19/04/2026

ഡയാന : ഭാഗം 06

രചന – ജ്വാലാമുഖി

“ജൂലിയറ്റ്…?? ”

“മമ്മക്കു കുഴപ്പം ഒന്നും ഇല്ല… ഡിസ്ക് നു കുറച്ചു പ്രോബ്ലംസ് സൊ കിടപ്പാണ്.. ”

“പപ്പ… ”

“സാന്ഫ്രാന്സിസ്കോയിൽ തന്നെ… ”

“മോൻ വല്ലതും കഴിച്ചോ…? ”

“ഉവ്വ് ആന്റി… ”

“അല്ല മോൻ അപ്പോ എന്താ ഇവിടെ… ”

“ഞാൻ ഇവിടെ അടുത്തൊരു വീട് വാങ്ങിയിട്ടുണ്ട്… ഒഴിവു ദിവസങ്ങളിൽ ഇങ്ങോട്ട് വരും… ”

“ഡയാനയെ… ”

“പരിചയപ്പെട്ടിട്ട് കുറച്ചു നാളുകൾ ആയിട്ടുള്ളു… ഹൈദരാബാദ് വച്ചു കണ്ടിരുന്നു… ഇവിടെ നാട്ടിലും കണ്ടപ്പോൾ പരിചയം പുതുക്കി… പിന്നെ ബിസിനസ്‌ രംഗത്തു ആയോണ്ട് ഡയാനയെ എനിക്ക് അറിയാമായിരുന്നു… ”

“ഉം… മോൻ സംസാരിച്ചു ഇരിക്കു…ആന്റി ഒന്ന് കിടക്കട്ടെ… ”

മമ്മയെ ഞാൻ മുറിയിൽ കൊണ്ടു കിടത്തി… എന്തോ പപ്പയെ കുറിച്ചുള്ള ഓർമ്മകൾ മമ്മക്ക് ഉണ്ടായിട്ടുണ്ട് അല്ലാതെ പെട്ടന്ന് പോയി കിടക്കില്ല എന്നെനിക്കു അറിയാമായിരുന്നു…

“അയാൻ… ”

“ആരാ ഈ ജൂലിയറ്റ്… ”

അയാൾ നിറഞ്ഞൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു…

“തന്റെ പപ്പയുടെ ആദ്യ ഭാര്യ… ”

“ഓഹ് ഗോഡ്… ”

“നമുക്കൊന്ന് നടക്കാം… താൻ വാ… ”

ഞാൻ യാന്ത്രികമായി അയാളുടെ കൂടെ നടന്നു…

“എന്റെ മമ്മയും തന്റെ പപ്പയും തമ്മിൽ ഏഴു വർഷത്തെ ദാമ്പത്യം ഉണ്ടായിരുന്നു… പക്ഷെ കുട്ടികൾ ഉണ്ടായില്ല.. ഒടുവിലാണ് തന്റെ പപ്പക്ക് കുട്ടികൾ ഉണ്ടാകില്ല എന്നത് അറിയുന്നത്..ഇതറിഞ്ഞ തന്റെ പപ്പാ മനസില്ലാമനസോടെ ആണ് എന്റെ മമ്മയെ ഡിവോഴ്സ് ചെയ്യുന്നത്… അന്ന് അതിന്റെ കാരണം മമ്മക്ക് അറിയില്ലായിരുന്നു… പപ്പ അത് പറഞ്ഞും ഇല്ല.. ഒടുവിൽ മമ്മയെക്കാൾ മുന്നേ ഫെർണാണ്ടസ് അങ്കിൾ പ്രസവിക്കാൻ കഴിയാത്ത ഒരു സ്ത്രീയെ അന്നെഷിച്ചു പിടിച്ചു വിവാഹം കഴിച്ചു… അപ്പോളാണ് എന്റെ മമ്മക്ക് ആർക്കു വേണ്ടി ഇനി കാത്തിരിക്കുന്നു എന്ന ചിന്ത വന്നത്… അങ്ങനെ മമ്മ വേറെ വിവാഹം കഴിച്ചു… വിവാഹവാർഷികം ആയപ്പൊളേക്കും അവർക്ക് ഞാൻ പിറന്നു… ”

“അപ്പോ പപ്പക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നില്ലേ… ”

