രചന – ജിഷ
താഴേക്കു മറിഞ്ഞു കിടക്കുന്ന കസേരയും ശ്വാസത്തിന് വേണ്ടി പിടയുന്ന എന്റെ ഏട്ടനും, ഏട്ടന്റെ കഴുത്തിൽ നിന്നും കുരുക്ക് അഴിച്ചു മാറ്റാൻ ശ്രമിക്കുന്ന മീനു ഓപ്പ.. അലറി കരയാൻ കഴിയാതെ തൊണ്ടയിൽ കുരുങ്ങിപ്പോയി എന്റെ ശബ്ദം.. പെട്ടെന്ന് ഓടി ഞാൻ ഏട്ടന്റെ അടുത്തെത്തി… അപ്പോഴേക്കും ഏട്ടൻ ശ്വാസമെടുത്ത് തുടങ്ങിയിരുന്നു… എന്നെ കെട്ടിപിടിച്ചു ഏട്ടൻ പൊട്ടി കരഞ്ഞു, മീനു ഓപ്പയും.. ശബ്‌ദം കേട്ട് ആരോ താഴെ എഴുന്നേറ്റിരുന്നു.. വേഗന്ന് ഏട്ടൻ എന്നോടും ഓപ്പയോടും താഴേക്ക് പോകാൻ ആംഗ്യം കാട്ടി.. ഏട്ടൻ വേച്ചുവേച്ച് മുറിയിൽ പോയി… കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഏട്ടന്റെ മുറിയിലെത്തി.. കട്ടിലിന്റെ കൈയിൽ തലവെച്ച് കണ്ണടച്ച് ഏട്ടൻ കിടക്കുന്നു. കഴുത്ത് ചുവന്നു തിണർത്തിട്ടുണ്ട്.. ഞാൻ ഏട്ടന്റെ അരികിൽ പോയിരുന്നു പതിയെ ഏട്ടന്റെ കഴുത്തിൽ തലോടി… ഏട്ടാ.. മ്മ് മം… എന്തിനാ ഏട്ടൻ അങ്ങനെ ചെയ്തെ? ഒന്നുമില്ല നന്ദുട്ടി, നീ ഇത് നാളെ ആരോടും പറയരുത്, മീനുട്ടിയും കെട്ടോ.. മ്മ് മം.. ഏട്ടാ മീനുഓപ്പയ്ക്ക് ഏട്ടനോട് എന്തോ പറയാനുണ്ട്.. ഏട്ടൻ എന്താണെന്നർത്ഥത്തിൽ മീനു ഓപ്പയെ നോക്കി..
എന്നെ കല്യാണം കഴിക്കാൻ അമ്മായി പറഞ്ഞത് കൊണ്ടാണോ ഇങ്ങനെ ചെയ്തതെന്ന് ആംഗ്യഭാഷയിൽ മീനു ഓപ്പ ഏട്ടനോട് ആരാഞ്ഞു… ഏട്ടൻ ഒന്നും മിണ്ടാതെ മീനു ഓപ്പയെ നോക്കി.. മീനു ഓപ്പ അവിടിരുന്ന ഒരു പേപ്പർഎടുത്തു കൊണ്ടു വന്ന് ദേവേട്ടനെ എഴുതി കാണിച്ചു.. മാപ്പ് ദേവേട്ടാ..!!! ഞാൻ കാരണം ഏട്ടൻ സങ്കടപ്പെടരുത്, എനിക്കിപ്പോൾ ഒരു സങ്കടവുമില്ല, ഞാൻ അതുമായി പൊരുത്തപ്പെട്ടു ഏട്ടാ, ഏട്ടൻ വിഷമിക്കല്ലേ, എനിക്കി കല്യാണത്തിന് സമ്മതമില്ലെന്നു അമ്മായിയോടും മാധവമാമയോടും ഞാൻ പറഞ്ഞോളാം… ഇനിയും ഇങ്ങനെയൊന്നും ചെയ്യരുത്… എന്റെ ഏട്ടനല്ലേ.. !! ഓരോ വരി എഴുതുമ്പോഴും മീനു ഓപ്പയുടെ കണ്ണുകളും നിറഞ്ഞൊഴുകി , ആ കണ്ണീർ തുള്ളികൾ അക്ഷരങ്ങളിലേക്ക് വീണു മഷി പടർന്നു.. മോളെ… ഏട്ടനോട് ക്ഷമിക്ക്… എന്റെ അനിയൻ ചെയ്തത് വലിയ തെറ്റാണ്…
