08/04/2026

അഗ്നിമിത്ര :ഭാഗം 10

രചന : റിസ്വാന

അങ്ങനെ ഓരോ കഥകൾ പറഞ്ഞ് അവർ ഉമറിന്റെ വീട്ടിലെത്തി.. മിത്രക്ക് വേദന വന്നും പോയി കൊണ്ടിരുന്നു.. ഉമറും കുഞ്ഞിപ്പാത്തുവും പ്രാർത്ഥനയിൽ മുഴുകി.. അയിശുമ്മ നാണിതള്ളക്ക് സഹായത്തിനായി കൂട്ടിരുന്നു..പുറത്ത് മഴ ചാറികൊണ്ടിരിക്കുകയാണ്.. അതിന്റെ അകമ്പടിയായി അകത്ത് മിത്രയുടെ ഇടവിട്ടുള്ള നിലവിളിയും.. രാത്രിയുടെ ഗാഢമായ ഇരുളിന്റെ ശക്തിയിൽ ഉമർ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു..പെട്ടന്നുള്ള നിലവിളി കേട്ടാണ് ഉമർ ഞെട്ടിയുണർന്നത്.. കൂടെ ഒരു കുഞ്ഞുകരച്ചിലിന്റെ ശബ്ദവും.. അവൻ ഉണർന്നപ്പോയേക്കും മഴ ശമിച്ചിരുന്നു, പുലർച്ചയായി തുടങ്ങിയിരുന്നു.. കുഞ്ഞു ശബ്ദം കേൾക്കുന്നതിനിടയിൽ ഒരിക്കൽ കൂടെ മിത്രയുടെ നിലവിളി കേട്ടു.. അവൻ ആകെ പരിഭ്രാതിയിലായി.. ഒപ്പം തന്നെ മറ്റൊരു കുഞ്ഞു കരച്ചിലും കേട്ടു..

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ അവൻ മിത്ര കിടക്കുന്ന മുറിയിൽ കതകിൽ മുട്ടി.. വാതിൽ തുറന്നില്ല.. വീണ്ടും തുര തുരാ മുട്ടി കൊണ്ടിരുന്നു.. ആയിശുമ്മ അടങ്ങിയിരിക്കാൻ ആക്രോശിച്ചു.. അവനോട് പോയി വുളുഅ’ ചെയ്ത് വരാൻ പറഞ്ഞു..അവൻ വേഗം അംഗശുദ്ധി വരുത്തി വന്നു.. അവൻ വന്നപ്പോൾ, അയിശുമ്മയും കുഞ്ഞിപ്പാത്തുവും ഒരോ കുഞ്ഞുങ്ങളുമായി നിൽക്കുന്നു.. സന്തോഷം കൊണ്ട് അവന്റെ മിഴികൾ നിറഞ്ഞു..ഓടി ചെന്ന് കുഞ്ഞിപ്പാത്തുവിന്റെ അടുത്ത് നിന്ന് കുഞ്ഞിനെ വാങ്ങി മുത്തം കൊടുത്തു.. അവൾ പെൺകുട്ടിയാണെന്ന് പറഞ്ഞു.. തന്റെ മകളുടെ ചെവിയിൽ ബാങ്കും ഇകാമത്തും നൽകി.. ശേഷം കുഞ്ഞിനെ കുഞ്ഞിപ്പാത്തൂന് തിരിച്ച് കൊടുത്ത് ഉമ്മാന്റെ കയ്യിലുള്ള കുഞ്ഞിനെ വാങ്ങി മുത്തം കൊടുത്തു.. ഉമ്മ പറഞ്ഞു ആൺ കുട്ടിയാണെന്ന്.. തന്റെ മകനും ബാങ്കും ഇക്കാമത്തും കൊടുത്തു..

