25/04/2026

അഗ്നിമിത്ര : ഭാഗം 32

രചന : റിസ്വാന

റോഷൻ അപ്പോഴും തന്റെ പ്രവർത്തിയിൽ മുഴുകിയിരിപ്പാണ്, അവനൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അഫ്‌സലും അൻഷാദും കിളിവാതിൽ തുറക്കാൻ ശ്രമിച്ചു,കാലപ്പഴക്കം ചെന്നതിനാലോ ഇരുവരുടേയും കഠിനപരിശ്രമത്താല്ലോ ആ ജാലകം തുറക്കപ്പെട്ടു, മൂന്നുപേരും ദൈവത്തിന് സ്തുതി പറഞ്ഞു, രണ്ടുപേർക്കും പ്രിയപ്പെട്ടത് ഫസീല ആയതിനാൽ, ആദ്യം അവളെ പുറത്തിറക്കാൻ തീരുമാനിച്ചു,അവളെ പുറത്തിറക്കാൻ ശ്രമിക്കവേ, റോഷൻ കയ്യിലുള്ള കുടം കൊണ്ട് അഫ്‌സലിന്റെ തലയിൽ അടിച്ചു, അടിയുടെ ശക്തിയാൽ ബാലൻസ് തെറ്റിവീണ, അഫ്‌സലിന്റെ അടുത്തായി അൻഷാദും ഫസീലയും തെന്നിവീണു, ഫസീല ചെന്ന് വീണത്, തലപൊട്ടി രക്തം തളംകെട്ടി നിൽക്കുന്ന അഫ്‌സലിനടുത്തേക്കായിരുന്നു,

“അഫ്സൽ..” ഒരു ഭ്രാന്തിയെ പോലെ അലറിക്കൊണ്ട് അവൾ അവനടുത്തേക്ക്‌ നീങ്ങി,
“ഫസീ, പടച്ചവൻ എത്ര വലിയവനാണ്, എന്റെ മരണം വരെ, ഞാൻ ചാർത്തിയ മഹറുമായി നീ എന്റടുത്ത് വേണമെന്ന എന്റെ പ്രാർത്ഥന കേട്ടത് പോലെ, നിങ്ങളുടെ പ്രണയവും എന്നും നിലനിൽക്കണമെന്ന് ഞാൻ സ്വർഗ്ഗത്തിൽ വെച്ച് പ്രാർത്ഥിച്ചോളാം..””അഫ്സൽ, അങ്ങനെ ഒന്നും പറയാതെ, നിനക്കൊന്നും സംഭവിക്കില്ല, ഇൗ ഭ്രാന്തന്റെ അടുത്ത് നിന്ന് നമ്മൾ രക്ഷപ്പെടും..”

“ഇല്ല അൻഷാദ്‌, പടച്ചോന്റെ വിളിക്ക് ഉത്തരം നൽകാനുള്ള എന്റെ വിധി എത്തിക്കഴിഞ്ഞു, ഇവളെ.., ഇവളെ ഞാൻ നിന്റെ കൈകളിൽ സന്തോഷപൂർ:വ്വം ഏൽപ്പിക്കുകയാണ്, ഇൗ ഭ്രാന്തനിൽ നിന്നും നിങ്ങൾ രക്ഷപ്പെടണം, സന്തോഷത്തോടെ ജീവിക്കണം, ഇൻശാ അല്ലാഹ് നമുക്ക് എന്നെങ്കിലും സ്വർഗ്ഗത്തിൽ വെച്ച് കണ്ടുമുട്ടാം, അഷ്ഹദു അൻ ലാ ഇലാഹ ഇല്ലളള, അഷ്ഹദു അന്ന മുഹമ്മദു റസൂലുള്ളാഹ്‌..”
പറഞ്ഞ് തീർന്നതും റോഷന്റെ അടുത്ത പ്രഹരത്താൽ അഫ്‌സലിന്റെ ശ്വാസം നിലച്ചു, തന്റെ മടിയിൽ കിടന്ന് അഫ്സലിൻെറ ശ്വാസം നിലച്ചത് കണ്ട് ഫസീല അലറി വിളിച്ചു,