“എന്റെ മമ്മ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു ഏറ്റവും സന്തോഷിച്ചത് തന്റെ പപ്പ തന്നെ ആയിരുന്നു… തന്റെ മമ്മ അറിയാതെ അദ്ദേഹം എന്നെ കാണാൻ വരുമായിരുന്നു… ആദ്യ ഭാര്യയെ അദ്ദേഹം അത്രമാത്രം സ്നേഹിച്ചിരുന്നു… എന്നും അസുഖക്കാരിയായ തന്റെ മമ്മക്ക് ഒരു കുഞ്ഞിനെ നോക്കാൻ ഉള്ള ആരോഗ്യം അന്നും ഇല്ല… പിന്നെ അങ്കിളിനു ഞാൻ സ്വന്തം മകനെ പോലെ ആയിരുന്നു .. ”

“ഉം…. ”

“പക്ഷെ വർഷങ്ങൾ കുറെ കഴിഞ്ഞപ്പോൾ അവർക്ക് ഒരു കുഞ്ഞിനെ വേണം എന്നൊരു മോഹം തോന്നി….അനാഥാലയത്തിലേക്ക് പോകാൻ മനസ്സ് കൊണ്ടു ഒരുങ്ങി ഇരിക്കുമ്പോൾ ആണ്.. ട്രെയിനിൽ വച്ചു തന്നെ കണ്ടു മുട്ടുന്നത്… പിന്നീട് അവരുടെ ലോകം താൻ ആയിരുന്നു… ”

എന്റെ നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നി ഞാൻ ഗാർഡനിലെ ബെഞ്ചിൽ ഇരുന്നു….

“പിന്നീട് തന്നെ സേഫ് ആക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു അങ്കിൾ… ക്യാൻസർ ആണെന്ന് അറിയുമ്പോളും തന്റെ ഭാവി ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ… നല്ല സ്കൂളിൽ പഠിപ്പിച്ചു നല്ല വിദ്യാഭ്യാസം തന്നു സാന്ഫ്രാന്സിസ്കോയിൽ നിന്നും തിരിച്ചു ഹൈദരാബാദ് ലേക്ക് പോരുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഡയാന എന്നൊരു ചിന്ത മാത്രം ഉണ്ടായിരുന്നുള്ളൂ… ”

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി… പപ്പ എന്റെ അടുത്ത് നിൽക്കുംപോലെ എനിക്ക് തോന്നി…

“അങ്ങനെ ആണ് നാട്ടിൽ തനിക്കൊരു വീട് പണിയണം എന്നും… എന്നെങ്കിലും നാട്ടിലേക്ക് താൻ വരുമ്പോൾ മഹിയെ കുറിച്ച് എല്ലാം അറിയും മുന്നേ അയാൾക്ക്‌ ഒരു ജീവിതം കൊടുക്കണം എന്നൊക്കെ എന്നെ ഏൽപ്പിച്ചത്… പിന്നെ തന്നെ കിട്ടിയത് മഹിയിലൂടെ ആയതിനാൽ ഒരു കടപ്പാടും… ”

അയാൾ ഒന്ന് നിർത്തി എന്റെ അരികിലായി വന്നിരുന്നു….

“പിന്നെ തന്നെ എന്നെ ഏല്പിച്ചിട്ടാണ് തന്റെ പപ്പ പോയത്… എന്നും ഒരു നിഴൽ പോലെ തന്റെ കൂടെ ഉണ്ടാകണം എന്ന് പറഞ്ഞിരുന്നു… ഈ കഴുത്തിൽ ഒരു മിന്നു അണിയിക്കാൻ കൂടെ പറഞ്ഞിരുന്നു പക്ഷെ അത് കാണാൻ ഉള്ള ഭാഗ്യം അങ്കിളിനു ഉണ്ടായിരുന്നില്ല… ”

“മമ്മയെ അപ്പൊ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ… ”

“ആദ്യ ഭാര്യയോടും മകനോടും ഉള്ള അടുപ്പം തന്റെ മമ്മക്ക് ഇഷ്ടം അല്ലായിരുന്നു… എങ്കിലും അങ്കിളിന്റെ ഫ്യൂണറൽ നു ഞാൻ വന്നിരുന്നു.. പക്ഷെ ആരും തിരിച്ചറിഞ്ഞില്ല…. ”

