24/04/2026

ഭാര്യ : ഭാഗം 05

രചന – രോഹിണി ആമി

വലിയ ഒരു ഹോട്ടൽ ആയിരുന്നു അത്… കേസിന്റെ കാര്യത്തിനാണ്…. കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്…എന്നു പറഞ്ഞപ്പോൾ അവർ സഹകരിക്കാൻ തയ്യാറായി… തിരിച്ചു പോരാൻ നേരം അവൻ കണ്ടു അനുവിനെ… ഒരാളോട് സംസാരിച്ചു നിൽക്കുവാ….. കുറച്ചു പ്രായമുണ്ട്…. ഡ്രസിങ് ഒക്കെ കണ്ടിട്ട് ഇതാണ് തോമസ് എന്നു തോന്നുന്നു… അവൾ എന്തോ പറഞ്ഞിട്ട് ബാഗും എടുത്തു വെളിയിലേക്ക് പോയി…. ഗിരി അനുവിന് പിന്നാലെ ഉണ്ടായിരുന്നു… അനു പോയത് ഡേ കെയറിലേക്കാണ്… കണ്ണനെയും കൂട്ടി വെളിയിൽ വന്നു…. ഒരു ഓട്ടോയിൽ കയറിപ്പോയി….. അവരുടെ പിന്നാലെ ഗിരിയും…

അനു വന്നു വീടിന്റെ താക്കോൽ വാങ്ങി….

എന്താ അമ്മച്ചി മുഖത്തു ഒരു സന്തോഷം…
മക്കൾ വരുന്നുണ്ടോ… അനു ചോദിച്ചു…

ഒന്നുമില്ല… നീ പോയി ഫ്രഷ് ആവൂ…

അനു മുകളിലേക്ക് പോയി… ചായ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോളാ ബെല്ലടിച്ചത് .. അമ്മച്ചിയാവും… എന്നും എന്തെങ്കിലും ഉണ്ടാക്കിക്കൊണ്ട് വരും… കതകു തുറന്നപ്പോൾ… ഗിരി..

എന്താ ചെയ്യേണ്ടതെന്ന് അറിയാൻ പാടില്ലാതായിപ്പോയി അനുവിന്… ഗിരി ഉള്ളിലേക്ക് കയറി….

കണ്ണാ…. അനുവിനെ നോക്കാതെ ഗിരി നീട്ടി വിളിച്ചു….

തൊട്ടടുത്ത മുറിയിൽനിന്നും ഓടി വരുന്നുണ്ട്… ഗിരി കൈ രണ്ടും നീട്ടിപ്പിടിച്ചു… അവൻ ചാടിക്കയറി ഗിരിയുടെ കൈയിലേക്ക്… പിന്നെ കുറച്ചു നേരം സ്നേഹപ്രകടനം ആയിരുന്നു….

വീട്ടിൽ വരുന്നവർക്ക് കുടിക്കാൻ ഒന്നും കൊടുക്കാറില്ലേ ഭാര്യേ… ഗിരി ചോദിച്ചു..

തനിക്കു കുടിക്കാൻ എടുത്തുവച്ച ചായ കൊടുത്തു അനു…

കണ്ണൻ ഇപ്പോളും ഗിരിയുടെ മടിയിലാ… ഇവന് തന്നെ മറക്കാനാവില്ലെന്ന് ഗിരിക്ക് മനസ്സിലായി…

അന്ന് മനപ്പൂർവം തള്ളിമാറ്റിയതല്ല…. ദേഷ്യത്തിൽ ചെയ്തു പോയതാണ്…. അതിന് കണ്ണനോട് മനസ്സുകൊണ്ട് ഒരുപാട് ക്ഷമ ചോദിച്ചിട്ടുണ്ട്… ഉമ്മ കൊണ്ടുമൂടി കണ്ണനെ… കണ്ണനും ഗിരിയെ നക്കുവാണോ… കടിക്കുവാണോ… ഉമ്മ കൊടുക്കുവാണോ…. അവനുതന്നെ അറിയില്ല എന്താ ചെയ്യേണ്ടതെന്ന്…. രണ്ടു കുഞ്ഞിക്കൈയ്യും ഗിരിയുടെ കവിളിൽ പിടിച്ചിട്ടുണ്ട്….

