രചന – ഗൗരി ലക്ഷ്മി
അവൻ തലയിണയിലേയ്ക്ക് മുഖം പൂഴ്ത്തി.. കണ്ണുനീർ ഒഴുകിയിറങ്ങി തലയിണയെ നനയിച്ചു..
ക്രൂരമായി താൻ ചതിക്കപ്പെട്ടിരിക്കുന്നു..
അവനാ സത്യം ഉൾക്കൊള്ളാൻ ശ്രമിച്ചു..
കാതങ്ങൾ ദൂരെ അവളും അവനെയോർത്ത് കണ്ണുനീർ പൊഴിക്കുകയായിരുന്നു..
ചതിക്കപ്പെട്ടവളുടെ വേദന..
പ്രണയം ചിലപ്പോൾ അങ്ങനെയാണ്.. ക്രൂരമായി വേദനിപ്പിക്കും.. അത്രമേൽ ഹൃദയം നുറുക്കും.. പിന്നെ വിരഹം കൊണ്ട് കുത്തിനോവിക്കും..
***********************
തുടർച്ചയായ ഫോൺ കോൾ കേട്ടാണ് ആദി കണ്ണു തുറന്നത്. ആരെന്ന് പോലും നോക്കാതെ അവൻ ഫോണെടുത്തു കാതിൽ ചേർത്തു..
നീയിറങ്ങിയോ ആദി.. എവിടെയെത്തി… ഇപ്പൊ വരുമെന്നും പറഞ്ഞിരുന്നിട്ട്. ഫോണെന്താ എടുക്കാഞ്ഞത്.. പേടിച്ചുപോയി ഞാൻ..
ക്രിസ്റ്റിയാണ്..
അവൻ എഴുന്നേറ്റിരുന്നു..
സോറി ടാ.. വല്ലാത്ത തലവേദന.. ഒരു ടാബ്‌ലറ്റും കഴിച്ചു കയറി കിടന്നു.. മയങ്ങിപ്പോയി..
എന്നിട്ട്.. എങ്ങനുണ്ടിപ്പോൾ..
കുറവുണ്ട്.. നല്ല കുറവുണ്ട്. ഞാനിപ്പോൾ ഇറങ്ങാം..
വേണ്ട..വയ്യെങ്കിൽ കിടക്ക്..ഞാൻ അങ്ങോട്ട് വരാം..
വേണ്ട.. അത്രയ്ക്കൊന്നുമില്ല. ഞാൻ ദേ എത്തി..
അവൻ പറഞ്ഞു..
എഴുന്നേറ്റുപോയി മുഖം കഴുകി.. കണ്ണൊക്കെ ചുവന്നിരുന്നു.. നല്ലതുപോലെ വെള്ളം കണ്ണിലൊഴിച്ചു.. തിരിച്ചു പോയി ഒരു ചായ തിളപ്പിച്ചു കുടിച്ചു.. ഫ്ലാസ്ക് എടുത്ത് കട്ടൻ കാപ്പി ഇട്ട് ഫ്ലാസ്കിൽ പകർത്തി..
വിശപ്പുണ്ട്..
അവൻ താഴത്തെ ഹോട്ടലിലേക്ക് വിളിച്ചു.. ചാപ്പത്തിയ്ക്കും കുറുമയ്ക്കും ഓർഡർ നൽകി..
അവൻ റെഡിയായി വന്നപ്പോഴേയ്ക്കും ഹോട്ടലിലെ പയ്യൻ ഭക്ഷണം എത്തിച്ചിരുന്നു.. അവനത് വാങ്ങി..സ്ഥിരം നൽകുന്ന 10 രൂപ കൂടുതലും നൽകി. അതവനുള്ളതാണ്..
ഭക്ഷണവും കഴിച്ചവൻ ഫോണും ഫ്ലാസ്‌കും എടുത്തിറങ്ങി.
ഡ്രൈവ് ചെയ്തുപോകുന്ന വഴിയിലൊക്കെയും എന്തൊക്കെയോ ഓർമകളുണ്ടെന്ന് തോന്നിയവന്. കഴിഞ്ഞ ദിവസം രാത്രി അല്ലിയോടൊപ്പം ഈ വഴി താണ്ടി പോകുമ്പോൾ പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളായിരുന്നു..ചെറു കുറുമ്പുകളും തമാശകളും പറഞ്ഞു പൊട്ടിച്ചിരിച്ച് തനിക്കൊപ്പം ഉണ്ടായിരുന്നവൾ ഇന്ന് താൻ കാരണം ആശുപത്രിയിൽ.. അവൾക്കായുള്ള ഈ യാത്ര..
പാർക്കിങ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് ഫ്ലാസ്‌കും ഫോണും എടുത്തു..
അകത്തേയ്ക്ക് നടക്കുമ്പോൾ തന്റെ വേദനകൾ മറ്റാരും അറിയാതെയിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു.. പ്രത്യേകിച്ച് അല്ലി.. അവൾക്ക് വേദനിക്കും.. അത് പാടില്ല.
അവൻ ക്രിസ്റ്റി പറഞ്ഞുകൊടുത്ത റൂമിലേക്ക് നടന്നു..
ലിഫ്റ്റ് ഇറങ്ങിയപ്പോഴേ കണ്ടു വരാന്തയിൽ അവിടവിടെയായി നിൽക്കുന്നവരെ.. എല്ലാവരുമുണ്ട്.. എപ്പോഴാണ് അവരിങ്ങോട്ട് വന്നത് എന്നറിയില്ല.. താൻ ഫ്ലാറ്റിലേക്ക് പോയപ്പോൾ എല്ലാവരും കൂടെയുണ്ടായിരുന്നു..
ആദിയെ കണ്ടതും റോയ് അവനരികിൽ വന്നു..
എങ്ങനുണ്ട് തലവേദന…
അയാൾ അവനെ തഴുകിക്കൊണ്ട് ചോദിച്ചു..
കുറവുണ്ട് റോയിച്ചാ..
അവൻ പറഞ്ഞു..
അല്ലി..
റൂമിലുണ്ട്.. നീ വന്നിട്ട് ഇറങ്ങാം എന്നു കരുതി..
അയാൾ പറഞ്ഞു..
മ്മ്.. അല്ലെങ്കിലും എല്ലാവരും കൂടി എന്തിനാ ഇവിടെ..
അവൻ പറഞ്ഞു..
അപ്പോഴേയ്ക്കും റൂമിൽ നിന്ന് കണ്ണുനീരൊപ്പിക്കൊണ്ട് ജോളിമ്മ ഇറങ്ങി വന്നു.. അവൻ സംശയത്തോടെ അവരെ നോക്കി..
അവനെ കണ്ടതും അവർ ചിരിക്കാൻ വൃഥാ ശ്രമിച്ചു..