സന്തോഷം കൊണ്ട് എന്തെല്ലാം ചെയ്യണമെന്ന് അവനറിയില്ലായിരുന്നു.. ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അപ്പൊ അവന്.. കുഞ്ഞിനെ ഉമ്മയുടെ കയ്യിൽ കൊടുത്ത് മിത്രയുടെ അടുത്തേക്ക് ഓടിയപ്പോയേക്കും നാണിതള്ള കതക് കൊട്ടിയടച്ചു..
ഇത് കണ്ട് കുഞ്ഞിപ്പാത്തുവും അയിശുമ്മയും ചിരി അടക്കാൻ പാടുപെട്ടു.. “ഇപ്പൊ അങ്ങട് പോകണ്ട, അവിടെ കുറച്ച് പണിയുണ്ട്..” ഉമ്മയാണ് പറഞ്ഞത്..തന്റെ വരവ് കണ്ട് വാതിൽ കൊട്ടിയടച്ച നാണിതള്ളയോട് ചെറുതായി നീരസം വന്നെങ്കിലും, തന്റെ കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ ഈ രാത്രിയിലും ഒരു മടുപ്പും കൂടാതെ വന്ന കാര്യം ഓർത്ത അവരോട് ബഹുമാനം തോന്നി..

അവൻ തന്റെ കുഞ്ഞുങ്ങളെ നോക്കി, ആരെ ആദ്യം എടുക്കണം എന്ന സംശയത്തിലായി, അവരെ എടുക്കണമെങ്കിൽ തന്നെ ഉമ്മയും കുഞ്ഞിപ്പാത്തുവും കനിയണം എന്നവൻ ഓർത്തു.. അവരെ പിറകെ നടന്ന് തന്റെ കുഞ്ഞുങ്ങളെ മാറി മാറി എടുത്ത് കൊണ്ടിരുന്നു..വിശാലമായി കിടക്കുന്ന ആകാശ മാറിലേക്ക് ചുവന്ന കിരണങ്ങളുടെ പരവതാനി വിരിച്ച് സൂര്യൻ ഉദിച്ച് വന്നു.. ഈ ദിവസം ഉമറിന്റെ കുഞ്ഞുങ്ങളുടെ വരവറിയിച്ചാണ് എല്ലാവരും ഉറക്കമുണർന്നത്..അഗ്നിമിത്ര വന്ന ദിവസത്തെ പോലെ, കേട്ടവർ കേട്ടവർ അന്നും അവിടേക്ക് വന്ന് കൊണ്ടിരുന്നു, ഉമറിന്റെ ഇരട്ട കുട്ടികളെ കാണാൻ..

തന്റെ ജോലിയെല്ലാം ഭംഗിയായി തീർത്ത് പോകാനിരുന്ന നാണിതള്ളയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.. നാണിതളള അയിശുമ്മയോടായി പറഞ്ഞു: “കണ്ടോ അയിശു.. ഉമർ ഓന്റെ ബാപ്പ കാദറിനെ പോലെ തന്നെ ആണ്.. നിന്റെ പ്രസവം കഴിഞ്ഞും നിന്റെ കെട്ടിയോന്റെ സന്തോഷം ഇത് പോലെ തന്നെ ആയിരുന്നു.. എന്തൊക്കെ ചെയ്യണം എന്നറിയില്ലായിരുന്നു..”പ്രിയപ്പെട്ടവന്റെ വിരഹത്തിന്റെ വേദന ഉള്ളിൽ അടക്കിയെങ്കിലും ചെറു കണ്ണീർ തുള്ളികൾ ആ മിഴികളിലൂടെ ഇറ്റ് വീണു..

രണ്ട് കുട്ടികളുടെയും കരച്ചിലും കളിയും ചിരിയുമായി ദിവസങ്ങൾ കടന്ന് പോയി.. ആൺ കുഞ്ഞിന് ‘ആദം’ എന്നും പെൺ കുഞ്ഞിന് ‘ഹവ്വ’ എന്നും അവർ പേര് നൽകി..കുറച്ച് നാളുകൾക്ക് ശേഷം.., മിത്രയുടെ മുത്തശ്ശിയുടെ നില വളരെ മോശമാണെന്ന വിവരം കിട്ടി.. തന്റെ മുത്തശ്ശിയെ ഒരു നോക്ക് കാണുവാനും കുഞ്ഞുങ്ങളെ കാണിക്കുവാനും കോവിലകത്ത് പോയാൽ കൊള്ളാം എന്ന ആഗ്രഹം അവൾ ഉമറിനെ അറിയിച്ചു..കാലമേറെ കഴിഞ്ഞതിനാലും, കുഞ്ഞുമുഖങ്ങൾ കാണുമ്പോൾ ദേഷ്യം താനെ അലിഞ്ഞോളും എന്ന ചിന്തയിൽ അവർ ശ്രീപുരത്തേക്ക് പോകുവാൻ തീരുമാനിച്ചു..