“അയാൻ… നിങ്ങൾക്ക് ഇതെല്ലാം എന്നോട് മുന്നേ പറയാമായിരുന്നില്ലേ… ”

“എല്ലാം കൂടെ ഒറ്റയടിക്ക് അങ്ങ് പറഞ്ഞു തീർക്കാൻ പറ്റുമോ… പിന്നെ തന്റെ കുടുംബപ്രശ്നം ആദ്യം തീരട്ടെ എന്ന് കരുതി… തന്റെ മനസ്സിൽ നിന്നും മഹി ഇറങ്ങി പോയതിനു ശേഷം പോരെ എന്റെ എൻട്രി… ”

അത് പറഞ്ഞു അയാൾ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.. പക്ഷെ എന്തോ എന്റെ മനസ്സ് അപ്പോളും പപ്പയുടെ കൂടെ ആയിരുന്നു..

കുറച്ചു നേരം കൂടെ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു….

“എങ്കിൽ ഞാൻ ഇറങ്ങട്ടെ തമ്പുരാട്ടി… ”

“അതൊക്കെ പണ്ടല്ലേ… ഇന്ന് ഡയാന ഫെർണാണ്ടസ് ആണ്… ഇല്ലത്തെ ഭ്രഷ്‌ട് സന്തതി… ”

അത് പറഞ്ഞു ഞാനൊന്നു ചിരിച്ചു …

അയാൾ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു…

തിരിച്ചു മുറിയിൽ വന്നു എന്തൊക്കെയോ ചിന്തയിൽ മുഴുകി…

കൃഷ്ണന്റെ അമ്പലത്തിൽ നിന്നും സന്ധ്യാ ഭക്തി ഗാനം കേട്ടു തുടങ്ങി…

പഴയ ഓർമയിൽ പാട്ടുപാവാട ഒക്കെ എടുത്തിട്ട് അമ്പലത്തിലേക്ക് പോകണം എന്നെനിക്കു തോന്നി ..

പെട്ടന്ന് ഞാൻ ഉൾവലിഞ്ഞു.. പ്രയർ റൂമിൽ വന്നിരുന്നു ബൈബിൾ എടുത്തു വായിച്ചു… അപ്പോളാണ് പള്ളിയിൽ ഒന്ന് പോകാം എന്ന് തോന്നിയത്… ഞാൻ വേഗം ഒരു ഷാൾ എടുത്തു തലയിൽ ഇട്ടു പള്ളിയിലേക്ക് നടന്നു…

വ്യാഴാഴ്ച ആയതു കൊണ്ടു നൊവേന കഴിഞ്ഞു ആളുകൾ മടങ്ങി തുടങ്ങി…

ഇതുവരെ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടിൽ എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു…

ഈശോയുടെ തിരുരൂപത്തിനു മുന്നിൽ ഞാൻ മുട്ടു കുത്തി നിന്നു…

കണ്ണുകൾ നിറയുന്നത് ഞാൻ ഷാൾ കൊണ്ടു മറച്ചു…

സമയം ഏറെ ആയിട്ടും തിരിച്ചു പോകാൻ എനിക്ക് തോന്നിയില്ല… മഹിയെട്ടന്റെയും അയന്റെയും മുഖങ്ങൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു… പപ്പ മമ്മ… അച്ഛൻ അമ്മ… അപ്പു… എല്ലാം കൂടെ എന്റെ ചിന്തകൾ പാഞ്ഞു നടന്നു…

“കുട്ടി… നേരം ഏറെ ആയി… പോകുന്നില്ലേ… ”

ഞാൻ തല ഉയർത്തി നോക്കി.. അച്ഛനാണ്…

“പോകണം അച്ചോ… ഞാൻ നാളെ വരാം.. എനിക്ക് ഒന്ന് കുമ്പസരിക്കണം.. ”

“മോളെ ഇവിടെ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ… ”

“ഞാനും ഈ പള്ളിമുറ്റത്ത് കളിച്ചു വളർന്ന കുട്ടി തന്നെ ആണചോ..ഈ പള്ളിവക സ്കൂളിൽ പഠിച്ചു പത്താം ക്ലാസ്സ്‌ ഉയർന്ന മാർക്കിൽ പാസായ മനയ്ക്കലെ ബ്രമ്ഹദത്തൻ തിരുമേനിയുടെ മകൾ കാർത്തിക… ”

അച്ഛൻ ഒന്നും മനസിലാകാതെ എന്നെ നോക്കി…

“അന്ന് ഒളിച്ചോടി പോയ… ”

കപ്ലോൻഅച്ഛനെ പറ്റിച്ചു പള്ളിമേടയിലെ മൾബറിയും ചാമ്പങ്ങയും എന്തോരം പൊട്ടിച്ചു ഓടിയതാ ഞാൻ..

