രചന – റോസാ തോമസ്
മാഷ് മമ്മിയോട് സംസാരിച്ചതിനുശേഷം എന്റെ റൂമിൽ വന്നു. കുറച്ചു നേരം വെറുതെ സംസാരിച്ചു.. ഞാനൊന്നും മിണ്ടിയില്ല.. വെറുതെ കേട്ടുകൊണ്ടിരുന്നു…മാഷ് തന്നെ സംസാരിച്ചു മടുത്തു … എന്നിട്ടും മാഷ് നിർത്തുന്നില്ല….. എന്റെ കോലം കണ്ട് എന്നെ കളിയാക്കി.. റൂമിൽ നിന്ന് എണീറ്റ് വരാൻ പറഞ്ഞു.. ഞാൻ ദയനീയമായി മാഷിനെ ഒന്നു നോക്കി.. “എന്തൊരു കോലം ആടോ ഇത്..”
“താൻ ഒന്ന് എണീറ്റ് വന്നേ..” മാഷ് ” എങ്ങോട്ട്? ” ഞാൻ ചോദിച്ചു. ” പുറത്തേക്ക് “.. മാഷ്. ” ഞാൻ ഇല്ല മാഷേ,”ഞാൻ. ” അതിനു ഞാൻ തന്നോട് വരാമോ എന്ന് ചോദിച്ചില്ലല്ലോ വരണം എന്നല്ലേ പറഞ്ഞത് “. അതുപിന്നെ.. ഞാൻ. ” ചേച്ചി ഒന്നും പറയണ്ട. അഞ്ചുമിനിറ്റ് മാഷേ..ഞാൻ ചേച്ചിയെ റെഡിയാക്കാം”… നിയ, അങ്ങനെ ഞങ്ങൾ പുറത്തു പോയി.. നിയ എന്റെ കൂടെ വന്നു.. പപ്പയുടെ അനുവാദത്തോടെയാണ് മാഷ് ഞങ്ങളെ പുറത്തു കൊണ്ടുപോയത്.
വെറുതെ കുറച്ചു നേരം നടന്നു.. കാഴ്ചകൾ കണ്ടു…ബീച്ചിൽ പോയിരുന്നു.. നിയ ഓടിപ്പോയി ഐസ്ക്രീം വാങ്ങിച്ചു കൊണ്ടുവന്നു. അവളുടെ റിസൾട്ട് വന്നതിന്റെ ചെലവാണ് അത്രേ.. അവൾക്ക് നല്ല മാർക്കുണ്ട്.. റിസൾട്ട് വന്നിട്ട് കുറച്ചു ദിവസങ്ങളായി.. റിസൾട്ട് വന്നു എന്ന് പറഞ്ഞ ഓർമ്മ മാത്രമേ ഉള്ളൂ.. കുറച്ചു ദിവസങ്ങളായി മനസ്സ് ശരിയല്ല..ആര് എന്തു പറഞ്ഞാലും മൂളി കേൾക്കും.
ഞങ്ങളെ തിരിച്ചുകൊണ്ട് ആക്കിയിട്ട് മാഷ് പോയി.. പക്ഷേ പിറ്റേദിവസം വീണ്ടും വന്നു.. അങ്ങനെ കുറച്ച് ദിവസങ്ങൾ.. പക്ഷേ എനിക്ക് മാറ്റമൊന്നും ഇല്ലാന്ന് തോന്നിയപ്പോൾ മാഷിന് വിഷമമായി. ” ഡോ തനിക്ക് വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടിയല്ലേ.. കൊച്ചുകുട്ടികളെപ്പോലെ കാര്യങ്ങൾ പറഞ്ഞു തരേണ്ട കാര്യമുണ്ടോ?..” ” മാഷിന് മടുത്തെങ്കിൽ പൊയ്ക്കോളൂ..” ഞാൻ പറഞ്ഞു. അങ്ങനെ പോകാൻ അല്ല ഞാൻ വന്നത്.. മാഷ് ദൃഢതയോടെ പറഞ്ഞു. ഞാൻ മാഷിനെ ദയനീയമായി നോക്കി..