അനു മാറി നിൽക്കുവാണ് ഇതെല്ലാം കണ്ടുകൊണ്ട്…….. സുധിയേട്ടന്റെ മടിയിലാണ് കണ്ണൻ ഇരിക്കുന്നതെന്നു തോന്നി അനുവിന്..

ഗിരി കണ്ണനെയും എടുത്തു അനുവിന്റെ അടുത്തേക്ക് ചെന്നു…

എടുക്കാനുള്ളത് എന്താണെന്നു വച്ചാൽ എടുത്തു റെഡി ആയിക്കോ… നാളെ നമ്മൾ ഇവിടെനിന്നും പോകും…

ഞാൻ വരില്ല…. ഒരിടത്തേക്കും…

….. നീ വരുന്നില്ലെങ്കിൽ വേണ്ട.. ഞാൻ കണ്ണനെ കൊണ്ടുപോകും… എന്റെകൂടെ …..എനിക്കു വേണം അവനെ….

കണ്ണനുമായിട്ട് ഒരു ബന്ധവുമില്ല നിങ്ങൾക്ക്… അവൻ എന്റെ മാത്രം കുഞ്ഞാണ്…. അവനിലുള്ള അവകാശം എനിക്കു മാത്രമാണ് … അവൻ വളരുമ്പോൾ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം….. അവന്റെ അച്ഛൻ ജീവിച്ചിരുപ്പില്ലെന്ന്…… അവനെ വളർത്തി വലുതാക്കാൻ എന്നെക്കൊണ്ട് കഴിയും…… എന്നെ ജീവിക്കാൻ വിട്….. നിങ്ങളുടെ കൂടെ വരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…. ആർക്കും ഒരു ശല്യമാവാനും….. അനു ദേഷ്യം കൊണ്ട് നിന്നു വിറക്കുകയാണ്…..

നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്…. എന്നെ അങ്ങനെ വിളിക്കരുതെന്ന്… ദേഷ്യപ്പെടാൻ നിനക്ക് കാരണമുണ്ട്…. എത്ര വേണമെങ്കിലും പറഞ്ഞോളൂ..പിന്നെ ഇപ്പോൾ നീ ഈ പറഞ്ഞത് നിന്റെ വായിൽനിന്നും ഒരിക്കലും വന്നുപോകരുത്…. കണ്ണനെ ഞാൻ ഒന്നു തള്ളി മാറ്റിയപ്പോൾ നിനക്ക് തോന്നിയ അതേ മാനസികാവസ്ഥയാണ് ഗീതുവിനെ നീ തല്ലുന്നത് കണ്ടപ്പോൾ എനിക്കും തോന്നിയത്…
.എനിക്ക്ഒരു തെറ്റുപറ്റി…അത് ക്ഷമിക്കാൻ നിനക്കാവില്ലേ അനു …എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ ഇനിയും പറയും നിന്നോട്….എനിക്ക് വേറാരൊടും ദേഷ്യപ്പെടാൻ പറ്റില്ല… മറ്റാരും എനിക്കു സ്വന്തമല്ല… അമ്മയോടുപോലും എന്തെങ്കിലും പറയാൻ ഒരു പരിധിയുണ്ട് എനിക്ക്…. ഒരാണും സ്വന്തം ഭാര്യയുടെ അടുത്ത് ദേഷ്യപ്പെടുന്നത് അവളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല… എന്റെ ദേഷ്യം മാറ്റാൻ നിന്നെ ഒരുപകരണം ആക്കുകയുമല്ല ഞാൻ… എന്തു ചെയ്താലും എന്നെവിട്ടു പോകില്ലന്നുള്ള ഒരുറപ്പുണ്ട് മനസ്സിൽ…..അതു തെറ്റാണെന്നു നീ എനിക്കു മനസ്സിലാക്കിത്തന്നു…. ഇനിയുണ്ടാവില്ല…ഗിരിയുടെ ശബ്ദം ഒന്നു വിറച്ചു…..

