23/04/2026

നീ മാത്രം : ഭാഗം 65 & 66

രചന – വൈദേഹി ദേഹി

വെറും നിരഞ്ജൻ അല്ല…
നിരഞ്ജൻ കുമാർ I.P.S, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ആന്റി ന*ക്കോട്ടിക്സ് ബ്യൂറോ…

അവൻ പറഞ്ഞത് കേട്ടതും ശിവ തറഞ്ഞു നിന്നു…വരുണിന്റേം നവിയുടെയും മുഖത്തേക്ക് നോക്കിയ ദേവിക്ക് മനസ്സിലായി അവർക്കിത് നേരത്തേ അറിയാമാരുന്നെന്ന്…

അവളുടെ കഴുത്തീന്നാ കത്തി മാറ്റഡാ…

തോക്ക് ചൂണ്ടി കൊണ്ടവൻ പറഞ്ഞതും ശിവ ദേവിയുടെ കഴുത്തീന്നാ കത്തി മാറ്റി… അവൾ വേഗം ഓടി ചെന്നു നവിയെ കെട്ടിപിടിച്ചു…

നീ… നീ കൂടെ നിന്നു ചതിക്കുവാരുന്നല്ലേടാ നായെ…

ശിവ അലറിക്കൊണ്ട് ചോദിച്ചു…

ഹാ… അതെന്നാ പറച്ചിലാ ശിവ അണ്ണാ… നമ്മുടെ ലൂസിഫറിൽ ബൈജു അണ്ണൻ പറയുന്ന പോലെ… ഇത്രയും നാൾ ഇപ്പുറത്തു നിന്ന് ഒറ്റിയപ്പോ നിനക്ക് തോന്നിയില്ലേടെ…അപ്പുറത്തും ഒരുത്തൻ കാണുമെന്നു…

വിനു കളിയാക്കികൊണ്ട് പറഞ്ഞതും ശിവയും ശ്രുതിയും ഒഴികെ എല്ലാവരുമൊന്ന് ചിരിച്ചു…

എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…

നന്ദു അവന്റെ ചെവിയിൽ പറഞ്ഞതും വിനു കണ്ണുകളടച്ചു കൊണ്ട് പറഞ്ഞു…

എല്ലാം എന്റെ ആരുന്റെ ഭാഗ്യം…

ഓഹ്…

നന്ദു തലയിൽ കൈവെച്ചു…

നിരഞ്ജൻ ഒരു ചിരിയോടെ ശിവയെ നോക്കി… അവന്റെ കണ്ണുകളിൽ അടങ്ങാത്ത അഗ്നി അവൻ കണ്ടു…

അപ്പൊ ഇനി നിന്റെ സംശയങ്ങൾ തീർത്തു തരാം…

നിരഞ്ജൻ പറഞ്ഞു തുടങ്ങി…

പണ്ട് തൊട്ടേ ഞാൻ നിന്റെ കൂടെ നടക്കുന്നത് കൊണ്ടു നിനക്ക് നന്ദൂനെ ഇഷ്ടമാരുന്നെന്ന് എനിക്ക് അറിയാമാരുന്നു…ആദ്യമൊക്കെ ഞാനും അതു സപ്പോർട്ട് ചെയ്തെങ്കിലും പിന്നെയാണ് എനിക്ക് മനസ്സിലായത് നന്ദൂന് വരുണിനെ ആണ് ഇഷ്ടമെന്ന്… പിന്നീട് നിനക്കും അതു മനസ്സിലായി കഴിഞ്ഞു പലപ്പോഴും അവനോടുള്ള പക നീ എന്റടുത്തു പറഞ്ഞിട്ടുണ്ട്… ഉള്ളിൽ പക വെച്ചുകൊണ്ട് നീ വരുണിന്റെ അടുത്ത് സൗഹൃദം നടിക്കുന്നത് പലപ്പോഴും ഞാൻ കണ്ടു നിന്നിട്ടുണ്ട്… അങ്ങനെ ഇരിക്കെയാണ് ഇവർ നാട്ടിൽ ഇല്ലാത്ത സമയത്തു നീ നന്ദൂനെ സ്കൂളിലെ റൂമിൽ വെച്ച് കയറി പിടിക്കാൻ നോക്കുന്നത്…

നിരഞ്ജനത് പറഞ്ഞതും ആ ഓർമയിൽ പോലും നന്ദു ഒന്ന് വിറച്ചു… അതു മനസ്സിലായ പോലെ വരുൺ അവളെ ചേർത്തു പിടിച്ചു…

