രചന – ജിഷ
ഓർക്കരുതെന്ന് മനസ്സിൽ ഒരു നൂറാവർത്തി ഉറപ്പിച്ചെങ്കിലും
യാത്രയിൽ ഉടനീളം അഭിയേട്ടന്റെ ഓർമ്മകൾ മാത്രമായി….
അഭിയേട്ടനെ കുറിച്ച് ഞാനൊന്നും പറഞ്ഞില്ല അല്ലെ ,
എന്റെ ജീവന്റെ ജീവനായി ഞാൻ കരുതിയവൻ.. ഞങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങൾക്ക് ഒരായിരം ജീവനുണ്ടായിരുന്നു…
ദൈവത്തെക്കാൾ ഞാൻ അഭിയേട്ടനെ സ്നേഹിച്ചപ്പോൾ ഒരു പക്ഷെ ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാവും
ഞങ്ങളുടെ സ്നേഹത്തോട് ….
പ്ലസ് ടു ക്ലാസ് മുതൽ അഭിയേട്ടനൊപ്പം നീന യുണ്ടായിരുന്നു…
ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ആണ് ആദ്യമായി അഭിയേട്ടനെ കാണുന്നത്. അഭിയേട്ടനാപ്പോൾ ആ സ്കൂളിൽ തന്നെ പ്ലസ് ടു വിനായിരുന്നു…..
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എന്റെ അമ്മയെ ഒരാക്സിഡന്റിലൂടെ എനിക്ക് നഷ്‌ടമായതും എന്റെ അപ്പാ കിടപ്പിലായതും, ആ ദിവസം ഞാൻ സ്കൂളിൽ പോയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്…
അമ്മയെ അപ്പാ ഒരു അനാഥലയത്തിൽ നിന്നും കല്യാണം കഴിച്ചാണ്. അപ്പയ്ക്കും ഒരുപാട് ബന്ധുക്കൾ ഒന്നുമില്ല, ഉള്ളത് ഒരു ഉപ്പാപ്പൻ മാത്രം ഇടക്കിടെ ഉപ്പാപ്പൻ ഞങ്ങളെ കാണാൻ വരും, വരുമ്പോൾ ഞങ്ങൾക്ക് വേണ്ടുന്നതൊക്കെ കൊണ്ടുത്തരും, അതുകൊണ്ട് ആണ് ഞാനും അപ്പയും ജീവിച്ചു പോയിരുന്നത്…..
പഠിക്കാൻ മിടുക്കിയായതു കൊണ്ട് മുന്തിയ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി…
പക്ഷേ പ്ലസ് വൺ ക്ലാസ്സിലെ പണക്കാരികളായ കുട്ടികൾക്കൊപ്പം പിടിച്ചു നിൽക്കാൻ എനിക്കായില്ല..
മിക്ക ദിവസങ്ങളിലും ഉച്ചക്ക് കഴിക്കാൻ എനിക്ക് ചോറ് മാത്രമേ കാണു, കൂടെ മുളക് ചമ്മന്തിയും…
നിറമുള്ള കറികൾ ഒന്നുമില്ലായിരുന്നു. പലപ്പോഴും അതുകൊണ്ട് അവരെന്നെ കളിയാക്കുമായിരുന്നു…
ക്ലാസ്സിൽ ഇരുന്ന് കഴിക്കാനുള്ള വിഷമം കൊണ്ടാണ് ദിവസവും ആരും കാണാതെ ഞാൻ എവിടെയെങ്കിലും പോയിരുന്ന് കഴിക്കാൻ തുടങ്ങിയത്….
അതായിരുന്നു എന്റെ പതിവ്….
എന്നത്തേയും പോലെ ആ ദിവസവും ഞാൻ കഴിക്കാൻ പോയി….
അന്ന് അഭിയേട്ടൻ എന്റെ അടുത്തെത്തി…
നീ എന്താ എല്ലാ ദിവസവും ഇവിടിരുന്നു കഴിക്കുന്നെ?
