രചന – അയിഷ അക്ബർ
കല്യാണ തിരക്കുകൾക്കിടയിൽ ഓടി നടന്നു നേരം ഏറെ വൈകിയിരുന്നു…..
ആർക്കും ഉറക്കമില്ലാത്ത ദിവസമാണല്ലോ അന്ന്…..
ആദീ…. നീ പോയി കുറച്ചു നേരമൊന്ന് കിടക്ക്…. കുറെ നേരമായല്ലോ ഓടി നടക്കുന്നു…..
ശങ്കരൻ അത് പറയുമ്പോൾ ഏറെ വാത്സല്യം ആ മുഖത്ത് നിറഞ്ഞിരുന്നു….
വേണ്ട…. എനിക്ക് കുഴപ്പമൊന്നുമില്ല….
ആദി പുഞ്ചിരിച്ചു….
മോളേ ശിവാ….
ആദിയത് പറഞ്ഞതും ശങ്കരൻ നീട്ടി വിളിച്ചു…..
അടുക്കളപ്പുറത്തു നിന്നും ശിവ മുറ്റത്തേക്കിറങ്ങി….
നീ ആദിക്ക് കിടക്കാനൊരു മുറി ഒഴിച്ച് കൊടുക്ക്…. അവൻ കുറച്ചു നേരം വിശ്രമിക്കട്ടെ…..
ആദിയുടെ മുഖത്തെ ക്ഷീണം കണ്ടറിഞ്ഞവരത് പറഞ്ഞപ്പോൾ ശിവ തല കുലുക്കി…..
ശിവക്ക് പിറകിലായി ആദി നടന്നു…..
എല്ലാ മുറികളിലും സാധനങ്ങൾ ബന്ധുക്കളിൽ പലരും കിടന്നുറങ്ങുന്നു…. അങ്ങനെ ഒരു മുറിയും ഒഴിവില്ലെന്ന് കണ്ടത് കൊണ്ടാണവളാ കൊച്ചു മുറിയുടെ വാതിൽ അവന് തുറന്നു കൊടുത്തത്…..
അവളുടെ ലോകം അതായിരുന്നുവെങ്കിലും അവനെ അതിൽ കിടത്താൻ അവൾക്ക് ഒരു ലജ്ജ തോന്നി…..
അത്ര വലിയ മുറിയിൽ കിടക്കുന്നവന് അവിടുത്തെ ബാത്‌റൂമിന്റെ അത്ര പോലും വലിപ്പമില്ലാത്ത ആ മുറി അരോചകമായി തോന്നുമോയെന്നവൾ ഭയപ്പെട്ടു…..
തല കുനിച്…..
അവനാ മുറിയിലേക്ക് കടക്കുമ്പോൾ തല മുട്ടുമോയെന്ന ഭയത്തിലത് പറഞ്ഞപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്…..
അവൻ പതിയേ തല കുനിച്ചു…..
ഒരാൾക്ക് മാത്രം കിടക്കാൻ വലിപ്പമുള്ള കട്ടിലിൽ ഒരു മുറിയെ നിറച്ചിരുന്നു…..
അരികത്തായി ഒരു കുഞ്ഞു മേശയും അതിനോട് ചേർന്നൊരു ചെറിയ അലമാരയും…..
മുറി ചെറുതാണ്…..
അവളുടെ വാക്കുകളിൽ ഒരു പ്രയാസം തോന്നി….
എന്നെ കൊള്ളാൻ പാകത്തിന് വലിപ്പമുണ്ട് ..
അവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവൾ മുറി വിട്ടിറങ്ങി……
വിശ്രമിക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും ശരീരത്തിന്റെ ക്ഷീണം വാക്കുകൾക്കപ്പുറമായിരുന്നു…..
കയ്യിൽ കെട്ടിയ വാച്ച് ആ കുഞ്ഞു മേശ മേൽ ഊരി വെച്ചു…..
പാതി തുറന്നു കിടന്ന അലമാരയിൽ ഒരു ഫോട്ടോ കണ്ടപ്പോഴാണ് അവനത്തെടുത്തത്…..
ശിവയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കൂടി ചേർത്ത് വെച്ചിരുന്നു……
അത്ര തെളിച്ചമില്ലാത്ത ഒരു ഫോട്ടോ ആയിരുന്നത് കൊണ്ടും ആ മുഖം ഇതിനു മുൻപ് കണ്ടിട്ടില്ലാത്തത് കൊണ്ടും മുഖം വ്യക്തമായിരുന്നില്ല….
എങ്കിലും സാരി യുടുത് പൊട്ട് തൊട്ട ആ സ്ത്രീ ശിവയുടെ അമ്മയായിരിക്കുമെന്നവനൂഹിച്ചു……
ഇത് വരെ നേരിൽ കാണാത്ത അമ്മയോട് ചേർന്നിരിക്കുന്നവളെ നോക്കി അവനല്പ നേരം അങ്ങനെ നിന്നു…..
ഹൃദയത്തിൽ എന്തോ വല്ലാത്തൊരു ഭാരം തോന്നി….
അമ്മയില്ലാത്ത ശൈശവവും ബാല്യവും കൗമാരവും കഴിഞ്ഞെങ്കിലും അവളിപ്പോഴും അമ്മയെ ആഗ്രഹിക്കുന്നുണ്ടാവില്ലേ….
ഹൃദയത്തോട് ചേർത്ത് വെക്കാൻ നല്ല കുറച്ചു ഓർമകളെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിക്കുന്നുണ്ടാവില്ലേ….
ആലോചിക്കും തോറും അവനു ഹൃദയത്തിലേ മുറിവിൽ ഒരു നീറ്റലനുഭവപ്പെട്ടു……
അപ്പോഴാണ് അലമാരയിൽ വെച്ചിരുന്ന സാധനങ്ങളിലൂടെ അവന്റെ കണ്ണുകൾ നീങ്ങിയത്……
കുറച്ചു കുപ്പി വളകൾ പരസ്പര ബന്ധമില്ലാത്ത മുത്തുകൾ കോർത്തിണക്കിയ മാലകൾ….. അവൾ സ്വയം കോർത്തതാവുമെന്നവനൂഹിച്ചു…….
പിന്നേ കുറച്ചു പുസ്തകങ്ങൾ…..
അധികവും മലയാളം തന്നെയാണ്…. ഒന്നോ രണ്ടെണ്ണമോ ഇംഗ്ലീഷ്മുണ്ട്…..
അവയിലൂടെ അവന്റെ കൈകൾ ഒഴുകി നടന്നപ്പോഴാണ് ആ പഴയ മാഗസിൻ അവൻ കണ്ടത്….
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……
അന്ന് തന്റെ എഴുതിനോട് ചേർന്ന് അവളുടെ എഴുത്തും കാണിച്ചു തന്നിരുന്നല്ലോ…. അത് കൊണ്ട് സൂക്ഷിച്ചു വെച്ചതാവും…..
അവൻ ചിരിച്ചു കൊണ്ടത് വെറുതെ മറിച്ചു…
അതിൽ നിന്നും കൊഴിഞ്ഞു വീണൊരു കടലാസവൻ കൈകളിലെടുത്തു…..
വലിയ വെളിച്ചമില്ലാത്തത് കൊണ്ട് തന്നെ അതിലെന്തെന്ന് വ്യകതമായിരുന്നില്ല…..
അവൻ കടലാസ് ജനലിനരികത്തേക്ക് നീക്കി….
പുറത്ത് നിന്നും വന്ന വെളിച്ചത്തിൽ അവൻ കണ്ടിരുന്നു അതിൽ പതിഞ്ഞ രൂപത്തെ…..
ഒരു നിമിഷം അവൻ അത്ഭുതം കൊണ്ട് കണ്ണുകൾ മിഴിഞ്ഞു വന്നു….
കടലാസ് പെൻസിൽ കൊണ്ട് വരച്ചു വെച്ച ആ മനോഹര ചിത്രം തന്റേതല്ലേ……
അതേ….. ജീവനുള്ള പോൽ താനതിൽ തെളിഞ്ഞു നിൽക്കുന്നു….