” താൻ നോക്കണ്ട.. ഈ ശല്യം ഒഴിവാക്കുവാൻ ശ്രമിക്കണ്ട… ഞാൻ പോകില്ല.”. മാഷ് പറഞ്ഞു. ” ഐസ്ക്രീം വാങ്ങി തരുവാണെങ്കിൽ ഈ ശല്യം കുറച്ചുകൂടി സഹിക്കാം അല്ലേ ചേച്ചി.”. ഒരു അപശബ്ദം.. നോക്കിയപ്പോൾ നിയ. അപ്പോൾ എല്ലാരും കൂടി ഒത്തു കൊണ്ടാണ്.. അതിന് ഐസ്ക്രീം വാങ്ങി തരും എന്ന് ആര് പറഞ്ഞു.. മാഷ് ചോദിച്ചു. “എന്നാൽ ഞാനില്ല “… നിയ പിണങ്ങി. ” അല്ലെങ്കിലും നാളെ തൊട്ടു നിന്നെ കൊണ്ടു പോകുന്നില്ല.” മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. അതെന്താ..? പ്ലസ് വൺ ക്ലാസ് തുടങ്ങി എന്ന് മോളു മറന്നുപോയോ.. അങ്ങോട്ടേക്ക് വന്നു കൊണ്ട് മമ്മി പറഞ്ഞു.
ഓ.. അതു ശരിയാണല്ലോ.. നിയ പറഞ്ഞു.. ” എന്നാൽ ചേച്ചിയും വരുന്നില്ല.. അങ്ങനെ നിങ്ങൾ എന്നെ കൂട്ടാതെ ഐസ്ക്രീം കഴിക്കണ്ട.. ” ” ഓ..നമിചിരിക്കുന്നു.. ഇന്ന് എന്റെ വക സ്പെഷ്യൽ ചിലവ്… എന്തുവേണമെങ്കിലും പറയാം”.. മാഷ് തൊഴുതുകൊണ്ട് പറഞ്ഞു. ആണോ എന്തു ചിലവ്… ” അല്ല…നാളെ നിയയുടെ സ്കൂൾ തുറക്കുവാണല്ലോ അതിന്റെ ചിലവ്..” മാഷ് പറഞ്ഞു.. എനിക്ക് ചിരി വന്നു… ആ അങ്ങനെയാണോ എന്നാൽ ശരി.. എല്ലാം വാങ്ങിച്ചോളൂ.. നോം സ്വീകരിച്ചിരിക്കുന്നു..
പക്ഷേ ഒരു കാര്യം.. നാളെ തൊട്ട് നിങ്ങൾ പുറത്തു പോകുമ്പോൾ ഐസ്ക്രീം മാത്രം കഴിക്കാൻ പാടില്ല.. വേറെ എന്ത് വേണം എങ്കിലും കഴിച്ചോ.. അങ്ങനെ ആയിക്കോട്ടെ.. മാഷ് പറഞ്ഞു. ആയാൽ നിങ്ങൾക്ക് കൊള്ളാം.. വെറുതെ ലൂസ് മോഷൻ ഉണ്ടാക്കാൻ നിക്കണ്ട.. എന്റെ ശാപം വെറുതെ പോകാറില്ല.. ചാടിത്തുള്ളി കൊണ്ട് അവൾ കാറിനടുത്തേക്ക് പോയി… മാഷേ പൊട്ടിച്ചിരിക്കുന്നത് കണ്ടു.. എനിക്കും ചിരി വന്നു..
തന്റെ ഭാഗ്യമാണ് ഇങ്ങനത്തെ ഒരു കുടുംബം.. എന്നിട്ടാണ് താൻ ഇങ്ങനെയൊക്കെ എല്ലാവരെയും വിഷമിപ്പിക്കുന്നത്… പിന്നെ നാളെ നമുക്ക് ഒരിടം വരെ പോകണം കേട്ടോ.. എവിടേക്ക് ആണെന്ന് ഞാൻ ചോദിച്ചില്ല.. കുറച്ചു ദിവസമായിട്ട് ഞാൻ ഇങ്ങനെ നൂലിൽ കെട്ടിയിട്ട തുമ്പിയെ പോലെ ആണ്.