അന്ന് ദേവിയും വിനുവും വന്നു നന്ദൂനെ രക്ഷിച്ചതും നിന്റെ ഡാഡിയെ വിളിച്ചു വരുത്തി ടി.സി തന്നു വിട്ടതും എല്ലാം ഞാൻ അറിയുന്നുണ്ടാരുന്നു… ആയിടക്കാണ് എന്റെ അച്ഛന് ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആകുന്നത്… പോകുന്നതിനു മുന്നേ നവിയോടും വരുണിനോടും എല്ലാം പറയണമെന്ന് എനിക്ക് തോന്നി… അങ്ങനെയാണ് ഇവർ തിരിച്ചു വന്നപ്പോ ഞാൻ നടന്നതെല്ലാം പറയുന്നത്…

ദേവി അന്തംവിട്ടു നവിയെ നോക്കിയതും അവനൊന്നു ചിരിച്ചു…

ഓഹോ… അങ്ങനെയാണല്ലേ ഈ കശ്മലന്മാർ എല്ലാം അറിഞ്ഞത്…

വിനു വരുണിനേം നവിയേം നോക്കി താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു…

പിന്നീട് ഞാൻ ഡൽഹിയിലാണ് പഠിച്ചതും സിവിൽ സർവീസ് എടുത്തതുമെല്ലാം…നാട്ടിൽ ആരുമായും എനിക്ക് കോൺടാക്ട് ഒന്നും ഉണ്ടാരുന്നില്ല…NCB യിൽ ജോയിൻ ചെയ്തു എനിക്ക് കിട്ടിയ ഫസ്റ്റ് കേസ് തന്നെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരുപറ്റം ഡ്രഗ് പെട്ലേഴ്‌സിനെതിരെ ഉള്ളത് ആരുന്നു…കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഡ്രഗ്സ് മാത്രമല്ല ഹ്യൂ*ൻ ട്രാഫി*ക്കിങ്ങ് വരെ അവരുടെ ഇടയിൽ ഉണ്ടെന്ന്…അതു മാത്രമല്ല മുംബൈയിലെ ഇങ്ങനെയുള്ള പല പല ചെറിയ ഗാങ്ങുകളുടെയും തലവൻ… ദാദാ എന്നറിയപ്പെടുന്ന ഒരു ശിവ മഹേഷ്വർ ആണെന്ന്…ആ പേര് കേട്ട് ഒരു സംശയം തോന്നിയിരുന്നു…പിന്നീടുള്ള എന്റെ അന്വേഷണത്തിലാണ് എനിക്ക് നിന്റെ ബിസിനസുകളെ പറ്റി ഉള്ള വിവരങ്ങളും നാട്ടിലെ നിന്റെ ഡീറ്റൈൽസും കിട്ടിയത്…അതോടെ ഞാൻ ഉറപ്പിച്ചു അതു പണ്ട് എന്റെ കൂടെ പഠിച്ച നീ തന്നെ ആണെന്ന്…

ശിവയെ ചൂണ്ടി നിരഞ്ജനത് പറഞ്ഞതും എല്ലാവരും ശിവയെ നോക്കി…

അന്വേഷണത്തിന്റെ ഭാഗമായി തന്നെയാണ് ഞാൻ നാട്ടിൽ വന്നതും നിന്റെ കൂടെ കൂടിയതും…അതോടെ എനിക്ക് മനസ്സിലായി നീ ഇപ്പോഴും നന്ദൂന്റെ പിറകിനു തന്നെ ആണെന്ന്… നിന്റെ വിശ്വാസം പിടിച്ചു പറ്റി ഞാൻ നിന്റെ വലംകൈ ആയി മാറി…കൂട്ടത്തിൽ ഞാൻ നവിയേം വരുണിനേം രഹസ്യമായി കണ്ടിരുന്നു…ഞാൻ തന്നെ ആണ് നീ ദേവിക്ക് നേരെ കൊട്ടെഷൻ കൊടുത്ത കാര്യം വരുണിനെ വിളിച്ചു പറഞ്ഞത്…പലപ്പോഴായി നിനക്ക് വരുന്ന കോൾസിന്റെ ഡീറ്റെയിൽസ്… പിന്നെ നിന്റെ ഹോട്ടൽ റൂമിൽ നിന്നു എനിക്ക് കിട്ടിയ പല ഡോക്യൂമെന്റസ്… അങ്ങനെ നിനക്കെതിരെയുള്ള പല തെളിവുകളും എനിക്ക് കളക്ട് ചെയ്യാൻ പറ്റി… അതിനിടക്കാണ് നീ ഇവളുടെ കാര്യം പറഞ്ഞത്…

അവിടെ നിന്ന ശ്രുതിയെ ചൂണ്ടി അവൻ പറഞ്ഞതും അവളൊന്നു പരുങ്ങി…

പക്ഷെ ഇവളെ പറ്റിയുള്ള കൂടുതൽ ഡീറ്റെയിൽസ് നീ എന്നോട് പറഞ്ഞിരുന്നില്ല…നവിയുടേം ദേവിയുടേം വീഡിയോയുമായി വന്നപ്പോഴാണ് ഇവളാരാന്നും ഇവൾക്ക് ഇവനുമായി ഉള്ള കണക്ഷനും എനിക്ക് മനസ്സിലായത്… ശിവ പറഞ്ഞതനുസരിച്ച് ദേവിയുടെ പല ഫോട്ടോസും എടുക്കാൻ ഇവൾക്കൊരു മടിയും ഇല്ലാരുന്നു…

അവൻ പറഞ്ഞത് കേട്ടതും ദേവി പല്ലു കടിച്ചുകൊണ്ട് ശ്രുതിയെ നോക്കി… നവിയുടെയും വരുണിന്റെയും മുഖം വലിഞ്ഞു മുറുകിയിരുന്നു… നന്ദുവും വിനുവും അവഞ്ജയോടെ അവളെ നോക്കി…

പക്ഷെ ഞാൻ ഒരുവിധം ഇവരെ എന്റെ ഇമോഷണൽ ഫീലിംഗ്സ് പറഞ്ഞു അതിൽ നിന്നു പിന്തിരിപ്പിച്ചു… ഒറിജിനലിനു പകരം മോർഫ് ചെയ്ത ഫോട്ടോസാണ് ഇവൻ നന്ദൂന് അയച്ചു കൊടുത്തത്…പിന്നീട് ഞാൻ പറഞ്ഞാണ് വരുണും നവിയും നന്ദൂന്റെ മാറ്റത്തിന്റെ കാരണം അറിഞ്ഞത്…ഞങ്ങൾ മൂന്നുപേരൂടെ ഉള്ള പ്ലാനിംഗ് ആരുന്നു ഈ കല്യാണം… അതിനിടക്ക് കുറച്ചു തെളിവുകൾ ഞാൻ വരുണിന്റെ മെയിൽ ഐഡിയിൽ നിന്നും ഓഫീസിലേക്ക് അയച്ചിരുന്നു… അതു വേറൊന്നും കൊണ്ടല്ല… ഓഫീസിൽ തന്നെ ഉള്ള ചില ഒറ്റുകാരെ കൈയ്യോടെ പിടി കൂടി തന്നെ ആരുന്നു… എന്റെ സംശയം തെറ്റിയില്ല… നിന്റെ വായിന്നു തന്നെ ഡിപ്പാർട്മെന്റിൽ ഉള്ള നിന്റെ ചാരന്മാരെ പറ്റി എനിക്ക് അറിയാൻ കഴിഞ്ഞു…

കല്യാണത്തിന്റെ അന്ന് ആ പന്തലിൽ വെച്ച് എല്ലാ തെളിവുകളോടെയും നിന്നെ അറസ്റ്റ് ചെയ്യാൻ ആരുന്നു ഞങ്ങളുടെ പ്ലാൻ… നിങ്ങളുടെ മുന്നിൽ നടക്കാൻ പോകുന്നത് നന്ദുവും ശിവയുമായുള്ള വിവാഹം… യഥാർത്ഥത്തിൽ അവിടെ നടക്കാൻ പോകുന്നത് നന്ദുവും വരുണുമായുള്ള വിവാഹം ആരുന്നു… വരുൺ ചെറിയൊരു സൂചന കൊടുത്തത് കൊണ്ടു വിനുവും ദേവിയും ഇവളോടൊന്നും പറഞ്ഞില്ല… ബാക്കി എല്ലാവർക്കും…നന്ദ്യാരത്തും ചെമ്പകത്തുമുള്ളവർക്കെല്ലാം ഇതെല്ലാം അറിയാമാരുന്നു… വരുണിന്റെ കല്യാണം കൂടാൻ തന്നെ ആരുന്നു അവന്റെ അച്ഛനും അമ്മയും നാട്ടിൽ വന്നത്…

നിരഞ്ജൻ അത് പറഞ്ഞതും ശിവ കണ്ണുകൾ അടച്ചു മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു…

പക്ഷെ ഞങ്ങളുടെ സകല പ്ലാനും തെറ്റിച്ചുകൊണ്ട് ഇവള് എങ്ങനെയോ അച്ഛമ്മയുടെ കയ്യിലെ വരുണിന്റെയും നന്ദുവിന്റെയും ജാതകകുറിപ്പടി കണ്ടു… അതോടെ ഇവർക്കെല്ലാം മനസ്സിലായി…ഇന്നൊരു അവസരം കിട്ടിയതും നന്ദൂനെ ഇവന്റെ ആൾക്കാർ ഇവിടേക്ക് കൊണ്ടുവന്നു…ഞാൻ തന്നെ ആണ് വരുണിനെ വിളിച്ചു ഈ ലൊക്കേഷൻ പറഞ്ഞു കൊടുത്തത്…നീ മാറി നിന്ന സമയം നോക്കി തന്നെയാണ് ഞാൻ റെയ്ഡ് അറേഞ്ച് ചെയ്തത്…

