രചന – പാത്തു
“ഡോക്ടറെ ഞാൻ പോണു..
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ നേരെയിട്ടു കൊണ്ട് അനു ആ മുറി വിട്ടിറങ്ങി…
“ഇനി നമ്മൾ തമ്മിൽ കാണില്ല അല്ലേടോ…
നിരാശയിൽ കുതിർന്നൊരു ചിരി എബിയുടെ മുഖത്തു വിരിഞ്ഞു..
“അറിയില്ല ഡോക്ടറെ…
കാണാതിരിക്കാൻ നമുക്ക് ശ്രമിക്കാം…
പക്ഷേ ഡോക്ടർ എനിയ്ക്കൊരു വാക്കു തരണം..
എന്താണെന്ന ഭാവത്തിൽ എബി അവളെ നോക്കി..
“ആഷ്മിയെ ഡോക്ടർ വിവാഹം ചെയ്യണം..!!
ഇനിയവൾ തെറ്റിലേക്ക് പോകാതെ നോക്കാൻ ഡോക്ടർക്കേ സാധിക്കു..
“നോ അനു …
അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു..
അവളിൽ നിന്നും മുഖം പെട്ടെന്ന് തിരിച്ചു.
“അങ്ങനെ പറയരുത്…
അതിനൊക്കെ വേണ്ടിയല്ലേ നമ്മൾ പിരിയുന്നത് പോലും..
“അല്ല അനു …
ഞാൻ തന്നെ ഉപേക്ഷിക്കാൻ തയ്യാറായത് ആന്റിയെ ഓർത്തു മാത്രമാണ്..
“ആയിരിക്കാം…
പക്ഷെ എന്റെ കാരണങ്ങളിൽ ആഷ്മിയുമുണ്ട്..
അതുകൊണ്ട് മാത്രമല്ല…
ഡോക്ടർടെ ജീവിതം നന്നായ് കാണണമെന്ന് എനിയ്ക്ക് ആഗ്രഹം ഉള്ളതു
കൊണ്ടു കൂടിയാ ….
അനുവിന്റെ ശബ്ദം ചിലമ്പിച്ചു.
“ആ അർജുന്റെ കൂടെ എരിഞ്ഞു തീരാനുള്ളതാ എന്റെ ഇനിയുള്ള ജീവിതം …
അവന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒരു തരത്തിലും അവൻ സമ്മതിക്കില്ല.
അതെനിക്ക് നന്നായ് അറിയാം..
അതിനിടയ്ക്ക് ഡോക്ടറെ കുറിച്ച് ഓർത്തെങ്കിലും എനിയ്ക്ക് സന്തോഷിക്കാൻ പറ്റുമല്ലോ…
നിങ്ങളുടെ ജീവിതം കണ്ടെങ്കിലും..
അനു എന്തോ ഓർത്ത് ചിരിച്ചു.
“അർജുൻ…!
അവനെ ഞാൻ തീർക്കും..
എബി പല്ലിറുമ്മി..
“എന്തിന്…
അയാൾ അങ്ങനെ പെട്ടെന്ന് ഒന്നും തീരാൻ ഞാൻ സമ്മതിക്കില്ല ഡോക്ടറെ..
അവനെ എന്താ ചെയ്യേണ്ടതെന്ന് എനിയ്ക്കറിയാം..
പെണ്ണിന്റെ പകയുടെ പൊള്ളൽ അവനറിയണം ..
എന്റെ കൂടെയുള്ള അവന്റെ ജീവിതം നരകമാക്കി മാറ്റും ഞാൻ…
അനുവിന്റെ കണ്ണുകളിൽ പ്രതികാരാഗ്നി തിളങ്ങി..
“എന്തായാലും കോട്ടയത്ത് ചെന്നിട്ട് അവനെ ഞാനൊന്ന് സ്വകാര്യമായി കാണുന്നുണ്ട്..
എബി മുഷ്ടി ചുരുട്ടി.
“എന്നെ സ്വന്തമാക്കാൻ വേണ്ടിയല്ലേ അയാൾ ഓരോന്ന് കാട്ടിക്കൂട്ടിയത്..
