രചന – ആർദ്ര അമ്മു
ഏറെനേരത്തെ സംസാരത്തിന് ശേഷം ഋഷി കാൾ കട്ട് ചെയ്തു. പതിയെ ബെഡിലേക്ക് കിടന്നു. മനസ്സ് വളരെ ശാന്തമായിരുന്നു മറ്റൊരു ചിന്തയും അവനെ അലട്ടിയില്ല. കണ്ണുകളടച്ചവൻ നന്ദുവിനെ മനസ്സിൽ കണ്ടു സ്വസ്ഥമായി കണ്ണുകളടച്ചു. ശ്രീയുടെ മനസ്സിലും അപ്പോൾ നിറഞ്ഞു നിന്നത് അവനായിരുന്നു. ഇത്രയേറെ തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മറ്റൊരു മുഖമില്ല ഇന്നോളം ആരുടെ നോട്ടത്തിലും പതറി നിന്നിട്ടില്ല. ഋഷിയുടെ ചെറിയൊരു മൗനം പോലും തന്നെയേറെ വേദനിപ്പിക്കും. ഇന്നേവരെ ആരെന്തു വഴക്ക് പറഞ്ഞാലും കൂസാത്ത താൻ ഋഷിയൊന്ന് ദേഷ്യപ്പെട്ടാൽ കണ്ണുനിറയ്ക്കുന്നു.
നീയാണെന്റെ പ്രണയം നിന്നിലൂടെ ആണ് ഞാൻ പുതിയൊരു ലോകം കണ്ടത്. നിനക്കായി മാത്രമാണ് എന്റെ ഹൃദയം തുടിക്കുന്നത്. എന്ത് ചിന്തിച്ചാലും അതിന്റെ അവസാനം നിന്നിലാണ്. ഓരോ ദിവസവും തുടങ്ങുന്നതും ഒടുങ്ങുതും നിന്നിലാണ്. നിന്നെ കണ്ടത് മുതലാണ് ജീവിതത്തിനർത്ഥം വന്നത് പോലും. നീയില്ലാതെ ഇനി ഞാനില്ല. അവളുടെ മനസ്സ് മന്ത്രിച്ചു. ഓരോന്നാലോചിച്ചവൾ കിടന്നു. ചിന്തകളെ കീറി മുറിച്ചു കൊണ്ടവളുടെ ഫോൺ ശബ്ദിച്ചു. *Niranjan calling* ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവളുഴറി. *ഇന്ന് തന്നെ നീയവനോടെല്ലാം തുറന്നു പറയണം*
ഋഷിയുടെ വാക്കുകൾ ഓർമ്മയിൽ വന്നപ്പോൾ പലതും മനസ്സിലുറപ്പിച്ചു ധൈര്യപൂർവ്വം കാൾ അറ്റൻഡ് ചെയ്തു ചെവിലേക്ക് വെച്ചു. ഹലോ………. ശ്രീക്കുട്ടി………. ആഹ്. ഉച്ചക്ക് വിളിച്ചപ്പോൾ ഒരു മറുപടി തരുന്നതിനു മുന്നേ കാൾ കട്ടായി പോയല്ലോ. പിന്നെ വിളിച്ചിട്ട് കിട്ടിയില്ല അതുകൊണ്ട് വല്ല എമർജൻസി കേസും കാണും എന്നുകരുതി നീയൊന്ന് സ്വസ്ഥമായിട്ട് വിളിക്കാം എന്ന് കരുതി. അവന്റെ സംസാരം കേട്ടവൾക്ക് വിഷമം തോന്നി.
