17/04/2026

എന്റെ മാത്രം കുഞ്ഞൊന്നും അല്ലല്ലോ…. കുഞ്ഞിന് വയ്യെങ്കിൽ ഒന്നെങ്കിൽ ബാലേട്ടൻ ലീവ് എടുത്ത് നിന്ന് നോക്കണം…

രചന – രച്ചൂസ് പപ്പൻ

#അവകാശി

എന്റെ മാത്രം കുഞ്ഞൊന്നും അല്ലല്ലോ…. കുഞ്ഞിന് വയ്യെങ്കിൽ ഒന്നെങ്കിൽ ബാലേട്ടൻ ലീവ് എടുത്ത് നിന്ന് നോക്കണം… ഭയങ്കര ഉദ്യോഗം ഒന്നും അല്ലല്ലോ പലചരക്കു കടയല്ലേ… അതും അല്ലെങ്കിൽ നിങ്ങടെ അമ്മയുണ്ടല്ലോ ഇവിടെ അവരോടു പറയണം…. ഇതുപോലെയുള്ള സില്ലി മറ്റേഴ്‌സിന് ഓഫീസിൽ നിന്ന് ലീവ് ചോദിക്കാൻ എന്നെ കിട്ടില്ല….
എന്ന് പറഞ്ഞു കണ്ണാടിയുടെ മുന്നിൽ ഒന്നുകൂടെ നോക്കി പുറത്തേക്ക് പോകുന്ന അമ്മയെ.. വിങ്ങലോടെ മാത്രമേ അന്നത്തെ അഞ്ചുവയസ്സ്കാരിക്ക് നോക്കികാണുവാൻ കഴിയുമായിരുന്നുള്ളൂ….

മൂന്നാം ദിവസവും ജോലിക്ക് പോകാതെ പനിക്കാരിക്ക് കൂട്ടിരിക്കുന്ന അച്ഛനോട് പനിച്ചൂടിന്റെ നിശ്വാസത്തിലും ഞാൻ വാശിപിടിച്ചു കരഞ്ഞത് അമ്മേ കാണണം… അമ്മയോട് വരാൻ പറയ് അച്ഛാ.. എന്ന് മാത്രം ആയിരുന്നു…

അമ്മയ്ക്ക് തിരക്ക് പിടിച്ച ജോലിയാണ് ലെച്ചു അച്ഛനില്ലേ മക്കടെ കൂടെ… പിന്നേ അച്ഛമ്മ ഉണ്ടല്ലോ… എന്ന് പറഞ്ഞു തലയിൽ തലോടുമ്പോൾ പാതി മയക്കത്തിലും ഞാൻ അമ്മയെ കാണണം എന്ന് തന്നെ ആവാം പറഞ്ഞത്..

ത്രിസന്ധ്യക്ക് ഉമ്മറത്തു തിരി വെച്ച് അച്ഛമ്മയുടെ ഓരം ചേർന്ന് നാമം ജപിക്കുമ്പോൾ കയറിവരുന്ന അമ്മയ്ക്ക് പിന്നാലെ ആ സാരി തുമ്പിൽ പിടിച്ചു കൊഞ്ചാൻ ചെല്ലുമ്പോൾ അമ്മ പറഞ്ഞത്…

രാവിലെ തുടങ്ങിയ കഷ്ടപ്പാട് ആണ് അതിനിടെ കൊഞ്ചാതെ പോകുന്നുണ്ടോ ലെച്ചു നീ… എന്നായിരുന്നു…

കർക്കിടകം കുത്തിപെയ്യുന്ന ദിവസങ്ങളിൽ സ്കൂളിലെ വരാന്തയിൽ നിന്ന് നാല് മണി മുഴക്കം കേൾക്കുന്ന നിമിഷം ഇടറോഡുകളിലൂടെ ഓടുന്നതിന് ഇടയിലും ചങ്ങാതിമാർ പറഞ്ഞിരുന്നത് ഈറനോടെ വീടെത്തുമ്പോൾ അമ്മ തരുന്ന ചൂട് ചായയെ കുറിച്ചും ചൂടൻ പലഹാരങ്ങളേ കുറിച്ചും മാത്രം ആയിരുന്നു.. അന്നും എന്റെ ഈറൻ മാറ്റി രാസ്നാദി പൊടി നെറുകയിൽ തടവാൻ അച്ഛമ്മ മാത്രം ഉണ്ടാർന്നുള്ളു…

ഉറങ്ങാൻ കിടന്ന എന്നെ കെട്ടിപിടിച്ചു ലെച്ചുട്ടന് കുഞ്ഞാവ വരാൻ പോകുവാ കേട്ടോ എന്ന് അച്ഛമ്മ പറയുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്…

കുഞ്ഞവാക്ക് കളിക്കാൻ കുന്നിമണികളും മയിൽ‌പീലിയും കുഞ്ഞുടുപ്പ് വാങ്ങാൻ കാശ്കുടുക്കയും സ്വരുക്കൂട്ടി വെച്ച എനിക്ക് മുന്നിൽ വെച്ച് തന്നെ ഇനിയൊരു കുട്ടി വേണ്ട… ഇതിനെ നശിപ്പിച്ചേ പറ്റു എന്ന് അമ്മ തീർത്തു പറയുമ്പോൾ ആദ്യമായി അച്ഛന്റെ കൈകൾ അമ്മയുടെ കവിളിൽ പതിഞ്ഞതിന് ഒപ്പം.. ഞാനും തിരിച്ചറിഞ്ഞിരുന്നു ചങ്ക് പിടയുന്ന കാലത്ത് ചങ്കിലെ ചോരയായ് കൂടെ ചേർത്ത് പിടിക്കാൻ ഒരു കൂടെപ്പിറപ്പ് ഇനി ഉണ്ടാവില്ല എന്ന്…

