25/04/2026

സ്നേഹമയി : ഭാഗം 16

രചന – ആരുണി കൃഷ്ണ

“ഹ്മ്മ്, ആ ലക്ഷ്മി എന്നോട് വിളിക്കാൻ എന്തോ പറഞ്ഞിരുന്നില്ലേ… അത് എത്ര മണിക്കാഡാ …”

“10 മണിക്ക്… എന്താടാ… നീ ഇനി ലക്ഷ്മിയെ വിളിക്കാൻ പോകുവാണോ…? ”

*************************************

“പിന്നെ എന്റെ പട്ടി വിളിക്കും അവളെ… എന്റെ മിഥു ടെൻഷൻ അടിച്ചു മരിക്കും ഡാ ആ സമയം… ”

“ഓ അങ്ങനെ….. ”

“മിഥു ആ ടൈമിൽ എന്നെ വിളിച്ചാൽ… ”

“വിളിച്ചാൽ… ”

“എങ്കിൽ ഉറപ്പിക്കാം അവൾക്ക് എന്നോട് തീർച്ചയായും ഇഷ്ടം ഉണ്ടെന്ന്… ”

“ഇല്ലെങ്കിൽ….? ”

“ഓ, നെഗറ്റീവ് അടിക്കാതെടാ… ”

അവർ നേരെ പോയത്, കോട്ടൂരേക്കാണ്, പ്രണവിനെ കാണാൻ….പ്രണവും അഭിയും ശ്രീയും കൂടി വിശേഷം പറയുമ്പോഴും, ശ്രീയുടെ കണ്ണുകൾ മിഥുവിനെ തിരഞ്ഞു കൊണ്ടിരുന്നു… പക്ഷെ ശ്രീ താഴെ ഉണ്ടെന്ന ബോധ്യം ഉള്ളത് കൊണ്ട് അവൾ താഴേക്ക് ഇറങ്ങി വന്നില്ല…

“ശ്രീക്കുട്ടൻ ചേട്ടന് എന്ത് പറ്റി… ഒരു മൂഡ് ഓഫ്‌… ” പ്രവീണ തിരക്കി…

“ഏയ്‌, ഒന്നുല്ല പ്രവീ… നിനക്ക് തോന്നിയതാകും… ”

“മിഥുവേച്ചിയും ഭയങ്കര മൂഡ് ഔട്ട്‌ ആണല്ലോ… എന്തോ ചോദിച്ചപ്പോൾ എന്നോട് ചാടി കടിക്കാൻ വന്നു… ”

ശ്രീ അഭിയെ ദയനീയമായൊന്ന് നോക്കി…. അഭി സാരമില്ല ശരിയാകും എന്ന് പറഞ്ഞു…

“ഡാ, അഭി ഇനി നിങ്ങൾ തമ്മിൽ എന്തേലും യുദ്ധം നടന്നോ? ” പ്രണവ് തിരക്കി…

“ഏയ്‌, ഇല്ലടാ… ” ശ്രീ ചാടി കയറി പറഞ്ഞു…

“യുദ്ധം കഴിഞ്ഞല്ലോ, ഇപ്പൊ സന്ധി സംഭാഷണവും ഭാവി ചർച്ചകളും അല്ലെ?? … ” മഞ്ജു എങ്ങും തൊടാതെ പറഞ്ഞതു കേട്ട് എല്ലാവരും വാ പൊളിച്ചു..

“7.28 വരെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു… ഇപ്പൊ 7.29 ആയി, എന്ത് പറ്റിയൊ എന്തോ… ആരും തെറ്റിദ്ധരിക്കരുത്… പോയതാ.. കുറച്ചു കഴിയുമ്പോ തിരിച്ചു വരും…” പ്രവീൺ പറഞ്ഞു..