“അഫ്സൽ.., എണീക്ക് അഫ്സൽ, കണ്ണ് തുറക്കൂ അഫ്സൽ,””മിത്രാ.. അവൻ.. ഉമർ, ഉമർ പോയി മിത്രാ.., വാ നമുക്ക് പോകാം, നമുക്ക് പോകാം മിത്രാ..” റോഷൻ അവളുടെ തോളിൽ കൈ വെച്ച് ഒരു ഭ്രാന്തനെ പോലെ പുലമ്പികൊണ്ടിരുന്നു,
ഇരുകൈകളിൽ നിന്നും ഒലിക്കുന്ന രക്തം നോക്കിനിൽക്കേ, ഭ്രാന്തമായി അലറിക്കൊണ്ട് റോഷന്റെ കൈയ്യിലുള്ള തോക്ക് തട്ടിപ്പറിച്ചു, അവന് നേരെ വെടിയുതിർത്തു, അവന്റെ കയ്യിലുള്ള ചെമ്പ്കുടത്തിൽ ചെന്ന് പതിച്ചതും അത് ചിന്നംഭിന്നമായി, അതിനുള്ളിലെ കളിമൺ പാവ നിലത്ത് വീണുടഞ്ഞു, ചുറ്റിലും പ്രകാശം പരന്നു,

മൂന്ന് പേരും മൂന്നിടത്തേക്കായി തെറിച്ച് വീണു, റോഷൻ എഴുന്നേറ്റ് തന്റെ തോക്ക് തിരഞ്ഞ് പിടിച്ചു, ഫസീലയെ എഴുന്നേൽപ്പിക്കാൻ പോയ അൻഷാദിന് നേരെ തോക്ക് ചൂണ്ടി,”തൊട്ട് പോകരുത്, അവൾ എന്‍റെയാ,, എന്റെ മാത്രം, മാറി നിൽക്ക്, ഇല്ലെങ്കിൽ നിനക്കും കൂട്ടുകാരന്റെ കൂടെ പോകാം”
അൻഷാദിനെ മാറ്റി, റോഷനവിടെ ഇരുന്ന്‌,”മിത്രാ, എഴുന്നേൽക്കു മിത്രാ,, കണ്ണുകൾ തുറന്ന് നോക്കു മിത്രാ..” അവളെ കുലുക്കി വിളിച്ചു, പെട്ടന്നവൾ കണ്ണുകൾ തുറന്നു, ജ്വലിക്കുന്ന മിഴികളാൽ അവനെ നോക്കി, ആ ഇരുപ്പിൽ അവൾ റോഷനെ തള്ളിമാറ്റി, അവൻ വാതിലിൽ ചെന്നിടിച്ചു, വാതിലും കൊണ്ടവൻ പുറത്തേക്ക് വീണു,

അവളിലുണ്ടായ മാറ്റം കണ്ട് അൻഷാദ്‌ ആകെ ഞെട്ടിതരിച്ചു, അഴിഞ്ഞ് വീണ കേശദാരയുമായി ചുവന്ന ചെമ്പട്ടിൽ, അവളെ കണ്ടാൽ ശരിക്കും ഒരു തമ്പുരാട്ടിയെ പോലെയുണ്ട്, അവളുടെ കണ്ണിലെ തീക്ഷ്ണത ഇൗ ലോകം ചുട്ട്‌ചാമ്പലാക്കൻ കഴിവുള്ളതാണെന്ന് തോന്നിപ്പോകും,അവൾ അൻഷാദിനെ നോക്കികൊണ്ട്, റോഷനു നേരെ നടന്നു നീങ്ങി, തന്റെ ശക്തിയാൽ അവനെ നിയന്ത്രിച്ച്‌ വലിച്ച് കൊണ്ടുപോയി, അൻഷാദും അവരെ പിന്തുടർന്നു,കല്യാണമണ്ഡപത്തിന്റെ മുന്നിലൂടെ, അവർ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മന്ത്രകളത്തിലേക് പോകവേ ചിലർ അവരെ അനുഗമിക്കുകയും മറ്റുചിലർ അവരെ ആനയിക്കുകയും ചെയ്തു, അവൾക്ക്‌ മുന്നേ മന്ത്രകളത്തിലെത്തിയവർ പരികർമികൾക്ക് അവളുടെ ആഗമനം അറിയിച്ച് കൊടുത്തു,