എന്താ ജോളിമ്മേ…
ഒന്നുമില്ലെന്നവർ കണ്ണു ചിമ്മി..
ആദീ.. വാ..
ക്രിസ്റ്റി അവനെയും വിളിച്ച് അകത്തേയ്ക്ക് പോയി…
അല്ലീ..
ക്രിസ്റ്റി വിളിച്ചു.. കട്ടിലിൽ എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു അവൾ.. അവൾ തിരിഞ്ഞൊന്ന് നോക്കി..
ആദി അവൾക്കരികിലായി ചെന്നിരുന്നു..
എന്താടാ..
അവൻ അവളെ നോക്കി..
ഒന്നും മിണ്ടാതെ തന്നെ നോക്കി ഒരു ഭാവവെത്യാസവും ഇല്ലാതെയിരിക്കുന്നവളെ കാണേ ആദിയ്ക്ക് വല്ലാത്ത ഭയം തോന്നി..
എന്താ അല്ലീ…
അവൾ ഒന്നും മിണ്ടിയില്ല.. ഒന്നനങ്ങിയില്ല.. അവനെ നോക്കി വെറുതെ ഇരുന്നു..
നീയെന്താ ഒന്നും മിണ്ടാത്തെ.. പിണക്കമാണോ..
അതിനും അവൾ മറുപടി പറഞ്ഞില്ല.. കട്ടിലിലേക്ക് ചാഞ്ഞിരുന്നു.. കണ്ണടച്ചു..
എന്താടാ ഇത്..
ആദി ക്രിസ്റ്റിയെ നോക്കി..
നീ വാ.. പറയാം..
ക്രിസ്റ്റി അവനുമായി പുറത്തേക്കിറങ്ങി..
അവളെന്തെങ്കിലും പറഞ്ഞോ ആദീ..
മീനയുടെ വാക്കുകളിൽ വല്ലാത്ത പ്രതീക്ഷയുണ്ടായിരുന്നു. ആദി അവരെ സംശയത്തോടെ നോക്കി..
അവളിതുവരെ ആരോടും ഒന്നും മിണ്ടിയിട്ടില്ല ആദീ..
ക്രിസ്റ്റി പറഞ്ഞു..
അതെന്താ..
അറിയില്ല..
ആകാശ് ഒന്നും പറഞ്ഞില്ലേ..
ഡോക്ടർ ആകാശ്.. ആദിയുടെ ഫ്രണ്ട് ആണ്..
മ്മ്.. ആകാശ് വന്നു നോക്കി.. നാളെ സൈക്കോളജിസ്റ്റിനെ ഒന്നു കാണിക്കാം എന്നാ പറഞ്ഞത്..മുൻപ് കരയുവായിരുന്നു അവൾ..
പെട്ടെന്നുണ്ടായ ഷോക്ക് അല്ലെ.. അതിന്റെയാകും.. പേടിക്കാൻ ഒന്നുമില്ലെന്നാ ആകാശ് പറഞ്ഞത്..
ടോം പറഞ്ഞു..
ആദിയ്ക്ക് വല്ലാത്ത വേദന തോന്നി.. താൻ കാരണം അവൾ..
ആദീ. സോറി..
പ്രസാദ് അവനെ ചേർത്തുപിടിച്ചു പറഞ്ഞു..
പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ.. അവരൊക്കെ അങ്ങനെ പറഞ്ഞപ്പോ… എല്ലാം എന്റെ തെറ്റാ.. എന്റെ മക്കളെ എനിക്കറിയാം എന്നു പറയണമായിരുന്നു.. എന്റെ മോളെ ചേർത്ത് പിടിക്കണമായിരുന്നു.. അവളത് ആഗ്രഹിച്ചുകാണും..
എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും അവൾ ആഗ്രഹിച്ചു കാണും ഞാനോ മീനയോ ഒന്ന് ചേർത്തുപിടിച്ചു പോട്ടെ എന്നെങ്കിലും പറയണമെന്ന്..ഈയവസ്ഥയിൽ എന്റെ മോളെ എത്തിച്ചത് ഞാനാ.. ഈ മഹാപാപി..
അയാൾ തലയിൽ കൈവെച്ചു കരഞ്ഞു..
അങ്കിൾ..
ആദി അയാളെ തടഞ്ഞു..
അപ്പോഴേയ്ക്കും മുരളിയും ടോമും വന്ന് അയാളെ പിടിച്ചു കസേരയിൽ ഇരുത്തി..
ഇങ്ങനൊന്നും പറയാൻ ഒന്നുമുണ്ടായിട്ടില്ല അങ്കിൾ.. ആകാശ് പറഞ്ഞത് കേട്ടില്ലേ.. പെട്ടെന്നുണ്ടായ ഷോക്ക്.. നല്ലൊരു കൗണ്സിലിംഗ് കിട്ടിയാൽ അല്ലി പഴയതുപോലെ ആകും.. അങ്കിൾ ഇങ്ങനെ വിഷമിക്കാതെ..
ക്രിസ്റ്റി പറഞ്ഞു..
ആന്റി.. വാ.. ഞാൻ ഫ്ലാറ്റിലാക്കാം.. വയ്യാതെ ഇവിടെ നിൽക്കേണ്ട..
ക്രിസ്റ്റി പറഞ്ഞു..
ആദി സംശയത്തോടെ അവനെ നോക്കി..
ആന്റിയ്ക്ക് ബിപി ഷൂട്ട് ചെയ്തു.. ഓർമ്മയില്ലാതെ വീണു..
ക്രിസ്റ്റി പറഞ്ഞു..
ടെൻസ്ഡ് ആകേണ്ട ആന്റി.. അവൾക്ക് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞല്ലോ..
ക്രിസ്റ്റി മീനയെ നോക്കി…
അതേ.. മീന തൽക്കാലം ഫ്ലാറ്റിലേക്ക് പൊയ്ക്കോ.. ഞാൻ നിന്നോളാം ഇവിടെ..
ഭാമ പറഞ്ഞു..
വേണ്ട.. ഞാനെന്റെ കുഞ്ഞിനെ വിട്ട് എങ്ങോട്ടുമില്ല..
മീന കരഞ്ഞു..
പ്രസാദേട്ടാ.. മീനയോട് പറയ്.. എല്ലാവരും കൂടെ ഇവിടെ നിൽക്കേണ്ടല്ലോ.. അല്ലിക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല..
ഭാമ തീർത്ത് പറഞ്ഞു.. ആദി മാത്രം മൗനമായി ഭിത്തിയിൽ ചാരി നിന്നു..
ഒടുവിൽ ഭാമ മാത്രം നിന്നോളാം എന്നു തീർപ്പായി…. ആദി മാത്രം ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്നു..
ആദീ.. വാ ഇറങ്ങാം..
ക്രിസ്റ്റി വിളിച്ചു..