കഴിച്ചോ ശ്രീക്കുട്ടി???? മ്മ്മ് കഴിച്ചു. രഞ്ജുവോ????????? ഞാനും കഴിച്ചു. രഞ്ജു എനിക്കൊരു കാര്യം പറയാനുണ്ട്. ഹാ അതിനെന്താ ഇത്ര മുഖവുര താൻ പറയെടോ. അത് പിന്നെ രഞ്ജു ഞാൻ തന്നെ ഒരിക്കലും ഒരു ലൈഫ് പാർട്ണറുടെ സ്ഥാനത്തു കരുതിയിട്ടില്ല അങ്ങനെ ഇനി കരുതാനും സാധിക്കില്ല കാരണം രഞ്ജുവിനെ ഞാൻ കണ്ടത് ഒരു ഫ്രണ്ട് എന്നതിലുപരി എന്റെ അഭിയേട്ടന്റെ സ്ഥാനത്താണ്. രഞ്ജുവിന് ഇങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തിരുത്തിയേനെ പക്ഷെ രഞ്ജു ഇതെന്നോട് പറഞ്ഞപ്പോൾ അതിനൊന്നും പറ്റാത്ത അവസ്ഥയിലായിപ്പോയി ഞാൻ. പലപ്പോഴും പറയാനായി ശ്രമിക്കുമ്പോഴെല്ലാം താനെന്നെ തടഞ്ഞു. ഇനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ തനിക്കിതൊന്നും ചിലപ്പോൾ അക്‌സെപ്റ്റ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. രഞ്ജു എന്നെ മനസ്സിലാക്കണം. പഴയത് പോലെ എന്നെ നല്ലൊരു ഫ്രണ്ടായി കാണണം പ്ലീസ്.. ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.
കഴിഞ്ഞോ?????? എന്ത്?????? അല്ല പറഞ്ഞു കഴിഞ്ഞൊന്ന്. അവൾ തിരിച്ചു മറുപടി ഒന്നും കൊടുത്തില്ല. നീ ഇതൊക്കെ തന്നെ പറയും എന്നെനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാ സമയം തന്നതും. ശ്രീക്കുട്ടി നിനക്കെന്നെന്നെ ഒരു ലൈഫ് പാർട്ണറുടെ സ്ഥാനത്ത് എന്ന് കാണാൻ കഴിയുന്നോ അതുവരെ വെയിറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ് കാരണം ഞാൻ അത്രത്തോളം നിന്നെ സ്നേഹിക്കുന്നുണ്ട്. നിന്റെ പ്രശ്നങ്ങളെല്ലാം തീരുന്നത് വരെ ഞാൻ കാത്തിരുന്നോളാം.
ഇല്ല രഞ്ജു എനിക്കൊരിക്കലും തന്നെ ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല കാരണം ആ സ്ഥാനത്ത് ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരാളുണ്ടിപ്പോ. അവളുടെ മറുപടി കേട്ട് നിരഞ്ജൻ തറഞ്ഞിരുന്നു പോയി. ശ്രീ….. ശ്രീക്കുട്ടി നീയിപ്പോ എന്താ പറഞ്ഞത്???? ഇടറിയ സ്വരത്തിൽ അവൻ ചോദിച്ചു.
അതേ രഞ്ജു ഞാനിപ്പോൾ ജീവനുതുല്യം ഒരാളെ സ്നേഹിക്കുന്നുണ്ട് മറ്റാരേക്കാളും എന്തിനേക്കാളും ഞാനെന്റെ ഋഷിയേട്ടനെ സ്നേഹിക്കുന്നുണ്ട്. ഒരാളെ പോലും എന്റെ പ്രശ്നങ്ങളിലേക്ക് വലിച്ചിടില്ല എന്ന് മനസ്സിൽ ഉറപ്പിച്ച എന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ച ഋഷിയേട്ടനെ മറന്ന് എനിക്കൊരു ജീവിതമില്ല. എന്റെ പ്രശ്നങ്ങൾ എല്ലാം തന്നെ അറിഞ്ഞിട്ടും എന്റെ കൂടെ എന്തിനും ഉണ്ടെന്ന് പറഞ്ഞു എന്നെ സംരക്ഷിക്കുന്ന ആളെ മറന്നു വേറൊരാളെ എനിക്ക്… എനിക്ക്…… എനിക്ക് പറ്റില്ല രഞ്ജു…. അവൾ കരഞ്ഞു പോയി. ഋഷിയെ ആദ്യമായി കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു.