അതും പറഞ്ഞു അവൻ ശിവയുടെയും ശ്രുതിയുടെയും മുന്നിലേക്ക് കൈകെട്ടി നിന്നു…

ആഹ്… ഇതൊരു കണക്കിന് നന്നായി… കല്യാണത്തിന്റെ അന്നാകുമ്പോ എനിക്ക് ഇവനെ മാത്രല്ലേ പൊക്കാൻ പറ്റു… ഇതിപ്പോ ഇവളുടെ കുറ്റസമ്മതം സഹിതം എന്റെ കയ്യിൽ തെളിവുണ്ട്…

എന്നിട്ടവൻ ദേവിയേം നവിയേം ഒന്ന് നോക്കി…

ഇവളുടെ മോർഫ്ഡ് ഫോട്ടോസ് ക്രിയേറ്റ് ചെയ്തതിനും നിങ്ങളുടെ അപകീർത്തികരമാം വിധമുള്ള വീഡിയോസ് എടുത്തതിനും ചേർത്ത് നിങ്ങളൊരു പരാതി എഴുതി തന്നേക്ക്… ബാക്കി കാര്യം ഞാൻ ഏറ്റു…

നിരഞ്ജനത് പറഞ്ഞതും ശ്രുതി ആകെ തകർന്നു പോയി… അവളൊരു ആശ്രയത്തിനെന്നോണം ദേവിയേം വരുണിനേം നോക്കിയെങ്കിലും അവർ വെറുപ്പോടെ മുഖം തിരിച്ചു…

അപ്പോഴേക്കും മൂന്നാല് പോലീസുകാർ അകത്തേക്ക് വന്നു നിരഞ്ജനെ നോക്കി സല്യൂട്ട് ചെയ്തു…അതിലൊരാൾ കൊണ്ടു വന്ന റെയ്‌ഡിന്റെ പേപ്പേഴ്സ് നിരഞ്ജന്റെ കയ്യിൽ കൊടുത്തതും അവനത് നോക്കാൻ തുടങ്ങി…വരുണും നവിയും ആ സമയം ശിവക്ക് മുന്നിലേക്ക് വന്നു…

ഇപ്പോ നിനക്ക് മനസ്സിലായില്ലേ നീ കാണിക്കുന്ന തെണ്ടിത്തരങ്ങൾക്ക് ഒക്കെ ഞങ്ങൾ അനങ്ങാണ്ട് ഇരുന്നതിന്റെ കാരണം…

നവി അതു പറഞ്ഞതും ശിവ അവനെ ഒന്ന് നോക്കി… വരുൺ ചിരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി നിന്നു…

അപ്പൊ ഇനി സാറിനെ പ്രത്യേകം ക്ഷണിച്ചില്ലെന്ന് പറയരുത്… അടുത്ത ഞായറാഴ്ച എന്റെയും നന്ദുവിന്റെയും വിവാഹം ആണ്… Z കാറ്റഗറി സെക്യൂരിറ്റി ഒക്കെ ആന്ന് അറിയാം എങ്കിലും വരണം… കേട്ടോ…

അവന്റെ പറച്ചിൽ കേട്ടതും ശിവ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു… എന്നിട്ടവർ ശ്രുതിക്ക് നേരെ തിരിഞ്ഞു…

നിന്നെ പറഞ്ഞിട്ട് കാര്യമില്ല… നിന്റെ ആ തള്ള ഉണ്ടല്ലോ… അവർക്കിട്ടാ ആദ്യം കൊടുക്കണ്ടേ… ആഹ്…വിഷമിക്കണ്ട… അതിപ്പോ അച്ഛമ്മ കൊടുത്തിട്ടുണ്ടാകും… ഞങ്ങൾ ഏൽപ്പിച്ചിട്ടാ ഇങ്ങോട്ട് വന്നേ…

വരുൺ അതു പറഞ്ഞതും ശ്രുതി വിതുമ്പി പോയി… അവളുടെ ആ കരച്ചിൽ കേട്ടതും ആർക്കും ഒരലിവും അവളോട് തോന്നിയില്ല…

എല്ലാവരുടെയും ശ്രെദ്ധ ശ്രുതിയിലായതും ശിവ തന്റെ കയ്യിൽ ഒളിപ്പിച്ചു വെച്ച കത്തിയിൽ മുറുകെ പിടിച്ചു…അവന്റെ നോട്ടം അപ്പുറത്തു നിൽക്കുന്ന നന്ദുവിൽ ഉടക്കി…