എന്റെ സർവ്വ സന്തോഷങ്ങളും നശിപ്പിച്ചത്..
അവന്റെ കൂടെ നിന്നിട്ട് ആ നശിച്ച മനസ്സിന്റെ താളം തെറ്റിക്കും ഞാൻ…
അനുവിന്റെ ശബ്ദം കരുത്താർജ്ജിച്ചു.
“അനു താൻ എന്തൊക്കെയാ പറയുന്നത്..??
അവളുടെ മുഖഭാവങ്ങളിൽ എബി ഉത്കണ്ഠാകുലനായി .
“അതേ ഡോക്ടറെ..
അവനുള്ള ശിക്ഷ ഞാൻ തീരുമാനിച്ച് വച്ചിട്ടുണ്ട്..
അവന്റെ സന്തോഷങ്ങൾ ഒക്കെ ഇല്ലാതാക്കി
എന്റെ കാൽക്കൽ വീഴ്ത്തും ഞാനവനെ …
എന്റെ സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിച്ചതല്ലേ അവൻ..
കാലുപിടിച്ച് കരഞ്ഞ് പറഞ്ഞതാ ഞാൻ എന്നെ വെറുതെ വിടണമെന്ന്..
കേട്ടില്ല…
അതിന് ഇഞ്ചിഞ്ചായി എരിയണം അയാൾ !
അനുവിന്റെ ഉള്ളിലെ പകയുടെ ചൂട് എബി നേരിട്ട് അറിയുകയായിരുന്നു..
” ആദ്യം ദേഷ്യം കാണും പക്ഷെ താനവനെ പതിയെ ഇഷ്ടപ്പെടാൻ ശ്രമിക്കണം അനു ..
” ഞാൻ അവനെ ഇഷ്ടപ്പെടാനോ ..
ഭ്രാന്ത് പിടിച്ച പോലെ അനു ചിരിച്ചു…
” അതുണ്ടാവില്ല ഡോക്ടറെ..
അവൻ എന്റെ മുന്നിൽ കിടന്ന് മരിച്ച് വീഴണം..
അതാ എന്റെ ആഗ്രഹം..
അവളുടെ മിഴികൾ കത്തി..
“തന്റെ ജീവിതം നശിക്കുമ്പോൾ ഞാൻ ആഷ്മിയെയും വിവാഹം ചെയ്ത് സുഖമായി ജീവിക്കണമെന്നാണോ അപ്പോ താൻ പറയുന്നത്..
എബിയുടെ മുഖത്ത് ഗൗരവമായിരുന്നു.
“എനിയ്ക്കറിയാം..
ഡോക്ടർക്ക് ആഷ്മിയെ അത്രവേഗം ഇഷ്ടപ്പെടാൻ പറ്റില്ല..
പക്ഷേ അവൾ അർജുനെ പോലെ ക്രൂരയല്ല..
ഡോക്ടറെ അവൾ സ്നേഹിച്ചിട്ടേയുള്ളു..
ആത്മാർത്ഥമായി..
അനു എബിയെ മയപ്പെടുത്താൻ ശ്രമിച്ചു.
“ആയിരിക്കാം..
പക്ഷെ തന്റെ സ്ഥാനത്തേക്ക് കടന്ന് വരാൻ അവൾക്കൊരിക്കലും സാധിക്കില്ല ടോ ..
എബി നിരാശനായി.
” ഒന്നും പറയണ്ട..
ഡോക്ടർ എനിയ്ക്ക് വാക്കു താ..
ആഷ്മിയെ വിവാഹം ചെയ്യുമെന്ന്..
അനു അവനു നേരെ കൈ നീട്ടി..
എബി ദയനീയമായി അവളെ നോക്കി..
“എന്നോടു സ്നേഹമുണ്ടെ…
അനു അതു പറഞ്ഞു തീരും മുൻപെ എബി അവളുടെ കൈയ്യിലടിച്ചു..