അതിനു താഴെയായി ശിവ എന്ന് മനോഹരമായി കൊത്തി വെച്ച പോൽ അടയാളപ്പെടുത്തിയിരിക്കുന്നു……
അവളുടെ കയ്പ്പടയാൽ വരച്ച തന്റെ ചിത്രം….
ഇത്ര നല്ല ചിത്രകാരിയാണ് അവളെന്നു തനിക്കറിയില്ലായിരുന്നു….
അതിനേക്കാൾ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ഇത് പോലെയുള്ള മറ്റൊരു ചിത്രമായിരുന്നു…..
ഞാൻ ശിവയെ കാണുമ്പോഴുള്ള തന്റെ മുഖമല്ല ഇതിൽ…. മറിച് അവൾ തന്നെ കണ്ടപ്പോഴുള്ളതാവാം…. എങ്കിലും അന്നവൾ തന്നെ പകർത്തേണ്ട കാര്യമെന്താണ്…….
തന്റെ അലമാരയിൽ ഏതോ മൂലയിൽ പെട്ട് പൊടി പിടിച്ചു കിടക്കുന്ന ആ ചിത്രത്തിന് ഇതുമായി വല്ല ബന്ധവുമുണ്ടോ…..
പിന്നീടവനാ അലമാര മുഴുവൻ തിരയുകയായിരുന്നു…..
എന്തോ തെളിവിനെന്ന പോൽ…..
അവന്റെ മനസ്സിലെ സംശയങ്ങളെ ഉരുക്കിത്തീർക്കാനെന്ന പോൽ……
അവസാനം അവന്റെ കൈകളെത്തി നിന്നത് ഒരു കുഞ്ഞു തകരപ്പെട്ടിയിലാണ്….
അവനതെടുത്തു പുറമെയുള്ള പൊടി കളയാനെന്ന വണ്ണം ഊതി…. ശേഷം പതിയേ തുറന്നു…..
അത്ര മേൽ വിലപിടിപ്പുള്ളതെന്തോ സൂക്ഷിച്ചു വെച്ച പോൽ കാണപ്പെട്ട അത് തുറന്നതും അതിൽ കുറച്ചു കടലാസ് മാത്രമേ അവന് കാണാൻ കഴിഞ്ഞുള്ളു…..
അവൻ അത് അത് പോലെ അടച്ചു വെച്ചു…..
അത്രയും പ്രിയപ്പെട്ടതായി സൂക്ഷിച്ചു വെച്ച ആ കടലാസ് കഷ്ണങ്ങളിൽ എന്താകുമെന്ന് അറിയാൻ പെട്ടെന്നൊരു ആകാംക്ഷ വന്നത് കൊണ്ടാണ് വീണ്ടും അവനത് തുറന്നത്…..
മുറിയിലെ ലൈറ്റിട്ടാൽ അവളോ മാറ്റാരെങ്കിലും കയറി വരുമോയെന്ന് ഭയന്നത് കൊണ്ടാണ് അവനതുമെടുത് ജനാലക്കരികിലേക്ക് നീങ്ങിയിരുന്നത്……
പുറത്തെ വെളിച്ചത്തിൽ അക്ഷരങ്ങൾ അവന് വ്യക്തമായി തുടങ്ങിയിരുന്നു…..
ഒരു വേള അവന്റെ ശ്വാസം വിലങ്ങുന്നത് പോലെയവന് തോന്നി….
തന്റെ കൈ കൊണ്ട് താനെഴുതിയ അക്ഷരങ്ങൾ…..
വർഷങ്ങൾക് മുൻപ് താനെഴുതിയ അക്ഷരങ്ങൾ കല്യാണ പന്തലിൽ പകരക്കാരിയായിരുത്തിയവളുടെ കൈകളിൽ എന്ന് വെച്ചാൽ…….
ചിന്തകൾ അവന്റെ തലയുടെ ഭാരം കൂട്ടി…..
അവയിലെഴുതിയ ഓരോ വാക്കുകളും വായിക്കുമ്പോൾ അത് താൻ ശിവയോട് പറയുന്നത് പോലെ അവന് സ്വയം തോന്നി…..