പക്ഷേ ഞാൻ ഒരുറപ്പു തരാം… കണ്ണനെ വേദനിപ്പിക്കില്ല ഒരിക്കലും… നിനക്ക് എന്നെ വേണ്ടെങ്കിൽ വേണ്ട…. പക്ഷേ എനിക്ക് നിന്നെ വേണം…. പാതിയിൽ വിട്ടുകളയാനല്ല നിന്നെ കൂടെ കൂട്ടിയത്… തേടികണ്ടുപിടിച്ചതാ നിന്നെ…

നീ പോയതില്പിന്നെ അമ്മ അധികം ആരോടും മിണ്ടാറില്ല…. എപ്പോഴും കിടപ്പാണ്… കൂടെ അസുഖങ്ങളും… എപ്പോഴും കണ്ണന്റെ കാര്യമേ പറയാനുള്ളു…. എന്നെങ്കിലും നീ തിരിച്ചുവരും എന്നു വിശ്വസിച്ചു ഇരിക്കുവാ….. നീ വന്നില്ലെങ്കിൽ പിടിച്ചു കെട്ടി കൊണ്ടുപോകും… അറിയാലോ എന്നെ… ഗിരി അവളുടെ മുഖം പിടിച്ചുയർത്തി പറഞ്ഞു…
ഞാൻ ഇനി ദേഷ്യപ്പെടുമ്പോൾ ആരും കാണാതെ നമ്മുടെ റൂമിൽ കയറ്റി കതകടച്ചു നിന്റെ ദേഷ്യം തീരുന്നവരെ അടിച്ചോ എന്നെ…. ഞാൻ സഹിച്ചോളാം…. പക്ഷേ എന്നെ വിട്ടിട്ട് ആ വീടുവിട്ടിട്ട് തനിച്ചിറങ്ങരുത് നീ…. അങ്ങനെ ചിന്തിക്കുക പോലുമരുത്… ഞാൻ എത്രയാ വിഷമിച്ചതെന്നു നിനക്കറിയുമോ…ക്ഷമിക്കാൻ പറ്റുമോ ഭാര്യേ എന്നോട്…. അനുവിന്റെ കൈ എടുത്തു നെഞ്ചിൽ വച്ചിട്ട് ചോദിച്ചു…

അനു എല്ലാം കേട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല… അമ്മക്കു വയ്യ എന്നുകേട്ടപ്പോൾ ഒരു വിഷമം… ഒരാശ്രയം തന്നതാണ്… ഒരിക്കലും വേദനിപ്പിച്ചിട്ടില്ല…. ഒരു തീരുമാനം എടുക്കാനാവാതെ അനു നിന്നു….

ഇപ്പോൾ ഞാൻ പോകുന്നു… രാവിലെ വരും… പറയാനുള്ളവരോടൊക്കെ പറഞ്ഞോണം… പിന്നെ ഇവിടെനിന്നും മുങ്ങാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ നിന്നെ പിന്നെ ഒരിക്കലും ഞാൻ തേടിവരില്ല…. തേടിവരാൻ ഉണ്ടാവില്ല…. ഓർത്തോ…… ഗിരി കണ്ണനെ തിരിച്ചു അനുവിന്റെ കൈയിലേക്ക് നീട്ടി… അനു കണ്ണനെ എടുത്തതും അവൻ ഗിരിയുടെ കൈയിലേക്ക് തിരിച്ചു ചാടി… അനുവിനു ബാലൻസ് കിട്ടിയില്ല….. ഗിരി രണ്ടുപേരെയും ചേർത്തുപിടിച്ചു….. കണ്ണൻ രണ്ടുപേരുടെയും കഴുത്തിൽ കൈയിട്ടു ചേർത്തു പിടിച്ചു ചിരിച്ചു.. അവൾ കണ്ണന്റെയും ഗിരിയുടെയും കൈ പിടിച്ചു മാറ്റി… മാറിനിന്നു….കണ്ണൻ ഗിരിയെ പോകാൻ വിട്ടില്ല… ഗിരി പോകാനിറങ്ങുമ്പോൾ കാറാൻ തുടങ്ങും… രാത്രിയിൽ പോകാനിറങ്ങിയ ഗിരിയെ അനു തടഞ്ഞു….. നാളെ പോകാം….