മാറിമറിഞ്ഞ കാലാവസ്ഥയും മണ്ഡപത്തിൽ വെച്ചിരിക്കുന്ന നിലവിളക്കിന്റെ തിരികെടലും ചെരിച്ചിലും എല്ലാം അവൾ എത്തിയതിന്റെ സൂചനയായിരുന്നു, എന്ത് വന്നാലും അതിനെ നേരിടാൻ വേണ്ടി അവർ എല്ലാം സജ്ജമാക്കി വെച്ചിരുന്നു,അവൾ റോഷനേയും വലിച്ച് കൊണ്ട് നേരെ മന്ത്രകളത്തിലേക്ക്‌ ചെന്നു, ഹോമകുന്ധത്തിന് ചുറ്റും ഏഴ്തവണ വലയം ചെയ്തു, അപ്രതീക്ഷിതമായ അവളുടെ ഈ ചെയ്തികൾ പരികർമികൾക്ക്‌ പരിഭ്രാന്തി ഉണർത്തി, മിത്രയുടെ ബന്ധനത്തിൽ നിന്നും മോചിതനാവാൻ കഴിയാതെ അവൻ പലതും വിളിച്ച് പറയുന്നുണ്ടായിരുന്നു, കണ്ണിമവെട്ടാതെ അന്ധാളിച്കൊണ്ട് അൻഷാദും അവളെ നോക്കി നിന്നു,

“ഞാൻ എന്റെ വാക്ക് പാലിച്ചു, ഇത് എന്റെ മൂന്നാം പുനർജന്മം, അതേ സ്ഥലം, എല്ലാവരും ഒത്ത് കൂടിയ അത്പോലൊരു വിശേഷ ദിവസം, പതിറ്റാണ്ടുകളായി ഞാൻ കാത്തിരുന്നു ദിവസം, ഇന്ന് എന്നെ തടുക്കാൻ ആർക്കും സാധ്യമല്ല, ഹഹ ഹ ഹാ..” മിത്രയുടെ അട്ടഹാസം കോവിലകത്തെ പ്രകമ്പനം കൊള്ളിച്ചു,
തന്റെ ചെയ്തികളൊന്നും ശ്രദ്ധിക്കാതെ, ഹോമകുന്ധത്തിലേക്ക്‌ മന്ത്രങ്ങളുടെ അകമ്പടിയോടെ നെയ്യൊഴിച്ച്‌ തന്നെ ആവാഹിക്കാൻ ശ്രമിക്കുന്ന പരികർമ്മിയുടെ ശ്രദ്ധതിരിക്കുവാനെന്നോണം, അവൾ ഹോമകുന്ധത്തിലെ തീ ആളിപടർത്തി, ചുറ്റിലും കൂടിയവരുടെ നിലവിളികളും ശബ്ദവും കാരണം പരികർമിയുടെ ശ്രദ്ധ വഴിതിരിച്ചു,പൂജാകർമ്മങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിൽ വിജയംകൈവരിച്ചുകൊണ്ട് അവൾ മുന്നോട്ട് നീങ്ങി,

മന്ത്രകളത്തിന് നടുവിൽ നിൽക്കുന്ന റോഷന് ചുറ്റും അഗ്നികൊണ്ട് വലയം തീർത്തു, കണ്ണുകളടച്ച് നെഞ്ചിൽ കൈവച്ച് മന്ത്രം ചൊല്ലി, ഹോമകുന്ധത്തിന് നേരെ കൈ നീട്ടി, കയ്യിലുള്ള ഭസ്മം അതിലേക്ക് ഇട്ടു, ആ നിമിഷം തീ തുപ്പുന്ന സർപ്പങ്ങൾ ഹോമകുന്ധത്തിൽ നിന്നും ഇറങ്ങി വന്നു, റോഷന്റെ അഗ്നിവലയങ്ങൾക്ക്‌ പുറത്ത് നിന്നും ചീറ്റികൊണ്ട് തീ പാറിച്ചു,അവൻ ഭയന്ന് നിലവിളിച്ചു, അത്കണ്ട് അവൾ ആസ്വദിച്ച് അട്ടഹസിച്ചു, അൻഷാദ്‌ എല്ലാം കണ്ട് ഭയന്ന് നിൽക്കുകയാണ്, എന്ത് ചെയ്യണമെന്ന് അവനറിയില്ലായിരുന്നു, കണ്ണുകളടച്ച് തുറന്ന നിമിഷം കൊണ്ട് അവൾ അഗ്നിവലയത്തിനുള്ളിൽ റോഷന്റെ അടുത്തെത്തി, ആളികത്തുന്ന തീയിലേക്ക് കൈ നീട്ടി, നിമിഷനേരംകൊണ്ട് അവളുടെ കൈകളിൽ തീപാറുന്ന ശൂലം പ്രത്യക്ഷപ്പെട്ടു,

