17/04/2026

അനുരാഗി : ഭാഗം 44

രചന : ആയിഷ അക്ബർ

അകത്തെത്തിയതും ഓക്സിജൻ മാസ്കും വെച്ച് കിടക്കുന്ന ആദിയേ കണ്ടവളുടെ നെഞ്ച് പിടഞ്ഞിരുന്നു……അവളോടി ചെന്നവന്റെ കുഞ്ഞി കൈ കളിൽ പിടിച്ചു…… ഉറക്കത്തിൽ നീന്നെന്ന പോൽ കണ്ണുകൾ തുറന്ന അവൻ മുഖത്തെ മാസ്ക് തട്ടി മാറ്റി കൊണ്ടിരുന്നു….കരയാൻ തുടങ്ങിയതും നഴ്സ് വന്നാ മാസ്ക് മാറ്റി കൊടുത്തിരുന്നു…..
അവളവനെ കോരിയെടുത്തു……നെറ്റിയിലും മുഖത്തുമെല്ലാം മുറിവുകളുണ്ട്…..അവൾ പതിയെ അവന്റെ കവിളിൽ ചുണ്ടമർത്തി…..

അവളെ കണ്ട മാത്ര നിറഞ്ഞു വന്ന എന്തോ സങ്കടത്തിലെന്ന പോൽ അവളുടെ തോളിലേക്കവൻ ചാഞ്ഞു…….തന്നെ വിട്ട് പോയതിന്റെ പരിഭവമോ സഹിച്ച വേദനയുടെ സങ്കടമോ ഒക്കെ തന്നോടവൻ പറയുന്നത് പോലെയവൾക്ക് തോന്നി….അവന്റെ ശരീരത്തിന്റെ വേദനകളത്രയും അവൾക്ക് കൂടി സ്വന്തമായിരുന്നു……അന്ന് മുതൽ അവളായിരുന്നു അവന്റെ കൂടെയുണ്ടായിരുന്നത്….വേണ്ട സാധനങ്ങൾ എത്തിച്ചു തന്ന് ശിവയെപ്പോഴും പുറത്തുണ്ടെന്നത് അവനവളെ ഓർമിപ്പിച്ചു…..ഇടക്ക് മാത്രം കുറച്ചു വിട്ട് നിന്ന് ആദിയെ അവൻ കണ്ടു………

അങ്ങനെ മുറിയിലേക്ക് മാറ്റിയപ്പോഴും അവൾ തന്നെയാണ് കൂടെ നിന്നത്……രാത്രി സമയങ്ങളിൽ മാത്രംഅവളോടൊപ്പംരേവതിനിൽക്കുമായിരുന്നു….അല്ലാത്ത സമയങ്ങളിൽ ശിവയും വേദയും തനിച്……..കൂടുതൽ സംസാരങ്ങൾക്കൊന്നും ഇടമില്ലെങ്കിൽ കൂടി തങ്ങളിരുവരുടെയും ജീവിതത്തിൽ രണ്ട് പേരും അത്രയേറെ പറ്റി പ്പിടിച്ചിട്ടുണ്ടെന്ന് അറിയാൻ അവർക്കാ ദിവസങ്ങൾ മതിയായിരുന്നു…..പക്ഷെ അപ്പോഴും പ്രാസദെന്നൊരു കനലിൽ നീറുന്നത് കൊണ്ട് അവളാ തിരിച്ചറിവിനെ ഉള്ളി ലൊതുക്കി……

അവളോട് തുറന്ന് പറഞ്ഞിട്ടും കിട്ടാത്ത സമ്മതത്തിന്റെ പേരിൽ അവനും…….ഒരു വൈകുന്നേരം ചായ യുമായി അവൻ വന്നതും ഉറങ്ങി കിടക്കുകയായിരുന്ന ആധിക്കരികിൽ നിന്നവളെഴുന്നേറ്റു…..ഫ്ലാസ്കിൽ നിന്നും ചായ രണ്ട് ഗ്ലാസ്സിലേക്ക് പകർത്തി കുടിക്കാനിരിക്കുമ്പോഴും പതിവ് പോലെയുള്ള ആ നിശബ്ദത അവരെ കൂട്ടി പ്പിടിച്ചു……ഉള്ളിലുള്ള സ്നേഹം അവർക്കിടയിൽ കിടന്നു വീർപ്പു മുട്ടുന്നത് പോലെ….അവൾ വേഗം കുടിച്ചെന്ന് വരുത്തി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി…..തങ്ങൾക്കിടയിലുണ്ടായ കാര്യങ്ങൾ അവനൊന്നോർത്തു നോക്കി…….