അവനൊരു പുച്ഛചിരിയോടെ അവളേം വരുണിനേം മാറി മാറി നോക്കി…

എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട…

അതും പറഞ്ഞവൻ അവളെ കുത്താനായി മുന്നോട്ട് വന്നതും ദേവി അതു കണ്ടു…

നന്ദൂ…

ദേവി അലറി വിളിച്ചതും എല്ലാവരും തിരിഞ്ഞു നോക്കി…നന്ദു ആകെ മരവിച്ചു നിന്നു പോയി…നവിയും വരുണും വിനുവും മുന്നിലേക്ക് വന്നപ്പോഴേക്കും ദേവി നന്ദുവിനെ തള്ളി മാറ്റി…അവൾ അപ്പുറത്തേക്ക് വീണു…പക്ഷെ അപ്പോഴേക്കും ആ കത്തി ദേവിയുടെ വയറ്റിൽ ആഴ്ന്നിറങ്ങിയിരുന്നു…

ദേവാ…

……………….തുടരും………………….

നീ മാത്രം ❤️ 66

ദേവാ…

ഒരു നിമിഷം എല്ലാവരും തറഞ്ഞു നിന്നുപോയി…

അആഹ്ഹ…

ദേവി കരഞ്ഞു കൊണ്ടു വയർ പൊത്തി പിടിച്ചു… കത്തി അപ്പോഴും അവളുടെ വയറ്റിൽ തന്നെ ആരുന്നു…

മോളേ…

നവിയും വരുണും ഓടി വന്നവളെ രണ്ടു സൈഡിലും താങ്ങി താഴേക്ക് ഇരുത്തി…
നവിയുടെയും വരുണിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി…നന്ദു അപ്പോഴും സംഭവിച്ചതിന്റെ മരവിപ്പിൽ തന്നെ ആരുന്നു… വിനു നേരെ ചെന്നു ശിവയുടെ കോളറിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു…

ഡാ… നീ… എന്റെ ദേവു…

നിരഞ്ജനപ്പോഴേക്കും ഓടി വന്നു വിനുനെ പിടിച്ചു മാറ്റി…

അറസ്റ്റ് ഹിം…

നിരഞ്ജൻ പറഞ്ഞതും പോലീസുകാർ ഓടി വന്നവനെ അറസ്റ്റ് ചെയ്തു…രണ്ടു വനിതാപോലീസുകാർ വന്നു ശ്രുതിയേം അറസ്റ്റ് ചെയ്തു കൊണ്ട് പോയി…

വിനു ഓടി ദേവിയുടെ അടുത്തേക്കിരുന്നു…

ദേവൂ…

ആഹ്…വ്… വേദനിക്കുന്നു വിനൂട്ടാ…

അവൾ വേദന കൊണ്ടു പുളഞ്ഞു…വിനു അതു കാണാനാവാതെ കണ്ണുകൾ മുറുക്കി അടച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

നവീ…വേഗം… വേഗം ആ കത്തി വലിച്ചൂര്…

നിരഞ്ജൻ പറഞ്ഞതും നവി വേദനയോടെ അവളെ നോക്കി… എന്നിട്ട് വിറക്കുന്ന കൈകളോടെ ആ കത്തിയിൽ തൊട്ടതും അവളാ കൈയിൽ പിടിച്ചു…

വ്… വേണ്ട… നവി…യേട്ടാ… എനിക്ക്… എനിക്ക് വേദനിക്കും…

അവളുടെ കരച്ചിൽ കേട്ടതും നവി കൈകൾ വലിച്ചു അവളെ നെഞ്ചോടു ചേർത്തു… വരുൺ കണ്ണുകൾ അമർത്തി തുടച്ചു… എന്നിട്ട് തല ചെരിച്ചു കണ്ണുകൾ മുറുകെ അടച്ചു കൊണ്ടു ആ കത്തി വലിച്ചൂരി…

അആഹ്…

അവളൊന്നു മുകളിലോട്ട് പൊങ്ങി പോയി…നന്ദു അതു കാണാനാകാതെ കണ്ണുകൾ പൊത്തി…

വരുൺ ആ കത്തി വലിച്ചെറിഞ്ഞു… എന്നിട്ട് വേഗം അവിടെ കിടന്ന ഒരു തുണി എടുത്തു അവളുടെ വയറിൽ മുറുകെ കെട്ടി…

നവീ…നമുക്ക്… നമുക്ക് വേഗം ഹോസ്പിറ്റലിൽ എത്തണം…

അവളുടെ മുറിവിലെ ബ്ലീഡിങ് കണ്ടതും വരുൺ പരിഭ്രമത്തോടെ അതും പറഞ്ഞു കൊണ്ടു വണ്ടി എടുക്കാനായി പുറത്തേക്കോടി… നവി വെപ്രാളത്തോടെ അവളെ കോരി എടുത്തുകൊണ്ടു വരുണിന്റെ പിറകെ ഓടി…

