18/04/2026

വേഴാമ്പൽ : ഭാഗം 22

രചന – അനീഷ ആകാശ്

വിദ്യയുടെ മുഖം വിളറി വെളുത്തു… ദേവൻ ഒന്നും മിണ്ടാതെ ദയയെ നോക്കി.. ദേവകിയും മേനോനും ചിരിച്ചുകൊണ്ട് നിന്നതല്ലാതെ ദയയെ വിലക്കിയില്ല.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെന്ന് മനസിലായപ്പോൾ ദയയും നിർത്താൻ ഭാവിച്ചില്ല… “ഭദ്ര ചേച്ചിയെ കണ്ടവരെല്ലാം പറഞ്ഞു വല്യേട്ടന് ചേരുന്നത് ചേച്ചി തന്നെയാണെന്ന്… ” ദയ അത് പറഞ്ഞപ്പോൾ ഭദ്ര പതിയെ ദേവനെ നോക്കി.. ഒരു റിയാക്ഷനും ഇല്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ ഭദ്ര പിന്നെ നോക്കാൻ പോയില്ല..

“മോള് പോയി റൂമിൽ റെസ്റ്റെടുക്ക്… രാവിലെ മുതൽ തുടങ്ങിയ നിൽപ്പ് അല്ലേ… ” ഭദ്രയെ നോക്കികൊണ്ട് ദേവകി പറഞ്ഞു.. “നേരാ.. മോള് പോയി റെസ്റ്റെടുക്ക്… ഞങ്ങളൊക്കെ ഇനിയും വരുന്നവർ തന്നെയാ… ” വനജ പറഞ്ഞപ്പോൾ ഭദ്ര തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു… “അതേ ദയമോൾ പറഞ്ഞപോലെ ദേവന് നന്നായി ചേരുന്ന പെൺകുട്ടി തന്നെയാ ഇത്‌…” വനജ ദേവകിയുടെ കൈ പിടിച്ച് പറഞ്ഞപ്പോൾ ദയക്ക് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു ദേവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..

മുറിയിൽ എത്തിയപ്പോൾ ഭദ്ര കട്ടിലിൽ ചാരി കിടക്കുകയായിരുന്നു… ഭദ്ര ദേവനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.. “തന്റെ വീട്ടിൽ നിന്ന് ആളുകൾ വരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്… അടുക്കള കാണാലോ അങ്ങനെ എന്തോ ചടങ്ങില്ലേ… അതിന്.. ” ദേവൻ പറഞ്ഞപ്പോഴാണ് അച്ഛൻ അങ്ങനെ എന്തോ പറഞ്ഞിരുന്നെന്ന് ഭദ്ര ഓർത്തത്… അപ്പോഴേക്കും ദയയും അവിടെ എത്തി… “ചേച്ചി ദാ അച്ഛനും അമ്മയുമൊക്കെ വന്നിരിക്കുന്നു.. വേഗം റെഡിയായി താഴേക്ക് വാ… ”

ദയ വന്ന് പറഞ്ഞ ഉടൻ ഭദ്ര ചാടി കട്ടിലിൽ നിന്നിറങ്ങി… ദയയോടൊപ്പം അവൾ താഴേക്ക് ഇറങ്ങി… അച്ഛനെയും അമ്മയെയും കണ്ട ഉടൻ അവൾ കെട്ടിപിടിച്ചു… “ടി ടി മതി… നിന്റെ പെരുമാറ്റം കണ്ടാൽ തോന്നും ഇവരെ പിരിഞ്ഞിട്ട് വർഷങ്ങൾ ആയെന്ന്… ” മഹി കളിയാക്കികൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു… “സ്നേഹം പ്രകടിപ്പിക്കാൻ വർഷങ്ങൾ പിരിഞ്ഞിരിക്കണമെന്നില്ല… ”

