22/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 37

രചന – ആതിര

സിദ്ധാർത്ഥ് 💞weds 💞 വൈഗ

അമ്പത്തിൽ ഒരുക്കിയിരുന്ന ചെറിയ മണ്ഡപത്തിൽ സിദ്ധു ഇരുന്നു..
മുഖത്ത് സന്തോഷമോ സങ്കടമോ ഇല്ല.. ഒരുതരം നിർവികാരതയോടെ അവനിരുന്നു..ചന്ദന നിറത്തിലെ ഷർട്ടും കസവ് മുണ്ടുമായിരുന്നു അവന്റെ വേഷം..അവനടുത്ത് തന്നെ ഭാഗ്യയും കാർത്തിക്കും
കാർത്തിക്കിന്റെ കയ്യിൽ ചക്കിമോളും..ദേവി നിറഞ്ഞ കണ്ണുകളോടെ മണ്ഡപത്തിന് സമീപം നിൽക്കുന്നു..കൂടെ മോഹനും..എത്രയെന്ന് പറഞ്ഞാലും ഈ വിവാഹം അംഗീകരിക്കാൻ അവർക്ക് രണ്ടാൾക്കും പറ്റില്ല..ഗീതു അവർക്കെന്നും പ്രിയപ്പെട്ടതാണ്..
ആനന്ദോ അമ്മുവോ സാവിത്രിയോ അവിടെയെങ്ങും ഇല്ല.. അവർ വന്നില്ല..കൂടാതെ സുമിത്രയും..
കാവ്യയും വിവേകും തിരിച്ചു പോയതിനാൽ അവരും ഇല്ല.. പ്രാസാദ് ഉണ്ട്..അമ്മാവന്റെ സ്ഥാനം ഉള്ളതിനാൽ അയാൾ വന്നിട്ടുണ്ട്..
വൈഗയുടെ വീട്ടിൽ നിന്നും അതികം ബന്ധുക്കളില്ല..അച്ഛന്റെയും അമ്മയുടെയും ഒപ്പം സർവാഭരണ വിഭൂഷിതയായി മണ്ഡപത്തിലേക്ക് വന്ന് സിദ്ധുവിനടുത്ത് ഇരുന്നു..
പൂജാരി നീട്ടിയ താലി സിദ്ധു അവളുടെ കഴുത്തിലേക്ക് ചാർത്തി..
ഒരു നുള്ള് കുങ്കുമത്താൽ സീമന്തരേഖ ചുവപ്പിച്ചു..
വൈഗയുടെ അച്ഛൻ സിദ്ധുവിന് അവളുടെ കൈപിച്ച് കൊടുത്തു..