എനിക്കു പേടിയില്ല…ഒന്നുമല്ലെങ്കിലും ഒരു പോലീസുകാരനല്ലേ ഞാൻ….. ..

പക്ഷേ എനിക്കു പേടിയുണ്ട്…. ഞാൻ ഒരു സാധാരണ മനുഷ്യസ്ത്രീയാ… അനു അതും പറഞ്ഞു താഴേക്കു പോയി …. അവരോട് പറയാൻ പോയതാവും…..

കണ്ണനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…. ഒരുപാട് കാലം കൂടി……

രാവിലെ എണീറ്റപ്പോൾ പോകാൻ തയ്യാറാകുന്ന അനുവിനെയാണ് കണ്ടത്…. ഗിരിയുടെ മുഖം തെളിഞ്ഞു….

തോമസ് വന്നിട്ടുണ്ട് യാത്ര അയക്കാൻ…. ഗിരിയെ മാറ്റിനിർത്തി അയാൾ പറഞ്ഞു….. അനു കുറച്ചു കാലമായി ഡിപ്രെഷനുള്ള മെഡിസിൻ കഴിക്കുന്നുണ്ട്…. അവളെ തനിച്ചാക്കരുത്… എന്തെങ്കിലുമൊക്കെ മനസ്സിനിഷ്ടപ്പെട്ട ജോലി എപ്പോഴും കൊടുക്കണം …തനിച്ചിരുന്നു ചിന്തിക്കാൻ സമയം കൊടുക്കരുത്… ഈ നിലയിൽ കൊണ്ടുവരാൻ ഒരുപാട് പാടുപെട്ടതാ… അനുവിനെ നോക്കുന്ന ഡോക്ടറിന്റെ നമ്പർ കൊടുത്തു തോമസ്…. എല്ലാവരോടും യാത്ര പറഞ്ഞു അവിടെനിന്നും ഇറങ്ങി…..

വീട്ടിൽ എത്തുന്നവരെയും അനു ഒന്നും മിണ്ടിയില്ല….. കണ്ണനെ കണ്ടതും അമ്മ ഓടിവന്നു…. ഗീതു അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു…. വീണ്ടും ഒച്ചയും ബഹളവും വന്നപോലെ…..

വീണ്ടും ശങ്കരൻ തെങ്ങേൽ തന്നെ….. അനു പഴയ പോലെ തന്നെ…… എന്നോട് അടുക്കാൻ ഭയമുള്ള പോലെ….. എന്തേലും ആകട്ടെ…. എന്നും കണ്ടൊണ്ടെങ്കിലും ഇരിക്കാല്ലോ… ആണ് അനുവിനെയും കണ്ണനെയും കണ്ടപ്പോൾ അമ്മയുടെ അസുഖമെല്ലാം എങ്ങോ പോയി….

രാത്രിയിൽ അനു ടാബ്ലറ്റ് കഴിക്കുന്നതു കാണാം…. അതിന്റെ എഫക്ട് ആണെന്നുതോന്നുന്നു നന്നായി ഉറങ്ങും…കണ്ണൻ എഴുന്നേൽക്കുമ്പോൾ ഗിരി അവനെയും കൊണ്ടുനടന്നു ഉറക്കും…. അവളെ ശല്യം ചെയ്യാറില്ല… …… എങ്കിലും ചിന്ത മുഴുവൻ അനുവിനെ കുറിച്ചായിരുന്നു…. ഒരിടത്തും ജോലിക്കു വിടാൻ തോന്നുന്നില്ല…. ഇനി കഷ്ടപ്പെടാൻ പാടില്ല അവൾ… ആലോചിച്ചിരുന്നപ്പോൾ ഒരു ഐഡിയ ഉദിച്ചപോലെ ഗിരി പുഞ്ചിരിച്ചു…..