“എന്ത് പോയതാ എന്ന്…? ” മഞ്ജു തിരക്കി

“നിന്റെ കിളി പോയെന്ന്… ”

അത് കേട്ട് എല്ലാരും ചിരിക്കാൻ തുടങ്ങി.. മഞ്ജു പ്രണവിനെ നോക്കി കൊഞ്ഞനം കുത്തി അകത്തേക്ക് പോയി…

ശ്രീ നിലയത്തിൽ എല്ലാം ഒരുക്കി വെച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടും, ഈശ്വരി അമ്മയും സുഭദ്രയും സുജാതയും കൂടി അഭിയെയും ശ്രീയെയും കഴിക്കാൻ നിർബന്ധിച്ചു… കുറച്ചു കഴിക്കാൻ പ്രണവും കൂടി നിർബന്ധിച്ചപ്പോൾ അവരും കഴിക്കാൻ ഇരുന്നു…

അപ്പോഴേക്കും അനന്ദനും എത്തിയിരുന്നു… അയാൾ അഭിയോടും ശ്രീയോടും വിശേഷങ്ങൾ ഒക്കെ തിരക്കി..

“ഭദ്രേ, മിഥു എവിടെ…? ” അനന്ദൻ ചോദിച്ചു..

“മഞ്ജു നിന്നോട് അവളെ വിളിക്കാൻ പറഞ്ഞിട്ട്… ! ”

“അമ്മേ, ചേച്ചിക്ക് വിശപ്പില്ല വേണ്ടെന്ന് പറഞ്ഞു… ”

“അത്താഴപട്ടിണി കിടക്കാനോ… നല്ല കാര്യമായി… മിഥു മോളെ കഴിക്കാൻ വാ … ”

“അമ്മ എങ്ങോട്ടാ, വയ്യാത്ത കാലും വെച്ച് കോണി കയറാൻ പോകുന്നോ… ” സുജാത ഈശ്വരിയമ്മയുടെ അടുത്ത് വന്നു ചോദിച്ചു

അപ്പോഴേക്കും മിഥു ഇറങ്ങി വന്നു…

“വാ മോളെ, വന്നു കഴിക്കു… ” ഈശ്വരിയമ്മ സ്നേഹത്തോടെ അവളെ തലോടി..

അവൾ നോക്കിയപ്പോ ശ്രീയുടെ അടുത്ത് മാത്രമേ സീറ്റ്‌ ഒഴിവുള്ളു…

“വാ മോളെ, വന്നിരിക്ക്.. ” അനന്തനും കൂടി വിളിച്ചതോടെ അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല..
രണ്ടും കല്പ്പിച്ചു അവൾ അവനരികിൽ പോയിരിന്നു…

ശ്രീ ഇടം കണ്ണാലെ ഇടക്കൊക്കെ മിഥുവിനെ നോക്കി… പക്ഷെ മിഥു അവനെ ഒന്ന് നോക്കിയത് പോലും ഇല്ല… ശ്രീയുടെ തത്രപ്പാടുകൾ അഭിയിൽ ചിരി ഉണർത്തി… മഞ്ജുവും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

“ആ, അപ്പൊ എന്തോ അടി നടന്നിട്ടുണ്ട്… ന്റെ ഭഗവാനെ അടിയിട്ട് അടിയിട്ട് ഇവർ പരസ്പരം ഇഷ്ടം പറയാതെ ഇരിക്കുമോ… എന്താ ഒരു പോംവഴി… ”
മഞ്ജു ആലോചിച്ചു..

“ഇരുന്ന് സ്വപ്നം കാണാതെ കഴിക്ക് പെണ്ണെ…”പ്രവീണ മഞ്ജുവിനെ ഒന്ന് തട്ടി…

“ഈ പെണ്ണ് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ… ആ ഒരു വഴിയുണ്ട്… ”

“മിഥു ആ സാമ്പാർ ഒന്നിങ്ങ് എടുത്തേ….? ” ശ്രീ മിഥുവിനോട്‌ പറഞ്ഞതും അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി… എന്നിട്ട് ആ കറി പാത്രം അവനരികിലേക്ക് നീക്കി വെച്ചു…

“മോന് ഒഴിച്ചു കൊടുക്ക് മിഥു… ” സുഭദ്ര അങ്ങനെ പറഞ്ഞപ്പോൾ ശ്രീക്ക് ഒരു ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു…

“മോനോ, ആരുടെ മോൻ… ഈ അമ്മക്കെന്താ ശ്രീ പൊട്ടനോട് ഇത്ര സ്നേഹം… ഞാൻ എന്തിനാ ഇങ്ങേർക്ക് ഒഴിച്ചു കൊടുക്കുന്നെ… ഇയാളാരാ എന്റെ കേട്ടിയോനോ…? ” സ്പൂണിൽ കോരി എടുത്ത കറിലിയിലേക്ക് നോക്കി ചിന്തിച്ചിരുന്ന മിഥുവിന്റെ കയ്യിൽ ശ്രീ മെല്ലെ ഒന്ന് തട്ടി….

