രചന – ജിഫ്ന നിസാർ
മൗനം പടർന്ന വേളയിൽ പ്രിയ ജിത്തുവിന്റെ നേരെ വെറുതെ ഒന്ന് പാളി നോക്കി.. ഒന്നും മിണ്ടാതെ.. ചുണ്ടിൽ മായാതെ ഒരു കുഞ്ഞു ചിരി. അവനുള്ളം ശാന്തമാണെന്നു മുഖം കാണുമ്പോൾ അറിയാം.. തിര അടങ്ങിയ കടൽ പോലെ.. “ജിത്തേട്ടാ… പതിയെ വിളിച്ചു നോക്കി. തിരിഞ്ഞു നോക്കാതെ വെറുതെ ഒന്ന് മൂളി. പരിഭവം ആയിരിക്കുവോ ഇനി.. കാണാൻ ഓടി വന്നപ്പോൾ എല്ലാം എനിക്ക് ആരെയും കാണേണ്ട ന്ന് കടുപ്പത്തിൽ പറഞ്ഞു വിട്ടതിന്റെ പരിഭവം.. കാണാതെ ഇരിക്കുമ്പോൾ മറക്കുമെന്ന് വെറുതെ കൊതിച്ചു.. കാത്തിരുന്നോളാം എന്ന് പറഞ്ഞത്… കാണാതെ ആവുമ്പോൾ മറവിയുടെ ആഴത്തിൽ അലിഞ്ഞു ചേരുമെന്ന് വെറുതെ മോഹിച്ചു.. “ഇങ്ങനെയൊന്നും ആയിരുന്നില്ല ഞാൻ തിരിച് വന്നപ്പോൾ കരുതിയത്.. ആട്ടി ഓടിക്കും എന്ന് കരുതിയിടത്തു സ്വപ്നം കാണും പോലെ ഒരു സ്വീകരണം.. എന്ത് മാജിക്കാ ജിത്തേട്ടാ നിങ്ങൾ കാണിച്ചേ… ഇപ്പോഴും എനിക്ക് ഇതൊന്നും വിശ്വാസം വന്നിട്ടില്ല കേട്ടോ… നന്ദി എന്നൊക്കെ പറഞ്ഞ വല്ലാതെ കുറഞ്ഞു പോകും… മറക്കില്ല ഞാൻ ഒരിക്കലും ” ആവേശത്തിൽ പറയുമ്പോഴും ആള് ചിരി തന്നെ.. തല ചെരിച്ചു കണ്ണടച്ച് കാണിച്ചു..
കണ്ണടകുള്ളിലെ കണ്ണിൽ അപ്പോഴും പ്രണയം ജ്വലിക്കുന്നത് മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു പ്രിയ… “മാജിക്ക് ഒന്നും അല്ലടോ… വർഷം ഒരുപാട് മുന്നോട്ടു പോയിട്ടും ഇപ്പോഴും പഴയ കാര്യം മനസ്സിലിട്ട് വെറുതെ ദേഷ്യം കാണിച്ചു നടക്കുന്നവരെ ആദ്യം കൗതുകം ആയിരുന്നു.. പകയൊക്കെ ഇത്രയും മൂക്കുമോ എന്ന് തോന്നി.. അതിലൊന്നും വലിയ ശ്രദ്ധ കൊടുത്തില്ല എന്നത് സത്യം തന്നെ.. നിങ്ങൾ ഇവിടെ കണ്മുന്നിൽ ഉണ്ടായിട്ടും വീണ്ടും വാശി ദേഷ്യം പക എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ പുച്ഛം തോന്നി..” ജിത്തു കണ്ണട ഊരി തുടച്ചു കൊണ്ട് അവളെ നോക്കി.. “മണ്ണോടു ചേർന്ന മനുഷ്യനോട് പിന്നെ എന്തിനാ ദേഷ്യം.. പാതി മരിച്ച കൂടപ്പിറപ്പിനോട് എന്തിന്റെ പേരിലാടോ വാശി.. ഒന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റിയില്ല.. അറിവ് പകർന്നു കൊടുക്കുന്ന ഒരു മാഷാണ് ഞാൻ.. കണ്മുന്നിൽ ഇങ്ങനെ ഒരു അനീതി… കണ്ണടച്ച് കൊടുക്കാൻ പറ്റില്ല..” ചിരിയോടെ ആണ് പറയുന്നത്.. പ്രിയ നോക്കി ഇരിന്ന് പോയി..