വിനൂ… നീ നന്ദൂനേം കൂട്ടി അവരുടെ കൂടെ പോ… ഞാൻ ഇവിടുത്തെ ഫോർമാലിറ്റീസ് കഴിഞ്ഞ് പിറകിനു വന്നേക്കാം… ചെല്ല്…

നിരഞ്ജൻ പറഞ്ഞു…

ആഹ്…നന്ദൂ… വാ…

വിനു അതും പറഞ്ഞുകൊണ്ട് നന്ദൂനേം വലിച്ചുകൊണ്ട് അവരുടെ പിറകെ പോയി…
നവി പുറത്തേക്കെത്തിയതും വരുൺ കാറുമായി വന്നു…അവൻ അവളേം കൊണ്ടു വേഗം പിറകിലേക്ക് കയറി… നന്ദു അവളുടെ കാലിന്റെ ഭാഗത്തായും വിനു മുന്നിലും കയറി… എല്ലാവരും കയറിയതും വരുൺ സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു…

ദേവാ… മോളേ… പ്ലീസ്… കണ്ണു തുറന്നെ…

അടഞ്ഞടഞ്ഞു പോകുന്ന അവളുടെ കണ്ണുകൾ കണ്ടു നവി അവളുടെ മുഖത്ത് പതിയെ തട്ടിക്കൊണ്ടു പറഞ്ഞു…

ന്… നവിയേട്ടാ…

വേദന കൊണ്ടവളുടെ മുഖം ചുളിഞ്ഞതും ആ വേദന അറിഞ്ഞെന്ന പോലെ നവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… നന്ദു വാ പൊത്തി കരഞ്ഞു…

ഏട്ടാ… ഏട്ടാ… ഒന്ന് വേഗം… ഒന്ന് വേഗം പോ… നമ്മുടെ ദേവു…

വിനു തിരിഞ്ഞു നോക്കി കരഞ്ഞുകൊണ്ട് വരുണിനോട് പറഞ്ഞു…

ആഹ്…

എത്ര അമർത്തി അക്‌സിലറേറ്ററിൽ ചവിട്ടിയിട്ടും വേഗം പോരാത്ത പോലെ അവനു തോന്നി…

പതിയെ ദേവിയുടെ കണ്ണുകൾ അടഞ്ഞു പോയതും നവി അവളുടെ കൈ പിടിച്ചു പൾസ് റേറ്റ് ചെക്ക് ചെയ്തു… കുറഞ്ഞു വരുന്ന അവളുടെ പൾസ് റേറ്റ് അറിഞ്ഞതും അവൻ അവളെ നെഞ്ചോട്‌ ചേർത്തു പൊതിഞ്ഞു പിടിച്ചുകൊണ്ടലറി…

വരുൺ… ഒന്ന് വേഗം പോടാ… എന്റെ ദേവാ…

അപ്പോഴേക്കും ഹോസ്പിറ്റൽ എത്തിയിരുന്നു…വണ്ടി നിർത്തിയതും നവി വേഗം അവളേയും കയ്യിലെടുത്തു എമർജൻസി യൂണിറ്റിലോട്ട് ഓടി… പിറകിനു വിനുവും വരുണും നന്ദുവും…

അവളെ അവിടുള്ള ബെഡിൽ കിടത്തിയതും ഡോക്ടർ വേഗം വന്നു എല്ലാരേം പുറത്തേക്കിറക്കി…
ഡോക്ടർ അവളുടെ പൾസ് ‌ റേറ്റ് പരിശോധിച്ചതും വേഗം തന്നെ ICU വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു…

ICU വിന്റെ മുന്നിൽ തലക്ക് കൈ കൊടുത്തു തളർന്നിരിക്കുവാരുന്നു നവി…കൈയിലും ഷർട്ടിലും ഒക്കെ പറ്റിയ അവളുടെ ചോര കാണും തോറും അവന്റെ ഹൃദയം വിങ്ങി…കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി… വരുണിന്റെ അവസ്ഥയും മറിച്ചാരുന്നില്ല…താഴെ വെക്കാതെ കൊണ്ട് നടന്ന കുഞ്ഞനുജത്തിയാണ് അകത്തിങ്ങനെ… ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ മുഖം ഓർമയിൽ വന്നതും അവൻ കണ്ണുകൾ ഇറുകെ പൂട്ടി…നന്ദു ആ ICU വിന്റെ വാതിൽക്കൽ താഴേക്കൂർന്നിരുന്നു മുട്ടിൽ തല വെച്ചുകൊണ്ട് കരഞ്ഞു…തൊട്ടപ്പുറത്താരോ ഇരിക്കുന്ന പോലെ തോന്നിയതും അവൾ തല ചെരിച്ചൊന്നു നോക്കി… അവിടിരിക്കുന്ന വിനുനെ കണ്ടതും അവൾ കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു…