അവൾ അടുക്കും തോറും അവൻ ഭയന്ന് മാറി കൊണ്ടിരുന്നു, നാഗങ്ങളുടെയും മിത്രയുടെയും നടുവിൽ കിടന്നു അലറി വിളിക്കുമ്പോഴും ഒന്നും ചെയ്യാനാവാതെ എല്ലാവരും നിസ്സഹായരായി നോക്കി നിന്നു,പ്രതികാര ദാഹിയായ ദുർഗയെ പോലെ അവന്റെ നെഞ്ചിലേക്ക് ശൂലം കുത്തിയിറക്കി, ഒരലർച്ചയോടെ അവൻ നിലത്ത് വീണു, താഴെവീണ അവനെ നാഗങ്ങൾ തീ ചീറ്റി കൊത്തി, ചുറ്റിലും ഉണ്ടായിരുന്ന തീ വലയം ചുരുങ്ങി അവനെ കവർന്നെടുത്തു,പക തീർത്ത രൗദ്രഭാവം വെടിഞ്ഞ് നിൽക്കുന്ന മിത്ര കണ്ണുകളടച്ച് കൈകൾ വായുവിൽ വീശിയതും ആൾക്കൂട്ടത്തിൽ നിന്നിരുന്ന അൻഷാദ്‌ അവളുടെ അരികിലെത്തി, തെല്ലൊരു ഭയത്തോടെ അവളെ നോക്കിയ അൻഷാദിനെ,”ഉമർ..” എന്നും പറഞ്ഞ് തലോടി നിൽക്കുമ്പോൾ പെട്ടന്നവൾ കുഴഞ്ഞ് വീണു, അതോടൊപ്പം തന്നെ അവളിലെ ശക്തി ശരീരത്തിൽ നിന്നും വിട്ടകന്നു,

*************

മയങ്ങി എണീറ്റ അവൾക്ക് സ്വബോധം നഷ്ടപ്പെട്ടു, ഉറങ്ങി ഉണരുമ്പോൾ അവൾ ഫസീലയോ മിത്രയോ ആരുമായിരുന്നില്ല, ഏതോ മായികലോകത്തായിരുന്നു, നിഷ്കളങ്കത നിറഞ്ഞ കുട്ടികളുടെ മനസ്സുമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ്കൂടുമ്പോൾ ആരേയും അടുപ്പിച്ചില്ലെങ്കിലും അൻഷാദിന്റെ സാമീപ്യം അവൾക്ക് സ്വാന്തനമായി,അവളുടെ സ്വപ്നത്തിൽ വരുന്ന രാജകുമാരന്റെ മുഖമായിരുന്നു അവന്, അവളെ കാണാൻ വരുമ്പോൾ, കുമാരന്റെ കൊട്ടാരത്തിൽ റാണിയാക്കാൻ കൊണ്ട് പോകാത്തതിലുള്ള പരിഭവം പറയുമ്പോൾ, അവന്റെ മിഴികളും നിറയാറുണ്ടായിരുന്നു,

ഒരിക്കൽ, തന്റെ ബീവിയാക്കി പാലോത്ത് തറവാട്ടിലെ മണിമാളികയിലേക്ക്‌ റാണിയായി വാഴിക്കാൻ കൊതിച്ചവളുടെ വായിൽ നിന്നും സ്വബോധമില്ലാതെയാണെങ്കിലും ഇങ്ങനെ കേട്ടപ്പോൾ, അവനും ഏറെ കൊതിച്ച് പോയി,ഒന്നും നൽകണ്ട ഇൗ നിഷ്കളങ്ക മനസ്സ് ഇത്പോലങ്ങ് തന്നാൽ മതിയെന്നും, പൊന്നു പോലെ നോക്കിക്കോളാം എന്നുമുള്ള അവന്റെ ഉറച്ച വാക്കുകൾക്ക് മുൻപിൽ അവളുടെ വീട്ടുകാർക്ക് സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു,

അങ്ങനെ അവരുടെ നികാഹ് നിശ്ചയിക്കപ്പെട്ടു, അവന്റെ വീട്ടുകാരിൽ ചിലർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും, അവനത് കാര്യമാക്കാതെ ഇൗ തീരുമാനത്തിൽ ഉറച്ചുനിന്നു,അവളുടെ ആഗ്രഹപ്രകാരം തന്റെ രാജകുമാരനൊപ്പം അവൾ പാലോത്ത് തറവാട്ടിലേക്ക് യാത്ര തിരിച്ചു,അവൾക്ക് ഭക്ഷണം കഴിക്കുവാനും ഉറങ്ങുവാനും രാജകുമാരന്റെ കഥകൾ വേണമായിരുന്നു, തന്റെയും അവളുടെയും കഥകൾ രാജകുമാരനും കുമാരിയുമായി വിശേഷിപ്പിച്ച് അവൾക്ക് പറഞ്ഞ് നൽകുമ്പോൾ, അവളും അതിലൂടെ സഞ്ചരിക്കുകയായിരുന്നു,

അവനറിയാമായിരുന്നു അവളിൽ തന്റെ സ്നേഹത്തിന്റെ ഫലം കണ്ട്‌തുടങ്ങുമെന്ന്‌, ആരുടേയോ പ്രാർത്ഥന പോലെ അവന്റെ സ്നേഹവും കരുതലും കൊണ്ട് അവൾക്ക് മാറ്റങ്ങൾ വന്നുതുടങ്ങി, വസന്തങ്ങളുടെ മാറ്റങ്ങളിൽ സ്നേഹവും കരുതലും മറ്റൊരു തരത്തിലേക്ക് മാറുമ്പോൾ ഇരുവരിലും പ്രണയം തളിർത്തു, കാലചക്രം കറങ്ങിവന്നപ്പോഴേക്കും ഇരുവരും ഒന്നായി തുടങ്ങിയിരുന്നു,കുഞ്ഞായും കാമുകിയായും ഭാര്യയായും അവന്റെ സ്നേഹം അനുഭവിച്ച അനുഭൂതിയിൽ അവൾ നിൽക്കുമ്പോൾ, പലരും അവരുടെ പ്രണയത്തെ അസൂയയോടെ നോക്കി നിന്നു,

അവന്റെ പ്രണയത്തിൽ നിറഞ്ഞാടി നിൽക്കുമ്പോൾ, അവളൊരുക്കി വെച്ച സമ്മാനം എന്താണെന്നറിഞപ്പോൾ അവനും ഇൗ ലോകത്തൊന്നും അല്ലായിരുന്നു,മഞ്ഞുതുള്ളികൾ ഇറ്റിവീഴുന്ന ഒരുപുലർകാലത്ത്, പഞ്ഞികെട്ടുകൾ പോലെ രണ്ട് കുഞുമുഖങ്ങൾ അവനെ നോക്കി ചിരിക്കുമ്പോൾ, അവന്റെ ഉള്ളിലും കുളിർമഴ പെയ്യുകയായിരുന്നു,ആദമിന്റെയും ഹവ്വയുടെയും കൂടെ, പരിഹസിച്ചവരുടെയെല്ലാം മുന്നിൽ രണ്ടുപേരും മത്സരിച്ച് പ്രണയിച്ചു, അവൾ പണ്ട് പറഞ്ഞത്പോലെ ലൈലയെയും മജ്നുവിനെയും, ബദറുൽ മുനീറിനെയും ഹുസുനുൽ ജമാലിനെയും പോലെ പരസ്പരം ഭ്രാന്തമായി പ്രണയിച്ച്, സന്തോഷത്തോടെ പിണക്കവും ഇണക്കവുമായി ഏവരേയും അസൂയപെടുത്തികൊണ്ട് ജീവിക്കുന്നു,തീർന്നുട്ടോ, ഇതുവരെ സപ്പോർട്ട്‌ ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി, വീണ്ടും കാണാം..