അന്നത്തെ ദിവസം നിയ ഒരു ആഘോഷമാക്കി മാറ്റി.. 5 ഐസ്ക്രീം ഒറ്റയിരുപ്പിന് തീർത്തു.. ഇനിയും കഴിച്ചാൽ പ്രശ്നം ആകുമല്ലോ എന്നോർത്ത് ഞാൻ തടഞ്ഞു.. അതിന് പിണങ്ങിയ നിയയുടെ പിണക്കം തീർക്കാൻ മാഷ് ഒരു തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കേണ്ടി വന്നു. ആദ്യമായാണ് പുറത്തുനിന്ന് ഒരാളുടെ കൂടെ ഞങ്ങൾ പോകുന്നത്.. പപ്പാ മറ്റൊരാളുടെ കൂടെ ഇങ്ങനെ വിടുന്നത് ഒന്നുമല്ല .. പപ്പാ വല്ലപ്പോഴുമൊക്കെ പുറത്തു കൊണ്ടുപോകും.. അല്ലെങ്കിൽ പപ്പയുടെ അനിയന്മാരുടെയോ മക്കളുടെയോ കൂടെ മാത്രം … ഇതിപ്പോ ജോണി അങ്കിൾ പറഞ്ഞ് സമ്മതിപ്പിച്ചത് ആണെന്ന് തോന്നുന്നു.. എന്റെ ഇപ്പോഴത്തെ മൂഡ് ഔട്ട് മാറാൻ.. ജോണി അങ്കിൾ ഇപ്പോൾ എന്നെ എല്ലാ ദിവസവും ഫോണിൽ വിളിക്കും.. ഇടയ്ക്കിടെ വീട്ടിൽ വരും..
വൈകുന്നേരം ആയപ്പോൾ സിനിമ കഴിഞ്ഞു, പുറത്തുനിന്ന് ഫുഡും കൂടി കഴിച്ചിട്ടാണ് ഞങ്ങൾ മടങ്ങിയത്. അങ്ങനെ പിറ്റേന്ന് രാവിലെ ഞങ്ങൾ ഇറങ്ങി.. ആ യാത്ര എത്തി ചേർന്നത് ഒരു ചെറിയ കെട്ടിടത്തിനു മുൻപിൽ ആണ്. ഡോക്ടർ മാലിനി…. സൈക്കോളജിസ്റ്റ്… ബോർഡ് വായിച്ചു ഞാൻ ഭയന്നു. എനിക്ക് വലിയ മനപ്രയാസം ഉണ്ടായി.” എനിക്ക് പറ്റില്ല മാഷേ”.. ഞാൻ പറഞ്ഞു.
” മാലിനി ഒരു സൈക്കോളജിസ്റ്റ് ആണ്.. അതിലുമുപരി എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആണ്.. തന്റെ പപ്പയ്ക്ക് അത്ര സമ്മതം ഒന്നും അല്ലായിരുന്നു.. എന്റെ നിർബന്ധം കൊണ്ട് മാത്രം സമ്മതിച്ചതാണ്.. ഇത് ഒരു കൺസൽട്ടേഷൻ ഒന്നുമല്ല ഒരു സൗഹൃദ സംഭാഷണം ആണ് എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. അതുതന്നെയാണ് എനിക്ക് തന്നോടും പറയാനുള്ളത്. പിന്നെ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റ് ഉം രണ്ടും രണ്ടാണ് എന്ന് തന്നോട് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. തന്റെ മനസ്സിലെ ടെൻഷനും പേടിയും ഒക്കെ ഒന്നു മാറണം.. ഈ മൂഡ് ഒക്കെ മാറി പഴയതുപോലെ ആവണം… അത്രയേയുള്ളൂ.