അവൾ നോക്കിയതും, അവൻ കണ്ണുകൊണ്ട് പ്ലേറ്റിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു… അവൾ പെട്ടന്ന് കറി വിളമ്പി…

“മിഥു ആ മോരും കൂടി… ”

“ഇയാൾക്ക് സ്വന്തം വീട്ടിൽ പോയി കഴിച്ചാൽ പോരെ… വലിഞ്ഞു കേറി വന്നു വെട്ടിവിഴുങ്ങിക്കോളും… ”
മിഥുവിന് ശരിക്കും ദേഷ്യം വരുന്നുണ്ടയിരുന്നു… മനസ്സിൽ കുറെ തെറി വിളിച്ചുകൊണ്ടവൾ വീണ്ടും കറി വിളമ്പി…

“ഇവൻ ഇത് എന്തിനുള്ള ഉദേശമാ… ഇവിടുത്തെ ഭക്ഷണം മുഴുവനും കഴിക്കാനാണോ …? ”
അഭി ചിന്തിച്ചു…

“അഭിമോൻ എന്താ ഒന്നും കഴിക്കാത്തെ…? ” ഈശ്വരിയമ്മ തിരക്കി…

“ദേ, ഇവന്റെ വീട്ടിലും ലത ആന്റിയും ശ്രീപ്പിയും ഒക്കെ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്… പിന്നെ വീട്ടിൽ ചെല്ലുമ്പോ അമ്മയും എന്തെങ്കിലും ഉണ്ടാക്കി വെച്ചിട്ടുണ്ടാകും… കുറച്ചു ആയില്ലേ വീട്ടിൽ നിന്ന് മാറി നിൽക്കുന്നു… ആരെയും പിണക്കണ്ടല്ലോ… ”

“ഓ, ചുരുക്കിപറഞ്ഞാൽ അഭിയേട്ടന് ഈ തീറ്റ തന്നെ ജോലി… ” മഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു… ഒപ്പം അഭിയും ചിരിച്ചു …

“മഞ്ജു, അടികിട്ടും കേട്ടോ നിനക്ക്… ” സുജാത അവളെ നോക്കി കണ്ണുരുട്ടി…

“ഏയ്‌, ഇല്ല ആന്റി അവൾ പറഞ്ഞതും കറക്റ്റാ… ”

“പോലീചെ തോക്ക് എവിടെ…? ” അമ്മൂട്ടി ഓടി വന്നു അഭിയുടെ മടിയിൽ കയറി ഇരുന്നു….

“അമ്മൂസ് എവിടാരുന്നു… തോക്ക് ഇപ്പൊ വേറൊരു പോലിസ് മാമന് കൊടുത്തു… ഒരു കള്ളനെ പിടിക്കാൻ… ”

“അമ്മൂ ഇവിടെ വാ ഇത് കഴിച്ചേ… ” മായ അമ്മുവിന് ആഹാരം വാരി കൊടുക്കാൻ വിളിച്ചു…

“അഭിയേട്ടാ… ആ കള്ളിപെണ്ണ്, ചോറ് കഴിക്കാതെ ഇരിക്കാനാ ഓടി വന്നു കിന്നാരം പറയുന്നേ… വാടി ഇവിടെ… ”

“പോലീചെ…. ഈ അമ്മേനെ വെടി വെച്ചാ … ”

“ഹോ, കൊതിപ്പിക്കല്ലേ മുത്തേ… ” പ്രണവ് അമ്മൂനോട് പറയുന്നത് കേട്ട് മായ അവനെ നോക്കി കണ്ണുരുട്ടി…

“അമ്മുമോള് ചെല്ല്… ചോറ് കഴിക്കാത്തൊരു എങ്ങനെ കള്ളനെ പിടിക്കും… വെടി വെക്കാൻ ശക്തി വേണ്ടേ അമ്മൂസെ.. ശക്തി വെച്ച് അമ്മൂസ് വന്നാൽ അങ്കിൾ തോക്ക് വാങ്ങി തരാം… ”

“പ്രോമിസ്… ” അമ്മു അഭിക്ക് നേരെ കൈ നീട്ടി..