അവളുടെ സംസാരത്തിൽ നിന്നവൻ അറിയുകയായിരുന്നു ഋഷിയെ അവളെത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവന്റെ ഹൃദയം വിങ്ങി. എനിക്ക് നിന്നെ മനസ്സിലാവുന്നുണ്ട് ശ്രീക്കുട്ടി. ഞാൻ….. ഞാൻ…. വെറുതെ ഓരോന്ന്….. ഹാ പോട്ടെ നീ ഋഷിയോടൊപ്പം സന്തോഷവതിയാണല്ലോ. ജാനു ആന്റി പോലും സമ്മതം തന്നില്ലേ? അല്ലെങ്കിലും നിന്റെ സെലെക്ഷൻ മോശമാവില്ലല്ലോ. ഞാൻ പറഞ്ഞതൊക്കെ മറന്നോട്ടോ എന്ന് കരുതി പഴയത് പോലെ എന്നോട് മിണ്ടാതിരിക്കരുത് എനിക്ക് നിന്നെയും ആമിയെയും പഴയത് പോലെ തന്നെ വേണം.
താങ്ക്സ് രഞ്ജു എന്നെ മനസ്സിലാക്കിയതിന്. നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പിന്നെ ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ???? എന്തായാലും നാളെ ഞാൻ വിളിക്കാം എനിക്കും സംസാരിക്കണം നിന്റെ ഋഷിയേട്ടനോട് എന്റെ ഭാവി അളിയനല്ലേ????? അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അപ്പൊ ശരി ഞാൻ വെക്കുവാ. ഗുഡ് നൈറ്റ്. ഗുഡ് നൈറ്റ് രഞ്ജു. കാൾ കട്ട് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണിൽ നിന്നൊരു നീർതുള്ളി ഇറ്റു വീണു.
ഒരുപാട് സ്നേഹിച്ചിരുന്നു അവളുടെ കുറുമ്പുകളെ കുഞ്ഞു കുഞ്ഞു പിണക്കങ്ങളെ വാശികളെ ദേഷ്യത്തെ അതിനേക്കാളുപരി ആരെയും സഹായിക്കാൻ മടിയില്ലാത്ത എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന അവളുടെ മനസ്സിനെ. പാടില്ല ഇനി അവൾ തനിക്ക് നല്ലൊരു സുഹൃത്ത് മാത്രമായിരിക്കണം. ആമിയെ പോലെ അവളെയും പണ്ടത്തെ പോലെ കണ്ടു സ്നേഹിക്കണം. അവളുടെ സ്വഭാവം അറിയാവുന്ന ഞാൻ ഒരിക്കലും അവളെ മറ്റൊരു തരത്തിൽ കാണരുതായിരുന്നു എല്ലാം എന്റെ തെറ്റാണ്. തിരിഞ്ഞും മറിഞ്ഞും അവൻ കിടന്നു.
ശ്രീലകത്തു തറവാട്ടിൽ രഞ്ജുവിനും ശ്രീക്കുട്ടിക്കും ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോയിൽ നോക്കി ഇരിക്കുകയായിരുന്നു ആമി. അവിടുന്ന് പോയത് മുതൽ ശ്രീയുടെ ഒരു വിവരങ്ങളും അവൾ അറിഞ്ഞിരുന്നില്ല. അവൾ എവിടെ ആണെന്നറിയാതെ ആമിയുടെ മനസ്സ് വേദനിച്ചു. എങ്കിലും ജാനു ഒപ്പം ഉണ്ടല്ലോ എന്ന് കരുതി അവൾ ഇവിടുത്തെക്കാളും സുരക്ഷിതയാണെന്ന് വിശ്വസിച്ചു. ശ്രീ പോയത് മുതൽ അഭിയും അവളോട് മിണ്ടാറില്ല എന്നും വിളിക്കുന്ന രഞ്ജുവും അതിന് ശേഷം അവളെ ഒന്ന് വിളിക്കാറ് കൂടിയില്ല. എല്ലാം കൂടി ഒറ്റപെട്ടു പോയിരുന്നു അവൾ. കരഞ്ഞുകൊണ്ടവൾ ടേബിളിൽ തല വെച്ച് കിടന്നു.
