രചന – വൈദേഹി ദേഹി
സന്ധ്യക്ക് വിളക്കും കൊളുത്തി ഉമ്മറത്തിരിക്കുവാരുന്നു ഗോപികയും മാലതിയും നന്ദുവും… ഗോപി എന്തോ സാധനം വാങ്ങാൻ വേണ്ടി കവല വരെ പോയതാരുന്നു… അപ്പോഴാണ് നവി അങ്ങോട്ടേക്ക് വന്നത്… ഉമ്മറത്തിരിക്കുന്ന മൂന്നുപേരേം കണ്ടു ഒരു ചിരിയോടെ അവൻ ബുള്ളറ്റ് പോർച്ചിൽ കേറ്റി ഹെൽമെറ്റ് തലയിൽ നിന്നും മാറ്റി അകത്തേക്ക് കയറി…
എന്താണ് ലേഡീസ് കൊതീം ഞൊണയും പറച്ചിൽ ആന്നു തോന്നുന്നല്ലോ…
അവന്റെ പറച്ചിൽ കേട്ടതും മാലതി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…
ആഹ് പിന്നല്ലാതെ…ഞാനില്ല ഏട്ടാ ആ കൂട്ടത്തിൽ…
നന്ദു വന്നു നവിയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് പറഞ്ഞു…
എടി എടി… നീയല്ലേ ഇപ്പൊ ഇവിടിരുന്നു പറഞ്ഞേ ആ വടക്കേലെ സുജാത പുതിയ വണ്ടി എടുത്തെന്നു…
മാലതി പറഞ്ഞു…
അതെ… വണ്ടിയെടുത്തെന്നല്ലേ ഞാൻ പറഞ്ഞുള്ളു…ബാക്കി പിന്നെ അവരുടെ മോനു ഗൾഫിൽ എന്തോ കള്ളത്തരം ഉണ്ട് അങ്ങനെ ഉണ്ടായ കാശാ അല്ലേലും അവൾക്കിത്തിരി ആർഭാടം കൂടുതലാ എന്നൊക്കെ അമ്മയല്ലേ ഇവിടിരുന്നു പറഞ്ഞത്…
നന്ദു കിട്ടിയ ഗ്യാപ്പിൽ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് ഓടി… നവി ഒരു ചിരിയോടെ അവളുടെ പിറകെ അകത്തേക്ക് നടന്നു…
നോക്ക് ഗോപു… വന്ന് വന്ന് ഈ പെണ്ണ് നാക്കെടുത്താൽ കള്ളത്തരമേ പറയു… ഇനി ഇങ്ങ് വരട്ടെ അമ്മേ കുമ്മേ എന്നും പറഞ്ഞു…
ഹാ… പോട്ടെ ഏട്ടത്തി… അവള് ചുമ്മാ കുറുമ്പ് പറഞ്ഞതല്ലേ… വിട്ടേക്ക്… വാ… നമുക്ക് നാളത്തേക്കുള്ളത് എല്ലാം അരിഞ്ഞു വെക്കാം…
അതും പറഞ്ഞു അവർ രണ്ടുപേരൂടെ അടുക്കളയിലോട്ട് പോയി…
മുറിയിലേക്ക് കയറി ഡ്രസ്സ് പോലും മാറാതെ കട്ടിലിലേക്ക് ചാരി ഇരുന്നു നവി… അവന്റെ മനസ്സിൽ ശില്പ പറഞ്ഞ കാര്യങ്ങൾ ഓടി എത്തിയതും അവനു അവളോട് സഹതാപം തോന്നി…
ഏട്ടാ…
നന്ദുവിന്റെ ശബ്ദം കേട്ടതും അവൻ തലയുയർത്തി നോക്കി…എന്നിട്ട് പതിയെ കട്ടിലിലേക്ക് എണീറ്റിരുന്നു…
എന്താ മോളെ…
അവൻ ചോദിച്ചു…
അത് പിന്നെ ഏട്ടാ… ഏട്ടനിന്ന് എവിടെ പോയതാ…
അവന്റെ അപ്പുറത്തോട്ട് വന്നിരുന്നുകൊണ്ട് അവൾ ചോദിച്ചു… അത് കേട്ടപ്പോഴേ അവനു മനസ്സിലായി അവളിത് എങ്ങനെ അറിഞ്ഞെന്നു… അവനൊന്നു ചിരിച്ചു…
ഞാൻ എവിടെ പോകാൻ… ഞാൻ നന്ദ്യാരത്തോട്ടാ പോകുന്നേന്ന് പറഞ്ഞിരുന്നല്ലോ…
അതല്ല അവിടുന്ന് ഏട്ടൻ എങ്ങോട്ടാ പോയതെന്ന്…
അവളത് പറഞ്ഞതും അവനൊന്ന് അവളെ ചൂഴ്ന്നു നോക്കി…
അവിടുന്ന് ഞാൻ എവിടെയെങ്കിലും പോയെന്ന് നീ എങ്ങനാ അറിഞ്ഞേ… മ്മ്?
