20/04/2026

നീ മാത്രം : ഭാഗം 70

രചന – വൈദേഹി ദേഹി

ഫോൺ റിങ് ചെയ്തതും നവി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി…

“UNKNOWN NUMBER”

അവൻ ആ കാൾ അറ്റൻഡ് ചെയ്തു…

ഹലോ…

അപ്പുറത്ത് നിന്നുള്ള സംഭാഷണത്തിൽ അവന്റെ മുഖമൊന്നു ചുളിഞ്ഞു… അവൻ ദേവിയെ ഒന്ന് നോക്കി… അവൾ ആരുവുമായി കാര്യമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുവാരുന്നു…വരുണിനെ നോക്കിയതും അവൻ എന്താന്ന് കണ്ണു കാണിച്ചു…മുഖം കൊണ്ടു പുറത്തേക്ക് വരാൻ ആംഗ്യം കാട്ടികൊണ്ട് നവി പുറത്തേക്ക് പോയി… ദേവിയെ ഒന്ന് നോക്കീട്ട് പിറകിനു വരുണും… അവർ മുറിയിൽ നിന്നു പോയെന്ന് അറിഞ്ഞതും ദേവി അവർ പോയ വഴിയേ ഒന്ന് നോക്കി…

മ്മ് ശെരി… ഞാൻ വരാം…

അതും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു…

എന്താ നവീ… ആരാ വിളിച്ചത്…

അങ്ങോട്ടേക്ക് വന്ന വരുൺ ചോദിച്ചു…

ശില്പ…

ശില്പയോ… അവളെന്തിനാ നിന്നെ വിളിക്കുന്നെ…

അറിയില്ല… അവൾക്കെന്തോ എന്നോട് സംസാരിക്കാൻ ഉണ്ടെന്ന്… ബീച്ചിലോട്ട് ഒന്ന് ചെല്ലാമോ എന്ന് ചോദിച്ചു…

എന്നിട്ട് നീ എന്ത്‌ പറഞ്ഞു…

വരാമെന്ന് പറഞ്ഞു…എന്തിനാ വിളിക്കുന്നതെന്ന് അറിയണ്ടേ…

അവളുടെ ചേട്ടനേം അച്ഛനേം രക്ഷിക്കണമെന്നും അതിന് സഹായിക്കണമെന്നും പറയാനാരിക്കും ചിലപ്പോ…

ഹ്മ്മ്…അങ്ങനെ അവൾ പറഞ്ഞാൽ എന്റെ മറുപടി എന്തായിരിക്കും എന്ന് നിനക്ക് ഊഹിക്കാല്ലോ… എന്തായാലും വിളിച്ചതല്ലേ…അവിടെ വരെ ഒന്ന് പോയിട്ട് വരാം…

മ്മ്മ്…

അവനോട് അതും പറഞ്ഞു ദേവിയുടെ മുറിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കികൊണ്ട് നവി പുറത്തേക്ക് പോയി…

•••••••••••••••••••••••••••••••••••••••••••

എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ ദേവിച്ചേച്ചി…നാളെ ഞാൻ അമ്മയുടെ വീട്ടിലേക്ക് തിരികെ പോകും…പോണേനു മുന്നേ ചേച്ചിയെ വന്നൊന്ന് കാണാന്ന് കരുതി… അതാ വന്നെ…

ദേവിയോട് അതും പറഞ്ഞുകൊണ്ടവൾ പോകാനായി എണീറ്റു…

മ്മ്മ് മ്മ്മ്… എന്നേ കാണാനോ… അതോ കൂട്ടത്തിൽ വേറെ ആരെയേലും കൂടി കാണനോ…

ദേവി കളിയാക്കി കൊണ്ട് ചോദിച്ചതും ആരുവിന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു…

അയ്യടാ… ആ കോന്തനെ കാണാൻ ഞാൻ ഇങ്ങോട്ട് വരുവല്ലേ…

അതിനു നീ വിനൂട്ടനെ കാണാനാ വന്നേന്ന് ഞാൻ പറഞ്ഞില്ലല്ലോ മോളെ…

ദേവി അതു പറഞ്ഞതും ആരു അബദ്ധം പറ്റിയ പോലെ നാവു കടിച്ചു…

ഈൗ…

അവൾ ദേവിയെ നോക്കി നന്നായൊന്ന് ഇളിച്ചു…

എന്നാ പിന്നെ ഞാൻ അങ്ങോട്ട്…

ആഹ് ആഹ്… ചെല്ല് ചെല്ല്…

ദേവി അതു പറഞ്ഞതും ആരു വേഗം പുറത്തേക്ക് ഓടി…ദേവി ഒരു ചിരിയോടെ അവളെ നോക്കീട്ട് അവിടിരുന്ന ഫോൺ എടുത്തു നോക്കാൻ തുടങ്ങി…

ദേവിയുടെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയതും ആരോ അവളുടെ വാ പൊത്തി പിടിച്ചു തൊട്ടപ്പുറത്തെ മുറിയിലോട്ട് വലിച്ചു കയറ്റി…ആ മുറിയുടെ വാതിൽ അടഞ്ഞു അവളെ അയാൾ ആ വാതിലിനോട് ചേർത്തു നിർത്തി…
അപ്പോഴാണ് അതാരാന്നു അവൾ കണ്ടത്…

നീയോ…

ആഹ്… എന്താ മോളെ അരുന്ധതി 2. B ഇത്… കെട്ടാൻ പോകുന്നവനെ നീയെന്നൊക്കെയാണോ വിളിക്കണ്ടേ…

നിന്നോട് ഞാൻ പറഞ്ഞു എന്റെ പേരിന്റെ കൂടെ 2. B എന്നൊന്നും ഇല്ലെന്നു…

ആഹ്… എന്നാൽ വെറും അരുന്ധതി…

പിന്നെ മോനെന്താ പറഞ്ഞേ… കെട്ടാൻ പോകുന്നവനെ നീയെന്നൊക്കെ വിളിക്കാവോന്നോ… വിളിക്കരുത്… വിളിക്കേമില്ല… പക്ഷെ നിന്നെ വിളിക്കാല്ലോ…

അവളത് പറഞ്ഞതും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി… അവൾ ഞെട്ടലോടെ അവന്റെ കൈകളിലേക്ക് നോക്കിയതും അവൻ അവളെ അവന്റെ ശരീരത്തോടെ ചേർത്തു നിർത്തി…അവൾ പകപ്പോടെ അവനെ നോക്കി…അവന്റെ കണ്ണുകളിൽ കുറുമ്പും കുസൃതിയും മാറി മറ്റേതൊക്കെയോ ഭാവം നിറയുന്നതവൾ കണ്ടു…

വിളിക്കുവോടി നീയിനി എന്നെ അങ്ങനെ…

അവളുടെ ചെവിയിൽ പതിഞ്ഞ അവന്റെ നിശ്വാസത്തോടു കൂടിയുള്ള വാക്കുകൾ കേട്ടതും അവൾ അവനെ ഒന്ന് നോക്കി… അവൻ അവളെ ഒന്ന് കണ്ണടച്ച് കാണിച്ചു…

എപ്പോഴാ എനിക്കൊരു മറുപടി തരുന്നേ… മ്മ്മ്?

മ്മ്മ്?

അവൾ സംശയത്തോടെ മൂളിയതും അവനൊരു ചിരിയോടെ അവളുടെ ഇടത്തെ കവിളിൽ ചുണ്ട് ചേർത്തു…അവൾ ഞെട്ടി അവനെ നോക്കി…അവന്റെ കണ്ണിൽ പഴയ ആ കുസൃതി നിറഞ്ഞത് കണ്ടതും അവളുടെ മുഖത്തും കുറുമ്പ് നിറഞ്ഞു…അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു… അവൻ സംശയത്തോടെ അവളെ നോക്കിയതും അവളുടെ മുട്ടുകാൽ അവന്റെ വയറ്റിൽ പതിഞ്ഞു…

എന്റമ്മേ…

വിനു ഒരു നിമിഷം അവളിൽ നിന്നുള്ള പിടി വിട്ടു കുനിഞ്ഞു വയറു പൊത്തി…

എന്തിനാടി ഭദ്രകാളി നീയെന്റെ വയറ്റിൽ മുട്ടുകാൽ കേറ്റിയെ…

അവൻ ആരുനെ നോക്കി ചോദിച്ചു… അവൾ അപ്പോഴും കൈകൾ രണ്ടും കെട്ടി അവനെ തന്നെ നോക്കികൊണ്ട് നിൽക്കുവാരുന്നു…അവനത് ചോദിച്ചതും അവൾ അവനു നേരെ ഒന്ന് കുനിഞ്ഞു…അവൻ പേടിച്ചു പോയി…

എ… എന്താ…

ഒരു കാര്യം എപ്പോഴും ഓർമയിൽ വെക്കാനാണ് ഇപ്പോ ഞാൻ നിന്നെ ചവിട്ടിയത്…മേലിൽ എന്റെ അനുവാദം ഇല്ലാണ്ട് എന്റെ ദേഹത്തെങ്ങാനും കൈ വെച്ചാൽ…ചവിട്ടുവല്ല… നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും… മനസ്സിലായോടാ…