ഗിരി കണ്ട പോംവഴി…..അനുവിനെ ബി എഡിന് വിടുക എന്നതായിരുന്നു……അതാകുമ്പോൾ ചുമ്മാ ഇരിക്കാൻ സമയം കിട്ടില്ല…… എപ്പോഴും ബിസി ആയിരിക്കും…. ഗീതുവിനെ ഉപദേശിക്കുന്നത് കേട്ടാൽ അറിയാം പഠിക്കാനുള്ള അനുവിന്റെ ആഗ്രഹം…. കണ്ണനെ അമ്മ നോക്കിക്കൊള്ളും….

അതാവുമ്പോൾ സ്റ്റേഷന്റെ അടുത്താണ് കോളേജ്…. എന്നും എന്റെ കൂടെ ഇറങ്ങിയാൽ മതി….. ഡോക്ടറിനോട് ചോദിച്ചപ്പോൾ നല്ല കാര്യമാണെന്ന് പറഞ്ഞു… കുറച്ചു ആൾക്കാരുടെ കൂടെ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ ടെൻഷൻ അടിക്കില്ല…. പതിയെ പതിയെ ടാബ്ലറ്റ് ഒഴിവാക്കണം…..

അഡ്മിഷൻ എല്ലാം ശരിയാക്കി…. ഇനി ഇത് അനുവിനെക്കൊണ്ട് സമ്മതിപ്പിക്കണം… അതാണ് റിസ്ക്…. ആ റിസ്ക് അമ്മയും ഗീതുവും ഏറ്റെടുത്തു…. ഇനി പഠിക്കാനൊന്നും വയ്യാന്നു പറഞ്ഞു …..

അമ്മയോട് ഒന്നും എതിർത്തു പറയില്ല അനു…. വെറുതെ വീട്ടിലിരുന്നു കളയാനുള്ളതല്ല നിന്റെ ജീവിതം… ഒരു ജോലി ഒക്കെ വാങ്ങണം…. കണ്ണൻ കുറച്ചു കഴിയുമ്പോൾ വലുതാവും അവൻ സ്കൂളിൽ ഒക്കെ പോയിക്കഴിഞ്ഞാൽ നീയും തനിച്ചാവും… ആ സമയത്തു ഒരു ജോലിയെപ്പറ്റി ചിന്തിച്ചാൽ കിട്ടണം എന്നില്ല… ഇപ്പോൾ നിനക്ക് അധികം വയസ്സില്ല…. അതുകൊണ്ട് നിനക്ക് ഇപ്പോൾ പറ്റും…. കണ്ണനെ ഓർത്തു നീ വിഷമിക്കണ്ട… അവൻ എന്റടുത്തു ഇരുന്നോളും…. എന്നൊക്കെ പറഞ്ഞു ഒരുവിധം സമ്മതിപ്പിച്ചു…

അനു സമ്മതിചെന്ന് അമ്മ വിളിച്ചുപറഞ്ഞു…. അനുവിന് കുറച്ചു സാരിയൊക്കെ വാങ്ങി നേരത്തെ വീട്ടിലേക്കു തിരിച്ചു…..