“എന്റെ സ്നേഹത്തിൽ ഇപ്പോഴും വിശ്വാസമില്ല അല്ലേ അനു ..
അവന്റെ കണ്ണുകൾ ഈറനായി.
“എനിയ്ക്ക് എന്നേക്കാൾ വിശ്വാസാ ഡോക്ടറെ…
അതുകൊണ്ട് ആ കാര്യം പറഞ്ഞേ ഡോക്ടറെ ഇതിനു സമ്മതിപ്പിക്കാൻ പറ്റു എന്നും അറിയാരുന്നു..
ദുഃഖം കലർന്നൊരു പുഞ്ചിരി അവൾ അവനു വേണ്ടി സമ്മാനിച്ചു..
“ഞാൻ പോട്ടെ…
അവസാനമായി ഒരിയ്ക്കൽ കൂടി അവനെയൊന്നു നോക്കിയിട്ട് അനു ഒരു ദീർഘശ്വാസമെടുത്തു..
“വിൽ മിസ്സ് യൂ ഡിയർ…
എബി അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നു..
അനു ശബ്ദിച്ചില്ല..
പതിയെ ഗോവണിയിറങ്ങി അവൾ താഴേക്ക് പോയി.
എബി അവൾ പോകുന്നതും നോക്കി നിർന്നിമേഷനായി നിന്നു..
❣️❣️❣️❣️❣️
വെളുപ്പിന് ഗായത്രി കോലം വരയ്ക്കുമ്പോൾ എബി പോകാൻ തയ്യാറായി ഇറങ്ങി..
ബാഗും പെട്ടിയും കണ്ടപ്പോൾ ഗായത്രി സംശയത്തിൽ അവനെ നോക്കികൊണ്ട് കോലമെഴുത്ത് നിർത്തി എഴുന്നേറ്റു നിന്നു..
“ഞാൻ പോവാ ആന്റി..
താക്കോൽ അവൾക്കു നേരേ നീട്ടിക്കൊണ്ട് അവനൊന്നു ചിരിക്കാൻ ശ്രമിച്ചു..
“പോകുന്നോ ..??
ഗായത്രി ഒന്നും മനസ്സിലാകാത്ത പോലെ അവനെ നോക്കി..
“അതെ…
ഇനി ഞാനിവിടെ നിന്നാൽ നിങ്ങൾ എല്ലാവർക്കും ബുദ്ധിമുട്ടാകും..
എബി ഗായത്രിയ്ക്ക് മുഖം കൊടുക്കാതെ പറഞ്ഞു..
“ഇത്ര പെട്ടെന്ന് എന്താ ഡോക്ടറെ…?
“പെട്ടെന്നെടുത്ത തീരുമാനമാണ് ആന്റി..
ഇനിയും എന്റെ പ്രസൻസ് ഉണ്ടായാൽ ആന്റിയും അനുവും തമ്മിൽ വഴക്കിടേണ്ടി വരും…
ആന്റിയെ വിഷമിപ്പിക്കാൻ ഞങ്ങൾ രണ്ടു പേരും തയ്യാറല്ല.
അതു കൊണ്ട് ഞങ്ങളുടെ ഇഷ്ടം ഞങ്ങൾ വേണ്ടെന്നു വച്ചു..
ഇനി അനുവിന് അവളുടെ വഴി എനിയ്ക്ക് എന്റേം…
നിറഞ്ഞു വന്ന കണ്ണീരിനെ വേഗത്തിൽ മിഴികൾ ചിമ്മിയടച്ചു കൊണ്ട് അവൻ മറയ്ക്കാൻ ശ്രമിച്ചു..
അവന്റെ സംസാരം ഗായത്രിയിലും സങ്കടത്തിന്റെ അലകൾ തീർത്തു..
“മോനെ…
ഗായത്രി അവനെ കെട്ടിപ്പിടിച്ചു..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“എന്നോട് ക്ഷമിക്ക് …
എന്റെ അവസ്ഥ..
അനുവിന്റെ ഭാവി ..
അതൊക്കെ ഓർത്തിട്ടാ ഞാൻ…
ഗായത്രിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായില്ല..