ഒരിക്കലും മോൾക്ക് പൊറുക്കാൻ പറ്റില്ലെന്ന് ഏട്ടനറിയാം, അവൻ നിന്നോട് കാണിച്ച നീതികേട് കാരണമാണ് ഈ കുടുംബം മുഴുവൻ നീറുന്നത്.. അതിനൊരു പ്രതിവിധി കാണാൻ എനിക്ക് പറ്റുന്നില്ല മോളെ.. അച്ഛനും അമ്മയും അവശ്യപ്പെടുന്നത് പോലെ നിന്നെ ഞാൻ താലി കെട്ടിയാൽ അതു ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും… ഏട്ടന് എന്ത് വേണമെന്ന് അറിയില്ല… കുറച്ചു സാവകാശം എനിക്ക് താ മോള്.. എല്ലാം നേരെയാക്കി ഏട്ടൻ വരും, എന്റെ മീനുട്ടിയെ നല്ല ഒരു കൈയിൽ തന്നെ ഈ ഏട്ടൻ പിടിച്ചേൽപ്പിക്കും.. ഇപ്പോൾ ഒരുപാട് പ്രശ്നത്തിലാ ഏട്ടൻ, എല്ലാം കൂടി താങ്ങാൻ എനിക്ക് പറ്റയില്ല മോളെ. അതാ ഒരു നിമിഷം ഏന്റെ മനസ്സ് കൈവിട്ട് പോയെ… !! മീനുട്ടി , മോളെ നീയിതൊന്നും ഓർത്ത് വിഷമിക്കല്ലേ… ഇല്ലെന്ന് ഓപ്പ തലയാട്ടി… ഏട്ടൻ എന്നെ കൈയാട്ടി അരികിലേക്ക് വിളിച്ചു…
മീനുഓപ്പയുടെ കൂടെ കാണണം മോള്… ഓപ്പയെ സങ്കടപെടുത്തരുത് കെട്ടോ… മ്മ് മം…. തിരികെ മുറിയിലെത്തി മീനുഓപ്പയെ കെട്ടിപിടിച്ചു കിടക്കുമ്പോളും എന്റെ മനസ്സിന്ന് ആ കാഴ്ചകൾ ഒന്നും മറഞ്ഞിരുന്നില്ല… പിന്നെയും ദിവസങ്ങൾ കടന്നുപോയി…. നീതുയേച്ചിമായുള്ള യെദുവേട്ടന്റെ നിച്ഛയം കഴിഞ്ഞു.. യെദുവേട്ടന്റെ നിച്ഛയം കഴിഞ്ഞെങ്കിലും മീനുഓപ്പയുടെ കല്യാണകാര്യം അധികമാരും പിന്നീട് സംസാരിച്ചു കണ്ടില്ല.. കുറെ ദിവസങ്ങൾക്ക് ശേഷം അച്ഛൻ വീണ്ടും കല്യാണക്കാര്യം എടുത്തിട്ടു .. അന്നാദ്യമായി ഏട്ടൻ അച്ഛനോട് കയർത്തു സംസാരിച്ചു.. അതു കേട്ടു വന്ന അമ്മ ഏട്ടനെ തല്ലി.. കുറെ ദിവസത്തേക്ക് കുറച്ചു സമാധാനം ഉണ്ടായെങ്കിലും വീണ്ടും പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു… ബാലൻ മാമ അച്ഛനോടും അമ്മയോടും സംസാരിച്ചു..
നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, യെദുവാണ് തെറ്റു ചെയ്തത്, ഇതിപ്പോ ദേവൻ വാക്കുകൊടുത്ത് മീനുട്ടിയെ ചതിച്ചതുപോലെ ഉണ്ടല്ലോ.. നമ്മുക്ക് മറ്റൊരു നല്ല ബന്ധം അവൾക്ക് നോക്കാം മാധവേട്ടാ.. അതുവേണ്ട ബാലാ , അവൾ ഈ തറവാട്ടിൽ തന്നെ ജീവിക്കണം അതെന്റെ ആഗ്രഹമാണ്…. തെറ്റ് പറ്റിപ്പോയി,ഞങ്ങളുടെ കാലശേഷം മക്കളിൽ ഒരാൾ അവൾക്ക് ഒരു കൈതാങ്ങ് ആകുമെന്ന് പ്രതീക്ഷിച്ചു… യെദുവിനോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല ,പക്ഷേ മൂത്തവനാണ് ദേവൻ… ദേവന് കുടുബത്തിന്റെ മാനം രക്ഷിച്ചു കൂടെ…. കുടുംബസ്നേഹം ഉള്ളവൻ ആണെങ്കിൽ നമ്മളെയെല്ലാം ഇങ്ങനെ ഉമിത്തീയിൽ നിർത്തുമോ….. മിണ്ടാൻ പറ്റാത്ത കുട്ടിയാ അതിന്റെ കണ്ണുനീർ ഈ തറവാട്ടിൽ വീണാൽ ഗതി പിടിക്കുമോ വരും തലമുറ…… അച്ഛൻ പറയുന്നതെല്ലാം ശരിവെച്ച് അമ്മ അടുത്തു തന്നെ ഉണ്ടായിരുന്നു…. ബാലൻ മാമ ഒന്നും മിണ്ടാതെ അമ്മമ്മേ നോക്കി… അമ്മാമയ്ക്കും നല്ല സങ്കടമുണ്ടായിരുന്നു..
പക്ഷേ മീനുഓപ്പയോടുള്ള വാത്സല്യം കാരണം അമ്മാമ അമ്മയുടെ തീരുമാനത്തിനോട് എതിർപ്പൊന്നും പറഞ്ഞുമില്ല…….. ഏട്ടൻ അമ്മയോട് പലതവണ സംസാരിച്ചു,മീനു ഓപ്പയും…. ആരൊക്കെ പറഞ്ഞിട്ടും അമ്മ തീരുമാനത്തിൽ നിന്ന് മാറിയില്ല.. മീനുവിനെ അല്ലാതെ മറ്റൊരു പെണ്ണിനെ കെട്ടിക്കൊണ്ട് ഈ തറവാട്ടിലേക്ക് വരാൻ ഞാൻ സമ്മതിക്കില്ലെന്ന് അമ്മ ഏട്ടനോട് തറപ്പിച്ചു പറഞ്ഞു.. എനിക്ക് മനസ്സിലാകാത്ത പലതും ഉള്ളറയിൽ ചർച്ചചെയ്യുന്നുണ്ടായിരുന്നു.. ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ നിസ്സഹായ അവസ്‌ഥയിൽ ഞാൻ എല്ലാം കണ്ടും കേട്ടും നടന്നു.. പലപ്പോഴും ഞാൻ സ്വയം ചിന്തിച്ചു നോക്കി !!! അതെന്താ എല്ലാരും ഏട്ടനെ ഇങ്ങനെ വേദനിപ്പിക്കുന്നെ, യെദുവേട്ടനാണ് ഇതിനെല്ലാം കാരണം, പക്ഷേ ഇപ്പോൾ എല്ലാവരും ദേവേട്ടനെ കുറ്റപ്പെടുത്തുന്നു…. മീനുഓപ്പ ഏട്ടനെ കല്യാണം കഴിക്കാൻ ഇഷ്‌ടമില്ലെന്ന് അമ്മയോടും അച്ഛനോടും മാറി മാറി പറഞ്ഞു നോക്കി..