“ആദ്യം നമ്മുടെ കൂടപ്പിറപ്പുകളോട് കാര്യം സംസാരിച്ചു.. കാര്യങ്ങൾ വെക്തമായി പറഞ്ഞു മനസ്സിലാക്കി.. പുതിയ തലമുറയെ പെട്ടന്ന് തിരുത്താൻ കഴിയും.. അമ്മമ്മയുടെ സപ്പോർട്ട്… പിന്നെ സുഭദ്ര അപ്പച്ചിക്ക് പേടി ആയിരുന്നു അച്ഛനെയും ചെറിയച്ഛനെയും.. പക്ഷേ സുജാത അപ്പച്ചിയോട് നിറയെ ഇഷ്ടം… ചെറിയമ്മയ്ക്കും അതേ.. അവരുടെ മനസ്സിൽ നിങ്ങൾ പെട്ടന്ന് കേറി പറ്റി..” അവൻ പറയുമ്പോൾ പ്രിയ വെറുതെ ഓർത്തു… അവരുടെ സ്നേഹം കാണെ കണ്ണ് നിറഞ്ഞു പോയൊരു അമ്മയും മക്കളും.. “മറ്റുള്ളവരുടെ കാര്യത്തിൽ സമയം എടുക്കും എന്നെനിക്ക് നന്നായി അറിയാം.. കാത്തിരുന്നു.. അതിനിടയിൽ ആണ് മറ്റുള്ളതൊക്കെ സംഭവിച്ചു പോയത്… പോലീസ്… ജയിൽ… കേസ്..” അവളെ നോക്കി ജിത്തു പറയുമ്പോൾ പ്രിയയുടെ മുഖം താണ് പോയി.. “എന്താണ് സംഭവിച്ചു പോയത് എന്ന് പോലും അറിയില്ല.. ഒരു മരവിപ്പ് മാത്രം. നീ കുറ്റം ഏറ്റത് കൊണ്ട് ആ വഴിയിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല.. അതിനിടയിൽ അപ്പച്ചി ഹോസ്പിറ്റലിൽ… സീരിയസ്… അമ്പിളി ബോധത്തിന്റെ നൂല് പാലത്തിന്റെ നടുവിൽ.. കൈവിട്ടു പോകും എന്ന് മനസ്സിൽ നിന്നും നിരന്തരം പേടി പെടുത്തൽ… തകർന്ന് പോയി.. ” നെറ്റിയിൽ കൈ ചേർത്ത് തടവി കൊണ്ട് ജിത്തു അവളെ നോക്കി..
അവന്റെ അന്നത്തെ അവസ്ഥ കണ്മുന്നിൽ കാണും പോലെ.. കണ്ണട തിരിച്ചു വെച്ചു അവൻ കൈകൾ മതിലിൽ കുത്തി ഇരുന്നു… പ്രിയക്ക് അവനോടു അലിവ് തോന്നി.. “ഹോസ്പിറ്റലിൽ നിന്നും തറവാട്ടിൽ കൊണ്ട് പോകാൻ തീരുമാനം അമ്മമ്മ ആണ് എടുത്തത്.. ഞങ്ങളുടെ പൂർണ സപ്പോർട്ട്.. അച്ഛനും ചെറിയച്ഛനും ഭയങ്കരമായി എതിർത്തു..പക്ഷേ അത് ആരും ചെവി കൊണ്ടില്ല… അവിടെ തന്നെ കൊണ്ട് പോയി..” അപ്പച്ചിയുടെ കാര്യങ്ങൾ നോക്കാൻ ഒരു ഹോം നാഴ്‌സിനെ നിയമിച്ചു.. ദിവസങ്ങൾ മാറ്റമില്ലാതെ കൊഴിഞ്ഞു പോയി…അമ്പിളിയുടെ ഡോക്ടറെ കാണുന്ന കാര്യം ഒരിക്കൽ അപ്പച്ചി പറഞ്ഞു.. അന്നാണ് അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് തന്നെ ഞാൻ ഓർത്തത്.. അവളെ പക്ഷേ മറ്റെന്തോ അലട്ടുന്നു എന്ന് തോന്നി…പകൽ പോലും പേടിച്ചു കരയുന്നത് പലപ്പോഴും ഞാൻ കണ്ടു ” ജിത്തു പറഞ്ഞു നിർത്തുമ്പോൾ പ്രിയ വിറച്ചു കൊണ്ട് അവന്റെ നേരെ നോക്കി.. മറ്റാർക്കും അറിയാത്ത ആ രഹസ്യം… അതിനി ജിത്തേട്ടന് അറിയാവോ.. ശരീരം മൊത്തം വിറക്കുന്നു..