ഭദ്ര മഹിയോടായിട്ട് പറഞ്ഞു… “ഓഹ് .. ആയിക്കോട്ടെ… നിന്റെ കെട്ടിയോൻ എന്തിയെ? ” മഹി ദേവനെ തിരക്കിയപ്പോഴാണ് ദേവേട്ടനെ കണ്ടില്ലല്ലോ എന്ന് അവൾ ഓർത്തത്.. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു അച്ഛനോട് വർത്തമാനം പറഞ്ഞിരിക്കുന്ന ദേവനെ… “ദാ അങ്ങോട്ട് നോക്ക്… അവിടെ ഇരുന്ന് കത്തിയടിക്കുവാ…. ” ഭദ്ര മഹിയെ ചൂണ്ടി കാണിച്ചു.. “നീ അവനോട് ചോദിച്ചോ? ” “എന്ത്? ” “ടി പോത്തേ… നിന്നെ രണ്ട് വർഷം മുൻപ് കണ്ട കാര്യം ചോദിച്ചോ? ” മഹി അത് പറഞ്ഞപ്പോഴാണ് ഇതിനിടയിൽ അങ്ങനൊരു സംഭവം ഉണ്ടല്ലോ. എന്നവൾ ഓർത്തത്…

“ഞാൻ ഇപ്പോഴാ മഹിയേട്ടാ ഓർത്തത്… വിദ്യയൊക്കെ വന്നിട്ടുണ്ട്… അതിന്റെ ടെൻഷനിൽ ഞാൻ ഈ സംഭവം മറന്നു… ” “വിദ്യാ വന്നിട്ടുണ്ടോ? ” മഹി ആകാംഷയോടെ ചോദിച്ചു.. ‘വന്നിട്ടുണ്ട്.. അകത്തുണ്ട്… എന്താ നിങ്ങക്കും കാണണോ ആ മൊതലിനെ? ” ഭദ്ര ദേഷ്യത്തോടെ ചോദിച്ചു.. “എനിക്ക് അവളെ കണ്ടിട്ട് എന്ത് കിട്ടാനാ… പോടീ… നിനക്ക് സന്തോഷിക്കാൻ ഒരു വക ഉണ്ടാക്കി തരാൻ ആയിരുന്നു… ”

മഹി പറയുന്നത് എന്താണെന്ന് മനസിലാകാതെ ഭദ്ര അവനെ നോക്കി നിന്നു… “നീ എന്താടാ ഇവിടെ നിൽക്കുന്നത്? ” ദേവൻ വന്ന് മഹിയുടെ പുറത്ത് തട്ടിക്കൊണ്ടു ചോദിച്ചു… “ഞാൻ നിന്റെ കെട്ടിയോളോട് വിവരങ്ങൾ തിരക്കുകയായിരുന്നു… ‘ “നിനക്ക് വല്ല ബോധമുള്ളവരോട് ഇതൊക്കെ തിരക്കിക്കൂടേ… ഇവളോടൊക്കെ ആരേലും സംസാരിച്ചു സമയം കളയുമോ? ‘ ദേവൻ അത് പറഞ്ഞപ്പോൾ ഭദ്രക്ക് ശെരിക്കും ദേഷ്യം വന്നു…

“അതേ ഇയാള് എന്നോട് സംസാരിക്കാൻ വരാൻ ഞാൻ വിളിച്ചില്ലല്ലോ… എന്നോട് എന്റെ ആങ്ങള സംസാരിക്കുന്നതിന് എന്താ കുഴപ്പം..? ” “എന്റെ ദൈവമേ… കെട്ട് കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂർ തികഞ്ഞില്ല… അതിന് മുൻബ് തുടങ്ങിയോ രണ്ടും..” രണ്ടുപേരെയും വഴക്ക് പറഞ്ഞുകൊണ്ട് മഹി അകത്തേക്ക് നോക്കി… “നീ എന്താ അകത്തേക്ക് നോക്കുന്നത്..? ” ദേവന്റെ ചോദ്യം കേട്ട് മഹി നോട്ടം നിർത്തി അവന്റെ അടുത്തേക്ക് തിരിഞ്ഞു.. ‘വിദ്യാ അകത്തുണ്ടല്ലോ? ‘ “ഉണ്ടെങ്കിൽ എന്താ? ” ദേവന് ദേഷ്യം വന്നു… “ഉണ്ടെങ്കിൽ ഒരു കാര്യം ഉണ്ട്..രണ്ടും എന്റൊപ്പം വാ… ”

