രചന – ആയിഷ അക്ബർ
സൂര്യാ…. മോളിങ് വാ…
അടുക്കളയിലെ വാതിൽ പടിയിൽ നിന്നാണ് മുത്തശ്ശി വിളിച്ചത്….
സൂര്യ കൈ രണ്ടും കഴുകി അവരിലേക്ക് നടന്നു….
വീണ ദേഷ്യത്തോടെ ജാനകിയെ നോക്കി…
ഇതിപ്പോ ശീലമായിരിക്കുകയാണല്ലോ…..
ജോലി തിരക്കിൽ നിന്നും അവളെ വിളിച്ചു കൊണ്ട് പോകൽ…
നമ്മളെ കൊണ്ട് ജോലി ചെയ്യിക്കാനുള്ള ബുദ്ധിയാണെന്ന് തോന്നുന്നു…..
വീണ അത് പറഞ്ഞു നിർത്തുമ്പോൾ പല്ലുകൾ ഞെരിച്ചു അവളുടേ ദേഷ്യതേ കടിച്ചമർത്തി…..
എന്നാലും എങ്ങനെ അമ്മയുടെ മനസ്സ് മാറിയെന്നാ എനിക്ക് മനസ്സിലാവാത്തത്….
ജാനകി അതും പറഞ് താടിക്ക് കൈ കൊടുത്തു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ സൂര്യാ…..
മുത്തശ്ശിയോട് ദേഷ്യമുണ്ടോ….
തന്റെ പിറകെ മുറിയിലേക്ക് കയറി വന്ന അവളോട് ആദ്യം അതായിരുന്നു അവർ ചോദിച്ചത്…..
അവൾ എന്തിനെന്ന അർത്ഥത്തിൽ അവരെ നോക്കി….
അന്ന് എല്ലാവരുടെയും മുമ്പിൽ വെച്ച് അങ്ങനെയൊക്കെ പറഞ്ഞതിന്…..
അവരത് ചോദിക്കുമ്പോൾ വാക്കുകളിൽ കുറ്റ ബോധം തളം കെട്ടി നിന്നിരുന്നു…..
ദേഷ്യം ഇന്നില്ലെന്ന് മാത്രമല്ല…..
അന്നും തോന്നിയിട്ടില്ല….
സങ്കടമേ തോന്നിയിട്ടുള്ളു…
അവൾ ചെറു ചിരിയാലത് പറയുമ്പോൾ അവർ അവളുടേ കൈകളിൽ പിടിച്ചു….
മോള്…. മോളീ മുത്തശ്ശിയോട് ക്ഷമിക്കണം…..
അന്ന് ഞാൻ പെട്ടെന്നു നോക്കിയപ്പോൾ നിറത്തിൽ മാത്രം നിന്നെ ഞാൻ വിലയിരുത്തി….
അതെന്റെ തെറ്റാണ്…
നിന്നിലെ സൗന്ദര്യം അറിയാൻ ഞാൻ കാത്തിരിക്കണമായിരുന്നു….
ഒരു മാപ്പ് കൊണ്ട് തീരുന്ന തെറ്റാണോ അതെന്ന് എനിക്കും നിശ്ചയല്ലാ….
അവരത് പറയുമ്പോൾ അവളൊന്നും മിണ്ടിയില്ല…..
പതിയേ അവരുടെ കയ്ക്ക് മേൽ തന്റെ കൈ ചേർത്ത് വെച്ചു…
മാപ്പ് എന്നത് വാക്കുകളും പ്രവർത്തികളും മറ്റൊരാളിലുണ്ടാക്കിയ മുറിവിനുള്ള മരുന്നാണ്….
മാപ്പ് പറയുക എന്നത് പ്രവർത്തി കൊണ്ടെളുപ്പമാണെങ്കിലും മാനസികമായി അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്….
എന്റെ അന്നത്തെ മാനസികാവസ്ഥ എന്തോ ആയിക്കോട്ടെ…
മാപ്പ് പറയാൻ നിങ്ങൾ കാണിക്കുന്ന അത്ര പ്രയാസമൊന്നും എനിക്കന്നത്തെ ദിവസം മറക്കാനില്ല മുത്തശ്ശി …..
അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു….
മുത്തശ്ശി അവൾക്ക് നേരെ നിന്നു അവളെയൊന്നു നോക്കി…..
അവരുടെ മുഖത് ആശ്വാസം തളം കെട്ടി നിന്നിരുന്നു…..
എന്താ മുത്തശ്ശി…..
അവർ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടാണ് അവൾ വീണ്ടുമത് ചോദിച്ചത്….
കാശി പറയുന്നത് ശെരിയാ..
നീ വെറും സുന്ദരിയല്ലാ…
അവൻ പറയും പോലെ അതി സുന്ദരിയാ….