കണ്ടതും ഇഷ്ടപ്പെട്ടതും എല്ലാം നിയോഗം…..
ഉള്ളിലുള്ള ഇഷ്ടം താൻ തുറന് പറഞ്ഞതും അവളിൽ നിന്ന് മറുപടി കിട്ടാത്തതും പിന്നീടുണ്ടായ വേർപിരിയലും…….അവൻ ഉറങ്ങി കിടക്കുന്ന ആധിയിലേക്കൊന്ന് നോക്കി….. അവനു വേണ്ടി കണ്ണ് നീർ കൊണ്ട് ചേർത്ത് പിടിച്ചതും ഇപ്പോഴും ഒരു വിളിക്കപ്പുറം പരസ്പരം താങ്ങായി നിൽക്കുന്നതും……മനസ്സ് വല്ലാത്ത ഭാരത്തിലാണ്….എങ്കിലും….അവള് കൂടെയുണ്ടല്ലോ എന്നൊരു തിളക്കം ആ ചാര കണ്ണുകളിലെ തെളിഞ്ഞു നിന്നിരുന്നു……..പെട്ടെന്ന് ആദി ഉറക്കത്തിൽ നിന്നും എഴുന്നേറ്റൊന്ന് ചിണുങ്ങിയതും ശിവ വേഗം അവനെയെടുത്തപ്പോഴും അവന്റെ കരച്ചിലൊതുങ്ങിയിരുന്നില്ല……

ശിവ അവനെ ആകെയൊന്ന് നോക്കി….ഇനി എവിടെയെങ്കിലും വേദനിച്ചാണോ കരയുന്നതെന്ന മട്ടിൽ……എന്നാൽ പ്രത്യേകിച്ചൊരു വേദനയുടെ കരച്ചിലായി അവനത് തോന്നിയതുമില്ല……. മ്മാ…….അപ്പോഴേക്കും കരച്ചിൽ കേട്ട് ബാത്‌റൂമിന്റെ ഡോർ തുറന്ന് വേദ പുറത്തെക്കിറങ്ങിയതും അവളെ കണ്ട ഉടനെ കരച്ചിലിനിടയിൽ അവളെ നോക്കി അവനത് വിളിച്ചതും ഒരുമിച്ചായിരുന്നു…..ശിവക്ക് ശരീരം കുഴയുന്നത് പോലെ തോന്നിയതും അവൻ പിറകിലെ കട്ടിലിലേക്ക് ചാരി നിന്നു…….

മ്മ……. അ….. മ്മാ……ആദി വീണ്ടും കരച്ചിലോടെ അവളെ നോക്കി കൂടെ അത് തന്നെ വിളിച്ചു……വേദ കണ്ണുകൾ മിഴിചങ്ങനെ നിൽക്കുകയാണ്…..ഒരുനിമിഷം കേട്ടത് വിശ്വസിക്കാൻ കഴിയാതെയെന്ന പോൽ…..അവൾ നിന്നിടത് നിന്നോടി വന്നവനെ എടുത്ത് നെഞ്ചോട് ചേർത്തതുംഅവന്റെകരച്ചിലൊതുങ്ങിയിരുന്നു….അവളവനെ ചുംബനങ്ങൾ കൊണ്ട് മൂടി……ശിവ ഒരു പ്രതിമ കണക്കെ അങ്ങനെ നിന്നു….ഒന്ന് ചലിക്കാൻ പോലും കഴിയാതെ……ഈ ആശുപത്രി ദിവസങ്ങൾ ഇതുവരെയുണ്ടായിരുന്നതിനേക്കാൾ അടുപ്പം അവർക്കിടയിലുണ്ടാക്കിയെടുത്തത് അവനൊരു നോവോടെ നോക്കി കണ്ടു…..