ആരുടെയും സൗണ്ട് കേൾക്കുന്നില്ല… പോലീസ് വണ്ടിയിൽ വന്നതുകൊണ്ട് അത് ഗേറ്റിനു വെളിയിൽ നിന്നെ തിരിച്ചു വിട്ടു…. വീടിനുള്ളിലേക്ക് കയറിയപ്പോൾ അമ്മയും ഗീതുവും ഒച്ച വെക്കാതെ വരാൻ കൈ കൊണ്ടു കാണിച്ചു… റൂമിനു വെളിയിൽ ഒളിഞ്ഞു നിൽക്കുവാ…. ഞാൻ വിചാരിച്ചു കണ്ണൻ എന്തെങ്കിലും കുരുത്തക്കേട് കാണിക്കുന്നത് നോക്കി നിൽക്കുവാണെന്ന്…. ആരുടെയോ മൂളലും പാട്ടും കേൾക്കുന്നുണ്ട്…. ഞാൻ അകത്തേക്ക് എത്തിനോക്കി… അനു…. അവളുടെ മടിയിൽ കണ്ണൻ ഉണ്ട്…. കഷ്ടപ്പെട്ട് ഉറക്കാൻ നോക്കുവാ… എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല… അനു പാട്ടു പാടുന്നു… അതും നല്ല ഈണത്തിൽ…. ഇവൾക്ക് ഇത്രക്ക് നന്നായി പാടാനൊക്കെ അറിയോ….. നേരെ ചൊവ്വേ ഒന്നു വർത്തമാനം കൂടി പറയാത്തവളാ…. ചുമ്മാതല്ല… അമ്മയും ഗീതുവും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിൽക്കുന്നത്… ഇപ്പോൾ കൂടെ ഞാനും…. ആ പാട്ടു ശ്രദ്ധിച്ചു ഞാൻ….

അമ്മയും ഞാൻ…. അച്ഛനും ഞാൻ…..
കണ്മണീ നീയെൻ നിധി….

നിന്നിളം ചിരി നാദമിന്നെൻ….
ആത്മരാഗം ജീവനെ…..

എന്റെ നെഞ്ചിലെ നോവിനുള്ളിൽ
കൂടുകൂട്ടി നീ കണ്മണീ….

ഇങ്കുവാർക്കും നെഞ്ചകം ഞാൻ…
പൊന്മണീ നിൻ തൊട്ടിൽ ഞാൻ…

പ്രാണനേകി ഞാൻ കണ്ണേ നിന്നെ
പോറ്റിടും പൊന്നോമലായി….

കണ്ണുചിമ്മും താരമായ് നിൻ
അച്ഛൻ വാനിൽ കാവലായ്…..
അരാരീ രാരിരാരോ…..

അവസാനം പാടിയത് കൊണ്ടത് ഗിരിക്കാണ്…

ഇതുവരെയും അനു എന്നെ കണ്ണന്റെ അച്ഛനായി കണ്ടിട്ടില്ല…. ഇപ്പോഴും സുധിയാണ് അവളുടെ കണ്ണന്റെ അച്ഛൻ…. അതല്ലേ സത്യവും..കണ്ണന്റെ അച്ഛനായോ… ഒരു ഭർത്താവായിട്ടോ അനു തന്നെ കണ്ടിട്ടില്ല…. അത് ശരിക്കുമൊരു നോവായി ഗിരിക്ക്…. മനസ്സിൽ വലിയൊരു കല്ലെടുത്തുവച്ച പോലെ… ഗിരിയുടെ കണ്ണു ഈറനായി….

കണ്ണൻ കണ്ടുപിടിച്ചു എല്ലാവരും വാതിൽക്കൽ നില്കുന്നത്… ചാടിയെണീറ്റു…. അപ്പോഴാണ് അനുവും ശ്രദ്ധിച്ചത്….. ആദ്യം ഒന്നു ഞെട്ടി.. പിന്നീട് ചിരിച്ചു…. ആദ്യമായിട്ടാ അനുവിന്റെ മുഖത്ത് നാണം എന്നൊരു ഭാവം ഗിരി കണ്ടത്….

അവൾ ചെറിയൊരു ചിരിയോടെ ഗിരിയെ കടന്നു അടുക്കളയിലേക്ക് പോകെ തിരിഞ്ഞു ഗിരിയുടെ മുഖത്തേക്കും കണ്ണിലേക്കും നോക്കി… ഗിരി അവൾക്കു മുഖം കൊടുക്കാതെ റൂമിലേക്ക്‌ പോയി…

കള്ളീ…. ഇതൊക്കെ കയ്യിലുണ്ടല്ലേ ഗീതു പുറകെ കൂടിയിട്ടുണ്ട്…. ഇനി അനുവിന്റെ ഉള്ളിലുള്ള കലാവാസന എല്ലാം വെളിയിലിറക്കിയിട്ടേ അവൾ അടങ്ങു….

തുടരും 💕💕