ആമി മോളെ വാ വന്നു ഭക്ഷണം കഴിക്ക്… സരസ്വതി വിളിക്കുന്നത് കേട്ട് കണ്ണ് തുടച്ചു എഴുന്നേറ്റു വാഷ്‌റൂമിൽ പോയി കയ്യും മുഖവുമെല്ലാം കഴുകി റൂമിൽ നിന്നിറങ്ങി. എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നത് കണ്ട് അവൾ അവളുടെ സ്ഥാനത്ത് പോയിരുന്നു. അവിടെ ഇരുന്ന അവളുടെ കണ്ണുകൾ തൊട്ടപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്ന ചെയറിലേക്ക് പോയി. ശ്രീയുടെ കൂടെ ഇരുന്നു തമാശ പറഞ്ഞും കുസൃതി കാണിച്ചും ഭക്ഷണം കഴിച്ച ഓർമ്മകൾ മനസ്സിലേക്കിരച്ചെത്തി. തൊണ്ടക്കുഴിയിൽ നിന്ന് ഭക്ഷണം ഇറങ്ങാത്തത് പോലെ തോന്നി. അവൾ വിളമ്പിയാതൊന്നും കഴിക്കാതെ എഴുന്നേറ്റു പോയി.
ഇതെല്ലാം കണ്ടു കൊണ്ട് ഇരുന്ന അഭിയുടെ കണ്ണിൽ വേദന നിറഞ്ഞു. തിരിച്ചു റൂമിൽ ചെന്ന് വാതിൽ കുറ്റിയിട്ട് ബെഡിൽ വീണ് പൊട്ടിക്കരഞ്ഞു. അത്രമാത്രം അവൾ ശ്രീയെ സ്നേഹിച്ചിരുന്നു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടവൾ കയ്യെത്തി ടേബിളിരുന്ന ഫോൺ എടുത്തു. പരിചയം ഇല്ലാത്ത നമ്പർ കണ്ടു അവളൊന്ന് സംശയിച്ചു എങ്കിലും ഹോസ്പിറ്റലിൽ നിന്ന് വല്ല എമർജൻസി കാൾ ആണോന്നറിയാൻ അവൾ ഫോണെടുത്തു. ഹലോ… ഹലോ ആരാ???????????? ആമി…… ഇടറിയ ആ സ്വരം കാതിൽ വന്നു പതിച്ചു.
ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനവളുടെ മറുപടി. ആമി….. മോളെ……. ചത്തോന്നറിയാൻ വിളിച്ചതാണോഡീ?????? ഇത്രയും നാളെന്നെ ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ…. നീ…നീ…… എവിടെയാണ് എന്ത് ചെയ്യുന്നു സേഫ് ആണോ എന്നൊന്നും അറിയാതെ ഞാൻ ഉരുകുകയായിരുന്നു. എന്നെ…. എന്നെ…. അത്രയ്ക്ക് വെറുത്തോടി നീ… അവൾ വീണ്ടും പൊട്ടിക്കരഞ്ഞു.
നിന്നെ ഞാൻ വെറുക്കുവൊടി??? നിനക്കങ്ങനെ തോന്നുന്നുണ്ടോ????? നിന്റെ ശ്രീക്കുട്ടിക്ക് നിന്നെ വെറുക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ????? പേടി ആയിരുന്നെടി എല്ലാത്തിനോടും. നിന്നെ പറ്റി അറിയാതെ എനിക്കും ഒരു സമാധാനവുമില്ലായിരുന്നു. വിളിക്കണം എന്ന് പലതവണ കരുതിയതാ പക്ഷെ ഇങ്ങനെ ഒരവസ്ഥയിൽ ഞാനെങ്ങനെ???? സാരമില്ല ശ്രീക്കുട്ടി എനിക്ക് മനസ്സിലാകും നിന്റെ അവസ്ഥ അപ്പോഴത്തെ സങ്കടത്തിൽ ഞാനൊരൊന്ന് പറഞ്ഞു പോയതാ.