ഗീതു ഞെട്ടി എഴുനേറ്റു..ഒരു നിമിഷം എന്താണ് സംഭവിച്ചെന്ന് പോലും അവൾക്ക് മനസ്സിലായില്ല..സ്വപ്നം കണ്ടതായിരുന്നു.. അതവളെ ആകെ പരവശയാക്കി..കണ്ടത് സ്വപ്നമാണെങ്കിലും അതിന്റെ അർത്ഥതലങ്ങൾ അവളെ തളർത്തി..കണ്ണുകൾ ചാലിട്ടൊഴുകാൻ തുടങ്ങി.. ബെഡിൽ നിന്നും എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്ത് ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു..എത്ര കുടിച്ചിട്ടും ദാഹം തീരാത്ത പോലെ..ചുവരിലെ ക്ലോക്കിലേക്ക് നോക്കി..പുലർച്ചെ നാലു മണിയാകുന്നേയുള്ളൂ..
രാവിലെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാണ് വിശ്വാസം..ഒരു വേള ഇന്ന് സിദ്ധുവിന്റെ കല്യാണമാണെന്നോർക്കെ ഗീതുവിന് സർവവും നഷ്ടപ്പെടുന്നപോലെ തോന്നി.. സ്വയം വിട്ടുകൊടുത്തതാണ്..ഒന്നു ക്ഷമിച്ചിരുന്നുവെങ്കിൽ ഇന്ന് ഒരിക്കൽ കൊതിച്ച ജീവിതം തിരികെ ലഭിച്ചേനേ.. വൈകിപോയിരിക്കുന്നു..താൻ എടുത്ത തീരുമാനം ഒരു വലിയ തെറ്റായിരുന്നുവെന്ന് ഗീതുവിന്റെ മനസ്സ് പറഞ്ഞപ്പോൾ ബുദ്ധി അതിനെ എതിർത്തു..വീണ്ടും അപകർഷതാബോധം അവളെ വരിഞ്ഞുമുറുക്കി..എങ്കിലും ഹൃദയം അവനെയോർത്ത് തേങ്ങി…
ഹൃദയത്തിൽ ആകാരണമായ വേദന അലയടിച്ചു..അവൻ മറ്റൊരു പെണ്ണിന് താലി ചാർത്തുന്നത് മനസ്സിന്റെ താളിൽ പിന്നെയും പിന്നെയും മിഴിവോടെ തെളിയുമ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ചു..സാധാരണ 6 മണിക്ക് എഴുന്നേറ്റാൽ മതി..പക്ഷേ ഇന്നിനി ഉറക്കം പോലും തന്നെ തേടി വരില്ല..അവൾക്ക് അമ്പത്തിൽ പോകാൻ തോന്നി.. വീടിന് അടുത്തായി തന്നെ ഒരു ശിവപാർവതി ക്ഷേത്രമുണ്ട്.. പാർവതി സമേതനായ ശിവനാണ് പ്രതിഷ്ഠ..അലമാരി തുറന്ന് ഡ്രെസ്സ് എടുത്ത് അതടയ്ക്കുമ്പോഴാണ് കണ്ണാടിയിൽ തന്റെ ഒഴിഞ്ഞ കഴുത്ത് ശ്രദ്ധയിൽ പെട്ടത്..അവൾ രണ്ട് കൈകൊണ്ടും കഴുത്ത് പരാതി..ഇല്ല താലി മാലയില്ല..ഇട്ടിരിക്കുന്ന ഡ്രസ് കുടഞ്ഞു..എന്നിട്ടും കണ്ടിട്ടില്ല.. അവൾ കയ്യിലെ ഡ്രസ് മേശമേലേക്ക് വെച്ച് കട്ടിലിൽ പരാതി..കുറച്ച് കഴിഞ്ഞാണ് കട്ടിലിന് താഴെ കിടക്കുന്ന താലിമാല അവൾക്ക് കിട്ടിയത്..രണ്ട് കൈകൊണ്ടും കോരിയെടുത്തു താലിയിലേക്ക്,സിദ്ധാർത്ഥെന്ന പേരിലേക്ക് ചുണ്ട് ചേർത്തു..അത് കിട്ടാതെവന്ന അത്രസമയം അവൾക്ക് ശ്വാസം പോലും വിലങ്ങിയിരുന്നു..വീണ്ടും ആ മാല കഴുത്തിലേക്ക് ചാർത്തി..
കൊളുത്തടുപ്പിച്ച് നൂലുകൊണ്ട് കെട്ടിയിട്ടു..ഇനിയും നഷ്ടപ്പെട്ട് പോകാതിരിക്കാൻ..ശേഷമവൾ കുളിക്കാനായി ബാത്റൂമിലേക്ക് കയറി(ഒന്നും ഇല്ല…ഇന്നലെ മുഴുവൻ താലിയിൽ അള്ളിപ്പിടിച്ച് കിടപ്പല്ലായിരുന്നോ.,അങ്ങനെ പോയതാണ്..)
കുളിച്ചിറങ്ങി വന്ന് ഒരുങ്ങി..
കുങ്കുമചെപ്പ് തുറക്കാൻ ശ്രമിച്ചതും അത് താഴേക്ക് വീണ് കുങ്കുമം നിലത്തേക്ക് ചിതറി..ഗീതുവിന് സഹിക്കാൻ കഴിയുമായിരുന്നില്ല..
കയ്യിൽ പറ്റിയ സിന്ദൂരം അവൾ നെറുകിലേക്ക് തൊട്ടു..നിലത്തേക്ക് വീണ കുങ്കുമത്തിൽ അവളുടെ കണ്ണീർ തുള്ളികൾ വീണു..(കുട്ടിയുടെ മനസ്സ് ഇവിടെയെങ്ങും അല്ല..സങ്കടത്തതാൽ കൈവിറവിൽകൊണ്ട് ചെപ്പ് താഴേക്ക് വീണത്..പക്ഷേ പേടികൊണ്ട് മനസ്സ് പല വ്യാഖ്യാനങ്ങലും നൽകുന്നതാണ്..)

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പാർവതി സമേതനതായ ഭഗവാനെ തൊഴുമ്പോളും അവളുടെ കണ്ണുകൾ പെയ്തു..