അവൾ പറഞ്ഞതും അവൻ മനസ്സിലായെന്ന മട്ടിൽ അവളെ നോക്കി വെപ്രാളപ്പെട്ടു തലയാട്ടി…

മ്മ്മ്…

അവളതും പറഞ്ഞു തിരിഞ്ഞു വാതിൽ തുറക്കാൻ പോയി… എന്നിട്ട് എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞവനെ ഒന്ന് നോക്കി…

പിന്നേ… മറുപടി ഞാൻ നന്ദുച്ചേച്ചീടെ കല്യാണത്തിന്റെ അന്ന് തരാം കേട്ടോ…

അവളൊരു ചിരിയോടെ അതും പറഞ്ഞു പുറത്തേക്ക് പോയി…

ഏഹ്…

അതു കേട്ടതും അവന്റെ മുഖം നല്ല led ബൾബ് കത്തിച്ച പോലെയായി…കേട്ടതിന്റെ സന്തോഷത്തിൽ ചാടി നേരെ നിന്നതും അവൻ പോലും അറിയാതെ അവൻ കുനിഞ്ഞു പോയി… അപ്പോഴും അവന്റെ ചുണ്ടിൽ ഒരു ചിരി തത്തികളിച്ചിരുന്നു…

കാന്താരി…

അവനതും പറഞ്ഞു കൊണ്ടു പുറത്തേക്കിറങ്ങിയതും കണ്ടു കൈയും കെട്ടി മുറിയുടെ വാതിൽക്കൽ നിൽക്കുന്ന വരുണിനെ… അവനെ കണ്ടതും വിനു പതിയെ നേരെ നിന്നു…

എ… ഏട്ടൻ… എന്താ ഇവിടെ…

മ്മ്മ്? എന്തോ കേട്ടില്ല…

അല്ല… ഒന്നുല്ല… എന്നാ പിന്നെ ഞാൻ അങ്ങോട്ട്…

അവനതും പറഞ്ഞു പതിയെ ഞൊണ്ടി മുന്നോട്ട് നടന്നു…വരുൺ അവനെ അടിമുടി ഒന്ന് നോക്കി…
എന്നിട്ട് പറഞ്ഞു…

അവള് മുട്ടുകാൽ കേറ്റി അല്ലേ…

അവന്റെ പറച്ചിൽ കേട്ടതും വിനു ഒന്ന് നിന്നു… എന്നിട്ട് തിരിഞ്ഞവനെ നോക്കി നന്നായൊന്ന് ഇളിച്ചു…

ഈൗ…

അവളെ കണ്ടപ്പോഴുള്ള മോന്റെ ഇളക്കം കണ്ടപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചതാ…

എന്ത്…

അവളുടെ കയ്യിന്ന് നീ വാങ്ങി കൂട്ടുമെന്ന്… അവളേ ബ്ലാക്ക് ബെൽറ്റാ…

വരുൺ അതും പറഞ്ഞു അപ്പുറത്തേക്ക് പോയി… വിനു ആണേ ഒരു മാതിരി കറന്റ്‌ അടിച്ചത് പോലെ നിന്നു പോയി… എന്നിട്ട് ദേവിയുടെ മുറിയിലേക്ക് ഒന്ന് നോക്കി…

ഒന്ന് നേരെ നിക്കട്ടെടി… നിനക്കുള്ളത് ഞാൻ തരാം…ഒരു വാക്ക് പറഞ്ഞോ നീയൊക്കെ എന്നോട് അവൾ ബ്ലാക്ക് ബെൽറ്റാന്ന്…എന്റമ്മേ… ഇന്നിനി മൂത്രമൊഴിക്കാൻ പറ്റുവോ എന്തോ…

വിനു അതും പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി…

•••••••••••••••••••••••••••••••••••••••••••

എന്താ ശിൽപാ… എന്തിനാ കാണണമെന്ന് പറഞ്ഞത്…

ബീച്ചിൽ കാത്തു നിൽക്കുന്ന ശിൽപയുടെ അടുത്തേക്ക് വന്നു നവി ചോദിച്ചു…അവളൊന്നു ചിരിച്ചു… അപ്പോഴാണ് അവൻ അവളെ ശ്രദ്ധിച്ചത്… അവളൊരുപാട് മാറി പോയത് പോലെ അവനു തോന്നി…

ഞാൻ… ഞാൻ സാറിനോട് ക്ഷമ ചോദിക്കാൻ വന്നതാ…

നവി ഒരു സംശയത്തോടെ അവളെ നോക്കി… അവൾ കടലിനു അഭിമുഖം ആയി നിന്നുകൊണ്ട് പറഞ്ഞുതുടങ്ങി…