വേണ്ടടാ.. ഞാനില്ല.. നീ പൊയ്ക്കോ..
അവൻ പറഞ്ഞു..
ഇവിടെ രാത്രി റൂമിൽ ആരെയും നിർത്തില്ലെടാ.. ഒരാൾക്കെ നിൽക്കാൻ പറ്റൂ.. ഭാമയാന്റി ഉണ്ടല്ലോ ഇവിടെ.. നീ വാ..
അവൻ പറഞ്ഞു..
ഞാനില്ല.. എന്റെ അല്ലിയെ ഇവിടെയാക്കി ഞാനെങ്ങോട്ടുമില്ല.. ഞാനിവിടെ ഇരുന്നോളാം.. അവിടെ വന്നാലും എനിക്കൊരു സമാധാനവും കിട്ടില്ലെടാ..
ആദി കരഞ്ഞു പോയി..
ക്രിസ്റ്റി അവനെ സമാധാനിപ്പിച്ചു…
അവൻ നിന്നോട്ടെ ക്രിസ്റ്റി..
ടോം പറഞ്ഞു..
എങ്കിൽ ഞാനും ഇവിടെ നിൽക്കാം..
അത് വേണ്ട നീ പൊയ്ക്കോ.. പ്രോജക്ടിന്റെ കാര്യവും നോക്കേണ്ടേ.. നീ ചെല്ല്..
നീയൊറ്റയ്ക്ക് ഇവിടെ..
ക്രിസ്റ്റി മടിച്ചു..
അപകടമാണെന്ന് അറിഞ്ഞിട്ടും എന്നെ ഒറ്റയ്ക്ക് വിടാതെ കൂടെ വന്നവളല്ലേ അകത്ത്.. അല്ലായിരുന്നെങ്കിൽ എന്റെ അല്ലിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.. എല്ലാവരുടെയും മുൻപിൽ അവൾ..
എനിക്ക് വയ്യെടാ.. ഇവിടുന്നെങ്ങും പോയാൽ എനിക്ക് സ്വസ്ഥത കിട്ടില്ല.. ഒത്തിരി നേരം ഞാനും ഒറ്റയ്ക്ക് ഇരിക്കട്ടെ.. നീ ചെല്ല്..
ആദി പറഞ്ഞു..
മീനയുടെയും പ്രസാദിന്റെയും മുഖം താഴ്ന്നു പോയിരുന്നു.. ക്രിസ്റ്റി അവനെ ചേർത്തുപിടിച്ചു..
ആര് മനസ്സിലാക്കിയാലും ഇല്ലേലും ഞാനില്ലെടാ നിങ്ങടെ കൂടെ.. എനിക്കറിയാല്ലോ നിങ്ങളെ.. നീ വിഷമിക്കേണ്ട.. നമ്മുടെ അല്ലിക്ക് ഒന്നും വരില്ല.. നീ കണ്ടോ അവൾ പഴയതിലും ഉഷാറായി മടങ്ങിവരും.. ബി സ്‌ട്രോങ് ടാ..
ആദി ക്രിസ്റ്റിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ ആദിയെ ചേർത്തുപിടിച്ചു.. ആ സൗഹൃദം കണ്ടുനിന്ന ഓരോരുത്തരും അത്രമേൽ ആഴത്തിൽ മനസ്സിലാക്കുകയായിരുന്നു അപ്പോഴും..
************************
ഇരിക്ക്..
ആകാശ് പുഞ്ചിരിച്ചു..
ഇത് ഡോക്ടർ കീർത്തന.. ഇവിടെ സൈക്കോളജി ഡിപ്പാർട്മെന്റിൽ ആണ്..
ആകാശ് പറഞ്ഞു..
ഇയാളാണ് അല്ലിയെ നോക്കുന്നത്..
മ്മ്..
ആദി മൂളി..
ഡോക്ടർ എന്റെ മോള്..
മീന അവരെ നോക്കി..
ഹേയ്.. അമ്മയിങ്ങനെ വിഷമിക്കാൻ വേണ്ടീട്ട് അല്ലിയ്ക്ക് ഒന്നുമില്ല..
അവൾ പുഞ്ചിരിച്ചു.. ആദി അവളെ നോക്കി..
ആയില്യയോട് ഞാനിന്ന് സംസാരിച്ചു.. ആ കുട്ടി ഒരു ഹാഫ് ആൻ അവറോളം കരയുകയായിരുന്നു..
നമുക്കെല്ലാവർക്കും ഉള്ള ഒരു കുഴപ്പമാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നത്.. അതൊരു ബോൾഡ്നെസ് ആണെന്നുള്ള ധാരണ പൊതുവേയുണ്ട്. ആയില്യയെ സംബന്ധിച്ചു ആ കുട്ടി സങ്കടങ്ങൾ ഫേസ് ചെയ്യാൻ ശീലിച്ച കൂട്ടത്തിലാണ്.. പക്ഷെ അന്നുണ്ടായ ഇൻസിഡന്റ്..അതാ കുട്ടിയുടെ മനസ്സിൽ വല്ലാത്ത മുറിവാണ് ഉണ്ടാക്കിയത്..
അത്രകാലവും മറ്റൊരാളുടെ നല്ലതിന് ചെയ്തതൊക്കെയും അയാളുടെ ജീവിതം തന്നെ തകർക്കാൻ കാരണമായി എന്ന തോന്നൽ.. അതിന്റെ കൂടെ എല്ലാവരുടെയും മുന്പിലേറ്റ അപമാനം.. അത്രമേൽ കൂടെ നിൽക്കണമെന്ന് ആശിച്ചവരൊക്കെയും കുറ്റപ്പെടുത്തുകയും കയ്യൊഴിയുകയും ചെയ്യുക.. എല്ലാം കൊണ്ടും ആയില്യ തളർന്നിരുന്നു..
ആദിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
കൂടെ ആദികേശവിന്റെ ലൈഫ് തകരാൻ അയാളാണ് കാരണം എന്ന തോന്നലും.. എനിവേ ഇപ്പൊ അയാൾ സംസാരിക്കുന്നുണ്ട്..
പഴയത് പോലെ കളിയും ചിരിയും ഒന്നുമില്ലെങ്കിലും അയാൾ ഇപ്പോൾ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നുണ്ട്.. ഗേവ് ഹെർ സം ടൈം..
അവൾ കാത്തിരുന്ന ജീവിതം ഇനിയില്ല എന്ന യാദാർത്ഥ്യത്തോട് അവൾ പൊരുത്തപ്പെട്ടു വരുന്നെയുള്ളൂ.. അതുപോലെ ആദിയുടെ ലൈഫും.. അത് തകരാൻ കാരണം അവളാണെന്ന ബോധ്യം അവളിൽ നിന്ന് മാറ്റിയെടുക്കണം..