അടർത്തി മാറ്റാൻ കഴിയാത്ത വിധം അവൾ രണ്ട് പേരിലും അത്രയേറെ പറ്റി പിടിച്ചിട്ടുണ്ട്……അവൻ അവരെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു…….അവളുടെ കണ്ണുകളിൽ നിന്ന് കണ്ണ് നീർ ഒഴുകിയിറങ്ങി കൊണ്ടിരിക്കുകയാണ്……അതിൽ ആദിയോടുള്ള കറ കളഞ്ഞ സ്നേഹം തെളിഞ്ഞു കാണുന്നുണ്ട്…..അവൻ നിസ്സഹായനായെന്ന വണ്ണം അവരെ തന്നെ നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് വേദ ആദിയിൽ നിന്ന് ശിവയിലേക്ക് മുഖമുയർത്തി…….ശിവ അവളുടെ മിഴികളിലേക്ക് തന്നെ നോക്കി….ആ കണ്ണുകളിൽ ഒരു നൂറായിരം ഭാവങ്ങൾ മിഞ്ഞി മായുന്നുണ്ട്……

ഞാൻ….. ഞാനെങ്ങും പോകാതിരുന്നോട്ടെ…..
ജീവിത കാലം മുഴുവൻ….ഞാൻ നിങ്ങളെ വിട്ട് പോകാതിരുന്നോട്ടെ……വേദ പെട്ടെന്നത് ചോദിച്ചു നിർത്തുമ്പോൾ കട്ടിലിൽ ചാരി നിന്നിരുന്ന ശിവ പെട്ടെന്നൊരുഞെട്ടലോടെഎഴുന്നേറ്റു…..സത്യമാണോ എന്നൊരു ചോദ്യത്തിനിടം കൊടുക്കാത്ത വണ്ണം അവളുടെവാക്കുകളിൽഇടർച്ചകലർന്നിട്ടുണ്ട്…..മനസ്സിലെ പല വിധ ചിന്തകൾക്കിടയിൽ പെടുമ്പോഴും ഇനിയും ഇത് ചോദിച്ചില്ലെങ്കിൽ താൻ മരിച്ചു പോകുമെന്ന പോൽ
അവളുടെ ശ്വാസം ഉയർന്നു പൊങ്ങുന്നുണ്ട്….

ശിവക്ക് അല്പ നേരത്തേക്കൊന്നും പറയാൻ കഴിഞ്ഞില്ല…….അവനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു…..വേദ അവനെ തന്നെ നോക്കി നിൽക്കുകയാണ്…..അപ്പോഴും അവൾ ആദിയെ മുറുകെ പിടിച്ചിട്ടുണ്ട്…. ഇനിയൊരിക്കലും വിടില്ലെന്ന പോൽ……ശിവയിൽ മാത്രമല്ല താൻ കുരുങ്ങി പ്പോയതേന്നും അവർ രണ്ട് പേരുമുള്ള ആ ലോകം തനിക്കിനിയും വിട്ട് കളയാനും കഴിയില്ലെന്ന അഗാദമായ തോന്നലിൽ നിന്നാണ് അത്രയും ധൈര്യം തനിക്ക് കിട്ടിയത്…. ഇത്ര ദിവസം അവരില്ലാതെ തന്റെ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നിയിരുന്നു…..ഇനിയും വയ്യാ…..വരുന്നിടത്തു വച്ചെല്ലാം നേരിടാം……

