The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“ഡീ, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്”
“എന്താ പതിവില്ലാത്ത ഒരു മുഖവുരയൊക്കെ… എന്താച്ചാ പറയിഷ്ടാ”
“ഡീ എനിക്കൊരാളെ കാണാൻ തോന്നുന്നുണ്ട്”
“ന്നാ പിന്നെ പോയി കണ്ടൂടെ കൊരങ്ങാ”
അതു പറഞ്ഞപ്പോ അവനൊരു വളിച്ച ചിരി പാസാക്കി
“എന്തേ…”
“ആളെവിടെയാണെന്നു എനിക്കറിയില്ലെടി”
“ബെസ്റ്റ്. പോയിക്കിടന്നുറങ്ങു ചെക്കാ’
“ഓ.. ന്നാ പതിവ് ഇങ്ങു തന്നെക്കു”
“ന്റെ മരമാക്രിക്കു വയറു നിറച്ചും ഉമ്മ’
“അമ്മേടെ രുചിയുള്ള ഭക്ഷണം കഴിച്ചു വയറൊക്കെ ഓൾറെഡി നിറഞ്ഞിരിക്കാ.. നീ നിറയാത്തിടത്തൊക്ക താടി”
“അയ്യട…….കുറുമ്പൻ…പിന്നേ, കാണാനുള്ള ആളെ നമുക്ക് കണ്ടെത്താം ട്ടോ”
‘അതിനു അതാരാണെന്നു ഞാൻ പറഞ്ഞില്ലല്ലോ “
“നിന്റെ മനസ്സ് രണ്ട് വർഷമായി ന്റെ കയ്യിലല്ലേ , നീ പറഞ്ഞില്ലേലും എനിക്കതു മനസിലാവും ട്ടോ”
“നീ ഇപ്പോളും പുളുവടി നിർത്തിട്ടില്ലെടി ചാള മേരി’
“ ചാള മേരി നിന്റെ മറ്റവൾ…അവളേക്കാണാനല്ലേടാ നിനക്കു തോന്നിയത്?”
…അവിടുന്നു പതിവില്ലാത്ത നിശബ്ദത….
“ഏന്താടാ മിണ്ടാതിരിക്കുന്നെ”
“അവളെ കാണാൻ തോന്നുന്നുവെന്നു പറഞ്ഞപ്പോൾ നിനക്കു വിഷമം ആയോടി “
“ഇല്ലെടാ പോത്തെ… മറ്റാരേക്കാളും നന്നായി എനിക്ക് നിന്നെ അറിയാം.. നിന്റെ മനസ്സും.. നീയെന്നും എന്റേതും ഞാൻ നിന്റേതുമല്ലെടാ.. ഒന്നും മറച്ചു വെയ്ക്കാതെ എന്തും എന്നോട് ഷെയർ ചെയ്യുന്ന നിന്നെയെനിക്കു ജീവനാട’..
ഞാനിതു പറയുമ്പോൾ ന്റെ തടിയന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
പതിവ് പ്രണയസല്ലാപത്തിനു ശേഷം വിഡിയോ കോൾ കട്ട് ചെയ്തു കിടന്നു. ഇനിയും മൂന്ന് മാസങ്ങൾ കൂടിയുണ്ട് ഞങ്ങളുടെ വിവാഹത്തിന്. രണ്ടു വർഷത്തെ പ്രണയത്തിന് ഇരു വീട്ടുക്കാരുടെയും അംഗീകാരം കിട്ടിയതാണ്. ഇപ്പൊ വേണേൽ ഇപ്പൊ കെട്ടാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ ഈ നാളും മുഹൂർത്തവുമൊക്കെ ഞങ്ങൾക്ക് മൂന്ന് മാസം കൂടി പോസ്റ്റ് തന്നേക്കുവാണ്. ചെക്കനെയോ ഞാൻ തനിയെ കണ്ടുപിടിച്ചു. ഇനീപ്പോ അവരുടെ പഴയ വിശ്വാസങ്ങൾക്കൊന്നും നമ്മളായിട്ടു എതിര് നിൽക്കാൻ പാടില്ലല്ലോ.. അതാണ് എന്റെ വീട്ടുകാർ ജാതകവും നാളും മുഹൂർത്താവുമൊക്കെ നോക്കണമെന്ന് വാശി പിടിച്ചപ്പോളും കട്ട സഖാവായിട്ടും അവനൊന്നും എതിർത്തു പറയാതിരുന്നത്.
കോളേജ് ചെയർ പേഴ്‌സൻ ആയിരുന്ന അവന്റെ പുറകെ കുറെ പെണ്കുട്ടികൾ നടന്നതാണ്. പക്ഷെ കക്ഷി ആർക്കും പിടി കൊടുത്തില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാനാ മനസിൽ സ്ഥാനം പിടിച്ചത്. പിന്നെയാ പിടി ഞാനും വിട്ടില്ല… രണ്ടു വർഷം ഞങ്ങൾ തകർത്തു പ്രണയിച്ചു.