ഉച്ച ബെൽ അടിക്കുമ്പും മുതൽ ഇവിടെ ഉണ്ടല്ലോ കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു..
ക്ലാസ്സിൽ നിന്റെ കൂട്ടുകാരുടെ കൂടെ ഇരുന്നാൽ പോരെ …
ഇവിടെ വന്ന് തനിച്ചിരിക്കരുത് ഇനിയും കെട്ടോ…
ഞാൻ ഒന്നും മിണ്ടാതെ അഭിയേട്ടനെ നോക്കി, അപ്പോളാണ് അഭിയേട്ടൻ എന്റെ ചോറ്റുപാത്രത്തിലേക്ക് നോക്കിയത്, അന്ന് ഭാഗ്യക്കേടിന്, അല്ല എന്റെ ഭാഗ്യത്തിന് ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളു…
ഒന്നും മിണ്ടാതെ അഭിയേട്ടൻ തിരികെ പോയപ്പോൾ അപമാനഭാരത്താൽ, എന്റെ ശിരസ്സ് കുനിഞ്ഞു പോയി, പിന്നെ ഒരു വറ്റ് പോലും എന്റെ തൊണ്ടക്കുഴിയിൽ നിന്ന് ഇറങ്ങിയില്ല………
പക്ഷേ പിന്നീടുള്ള ഒരു ദിവസവും എനിക്ക് അങ്ങനെ ചോറ് കഴിക്കേണ്ടി വന്നിട്ടില്ല, അന്ന് മുതൽ അഭിയേട്ടൻ എനിക്ക് കൂട്ടുകാരനും സഹോദരനും അപ്പയും അമ്മയും എല്ലാമായി…
ഉച്ച ആഹാരത്തിന് ഒപ്പം കൂട്ടിയാ ആ സൗഹൃദം, പ്രണയത്തിലേക്ക് വഴുതി മാറിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞായിരുന്നു……
കുട്ടുകാർ പലരും പറഞ്ഞു നീ ഭാഗ്യവതിയാടി അഭിയേട്ടനെ പോലെ ഒരാളെ നിനക്ക് കിട്ടിയില്ലേ, നിന്നെ മനസ്സിലാക്കി സ്നേഹിക്കുന്ന ആ മനസ്സ് നീ ഒരിക്കലും വേദനിപ്പിക്കരുതെന്ന്….
അവര് പറഞ്ഞില്ലേലും തമാശക്ക് പോലും ആ മനസ്സ് നോവിക്കാൻ എനിക്കാകില്ലായിരുന്നു..
പ്രണയത്തിനു ഉള്ളിൽ പോലും വാക്കുകൾകൊണ്ട് ഒരിക്കലും പരസ്പരം പോരടിക്കാൻ ശ്രമിച്ചിട്ടില്ല..
അത്രയ്ക്ക് നീന അഭിയേയും, അഭി നീനയെയും മനസ്സുകൊണ്ട് അറിഞ്ഞു കഴിഞ്ഞിരുന്നു……
അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും ,എന്നെ ഒരുമ്മ കൊണ്ടുപോലും കളങ്കപ്പെടുത്തത്ത വ്യക്തിത്വം…
ഒന്നിച്ചു ഉണ്ടായിരുന്ന നിമിഷങ്ങൾ എല്ലാം തമാശകൾകൊണ്ടും പൊട്ടിച്ചിരികൾ കൊണ്ടും സന്തോഷമാക്കി….
അമ്മയില്ലാത്ത എനിക്ക് അമ്മയായും, സഹോദരനായും, അപ്പയുടെ വയ്യാഴികയിൽ അപ്പനായും എല്ലാം എന്നെ സ്നേഹിച്ച നന്മ യുള്ളൊരു പുരുഷൻ…
അപ്പയുടെ തളർച്ചയിൽ ഒരു മകനെ പോലെ
കൂടെ നിന്ന് ആത്മധൈര്യം കൊടുത്തവൻ..