രണ്ടുപേരെയും വിളിച്ച് കൊണ്ട് അവൻ അകത്തേക്ക് കയറി.. വിദ്യാ ആരോടും മിണ്ടാതെ ദയയുടെ റൂമിൽ കസേരയിൽ ഇരിക്കുകയായിരുന്നു… “ഹലോ….വിദ്യ….എന്നെ ഓർക്കുന്നുണ്ടോ? ” മഹി അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു.. ” ഇല്ലല്ലോ… ആരാ? ” വിദ്യാ ഒരു നിമിഷം ആലോജിച്ച് കൊണ്ട് പറഞ്ഞു… “ഞാൻ ദേവന്റെ ഫ്രണ്ട് ആണ്… നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ വന്നിട്ടുണ്ട്… ” മഹി വിദ്യയോട് പറയുന്നത് കേട്ട് ഭദ്ര അമ്പരന്നു.. ഇവർ രണ്ടുപേരും മഹിയെട്ടന്റെ വീട്ടിൽ വന്നെന്നോ… അതാവുമോ വല്യമ്മ അന്ന് പറഞ്ഞത്…

ഭദ്ര മഹി പറയുന്നത് ശ്രദ്ധിച്ചു “ഓഹ്.. ഞാൻ ഓർക്കുന്നു… അന്ന് അമ്പലത്തിലെ പൂജ കഴിഞ്ഞ് ഇയാളുടെ വീട്ടിലാണല്ലേ വന്നത്..?” “അതേ അതേ… പിന്നെ വേറൊന്നുംകൂടി ഉണ്ട് ഓർക്കാൻ… നമ്മുടെ നായകനും നായികയും കണ്ടുമുട്ടിയതും അന്നാണ്.. ” മഹി പറഞ്ഞത് എന്താണെന്ന് മനസിലാകാതെ വിദ്യാ നോക്കി നിന്നു… “എടൊ ദേവനും ഭദ്രയും കണ്ട് മുട്ടിയതും അന്നാണെന്ന്… താൻ അന്ന് വഴക്കിടുകയും ചെയ്തു ദേവനോട്…”

മഹി പറഞ്ഞത് കേട്ടപ്പോൾ ഭദ്രയും ദേവനും ഒരുപോലെ ഞെട്ടി.. അവരുടെ ഞെട്ടൽ കണ്ടപ്പോൾ മഹിക്ക് ചിരി വന്നു… “നീ ഓർക്കുന്നുണ്ടോ ദേവാ…. നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ അമ്പലത്തിൽ പൂജക്ക്‌ വന്നത്? അന്ന് ഭദ്രയും ഉണ്ടായിരുന്നു … ഞാനാണ് ഭദ്രയെ പരിചയപ്പെടുത്തിയത്… നീ അന്ന് പറഞ്ഞു ആ കുട്ടിയെ പോലൊരു പെണ്ണിനെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്ന്… ഓർക്കുന്നുണ്ടോ നീ? അതിന്റെ പേരിൽ ഇവൾ നിന്നോട് പിണങ്ങി… ” മഹി സംഭവങ്ങൾ പറഞ്ഞപ്പോഴാണ് ദേവന് അന്നത്തെ സംഭവം ഓർമ വന്നത്…