അവർ വിടവ് വീണ പല്ലുകൾ കാട്ടി മനോഹരമായി പുഞ്ചിരിച്ചു….
പെട്ടെന്ന് കാശിയെന്ന പേരും അതിനെ തുടർന്നുള്ള വാക്കുകളും തന്റെ ഉള്ളിലുണ്ടാക്കിയ വികാരത്തിന്റെ പേരിത് വരെ ഒരു നിഘണ്ടുവിലും അവൾ കണ്ടിട്ടില്ലായിരുന്നു…
ആ കണ്ണുകളിലെ തിളക്കം മനസ്സിലായ പോൽ അവരൊന്നു പുഞ്ചിരിച്ചു….
വർഷങ്ങൾക്ക് മുന്പാണ് അവനെ ശങ്കരൻ ഞങ്ങൾക്കിടയിലേക്ക് കൂട്ടി കൊണ്ട് വരുന്നത്….
അന്നാ കൺകോണിൽ കണ്ടൊരു നിരാശയുണ്ട്….
ഒറ്റപ്പെടലിന്റെ വേദനയുണ്ട്…..
ഞങ്ങൾക്കിടയിൽ കഴിയുമ്പോഴും അത് അവനിൽ നിന്ന് നീങ്ങി പോയിട്ടേയില്ലായിരുന്നു…
ജാനകി എപ്പോഴും അവൻ അനാഥനാണെന്ന് ഓർമ പെടുത്തുന്നത് കൊണ്ടായിരിക്കാം ഒരു പക്ഷെ….
എന്നാൽ ഇന്നാ കണ്ണുകളിൽ ഒറ്റപ്പെടൽ ശൂന്യമാകുന്നത് നിന്നെ കുറിച് പറയുമ്പോഴാണ് മോളേ….
അവരത് പറയുമ്പോൾ സൂര്യയുടെ കണ്ണുകൾ വിടർന്നു…..
അവന് നീ അവന്റെ സ്വന്തമാണെന്നൊരു തോന്നലാണ്….
നീയവന് എപ്പോഴും താങ്ങായുണ്ടാവണം….
അവനൊരു പാവമാ….
മുത്തശ്ശി കണ്ണുകൾ അമർത്തി തുടച് അതും കൂടി പറഞ് നിർത്തുമ്പോൾ സൂര്യയുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരുന്നു…..
കണ്ണുകളിൽ ഈറൻ മേഘം പെയ്യാൻ വെമ്പി നിന്നു……
അവൾക്ക് പറയാൻ വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു….
മുത്തശ്ശി അവളിൽ നിന്നും അലമാരയിലേക്ക് തിരിഞ്ഞു….
അലമാര തുറന്ന് ഒരു പെട്ടിയെടുത് അതിൽ നിന്നും മനോഹരമായൊരു വള പുറത്തെടുത്തു….
സൂര്യയുടെ കൈ പിടിച് വള ആ കയ്യിലേക്കിട്ട് കൊടുക്കുമ്പോൾ അവൾ പെട്ടെന്നൊന്നു ഞെട്ടി….
മുത്തശ്ശി…. എന്തായിത്…
ഇത് നിനക്കുള്ളതാണ്…
മൂത്ത മരുമകളായി കയറി വരുന്നവർക്കുള്ളത്…..
എന്റെ കാശിയുടെ പെണ്ണിനായി ഞാൻ കരുതി വെച്ചത്…..
അത് പറയുമ്പോൾ ആ മുഖത് മുഴുവൻ കാശിയോടുള്ള സ്നേഹത്തോടൊപ്പം തന്നെയും അവർ ഹൃദയത്തിൽ ചേർത്ത് വെച്ചത് പോലെയവൾക്ക് തോന്നി….
അവളുടേ മുഖത് സന്തോഷത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…..
ദൈവം ചേർക്കേണ്ടവരെ തമ്മിലെ ചേർക്കുവെന്ന് പറയുന്നത് എത്ര ശെരിയാ…
കാശ്ശിക് നിന്നെക്കാൾ നല്ലൊരു പെണ്ണിനെ യിനി കിട്ടാനില്ല സൂര്യാ…
അവരതും പറഞ്ഞ് കൊണ്ട് അവളെ ചേർത്ത് പിടിച് നെറുകെയിൽ ചുണ്ടുകളമർത്തി….
അവളുടെ മുഖത് നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി അത്രയേറെ വശ്യമായി തോന്നിയിരുന്നവർക്കപ്പോൾ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടുക്കളയിലേക്ക് സൂര്യ കയറി ചെല്ലുമ്പോൾ തന്നെ അവളുടേ കയ്യിൽ കിടക്കുന്ന വള വീണയുടെ കണ്ണിൽ പതിഞ്ഞിരുന്നു….