അത് ഏട്ടൻ പറയിപ്പിച്ചതാണെന്നും പറഞ്ഞ് അമ്മ ദേവേട്ടനോട് മിണ്ടാതായി… അങ്ങനെ ദിവസങ്ങൾ ഓരോന്നായി ഇഴഞ്ഞു നീങ്ങി…… ഞാനും മീനു ഓപ്പയും നല്ല ഉറക്കത്തിൽ ആയിരുന്ന ആ രാത്രിയിൽ മുറിയിലെ കതകിൽ ആരോ പതിയെ തട്ടുന്ന ശബ്‌ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്, കൂടെ നന്ദുട്ടി എന്ന് പതിഞ്ഞ ശബ്ദത്തിലുള്ള വിളിയും… ഞാൻ ചുവരിലെ ക്ലോക്കിൽ സമയം നോക്കി, രണ്ടുമണി… ഏട്ടനല്ലേ മീനുഓപ്പയെ അത് ?? മ്മ് മം. മീനുഓപ്പ എഴുന്നേറ്റ് വാതിൽ തുറന്നു… പുറത്ത് ബാഗും പിടിച്ചു ഏട്ടൻ, എവിടെയോ പോകാൻ തയ്യാറായി നിൽക്കുന്നു… ഞങ്ങൾ അമ്പരപ്പോടെ ഏട്ടനെ നോക്കി….. “മീനുട്ടി ഞാൻ ബാംഗ്ലൂരിന് പോവാണ്, ആരോടും പറഞ്ഞിട്ടില്ല, നാളെ നേരം വെളുത്തിട്ട് പറഞ്ഞാൽ മതി. ” മീനുട്ടി നീ ഏട്ടനെ ശപിക്കരുത്, ഏട്ടൻ വേഗം വരും എന്റെ മോൾക്ക് ഒരു രാജകുമാരനെയും കൊണ്ട്.. മീനുഓപ്പ ചിരിച്ചു… എന്റെ കവിൾതടത്തിൽ ഏട്ടൻ തലോടികൊണ്ട് പറഞ്ഞു..
മീനുഓപ്പയെ നോക്കികൊള്ളണം , ഏട്ടൻ വേഗം വരാം, അമ്മയുടെയും അച്ഛന്റെയും ദേഷ്യമൊക്കെയൊന്ന് മാറട്ടെ…. മുൻവശത്തൂടെ ഇറങ്ങാതെ പുറകിൽ കൂടി ഇറങ്ങാൻ വേണ്ടി, താഴേക്കുള്ള കോണിപ്പടി വഴി ഏട്ടൻ ശബ്ദമുണ്ടാക്കാതെ പയ്യെ ഇറങ്ങി … ഏട്ടന്റെ കൂടെ കോണിപ്പടിയിലൂടെ താഴേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങളെ ഏട്ടൻ കൈയെടുത്ത് കാണിച്ചു തടഞ്ഞു…… ഏട്ടൻ പോകുന്നതും നോക്കി ഞങ്ങളാ കോണിപ്പടിയിൽ നിന്നു… ഏട്ടൻ അടുക്കള വശത്തൂടെ പുറത്തിറങ്ങി എന്നു മനസ്സിലാക്കിയ ഞങ്ങൾ വേഗം മുറിയിലെത്തി….. പുറത്തെ നിലാവെട്ടത്തിൽ ഏട്ടൻ നടന്നുപോകുന്നത് കൺവെട്ടത്തുന്ന് മറയുന്നതു വരെ ഞങ്ങൾ നോക്കി നിന്നു… തിരികെ കട്ടിലിൽ കയറി മീനു ഓപ്പയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ എനിക്കറിയില്ലായിരുന്നു നാളത്തെ പ്രഭാതം ഒരായുഷ്കാലത്തേക്കുള്ള സങ്കടത്തിന്റെ തുടക്കമാണെന്ന്… തുടരും…

by