” പിന്നെ തന്റെ എല്ലാ കാര്യങ്ങളും ഞാൻ മാലിനിയോട് പറഞ്ഞിട്ടുണ്ട്.. താനായിട്ട് ഒന്നും പറയേണ്ട കാര്യവുമില്ല.. ആ പിന്നെ തിരിച്ചു പോകുമ്പോൾ തന്നോട് പറയാൻ ഒരു സസ്പെൻസ് ഉണ്ട് കേട്ടോ.. ഓ സോറി ഒന്നല്ല രണ്ട്.. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല..എല്ലാം തലയാട്ടി കേട്ടു. അവിടെ ചെന്ന് അവരെ ഫെയ്സ് ചെയ്ത സംസാരിക്കാനുള്ള തയ്യാറെടുപ്പ് മനസ്സുകൊണ്ട് എടുത്തു. സംസാരിക്കാതെ തിരിച്ചുപോകാൻ സമ്മതിക്കില്ലല്ലോ.. രണ്ടും കൽപ്പിച്ച് ബോഡിഗാർഡ് തുനിഞ്ഞിറങ്ങി ഇരിക്കുകയല്ലേ.. അങ്ങനെ ഞങ്ങൾ അകത്തേക്ക് കയറി.. നല്ല പ്രസരിപ്പും പ്രസന്നതയും ഉള്ള മുപ്പത് വയസ്സ്നോട് അടുത്ത പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ..
അവിടെ ചെന്നിരുന്നപ്പോൾ മുതൽ അവർ രണ്ടുപേരും കൂടി സംസാരിക്കാൻ തുടങ്ങി .. ഭയങ്കര വർത്തമാനം.. ഇനി എന്റെ കാര്യം മറന്നു പോയോ.. എന്ന് ചിന്തിച്ച്അ പ്പോഴേക്കും അവർ എന്നെ വിളിച്ചു.. “ഡോ താൻ എന്താ ആലോചിക്കുന്നത്..” മാഷാണ്.. ആഹാ അതു കൊള്ളാം ഇത്രയും നേരം മൈൻഡ് പോലും ചെയ്യാതെ ഇരുന്നിട്ട് ഇപ്പോൾ എനിക്ക് ആയി കുറ്റം.. ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോ ഇതാണ് മാലിനി. ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചതാണ്. അപ്പോൾ ഇനി നിങ്ങൾ സംസാരിക്ക്.. ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞ് മാഷ് പുറത്തേക്കു പോയി.
ബിജോ തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. ഞങ്ങൾ ഫ്രണ്ട്സ് ഒക്കെ അവനെ ബിജോ എന്നാണ് വിളിക്കുന്നത് കേട്ടോ.. അങ്ങനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി.. ഒരു ഫ്രണ്ട്‌ലി ടോക്കിങ് ആയിട്ട് തന്നെയാണ് എനിക്ക് തോന്നിയത്.. എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ പേടിയെ കുറിച്ചും വിറയലിയനെ കുറിച്ചും ഒക്കെ പറഞ്ഞു… ഉറക്കമില്ലായ്മയെക്കുറിച്ചും…എത്രയോ രാത്രികൾ ആയി ഞാൻ ഉറങ്ങിയിട്ട്… രാത്രിയിൽ ഉറക്കം കിട്ടാതെ കണ്ണ് തുറന്നു കിടക്കുന്ന അവസ്ഥ ഭീകരമാണ്.. അത് എന്റെ ഒരു വലിയ പ്രശ്നമായിരുന്നു..
മാലിനി മാം എനിക്ക് എല്ലാത്തിനുമുള്ള മറുപടി തന്നു. ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിച്ചു.. ” നീലിമ… ഈ ഉറക്കമില്ലായ്മ വലിയ പ്രശ്നം ഒന്നും അല്ല.. പലകാര്യങ്ങളെക്കുറിച്ചും ആലോചിച്ചിട്ട് ടെൻഷനടിച്ചു ഉറക്കം നഷ്ടപ്പെടുത്തുന്നു എന്നേ പറയാൻ പറ്റു..” “ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും സമചിത്തതയോടെ, ശാന്തതയോടെ നേരിടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.. അതിനുള്ള ധൈര്യം ആണ് ആദ്യം വേണ്ടത്. ഏതുകാര്യവും ശാന്തമായി നേരിടുക. തനിക്ക് ഒരു പ്രശ്നവുമില്ല.. പിന്നെ ഇങ്ങനെയൊക്കെ പറയാൻ എളുപ്പമാണ്.. അനുഭവത്തിൽ വരുമ്പോൾ ആരായാലും പേടിക്കും…ഏതൊരു പെൺകുട്ടിക്കും വരാവുന്ന ചില ബുദ്ധിമുട്ടുകൾ.. താൻ അതിനെ നേരിട്ടു കഴിഞ്ഞു. ഞാൻ തന്നോട് ഒന്ന് രണ്ടു ചോദ്യങ്ങൾ ചോദിക്കാം. അതിന്റെ മറുപടി താൻ പറയണമെന്നില്ല…ഒന്നു മനസ്സിൽ ആലോചിച്ചാൽ മതി.”