“പ്രോമിസ് ന്റെ അമ്മൂട്ടീയെ… ”

അവൾ മനസ്സില്ലാ മനസ്സോടെ മായ്ക്ക് അരികിൽ ചെന്നു…

“അതൊക്കെ എന്റെ മോൻ, ആഹാരം ഉറക്കം, ഗെയിം…ഇതിന് മൂന്നിനും അവനെ ആരും നിർബന്ധിക്കണ്ട… പ്രണവ് പറഞ്ഞതും അച്ചൂട്ടൻ ഒന്ന് തല ഉയർത്തി നോക്കി… ”

“ആ നിന്റെ അല്ലെ മോൻ… ” അനന്ദൻ അത് പറഞ്ഞു ഭക്ഷണം കഴിച്ചു എഴുനേറ്റു…

“എല്ലാരും അടക്കി ചിരിച്ചു… ”

മിഥുവും ശ്രീയും മാത്രം ഇതൊന്നും അറിഞ്ഞതെ ഇല്ല.. ശ്രീ നന്നായി കഴിച്ചു.. മിഥു വിളമ്പിയും കൊടുത്തു…

“ഡാ, ബാക്കി വീട്ടിൽ ചെന്ന് കഴിക്കാം എണീക്ക്… ” അഭി ശ്രീയുടെ ചെവിയിൽ പറഞ്ഞു..

“ഹോ, ഈ ജിമ്മൻമാർ ഇത്രയും ഭക്ഷണം കഴിക്കുമോ… ഇങ്ങേർക്ക് സ്വന്തം ആയി ഒരു റേഷൻ കട തുടങ്ങിക്കൂടെ… ഒരു കലം ചോറ് തിന്ന് കാണും… ”
ശ്രീ കൈ കഴുകാൻ എഴുന്നേറ്റപ്പോ മിഥു ഓർത്തു…

ഭക്ഷണം കഴിച്ചു ശ്രീയും അഭിയും എല്ലാരോടും യാത്ര പറഞ്ഞു ശ്രീനിലയത്തിലേക്ക് പോയി…

©ആരുണി കൃഷ്ണ ❤️

“എവിടെ ആയിരുന്നു ഏട്ടാ… 8.30 ആയി സമയം… ”

“ഞങ്ങൾ പ്രണവിനെ കാണാൻ ഒന്ന് കയറി….. ”

“വാ ഭക്ഷണം കഴിക്കാം… എല്ലാം എടുത്ത് വെച്ചിട്ടുണ്ട്….”

“എനിക്ക് വേണ്ട, ഞങ്ങൾ അവിടുന്ന് കഴിച്ചു… ” ശ്രീ പറഞ്ഞു…

അത് കേട്ട് ശ്രീകുട്ടിടെ മുഖം മങ്ങി…

“ഏത് ഞങ്ങൾ, ഇവൻ കഴിച്ചു ശ്രീപ്പി… ഞാൻ കഴിച്ചിട്ടില്ല… ”

അവളുടെ മുഖത്ത് ആയിരം സൂര്യന്മാർ ഒന്നിച്ചു ഉദിച്ച സന്തോഷം ആയിരുന്നു…

അഭിക്ക് ശ്രീകുട്ടി ആവേശത്തോടെ ഓരോന്ന് വിളമ്പികൊടുത്തു …

“ഇതൊക്കെ എങ്ങോട്ട് പോകുന്നു… നീ അവിടുന്നും കഴിച്ചതല്ലേ… ” ശ്രീ അവനോടു മെല്ലെ ചോദിച്ചു…

“ഡാ പുല്ലേ, ആരാ വെട്ടി വിഴുങ്ങിയത്… മോൻ വല്ലതും അറിഞ്ഞായിരുന്നോ… പ്രിയതമ വിളമ്പി തന്നപ്പോ അത് ആസ്വദിച്ചു കഴിച്ചില്ലേ…. ”

“അത് പിന്നെ, ജസ്റ്റ്‌ ഫോർ ആൻ എന്റർടൈൻമെന്റ്.”