അപ്പോഴും അവനോട് എല്ലാം തുറന്ന് പറയണോ എന്നവൾ സംശയിച്ചു…..തുറന്ന് പറഞ്ഞാലൊരു പക്ഷെ അവരെ തനിക്ക് നഷ്ടമായാലോ എന്നൊരു ഭയവും ……എങ്കിലും തുറന്ന് പറയാതിരിക്കുക സാധ്യമല്ല……എനിക്ക്……അതിനു മുമ്പേ എനിക്കൊരുകാര്യംകൂടിപറയാനുണ്ട്……മറുപടിക്കായെന്ന വണ്ണം കാത്തു നിൽക്കുന്ന വേദയോട് ശിവയത് പറഞ്ഞു തുടങ്ങിയതും അവനെ പറയാൻ അനുവദിക്കാതെ പെട്ടെന്നായിരുന്നവളത് പറഞ്ഞത്….അവൻ അവൾക്ക് പറയാനുള്ള സമയമെന്ന പോൽ നിന്നു…അപ്പോഴാണ് വാതിലിലൊരു മുട്ട് കേൾക്കുന്നത്……ശിവ പെട്ടെന്ന് പോയി തുറന്നു……ഡോക്ടറാണ്….. റൌണ്ട്സിനു വന്നതാണ്…..

വേദ വേഗം ആദിയെ കിടത്തി…….ഓക്കെ….. ശിവ….. ഞാൻ ഡിസ്ചാർജ് എഴുതി തരാം…..വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ…. ഇപ്പൊ അവൻ ഓക്കെ ആണ്……ഡോക്ടർ ആദിയെ നോക്കി ശിവയോടത് പറഞ്ഞതും സത്യത്തിൽ അവനൊരു നിരാശയാണ് തോന്നിയത്……അവളോടൊപ്പമുള്ള നല്ല നിമിഷങ്ങൾ പാതിക്ക് വെച്ച് മുറിഞ്ഞത് പോലെ അവനു തോന്നി…..ഇവിടെ നിന്നാണ് അവൾ മനസ്സ് തുറന്നത്…..അപ്പൊ ഇവിടെ നിന്ന് തന്നെയാണ് അവൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കേണ്ടതും….എങ്കിലും അവനൊരു പുഞ്ചിരിയോടെ ഡോക്ടർക്ക് കൈ കൊടുത്തു…..

അപ്പോഴേക്കും വീട്ടിലുള്ളവരെല്ലാം അവിടേക്കെത്തിയിട്ടുണ്ട് …..രേവതിയും രേഖയും വിഷ്ണുവും രാജനും എല്ലാമുണ്ട്……ഡിസ്ചാർജ് ആണ്…..ശിവ വന്ന് കയറിയ ഉടനെ അത് പറഞ്ഞിരുന്നു….അയ്യോ…. അതറിഞ്ഞില്ലല്ലോ….. കുറച്ചു കഴിഞ്ഞ് വിളിച്ചിട്ട് വന്നാൽ മതിയായിരുന്നു അല്ലെ…….രാജനത് പറയുമ്പോഴും പറയാൻ ബാക്കി വെച്ച ആ കാര്യം വേദയിൽ കിടന്നു നീറുക യായിരുന്നു…..ശിവയുടെ മനസ്സ് ആകാശത്തിലൂടെ ഭാരമില്ലാതെ പാറി നടക്കുന്നത് പോലെ അവന് തോന്നി…..
അത്ര മേൽ നിറഞ്ഞ സന്തോഷം അവനെ കീഴ്പ്പെടുത്തുകയാണ്…..

നഷ്ടപ്പെട്ടെന്ന് കരുതിയ എന്തോ ഒന്ന് തിരിച്ചു കിട്ടിയത് പോൽ മനസ്സ് ആനന്ദത്താൽ നിറഞ്ഞു കവിഞ്ഞു…….അവൻ അവളിലേക്കൊന്ന് നോക്കി…..അവളുടെ കണ്ണുകളിലെ ആശങ്ക അപ്പോഴും നീങ്ങിയിട്ടില്ല……..എങ്കി സാധങ്ങളൊക്കെ എടുത്തോളൂ…. നമുക്കിറങ്ങാം…..രേവതി അത് പറഞ്ഞപ്പോഴാണ് അവരുടെ കണ്ണുകൾ അടർന്നു മാറിയത്…..ഓരോ സാധനങ്ങളെടുത് ഓരോരുത്തരായിറങ്ങി…..