“നീലിമയുടെ ഫാമിലിയെ കുറിച്ച് ഒക്കെ ബിജോ എന്നോട് പറഞ്ഞിട്ടുണ്ട്.. നല്ല സ്നേഹമുള്ള ഒരു ഫാമിലി.. നിങ്ങളുടെ എല്ലാ കാര്യങ്ങളും പപ്പാ അല്ലെ നോക്കുന്നത്.. പപ്പയ്ക്ക് എന്തെങ്കിലും ഒരു അസുഖം വന്നു വീട്ടിൽ ഇരിക്കേണ്ടി വന്നു എന്ന് ആലോചിച്ചുനോക്കൂ.. ജോലി ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ..” വെറുതെ ഒന്ന് സങ്കൽപ്പിച്ചാൽ മതി കേട്ടോ.. അപ്പോൾ നീലിമ എന്തു ചെയ്യും? ഞാൻ ആലോചിച്ചു എന്ത് ചെയ്യും.. എന്നിൽ നിന്ന് മറുപടി ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും, മാലിനി മാം തന്നെ പറഞ്ഞു തുടങ്ങി..
അങ്ങനെ ഒരു അവസ്ഥ വന്നാൽ, പപ്പയെ വീട്ടിൽ നോക്കാൻ തന്റെ മമ്മി അവിടെ ഇരിക്കേണ്ടിവരും.. പിന്നെ ബന്ധുക്കളൊക്കെ കാണും.. പക്ഷേ അവർക്ക് അതിനൊരു പരിധിയുണ്ട്.. പിന്നെ ഉള്ളത് നീലിമയാണ്…നീലിമ ആണെങ്കിൽ പഠനം കഴിഞ്ഞു നിൽക്കുന്നു.. തനിക്ക് ജോലിക്ക് പോവാം.. പിന്നെ താൻ എന്ത് ചെയ്യും? ” എന്ത് ചെയ്യാൻ”..ഞാൻ അറിയാതെ ചോദിച്ചു പോയി.
” ജോലി കിട്ടി എന്ന് വിചാരിക്കുക.. അതുകൊണ്ട് കാര്യങ്ങൾ കഴിഞ്ഞോ.. ഇല്ല.. വീട്ടുകാര്യങ്ങൾ ഉണ്ട്..ഹോസ്പിറ്റൽ കൊണ്ടു പോകേണ്ടിവരും ഹോസ്പിറ്റലിൽ ഡോക്ടറോട് സംസാരിക്കണം… ബില്ല് പേ ചെയ്യണം..സംസാരിക്കണം…വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യണം.. അനിയത്തിയുടെയും അമ്മയുടെയും കാര്യങ്ങൾ… അത്രയും പറഞ്ഞപ്പോഴേക്കും മാം പെട്ടെന്ന് നിർത്തി.. അതിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല. ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ ഏതൊരു പ്രതിസന്ധി വന്നാലും പിടിച്ചു നിൽക്കാനും കാര്യങ്ങളൊക്കെ തനിയെ തീരുമാനമെടുത്ത ചെയ്യാനുമുള്ള കഴിവ് ഉണ്ടാക്കിയെടുക്കണം എന്നതാണ്.”