“സാരമില്ല ആന്റി …
ഞങ്ങളുടെ വിഷമം ഞങ്ങൾക്ക് സഹിക്കാൻ പറ്റും..
അനുവിനെ ഇനിയൊന്നും പറഞ്ഞ് ആന്റി വേദനിപ്പിക്കരുത്..
അവൾക്ക് കുറച്ചു സമയം കൊടുക്കണം…
ഗായത്രി മുഖം അമർത്തി തുടച്ചു കൊണ്ട് അവനിൽ നിന്നും വേർപെട്ടു..
“മോന് നല്ലതേ വരു…
അമ്മമാരുടെ മനസ്സ് തിരിച്ചറിയാൻ കഴിയുന്ന മക്കൾ ഉണ്ടാകുന്നത് ഭാഗ്യമാണ്…
എന്റെ മകളെ എനിയ്ക്ക് തിരിച്ചു തന്നതിന് നന്ദി..
എബി മറുപടി പറഞ്ഞില്ല..
അപ്പോഴേക്കും വിനീത് കാറുമായി വന്നു..
“ഞാൻ പോട്ടെ ആന്റി..
ഇനി നമ്മൾ തമ്മിൽ കണ്ടെന്നു വരില്ല..
ബാഗുകൾ എടുത്തു വയ്ക്കുന്നതിനിടയിൽ എബി പറഞ്ഞു..
“അനുവിനെ ശ്രദ്ധിച്ചേക്കണേ ആന്റി…
അഗ്രഹാരവും പരിസരവും ആ വീടും ഒന്നു കൂടി മനസ്സിലേക്ക് ആവാഹിച്ചു കൊണ്ട് എബി കാറിലേക്കു കയറി…
വിനീത് കാറെടുത്തു.
കാർ അകന്നു പോകുന്നത് ഗായത്രി വേദനയോടെ നോക്കി നിന്നു..
വളരെ വേണ്ടപ്പെട്ട ആരോ അകലുമ്പോഴുള്ള നെഞ്ചിന്റെ വിങ്ങൽ ഗായത്രിക്ക് ആ നിമിഷത്തിൽ അനുഭവപ്പെട്ടു..
സങ്കടത്തിൽ തിരിയുമ്പോഴാണ് പൂമുഖത്ത് തൂണിൽ ചാരി നിൽക്കുന്ന രുക്മിണിയമ്മയെ അവൾ കണ്ടത്..
അവരുടെ മുഖഭാവത്തിൽ നിന്നും എല്ലാം കേട്ടിട്ടുണ്ടെന്ന് ഗായത്രിക്ക് മനസ്സിലായി..
വിങ്ങുന്ന മനസ്സോടെ ഗായത്രി പൂമുഖത്തെ ചവിട്ടുപടിയിൽ ഇരുന്നു..
“ഡോക്ടറും അനുക്കുട്ടിയും ഇഷ്ടത്തിലായിരുന്നോ ഗായത്രി..?
അവളുടെ അരികിൽ ഇരുന്നു കൊണ്ട് രുക്മിണിയമ്മ ചോദിച്ചു..
“മമ്…
മൂളലായിരുന്നു ഗായത്രിയുടെ മറുപടി.
“നീയതിനെ എതിർത്തോ ..??
“ആഹ് അമ്മേ…
വേറെന്താ ഞാൻ ചെയ്യണ്ടേ..
അമ്മയ്ക്ക് അറിയോ അവനാ ജോർജിന്റെ മകനാ..
എന്റെ കൂടെ ഹോസ്റ്റൽ റൂമിൽ…
ഗായത്രി നിർത്തി..
“അവന്റെ മകനോ ..??
രുക്മിണിയമ്മ അത്ദൂതം കൂറി..
“അതെ…
അതറിഞ്ഞിട്ട് പിന്നെ എങ്ങനെയാ ആ വീട്ടിലേക്ക് ഞാൻ അവളെ പറഞ്ഞുവിടുക..