മഹി പറഞ്ഞത് ശെരിയാണ്.. വിദ്യയുമായി തൊഴാൻ നിന്നപ്പോഴാണ് ഒരു പെൺകുട്ടിയെ കണ്ടത്… അവിടിരുന്ന് കുട്ടികൾക്കൊപ്പം പൂജക്ക്‌ വേണ്ടുന്ന പൂക്കൾ ഒരുക്കുന്നത് കണ്ടപ്പോൾ ആ വേഷവും അടക്കവും ഒതുക്കവുമെല്ലാം കണ്ടപ്പോൾ താൻ പറഞ്ഞതാണ് ഇതുപോലെ ഒരെണ്ണത്തിനെ കെട്ടാൻ ഭാഗ്യം ചെയ്യണമെന്ന്… അന്ന് മഹിയുടെ പെങ്ങളാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി… പക്ഷേ ആ സംഭവത്തെ പറ്റി പിന്നീട് ഓർത്തത് പോലുമില്ല… അന്ന് അതിന്റെ പേരിൽ വിദ്യാ തന്നോട് പിണങ്ങി…വായിനോക്കിയതല്ലെങ്കിലും ചെയ്തത് തെറ്റാണെന്ന് ബോധ്യമായപ്പോൾ അന്ന് പിണക്കം മാറാൻ ആദ്യമായി വിദ്യയുടെ കവിളിൽ ഒരുമ്മ കൊടുത്തതും അവൻ ഓർത്തു…

വിദ്യക്കും മഹി പറഞ്ഞത് കേട്ടപ്പോൾ കാര്യം പിടികിട്ടി… ഒന്നും മനസിലാകാതെ നിന്നത് ഭദ്ര മാത്രമായിരുന്നു അങ്ങനൊരു സംഭവമേ അവൾക്ക് ഓർമ കിട്ടിയില്ല… “താൻ പറഞ്ഞിട്ടല്ലേ ദേവൻ ആ അമ്പലത്തിൽ വന്നത്? ” മഹിയുടെ ചോദ്യം കേട്ട് വിദ്യാ ആലോജിച്ച് നോക്കി.. ശെരിയാണ് ക്ലാസ്സിൽ ഉള്ള ഫ്രണ്ട് പറഞ്ഞിട്ടാണ് താൻ ദേവേട്ടനെയും കൂട്ടി ആ അമ്പലത്തിൽ പോയത്.. ദേവേട്ടന് താൽപര്യം ഇല്ലാതിരുന്നിട്ടും നിർബന്ധിച്ചു കൊണ്ടുപോയതാണ് താൻ… മനസ്സിൽ ഇതൊക്കെ ആലോജിച്ചെങ്കിലും മഹിക്ക് മറുപടി കൊടുക്കാതെ വിദ്യാ അവിടെ നിന്നും പുറത്തേക്ക് പോയി.. “ടാ നീ ഇപ്പോഴും ആ സംഭവം ഓർക്കുന്നുണ്ടോ? ” ദേവൻ അതിശയത്തോടെ ചോദിച്ചു…

“പിന്നല്ലാതെ… അന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു നീ എന്റെ മാളുവിന്റെ ജീവിതത്തിലേക്ക് വരണമെന്ന്… പ്രാർത്ഥിക്കുകയും ചെയ്തു… വിദ്യയുടെ സ്വഭാവം മനസിലായത് കൊണ്ടാണ്… നിനക്ക് അവൾ ചേരില്ലെന്ന് ഞാൻ ഒരു നൂറുവട്ടം പറഞ്ഞിട്ടുമുണ്ട്… ” മഹി അത് പറയുമ്പോൾ ഭദ്ര അവനെതന്നെ നോക്കി നിൽക്കുകയായിരുന്നു.. “എന്നാലും ദുഷ്ടാ ഈ സാധനത്തിന്റെ സ്വഭാവം അറിഞ്ഞുകൊണ്ട് നീ അങ്ങനെ ആഗ്രഹിച്ചത് കൊലച്ചതി ആയിപോയി… ഞാൻ അറിയുന്നുണ്ടോ ഇതൊരു കാ‍ന്താരി ആണെന്ന്… പുറമേ നിന്ന് കണ്ടാൽ ആരേലും പറയുമോ… ” ഭദ്രയെ നോക്കി ദേവനത് പറഞ്ഞപ്പോൾ മഹിക്ക് ചിരി വന്നു…