നീയിപ്പോ എവിടാ ശ്രീക്കുട്ടി???? ഞാൻ അമ്മയുടെ പരിചയത്തിലുള്ള കൃഷ്ണമാമയുടെ വീട്ടിലാ താമസം ഇവിടെ അടുത്തൊരു ഹോസ്പിറ്റലിൽ മാമ തന്നെ ഒരു ജോലി ശരിയാക്കി തന്നിട്ടുണ്ട്. ചെറിയമ്മ???????? അമ്മ ദേവരാജ് അങ്കിളിന്റെ വീട്ടിലാണ്. അവിടുന്ന് രക്ഷപെട്ടു ഞങ്ങൾ അങ്ങോട്ടാ പോയത്. പിന്നെ എന്റെ സുരക്ഷയെ കരുതി എന്നെ ഇങ്ങോട്ട് വിട്ടതാ. പരാതിയും പരിഭവങ്ങളും വിശേഷങ്ങളുമായി അവരുടെ സംസാരം നീണ്ടു പോയി.
അവിടെ ചെന്നത് മുതൽ ഋഷിയുടെ കാര്യങ്ങൾ വരെ ശ്രീ ആമിയോട് പറഞ്ഞു. അത് കേട്ട് ഏറ്റവും സന്തോഷിച്ചതും അവൾ തന്നെ ആയിരുന്നു. നീണ്ട നേരത്തെ സംസാരത്തിനൊടുവിൽ എല്ലാ ദിവസവും വിളിക്കാം എന്ന ധാരണയിൽ അവർ ഫോൺ വെച്ചു. മനസ്സിലെ വിഷമങ്ങൾ അകന്ന സന്തോഷത്തിൽ അവരിരുവരും അന്ന് സുഖമായി ഉറങ്ങി. എന്നാൽ അവരുടെ സംഭാഷണങ്ങൾ കേട്ട് ആമിയുടെ മുറിയുടെ ജനലിന്റെ അരികിൽ നിന്ന ആളെ അവൾ കണ്ടില്ല.
സമയം രാത്രി 9മണി” ബാംഗ്ലൂരിലെ ഒറ്റപ്പെട്ട പ്രദേശത്തെ ഒരു കാട് കയറിയ ബിൽഡിംങ്ങിന് മുന്നിൽ ഒരു ബ്ലാക്ക് കളർ സ്കോർപിയോ ഒരിരമ്പലോടെ വന്നു നിന്നു. ഒരു വൈറ്റ് മാഷ്മെല്ലോ ഹുഡിയും ബ്ലാക്ക് ജീൻസും ധരിച്ച ഒരാൾ ആ വണ്ടിയിൽ നിന്നിറങ്ങി. ഹുഡി ക്യാപ് ഇട്ടത് കൊണ്ടും ഇരുട്ടായത് കൊണ്ടും മുഖം വ്യക്തമായിരുന്നില്ല എങ്കിലും അവന്റെ പൂച്ചക്കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു. അവന്റെ കയ്യിൽ ഒരു കവറുണ്ടായിന്നു.
അതുമായി അയാൾ വേഗത്തിൽ പോക്കറ്റിൽ നിന്നെടുത്ത കീ ഉപയോഗിച്ച് ബിൽഡിംങ്ങിന്റെ ഡോർ തുറന്നകത്തേക്ക് കയറി. പുറമെ കാട് കയറിയത് പോലെ ആണെങ്കിലും അകം ഒരു ബംഗ്ലാവിന് തുല്യമായിരുന്നു. അകത്തേക്ക് കയറുന്നതേ ഒരു വലിയ ഹാളിലേക്കാണ്. മൂന്നു വൃത്തിയുള്ള സോഫ കിടക്കുന്നു. ഫ്ലോർ മുഴുവൻ റെഡ് കളർ മാറ്റ് വിരിച്ചിരുന്നു. ഹാളിന് ഒത്ത നടുവിൽ നിന്ന് മുകളിലേക്ക് പോവാനുള്ള സ്റ്റെയർ ആയിരുന്നു. അയാൾ വേഗത്തിൽ മുകളിലേക്ക് കയറി.
