08/04/2026

ദിൽന : ഭാഗം 14

രചന – നന്ദിത ദാസ്

“അതെ മാഡം… ഡെല്ല മാഡം ജോബ് റിസൈൻ ചെയ്തു…. ”

“എന്തിന്? ”

“അറിയില്ല… ”

ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു നോക്കി.. ഫോൺ സ്വിച്ചഡ് ഓഫ്….

“ഡെല്ലയുടെ അഡ്രെസ്സ് ഒന്ന് തരുവോ? ”

“ഷുവർ മാഡം… ഒരു മിനിറ്റ് ”

“ഒക്കെ ”

“ദാ മാഡം അഡ്രസ്സ്… ”

“ഒക്കെ.. താങ്ക്സ്… ”

എന്റെ മാതാവേ അവൾ എന്തിനായിരിക്കും റിസൈൻ ചെയ്തത്…. എങ്ങനെ എങ്കിലും ഈ ഓഫിസിൽ പിടിച്ചു നിന്നേ പറ്റുള്ളൂ എന്ന് പറഞ്ഞിട്ട്… ഇനി അരുതാത്തത് എന്തെങ്കിലും നടന്നു കാണുമോ… ഇവിടെ ആകെ ഉള്ള ഒരു ആശ്വാസം അവൾ മാത്രം ആയിരുന്നു….

ശരിക്കും മാനസികമായി തളർന്നു പോയി ഞാൻ…. വർക്കിൽ ഒന്നും കോൺസെൻട്രേറ്റ് ചെയ്യാനും കഴിയുന്നില്ല… മൂന്നുമണിക്ക് മുൻപ് വർക്ക്‌ എല്ലാം ക്ലിയർ ആക്കി കൊടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ സജിത്ത് വന്നു പറഞ്ഞിട്ട് പോയതേ ഉള്ളു…

“താൻ ഇവിടെ എന്തോ ഓർത്തോണ്ടു ഇരിക്കുവാ… എന്തൊക്കെ ഫൂളിഷ്നെസ്സ് ആണ് കാട്ടി കൂട്ടി വെച്ചേക്കുന്നത്… തന്റെ മനസ്സ് ഇവിടെ ഒന്നും അല്ലേ? ”

സജിത്ത് സർ ആണ്… ചെയ്ത വർക്ക്‌ ഫുൾ കംപ്ലയിന്റ് ആയതിന്റെ ക്ഷോഭം…

“അത്… സോറി സർ ഞാൻ പെട്ടെന്ന് ശരിയാക്കാം… ”

“എന്താടോ തന്റെ പ്രോബ്ലം… ഉടൻ ഇൻസ്പെഷൻ ഉണ്ടാകുമെന്ന് അറിവ് കിട്ടിയതല്ലേ… വെറും സിമ്പിൾ ആയത് വരെ തെറ്റിച്ചിട്ടുണ്ട്…ബോസിന്റെ കൈയിൽ ഇതെത്തിയാൽ ഇന്നത്തോടെ തന്റെ ജോലി പോകും… പെട്ടെന്ന് ക്ലിയർ ആക്കിക്കോ… ”

“ഒക്കെ സർ… ”

എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് കറക്റ്റ് ചെയ്യാൻ പറ്റിയില്ല…

“മാഡം… ബോസ് വിളിക്കുന്നു ”

“മ്മ്.. വന്നോളാം ”

“സർ ”

“കയറി വാടോ… എന്തായി തന്നെ ഏല്പിച്ച ജോലി…? ”

“സോറി സർ കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല…. ”

“വൈ? എനി ഡൌട്ട്? ”

“നോ സർ… ബട്ട്‌ എന്നെകൊണ്ട് പറ്റുന്നില്ല… ചെയ്യുന്നതെല്ലാം തെറ്റി പോകുന്നു… ”

“കൂൾ ദിൽന… റിലാക്സ്… എത്ര ടൈം വേണമെങ്കിലും എടുത്തോളൂ… പക്ഷെ ഇന്ന് തന്നെ എനിക്ക് സ്റ്റേറ്റ്മെന്റ് കിട്ടണം… ഒക്കെ ”

“ഒക്കെ സർ ”

തിരികെ സീറ്റിൽ വന്നിരുന്നു… നന്നായി ഒന്ന് പ്രാർത്ഥിച്ചു… ഇപ്പോൾ മനസ്സൊന്നു ക്ലിയർ ആയിട്ടുണ്ട്… ഞാൻ ചെയ്തു കൂട്ടിയ പൊട്ടത്തരങ്ങൾ കണ്ട് എനിക്ക് തന്നെ ദേഷ്യം വന്നു… അപ്പോൾ അവരുടെ കാര്യം പറയണോ…

മുക്കാൽ ഭാഗവും തീർത്തു കഴിഞ്ഞാണ് ടൈം നോക്കുന്നത്

“എന്റെ കർത്താവേ… 6.30… എബി വന്നു കാണുമോ… ഫോൺ എടുത്തു നോക്കിയപ്പോൾ അത് ചാർജ് തീർന്നു ചത്ത്‌ ഇരിക്കുന്നു… ഇനി ഇപ്പോൾ എബി തിരിച്ചു പോയി കാണും ഇത്രയും ടൈം ആയില്ലേ… വർക്ക്‌ തീർത്തിട്ട് ഒരു ഓട്ടോ വിളിച്ചു പോകാം ”