വിനൂ…ന… നമ്മുടെ… ദേവൂ…

അവൾ പറഞ്ഞതും വിനു കരഞ്ഞുകൊണ്ടവളെ ചേർത്ത് പിടിച്ചു… അപ്പോഴേക്കും നിരഞ്ജനവിടേക്കെത്തിയിരുന്നു…

വരുൺ… ഡോക്ടർ എന്താ പറഞ്ഞേ…

അവൻ വരുണിനോട് ചോദിച്ചു…

അറിയില്ലെടാ… അവർ പുറത്തേക്ക് വന്നിട്ടില്ല ഇത് വരെ…

വരുൺ മുഖം തുടച്ചുകൊണ്ട് പറഞ്ഞു…

ഡാ… വീട്ടിൽ അറിയിക്കണ്ടേ…

അവൻ ചോദിച്ചതും വരുൺ അവന്റെ മുഖത്തേക്ക് നോക്കി…

ഞാൻ…ഞാൻ എങ്ങനാ… ഇത്…

പറയാതെ പിന്നെ… നീ ഒരു കാര്യം ചെയ്യ്… തത്കാലം നിന്റെ അച്ഛനോടും ദേവിയുടെ അച്ഛനോടും മാത്രം വേഗം ഇങ്ങോട്ട് വരാൻ പറ…

മ്മ്മ്…

നിരഞ്ജനത് പറഞ്ഞതും വരുൺ ഫോൺ എടുത്തുകൊണ്ടു അപ്പുറത്തേക്ക് മാറി നിന്നു…നിരഞ്ജൻ നവിയെ ഒന്ന് നോക്കി…തലയ്ക്കു കൈകൊടുത്തു കുനിഞ്ഞിരിക്കുന്നത് കൊണ്ടു അവന്റെ മുഖത്തെ ഭാവം എന്താന്ന് അവനു മനസ്സിലായില്ല…

പെട്ടന്ന് ICU വിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു…എല്ലാവരും വേഗം എഴുന്നേറ്റു…

ഡ്… ഡോക്ടർ… എന്റെ ദേവാ…

നവി വെപ്രാളപ്പെട്ടു ചോദിച്ചു…

ഡോക്ടർ അവരെ ഒന്ന് നോക്കി…

നിങ്ങളൊക്കെ പേഷ്യന്റിന്റെ?…

ഡോക്ടർ…ഞങ്ങൾ അവളുടെ ബ്രദർസ് ആണ്… ഇത്… അവളെ കല്യാണം കഴിക്കാൻ പോകുന്ന ആള് ആണ്…

വരുൺ പറഞ്ഞു…

ഓക്കേ ഓക്കേ…സീ മിസ്റ്റർ… ആ കുട്ടിയുടെ വയറിലുള്ള മുറിവ് കുറച്ചു ആഴത്തിൽ ഉള്ളതാണ്… നന്നായി ബ്ലഡ്‌ ലോസ്സും ഉണ്ടായിട്ടുണ്ട്…സോ ഉടനെ സർജറി വേണം… നിങ്ങൾ പേപ്പേഴ്സിൽ ഒന്ന് സൈൻ ചെയ്തു തരണം…

ഡോക്ടർ അതും പറഞ്ഞു അകത്തേക്ക് കയറിപ്പോയി…

നന്ദു കരഞ്ഞുകൊണ്ട് കസേരയിലേക്ക് ഇരുന്നു…വിനുവിനും വരുണിനും എന്ത് പറയണമെന്ന് അറിയില്ലാരുന്നു… നവി തളർന്നു അവിടേക്ക് ഇരുന്നു…

ഡാ…

വരുൺ അവന്റെ തോളിൽ കൈവെച്ചതും നവി വരുണിനെ ഒന്ന് നോക്കി…വരുണിനും അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയില്ലാരുന്നു…

ഈ പേപ്പറിലൊന്ന് സൈൻ ചെയ്യണം…

ഒരു നേഴ്സ് വന്നു പറഞ്ഞതും വരുൺ നവിയെ നോക്കി… അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് എഴുന്നേറ്റു ചെന്നാ പേപ്പറിൽ സൈൻ ചെയ്തു കൊടുത്തു…ദേവിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി…അപ്പോഴേക്കും കൃഷ്ണനും വിജയനും ഗോപിയും കൂടെ അവിടേക്ക് വന്നു…ഗോപിയെ കണ്ടതും നന്ദു ഓടി പോയി അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു… അയാൾ അവളെ ചേർത്തു പിടിച്ചു…

അച്ഛാ… നമ്മുടെ ദേവൂ…

ഓപ്പറേഷൻ തിയേറ്ററിലേക്ക് ചൂണ്ടികൊണ്ട് അവൾ പറഞ്ഞതും അവർ ഞെട്ടലോടെ അവിടേക്ക് നോക്കി…