ആഹ്… അത്… പിന്നെ…
മ്മ്മ് കൂടുതൽ കിടന്ന് വിക്കണ്ട… ആർക്ക് വേണ്ടിയുള്ള ചാരപ്പണിയുമായാ മോളിങ്ങോട്ട് വന്നേന്ന് എനിക്ക് നന്നായി അറിയാം…
ഈൗ…
അവൾ അവനെ നോക്കി ഒന്ന് ഇളിച്ചതും അവൻ അവളെ ചേർത്തു പിടിച്ചു…
ഞാൻ ശില്പ വിളിച്ചിട്ടാ പോയത്…
അത് കേട്ടതും അവളൊന്നു ഞെട്ടി…
ശില്പയോ…
മ്മ്മ് ശില്പ…
അതും പറഞ്ഞു അവൻ ശില്പ പറഞ്ഞതെല്ലാം നന്ദൂനോട് പറഞ്ഞു…
ഏട്ടാ… ഏട്ടൻ അവള് പറഞ്ഞതൊക്കെ വിശ്വസിക്കുന്നുണ്ടോ…
അറിയില്ല… എങ്കിലും സംശയിക്കാൻ തക്കതായി എനിക്കൊന്നും തോന്നിയില്ല…
ഇതിലിത്ര സംശയിക്കാൻ ഒന്നുമില്ല… അവൾ പഠിച്ച കള്ളിയാ… ഒന്നുമില്ലേലും ആ തന്തേടേം ആങ്ങളേടേം സ്വഭാവം കാണിക്കാതിരിക്കില്ലല്ലോ…
ഞാനിപ്പോ അവളെ വിശ്വസിക്കുന്നോ വിശ്വസിക്കാതിരിക്കുന്നോ എന്നതൊന്നുമല്ല കാര്യം… അവളെന്നോട് ഒരു കാര്യം പറയാൻ വന്നു… പറഞ്ഞിട്ട് പോയി… അല്ലാണ്ട് അവളുടെ അച്ഛനെയോ ഏട്ടനെയോ രക്ഷിക്കണമെന്ന് പറയാനൊന്നുമല്ലല്ലോ അവൾ വന്നത്… ആണോ?
പറഞ്ഞാലും നടക്കില്ലെന്നു അവൾക്ക് നന്നായി അറിയാം…
ആണല്ലോ…പിന്നിപ്പോ എന്താ… അവളെന്റെ ഒരു സ്റ്റുഡന്റ് ആണ്…അല്ല… ആയിരുന്നു…ആ ഒരു പരിഗണന… അത് വെച്ച് മാത്രമാ ഞാൻ അവളെ കാണാൻ പോയത്…ഇനി അതിൽ തൂങ്ങി വേറൊന്നും ആലോചിച്ച് ഈ കുട്ടിത്തല പുണ്ണാക്കണ്ട…മറ്റവളോടും കൂടി പറഞ്ഞേക്ക്…കേട്ടല്ലോ…
അവനതും പറഞ്ഞു അവളുടെ തലയിൽ ഒന്ന് തട്ടി… അവൾ ചിരിച്ചുകൊണ്ട് താഴേക്ക് പോയി… അവള് പോയതും അവൻ എഴുന്നേറ്റ് ഡ്രെസ്സും എടുത്ത് കുളിക്കാനായി പോയി…
•••••••••••••••••••••••••••••••••••••••••••