അതു മതി.. ആ കുട്ടിക്ക് വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.. ഇനി ഇവിടെ ഇങ്ങനെ കണ്ടിന്യൂ ചെയ്യണമെന്നും ഇല്ല.. മറ്റ് പ്രോബ്ലംസ് ഒന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്തോളൂ.. ആൻഡ് ഇറ്റ്‌സ് ബെറ്റർ റ്റു ടേക്ക് ഹെർ റ്റു യോർ പ്ളേസ്.. അവൾക്ക് ഈ സിറ്റുവേഷനിൽ നിന്നൊരു മാറ്റവുമാകും..
പിന്നെ ഈ കാര്യങ്ങൾ പറഞ്ഞു ആയില്യയെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ചെറിയ പ്രശ്‌നങ്ങൾ ആണ് വലുതായി ഡിപ്രഷൻ വരെയൊക്കെ പോകുന്നത്.. സോ ആ കുട്ടിയിൽ ഒരു ശ്രദ്ധ നല്ലതാണ്.
ഓകെ ഡോക്ടർ..
പ്രസാദ് പറഞ്ഞു.. മീനയും ആശ്വാസത്തോടെ കണ്ണു തുടച്ചു..
ആൻഡ് ആദി.. ഞാൻ ആയില്യയോട് പറഞ്ഞത് തന്നെയാണ് തന്നോടും പറയുന്നത്.. ഒന്ന് മാറി നിൽക്കൂ.. തൽക്കാലം പ്രൊഫഷണൽ തിരക്കുകളിൽ നിന്നൽപ്പം റിലാക്സ് ചെയ്യൂ.. നിങ്ങൾ രണ്ടുപേരും അയൽക്കാരാണ് അല്ലെ..
മ്മ്..
ആദി മൂളി..
അങ്ങനെയെങ്കിൽ നിങ്ങൾക്ക് തൽക്കാലം നാട്ടിൽ പൊയ്ക്കൂടെ . അവിടെ കുറച്ചൂടെ കംഫർട്ട് ആകില്ലേ രണ്ടാളും..
മ്മ്..
അവൻ മൂളി..
പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞു.. അപ്പോഴും ആദിയുടെ മനസ്സിൽ നിയ പറഞ്ഞ വാക്കുകൾ ആയിരുന്നു..
നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം..
ആദീ.. വാ..
പ്രസാദ് പറഞ്ഞപ്പോഴാണ് അവൻ ചുറ്റും നോക്കിയത്..
എന്നിട്ടും ഒന്നും മിണ്ടാതെ അവൻ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു… അല്ലിയുടെ അരികിലേയ്ക്ക്..
അല്ലീ..
അവന്റെ വിളിയിൽ അവൾ മുഖം തിരിച്ചു നോക്കി..
അവനവളെ നോക്കി.. രണ്ടു ദിവസം കൊണ്ട് പകുതിയായിരിക്കുന്നു.. കൺതടങ്ങളിൽ കറുപ്പ് പടർന്നിരുന്നു.. കണ്ണും മുഖവും ചുവന്നിട്ടുണ്ട്.. അപ്പോഴും അവളുടെ കവിളിനെ ചുംബിച്ചു കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..
അവൻ അവർക്കരികിൽ വന്നിരുന്നു..
ക്യാനുല ഉള്ള കൈ പിടിച്ചു തന്റെ കൈക്കുള്ളിലാക്കി..
ദേഷ്യാണോ ആദീ ന്നോട്..
അവളുടെ ശബ്ദമിടറി..
അവൻ അവളെ അലിവോടെ നോക്കി..
എന്തിനാടാ..
അവൻ അവളെ നോക്കി ചിരിച്ചു..
നിയ..
കല്യാണമാണ്.. നേരത്തെ പറഞ്ഞുറപ്പിച്ച ഡേറ്റിൽ..
ആദീ..
അല്ലി വേദനയോടെ വിളിച്ചു..
പോട്ടെ..
അവൻ കണ്ണു ചിമ്മി..
അല്ലി കണ്ണു തുടച്ചു..
മോളെ..
മീനയും പ്രസാദും വന്നു.. അവൾ നിറകണ്ണുകളോടെ അവരെ നോക്കി..
സോറി കണ്ണാ..
അച്ഛന്റെ ആ വാക്കിൽ തന്നെ അല്ലി കരഞ്ഞുപോയിരുന്നു.. അയാളവളെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു..
അമ്മയും കരയുകയായിരുന്നു..
എപ്പോഴാ അങ്കിൾ പോകുന്നത്..
ഇന്ന് തന്നെ പോകാമെന്നാ വിചാരിക്കുന്നത്..മോൻ വരുന്നോ..
അങ്കിളിന് ദേഷ്യമുണ്ടോ എന്നോട്..
അവനയാളെ നോക്കി..
ഒരിക്കലുമില്ല.. നിനക്കല്ലേ എന്നോട് ദേഷ്യം തോന്നേണ്ടത്..
എന്തിന്.. അപ്പോൾ ദേഷ്യം തോന്നി.. അല്ലിയെ അടിച്ചതിന്.. വിഷമിപ്പിച്ചതിന്.. വിശ്വാസിക്കാഞ്ഞതിന്.. പക്ഷെ..ഇപ്പൊ അതൊന്നുമില്ല.. ഒരച്ഛന്റെ വേദനയും അമ്മേടെ കണ്ണീരും ഒക്കെ എനിക്കറിയാം..
അവനെ പ്രസാദ് ചേർത്തുപിടിച്ചു..
സോറി മോനെ..
സാരമില്ല അങ്കിൾ..
അവൻ പുഞ്ചിരിച്ചു..
ഞാൻ കൂടെ വരാം.. നമുക്കാ കുട്ടിയുടെ വീട്ടുകാരോട് പോയി സംസാരിച്ചാലോ..
ആ സ്റ്റേജ് ഒക്കെ കഴിഞ്ഞുപോയി അങ്കിൾ.. അവളുടെ മാര്യേജ് ഫിക്സ് ചെയ്തു..
അതിന് നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ..
അത് രജിസ്റ്റർ മാര്യേജ് അല്ലെ.. 1 മാസം നോട്ടീസ് പീരീഡ് ഉണ്ട്. അതിനിടയ്ക്ക് സുഖമായി മാര്യേജ് അസാധുവാക്കാം.. പിന്നെ അയാൾക്ക് നല്ല പിടിപ്പാടും ഉണ്ടല്ലോ..
അന്നെന്താ മോനെ ഉണ്ടായത്..
മീന ചോദിച്ചു..
അക്കാര്യത്തിൽ ഇപ്പോഴും എനിക്ക് പിടിയില്ല അങ്കിൾ..
അവൻ പറഞ്ഞു..