അപ്പയുടെ അസുഖം കാരണം എന്റെ പഠിപ്പ് മുടങ്ങുമായിരുന്നു,
പക്ഷേ എന്റെ പഠിപ്പു തുടരാൻ എന്നെ സഹായിക്കാൻ വേണ്ടി വീട്ടുകാർ പോലും അറിയാതെ പാർട്ട് ടൈം ജോലിക്കു പോയി എന്റെ ഫീസ് അടച്ചവൻ….
എന്നെ ഒരു വക്കിലായി കാണണം എന്നുള്ളത് എന്റമ്മയുടെ ഏറ്റവും വലിയ ആശയായിരുന്നു,’അമ്മ ഒരുപാട് ആഗ്രഹിച്ചതാണ് വക്കിലാകാൻ പക്ഷേ അമ്മയ്ക്ക് അതിനായില്ല…
പക്ഷെ എന്റെ അമ്മയുടെ ആ സ്വപ്നം എന്നിലൂടെ സാക്ഷാത്കരിച്ചു തന്നവൻ…..
ഇന്ന് എന്റെ പേരിനൊപ്പം ഉള്ള അഡ്വക്കേറ്റ് അഭിയേട്ടന്റെ ദാനമാണ്…
എന്നെ തനിച്ചാക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് അഭിയേട്ടന് ഒട്ടും ഇഷ്‌ടമില്ലാഞ്ഞിട്ടും LLB യ്ക്ക് എന്റെ കോളേജിൽ തന്നെ ചേർന്നത്….
എന്റെ ഓരോ തളർച്ചയിലും കൈപിടിച്ചു ഉയർത്തിയ എന്റെ കൂട്ടുകാരൻ…..
ആ ഇഷ്‌ടങ്ങൾ ഒക്കെയും പ്രണയത്തിനു വഴിമാറിയപ്പോൾ അതിന്റെ മാധുര്യവും കൂടിയിരുന്നു…
പിന്നീടുള്ള ഓരോ വർഷവും അഭിയേട്ടനൊപ്പം ഞാനും എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ച് പറന്നു നടന്നു….
ഒന്നിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയെങ്കിലും
കല്യാണത്തെ കുറിച്ച് പറയുമ്പോൾ എല്ലാം എനിക്ക് പേടിയായിരുന്നു…
സാമ്പത്തികമായും കുടുംബ മഹിമയിലും ഉയർന്ന നിലയിലുള്ള അഭിയേട്ടന്റെ വീട്ടുകാർ ഇതിനു സമ്മതിക്കുമോ എന്ന് ഞാൻ ഒരുപാട് ഭയപ്പെട്ടു. …
എനിക്ക് സാമ്പത്തികവും ഇല്ല,പോരാത്തത്തിനു ഞാൻ അന്യമതകാരിയും…
അഭിയേട്ടാ ‘അമ്മ സമ്മതിക്കുമോ?
അഭിയേട്ടനെ ഞാൻ ഒരുപാട് ആഗ്രഹിക്കുമ്പോഴും അർഹതയില്ലാത്തത് എന്തോ ഞാൻ മോഹിക്കുന്നതു പോലെയാ എനിക്ക്….
പലപ്പോഴും അഭിയേട്ടനോട് ഞാനാ ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരുന്നു….
പൊന്നു നീ അതോർത്തു വിഷമിക്കുകയെ വേണ്ട ‘അമ്മ എതിർത്ത് ഒന്നും പറയില്ല.
അമ്മയ്ക്ക് ഞാൻ എന്നു വെച്ചാൽ ജീവനാ
എന്നെ വേദനിപ്പിക്കാൻ ‘അമ്മയ്ക്ക് ഒരിക്കലും കഴിയില്ല,
അല്ലേൽ തന്നെ എന്റെ പൊന്നുംകുടത്തിനു എന്താ കുറവ്, നിന്നെ കാണുമ്പോഴെ ‘അമ്മ പറയും, എന്റെ അഭിടെ പെണ്ണായി ഇവള് തന്നെ മതിയെന്ന്….