“ഭഗവാനെ,എടുത്ത തീരുമാനം തെറ്റിയിപ്പോയോ എന്നറിയില്ല..
പക്ഷേ.. എന്റെ ഹൃദയം വല്ലാതെ വിങ്ങുന്നു..ഈ വേദന സഹിക്കാനുള്ള ശക്തി തരണേ..
എന്റെ കഴുത്തിൽ ഈ താലി അണിയിച്ച സുമംഗലിയാക്കിയ,
സ്വബോധത്തോടെ അല്ലെങ്കിൽ പോലും എന്നിലെ പെണ്ണിനെ പൂർണ്ണയാക്കിയ സിദ്ധുവേട്ടനെ എനിക്ക് മറക്കാൻ കഴിയില്ല..

ഇന്നലെ വരെയുള്ള സിധുവേട്ടൻ എന്റെ മാത്രം സ്വന്തമാണ്..
ഗീതുവിന്റെ മാത്രം..എന്നാൽ ഇന്ന് വൈഗേച്ചിക്ക് സ്വന്തമാകുന്ന സിദ്ധുവേട്ടനെ സ്നേഹിക്കാൻ എന്റെ മനസ്സിനെ അനുവധിക്കരുതെ..ഇന്നുമുതൽ മറ്റൊരുവളുടെ ഭർത്താവാണ്..
അറിയാതെ പോലും മോഹിക്കുന്നത് പാപമാണ്..

ദേവി ഈ ജന്മത്തിൽ ഇനി ഗീതുവിന് സിദ്ധുവേട്ടനിൽ ഒരധികാരോം ഇല്ല..അടുത്ത ജന്മത്തിലെങ്കിലും എനിക്കെന്റെ പ്രണയം അതിന്റെ എല്ലാ ത്രീവ്രതയോടും കൂടിത്തിരികെ തരണേ..എന്നേം സിദ്ധുവേട്ടൻ പ്രണയിക്കണേ.. എന്റെ ബാക്കിയുള്ള യൗവ്വനവും വാർദ്ധക്യവുമൊക്കെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുകയാണ്..
ദേവി യുഗങ്ങളോളം ഭഗവാൻ വേണ്ടി തപസ്സിരുന്നതല്ലേ..
പ്രപഞ്ചത്തെപോലും പ്രണയം കൊണ്ട് തോല്പിച്ചതല്ലേ. ഇതുവരെ കണ്ണീരല്ലേ എനിക്ക് തന്നിട്ടുള്ളൂ..
ആദ്യമായി ആവശ്യപ്പെടുകയാണ്..
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കെന്റെ സിദ്ധുവേട്ടനെ തിരികെ തരണേ..ഇന്ന് മുതൽ മറ്റൊവളുടെ കൂടെയായാലും സന്തോഷത്തോടെ ജീവിക്കട്ടെ..
ഈ താലി എന്റെ മരണത്തോടെയല്ലാതെ വേർപ്പെടാൻ ഇടവരുത്തരുതേ.”

ഗീതു നെടുമാംഗല്യത്തിനായി പ്രാർത്ഥിച്ചു..അവന്റെ പേരിൽ വഴിപാടുകൾ കഴിപ്പിച്ചു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അവൾ ആരോടും പറയാതെയാണ് വീടുവിട്ടിറങ്ങിയത്..അവളെ കാണാതെ അഭിരാമിയും ത്രേസ്യാമ്മച്ചേടത്തിയും വീടുമുഴുവൻ നോക്കി പേടിച്ചിരിക്കുകയാണ്.. ഒരു വേള അവൾ നാട്ടിലേക്ക് തിരിച്ചുപോയെന്ന് വരെ കരുതി..
പക്ഷേ ഡ്രസ് എല്ലാം ഇരിക്കുന്നത് കണ്ട് അതിന് സാധ്യതയില്ലെന്ന് മനസ്സിലായി..

“അമ്മേ ..ഗീതുവാന്റി വരുന്നു..”

അയാൻ മോന്റെ ശബ്ദം കേട്ട് ഗീതുവിടുത്തേക്ക് അവർ നടന്നു..
അവർക്ക് മുന്നേ അയാൻ ഓടി ഗീതുവിന്റെ മേലേക്ക് കയറിയിരുന്നു..അവൾ അമ്പലത്തിൽ പോയതായിരുന്നുവെന്ന് അവളുടെ കയ്യിലേലും നെറ്റിയിലുമായി തൊട്ട പ്രസാദം കണ്ടവർക്ക് മനസ്സിലായി..

“നീ എന്താ ഗീതു ഒന്നും മിണ്ടാതെ പോയത്..എന്നെ കൂടി വിളിക്കാരുന്നില്ലേ..അതല്ലേൽ ഒന്ന് പറഞ്ഞിട്ട് പോകാരുതാരുന്നോ.. എന്ത് മാത്രം പേടിച്ചെന്നറിയാമോ..??