അതൊക്കെ തൽക്കാലം വിട്. നമുക്ക് ഡിസ്ചാർജ് വാങ്ങി ഫ്ലാറ്റിലേക്ക് പോകാം.. എന്നിട്ട് നാട്ടിൽ പോകാം..ഇവിടുന്ന് അൽപ്പദിവസം മാറി നിൽക്ക്..
പ്രസാദ് പറഞ്ഞു..
മ്മ്..
ആദി അല്ലിയെ നോക്കി.. അവളപ്പോഴും ഏതോ ഓർമയിൽ നീറുകയാണ്..
അവളെ വിളിച്ച് തന്നോടൊപ്പം ചേർക്കാനും തമാശ പറയാനുമൊക്കെ ആദിക്ക് തോന്നുന്നുണ്ടായിരുന്നു.. പക്ഷെ സാധിക്കുന്നില്ല.. മുറിവേറ്റത് തനിക്ക് കൂടിയാണ്.. ആ മുറിവിൽ നിന്നിപ്പോഴും രക്തം പൊട്ടിയൊലിക്കുന്നുണ്ട്.. അവൻ മൗനമായി മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ചു..
*************************
അല്ലി.. മോളെ..
മീനയുടെ വിളി കേട്ടാണ് അല്ലി കണ്ണു തുറന്നത്.
അവൾക്ക് കണ്ണു നോവുന്നുണ്ടായിരുന്നു..
കരഞ്ഞു വീർത്ത കണ്പോളകൾ ചിമ്മിത്തുറന്നവൾ അമ്മയെ നോക്കി. അവരുടെ കണ്ണുകളിൽ അപ്പോഴും വേദനയാണ്.. അവൾ എഴുന്നേറ്റൊന്ന് പുഞ്ചിരിച്ചു..
വാ.. നേരമൊരുപാടായി..
മീന പറയുന്നത് കേട്ടതും അവൾ ക്ലോക്കിലേയ്ക്ക് നോക്കി..
യ്യോ 8 മണിയോ..
മ്മ്.. അതാ പറഞ്ഞത്.. വാ.. അവിടെ അച്ഛൻ നിന്നെ അന്വേഷിക്കുന്നുണ്ട്..
മീന പറഞ്ഞു.. അല്ലി പുതപ്പ് മാറ്റി.. ശേഷം മീനയുടെ മടിയിലേയ്ക്ക് കിടന്നു..
അവർ ഒന്നും മിണ്ടാതെ അവളെ തഴുകി..
ഓറ്റ ദിവസം കൊണ്ട് തന്റെ മകളുടെ ജീവിതം തകർന്നിരിക്കുന്നു.. അവൾ ചുറ്റുമുള്ളവർക്ക് മുൻപിൽ മോശക്കാരിയാക്കപ്പെട്ടിരിക്കുന്നു.. അവളേറെ സ്നേഹിച്ച കാത്തിരുന്ന ജീവിതം അവളുടെ കൈവിട്ട് പോയിരിക്കുന്നു. ചതിക്കപ്പെട്ടിരിക്കുന്നു..
ആ ഓർമയിൽ ആ അമ്മയൊന്നു തേങ്ങി.. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അവളുടെ മുഖത്തേയ്ക്ക് വീണു..
അവൾ അവരെ നോക്കി പുഞ്ചിരിച്ചു..
ഇരുന്ന് കരയാതെ പോയി നല്ല മൊരിഞ്ഞ നെയ്‌റോസ്റ്റ് ഉണ്ടാക്ക് മീനപ്പെണ്ണേ..എനിക്ക് വിശക്കുന്നു..
അവൾ പറഞ്ഞു..എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കിയുള്ള പുഞ്ചിരി..
അവരവളെ തഴുകി.. അപ്പോഴേയ്ക്കും അവൾ എഴുന്നേറ്റിരുന്നു..
സ്സ്..
ചൂടാ പെണ്ണേ കൈപൊള്ളും..
അടുക്കള സ്ലാബിൾ ഇരുന്ന് ദോശകല്ലിൽ നിന്ന് ചുട്ടെടുക്കുന്ന ദോശയെ നേരെ പാത്രത്തിലേക്ക് ഏറ്റുവാങ്ങി ആർത്തിയോടെ കഴിക്കുന്ന അല്ലിയോടായി മീന പറഞ്ഞു..
എത്ര നാളായി അമ്മേടെ കൈ കൊണ്ടിങ്ങനെ ചുട്ട് കഴിച്ചിട്ട്..
അവൾ പറഞ്ഞു..
അപ്പോഴേയ്ക്കും പുറത്ത് ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു..
ആദിയാണോ അച്ഛാ..
അവൾ ഉറക്കെ വിളിച്ചു ചോദിച്ചു..
ആ മോളെ..
വരാൻ പറയ്.. നല്ല ചൂട് നെയ്‌റോസ്റ്റ്..
അവൾ നല്ല ശബ്ദത്തിൽ വിളിച്ചു പറഞ്ഞു..
മോനെവിടെ പോയി ഇത്ര നേരത്തെ..
പ്രസാദ് ചോദിച്ചു..
ഈ നാട്ടുമാവിൽ ഇത്തവണ മാങ്ങയില്ലേ അങ്കിൾ..
അതും ചോദിച്ചാണ് അവൻ ആ പഴയ തറവാടിന്റെ തിണ്ണയിലേയ്ക്ക് കയറിയത്..
ഇത്തവണ പൂത്തപ്പോൾ നല്ല മഴയായിരുന്നു.. കുറവാ.. അങ്ങിങ്ങായി അഞ്ചാറ് കണ്ണിമാങ്ങകൾ ഉണ്ട്..
അയാൾ പറഞ്ഞു..
അല്ല..ഞാൻ ചോദിച്ചതിനൊന്നും പറഞ്ഞില്ല.. ഇത്ര കാലത്തെ എവിടെ പോയി.. അമ്പലത്തിൽ പോയോ..
ഇല്ലങ്കിൾ… അത്യാവിശമായി ഒരാളെ കാണാൻ ഉണ്ടായിരുന്നു..
എന്നിട്ട് കണ്ട കാര്യം നടന്നില്ലെന്ന് തോന്നുന്നല്ലോ..
മ്മ്.. അല്ലി..
അകത്തുണ്ട്.. അമ്മേടെ കൂടെ.. ദോശ കഴിക്കുന്നു.. ചെല്ലു..
അയാൾ പറഞ്ഞു..
അവൻ അകത്തേയ്ക്ക് പോയി..
വാ.. ദോശ..
അവൾ വിളിച്ചു.. അവളുടെ ചിരി കണ്ടതും അവന്റെ ഹൃദയം സാന്ദ്രമായി..
വാ മോനെ.. കഴിക്ക്..
മീന പറഞ്ഞു.
അവൻ അവളുടെയൊപ്പമിരുന്നു..