എട്ടാം ക്ലാസ്സിലെ ഓണ പരീക്ഷക്കിടയിൽ യൂണിഫോമിനെ നനച്ചു ചുവപ്പ് പടർന്നത് കണ്ടു തല ചുറ്റി ക്ലാസ്സിൽ വീണ എന്നെ വീട്ടിലേക്ക് കൂട്ടാൻ വന്ന അമ്മ.. വീടെത്തും വരെ ശകാരിച്ചത് നിന്റെ തലചുറ്റൽ നാടകം എന്നെ നാണം കെടുത്താൻ വേണ്ടി മാത്രം ആയിരുന്നു അല്ലെ ഡി എന്ന് ചോദിച്ചുകൊണ്ടായിരുന്നു….

അന്നൊരു സന്ധ്യക്ക് നോട്ടെഴുതി എടുക്കാൻ വേണ്ടി ബുക്ക്‌ ചോദിച്ചു വന്ന കണ്ണന്റെ മുന്നിൽ വെച്ച്…കൈയിൽ നുള്ളികൊണ്ട് അമ്മപറഞ്ഞത് ആൺപിള്ളേരുമായി ചങ്ങാത്തത്തിന് വേണ്ടി നാളെ മുതൽ കെട്ടി ഒരുങ്ങി സ്കൂളിലേക്ക് എന്നും പറഞ്ഞു പോവണ്ട എന്നായിരുന്നു…

ഇനിയുള്ള എന്റെ വഴി നഴ്സിംഗ് ആണ് എന്ന് ഉറപ്പിച്ചു അച്ഛന്റെ അനുവാദം വാങ്ങുമ്പോൾ അമ്മ പറഞ്ഞത് നല്ലത് നായക്ക് ചേരില്ല… വേറെ എന്തൊക്കേ കോഴ്സ് ഉണ്ട് ഈ ലോകത്ത് എന്നായിരുന്നു…

അന്നൊന്നും പറയാതെ മുറിക്കുള്ളിലേക്ക് പോയെങ്കിലും കാലങ്ങൾക്ക് ഇപ്പുറം അച്ഛമ്മ വീണുപോയപ്പോൾ കൊച്ചു കുഞ്ഞിനെ എന്നപോലെ നോക്കുന്ന എന്നെ ചൂണ്ടി അച്ഛൻ അമ്മയോട് പറഞ്ഞത്… അവൾ നേഴ്സ് ആയതിൽ എനിക്ക് അഭിമാനമേ ഒള്ളു എന്നായിരുന്നു…

ഉള്ളിലൊരു പ്രണയത്തിന്റെ നെരിപ്പോട് മുളപൊട്ടിയപ്പോൾ ആദ്യം അച്ഛന്റെ നെഞ്ചിൽ ചേർന്ന് നിന്ന് അനുവാദം വാങ്ങിയപ്പോളും അമ്മ പറഞ്ഞത്..മരിച്ചാലും നടത്തി തരില്ല നിന്റെ മോഹം… വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു ലോറി ഡ്രൈവറിന്റെ കൂടെ പോകുന്നതിലും നല്ലത്.. ചാകുന്നത് തന്നെയാണ് എന്നായിരുന്നു..

ഇന്ന് മുളപൊട്ടിയ അവകാശം പോര അമ്മേ എന്റെ തീരുമാനം മാറ്റാൻ.. അച്ഛന്റെ സമ്മതം മതി… എനിക്ക് പിന്നെ.. വിദ്യാഭ്യാസം ഉള്ളവർക്ക് എല്ലാം വിവരവും ഉണ്ടാകണം എന്നില്ലല്ലോ അമ്മേ…
ചങ്ക് പറിച്ചു തന്ന് സ്നേഹിക്കുന്നത് എന്റെ ഭർത്താവ് ആയാൽ മതി അദ്ദേഹം… അവിടെ ജോലിക്ക് അല്ല മുൻ‌തൂക്കം എന്ന് പറയുമ്പോൾ അച്ഛൻ എന്നെ നോക്കി ചിരിക്കുക മാത്രം ആണ് ചെയ്തത്….

കുഞ്ഞിനെ പിരിഞ്ഞു നില്കാൻ കഴിയാത്തത് കൊണ്ട് മാത്രം… കിട്ടിയ ജോലി വേണ്ടന്ന് വെച്ച എന്നെ അമ്മ ശകാരിക്കുമ്പോൾ ഞാൻ എന്റെ മണികുട്ടിയെ നെഞ്ചിൽ ചേർത്ത് പിടിച്ചു അമ്മയോട് പറഞ്ഞത്…

ഇനി ഒരു ലെച്ചു ഇവളിലൂടെ പുനർജനിക്കാതിരിക്കട്ടെ… അവൾ അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്ന അവസ്ഥ വരാതിരിക്കട്ടെ.. അതിനായ് മറ്റെന്തും മാറ്റി വെക്കും അവളുടെ അമ്മ…എന്ന് ഞാൻ പറയുമ്പോൾ… ആദ്യമായി അമ്മയുടെ തല കുനിഞ്ഞത് ഞാൻ കാണുകയായിരുന്നു…