ചെറുപ്പം മുതൽ ആഗ്രഹിക്കുന്നത് എന്തായാലും അത് ഉടനെ നേടണമെന്ന് ഒരു വാശി ആരുന്നു എനിക്കും ഏട്ടനും… സത്യം പറഞ്ഞാൽ ഞങ്ങളെ അങ്ങനെ ആക്കി വളർത്തിയത് ഡാഡി ആണ്… മമ്മ ഒന്നിലും ഇടപെടാറില്ല… ഒരു പക്ഷെ ഇടപെട്ടാലും ഒരു കാര്യോം ഇല്ലെന്നു അറിയാവുന്നതുകൊണ്ടാരിക്കും… തെറ്റും ശെരിയുമൊന്നും ആരും ചൂണ്ടി കാട്ടി തന്നിട്ടില്ല…ആഗ്രഹിച്ചാൽ നേടുക… അത് ജീവനില്ലാത്തതായാലും ഉള്ളതായാലും…ഏട്ടൻ നന്ദൂനോട് അങ്ങനെ ഒരു തെറ്റ് കാട്ടിയപ്പോൾ പോലും ഡാഡി ഒന്ന് വഴക്ക് പറഞ്ഞില്ല…അപ്പോഴും ഡാഡി പറഞ്ഞത് ഇതൊക്കെ ആരും അറിയാതെ ചെയ്യേണ്ടതാണെന്നാരുന്നു…പിന്നീട് ഏട്ടൻ തെറ്റായ വഴികളിലൂടെ മാത്രം സഞ്ചരിച്ചപ്പോഴും ഡാഡി ഒന്നും പറഞ്ഞില്ല…അവസാനം ഇങ്ങനെ ഒക്കെയായി…

അതും പറഞ്ഞു അവൾ തിരിഞ്ഞു നവിയെ നോക്കി… അവനപ്പോഴും അവളെന്താ പറയാൻ പോകുന്നെ എന്നുള്ള സംശയത്തിൽ നിൽക്കുവാരുന്നു…

ഞങ്ങൾ ഇവിടുന്ന് പോകുവാ സർ…

അവളത് പറഞ്ഞതും അവൻ മുഖം ചുളിച്ചു അവളെ ഒന്ന് നോക്കി…

പോകുന്നെന്നോ… ഇങ്ങോട്ട്…

ഡാഡിയും ഏട്ടനും ഇല്ലാണ്ട് ഞങ്ങൾക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല സർ… ഞങ്ങൾ പോകുവാ…മമ്മയുടെ നാട്ടിലേക്ക്…അവിടെ മമ്മയുടെ വീടുണ്ട്…മമ്മയുടെ ബ്രദർ അവിടെ ഒരു കോളേജിൽ എനിക്ക് അഡ്മിഷൻ ഓക്കെ ശെരിയാക്കിയിട്ടുണ്ട്…

ശില്പ… ഞാൻ… എന്താ പറയേണ്ടതെന്ന്… എനിക്ക്…

ഏയ്… കുഴപ്പില്ല സർ… ഇതൊക്കെ എന്നെങ്കിലും…എപ്പോഴെങ്കിലും ഒക്കെ സംഭവിക്കാൻ ഉള്ളത് തന്നെ ആരുന്നു…അവരുടെ പ്രവർത്തിക്കുള്ള ശിക്ഷ തന്നെയാണ് അവർക്ക് കിട്ടിയത്…

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണു നിറഞ്ഞിട്ടുണ്ടാരുന്നു… നവിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലാരുന്നു…

ഞാൻ സാറിനെ കാണണമെന്ന് പറഞ്ഞത് ക്ഷമ ചോദിക്കാനാ… സാറിനോട് പറഞ്ഞതിനും പിറകെ നടന്നതിനും എല്ലാം… സാറിനോട് മാത്രമല്ല ദേവിയോടും നന്ദുവിനോടും ഒക്കെ… ആവശ്യമില്ലാതെ വെറുതെ അവരോടും ഒക്കെ ഞാൻ വേണ്ടാത്ത വാശി കാട്ടിയിട്ടുണ്ട്… അതിനു ഞാൻ ക്ഷമ ചോദിച്ചുവെന്ന് അവരോടും സർ പറയണം… നേരിട്ട് ചെന്ന് പറയണമെന്നുണ്ട്… പിന്നെ വിചാരിച്ചു വേണ്ടന്ന്… എന്റെ ഏട്ടൻ കാരണമല്ലേ ദേവിക്ക് ഇങ്ങനെ ഒക്കെ പറ്റിയത്…അവരെ ഇനിയും ഫേസ് ചെയ്യാനുള്ള ഒരു ധൈര്യം ഇല്ല…

അവൾ കണ്ണു തുടച്ചു എന്നിട്ട് നവിയെ നോക്കി ഒന്ന് ചിരിച്ചു…

വരട്ടെ സർ…

അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു… നവി അവള് പോകുന്നതും നോക്കി അവിടെ തന്നെ നിന്നു…

……………….. തുടരും……………….