ചുരുക്കി പറഞ്ഞാൽ വർക്ക്‌ കംപ്ലീറ്റ് ആയപ്പോൾ സമയം 8 ആയി… ഞാൻ എഴുന്നേറ്റു അടുത്ത ക്യാബിനുകൾക്ക് ഉള്ളിലേക്ക് എത്തി നോക്കി…എല്ലാം ശൂന്യം ആയിരിക്കുന്നു…

എല്ലാരും പോയല്ലോ കർത്താവേ…
സ്റ്റേറ്റ്മെന്റുമായി ഞാൻ ബോസിന്റെ റൂം ലക്ഷ്യമാക്കി നടന്നു…

“മൈം കമിങ് സർ ”

ഒരുപാട് നേരം വെയിറ്റ് ചെയ്തിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… ഞാൻ വാതിൽ തുറന്നു അകത്തേക്ക് നോക്കി അവിടെ എങ്ങും ആരും ഇല്ല…

അയാളും പോയോ? ആഹ് എന്തായാലും കാര്യമായി… ഡോക്യൂമെന്റസ് ബോസിന്റെ ടേബിളിൽ വെച്ച് ഞാൻ തിരിഞ്ഞപ്പോൾ കൈ രണ്ടും കെട്ടി ക്യാബിനിന്റെ വാതിലിൽ ചാരി മുഖത്ത് ഒരു വൃത്തികെട്ട ചിരിയുമായി അയാൾ… സംഭവം പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി… ഒടുവിൽ ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിക്കാൻ പോകുന്നു… ഇവിടെ എന്നെ സഹായിക്കാൻ ഒരു കുഞ്ഞു പോലും ഇല്ല… എങ്കിലും പതറാൻ പാടില്ല.. ബി ബോൾഡ് ദിൽന….

“എല്ലാം ഞാൻ കംപ്ളീറ്റ് ചെയ്തിട്ടുണ്ട് സർ.. ഇനി എനിക്ക് പോകണം ”

“ദൃതി വെക്കാതെടോ… തന്നെ ഞാൻ കൊണ്ടു വിടാം… കുറച്ചു നേരം കൂടി നമുക്ക് ഇവിടെ മിണ്ടിയും പറഞ്ഞും ഇരിക്കാം ”

കൊലച്ചിരിയുമായി അയാൾ എന്റെ നേരെ നടന്നടുത്തു…

“തന്റെ ഉള്ളിലിരുപ്പ് എനിക്ക് മനസ്സിലാകുന്നുണ്ട്… ഒരിക്കൽ ഞാൻ തന്നോട് പറഞ്ഞതാ എല്ലാരോടും കളിക്കുന്ന പോലെ എന്റെ അടുത്തേക്ക് വന്നേക്കരുതെന്നു… വഴി മാറു .. എനിക്ക് പോകണം ”

“അങ്ങനെ അങ്ങ് പോയാലോ മോളെ … നീ എന്താ എന്നെക്കുറിച്ച് വിചാരിച്ചത് അന്ന് നീ പറഞ്ഞതൊന്നും മറന്നിട്ടില്ല ഞാൻ… ഈ അവസരം നിനക്കായി ഞാൻ ഊന്നി വെച്ചതാ ”

“ഒരടി കൂടി താൻ മുന്നോട്ടു വെച്ചാൽ… പിന്നെ എനിക്കൊന്നും നോക്കാൻ ഇല്ല… നിന്നെ പോലെ ഉള്ളവന്മാർക് കീഴ്പെടുന്നതിലും ഭേദം നിന്നെയൊക്കെ കൊന്നിട്ട് ജയിലിൽ പോകുന്നതാ.. അതിനും ഉണ്ടെടാ ഒരു അന്തസ്സ്… ”

“ഹഹഹ നീ കൊള്ളാല്ലോ… ഞാൻ വിചാരിച്ചതിനേക്കാൾ ബോൾഡ് ആണ്… ഐ ലൈക് യൂ… നിന്നെ പോലെ ഒരുവളെ ആണ് എനിക്കാവിശ്യം… ബാക്കി എല്ലാം വെറും വേസ്റ്റ്… നിന്റെ ഫ്രണ്ട്‌ ഡെല്ല ഉൾപ്പെടെ… ചുമ്മാ കരച്ചിലും പിഴിച്ചിലും ”

“താൻ… താൻ എന്താ പറഞ്ഞത്… എന്റെ ഡെല്ലയെ താൻ എന്താ ചെയ്തത്? പറയടാ ദുഷ്ടാ… ആ പാവത്തിനെ നീ എന്താ ചെയ്തത്… ”