“നീ എന്തിനാ ദേവൂ പേടിക്കുന്നെ… എനിക്കറിയാം… അത്ഭുതം ഒന്നും തോന്നിയില്ല.. നീ അത് ചെയ്യും എന്നെനിക്ക് നന്നായി അറിയാം.. അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന നീ ഒരിക്കലും അമ്പിളിയെ ജയിലിൽ അയക്കില്ലെന്ന് ശെരിക്കും അറിയാം…” മതിലിൽ ചേർത്ത് വെച്ച കൈയുടെ മുകളിൽ കൈ ചേർത്ത് വെച്ചു ജിത്തേട്ടൻ പറഞ്ഞപ്പോൾ സങ്കടം വന്നു പോയി.. അലിവോടെ ജിത്തു അവളെ നോക്കി.. “അമ്പിളിക്കും ഒന്നും വെക്തമായി ഓർമ യില്ല.. എന്തൊക്കെയോ ചെറിയ ചെറിയ കാര്യം അറിയാം…ഒക്കെ കൂട്ടി വായിച്ചപ്പോൾ എനിക്ക് മനസ്സിലായി..അതറിഞ്ഞു തന്നെ ഒന്ന് കാണാൻ ഭയങ്കരമായി കൊതി തോന്നി എനിക്ക്.. ഓടി വന്നിരുന്നു ഞാൻ അങ്ങോട്ട്… ജയിലിൽ.. പക്ഷേ… നീ ” വേദന നിറഞ്ഞ ശബ്ദത്തിൽ അവൻ പറയുമ്പോൾ അവൾ ഒന്ന് വിതുമ്പി… “സങ്കടം ആണോ ടെൻഷൻ ആണോ… പറഞ്ഞു തരാൻ അറിയാത്തൊരു ഫീൽ ആയിരുന്നു അന്നേരം.. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവിടെ ഭയങ്കര വഴക്ക്… വിഷയം സുജാത അപ്പച്ചിയും അമ്പിളിയും തന്നെ… മനസ്സിലെ സങ്കടം മുഴുവനും….. പിടി വിട്ടു പോയി എന്റെ.. വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറഞ്ഞു..
അപ്പൊ എനിക്ക് മുന്നിൽ ജയിലാറക്കുള്ളിലെ നിന്റെ ദയനീയ മുഖം മാത്രം ഉണ്ടായിരുന്നുള്ളു…” ജിത്തു പറയുമ്പോൾ അവന്റെ കൈകൾ തന്റെ കയ്യിൽ മുറുകുന്നത് പ്രിയ അറിയുന്നുണ്ട്.. “എല്ലാർക്കും അത്ഭുതം ആയിരുന്നു.. കാരണം എന്നെ അത്രയും ദേഷ്യത്തിൽ അവരാരും ഒരിക്കലും കണ്ടിട്ടില്ല.. വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പഴും പകയും സൂക്ഷിച്ചു നടക്കുന്നവർക്കിടയിൽ ഇനി ഞാൻ നിൽക്കുന്നില്ല… ഇറങ്ങി പോവാണ് ന്ന് പറഞ്ഞത്… അത് ഏറ്റു..” ചിരിയോടെ ജിത്ത് പറയുബോൾ പ്രിയ അവന്റെ നേരെ നോക്കി… “അച്ചു ആദ്യം സപ്പോർട്ട് ചെയ്തു സംസാരിച്ചു.. കൂടെ ഇറങ്ങി വരുമെന്ന് അവനും പറഞ്ഞു.. പിറകെ മറ്റുള്ളവരും.. ഈ സ്വഭാവം ഭയങ്കര ബോർ ആണെന്ന് ഞങ്ങൾ ഒറ്റകെട്ടായി അവരുടെ മുഖത്തു നോക്കി പറഞ്ഞു… പെട്ടന്ന് അല്ലേലും അവരുടെ മനോഭാവം മാറുമെന്ന് ഉറപ്പായിരുന്നു… അച്ഛന്റെ മനസ്സിൽ ആണ് ആദ്യം മാറ്റം വന്നത് … ഒരു കുഞ്ഞു ചിരിയിൽ തുടങ്ങി പതിയെ പതിയെ… അത് മതിയായിരുന്നു എനിക്കും… തിരിച്ചു വരുമ്പോൾ നിനക്ക് സമ്മാനം…. എന്റെ വക…” കണ്ണിറുക്കി ചിരിച്ചു കൊണ്ട് അവന്റെ വാക്കുകൾ അവളുടെ ഹൃദയം തുരന്നു…
തിരിച്ചു പ്രതീക്ഷിക്കുന്നത് തന്റെ സ്നേഹം മാത്രം ആണ്… പക്ഷേ തന്നെ പോലെ ഒരാളെ… അത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നില്ല.. “തന്റെ യോഗ്യത ഞാൻ അല്ലേ ദേവൂ തീരുമാനിക്കേണ്ടത്… പെട്ടന്ന് ഒരു ദിവസം ഇഷ്ടം തോന്നിയതല്ല… നീ എന്താണെന്നും നിനക്ക് വേണ്ടത് എന്താണെന്നും തിരിച്ചറിയാൻ എനിക്ക് കഴിയും.. തിരിച്ചൊന്നും പ്രതീക്ഷിക്കതെ സ്നേഹിക്കാൻ എനിക്കറിയാം . അവളെ അറിഞ്ഞന്ന പോൽ ജിത്തു പറയുമ്പോൾ അവളിൽ ഒരു കുഞ്ഞു ചിരി ഉണ്ടായിരുന്നു… “ആദ്യം തന്നെ ഞാൻ പറഞ്ഞതല്ലേ ജിത്തേട്ടാ… എനിക്ക് അങ്ങനെ കാണാൻ കഴിയില്ല.. ” ഉള്ളിലെ പിടച്ചിൽ പുറത്ത് ചാടാതിരിക്കാൻ അവൾ ശ്രമിച്ചു.. “കേട്ടിട്ടില്ലേ നീ… ഒരാളെ നമ്മൾ ആത്മാർത്ഥ മായി സ്നേഹിച്ചു പോയാൽ…അവർ നമ്മുടെ അടുത്തേക്ക് തന്നെ വരും.. ഹൃദയം തൊട്ടറിഞ്ഞ സ്നേഹത്തിന് അധർഷ്യമായൊരു ശക്തി ഉണ്ട്… അത് തിരിച്ചു തരും…” ദൂരേക്ക് നോക്കി പറയുന്നവനോട് പറയാൻ ഒരു മറുപടി തേടുന്ന പോൽ അവളും പതറി.. “പ്രണയം ആണോ പ്രാണൻ ആണോ… അതോ ഇത് രണ്ടും അല്ലാതെ ഭ്രാന്തണോ.. അറിയില്ലെനിക്ക്..പക്ഷേ ഞാൻ എപ്പോഴും ഓർക്കും നിന്നെ…ഓർത്തു ഉരുകുമ്പോൾ എല്ലാം എന്റെ ഉള്ള് പൊള്ളാറുമുണ്ട്… പറഞ്ഞതല്ലേ ഞാൻ… കാത്തിരിക്കും എന്നത്… വെറുതെ ആണെന്ന് വിചാരിച്ചു അല്ലേ.. കണ്മുന്നിൽ വന്നു ശല്യം ചെയ്യില്ല.. പക്ഷേ എന്റെ ഉള്ളിൽ….. അവൻ ഒന്ന് നിർത്തി അവളെ നോക്കി..