വിറയാർന്ന ശബ്ദത്തോടെ അച്ഛൻ കർത്താവിനെ വിളിക്കുന്നത് ഞാൻ കേട്ടു…

കാലൻകുടയിൽ ഊന്നിപ്പിടിച്ചു അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വന്നു..

“ഇല്ലത്തു കേറ്റിയോ… ”

“ഇല്ലച്ചോ… ഞാൻ മതം മാറി…പടിയടച്ചു പിണ്ഡം വച്ചില്ലേ… ”

“അന്ന് മോളെ അന്നെഷിച്ചു എല്ലാവരും നാടുനീളെ ഓടുമ്പോൾ മോൾടെ അച്ഛന്റെ കൂടെ ഇരുന്നത് ഞാൻ ആയിരുന്നു… എല്ലാം അന്ന് അയാൾ എന്നോട് പറഞ്ഞിരുന്നു… ജാതികളും മതങ്ങളും തമ്മിലുള്ള ഭ്രഷ്‌ട് ഞാനും തിരുമേനിയും തമ്മിൽ ഇല്ലായിരുന്നു… ഒരുപാട് വേദനിച്ചു അയാൾ… പള്ളിയിൽ നിന്നും കഴിയുന്ന സഹായങ്ങൾ ഞാനും എത്തിച്ചു കൊടുത്തിരുന്നു… ”

“അന്ന് പറ്റിയൊരു അബദ്ധം… പതിനഞ്ചു വയസ്സിൽ അങ്ങനെ ചിന്തിക്കാൻ ഉള്ള ബുദ്ധിയെ ഉള്ളായിരുന്നു… ”

“ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. ”

അന്നു തൊട്ടുള്ള കാര്യങ്ങൾ അച്ഛനോട് പറയുമ്പോൾ മനസ്സിൽ നിന്നും ഒരു ഭാരം ഇറങ്ങി പോയ പോലെ എനിക്ക് തോന്നി…

“ഞാൻ ഇറങ്ങട്ടെ അച്ചോ… നാളെ ഇല്ലത്തേക്ക് പോണുണ്ട്… അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം… ”

“കർത്താവ് കൂടെ ഉണ്ട് കുട്ടി… ”

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ വല്ലാത്തൊരു ഉന്മേഷം മനസ്സിൽ തോന്നിയിരുന്നു…

****

രാവിലെ വീട്ടീന്ന് ഇറങ്ങുമ്പോൾ മമ്മയുടെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ മുതൽ നെഞ്ചൊന്ന് നീറിയിരുന്നു…

മകൾ കൈ വിട്ടു പോകും എന്നൊരു ഭയം ആ കണ്ണുകളിൽ ഉണ്ടായിരുന്നു…

പടിപ്പുര കടന്നതും…

ഞാൻ ഓടി കളിച്ച മുറ്റത്തെ മൂകത എന്നെ തെല്ലു സങ്കടപ്പെടുത്തി….

എന്നെ കാണാഞ്ഞു ഉമ്മറത്തേക്ക് ഓടി ഇറങ്ങുന്ന അപ്പു…. അവൻ എന്നെ കണ്ടതും ഓപ്പോളെ എന്ന് വിളിച്ചു ഓടി വന്നു…

ഉമ്മറപ്പടിയിൽ കാലുകൾ പതിഞ്ഞതും എന്റെ ഉള്ളൊന്ന് പിടഞ്ഞു…

നേരെ അച്ഛന്റെ മുറിയിലേക്ക് നടന്നു ഞാൻ…

എന്നെ തന്നെ നോക്കി കിടക്കുന്ന ആ മുഖം…

“അച്ഛാ…. ”

എന്ന് വിളിച്ചു ആ കാലിൽ വീണു പോയി ഞാൻ….

തുടരും…