക്ക് എറിഞ്ഞപ്പോൾ, അവൻ എന്നെ തടഞ്ഞു നിർത്തി എന്റെ വലതു കൈത്തണ്ടയിൽ തന്റെ പല്ലുകൾ ആഴ്ത്തി മനോഹരമായ ഒരു ചിത്രം വരച്ചു തന്നു.
അന്നുമുതൽ ഞങ്ങളുടെ ഓരോ കണ്ടുമുട്ടലിലും എന്റെ കൈകളിൽ അവൻ പുതിയ ഓർമ്മച്ചിത്രങ്ങൾ കുറിച്ചിടുന്നത് പതിവായി മാറി.
വർഷങ്ങൾക്കു ശേഷം, ഇന്ന് വീണ്ടും അതേ തണുപ്പുള്ള ഒരു പ്രഭാതത്തിൽ, ഞാൻ കാണാതെ പതുങ്ങിപ്പോയി ബാത്ത്റൂമിലിരുന്ന് പുകവലിക്കാൻ നോക്കിയ അവന്റെ കൈയിൽ നിന്നും ഞങ്ങളുടെ കുഞ്ഞു മകൾ നില അത് തട്ടിപ്പറിച്ചെടുത്തു. ഒരു കുസൃതിച്ചിരിയോടെ ഓടിച്ചെന്ന് അവൾ അത് ബാത്ത്റൂമിൽ നിറച്ചുവെച്ചിരുന്ന വെള്ള ബക്കറ്റിലേക്ക് മുക്കിക്കളഞ്ഞു. ഇത് കണ്ട് ദേഷ്യം വരുമോ അതോ അവൻ എന്ത് ചെയ്യും എന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ വാതിലിനപ്പുറം നിന്നു നോക്കുകയായിരുന്നു. അവൻ ദേഷ്യത്തോടെ അവളെ ശാസിക്കുമെന്ന് ഞാൻ ഒരു നിമിഷം ഭയന്നു.
എന്നാൽ എന്നെ തികച്ചും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ നിലയെ പിടിച്ചുനിർത്തി അവളുടെ കുഞ്ഞിക്കൈകൾ തന്റെ കയ്യിലൊതുക്കി. കൈകൾ സ്വന്തം ചുണ്ടുകളോടടുപ്പിച്ച്, ആ കുഞ്ഞിളം കൈത്തണ്ടയിൽ വാത്സല്യത്തോടെ അമർത്തി ചുംബിച്ചു. സിഗരറ്റ് കളഞ്ഞതിന്റെ ദേഷ്യമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല; പകരം ഒരു അച്ഛന്റെ അറ്റമില്ലാത്ത സ്നേഹം മാത്രമാണ് ഞാൻ അവിടെ കണ്ടത്. ആ നിമിഷത്തിൽ കളിതമാശയോടെ കുഞ്ഞു നിലയും അച്ഛന്റെ കൈയിൽ ചുംബിക്കാനായി അവന്റെ കൈകൾ പിടിച്ച് അരികിലേക്ക് വലിച്ചു.
അവന്റെ ചുംബനത്തിനായി കാത്തുനിന്ന അവൻറെ വലിയ കൈകളിൽ, തന്റെ കുഞ്ഞരിപ്പല്ലുകൾ ആഴ്ത്തി ഒരു വാച്ചിന്റെ അടയാളം ഉണ്ടാക്കി അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിപ്പോയി. കയ്യിലെ പല്ലിന്റെ പാടിലേക്ക് നോക്കി ആത്മനിന്ദയോടെയും എന്നാൽ അതിലേറെ സന്തോഷത്തോടെയും ചിരിക്കുന്ന അവനെ കണ്ടപ്പോൾ എന്റെ മനസ്സും നിറഞ്ഞു. തന്റെ കുഞ്ഞു മകൾ വരച്ച ആ ‘പല്ലു വാച്ച്’ എന്നെ കാണിച്ചുതന്ന അവനെ നോക്കി ഞാൻ കണ്ണുചിമ്മി കാണിച്ചുകൊണ്ട് പറഞ്ഞു:
“ചെയ്തതൊക്കെ തിരിച്ചു കിട്ടും കേട്ടോ മാഷെ!” ആ വാക്ക് കേട്ടപ്പോഴും അവന്റെ ചുണ്ടിൽ ആ പഴയ പുഞ്ചിരി തങ്ങിനിൽപ്പുണ്ടായിരുന്നു—ആദ്യമായി ആ മലയോരത്ത് വെച്ച് ഞാൻ കണ്ട അതേ മനോഹരമായ പുഞ്ചിരി.