അവൾ പാത്രം അവനായി നീട്ടിയതും അവനതിൽ നിന്നൊരു ചെറു കഷ്ണം മുറിച്ചു വായിലിട്ടു..
മീന അതും നോക്കി ചിരിയോടെ നിന്നു..
കഴിച്ചു കൈ കഴുകിക്കൊണ്ട് നിൽക്കുമ്പോഴാണ് പുറത്തൊരു കാർ വന്നത്..
അവർ പുറത്തേക്കിറങ്ങി.. വന്നയാളെ കണ്ടതും അല്ലിയുടെ മുഖം തിളങ്ങി..
ജോളിമ്മേ..
അതും പറഞ്ഞവൾ ഓടിച്ചെന്നവരെ പുണർന്നു..
നീയിവിടെ ഉണ്ടായിരുന്നോ..
റോയ് ആദിയെ കണ്ടതും ചിരിയോടെ ചോദിച്ചു..
ഹാ.. റോയിച്ചൻ വരൂന്ന് പറഞ്ഞില്ലല്ലോ..
ഞങ്ങളൊരു ലോങ് ഡ്രൈവിന് ഇറങ്ങിയതാ പിള്ളേരെ.. എയർപോർട്ടിൽ നിന്നിങ്ങോട്ട്..
ഇതാരുടെ കാറാ..
ടോമിന്റെ പെങ്ങളുടെ കാറാ..
ആഹാ. എന്നിട്ട് ടോമങ്കിൾ എന്തിയെ..
ആദി ചോദിച്ചു..
ആ പത്രോഫീസിൽ കേറി.. ഏതാണ്ട് അത്യാവിശമുണ്ടെന്ന്
പറഞ്ഞു..
വന്ന കാലിൽ നിൽക്കാതെ വാ രണ്ടാളും..
പ്രസാദ് പറഞ്ഞു..
അല്ലി ജോളിമ്മയെ ചേർത്തുപിടിച്ചകത്തേയ്ക്ക് നടന്നു.. റോയുടെ തോളിൽ കയ്യിട്ട് ആദിയും..
എന്തിയെ മുരളിയും ഭാമയും..
റോയ് മതിൽക്കെട്ടിനപ്പുറത്തുള്ള ആദിയുടെ വീട്ടിലേയ്ക്ക് നോക്കി ചോദിച്ചു..
അവിടുണ്ട്. നിങ്ങൾ വന്നത് അറിഞ്ഞില്ലല്ലോ..
മ്മ്..
അപ്പോഴേയ്ക്കും മീന അകത്തേയ്ക്ക് പോയി..
ക്രിസ്റ്റി കൂടെ ഉണ്ടായിരുന്നേൽ കോറം തികഞ്ഞേനെ..
പ്രസാദ് ചിരിച്ചു..
അവനവിടെ ഉള്ള ധൈര്യത്തിലാ ജോളിമ്മേംകൂട്ടി ഇങ്ങു പോന്നേ.. ഒറ്റ ദിവസം അവൻ നോക്കിക്കോളാം എന്നു പറഞ്ഞു.. പാവം ഇപ്പൊ ഇവരൂടെ ഇല്ലാത്തതുകൊണ്ട് നല്ല വർക്ക് ലോഡാ.. അല്ലേലും അല്ലിമോള് ചെയ്യും പോലെ ക്രിസ്റ്റിക്ക് പറ്റില്ല. ഇവര് രണ്ടാളും ചെയ്യുന്ന ജോലി ഒറ്റയ്ക്ക് മോള് ഹാൻഡിൽ ചെയ്യും.. ആദിയും കുറെയൊക്കെ ഓകെ ആക്കും.. ക്രിസ്റ്റിയ്ക്ക് പക്ഷെ ടെൻഷൻ ആണ്.. അതുമല്ല രാവും പകലും നോക്കാതെ ജോലിയും ചെയ്യും..
റോയ് തിണ്ണയിലെ തടി സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു..
പ്രസാദ് ചിരിച്ചു..അപ്പോഴേയ്ക്കും ഗേറ്റ് കടന്ന് ഭാമയും മുരളിയും എത്തിയിരുന്നു..
നിങ്ങളെത്തിയോ.. ഞാൻ വിളിക്കാൻ തുടങ്ങുവായിരുന്നു..
മീന വിളിച്ചു..
ഭാമ അതും പറഞ്ഞല്ലിയെ നോക്കി..
അവൾ ജോളിമ്മയുടെ തോളിൽ എന്തോ ആലോചിച്ചു ചാരി നിൽക്കുകയാണ്.. താൻ വന്നത് പോലും അവൾ ശ്രദ്ധിച്ചില്ല എന്നത് അവർക്ക് മനസ്സിലായി.. അവളുടെ മനസ്സ് നോവുന്നത് കണ്ടതും അവരുടെ നെഞ്ചും നീറി.. ആരും കുറ്റപ്പെടുത്തുന്നില്ലെങ്കിലും പരിഭവിക്കുന്നില്ലെങ്കിലും തന്റെ മകൻ കാരണമാണ് എല്ലാം..അവരോർത്തു..
അപ്പൊഴേയ്ക്കും മീന എല്ലാവർക്കും ചായ കൊണ്ടുവന്നിരുന്നു..
ജോളിമ്മയ്ക്ക് കിടക്കണോ..
അല്ലി ചോദിച്ചു.. അവർ റോയിയെ നോക്കി..
വേണമെങ്കിൽ ഇത്തിരി റെസ്റ്റെടുക്കേടോ..
അയാൾ പറഞ്ഞതും അവർ അല്ലിയെ ചേർത്തുപിടിച്ചു..
അല്ലി അപ്പോഴേയ്ക്കും ജോളിമ്മയെയും കൂട്ടി അകത്തേയ്ക്ക് പോയിരുന്നു..
ആദിയാ പോക്ക് മൗനമായി നോക്കിയിരുന്നു..
എങ്ങനുണ്ട് അല്ലിക്ക്..
ഇപ്പൊ പ്രശ്നമൊന്നുമില്ല.. എങ്കിലും ഒറ്റയ്ക്കിരുന്നാൽ കരച്ചിലാണ്..
പ്രസാദ് പറഞ്ഞ ശേഷം ആദിയെ ഒന്ന് പാളി നോക്കി…
അവനു വേദനിച്ചു എന്ന് തോന്നിയതും അയാൾക്കും വിഷമമായി..
മ്മ്.
റോയ് ഒന്ന് മൂളി..
പിന്നീട് അവർ വിളിച്ചൊന്നുമില്ലേ..
റോയ് ചോദിച്ചു..
ഇല്ല.. ഞാനും വിളിച്ചില്ല.. അന്ന് ആ സ്ത്രീ പറഞ്ഞതൊക്കെ ഓർത്തപ്പോളാ ബന്ധം അവിടെ കഴിഞ്ഞത് നന്നായി എന്നു തോന്നി.. പിന്നേം അവളുടെ സങ്കടം കാണുമ്പോഴാ..