“ഊവേ…. ഡാ ശ്രീപ്പി വരുന്നു…” അഭി പറഞ്ഞു…

ശ്രീയും അഭിയും നിശ്ശബ്ദർ ആയി…

“എന്താ ഒരു രഹസ്യം ഇവിടെ …. ”

“അല്ല ശ്രീപ്പി, കറി ഒക്കെ നല്ല ടേസ്റ്റ് ഉണ്ടല്ലോ…? ”

” ഡാ അമ്മ ആയിരിക്കും ഉണ്ടാക്കിയത്, അല്ലാതെ ഇവൾ എങ്ങാനും ഉണ്ടാക്കിയാൽ കോമഡി ആകും…”

“ദേ ഏട്ടാ, തമാശിക്കല്ലേ… അമ്മേ പറഞ്ഞു കൊടുത്തേ അങ്ങോട്ട് … ”

“ആ സാമ്പാറും, തോരനും ഇവളാ മോനെ ഉണ്ടാക്കിയത്… നോൺ ഒന്നും ചെയ്യാൻ ഞാൻ സമ്മതിച്ചില്ല… ”

“ഭാഗ്യം അതെങ്കിലും വായിൽ വെക്കാല്ലോ… ഇവൻ പട്ടിണി ആയില്ല… ” അത് കേട്ട് ലതയും അഭിയും ചിരിച്ചു

“ഏട്ടാ…….” ശ്രീകുട്ടി നിന്ന് കലിതുള്ളി….

“ശേ, അടങ്ങ്‌ ശ്രീകുട്ടാ… ശ്രീപ്പി വെറുതെ പറയുന്നേ അല്ലാട്ടോ… നിന്റെ കറിക്ക് നല്ല ടേസ്റ്റ് ഉണ്ട്… ”

അഭി അത് പറഞ്ഞതും, ശ്രീക്കുട്ടിക്ക് സ്വർഗം കിട്ടിയ പോലെ തോന്നി..

“ഡാ, ഇവള് നിനക്ക് എന്ത് തരാം എന്നാ പറഞ്ഞെ…? ” ശ്രീ സംശയത്തോടെ തിരക്കി..

“ഡാ, നീ വേണേൽ ടേസ്റ്റ് ചെയ്തു നോക്ക്… ശരിക്കും കൊള്ളാം… ”

ശ്രീ ഒരു സ്പൂൺ എടുത്ത് കുറച്ചു കഴിച്ചു നോക്കി…

“ആ കുഴപ്പമില്ല… അമ്മ ഉണ്ടാക്കുന്ന അത്രയും ഇല്ല.. ”

“എന്നാലും നല്ലത് എന്ന് പറയല്ല്… ”

“ഞാനും കരുതിയില്ല, ഇത്രയും നന്നായി ചെയ്യും എന്ന്… ഒറ്റക്ക് ഉണ്ടാക്കിയതാ… ” ലത പറഞ്ഞു

“എന്തായാലും ശ്രീപ്പിക്ക് കൈപ്പുണ്യം ഉണ്ട്…”

“ആ കെട്ടുന്നവന് ഗതികേടും… ”
ശ്രീ അത് പറഞ്ഞു ഓടിയതും, ശ്രീക്കുട്ടി അവന്റെ പിന്നാലെ ഓടി…

“ഓ, ഈ പിള്ളേര് രണ്ടെണ്ണം… കാള പോലെ വളർന്നാലും ഇള്ള കുഞ്ഞാണെന്ന രണ്ടിന്റെയും വിചാരം… അഭി….മോൻ കുറച്ചു കഴിഞ്ഞു കണ്ടോ … രണ്ടും കൂടി തോളിൽ കയ്യിട്ട് വരും…. ഒരു ഏട്ടനും പുന്നാര പെങ്ങളും… ”
ലത അത് പറഞ്ഞു ശ്രീക്ക് കറികൾ വിളമ്പുമ്പോൾ അഭി പെട്ടന്ന് എന്തോ ഓർത്തു…

കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ലത പറഞ്ഞപോലെ ശ്രീയും ശ്രീകുട്ടിയും വരുന്നത് കണ്ടപ്പോൾ അഭി ചിരിച്ചു…

“ഡാ, നേരം വൈകി… അമ്മ കാത്തിരിക്കും… ഞാൻ ഇറങ്ങട്ടെ… ”

“ആ ശരി ഡാ… അപ്പൊ എല്ലാം പറഞ്ഞ പോലെ …. ”