“നിങ്ങൾ ഉറങ്ങുവല്ലായിരുന്നോ ചേച്ചി..ശല്യപ്പെടുത്തണ്ടന്ന് കരുതി..”

“എന്തു പറ്റി അമ്പലത്തിലൊക്കെ പോകാൻ..??”(അഭിരാമി)

“എൻറെ സിദ്ധുവേട്ടന്റെ കല്യാണം അല്ലേ ഇന്ന്….?”

ഇടറിയ സ്വരത്തോടെ അവൾ പറഞ്ഞവൾ അകത്തേക്ക് നടന്നു..

“ചോദിക്കേണ്ടായിരുന്നു അല്ലേ ചേടത്തി..അവൾക്ക് എന്തുമാത്രം സങ്കടം കാണും…”(അഭിരാമി)

“അതേ കൊച്ചേ..പക്ഷേ പറഞ്ഞിട്ടെന്താ ..ഗീതുക്കുഞ്ഞ് സ്വയം ഉണ്ടാക്കിയതല്ലേ..ആ കൊച്ചൻ തെറ്റൊക്കെ ചെയ്തു..
ശരിയാ പക്ഷേ ഇത്രദൂരം തേടിപിടിച്ച് വന്നപ്പോൾ ഒന്ന് ക്ഷമിക്കാമായിരുന്നു..
ഇപ്പൊ അത്ര കുഴപ്പക്കാരൻ ആല്ലാരുന്നല്ലോ..ചില സമയത്തെ വാശി കാരണം ചെയ്യുന്നത് തിരുത്താൻ പറ്റാത്ത തെറ്റാകും..ദാമ്പത്യ ജീവിതത്തിൽ ചിലപ്പോഴൊക്കെ വിട്ടുവീഴ്‌ച ചെയ്യണം..ആ കൊച്ചന് ഇപ്പോൾ അവളെ വല്യ കാര്യമായിരുന്നില്ലേ..തിരികെ കൊണ്ടുപോകാൻ വന്നതല്ലായിരുന്നോ..ഗീതു മോൾക്ക്
ഇരുപത്തെട്ട് വയ്യസ്സ് പോലും തികച്ചായില്ല..ജീവിതം ഇനി എത്ര മുന്നോട്ട് കിടക്കുവാ..
ഇനിവേറെ ആരും ജീവിതത്തിൽ വേണ്ടന്നോക്കെ പറഞ്ഞാൽ..ഒരു കുഞ്ഞുപോലും ഇല്ല..തമ്പുരാൻ കാർത്താവ് എന്നാ വിധിയാണോ അതിന് വെച്ചിരിക്കുന്നത്..”
(ചേടത്തി)

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗീതു അന്ന് സ്കൂളിൽ പോയില്ല..
ത്രേസ്യമ്മച്ചേടതത്തിയോട് അവളെ നോക്കക്കോണമെന്ന് അഭിരാമി പ്രത്യേകം പറഞ്ഞു..രാവിലെ മുതൽ അവളെ അമ്മുവും ആനന്ദും മാറി മാറി വിളിക്കുന്നുണ്ട്..അവൾ ഫോൺ എടുക്കുന്നേയില്ല..
വൈകിട്ട് അഭിരാമി വന്നപ്പോഴും അവളുടെ മുറി അടച്ചിട്ടിരിക്കുകയായിരുന്നു..

“കൊച്ചേ..ആ കുഞ്ഞ് ഇന്നൊന്നും കഴിച്ചില്ല..ഒരേ കിടപ്പ് തന്നാ..ഇങ്ങനെ പോയാൽ വല്ല ഏനക്കേടും പിടിക്കും..”

അഭിരാമി ഗീതുവിന്റെ മുറിയിലേക്ക് ചെന്ന് അവളെ നിർബന്ധപൂർവം കൊണ്ട് വന്ന് കുറച്ച് ചോറ് കഴിപ്പിച്ചു..മൂന്ന് നാല് പിടി കഴിച്ചപ്പോക്കും മതിയാക്കി അവൾ എണീറ്റു..
റൂമിലേക്ക് തിരിച്ച് ചെന്നപ്പോൾ അമ്മു വിളിക്കുന്നു..ഗീതു കോൾ അറ്റൻഡ് ചെയ്തു..

“ഗീതു..എവിടെയായിരുന്നു നീ..ഫോൺ വിളിച്ചാൽ എന്താ എടുക്കാത്തേ..പേടിച്ചു പോയി ഞാൻ..”