പ്രസാദ് പറഞ്ഞു..
അപ്പോഴേയ്ക്കും ഗേറ്റ് കടന്നൊരു കാർ വന്നു നിന്നിരുന്നു..
അതിൽ നിന്ന് പ്രസീദ ഇറങ്ങുന്നത് കണ്ടതും റോയ് അടക്കം എല്ലാവരും പുറത്തേക്കിറങ്ങി.. ആദിയുടെ കണ്ണുകളൊന്ന് കുറുകി..
ഓ എല്ലാരും ഉണ്ടോ..
ഇറങ്ങിയപാടെ പ്രസീദ ചോദിച്ചു..
എന്താ..
പ്രസാദ് ചോദിച്ചു..
പറയാം. അതിന് മുൻപെനിക്ക് നിങ്ങളുടെ മോളെ ഒന്ന് കാണണം..
എന്തിന്
ആദി ചൂടായിട്ടാണ് ചോദിച്ചത്..
ആദീ..
മുരളി ശാസനയോടെ വിളിച്ചു..
ഈ കാര്യത്തിൽ നീ ഇടപെടരുത്..
ഭാമയും പറഞ്ഞു..
അവൻ തലകുനിച്ചു..
എന്തിനാ എന്റെ മോളെ കാണുന്നത്.. നിങ്ങളും മോനും കാരണം നീറി നീറി നിൽക്കുവാ അവൾ..
ഓ. അതിപ്പോ ഇവിടെ ആശ്വസിപ്പിക്കാൻ ആണുങ്ങള് കുറെയുണ്ടല്ലോ..
ശബ്ദം കേട്ട് അല്ലിയും പുറത്തേയ്ക്ക് വന്നു..
ഹാ.. വന്നോ തമ്പുരാട്ടി..
അവർ അകത്തേയ്ക്ക് കയറി..
ദേ ഒരു കാര്യം പറഞ്ഞേക്കാം.. നിന്നെ പോലെ ഒരുത്തിയെ എന്റെ മോന് വേണ്ട.. അതവൻ തീർത്ത് പറഞ്ഞിട്ടുണ്ട്.. കൂട്ടുകാരാണെന്നുംപറഞ്ഞു കൂടെ കിടത്തുന്നവളെയൊക്കെ എന്റെ കുടുംബത്തിൽ കേറ്റാനും എനിക്കിഷ്ടമല്ല..
പിന്നെ ഇന്ന് ഇവൻ വന്നപോലെ നിന്റെ വക്കാലത്തുമായി എന്റെ കൊച്ചനെ കാണാൻ ഒരുത്തനും അങ്ങോട്ട് വരേണ്ട. കാർത്തിയുടെ കല്യാണം ഞാൻ ഉറപ്പിച്ചു..
പ്രസീദ ആദിയെ ചൂണ്ടി പറഞ്ഞതും അല്ലി നിറകണ്ണുകളോടെ മുഖം താഴ്ത്തി..
നിന്റെയും ഇവന്റെയും ലീലാവിലസങ്ങളൊക്കെ ഞാനും അവനും നേരിൽ കണ്ടതാണല്ലോ.. പിന്നെ നിന്നോട്..
ആദിയുടെ അടുത്തവർ ചെന്നു..
നീ എറിഞ്ഞു കൊടുക്കുന്ന എച്ചിൽ എന്റെ മോന് വേണ്ട. അത് പറയാൻ മേലിൽ അവനെ കാണാൻ ശ്രമിക്കരുത്..
സൂക്ഷിച്ചു സംസാരിക്കണം..
പ്രസാദ് ചൂടായി..
അത് തന്നെ എനിക്ക് തന്നോടും പറയാനുള്ളൂ.. ആർക്കും വേണ്ടെങ്കിൽ ഇവളെ കൊണ്ടു വല്ല പൊട്ടക്കിണറ്റിലും തള്ളിയിടണം.. കൂടെ കൊണ്ടുനടന്ന ഇവന് പോലും ഇവളെ വേണ്ടെങ്കിൽ അതാ ചെയ്യേണ്ടത്.. അല്ലാതെ എന്റെ മോന്റെ തലയിൽ കെട്ടിവെക്കാൻ പറഞ്ഞു വിടുകയല്ല..
അവർ പറഞ്ഞതും പ്രസാദിന്റെ മുഖം ചുവന്നു..
അല്ലിയുടെ പൊട്ടിക്കരച്ചിലുയർന്നു..
ആദിയുടെ മുഖം താഴ്ന്നു.. മിണ്ടരുത് എന്നച്ഛനും അമ്മയും പറഞ്ഞത്കൊണ്ട് മാത്രം അവൻ അത് കേട്ട് മിണ്ടാതെ നിന്നു..
ഇറങ്ങി പോകാൻ ഇത്രയും നേരം ഞാൻ പറയാതിരുന്നത് എന്റെ മര്യാദ. പിന്നെ ആർക്ക് വേണ്ടെങ്കിലും എന്റെ മോളെ എനിക്കും ഇവൾക്കും വേണം.. ഏതായാലും നിങ്ങളുടെ മകൻ കല്യാണം കഴിക്കാത്തതുകൊണ്ട് എന്റെ മോള് ആത്മഹത്യയൊന്നും ചെയ്യില്ല..
ഇത്രയ്ക്ക് ദുഷിച്ച മനസ്സുള്ള നിങ്ങളുടെ വീട്ടിലേയ്ക്ക് അവളെ വിടാൻ കഴിയാത്തതിൽ ഇപ്പൊ അങ്ങേയറ്റം സന്തോഷിക്കുന്നത് ഞാനായിരിക്കും..അവൾക്ക് കാർത്തിയേക്കാൾ നല്ലൊരു ബന്ധം കണ്ടെത്തി കൊടുക്കാൻ എനിക്ക് പറ്റും..
പ്രസാദ് പുച്ഛത്തോടെ പറഞ്ഞു..
ആ അത് നല്ലതാ.. ഈ നാട്ടിലെ ആർക്കും മോളുടെ സ്വഭാവഗുണമറിഞ്ഞൂടല്ലോ.. അതോണ്ട് ഏതെങ്കിലും പാവത്തിന്റെ തലയിൽ കെട്ടിവെച്ച് കൊടുക്ക്..
പ്രസീദ പറഞ്ഞു..
ഇനി ഒരു സെക്കൻഡ് നിങ്ങളിവിടെ നിന്നാൽ അടിച്ചിറക്കും ഞാൻ.. ഗെറ്റ് ഔട്ട്..
റോയ് മുൻപോട്ട് വന്നു പറഞ്ഞു..