ശ്രീക്കുട്ടി അഭിയെ തന്നെ നോക്കി നിന്നു…

“ആ ഡാ…, പിന്നെ ശ്രീപ്പി ഇനി വേണേൽ നിന്റെ പാചകപരീക്ഷണം ഒക്കെ ഞാൻ ടേസ്റ്റ് ചെയ്തോളാം. ”

“ഷൂവർ അഭിയേട്ടാ… ഞാൻ വരുന്നുണ്ട്… ”

“എങ്ങോട്ട് …? “ശ്രീ തിരക്കി

“അല്ല, നല്ലൊരു ടെസ്റ്ററേ കിട്ടിയല്ലോ… അപ്പൊ അതിന് ഭക്ഷണവും കൊണ്ട് വരാം എന്ന്…” ( എന്നും ഭക്ഷണം ഉണ്ടാക്കി തരാനും ഞാൻ വരും നോക്കിക്കോ…. അവൾ മനസ്സിൽ പറഞ്ഞു… )

“ഓ…. ”

അഭി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോൾ അഭിക്ക് ഒരു കാൾ വന്നു…..

“ആമി കാളിങ്… “അഭി കാൾ എടുത്തു…

“ആ ആമി, എന്താടോ വിളിച്ചേ…? ”

“അത് അഭിയേട്ടാ… ഒരു സംശയം.. ”

“ഇതുവരെ തീർന്നില്ലേ നിന്റെ സംശയം…. അത്യാവശ്യം വല്ലതും ആണോ… ഞാൻ വീട്ടിൽ എത്തിയില്ല അതാ.. ”

“ആണോ, എങ്കിൽ ഞാൻ പിന്നെ വിളിക്കാം… ”

“ആ ഞാൻ അങ്ങോട്ട്‌ വിളിക്കാം…. ”

©ആരുണി കൃഷ്ണ ❤️

“മണി 10 ആകാറായല്ലോ… മിഥു വിളിക്കുമോ… ഇനി വിളിച്ചില്ലെങ്കിലോ…. ശ്രീ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…. ”

“ആ ലക്ഷ്മി പറഞ്ഞത് സത്യം ആണെങ്കിൽ.. ശ്രീയേട്ടൻ അവളെ വിളിക്കുമല്ലോ… അവൾ അത്രയും പറഞ്ഞിട്ടും ശ്രീയേട്ടൻ ഒന്നും എതിർത്തില്ലല്ലോ… അപ്പൊ അവൾ പറഞ്ഞതൊക്കെ സത്യം ആണോ…
മിഥു നീ എന്തിനാ ടെൻഷൻ ആകുന്നെ… ആകും… മനസ്സിൽ ആദ്യമായി തോന്നിയ ഒരിഷ്ടം വേരോടെ പിഴുത് എറിയാനാണ് വിധി എങ്കിൽ അത് അങ്ങനെ തന്നെ വേണം…. ”
മിഥു എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു…

സമയം 10.05….

അഭി വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി… ഫോൺ കയ്യിൽ എടുത്ത് ആമിയെ വിളിച്ചു…

“ആ ഹലോ അഭിയേട്ടാ… ”

“പറ എന്താ സംശയം…? ”

“ഏതാ ആ ലക്ഷ്മി… ”

“ഞാൻ ഊഹിച്ചു…. അവളെ കുറിച്ച് താൻ അന്വേഷിക്കും എന്ന്… ”

അഭി വിശദമായി ലക്ഷിമിയുടെ കാര്യങ്ങൾ ആമിക്ക് പറഞ്ഞു കൊടുത്തു…

“ആഹാ, അപ്പൊ അത്രേ ഉള്ളോ… ശ്രീ സാറും അവളും തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ… ”

“ഇല്ലെടോ… ഞാൻ ഗ്യാരന്റി… ”

“ഇതെന്താ പ്രീതി മിക്സിയുടെ പരസ്യമോ… ”

“അയ്യേ , ഈ തലയിൽ ഉള്ളത് എടുത്ത് പുറത്തിടല്ലേ.…ചളി… ”

“ഹിഹി…. ”

“പിന്നെ ആ അർജുനെ എന്ത് ചെയ്യാനാ പോകുന്നെ… ”