“ഞാൻ ചത്തുകളഞ്ഞെന്ന് കരുതിയോടി..അതിനുള്ള ധൈര്യം ഒന്നും എനിക്കില്ലന്ന് നിനക്കറിയില്ലേ..”

“ഗീതൂ😞😞…”

അമ്മുവിന്റെ സ്വരം നേർത്തു..

“അമ്മു സിദ്ധുവേട്ടന്റെ…??”

“കഴിഞ്ഞു.നിനക്ക് പകരക്കാരിയായി ശ്രീനിലയത്തുണ്ട്..”

ഗീതു കുറച്ച് നേരം ഒന്നും മിണ്ടിയില്ല..അവൾ പെട്ടന്ന് സൈലന്റായത് കണ്ട് അവൾ ഫോൺ വെച്ചൊന്ന് അമ്മു നോക്കി.. ഇല്ല..ലൈനിൽ ഉണ്ട്..

“ഗീതു…..ഗീതു….”

“അമ്മു”

“എന്താ നീയൊന്നും മിണ്ടാതെ നിൽക്കുന്നെ..?”

“ഞാൻ എന്ത് മിണ്ടാനാ..??”

“ഞാൻ എന്താടി പറയേണ്ടത്.
നീയൊന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ..”

“നീയും എന്നെ കുറ്റപ്പെടുത്തുവാണോ അമ്മു..”

“ഇല്ലടി..നീയെന്ത് തീരുമാനം എടുത്താലും കൂടെയുണ്ട്..പക്ഷേ നീ ഇങ്ങനെ നീറി നീറി ജീവിക്കുന്ന കാണാൻ പറ്റുന്നില്ല..ചെറുപ്പവാ നീ..എത്ര നാൾ ഒറ്റക്ക് ജീവിക്കും..?””

“ഇനി ഈ ജീവിതത്തിൽ മറ്റൊരാൾക്കും സ്ഥാനമില്ല..ജീവൻ അനുവദിക്കുന്ന വരെ ഇങ്ങനെ പോകട്ടെ..ഒരു ജോലി ഉണ്ടല്ലോ..
അതോണ്ട് പട്ടിണി കിടക്കേണ്ടി വരില്ല..”

“ഗീതു..😢😢”

“ഒന്നുവില്ലടി..എനിക് സങ്കടം ഇല്ലന്ന് പറയില്ല..ചങ്ക് പൊടിയുവാ..സാരമില്ല ഇതൊക്കെ ശീലമായിക്കോളും..
ഇപ്പൊ എന്തോ വല്ലാത്ത ധൈര്യം തോന്നുന്നു..താങ്ങാൻ ആളുണ്ടങ്കിലല്ലേ തളർച്ച തോന്നുള്ളു..നീ വിഷ്‌മിക്കരുത്..ഒരു കുഞ്ഞ് വയറ്റിലുള്ളതാ..”

“നീയിങ്ങ് തിരിച്ചു വാടി.. ഞങ്ങൾ പൊന്നുപോലെ നോക്കില്ലേ..”

“ആ നാട്ടിലേക്ക് ഒരു മടക്കം വേണൊന്ന് തന്നെ ഞാൻ ചിന്തിക്കുവാ..ചില ഓർമകൾ ഒക്കെ എനന്നേക്കുമായി മറവിക്ക് വിട്ട് കൊടുക്കണം..”

“അപ്പൊ നീ ഞങ്ങളെയും മറക്കുവോ ഗീതു..പറ്റുവോടി..”

“ന്റെ പെണ്ണേ.. നിന്നെ കാണാതെ ഇരിക്കാൻ പറ്റുവോടി..വരും ഞാൻ..ഉടനെയില്ല..നിന്റെ കുഞ്ഞിനെ കാണാൻ വരുവെടി..”

പരസ്പരം ഒരുപാട് സംസാരിച്ചിട്ടാണ് അവർ ഫോൺ വെച്ചത്..

അന്നത്തെ രാത്രി ഗീതുവിനെ നിദ്ര പുൽകിയില്ല.. കണ്ണടയ്ക്കുമ്പോൾ മിഴിവോടെ സിദ്ധു മനസ്സിൽനിറഞ്ഞു നിൽക്കുകയാണ്..ഓർമ്മകളെ കടന്ന് ചെല്ലാൻ അനുവധിക്കാതെ മനസ്സിന്റെ വാതിൽ അടക്കുകയാണ് ഗീതു….ഒരിക്കലും തുറക്കാനാകാത്ത വിധം മറവിയെന്ന താക്കോലുകൊണ്ട്..(തുടരും)