കുഞ്ഞുങ്ങളുമായി ഇത്രയും ദൂരം സഞ്ചരിക്കണമെന്നതിനാലും അഗ്നിമിത്ര ജനിച്ച് വളർന്ന വീടും ദേശവും കാണുക എന്ന ഉദ്ദേശത്താലും അയിശുമ്മയും കുഞ്ഞിപ്പാത്തുവും അവരോടൊപ്പം യാത്രയിൽ പങ്ക് ചേർന്നു..അങ്ങനെ ഒരു പുലച്ചെ അവർ യാത്ര തുടർന്നു.. യാത്രാ മദ്ധ്യേ ഉമറിന്റെ നാട്ടുകാരും കച്ചവടക്കാരുമായ കൂട്ടുകാരുടെ സംഘവും അവരുടെ കൂടെ കൂടി.. അൽപം വിശ്രമവും മറ്റുമായി സുഖമമായ യാത്രക്ക് വിരാമമം കുറിച്ച്, പിറ്റേന്ന് ഉച്ചക്ക് അവർ ശ്രീപുരത്ത് എത്തിചേർന്നു.അവിടെ എത്തിയതിന് ശേഷം, അവൾ നേരെ ചെന്നത് അമ്പലത്തിലേക്കായിരുന്നു.. പ്രസാദവും വാങ്ങി നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് നേരെ നടന്നത് കോവിലകത്തേക്കായിരുന്നു..

കോവിലകത്തിന്റെ പടിപ്പുരയിൽ കാൽ വെച്ചപ്പോൾ തന്നെ മിത്രയുടെ ഉള്ളൊന്ന് കാളി, വരുന്നതെന്തും വരട്ടെ എന്ന് കരുതി ഉറച്ച കാലുകളോടെ തന്റെ മുത്തശ്ശിയെ കാണണെമെന്ന് മനസ്സിലുറച്ച് അവൾ നടന്നു..കുഞ്ഞുങ്ങളെയും പിടിച്ച് അയിശുമ്മയും കുഞ്ഞിപ്പാത്തുവും അവർക്ക് പിന്നാലെ നടന്നു.. അവൾ സധൈര്യത്തോടെ നേരെ ആദ്യം അഛനടുത്തേക്ക് പോയി, തളർന്ന് കിടക്കുന്ന അദ്ദേഹത്തെ കണ്ടതും അവളുടെ നിയന്ത്രണം വിട്ടു..

മോഹന പ്രതാപ വർമയെ പരിചരിച്ച് കൊണ്ടിരുന്ന ഭഗീരതി വർമ, പിറകിൽ നിന്നുള്ള കരച്ചിലിന്റെ ഉൽഭവം അറിയാനായി തിരിഞ്ഞ് നോക്കിയതും ഞെട്ടി തരിച്ച് നിന്നു.. ഒരു നിമിഷം എല്ലാം മറന്ന് സ്വന്തം മകളെ ചേർത്ത് പിടിച്ച് കരഞ്ഞു..കുഞ്ഞുങ്ങളുടെ കരച്ചിൽ ശബ്ദം കേട്ട്, എന്തോ ഓർത്ത പോലെ ഭഗീരതി തമ്പുരാട്ടി അഗ്നിമിത്രയെ തള്ളിമാറ്റി, കുഞ്ഞുങ്ങളെ ഒന്ന് നോക്കി അവിടെ നിന്നും പോയി..അവൾ അഛനരികിലിരുന്ന് കരഞ്ഞു.. തന്റെ മകളുടെ സാമീപ്യം അദ്ദേഹത്തിന് ഉണർവ്വ് നൽകി കൈകൾ ചലിപ്പിച്ചു.. അഗ്നിമിത്രയും കുഞ്ഞുങ്ങളും വന്നതറിഞ്ഞ് ഓടിയെത്തിയ അരുന്ധതിയും നിഖിലും അഛന്റെ മാറ്റം നേരിൽ കണ്ടു..