പൊള്ളിയത് പോൽ അവൾ നോട്ടം മാറ്റി. “ഏത്ര സ്നേഹം എന്ന് ചോദിച്ചാൽ… എന്നിൽ തിരഞ്ഞാൽ നിന്നെ കാണാം… നിന്നിലും ഞാൻ നിറയുന്ന നാൾ വരെയും ശ്രീജിത്ത് മനസ്സിൽ സ്നേഹിക്കും..ഒന്ന് കാണണം.. ഒന്ന് അടുത്തിരിക്കണം… ഇത്തിരിയെങ്കിലും സംസാരിക്കാൻ കഴിയണം… ഇതിനെല്ലാം എന്റെ ജീവന്റെ വിലയുണ്ട് ദേവൂ…”ആർദ്ര മായി പറയുന്നവനിൽ നിറയുന്ന സ്നേഹം അവളെ ചുറ്റി വരിഞ്ഞു.. മുള്ള് വേലി പോലെ… “വേണ്ട ജിത്തേട്ട.. അത് ശെരിയാവില്ല.. വീണിടത്തു നിന്നും എഴുന്നേറ്റ് നിൽക്കാൻ നിങ്ങൾ നൽകിയ സപ്പോർട്ട് മറന്നു കൊണ്ട് പറയുവല്ല ഞാൻ.. കഴിയില്ല.. വീണുടഞ്ഞു പോയത് ചിലപ്പോൾ കൂട്ടി ചേർക്കാൻ പറ്റിയെക്കും.. പക്ഷേ പഴയ ഭംഗി ഉണ്ടാവില്ല..ജിത്തേട്ടൻ തിരിച്ചു നൽകിയ മറ്റുള്ളവരുടെ സ്നേഹം… അത് ഇതിനൊക്കെ ഒരു തടസം ആവും… എന്റെ അമ്മ ഒത്തിരി കൊതിച്ചിട്ട് കിട്ടിയതാ കൂടപ്പിറപ്പുകളുടെ ഇപ്പോഴത്തെ സ്നേഹം… ഇതറിയുന്നത്തോടെ… വേണ്ട ജിത്തേട്ട… ഇനി ഒരു ജയ്സും സുജാതയും ആവണ്ട നമ്മൾക്ക്…” ഹൃദയം പൊടിയുന്നുണ്ട്.. പക്ഷേ അങ്ങനെ പറയാൻ ആണ് തോന്നിയത്.. ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടും ഈ കണ്ട കാലം മുഴുവനും യാതൊരു പരിഭവും ഇല്ലാതെ കാത്തിരുന്നവൻ…ഇനിയും ഒരായുസ് മുഴുവനും കാത്തിരിക്കും.. അത് വേണ്ട… നല്ലൊരു ജീവിതം മുന്നിലുണ്ട് ആളുടെ.. “തിരിച്ചു പോവാം…” നേർത്ത ചിരിയിൽ പറയുന്നവനെ… കൂർപ്പിച്ചു നോക്കി.. ഈ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നത് പോലൊരു ഭാവം… കൈകൾ തട്ടി കുടഞ്ഞു ഒരു മൂളി പാട്ടോടെ കാറിനടുത്തേക്ക് നടക്കുന്നവനെ ഇനി ഞാൻ എന്ത് പറഞ്ഞു പിന്തിരിപ്പിക്കും ദൈവമേ എന്നുള്ള ചിന്തയോടെ ആയിരുന്നു പ്രിയ നോക്കിയത്..
മതിലിൽ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നോക്കുമ്പോൾ പറയാൻ അറിയാത്തൊരു വേദന ഉള്ളിൽ ഉടലെടുക്കുന്നത് പ്രിയ അറിയുന്നുണ്ട്.. വാടക വീട് ആയിരുന്നു എങ്കിലും നിറച്ചു ഓർമകൾ ഇവിടം സമൃതമാണ്.. അപ്പനുള്ളപ്പോൾ….. എട്ടനുള്ളപ്പോൾ.. ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം കുളിരു കോരുന്നു… തൊട്ടടുത്തുള്ള നിമിഷം അപ്പൻ ഇല്ലാഴ്മ ഓർമയിൽ തെളിഞ്ഞു.. അന്നത്തെ ദുരിതം.. ഏട്ടൻ നിഷേധി ആയി മാറിയത്… പട്ടിണി അകറ്റിയ കുഞ്ഞു കട… എല്ലാം എല്ലാം… ഇന്നീ വീട് ആരുടെയോ സ്വപ്നം പൊതിഞ്ഞു പിടിച്ചിരിക്കുവാ.. വാടക വീടിന് അങ്ങനെ ഒരു സവിശേഷത ഉണ്ട്.. നിറയെ സ്വപ്നം ആയിട്ട് കയറി വരും… തിരിച്ചു പോവുമ്പോൾ സ്വപ്നം മാത്രം അവിടെ ചുറ്റി തിരിയും.. കൂടെ വരില്ലെന്ന വാശിയോടെ… ഒരിക്കൽ കൂടി ഇവിടെ വരണം എന്ന് മോഹിച്ചിരുന്നു.. പോരും വഴി വെറുതെ ചോദിച്ചു.. ഒന്ന് കൊണ്ട് പോകുമോ എന്ന് ജിത്തേട്ടനോട്.. വണ്ടി