എന്നാലും എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ അവളുടെ വരവിൽ… ഇല്ലേ… നിനക്ക് തോന്നിയില്ലേ…
രാത്രി തമ്മിൽ വീഡിയോ കാൾ ചെയ്യുവാരുന്നു നന്ദുവും ദേവിയും കൂടെ… നവി പറഞ്ഞത് ഒക്കെ നന്ദു ദേവിയോട് പറഞ്ഞു…
എന്ത് സ്പെല്ലിങ് മിസ്റ്റേക്ക്… എനിക്കൊന്നും തോന്നിയില്ല…
ഓഹ്…
എടീ… അവൾ ഇവിടുന്നേ പോകുവാന്നല്ലേ പറഞ്ഞേ… അങ്ങനെ ഒരാള് കള്ളം പറയുവോ… പറഞ്ഞാൽ തന്നെ പിന്നേം അവളെ നമ്മളൊക്കെ കോളേജിൽ വെച്ച് കാണില്ലേ…
അത് ശെരിയാ… എന്നാലും ശില്പ ആയോണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ല…
ആഹ് അവളിനീം പണിം കൊണ്ടു വരുവാണേ നമുക്കപ്പൊ നോക്കാം… പോരേ…
ആഹ് മതി… പിന്നേ… നിന്റെ വേദന കുറഞ്ഞോടി…
ആഹ് കുറഞ്ഞു വരുന്നുണ്ട്… ചിലപ്പോ തോന്നും വേദന ഒന്നുമില്ലെന്ന്… അപ്പൊ ഞാൻ ഒരു സംശയനിവാരണത്തിന് തിരിഞ്ഞും മറിഞ്ഞും ഒക്കെ ഒന്ന് നോക്കും… അപ്പോ തുടങ്ങും പണ്ടാരം വേദന…
എടി പൊട്ടി… സ്റ്റിച് മാറ്റാതെ അങ്ങനെ വേദന ഒന്നും പോവില്ല…
ഓഹ്… എങ്ങനെയെങ്കിലും ഇതൊന്നു മാറ്റിയാ മതിയാരുന്നു…
മറ്റന്നാൾ ഇനി പോകണ്ടേ ഹോസ്പിറ്റലിൽ…
മ്മ്മ് വേണം…
മ്മ്മ്… എന്നാ ശെരി നീ വെച്ചോ… ഞാനും കിടക്കുവാ…
ശെരിയെടി… ഗുഡ് നൈറ്റ്…
അതും പറഞ്ഞു ദേവി ഫോൺ വെച്ചു…അപ്പോഴാണ് ഇന്ന് ആരു പോയി കഴിഞ്ഞു പിന്നെ വിനൂനെ കണ്ടതേ ഇല്ലെന്നു അവൾ ഓർത്തത്…
ശെടാ… ഇവനിത് എവിടെ പോയി… ഇനി അവൾടെ കൂടെ വല്ലോം പോയോ… ഏയ് എന്നാ അവൾ അവന്റെ പരിപ്പിളക്കും…
അവൾ മനസ്സിൽ ഓർത്തു… അപ്പോഴാണ് അപ്പുറത്തൂടെ ഗായത്രി നടന്നു പോകുന്നതവൾ കണ്ടത്…
അമ്മേ അമ്മേ….