അവൾ തന്റെ കുഞ്ഞുങ്ങളെ അഛന് കാണിച്ച് കൊടുത്തു.. അദ്ദേഹത്തിന്റെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു..പിന്നീടവൾ നേരെ പോയത് മുത്തശ്ശിയുടെ അടുത്തേക്കാണ്.. അവിടെ തന്റെ ഏട്ടത്തിയമ്മയായി സരസ്വതി മാത്രമായിരുന്നില്ല മുത്തശ്ശിക്ക് കൂട്ടിന് ഉണ്ടായിരുന്നത്, തന്റെ പ്രിയ കൂട്ടുകാരിയും ഏട്ടത്തിയമ്മയായി സിന്ദൂരരേഖ ചുവപ്പിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നി..ഓടി ചെന്ന് അവരെ വാരി പുണർന്നു.. അപ്പോയാണ് നിരഞ്ജനയുടെ ഉദരത്തിന്റെ വലിപ്പം അവൾ ശ്രദ്ധിച്ചത്.. രണ്ട് പേരുടെയും മിഴികൾ നിറഞ്ഞ് തുളുമ്പുന്നത് അവൾ കാണാതിരിക്കാനെന്നവണ്ണം രണ്ട് പേരും പുറത്തേക്കിറങ്ങി..

അപ്പോയാണ് അവർ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചത്, ഒരു നിമിഷം വാത്സല്യം കൊണ്ട് വാരി പുണരാൻ പോയെങ്കിലും എന്തോ ഓർത്ത് അവർ പിന്തിരിഞ്ഞു..മിത്ര മുത്തശ്ശിക്കരുകിൽ ചെന്ന് മുത്തശ്ശിയെ വിളിച്ചു: “മുത്തശ്ശീ.. മുത്തശ്ശിക്കിന്നെ കാണണ്ടെ..? ന്റെ മക്കളെ കാണണ്ടെ.. മുത്തശ്ശിം ന്നെ വെറുത്തോ..”അവളുടെ ശബ്ദം കേട്ട്, തിരിഞ്ഞ് കിടക്കുകയായിരുന്ന അവർ തല ചെരിച്ച് അവളെ തന്നെ നോക്കി നിന്നു.. എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു.. വിറയാർന്ന ചുണ്ടുകളോട് കൂടി അവളോട് എന്തോ പറയാൻ തുനിഞ്ഞു..,

അവൾ തന്റെ കുഞ്ഞുങ്ങളെ വാങ്ങിക്കാൻ നിന്നപ്പോയേക്കും ഗുണശേഖരനും മഹേഷും ആനന്ദും എത്തിചേർന്നു.. ഏട്ടാ എന്ന് വിളിച്ച് അവരുടെ അടുത്തേക്ക് ആഞ്ഞതും ‘ആരാ ടീ നിന്റെ ഏട്ടന്മാര്..?’ എന്ന ചോദ്യത്തോട് കൂടി, ബലിഷ്ഠമായ ഗുണശേഖര വർമയുടെ കൈകൾ അവളുടെ മുടിയിൽ പിടിച്ച് കോലായിലൂടെ വലിച്ചിയച്ച് നടുമുറ്റത്തേക്ക് കൊണ്ട് പോകുമ്പോൾ, തന്റെ പ്രാണനെ ആരൊക്കെയോ ചേർന്ന് തല്ലുന്നത് അവൾ കണ്ടു..അപ്പോയേക്കും അയിശുമ്മയും കുഞ്ഞിപ്പാത്തുവും കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ നിന്നും ഓടി മറഞ്ഞു.. വേഗം ഓടിപ്പോയി കോവിലകത്തിന് പുറത്ത് നിൽക്കുന്ന ഉമറിന്റെ കൂട്ടുകാരോട് അകത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞു..

തുടരും