തമ്മിൽ ഇഷ്ടത്തിൽ ആയപ്പോൾ തന്നെ അവൻ അവന്റെ ആദ്യ പ്രണയത്തെപ്പറ്റി എന്നോട് പറഞ്ഞിരുന്നു. ഒരു കൗമാര പ്രണയം. പക്ഷെ അതിന്റെ വേരുകൾ കരുത്തുള്ളവയായിരുന്നു. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ കൂടെ പഠിച്ച ഒരു ഉമ്മച്ചിക്കുട്ടിയോട് തോന്നിയ നിഷ്കളങ്കമായ ആദ്യാനുരാഗം. പക്ഷെ അവൾക്കു പതിനെട്ട് തികയുന്നത് നോക്കിയിരുന്നു അവളുടെ വാപ്പ അവളെയൊരു ദുബായിക്കാരന് നിക്കാഹ് ചെയ്തു കൊടുത്തു. അവള് പഠിത്തം നിർത്തിയപ്പോഴും അവളുടെ സമ്മതമില്ലാതെ നിക്കാഹ് നടത്തിയപ്പോഴും അന്നത്തെ കാലത്ത് ഒരു പൊടിമീഷക്കാരന് എന്തു ചെയ്യാനാവും.. അങ്ങനെ ന്റെ ചെക്കന്റെ ആദ്യ പ്രണയം അവനോട് ഒരു വാക്ക് പോലും പറയാതെ ദുബായിക്ക് വിമാനം കയറിപ്പോയി.
ഒരു കണക്കിന് അതു നന്നായി ട്ടോ.. ഇല്ലേൽ ഈ കുറുമ്പനെ എനിക്ക് കിട്ടുമായിരുന്നോ. ആ വകയിൽ അവളുടെ വാപ്പ അഹമ്മദ് ഹാജിയോട് എനിക്ക് പെരുത്ത് നന്ദിയുണ്ട് .
പിന്നീട് അവളെ അവൻ കണ്ടിട്ടേയില്ല. ഇപ്പോൾ അവളുടെ ഏതോ ബന്ധുവിന്റെ കല്യാണത്തിന് നാട്ടിൽ വരുന്നുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞിട്ടുണ്ട്. അതാണ് ന്റെ ചെക്കന് അവളെ കാണാനുള്ള പൂതി.
ഒരുവിധം കാമുകിമാർക്കൊക്കെ പഴയ കാമുകിയെ കാണമെന്നൊക്കെ പയയുന്നത് കേൾക്കുമ്പോൾ കുശുമ്പ് വരേണ്ടതാണ്. രണ്ടൂസത്തെക്കു പിണങ്ങിയിരിക്കാനുള്ള വകുപ്പുമുണ്ട്. പക്ഷെ എനിക്ക് അവനോട് സ്നേഹം കൂട്ടിയിട്ടേയുള്ളൂ. വിശ്വാസവും. അവനെന്നോട് മറച്ചു വെയ്ക്കാൻ ഒന്നുമില്ല എന്നൊരു കുഞ്ഞഹങ്കാരവും.. അവന്റെ മനസ്സ് എനിക്ക് നല്ലതുപോലെ അറിയാം . വർഷങ്ങൾക്കിപ്പുറം അവൻ ആദ്യമായി പ്രണയിച്ച ആ കൗമാരക്കാരിയുടെ ഇപ്പോളുള്ള രൂപം കാണാനൊരു കൗതുകം. അതിനപ്പുറം മറ്റൊന്നുമില്ല. അവന്റെ മനസ്സിൽ തോന്നിയ ഈ ചെറിയ കാര്യം അവൻ പറഞ്ഞില്ലെങ്കിൽ ഞാൻ അറിയുക കൂടിയില്ല. എന്നിട്ടും എന്നോട് പറഞ്ഞു. അതാണെന്റെ സഖാവ്. അതാണ് ഞാനവനെ ഇത്ര ആഴത്തിൽ പ്രണയിക്കുന്നതും ഒരിപാട് വാശിപിടിച്ചു അപ്പയെ കൊണ്ടു വിവാഹത്തിന് സമ്മതിപ്പിച്ചതും.
ഫേസ്ബുക് തുറന്ന് അവളുടെ പേര് ടൈപ്പ് ചെയ്ത് നോക്കി. ആകെ കുറച്ചു ഫോട്ടോസ് ഇട്ടിട്ടുള്ളത് മുഴുവനും അവളുടെ കുട്ടികളുടേതാണ്. ഓമനത്തമുള്ള ഒരു ആണ്കുട്ടിയും പെങ്കുട്ടിയും. കുട്ടികളുടെ ഫോട്ടോ കണ്ടിട്ട് അവരുടെ ഉമ്മയും ഒരു മൊഞ്ചത്തി ആണെന്ന് അനുമാനിക്കാം. ഇതു തപ്പിയിരുന്നിട്ട് പ്രയോജനമില്ല. പക്ഷെ എങ്ങനെയെങ്കിലും ഞാനവന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കും. തീർച്ച… എന്നിട്ട് അവൾ നാട്ടിൽ വരുമ്പോൾ ഒന്നിച്ചു ചെന്നു വിവാഹവും ക്ഷണിക്കും. അതും മനസിലുറപ്പിച്ചു ന്റെ ചെക്കനെയും മനസ്സിലോർത്തു അവനെ സ്വപ്നം കാണണെ എന്നു പ്രാർത്ഥിച്ചു ഞാനും ഉറങ്ങാനായി കിടന്നു.