ഇനീം അസംബന്ധങ്ങൾ ആൾക്കാർ പറഞ്ഞുണ്ടാക്കാൻ ഞാനായിട്ട് അവസരം ഉണ്ടാക്കണോ ..
ഗായത്രി തലയിൽ കൈകുത്തി ഇരുന്നു..
“പക്ഷേ ഡോക്ടർ നല്ലവനല്ലേ മോളെ ..
“ആണമ്മേ..
ഞാൻ പരിചയപ്പെട്ടതിൽ വളരെ നല്ല സ്വഭാവമുള്ള കുട്ടിയാ അവൻ..
പക്ഷേ പഴയ സംഭവങ്ങൾ..
“ഗായത്രി..
നിനക്ക് തെറ്റ് പറ്റിയെന്ന് എനിക്കൊരു തോന്നൽ..
സാധാരണ നീയാണ് എല്ലാവരെയും തിരുത്തുന്നത്..
ആ നിനക്കിപ്പോൾ ഈ കാര്യത്തിൽ വലിയ തെറ്റാ പറ്റിയിരിക്കുന്നത്…
രുക്മിണിയമ്മ പതിഞ്ഞ ശബ്ദത്തിലാണ് പറഞ്ഞത്.
“അമ്മേ…
അമ്മയുമെന്നെ …
ഗായത്രി ശബ്ദമുയർത്തി അവരെ വിളിച്ചു..
“ജാതീം മതോം ഒക്കെ നോക്കുന്ന പഴയ മനസ്സുള്ള ആളാ ഞാൻ..
പക്ഷേ സ്നേഹിക്കുന്നവരെ വേർപെടുത്തുന്നതിന് ഞാൻ എതിരാ …
പ്രത്യേകിച്ച് അനുവിനെയും ഡോക്ടറെയും..
അവൻ പറഞ്ഞത് ഞാൻ കേട്ടു..
നിനക്കു വേണ്ടിയാണ് അവർ അവരുടെ ഇഷ്ടം ഉപേക്ഷിച്ചത്…
അത്ര നല്ല മനസ്സുള്ളവരെ പിരിച്ചതിന്റെ ശാപം നിന്റെ തലയിൽ എന്നുമുണ്ടാകും ഗായത്രി..
രുക്മിണിയമ്മ പറഞ്ഞു നിർത്തി..
“അമ്മേ ഞാനാ രാജേന്ദമേനോന് വാക്കു കൊടുത്തു പോയി..
ഗായത്രി വിഷമത്തോടെ പറഞ്ഞു.
“നിന്റെ വാക്ക് മാറ്റണമെന്ന് ഞാൻ പറയില്ല..
പക്ഷെ തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്..
കാരണം ഞാൻ നിന്റെ അമ്മയാണ്..
നീയോർക്കുന്നുണ്ടോ അന്ന് ആ ഹോസ്റ്റലിലെ സംഭവം ഉണ്ടായപ്പോൾ നിന്റെ അപ്പാവോ ഞാനോ നിന്നെയൊന്നു കുറ്റപ്പെടുത്തി സംസാരിക്കുക പോലുമുണ്ടായില്ല…
അത്രയ്ക്ക് വിശ്വാസമായിരുന്നു ഞങ്ങൾക്ക് നിന്നെ ..
അതിനുമപ്പുറം മക്കൾക്ക് സങ്കടം വരുമ്പോൾ കൂടെ നിൽക്കേണ്ടവരാ മാതാപിതാക്കൾ എന്ന ബോധ്യവും ഞങ്ങൾക്കുണ്ടായിരുന്നു..
പക്ഷേ നീയത് ഓർത്തില്ല.
അമ്മ എന്ന നിലയിൽ നീയൊരു പരാജയമാണു ഗായത്രി..
ഞാൻ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
രുക്മിണിയമ്മ എഴുന്നേറ്റ് അകത്തേക്ക് പോയി..
ഗായത്രി വല്ലാത്ത ധർമ്മസങ്കടത്തിലായി..
അവൾക്കു ചുറ്റും ഭൂമി തലകീഴായി കറങ്ങി.
തുടരും

by