അത്യാവശ്യം വലിപ്പവും തിളക്കവും ഉള്ളത് കൊണ്ട് തന്നെ ആ വള എടുത്ത് കാണുന്നുണ്ടായിരുന്നു….
വീണ ജാനകിയെ നോക്കി കണ്ണുകൾ കൊണ്ട് അവളുടേ കയ്യിലെ വളയിലേക്ക് ചൂണ്ടി കാണിച്ചു…..
ജാനകിയുടെ കണ്ണുകൾ തുറിച്ചു വന്നു….
വീണയുടെ മുഖത്തും അമർഷം നിറഞ്ഞു നിന്നു…..
ഇതേതാ സൂര്യാ പുതിയൊരു വള…..
വീണ സൂര്യയോടായി ചോദിക്കുമ്പോൾ അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു…
വീണയത് ചോദിക്കുമ്പോൾ സൂര്യ വളയിലേക്കൊന്ന് നോക്കിയ ശേഷം വീണയുടെ മുഖത്തേക്ക് നോക്കി…
അത്… അത് മുത്തശ്ശി തന്നതാ….
അവളത് പറഞ്ഞതും വീണ ദേഷ്യത്തോടെ അവളിൽ നിന്ന് മുഖം തിരിച്ചു…..
ജാനകിയുടെ മുഖവും വലിഞ്ഞു മുറുകി….
സൂര്യ അവരെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ജോലികളിലേക്ക് തിരിഞ്ഞു….
അപ്പച്ചി….
വീണ പതിയേ ജാനകിയുടെ തോളിൽ കൈ വെച്ചു……
അവളുടേ മുഖത് ദേഷ്യത്തിലധികം സങ്കടം നിറഞ്ഞു നിൽക്കുന്നതായി അവർക്ക് തോന്നി….
നീ വിഷമിക്കേണ്ട…. ഞാൻ… ഞാൻ അമ്മയോടൊന്ന് സംസാരിക്കട്ടെ….
ജാനകിയത് പറയുമ്പോഴും ആ മുഖത്തിന് ഒരയവും വന്നിട്ടുണ്ടായിരുന്നില്ല….
എന്തിനാണ് അപ്പച്ചി…. അതെനിക്ക് തിരികെ വാങ്ങി തരാനാണോ….
അത്രയും ഗതികെട്ടവളായോ ഞാൻ…
അവളത് ചോദിക്കുമ്പോൾ ആ സ്വരം ഇടറിയിരുന്നു…..
അപ്പോഴാണ് മുത്തശ്ശി അങ്ങോട്ട് കയറി വരുന്നത്…
അമ്മേ…. അമ്മ എന്ത് പണിയാ കാണിച്ചത്….
സൂര്യക്ക് മാത്രം വള കൊടുത്തത് ശെരിയാണെന്ന് അമ്മക്ക് തോന്നുന്നുണ്ടോ ……
ജാനകി രണ്ടും കല്പിച്ചാണ് ചോദിച്ചത്…..
വെള്ളം കുടിക്കാനെടുത്ത അവർ അതവിടെ തന്നെ വെച് ജാനകിക്ക് നേരെ തിരിഞ്ഞു….
അതെന്താ ജാനകി നീയങ്ങനെ പറഞ്ഞത്….
നീ വന്നു കയറിയപ്പോൾ എന്റെ അമ്മ നിനക്കും തന്നിരുന്നല്ലോ…..
നീയൊറ്റ മരുമകളായത് കൊണ്ട് നിനക്ക് തന്നു…
ഇവിടെയിപ്പോ രണ്ട് പേരുള്ളത് കൊണ്ട് മൂത്തയാൾക്ക് കൊടുക്കണം….
അതിൽ പ്രത്യേകിച്ചൊരു തെറ്റൊന്നും ഞാൻ കാണുന്നില്ല…..
അവർ വളരേ നിസ്സാരമായി പറഞ്ഞ് കൊണ്ട് വെള്ളം വീണ്ടും കുടിച്ചു തുടങ്ങുമ്പോൾ ജാനകിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
അതിനു കാശി ഇവിടുത്തെ ആരാ….
എനിക്കും ഒറ്റ മരുമകളെ വന്നിട്ടുള്ളു….. അതെന്റെ മോന്റെ ഭാര്യയാ…..
എന്റെ കിരണിന്റെ…..
ജാനകി…….
മുത്തശ്ശിയുടെ ശബ്ദം അവിടെ ഉയർന്നു…..
ആ ഒരു സംസാരതിനിവിടെ ഇടമില്ലെന്ന് നിനക്ക് നന്നായറിയുന്നതല്ലേ….