എന്നാൽ ഇന്ന് കാണുന്ന ശിവയോട് ഇതൊന്നും പറയേണ്ട ആവശ്യമില്ല….
അവൾ അത്രയേറെ ശക്തയാണ്…. അവളുടെ മനക്കരുത്തും ധൈര്യവും പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമാണ്…..
എന്നാൽ വർഷങ്ങൾക്ക് മുമ്പുള്ള ശിവ ഇങ്ങനെയായിരുന്നോ…..
അശ്വതി തന്നെ പറ്റിക്കാൻ എഴുതിയതാണെന്ന് പറഞ്ഞ ആ എഴുത്തുകൾ ക്കുള്ള മറുപടി പ്രാണനെ പോൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ അതെഴുതിയത് ശിവയുടെ കൈകളാണെന്ന് അവന്റെ മനസ്സ് ഒരു നൂറാവർത്തി പറഞ്ഞു കഴിഞ്ഞിരുന്നു…..
വർഷങ്ങൾക്ക് മുന്നേ തന്നെ മനസ്സിലേറ്റിയവൾ…. അരികിലുണ്ടായിട്ടും താനവളെ കണ്ടില്ല…..
അപ്പോഴേക്കും നീതു തന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയിരുന്നു…..
വെള്ളം കുടവുമായി തന്റെ കൈകളിലേക്ക് വന്നു വീണ ആ പെൺകുട്ടിയുടെ മുഖത്തു കണ്ട ഭാവത്തെ ഇന്ന് താൻ തിരിച്ചറിയുന്നുണ്ട്….
വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെയായിരുന്നില്ലേ……
അവനാകെ തലക്കൊരു കനം തോന്നി…..
താനറിയാതെ തന്റെ ചുറ്റും ഇത്രയേറെ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ പോലും അവന് പ്രയാസമായി തോന്നി……
പലപ്പോഴും അവളുടെ കണ്ണുകളിൽ കണ്ട ഭാവം എന്തെന്നറിയാനാവാതെ നിന്നിട്ടുണ്ട്…. എന്നാൽ എല്ലാത്തിനുമുള്ള ഉത്തരമാണ് ഇന്ന് തന്റെ കൈകളിലിരിക്കുന്നത്…..
അശ്വതി എന്തിനാണ് ആ കത്തുകൾ അവള് തന്നെ എഴുതിയതാണെന്ന് തന്നോട് പറഞ്ഞതെന്ന സംശയം അവനിൽ ബാക്കിയായി…..
തന്റെ ഊഹം ശെരിയാണ്….
നിന്റെ ആരാധിക വരച്ചതാണെന്നും പറഞ്ഞു തന്നെയാണ് അശ്വതി അന്നും ഇത് പോലൊരു ചിത്രം തനിക്ക് തന്നത്….
അതിലും ഇതിലും ഉള്ള തെല്ലാം ഒരുപോലെയായിരുന്നു….
തന്റെ വേഷവും ഭാവവും രൂപവുമെല്ലാം…..
ഒരുപക്ഷെ തന്നിലവൾക്ക് ഏറ്റവും പ്രിയപ്പെട്ടതിനെയാവാം അന്നവൾ പകർത്തി വെച്ചത്……
അവനതും നെഞ്ചോട് ചേർത്ത് കട്ടിലിലേക്ക് ചാഞ്ഞു…..
മനസ്സാകെ അലങ്കോലപ്പെട്ടു കിടന്നിരുന്നു……
ക്ഷീണമെല്ലാം അവനെ തൊട്ട് അകന്നു പോയിരുന്നു…..
അവന്റെ മനസ്സ് മുഴുവൻ ആ കോളേജ് മുറ്റതായിരുന്നു…..
അവന്റെ കണ്ണുകൾ മുഴുവനപ്പോഴും തിരഞ്ഞിരുന്നത് താൻ കാണാതെ തന്നെ ചുറ്റിപറ്റിയവളെയായിരുന്നു…
ഒരിക്കലെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ…. അവളെ താനറിഞ്ഞിരുന്നെങ്കിൽ…..
അവൻ കണ്ണുകളടച്ചു കിടന്നു……
(തുടരും )

by