‘അമ്മ വെറും പാവമാടോ സ്നേഹിക്കാൻ മാത്രമേ അറിയൂ, അമ്മയില്ലാത്ത എന്റെ പൊന്നൂസിന് ഒരുപാട് സ്നേഹമുള്ള ഒരമ്മയെയാ ഞാൻ തരുന്നേ.
അമ്മ നിന്നെ പൊന്നുപോലെ നോക്കിക്കോളും..
ഈ നന്ദിയൊക്കെ എന്നോട് വേണം കേട്ടോ ടോ….
പോടാ ചെക്കാ, അഭിയേട്ടന്റെ കൈയിൽ ഒരു നുള്ളു കൊടുത്ത് ഞാൻ ഓടി…
എടി നിക്കെടി അവിടെ,
യക്ഷി കൈയിൽ നിറയെ നഖം വളർത്തി വെച്ചിരിക്കുവാ..
കല്യാണം കഴിയട്ടെ നിന്റെ നഖം വളർത്തലിന്റെ കൊതി ഞാൻ തീർത്തു തരാം…
ഞാൻ തിരിഞ്ഞു നിന്ന് കൊഞ്ഞനം കൊത്തി…
പിന്നെയും മാസങ്ങൾ കടന്നുപോയി
ഒരു ദിവസം അഭിയേട്ടൻ വിളിച്ചപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു…
‘അമ്മ നമ്മുടെ കല്യാണത്തിന് സമ്മതിച്ചെടാ….
അഭിയേട്ടൻ അത് പറയുമ്പോൾ എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല..
പോ അഭിയേട്ടാ എന്നെ പറ്റിക്കാതെ…
പറ്റിച്ചതല്ല, സത്യമാ…
ഒരവസരം കിട്ടിയപ്പോൾ ഞാനങ്ങു പറഞ്ഞു നമ്മുടെ കാര്യം….
ഞാൻ നിന്റെ ഫോട്ടോ അമ്മയ്ക്ക് കാണിച്ചു കൊടുത്തു, അമ്മയ്ക്ക് ഒരുപാട് ഇഷ്‌ടമായി…
നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അമ്മയോട് പറഞ്ഞു,
‘അമ്മ പറഞ്ഞിട്ടുണ്ട് നിന്റെ ക്ലാസ് കഴിയുമ്പോഴത്തേക്കും ഒന്നിച്ചു വന്ന് അപ്പയോട് സംസാരിച്ച് വാക്ക് ഉറപ്പിക്കാമെന്ന്.
കല്യാണത്തിന് ശേഷം അപ്പയെ നമ്മുക്കു ഒപ്പം കൊണ്ടുവരാനും പറ്റും..
അതു കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി, അപ്പയുടെ കാര്യമോർത്ത് ആയിരുന്നു എനിക്ക് വേവലാതി, അതിനും നല്ലൊരു തീരുമാനം അഭിയേട്ടൻ എടുത്തു
കഴിഞ്ഞിരിക്കുന്നു…
ഓരോ നിമിഷവുംഅഭിയേട്ടനോട് ഉള്ള ഇഷ്‌ടം കൂടി കൂടി ഞാൻ നെഞ്ചു പൊട്ടി ചാകുന്ന അവസ്ഥയായി,
ചങ്കിനകത്തിരുന്നുള്ള അഭിയേട്ടന്റെ വളർച്ച തുടങ്ങിട്ടു കുറെ കാലമായല്ലോ ….
നിനക്കു സന്തോഷമായോ പൊന്നൂസെ….
കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി,
ഞങ്ങൾ കണ്ട സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നു…..
അഭിയേട്ട സത്യമാണോ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…..