” അതുകൊണ്ടാണ് പറയുന്നത് കുഞ്ഞുനാൾ മുതലേ കുട്ടികളെ ചെറിയ ചെറിയ കാര്യങ്ങൾ തനിയെ ചെയ്യിക്കാനും തീരുമാനമെടുക്കാനും പരിശീലിപ്പിക്കണം എന്ന്.തനിക്ക് ഭാവിയിലേക്കുള്ള കാര്യം കൂടിയാണ് ഞാൻ പറഞ്ഞത്..” ” ഇനി അടുത്ത ചോദ്യം.. തനിയെ ഒരു രാത്രിയിൽ വഴിയിൽ പെട്ടുപോയാൽ നീലിമ എന്ത് ചെയ്യും..? ഞാൻ ആദ്യമേ തന്നെ പറഞ്ഞല്ലോ നീലിമ,.. ഇതിന് ഉത്തരം പറയണം എന്നൊന്നും ഇല്ല.. മനസ്സുകൊണ്ട് ആലോചിച്ചാൽ മതി..
ഇതിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ട്… അതിൽ ചിലത്.. ഇങ്ങനെ ഒരു അവസരം ഒഴിവാക്കാം.. പിന്നെ പെട്ടു പോയെങ്കിൽ, തനിച്ച് സഞ്ചരിക്കുന്ന ഒരു പെൺകുട്ടിയുടെ കയ്യിൽ ഫോൺ കാണണമെന്ന് ഞാൻ ആദ്യം പറയും. ഫോൺ ഉപയോഗിച്ച് നിനക്ക് ആരെ വേണമെങ്കിലും വിളിക്കാം.. കൂട്ടുകാരെയോ വീട്ടുകാരെ യോ അഥവാ ഏതെങ്കിലും ഹെൽപ്പ് ലൈൻ നമ്പർ നമ്പരോ.. ഉപയോഗിക്കാം. പിന്നെ പെൺകുട്ടികളുടെ കയ്യിൽ കാണണ്ട കുറച്ച് സാധനങ്ങൾ ഉണ്ടല്ലോ… മുളകുപൊടി സേഫ്റ്റി പിന്ന് അങ്ങനെ.. കളരി പഠിക്കുന്ന പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഇപ്പോൾ സാധാരണമാണ്. അങ്ങനെ ഒരുപാട് വഴികളുണ്ട്. പക്ഷേ ധൈര്യം ഉണ്ടാവണം എന്നുള്ളതാണ് അടിസ്ഥാന കാര്യം.
അങ്ങനെ കുറെ ചോദ്യങ്ങൾ എന്നോട് ചോദിച്ചു.. ഉത്തരവും പറഞ്ഞുതന്നു.. പേടിയൊക്കെ മാറി ധൈര്യം വരാൻ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ.. കുറച്ചു കഴിഞ്ഞപ്പോൾ അങ്ങോട്ട് എന്തും പറയാനുള്ള കുറച്ച് ധൈര്യം ഒക്കെ വന്നു. മാം എന്നുള്ള വിളി ചേച്ചി എന്നായി.. അപ്പോൾ എന്റെ മനസ്സിൽ ഒളിഞ്ഞിരുന്ന ഒരു കുറ്റബോധം അറിയാതെ ചോദ്യമായി പുറത്തു വന്നു. അത് ജിത്തുവിന്റെ കാര്യമായിരുന്നു. ”
ചേച്ചി.. എന്തൊക്കെയായാലും ജിത്തുവിന്റെ പേരിൽ കേസ് ആയില്ലേ.. അതിൽ എനിക്കൊരു കുറ്റബോധമുണ്ട്.. ഞാൻ പറഞ്ഞു. ” ആഹാ അപ്പോൾ ഇത് കുറച്ചുകൂടെ തുടർന്നു പോയി.. ഒരു ആസിഡ് ആക്രമണമോ കൊലപാതകമോ… ആത്മഹത്യയോ ആവണം ആയിരുന്നോ.. ” അതുകേട്ട് ഞാൻ പകച്ചു പോയി.. അതേടോ…ഇപ്പോഴത്തെ കുട്ടികളുടെ ഒരു പ്രശ്നമാണിത്.. മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നേ പറയാൻ പറ്റൂ… തുടക്കം ഇങ്ങനെ ഫോൺവിളികൾ ഒക്കെ ആവാം.. പിന്നീട് പെൺകുട്ടികൾ ശല്യം സഹിക്കാതെ നിരസിച്ചു കഴിയുമ്പോൾ ആസിഡ് ആക്രമണം.. വെട്ടി കൊലപ്പെടുത്തൽ.. ആത്മഹത്യ… അങ്ങനെ പല വലിയ പ്രശ്നങ്ങളും ആകും.. സ്നേഹം കൊടുത്ത് ശിക്ഷിച്ച് കുട്ടികളെ വളർത്തുക…
അങ്ങനെ അന്ന് സംസാരിച്ച് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ നിന്ന് ജിത്തു എന്ന അധ്യായം ഞാൻ എടുത്തുകളഞ്ഞു പൂർണമായും …ഒരുപാട് കാര്യങ്ങളും ഉപദേശങ്ങളും തന്നാണ് ചേച്ചി വിട്ടത്. ഉറങ്ങാനുള്ള കുറച്ചു ടിപ്സുകളും വ്യായാമങ്ങളും ഒക്കെ തന്നു… ചേച്ചിയുടെ ഫോൺ നമ്പരും എപ്പോൾ വേണമെങ്കിലും വിളിക്കാം..