നിനക്ക് മാത്രമാണ് അവൻ ആരുമല്ലാത്തത്…
ഞങ്ങൾക്കെല്ലാവർക്കും അവനാണ് ആദ്യത്തെ മകൻ…..
എന്നോട് പറഞ്ഞത് പറഞ്ഞു….
ഇത് ശങ്കരന്റെ ചെവിയിലെങ്ങാൻ എത്തിയാൽ അറിയാമല്ലോ….
ദേഷ്യത്തോടെ കനപ്പിച്ചു കൊണ്ടത് പറഞ്ഞ് മുത്തശ്ശി അവിടെ നിന്ന് പോകുമ്പോൾ ജാനകി ദേഷ്യത്തോടെ സൂര്യയെ നോക്കി……
വീണയുടെ മുഖത് നോക്കാൻ അവർക്കെന്തോ ധൈര്യം വന്നിരുന്നില്ല….
അവിടുത്തെ സാഹചര്യം നല്ലതല്ലെന്ന് തോന്നിയതും സൂര്യ പതിയേ മുറിയിലേക്ക് നടന്നു…..
ജാനകി പതിയേ വീണയിലേക്ക് നോക്കി….
മോളേ…..
അവർ വിളിക്കുമ്പോൾ അവൾ തിരിഞ്ഞത് ദേഷ്യത്തോടെ യായിരുന്നു….
എനിക്കാണ് തെറ്റ് പറ്റിയത്….
കാശിയുടെ ഭാര്യയായി വന്നാൽ മതിയായിരുന്നു…..
സത്യത്തിൽ കാശിയാണോ കിരണാണോ ഇവിടുത്തെ അവകാശിയെന്ന് എനിക്ക് നല്ല സംശയമുണ്ട് അപ്പച്ചി…..
ദേഷ്യത്തോടെ അത്രയും പറഞ്ഞവിടെ നിന്ന് പോകുന്നവളെ നിസ്സഹായയായി നോക്കി നിൽക്കാനെ ജാനകിക്ക് കഴിയുമായിരുന്നുള്ളു…..
അവളെയും തെറ്റ് പറയാൻ കഴിയില്ല…
തന്റെ ഒരു വാക്കിനു മേലാണ് അവൾ കിരണിനെ വിവാഹം കഴിച്ചത്…..
എന്നാൽ ഇപ്പോൾ ഇവിടെ നടക്കുന്നത് അവൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും…..
അവരോരു നെടു വീർപ്പോടെ അവിടെയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സൂര്യ കയ്യിൽ കിടക്കുന്ന വളയിലേക്ക് നോക്കി…
മനോഹരമെന്നതിനേക്കാൾ അതിൽ കലർന്ന മുത്തശ്ശിയുടെ സ്നേഹത്തിനായിരുന്നു മൂല്യം കൂടുതൽ….
മുത്തശ്ശി തന്ന ഈ സമ്മാനത്തെക്കാൾ മനസ്സ് സന്തോഷിക്കുന്നത് മറ്റെന്തോ ആലോചിച്ചല്ലേ…..
അതേ….. അവൻ തന്നെ കുറിച് പറഞ്ഞ വാക്കുകൾ….
അതാണ് മുത്തശ്ശി തനിക്ക് തന്ന വില മതിക്കാനാവാത്ത സമ്മാനം…..
അവളുടേ ചുണ്ടിലൊരു പുഞ്ചിരിയൂറി…..
അവൻ വരാൻ അവളുടേ മനസ്സ് ധൃതി കൂട്ടി….
അവൻ പിണക്കം നടിച്ചപ്പോൾ മനസ്സിൽ തോന്നിയ പിരി മുറുക്കത്തിനു വല്ലാത്തൊരു അയവു വന്നിരിക്കുന്നു..
കണ്ണുകളിൽ കുസൃതി യോളിപ്പിച്ച അവനെ കാണാൻ തന്റെ മിഴികൾക്ക് തിടുക്കമായിരുന്നു….
മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ അവൻ തന്നോട് പറയുന്ന ആ നേരത്തിനായി മനസ്സ് കാത്തിരിക്കുകയാണ്…
മറുപടി വാക്കുകളാൽ നൽകാതെ ആ നെഞ്ചിലേക്ക് ചായണം….
ആരോരുമില്ലാത്ത അവന് എല്ലാമാകണം…
സ്വത്തും പണവും ബന്ധങ്ങളൊന്നുമില്ലെങ്കിലും അവനെന്ന നിധി യേ ചേർത്ത് പിടിക്കണം…
അപ്പോഴും അവൻ പറഞ്ഞ ആ വാക്ക് അവളുടെയുള്ളിൽ ഒരിളം കാറ്റായി വീശുന്നുണ്ടായിരുന്നു…..
“അതി സുന്ദരി “…….
(തുടരും)

by