ഞാൻ ക്രിസ്തിയാനി പെൺകുട്ടി ആണെന്ന് പറഞ്ഞോ അഭിയേട്ടാ, എന്നിട്ടും ‘അമ്മ ഒന്നും പറഞ്ഞില്ലേ…
എന്റെ പൊട്ടിപെണ്ണേ ഈ വന്ന കാലത്ത് ഇതൊക്കെ ഒരു കാരണമാണോ.
എല്ലാം പറഞ്ഞു പെണ്ണെ, നിന്റെ എല്ലാ കാര്യങ്ങളും അറിയാം അമ്മയ്ക്ക്…
നിന്റെ അമ്മയുടെ സ്‌ഥാനത്തു ഇനിയും ലക്ഷ്മി ‘അമ്മ കാണും, നമ്മുടെ അമ്മയായി കേട്ടോടി മോളെ…
മ്മ് മം..
ഇപ്പംഅഭിയേട്ടൻ ഇവിടുണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപിടിച്ചൊരുമ്മ തന്നേനേം ….
ഓഹോ എങ്കിൽ ഞാനങ്ങുവന്നാലോ..
ആ ഇങ്ങുവന്നു മേടിച്ചിട്ട് പൊക്കോ !
എന്താണേലും ഇപ്പോൾ വരാൻ പറ്റില്ല,
തരാമെന്ന് പറഞ്ഞത് ഫോണിൽ കൂടി ഇങ്ങു താ….
അയ്യടാ മോനെ പോയി പണി നോക്ക്..
മറുപടി കേൾക്കാതെ ഞാൻ ഫോൺ
കട്ട് ആക്കി…
ഓടി അപ്പയുടെ അടുത്തെത്തി…. ..
കെട്ടിപിടിച്ചൊരുമ്മ കൊടുത്ത് കാര്യം പറഞ്ഞു…
ഞാൻ അപ്പയെ കൂടി എന്റൊപ്പം കൊണ്ടുപോകും കെട്ടോ, എന്റെ കൂടെ വന്നോണം പറഞ്ഞേക്കാം,
അപ്പയുടെ കണ്ണുകൾ നിറഞ്ഞതും ഞാൻ
കെട്ടിപിടിച്ച് അപ്പയ്ക്ക് വീണ്ടും ഒരുമ്മ കൊടുത്ത് ഓടി മുറിയിലെത്തി,അലമാര തുറന്നു അഭിയേട്ടൻ മേടിച്ചു തന്ന സാരിയെടുത്ത് അതിലൊരായിരം മുത്തം വെച്ചു….
സന്തോഷം കൊണ്ട് തുള്ളിച്ചാടി….
“പേടിച്ചത് പോലൊന്നും സംഭവിച്ചില്ലലോ”
ചെറുപ്പത്തിലേ ‘അമ്മ നഷ്‌ടപ്പെട്ട എനിക്ക് സ്നേഹനിധിയായ ഒരമ്മ,അഭിയേട്ടന്റെ പെങ്ങളുകുട്ടിയായ എന്റെ അനിയത്തി, സ്നേഹം കൊണ്ട് ചങ്ക് പറിച്ചു തരുന്ന അഭിയേട്ടൻ, ‘അമ്മ ഇല്ലാഞ്ഞിട്ടും ആ കുറവ് അറിയിക്കാതെ എന്നെ സ്നേഹിക്കുന്ന എന്റെ അപ്പായി, ദൈവമേ നന്ദി, എന്റെ ജിവിതത്തിൽ ഇതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല…
എങ്കിലും നീ എനിക്ക് എല്ലാം തന്നു, നന്ദി ഈശോ…
എന്റെ അഭിയേട്ടനെ കാത്തോണേ ദൈവമേ..
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾക്ക് സന്തോഷത്തിന്റേതായിരുന്നു…
പക്ഷേ തീരെ പ്രതീക്ഷിക്കാതെ ഒരു ദിവസം വീട്ടിൽ എത്തിയ അതിഥിയെ കണ്ട് ഞാൻ പരവശയായി…….
(തുടരും )

by