തിരിക്കുമ്പോൾ തന്നെ ക്കാൾ ആവേശത്തിൽ ആയിരുന്നു ആള്.. തിരിഞ്ഞു നോക്കി കൊണ്ട് തിരിച്ചു നടക്കുമ്പോൾ ഹൃദയം കൊളുത്തി വലിക്കും പോലെ… കട ഇരുന്ന സ്ഥലം മുഴുവനും കാട് പടർന്നു… അമ്പിളി സ്റ്റോർ എന്നുള്ള നിറം മങ്ങിയ ബോർഡ് കാണെ വെറുതെ ചിരിച്ചു.. ഒരുകാലത്തു നിറയെ സ്വപ്നം കണ്ടത്.. കാണാൻ ധൈര്യം തന്നത് ഈ കടയായിരുന്നു… ഡോർ തുറന്നു കയറുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി… വെറുതെ… 💞💞💞💞
നിറയെ റബ്ബർ മരങ്ങൾ നിറഞ്ഞ ഇടവഴിയിൽ കൂടി കാർ ഓടുമ്പോൾ പ്രിയ അമ്പര പ്പോടെ ജിത്തുവിന്റെ നേരെ നോക്കി.. “ഒരിടം വരെ പോകാൻ ഉണ്ട് ദേവൂ.. നീ തിരിച്ചിറങ്ങുമ്പോൾ കൊണ്ട് വന്നു കാണിക്കാം എന്ന് ഞാൻ വാക്ക് കൊടുത്ത ഒരാൾ ഇവിടെ കാത്തിരിക്കുന്നുണ്ട്..” അവളുടെ നോട്ടം കണ്ടപ്പോൾ ജിത്തു ചിരിയോടെ പറഞ്ഞു… ഇരുനില വീടിന്റെ മുന്നിൽ കാർ നിർത്തി ജിത്തു ആദ്യം ഇറങ്ങി.. ചുറ്റും നോക്കി കൊണ്ട് അവളും.. നിറഞ്ഞ റബർ മരങ്ങൾ.. അതിനുള്ളിൽ ആണ് വീട്.. വലിയൊരു വീട്.. വിശാലമായ മുറ്റം.. ഒരരുകിലെ വലിയ കൂട്ടിൽ നിന്നും ഒരു പട്ടി കുരക്കുന്നുണ്ട്.. സൈഡിൽ റബ്ബർ ഷീറ്റ്കൾ ഉണക്കാൻ ഇട്ടിട്ടുണ്ട്… വലിയ അയലിൽ… വാ.. അവളെ വിളിച്ചു കൊണ്ട് ജിത്തു പോയി ബെല്ലടിച്ചു.. ഒരു കുഞ്ഞു പെൺകുട്ടി ആണ് വാതിലിൽ വന്നു എത്തി നോക്കിയത്… “പപ്പയില്ലേ മോളെ.. ജിത്തു ചോദിച്ചു.. പപ്പാ എന്നുള്ള വിളിയോടെ അവൾ അകത്തേക്ക് ഓടി.. പ്രിയ അപ്പോഴും ചുറ്റും നോക്കുന്ന തിരക്കിലാണ്.. വല്ലാത്തൊരു പരവേശത്തിൽ ആയിരുന്നു അവൾ..
“ആഹാ ഇതാരാ ശ്രീയോ… കയറി വാടോ.. പ്രതീക്ഷിച്ചതെ ഇല്ല കേട്ടോ..” മുഴക്കമുള്ള ഒരു സ്വരം കെട്ട് അവൾ നോട്ടം മാറ്റി… അവനൊപ്പം അകത്തു കയറുമ്പോഴും അവൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ.. ഇരിക്ക്.. പറയുന്ന ആൾ ഒരു നിമിഷം സ്റ്റക്ക് ആയത് പോലെ… അവളെ തന്നെ നോക്കുന്നുണ്ട്.. ആ കണ്ണിൽ വല്ലാത്തൊരു ഭാവം.. “ദേവപ്രിയ ” ജിത്തു പറയുമ്പോൾ പ്രിയ അവന്റെ നേരെ നോക്കി.. “മോൾക്ക് എന്നെ അറിയില്ല അല്ലേ… ഞാൻ നിന്റെ കൊച്ചച്ചനാ മോളെ “ആ സ്വരം ഇടറി.. അവൾക്കുള്ളിൽ വലിയൊരു നിലവിളി ഉയർന്ന പോലെ.. അപ്പൻ പറഞ്ഞു തന്നിട്ടുള്ള ജോസ് കൊച്ചച്ചൻ.. ഇനിയും ആൾ ഉണ്ടല്ലോ ഇവിടെ.. മെഴ്‌സി ആന്റി… ജീന ആന്റി.. കത്രീന അമ്മച്ചി… പൗലോസ് അപ്പച്ചൻ… നിറഞ്ഞ വീടാണ് കുഞ്ഞേ എന്റെ എന്ന് കണ്ണ് നിറച്ചു എത്ര പറഞ്ഞിരുന്നു അപ്പൻ.. കൊതിച്ചിട്ടും ഉണ്ട്.. എല്ലാരുടെയും കയ്യും പിടിച്ചു ഇങ്ങോട്ട് കയറി വരാൻ.. പക്ഷേ അന്നൊന്നും ആരും അപ്പന്റെ മനസ്സ് അറിഞ്ഞില്ല.. ചെയ്ത പോയ ചെറിയൊരു തെറ്റിന്റെ പേരിൽ ഒരായുസ്സ് മുഴുവനും എന്റെ അപ്പൻ.. അവൾക്ക് കരച്ചിൽ വന്നിരുന്നു..