“പൊന്നുമോനെ കോളേജിൽ നല്ല പെൺപിള്ളാരൊക്കെ പുറകേ വന്നപ്പോൾ നീ അവരെയൊന്നും മൈൻഡ് ചെയ്തില്ലല്ലോ…അന്നേ ഞാൻ മനസ്സിൽ കരുതിയതാ നിനക്കിട്ട് പണി തരണമെന്ന്… ഇത്രയൊക്കെ എനിക്ക് പറ്റു…. ” മഹി പറഞ്ഞു കൊണ്ടിരുന്നപ്പോൾ ദേവൻ പതിയെ ഭദ്രയെ നോക്കി…

ആ മുഖം കണ്ടാൽ അറിയാം മഹിയോടുള്ള ദേഷ്യം… അരച്ച് കൊടുത്താൽ വലിച്ച് കുടിക്കും… “എന്താ മക്കളെ ഒരു ചർച്ച…?” മേനോനും രാഘവമേനോനും അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു… “ഒന്നുമില്ല ഇവരുടെ ആദ്യ കണ്ടുമുട്ടലിനെ പറ്റി പറഞ്ഞുകൊണ്ടിരുന്നതാ… ” മഹി രണ്ടുപേരോടുമായി പറഞ്ഞു.. “വണ്ടിക്ക് അട വെച്ച സംഭവം ആണോ? ” രാഘവമേനോൻ ചോദിച്ചു… “അങ്ങനെ സംഭവം ഉണ്ടോ? ” മേനോൻ അതിശയത്തോടെ ചോദിച്ചു “അതൊക്കെ ഉണ്ട്…പക്ഷേ ഇവരുടെ ആദ്യകണ്ടുമുട്ടൽ അതൊന്നുമല്ല… കൊച്ചച്ഛ നമ്മുടെ അമ്പലത്തിൽ ഇവനും വിദ്യയും വന്നിരുന്നു പൂജക്ക്‌… അന്ന് ഇവളെ പരിജയപെട്ടു… നല്ലകുട്ടിയാണെന്നൊക്കെ ഈ മാഷ് അന്നെന്നോട് പറഞ്ഞതാ… ”

ദേവനെ ചൂണ്ടിക്കൊണ്ട് മഹി പറഞ്ഞു… “പക്ഷേ രണ്ടുപേർക്കും ആ സംഭവമേ ഓർമയില്ല… ” മഹി രണ്ടുപേരെയും നോക്കിക്കൊണ്ട് പറഞ്ഞു.. “മോള് ഒരിക്കൽ ഇങ്ങനൊരു സംഭവം പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്…നീ ഓർക്കുന്നില്ലേ മാളു… മഹിയെട്ടന്റെ ഫ്രണ്ടിനെ കണ്ടു…രണ്ടും തമ്മിൽ ചേരില്ലെന്ന് കുശുമ്പ് പറഞ്ഞത് ഇവരെ കുറിച്ചായിരുന്നോ? ” എന്തോ ആലോജിച്ചിട്ടെന്നവണ്ണം രാഘവമേനോൻ ഭദ്രയോട് ചോദിച്ചു..  രാഘവമേനോന്റെ ചോദ്യം കേട്ടപ്പോൾ ഭദ്ര അന്ധം വിട്ട് നോക്കി… “അച്ഛൻ എങ്ങനെ അന്നത്തെ കാര്യം ഓർക്കുന്നു… ഞാനത് മറന്നു പോയല്ലോ… ” ഭദ്ര സംശയത്തോടെ ചോദിച്ചു…