“ങേ, താൻ എങ്ങനെ.. “അഭി ഒരു ഞെട്ടലോടെ തിരക്കി…

“അപ്പോ സത്യം ആണല്ലേ… ശ്രീ സാർ അർജുന്റെ കാര്യം തിരക്കി എന്ന് കേട്ടപ്പോഴേ എനിക്ക് തോന്നി… ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞതാ, മിഥുവിനോട് അവനുള്ള ദേഷ്യം വെച്ച് ഒരു ഡൌട്ട് ഉണ്ടായിരുന്നു… ”

“ഹോ, കാണുന്നപോലെ അല്ല അല്ലെ… അൾത്താമസം ഉണ്ടല്ലോ … കുറച്ചു ബുദ്ധി ഒക്കെ ഉണ്ടല്ലോ … ”

“താങ്ക്യൂ താങ്ക്യൂ… ”

ആമിയും അഭിയും ഒരുപോലെ ചിരിച്ചു….

“അപ്പൊ ശരി ആമി ഗുഡ് നൈറ്റ്‌… ”

“ഇപ്പോഴേ, ഗുഡ് നൈറ്റൊ… എന്താ കാമുകിയെ വിളിക്കാൻ ഉണ്ടോ …? ”

“ആ ഉണ്ടല്ലോ, 5…6 പേരെ വിളിക്കാനുണ്ട്…. ഇപ്പൊ ടൈം പോയില്ലേ… ഇനി കോൺഫറൻസ് കാൾ ചെയ്യും… എന്ത്യേ നീ കൂടുന്നോ..? ”

“ആ… ഹ… ആ തലയിൽ ഉള്ള ചളിയും പുറത്തിടണ്ട കേട്ടോ…ഞാൻ കാമുകിയുടെ കാര്യം സീരിയസ് ആയി ചോദിച്ചതാ … ബീച്ചിൽ വെച്ച് ചോദിച്ചിട്ടും പറഞ്ഞില്ലല്ലോ … ഇനി എന്നോട് പറയാൻ താല്പര്യമില്ലെങ്കിൽ നോ പ്രോബ്ലം… ലീവ് ഇറ്റ്… ”

“ഏയ്‌, അങ്ങനെ അല്ലടോ… ശ്രീയോടും പ്രണവിനോടും പോലും പറയാത്ത കാര്യമാ…. പിന്നെ ആ കുട്ടിയോടും..”

“ങേ… അപ്പൊ തേപ്പ് കിട്ടിയത് അല്ലെ… ”

“അല്ലടോ, ഒരു പ്രണയം ഉണ്ടെന്ന് അവന്മാരോട് ഞാൻ പറഞ്ഞിരുന്നു… പക്ഷെ ആ പ്രണയം കാരണം, വിലപ്പെട്ട ചിലതൊക്കെ എനിക്ക് നഷ്ടപ്പെടും എന്ന് തോന്നിയപ്പോ, ഞാൻ എന്റെ ഇഷ്ടം മനസ്സിൽ ഒതുക്കി… അവന്മാരുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ ഞാൻ വെറുതെ ഒരു തേപ്പ് കഥയിൽ അതങ്ങു അവസാനിപ്പിച്ചു…അർഹതയുള്ളവർക്ക് അവളെ കിട്ടട്ടെ…. ചേരേണ്ടതല്ലേ ചേരു… ”

“ശേ, ഒന്നും അറിയാത്ത ഒരു കുട്ടിയെ തേപ്പ്കാരി ആക്കിയത് മോശം ആയിപ്പോയി … ”

“അതിന് അവൾ ആരാണെന്ന് എന്റെ അച്ഛനോടല്ലാതെ വേറെ ആരോടും ഞാൻ പറഞ്ഞിട്ടില്ല… അച്ഛന് എല്ലാ സത്യങ്ങളും അറിയാം… അവന്മാരും കുറെ നിർബന്ധിച്ചു, പക്ഷെ പറയില്ല എന്ന എന്റെ വാശിയിൽ അവസാനം അവരും ആ വിഷയം ഇപ്പൊ ചോദിക്കാറില്ല… ”

“അപ്പൊ ആരാ ആ കുട്ടി….? ”

“ഹഹ… ആ കുട്ടി അജ്ഞാത സുന്ദരി ആയി അവിടെ ഇരിക്കട്ടെ… ”

തുടരും……….