ശിവയുടെയും വേദയുടെയും മിഴികളിൽ എന്തോ ഒന്ന് ബാക്കി നിൽക്കുന്നതറിഞ്ഞത് കൊണ്ട് തന്നെ വിഷ്ണു ആദിയെ എടുത്തിറങ്ങി…..അഞ്ജുവിനെ….. അഞ്ജുവിനെ വിളിച്ചാൽ മതി….. ഞാൻ അവളോടൊപ്പം പൊയ്ക്കോളാം….അവർ വീട്ടിലേക്കാണ് പോകുന്നത് എന്നുള്ളത് കൊണ്ട് തന്നെയാണ് ഒരു പ്രയാസത്തോടെ വേദയത് പറഞ്ഞത്…..ശിവ പതിയെ അവളിലേക്കൊന്ന് തിരിഞ്ഞു….അപ്പൊ താനല്ലേ പറഞ്ഞത് ഇനി എങ്ങോട്ടും പോകില്ലെന്ന്………അവൻ ചാര കണ്ണുകളിൽ കുസൃതി നിറച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ മിഴികളിൽ നാണം പടർന്നു…….

പക്ഷെ അപ്പോഴും പറയാൻ ബാക്കി വെച്ച കഥകൾ അവളുടെ ഉള്ളിൽ ഒരു വിങ്ങലായി നിന്നു…..ഞാൻ…. ഞാൻ വരുന്നത് ശെരിയാണോ…..വരേണ്ടെന്ന് പറഞ്ഞതല്ലേ എന്നോട്……അവൾ പതിഞ്ഞ ശബ്‍ദത്തിലത് പറഞ്ഞതും വരാനുള്ള ആഗ്രഹം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…..അത് കുഴപ്പമില്ല…….ഇപ്പോ നിന്നേ കൊണ്ട് പോകുന്നത് ഞാനാണ്….. എനിക്ക് വേണ്ടിയാണ്..അവൻ അവളുടെ കണ്ണുകളിൽ നോക്കിയത് പറയുമ്പോൾ അവളുടേ വലത് കൈ കൈ പിടിക്കുള്ളിലാക്കിയിരുന്നു….അവളുടെ മിഴികളൊന്ന് പിടച്ചു……അവളവനെ നോക്കി നിൽക്കെ അവന്റെ മിഴികളിലും ഇത് വരെയില്ലാത്തൊരു ഭാവം…..

അവന്റെ കയ്യിലെ തണുപ്പ് തന്റെ യുള്ളിലെ ചൂടിലേക്കായിരുന്നു പതിഞ്ഞത്…….പക്ഷെ അപ്പോഴും ഉള്ളിലൊരു കരട് ബാക്കിയായിരുന്നു…….എനിക്കൊരു കാര്യം…..അവൾ വീണ്ടും അത് പറയാൻ ശ്രമിച്ചപ്പോഴാണ് ശിവയുടെ ഫോൺ റിങ് ചെയ്യുന്നത്……അതേയ്…..വേദയെ കൂടെ കൂട്ടാൻ വല്യമ്മ പറഞ്ഞിട്ടുണ്ട് കേട്ടോ…. ഇനി ബാക്കി നമുക്ക് വീട്ടില് ചെന്ന് പറയാം…..ഇങ് പോര്…….ഫോണെടുത്ത ഉടനെ വിഷ്ണു വത് പറഞ്ഞതും ശിവയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു……ഫോൺ അല്പം ശബ്‍ദത്തിലായിരുന്നത് കൊണ്ട് തന്നെ വേദയും അത് കേട്ടിരുന്നു….അവൾക്കും അത് വല്ലാത്തൊരു സന്തോഷം നൽകി….ശിവ അവളുടെ കയ്യിൽ പിടിച്ച പിടുത്തം ഒന്നുകൂടി മുറുക്കി കൊണ്ട് താഴേക്ക് നടന്നു……..

(തുടരും)