“അന്ന് നീ പറഞ്ഞായിരുന്നു ആ ചേട്ടൻ പാവമാ എന്നൊക്കെ… അന്നത്തെ ദിവസം മുഴുവൻ എന്നോട് പറഞ്ഞത് നിങ്ങളെ പറ്റി ആയിരുന്നു… ” രാഘവമേനോൻ ദേവനോടായിട്ട് പറഞ്ഞു… ശെരിയാണ് അച്ഛൻ പറഞ്ഞത്…പക്ഷേ ഈ മുഖം പിന്നീട് താൻ ഓർത്തിട്ടേ ഇല്ല… അന്ന് മഹിയെട്ടനോടും താൻ പറഞ്ഞിരുന്നു കൂട്ടുകാരന് വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ ഇതുപോലൊരെണ്ണത്തിനെ കെട്ടാൻ പോകുന്നതെന്ന്…
ഭദ്രക്ക് അന്നത്തെ സംഭവങ്ങൾ കുറെയൊക്കെ ഓർമ വന്നു… “അപ്പോൾ രണ്ടുപേർക്കും ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടം ആയവരാ അല്ലേ…? എന്നിട്ടാണോ രണ്ടും ഇപ്പോൾ കീരിയും പാമ്പും ആയി നിൽക്കുന്നത്… ”

മഹി രണ്ടുപേരോടുമായി ചോദിച്ചു… ഒന്നും മിണ്ടാതെ നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല രണ്ടുപേരും… മേനോനും രാഘവമേനോനും അതിഥികളോട് വർത്തമാനം പറയാൻ പോയി… ദേവനും മഹിയും ഫ്രെണ്ട്സിന്റൊപ്പം കൂടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഭദ്രയുടെ വീട്ടിൽ നിന്ന് വന്നവർ പോകാൻ ഇറങ്ങി… അച്ഛനും അമ്മയും പോകാൻ ഇറങ്ങിയപ്പോൾ ഭദ്രക്ക് വിഷമം വന്നു… മഹി വന്നു രണ്ടുപേരോടും യാത്ര പറഞ്ഞിറങ്ങി… അവർ പോയ ഉടൻ ധ്യാൻ കയറി വന്നു… “നീ എവിടാരുന്നു ഇതുവരെ? ”

ദേവൻ അവനോട് ദേഷ്യപ്പെട്ടു… “ഏട്ടാ…. പാചകക്കാരുടെ കൂടെ പോയിരിക്കുകയായിരുന്നു… അവരുടെ സാധനങ്ങൾ നമ്മൾ വാടകക്ക് എടുത്തിടത്ത്കൊ ടുക്കണ്ടേ… അത് കൊണ്ടുപോകാൻ വണ്ടിയൊക്കെ കിട്ടാൻ പാടരുന്നു… അതാ താമസിച്ചത്… ” ധ്യാൻ അണച്ചുകൊണ്ട് പറഞ്ഞു… “നീ എന്താ എന്നെ വിളിക്കാഞ്ഞത്? ഞാനും വരില്ലായിരുന്നോ? ” “അതേ ഏട്ടന്റെ കല്യാണം കഴിഞ്ഞ ഉടൻ വിളിച്ചുകൊണ്ട് പോകുന്നത് ശെരിയല്ലല്ലോ… ” ധ്യാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“എന്നാലും നീ ഒറ്റക്ക് കിടന്ന് കഷ്ടപ്പെടേണ്ട കാര്യമില്ലായിരുന്നു… ” “അതൊന്നും സാരമില്ല… എന്റെ കല്യാണത്തിന് ഏട്ടൻ ഇതുപോലെ ഒറ്റക്ക് കഷ്ടപെട്ടാൽ മതി… ” ധ്യാൻ കള്ളച്ചിരിയോടെ പറഞ്ഞു… “മോനേ നീ മോളുടെ അടുത്തേക്കൊന്ന് ചെല്ല്….അമ്മയും അച്ഛനും പോയതിൽ വിഷമിച്ചു കിടക്കുവാണെന്ന് തോന്നുന്നു…. “ദേവകി വന്നു പറഞ്ഞപ്പോൾ ദേവൻ പതിയെ റൂമിലേക്ക് നടന്നു…

തുടരും.. .