അവൾ പെട്ടന്ന് ഉറക്കെ വിളിച്ചതും ഗായത്രി വെപ്രാളപ്പെട്ടു ഓടി വന്നു…
എന്താ മോളെ… വേദന വല്ലോം ഉണ്ടോ…
വിനൂട്ടൻ എന്തെ അമ്മേ… അവനെ ഒന്ന് വിളിക്കാവോ…
ഒന്നും സംഭവിക്കാത്ത പോലെ ചിരിച്ചുകൊണ്ട് ദേവി പറഞ്ഞതും ഗായത്രിയുടെ മുഖം മാറി…
അസത്തേ… മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി…
അതും പറഞ്ഞവർ അവളുടെ കൈക്ക് ഒരു അടി കൊടുത്തു…
ആഹ്…
മ്മ്മ്…അവനവിടെ മുറിയിൽ ഉണ്ട്… ഉച്ച കഴിഞ്ഞവനെ പുറത്തേക്ക് കണ്ടതേ ഇല്ല…
ഗായത്രി അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി…
ഏഹ്… അവൻ മുറിയിൽ ഇരുന്നു ഇതെന്ത് ചെയ്യുവാ…മ്മ്മ്…സംതിങ് ഫിഷി…
അതും പറഞ്ഞുകൊണ്ട് അവൾ അവനെ ഫോണിൽ വിളിച്ചു…മൂന്നാല് വട്ടം റിങ് ചെയ്ത ശേഷമാണു അവൻ കാൾ അറ്റൻഡ് ചെയ്തത്…
“എന്താടി…”
നീയിത് മുകളിൽ ഒറ്റക്കിരുന്നു എന്തെടുക്കുവാ… താഴോട്ട് വന്നേ…
“ഇന്നിനി വയ്യ… ഞാൻ നാളെ വരാം…”
നാളെ വരാന്നോ… ദേ ഞാനിപ്പോ വല്യമ്മേ പറഞ്ഞങ്ങോട്ട് വിടുവേ… മര്യാദക്ക് നീ ഇങ്ങോട്ട് വരുന്നുണ്ടോ…
“ഓഹ്… ഈ പെണ്ണിനെ കൊണ്ടു…. ഞാൻ വരാം നിക്ക്…”
അതും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു… എന്നിട്ട് പതിയെ എണീറ്റു ദേവിയുടെ മുറിയിലേക്ക് നടന്നു…ഞൊണ്ടി ഞൊണ്ടി കേറി വരുന്ന വിനൂനെ കണ്ട് ദേവി അന്തംവിട്ടു…
നിനക്കിത് എന്തോ പറ്റിയതാ… നീയെന്താ ഇങ്ങനെ ഞൊണ്ടി വരണേ…
മിണ്ടിപ്പോകരുത്…നീയും ആ നന്ദുപിശാശും കാരണമാ ഞാനിങ്ങനെ ഞൊണ്ടി നടക്കേണ്ടി വന്നെ… അറിയോ…
ഏഹ്… ഞങ്ങള് കാരണമോ… ഞങ്ങളതിന് എന്തോ ചെയ്തെന്നാ…
എന്തോ ചെയ്‌തെന്നോ…നീയൊക്കെ ഒരു വാക്ക് എന്നോട് പറഞ്ഞോടി ആ ഭദ്രകാളി ബ്ലാക്ക് ബെൽറ്റാന്ന്…
വിനു ആ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു…
ആഹ്…അത് ഞാൻ പറയാനങ്ങ് മറന്നു പോയതാ…
ഞഞ്ഞായി…എന്നാലേ അത് അറിയാതെ ഞാൻ ചെന്നൊന്ന് കേറി കൊടുത്തു… അവൾ നല്ലൊരു മർമപ്രയോഗവും നടത്തി വിട്ടു…
വിനു അത് പറഞ്ഞതും ദേവി അവനെ അടിമുടി ഒന്ന് നോക്കി…
അവള് നിനക്കിട്ടു തന്നോ…
മ്മ്മ്…ചോയ്ച്ച് മേടിച്ചു…
നൈസ്… എന്തുവാ കിട്ടിയത്…
വലത്തേ കൈയിലെ നഖവും കടിച്ചുകൊണ്ട് ആകാംഷയോടെ അവൾ ചോദിച്ചു…
ആകെ കുത്തിപ്പറിച്ചു വെച്ചേക്കുവായിപ്പോയി… ഇല്ലേ ശെരിക്കും കാണിച്ചു തരാരുന്നു… എന്തുവാ കിട്ടിയേന്നും എങ്ങനെ ഉണ്ടെന്നും എല്ലാം…
അവളെ അടിമുടി നോക്കികൊണ്ടവൻ പറഞ്ഞു…
പോടാ മരപ്പട്ടി… നിനക്ക് അങ്ങനെ തന്നെ വേണം… ഇതൊക്കെ ഒരു സാമ്പിൾ അല്ലേ മോനെ…
അവളുടെ പറച്ചിൽ കേട്ടതും അവൻ നെഞ്ചത്ത് കൈയും വെച്ചുകൊണ്ട് അങ്ങോട്ട് കിടന്നു…
ഈ കണക്കിന് അവളെ കെട്ടിയാൽ കരാട്ടെയുടെ എ ബി സി ഡി മുതൽ സകലതും അവൾ എന്റെ നെഞ്ചത്ത് ആകുമല്ലോ ഭഗവാനെ…
അവന്റെ പറച്ചിൽ കേട്ടതും അവൾ വാ പൊത്തി ചിരിച്ചു…
…………………. തുടരും……………….

by