അയാളുടെ ഭാര്യ വന്നു.. മക്കൾ വന്നു.. ഒന്നും മിണ്ടാൻ ആയില്ല. അപ്പൻ ആയിരുന്നു ഹൃദയം മുഴുവനും.. അമ്മച്ചിയും അപ്പച്ചനും ഇപ്പൊ ജെയ്‌സ് ഇച്ചായന്റെ കൂടെ ആണ് കൊച്ചേ എന്ന് ഇടർച്ചയോടെ കൊച്ചച്ചൻ പറഞ്ഞു.. ആന്റിമാർ വിദേശത് ആണെത്രെ.. വരുന്നുണ്ട് പോലും.. പുതിയ ബന്ധം പുതുക്കാൻ.. ഒന്ന് ചിരിക്കാൻ കൂടി കഴിഞ്ഞില്ല. എന്റെ അപ്പൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. അന്ന് പക്ഷേ നിങ്ങൾ തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന് മനസ്സിൽ പരിഭവം പറഞ്ഞു.. അവരുടെ സ്നേഹം പോലും അരോചകം ആയി തോന്നി.. ജിത്തേട്ടൻ അന്വേഷിച്ചു കണ്ടു പിടിച്ചതാണ് എന്ന് അവരുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി.. ഇവിടെയും ആൾക്ക് നല്ല മാസ് ഡയലോഗ് അടിക്കേണ്ടി വന്നു കാണും. സൽക്കാരം സ്വീകരിച്ചു മടങ്ങും വഴി അങ്ങോട്ട് വരുന്നുണ്ട് അമ്മയെയും അമ്പിളിയെയും കാണൻ എന്ന് കേട്ടപ്പോൾ വെറുതെ തലയാട്ടി.. കാറിൽ കയറിയിട്ടും ഒന്നും മിണ്ടാതെ ഇരുന്നു.. എന്തോ ഒരു വിഷമം.. “നിന്നെ കാണാൻ വലിയ കൊതിയോടെ കാത്ത് ഇരിപ്പായിരുന്നു ജോസ് ചേട്ടൻ ” ജിത്തേട്ടൻ പറഞ്ഞപ്പോൾ വെറുതെ ഒന്ന് മൂളി. തന്റെ വേദന അറിഞ്ഞെന്ന പോലെ ആളും പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു.. ഓർമകൾ മേയാൻ വിട്ടു കാറിന്റെ സീറ്റിലേക്ക് തലചായ്ച്ചു കിടന്ന തന്നെ ഇടയ്ക്കിടെ നോക്കുന്ന കണ്ണിലെ കരുതൽ.. അത് മനസ്സിൽ വേദന ആയിരുന്നു… ❤❤❤❤❤
കഴുത്തിൽ കെട്ടിയ താലി വെറുതെ നോക്കുമ്പോൾ കണ്ണിൽ നിറയെ സ്നേഹം ഒളിപ്പിച്ചു കാത്തിരുന്ന ജിത്തേട്ടൻ ഓർമയിൽ തിളങ്ങി.. എത്രയൊക്കെ കണ്ടില്ല എന്ന് നടിച്ചിട്ടും.. പ്രതീക്ഷയോടെ ഒരു നോട്ടം പോലും കൊടുക്കാതെ ഇരുന്നിട്ടും… ഒരു പരിഭവം പോലും പറയാതെ എങ്ങനെ ആവും ആൾക്ക് തന്നെ സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവുക.. അത്ഭുതം ആയിരുന്നു.. മറന്നോളും എന്ന് വെറുതെ കരുതി… ഇനിയും ആ കാത്തിരിപ്പ് കണ്ടില്ലെന്ന് നടിച്ചാൽ ദൈവം പോലും പൊറുക്കില്ല.. അച്ചു ഏട്ടന്റെ നിശ്ചയം കഴിഞ്ഞ അന്ന് രാത്രിയിൽ.. “ഇവനെക്കാൾ മൂത്തത് ശ്രീ ആണല്ലോ.. ഇനിയും ഇങ്ങനെ വൈകികൂടാ കേട്ടോ “എന്ന് അമ്മമ്മ കടുപ്പത്തിൽ പറയുമ്പോൾ പതിവ് പോലെ ഉള്ള കുസൃതിയോടെ ആൾ നോക്കിയത് തന്നെ ആണ്.. “എന്റെ മനസ്സിൽ ഒരു പെൺകുട്ടി ഉണ്ട്.. കെട്ടുവാണേൽ ഞാൻ അവളെ മാത്രമേ കെട്ടു.. അതിനി എത്ര കാത്തിരുന്നാലും… അതിനിടയിൽ അങ്ങ് മരിക്കുമെങ്കിൽ അതും സന്തോഷം ” അതാരാണ് എന്ന് ചോദിച്ചവരോട്… കാത്തിരിക്കാൻ പറഞ്ഞു… അവൾ ഇഷ്ടം പറയുമ്പോൾ… കാണിച്ചു തന്നോളാം എന്ന് വാക്ക് കൊടുത്തു…
അന്ന് പക്ഷേ എതിർപ്പ് പറയാതെ കൂടെ നോന്നോളണം… ഇല്ലങ്കിൽ ശ്രീജിത്ത് ഈ ജന്മം പെണ്ണ് കെട്ടില്ലെന്ന് വല്ലാത്ത ഉറപ്പോടെ പറഞ്ഞു.. പരസ്പരം നോക്കുന്നതല്ലാതെ ആരും ഒന്നും പറഞ്ഞില്ല… അന്ന് മുഴുവനും ആലോചിച്ചു.. ഹൃദയം മുഴുവനും നിറഞ് നിൽക്കുന്നുണ്ട്.. താൻ കൂട്ട് ചെല്ലുന്നതിനേക്കാൾ ഈ ലോകത്തിലെ ഒന്നിനും മൂപ്പരെ സന്തോഷിപ്പിക്കാൻ ആവില്ലെന്ന് മനസ്സിലായി.. എനിക്ക് സമ്മദം ആണ് പാതി ആവാൻ എന്ന് ആ മുഖത്തു നോക്കി പറയുമ്പോൾ സന്തോഷം കൊണ്ടായിരിക്കും കരഞ്ഞു പോയിരുന്നു.. രണ്ടാളും.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.. ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല എന്നതാ സത്യം.. അതെന്താ കാര്യം എന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലായില്ല.. ഒരായുസ് മുഴുവനും ഉണ്ടാവേണ്ട പകയും ദേഷ്യവും… അതിവരിൽ തീർന്നു കാണും.. നാടടക്കി വിളിച്ചു കല്യാണത്തിന്.. ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ താലി കെട്ടുന്നവനെ നിറഞ്ഞ കണ്ണോടെ നോക്കി..
കൈ കോർത്തു പിടിച്ചു എന്റെ എന്നുള്ള അവകാശത്തോടെ… “ആഹാ… നീ നേരത്തെ തന്നെ ഇവിടെ എത്തിയോ ദേവൂ..” ചിരിച്ചു കൊണ്ട് പറഞ്ഞു വാതിൽ ചേർത്തടച്ചു ജിത്തേട്ടൻ മുറിയിൽ കയറി വന്നപ്പോൾ ചാടി എഴുന്നേറ്റു.. “ദുബായിൽ നിന്നും വന്ന കുറച്ചു ഫ്രണ്ട്സ് ആയിരുന്നു.. അവരെ സെറ്റ് ആക്കി വരാൻ താമസിച്ചു.. താൻ മുഷിഞ്ഞോ ടോ ” വാച് അഴിച്ചു മേശയിൽ വെച്ചു ചിരിച്ചു പറയുന്നവനെ കാണെ ഹൃദയം മുഴുവനും പ്രണയം നിറയുന്നത് അറിയാം.. ആ വാക്കിൽ.. നോക്കിൽ.. ചിരിയിൽ.. എല്ലാം എല്ലാം സ്നേഹം ആണ്.. കറയില്ലാത്ത സ്നേഹം.. കാത്തിരുന്നു കാത്തിരുന്നു അവൻ തിരികെ പിടിച്ച അവന്റെ സ്നേഹം… ആത്മാർത്ഥ സ്നേഹം.. അതെന്നായാലും തോൽക്കില്ല…

by