എന്താ… എന്താടാ പറ്റിയത്…

വിജയൻ ചോദിച്ചു…വരുൺ നടന്ന സംഭവങ്ങൾ പറഞ്ഞതും കൃഷ്ണൻ തളർന്നവിടേക്ക് ഇരുന്നു…അയാളുടെ കൈക്കു മുകളിൽ ആരോ കൈ വെച്ചതറിഞ്ഞു അയാൾ അപ്പുറത്തേക്ക് നോക്കിയതും കണ്ടു അടുത്ത് വന്നിരിക്കുന്ന നവിയെ…

നവീ… എന്റെ മോള്…

അയാൾ അവന്റെ ചുമലിലേക്ക് ചാരി… അവൻ അയാളെ ചേർത്തു പിടിച്ചു…

കുറച്ചു മണിക്കൂറിനു ശേഷം ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെ ലൈറ്റ് ഓഫ്‌ ആയതും എല്ലാവരും പെട്ടന്ന് എഴുന്നേറ്റു…ഡോക്ടർ പുറത്തേക്ക് വന്നു…

ഡോക്ടർ… എന്റെ മോള്…

കൃഷ്ണൻ ചോദിച്ചു…

ഡോണ്ട് വറി… നൗ ഷി ഈസ്‌ ഫൈൻ… ഓപ്പറേഷൻ സക്സസ്സ് ആരുന്നു… എങ്കിലും 24 അവർ ഒബ്സെർവഷനിൽ ഇരിക്കണം… കുറച്ചു കഴിഞ്ഞു പോസ്റ്റ്‌ ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റും…

അതുകേട്ടതും എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു…

എനിക്ക്… എനിക്കെന്റെ മോളെ ഒന്ന് കാണാൻ പറ്റുവോ ഡോക്ടർ…

ഞാൻ പറഞ്ഞല്ലോ കുറച്ചു കഴിഞ്ഞ് പോസ്റ്റ്‌ ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റും… അപ്പൊ കേറി കാണാം… അധിക നേരം നിൽക്കരുതെന്ന് മാത്രം…

ഓക്കേ ഡോക്ടർ…

അതും പറഞ്ഞയാൾ പോയി…രണ്ടു മണിക്കൂറിനു ശേഷം കൃഷ്ണനും നവിയും വരുണും അവളെ പോസ്റ്റ്‌ ഓപ്പറേറ്റീവ് വാർഡിൽ കേറി കണ്ടു… എപ്പോഴും തന്നോട് കുറുമ്പ് കാട്ടി തമാശ പറഞ്ഞു നടക്കുന്നവൾ ഹോസ്പിറ്റൽ എക്യുപ്പ്മെന്റ്സിന്റെ നടുവിൽ ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ കിടക്കുന്നത് കണ്ട് കൃഷ്ണന്റെ നെഞ്ചു വിങ്ങി… നവിയുടെയും വരുണിന്റെയും അവസ്ഥയും മറിച്ചാല്ലാരുന്നു…

വൈകുന്നേരത്തോടെ വീട്ടീന്ന് അച്ഛമ്മയും ഗായത്രിയും മാലതിയും സിന്ധുവും ഗോപികയും ഒക്കെയെത്തി…അച്ഛമ്മയും ഗായത്രിയും ദേവിയെ കാണാൻ വാശി പിടിച്ചു… വരുണും നവിയും ഡോക്ടറോട് സംസാരിച്ചു പെർമിഷൻ വാങ്ങി അവരെ അകത്തു കയറ്റി കാണിച്ചു കൊടുത്തു…രാത്രി ആരെയും ICU വിന്റെ മുന്നിൽ നിർത്തില്ലെന്ന് പറഞ്ഞിരുന്നത് കൊണ്ടു അച്ഛമ്മയും സിന്ധുവും മാലതിയും ഗോപികയും വിജയനും ഗോപിയും വീട്ടിലേക്ക് മടങ്ങി പോയി…നന്ദുവിനോടും പോയി റസ്റ്റ്‌ എടുക്കാൻ നവി പറഞ്ഞെങ്കിലും ദേവിയെ കാണാതെ അവിടുന്ന് പോകില്ലെന്നവൾ വാശി പിടിച്ചു… ഗായത്രിയും പോകാൻ കൂട്ടാക്കിയില്ല…നിരഞ്ജന്റെ കെയർഓഫിൽ അവിടെ ഒരു റൂം കിട്ടിയിരുന്നു… വരുണും നവിയും ഒഴിച്ച് ബാക്കി എല്ലാവരും അവിടെ തങ്ങി… അവർ രണ്ടു പേരും ICU വിന്റെ മുന്നിൽ തന്നെ ഇരുന്നു…

………………….. തുടരും……………..