ഓ.. അടുത്തവൻ.. തന്റെ കമ്പനിയിലെ എല്ലാവർക്കും വേണ്ടിയുള്ളതാണോ ഇവൾ..
പ്രസീദ ചോദിച്ചതും റോയ് കയ്യോങ്ങി.. പക്ഷെ അപ്പോഴേയ്ക്കും ജോളിമ്മ വന്ന് തടഞ്ഞു..
ഇറങ്ങി പൊക്കോണം..
പ്രസാദ് പുറത്തേയ്ക്ക് ചൂണ്ടി പറഞ്ഞു..
പ്രസീദ പുച്ഛത്തോടെ തിരിഞ്ഞു.. മുരളിയെ കണ്ടതും അവർ അയാളെ നോക്കി..
ദേ ഉള്ളത് പറയാം.. കഴിഞ്ഞത് കഴിഞ്ഞു..
മോനെ ഇവളുടെ അടുത്തൂന്ന് രക്ഷിച്ചോണ്ട് പോയില്ലേൽ അവൾ അവന്റെ തലയിൽ തൂങ്ങും. ഒക്കത്തൊരു കൊച്ചുമായി വന്നാൽ മോന്റെയല്ലെന്ന് പറയാൻ പോലും പറ്റിന്ന് വരില്ല..
അതും പറഞ്ഞു പ്രസീദ ഇറങ്ങി..
ഒന്ന് നിന്നെ..
മുരളി അവരെ വിളിച്ചു.. അവർ തിരിഞ്ഞു നോക്കി..
മേലിൽ എന്റെ മോളെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് നിങ്ങൾ.. പിന്നെ നിങ്ങൾ പറഞ്ഞല്ലോ എന്റെ മോന്റെ തലയിൽ തൂങ്ങുമെന്ന്.. അതേ. അവളെ ഞാൻ കൊണ്ടുപോകുകയാണ്.. എന്റെ മോന്റെ ഭാര്യയായി..
മുരളിയുടെ വാക്കുകൾ തകർത്തു കളഞ്ഞത് ആദിയെയും അല്ലിയേയും മാത്രമായിരുന്നു..
എന്റെ മോന് അവളോളം നല്ലൊരു പെണ്ണിനെ ഈ ലോകത്ത് വേറെ കിട്ടില്ലെന്ന് അത്രയ്ക്ക് ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ അവരുടെ കല്യാണം ഉറപ്പിച്ചു..
അച്ഛാ..
ആദി ശാസനയോടെ വിളിച്ചു..
കേട്ടല്ലോ.. ഇനി നിങ്ങളുടെ മകന് വേണ്ടി അല്ലി കാത്തിരിക്കില്ല.. ആരും അല്ലിയ്ക്ക് വേണ്ടി അവിടെ വരുകേം ഇല്ല.. നിങ്ങൾ ഇതും പറഞ്ഞിങ്ങോട്ടും വരേണ്ട.. ഏറ്റവുമടുത്ത ശുഭമുഹൂർത്തിൽ അല്ലി ആദിയുടെ ഭാര്യയാകും..
റോയ് ഇറങ്ങിവന്ന് പറഞ്ഞു..
പ്രസീദ പുച്ഛത്തിൽ ചിരിച്ചു..
ടാ ചെക്കാ.. ഈ വീട്ടുകാര് നിന്റെ ഭാവി കൂടെ കളയും.. നിന്റെ ആവശ്യത്തിന് കല്യാണമൊന്നും വേണ്ടല്ലോ.. അതൊന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്… ഇതൊക്കെ മുന്നിൽ കണ്ടാണ് അവൻ രാവിലെ വന്നെന്റെ കാലുപിടിച്ചത്..
ആദിയുടെ സമനില തെറ്റി അവൻ കാറ്റുപോലെ പാഞ്ഞു വന്ന് അവരുടെ കാറിലേക്ക് ആഞ്ഞു തൊഴിച്ചു.. പ്രസീദ പോലും ഞെട്ടിപ്പോയി.. കാറൊന്നുലഞ്ഞു..
ഇത് നിങ്ങൾക്ക് തരേണ്ടതാണ്.. പിന്നെ എന്റെ അമ്മേടെ പ്രായം ഉണ്ടായിപ്പോയി.. ഇപ്പൊ പോയില്ലെങ്കിൽ അതൊക്കെ ഞാൻ മറക്കും.. പറഞ്ഞില്ലെന്നു വേണ്ട..
പിന്നെ രാവിലെ ഞാൻ വന്നത്.. എന്റെ അല്ലി എപ്പോഴോ നിങ്ങളുടെ മോനെ സ്നേഹിച്ചുപോയി.. അവളുടെ ആ വേദന കണ്ടപ്പോൾ ഒരിക്കൽ കൂടി അവനോടൊന്ന് സംസാരിക്കണമെന്ന് തോന്നി.. പക്ഷെ അപ്പോഴും അറിഞ്ഞില്ല. നിങ്ങളും നിങ്ങളുടെ മോനും ഇത്ര ചീപ്പ് ആയിരുന്നെന്ന്.. എങ്കിൽ ഒരിക്കൽ പോലും ആദി നിങ്ങളുടെ മുന്നിൽ വരില്ലായിരുന്നു.. ഒരിക്കൽ പോലും..
ആദിയുടെ ശബ്ദമിടറി.
പോ.. ഇറങ്ങി പോകാൻ..
ആദി അലറുകയായിരുന്നു..
പ്രസീദ പകയോടെ എല്ലാവരെയും നോക്കി കാറിൽ കയറി പോയി..
ആദി തളർച്ചയോടെ നിന്നു..
അല്ലി അപ്പോഴും കരയുകയായിരുന്നു. നെഞ്ചുപൊട്ടി.. ആ വാക്കുകൾ അവളെ അത്രമേൽ തകർത്തു കളഞ്ഞിരുന്നു..
ജോളിമ്മ അവളെ നെഞ്ചോടടക്കി പിടിച്ചു..
ആദി.. വാ..
മുരളി അവനെ പിടിച്ചു..
അല്ലി കരഞ്ഞുകൊണ്ട് അകത്തേയ്ക്കോടി.. പുറകെ മീനയും ജോളിമ്മയും പോയി..
അവൻ അയാളെ ഒന്ന് നോക്കി.. കത്തുന്ന ഒരു നോട്ടം.. ശേഷം ആ കൈ തട്ടി മാറ്റി അവൻ ബൈക്കുമെടുത്തു പോയി…
അപ്പോഴും തന്റെ ജീവിതത്തിന്റെ ദിക്കോ ദിശയോ ഒഴുക്കോ തിരിച്ചറിയാതെ അവന്റെ മനസ്സ് നൂലുപൊട്ടിയ പട്ടം കണക്കെ ഒഴുകി നടക്കുകയായിരുന്നു..
തുടരും..

by