മുകളിൽ ചെന്നപ്പോൾ തന്നെ അവൻ കണ്ടു ഒരു വലിയ ടേബിളിന് ചുറ്റും 4 ചെയറുകളിലായിരുന്നു ചീട്ട് കളിക്കുന്ന അവന്റെ കൂട്ടാളികളെ. അവനെ കണ്ടു അവരെല്ലാം കളി മതിയാക്കി എഴുന്നേറ്റു നിന്നു. ആളെന്തേ????? അവൻ ചോദിച്ചു. അകത്തുണ്ട്. മ്മ്മ്മ്…… കനത്തിൽ ഒന്ന് മൂളി. ഇപ്പൊ എങ്ങനുണ്ട് വല്ലതും കഴിക്കുന്നുണ്ടോ???? ആഹ് പട്ടിണി കിടന്നു ചാകും എന്ന് മനസ്സിലായി കാണും അതുകൊണ്ട് ഇപ്പോ കൊടുക്കുന്നതൊക്കെ കഴിക്കുന്നുണ്ട്. ഓഹ് അപ്പൊ മര്യാദ ഒക്കെ പഠിച്ചു തുടങ്ങിയല്ലേ??? നല്ല കാര്യം.
ഇന്നാ നിനക്കൊക്കെയും പിന്നെ അയാൾക്കുമുള്ള ഭക്ഷണമാണ്. കയ്യിലെ കവർ അവനവരെ ഏൽപ്പിച്ചു. മറ്റവനില്ലേ????? കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു. ഓഹ് എല്ലാം ഉണ്ടെടാ. ആദ്യം അയാൾക്ക് വല്ലതും കൊണ്ടുപോയി കൊടുക്കാൻ നോക്ക്. അത് കേട്ടതും അവരുടെ കൂട്ടത്തിൽ ഒരാൾ ഒരു പ്ലേറ്റിൽ കുറച്ചു ഭക്ഷണവും ഗ്ലാസിൽ കുറച്ചു വെള്ളവും എടുത്ത് അടച്ചിട്ട ഒരു മുറിയിലേക്ക് കയറി. ഇതേ സമയം മറ്റൊരുവൻ അയാൾ കൊണ്ടുവന്ന കുപ്പി എടുത്തു ടേബിളിൽ വെച്ച് ഗ്ലാസും മറ്റും നിരത്തി അതിൽ മദ്യവും വെള്ളവും ഒഴിക്കാനാരംഭിച്ചു. ദേ അടിക്കുന്നതൊക്കെ കൊള്ളാം ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെ പോലെ ബോധമില്ലാതെ കിടന്നാൽ ഉണ്ടല്ലോ????
ഏയ് ഇപ്പ്രാവശ്യം അങ്ങനെ ഒന്നും ഉണ്ടാവില്ല. ഉണ്ടായില്ലെങ്കിൽ നിനക്കൊക്കെ കൊള്ളാം കഴിഞ്ഞ പ്രാവശ്യം നിന്റെ ഒക്കെ ശ്രദ്ധക്കുറവ് കാരണം അയാൾ ഇവിടുന്നു രക്ഷപ്പെടാൻ നോക്കിയത് കൃത്യ സമയത്ത് ഞാൻ വന്നത് കൊണ്ട് അതുണ്ടായില്ല. ഇനി എന്തെങ്കിലും അബദ്ധം സംഭവിച്ചാലുണ്ടല്ലോ എന്റെ കൈ കൊണ്ട് തന്നെ നീയൊക്കെ തീരും അറിയാല്ലോ അകത്തു കിടക്കുന്ന അയാളെങ്ങാനും രക്ഷപ്പെട്ടാലുള്ള കാര്യം. അറിയാന്നെ ഇപ്പ്രാവശ്യം അങ്ങനെ ഒന്നും സംഭവിക്കില്ല. ധൈര്യമായിട്ട് പൊക്കോ. മ്മ്മ്മ്മ്.. അവരെ നോക്കി അമർത്തി മൂളിയിട്ട് അവൻ തിരികെ പോയി. ഇതേ സമയം അകത്തെ റൂമിൽ താടിയും മുടിയും എല്ലാം വളർന്നൊരു രൂപം കണ്ണീർ വാർത്തു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു.

by