” എന്തോ സസ്പെൻസ് പറയാനുണ്ട് എന്നൊക്കെ പറഞ്ഞിട്ട്..? ” അവിടെനിന്ന് തിരിച്ചപ്പോൾ ഞാൻ മാഷിനോട് ചോദിച്ചു.. പറയാടോ ധൃതി പിടിക്കാതെ..കാർ നേരെ ബീച്ചിലേക്ക് ആണ് പോയത്… ബീച്ചിലൂടെ നടന്നപ്പോൾ മാഷ് സംസാരിച്ചുതുടങ്ങി. ഒന്നാമത്തെ സസ്പെൻസ്.. താൻ കണ്ണടച്ച് കൈയൊന്നു നീട്ടൂ.. ഞാൻ കണ്ണടച്ച് നിന്നു.. എന്റെ കയ്യിൽ എന്തോ വച്ചു എന്നു തോന്നി.. കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു ചെറിയ കവർ.. കവർ എടുത്തു നോക്കിയപ്പോൾ അതിൽ ഒരു ലെറ്റർ..
” അതൊരു അപ്പോയിമെന്റ ഓർഡറാണ്..” ” അതിന് ജോലിക്ക് ഞാൻ അപ്ലൈ ചെയ്തില്ലല്ലോ..” ” ഞാൻ അപ്ലൈ ചെയ്തു… തന്റെ പേരിൽ.. എന്തേ കുഴപ്പമുണ്ടോ? ” ഇല്ല എന്ന് ഞാൻ തലയാട്ടി. എന്റെ ഒരു സുഹൃത്ത് വഴിയാണ്… ഒരു കമ്പനിയിൽ.. ബാംഗ്ലൂരിലാണ്.. യ്യോ.. ബാംഗ്ലൂരിലോ..ഞാൻ ചോദിച്ചു. “അതിനെന്താ..?” മാഷ് കൂളായി ചോദിച്ചു.” അല്ല ഞാൻ തനിച്ച്..” അതെന്താ അവിടെ തന്നെ ആരെങ്കിലും പിടിച്ചു വിഴുങ്ങുമോ?”.. മാഷ് ചോദിച്ചു.
താൻ വീട്ടുകാരുമായി ആലോചിച്ച് ഒരു തീരുമാനം എടുക്കു.. താമസസൗകര്യങ്ങൾ ഒക്കെ എന്റെ ഫ്രണ്ട് അറേഞ്ച് ചെയ്യും. ഇനി അടുത്തത്.. ഇതൊരു സസ്പെൻസ് ഒന്നുമല്ല കേട്ടോ..ഒരു കാര്യം പറയണം എന്നു തോന്നി.. ഇനി അടുത്തത് എന്താണാവോ.. ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ അതു കേട്ടതും ഞാൻ ഞെട്ടി. “എനിക്ക് തന്നെ ഇഷ്ടമാണ്”….

by