“ബഹളം ഉണ്ടാക്കാതെ മോളെ… അവളെ ഞാൻ ഒരുപാട് അങ്ങ് സ്നേഹിച്ചു… അതിപ്പോൾ ഞാൻ എങ്ങനെ ആണ് നിന്നോട് പറഞ്ഞു തരുന്നത്… അല്ലെങ്കിൽ വേണ്ട പറയുന്നില്ല പക്ഷേ ഒരു കൂട്ടം നിന്നെ കാണിക്കാം ഞാൻ… ”

ഫോണിൽ അയാൾ കാണിച്ച വീഡിയോ കണ്ട് ശരിക്കും ഷോക്കായി പോയി ഞാൻ.. കണ്ടാൽ അറച്ചു പോകുന്ന ഫോട്ടോസ്… അതൊന്നും കാണാൻ വയ്യാതെ എന്റെ കണ്ണുകൾ ഞാൻ ഇറുക്കി അടച്ചു…

“എന്റെ കാലുപിടിച്ചു അവൾ കരയുന്നത് കണ്ടോ നീ… അത് വെറും പെണ്ണ്… ബട്ട്‌ നീ അങ്ങനെ അല്ല മിടുക്കിയാ… എനിക്ക് പറ്റിയതും നീയാ… ”

ഇരച്ചു പൊന്തിവന്ന ദേഷ്യത്തിൽ അയാളുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി ഞാൻ നിലത്തടിച്ചു പൊട്ടിച്ചു… അത് അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…

ഇതുവരെ ഞാൻ കണ്ട അയാളുടെ ഭാവമൊക്കെ മാറി… എന്റെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയിലേക്കു വലിച്ചൊരു ഏറായിരുന്നു… ഭൂമി മൊത്തം കറങ്ങുന്ന പോലെ തോന്നി എനിക്ക്… വീണ്ടും എനിക്ക് നേരെ നടന്നു വരുന്ന അയാളെ എതിരിടാൻ എന്റെ മനസ്സും തയ്യാറായി കഴിഞ്ഞിരുന്നു… കൈയിൽ തടഞ്ഞ ഫ്ലവർവേസ് എടുത്തു രണ്ടും കല്പിച്ചു ഞാൻ ചാടി എഴുന്നേറ്റു…

നട്ടപ്പുറത്തു ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ചവുട്ടിൽ അയാൾ മുന്നോട്ടാഞ്ഞു കമന്നടിച്ചു വീണു…

ഇതെങ്ങനെ സംഭവിച്ചെന്നറിയാനായി തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ എബി…

പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം നാടൻ തല്ല്… എബിയുടെ കരുത്തറ്റ കരങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആ അമൂൽ ബേബിക്ക്‌ ആയില്ല…

“എന്ത്‌ നോക്കി നിൽക്കുവാടി… അടിക്കടി ഈ ചെറ്റയുടെ കരണം നോക്കി ”

“എന്റെ കൈകൊണ്ടു നിന്നെ അടിച്ചാൽ കൈ പോലും നാറും… ”

കാലിൽ കിടന്ന ചെരുപ്പൂരി രണ്ട് കവിളിലും ഓരോന്നു പൊട്ടിച്ചു…അയാളുടെ ക്യാബിൻ തകർത്തു വാരിയിട്ടാണ് എബി അവിടെ നിന്നും ഇറങ്ങിയത്… ആ സമയം കൊണ്ടു ഞാൻ നിലത്തറിഞ്ഞു പൊട്ടിച്ച ഫോൺ കൈക്കലാക്കി…

“മേലിൽ ഒരു പെണ്ണിനോടും നീ ഇതുപോലെ പെരുമാറരുത്… അതിനുള്ള ഡോസാണ് ഇപ്പോൾ തന്നത്… അപ്പോൾ ഞങ്ങൾ പോകട്ടെടാ ബോ… സൈ ”

അടിപൊളി ഡയലോഗും കാച്ചി എന്റെ കയ്യും പിടിച്ചു സ്ലോ മോഷനിൽ എബി നടന്നു…. അതുവരെ തോന്നാത്തത് എന്തോ എബിയോട് എനിക്ക് തോന്നിപ്പോയി… ഓം ശാന്തി ഓശാനയിൽ നസ്റിയ പറയുന്നതുപോലെ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന പോലെ ഒരു സുഖം…എബിയുടെ കൈയിൽ മേലുള്ള പിടുത്തം ഞാൻ ഒന്നൂടി മുറുക്കി… ആരാധനയോടെ ആ മുഖത്തേക്ക് ഇമകൾ പോലും ചിമ്മാതെ ഞാൻ നോക്കി നിന്നു…

ഗെയ്റ്റിന് വെളിയിൽ എത്തിയപ്പോൾ എന്റെ കൈയിൽ ഉള്ള പിടുത്തം എബി വിട്ടു…

“എബി… എബി എങ്ങനെ അതിനുള്ളിൽ എത്തി…? ”

മറുപടി പറയും മുൻപേ എബിയുടെ കൈകൾ എന്റെ കവിളത്തു പതിഞ്ഞു… നിന്ന നിൽപ്പിൽ പുകഞ്ഞു പോയി ഞാൻ….

(തുടരും )