രചന – വൈദേഹി ദേഹി
ഇടത്തെ കവിളിൽ കിട്ടിയ അടിയിൽ നന്ദു വീണുപോയി… ചുണ്ടിന്റെ കോണിൽ നിന്നു ചോര പൊടിഞ്ഞിട്ടു പോലും അവളുടെ കണ്ണിൽ നിന്നൊരിറ്റു കണ്ണുനീർ വന്നില്ല…അവൻ ഇടത്തെ കയ്യിൽ പിടിച്ചവളെ പൊന്തിച്ചു നേരെ നിർത്തി… എന്നിട്ടും അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല…
മുഖത്തേക്ക് നോക്കെടി…
അവന്റെ അലർച്ച കേട്ടിട്ടും അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല…
വരുൺ… വേണ്ട… മതി… എത്ര ചോദിച്ചാലും പറയില്ലെന്ന വാശി അല്ലേ അവൾക്ക്… വേണ്ട… പറയണ്ട…നീ വന്നേ…
വരുണിനെ പിടിച്ചു മാറ്റികൊണ്ട് അങ്ങോട്ടേക്ക് വന്ന നവി പറഞ്ഞതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു…
ഇല്ലെടാ… ഇവളെ കൊണ്ടു തന്നെ എനിക്കെല്ലാം പറയിക്കണം… ഇവൾടെ നാവീന്ന് തന്നെ എനിക്കത് കേൾക്കണം… അവനെ… ആ **** മോനെ ഇവൾക്ക് ഇഷ്ടമാന്ന് പറഞ്ഞത്…
പറയാനുള്ളതൊക്കെ അവൾ പറഞ്ഞല്ലോ… ഇനിയെന്ത് കേൾക്കാനാ… നീ വന്നേ… വരാനാ പറഞ്ഞത്…
നവി അവനെ പുറത്തേക്ക് പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…
വിടെടാ എന്നെ…
വരുൺ അതും പറഞ്ഞു അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് കൈകുടഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്ക് പോയി…അവൻ പോയതും നവി നന്ദുനെ ഒന്ന് നോക്കി…രണ്ടു ദിവസങ്ങൾ കൊണ്ട് തന്നെ അവളാകെ മാറി പോയിരുന്നു… കൺതടത്തിലെ കറുപ്പും ക്ഷീണിച്ച ശരീരഭാഷയും വിളിച്ചു പറഞ്ഞിരുന്നു അവളുടെ ഉറക്കമില്ലാത്ത രാത്രികൾ…അവളെ ഒന്ന് നോക്കി കൊണ്ടു അവൻ പുറത്തേക്കിറങ്ങി… നവി പോയെന്ന് കണ്ടതും അവൾ ഓടി ചെന്നാ മുറിയുടെ വാതിൽ അടച്ചു കുറ്റി ഇട്ടു…അതു വരെ അടക്കി വെച്ച സങ്കടം ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു… അവൾ വലതു കൈകൊണ്ട് വാ പൊത്തി പിടിച്ചു താഴേക്ക് ഊർന്നിരുന്നു…
വണ്ടിയുടെ സൗണ്ട് കേട്ടാണ് പുറത്തേക്കിറങ്ങിയ നവി ബാൽക്കണിയിലേക്ക് ചെന്നത്… അവിടെ ചെന്നവൻ താഴേക്ക് നോക്കിയതും കണ്ടു വണ്ടി എടുത്തുകൊണ്ട് സ്പീഡിൽ പോകുന്ന വരുണിനെ… അവനൊരു തളർച്ചയോടെ അവിടെ കിടന്ന ബീൻബാഗിലെക്ക് ഇരുന്നു… മനസ്സിലെ സങ്കർഷത്തിന്റേതെന്ന പോലെ അവൻ രണ്ടു കൈകൊണ്ടും മുഖം പൊത്തി കണ്ണടച്ച് അവിടെ ഇരുന്നു… അവന്റെ മനസ്സിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ തെളിഞ്ഞു വന്നു…
ഉച്ച കഴിഞ്ഞു കോളേജിൽ നിന്നു വന്നപ്പോഴാണ് എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു അച്ഛൻ തന്നെ വിളിപ്പിച്ചത്… അപ്പോഴാണ് രാവിലെ ടൗണിൽ വെച്ച് മഹേഷ്വറിനെ കണ്ടത് അയാൾ പറഞ്ഞത്… പ്രത്യേകിച്ചൊന്നും പറയാതെ തികച്ചും സൗഹൃദപരമായിട്ടാരുന്നു അയാളുടെ പെരുമാറ്റം… നവിയോട് പഴയ കാര്യങ്ങൾ ഗോപി പറഞ്ഞില്ലെങ്കിലും അവനും വരുണിനും എല്ലാം അറിയാമെന്നു ഇതിനോടകം തന്നെ അവൻ അയാളോട് പറഞ്ഞിരുന്നു… അതുകൊണ്ടാണ് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചയുടെ കാര്യം അയാൾ അവനോട് പറഞ്ഞതും…മനസ്സിൽ എന്തോ അപായസൂചന അവനും വരുണിനും വന്നെങ്കിലും അവരത് പുറത്ത് കാണിച്ചില്ല… പക്ഷെ പെട്ടന്നാരുന്നു നന്ദുവിന്റെ മാറ്റം… എന്തോ ഭയം അവളെ അലട്ടുന്നത് പോലെ നവിക്കും വരുണിനും തോന്നി തുടങ്ങി… ദേവിയോടും വിനുവിനോടും ചോദിച്ചപ്പോഴും അവരും അവളുടെ ഈ മാറ്റം മനസ്സിലാകാതെയും ഉൾക്കൊള്ളാനാകാതെയും ഇരിക്കുവാരുന്നു… ഒന്നിലും ശ്രദ്ധിക്കാതെ… ഈ ലോകത്തേ അല്ലാത്ത പോലുള്ള അവളുടെ ഇരിപ്പും ഭാവവും…എന്ത് ചോദിച്ചാലും ഒരു മാതിരി ദേഷ്യത്തോടെയുള്ള സംസാരവും…ഒരു കുഞ്ഞു കാര്യം പോലും ദേവിയോട് പറയാതിരിക്കാത്തവൾ ഇന്ന് അവളോട് വല്ലാത്തൊരു അകൽച്ച കാട്ടിയത് ദേവിക്ക് വല്ലാത്തൊരു ഷോക്ക് ആരുന്നു… മനസ്സിൽ തോന്നിയ അവരുടെ സംശയങ്ങൾക്ക് അടിവര ഇടുന്ന പോലെയാരുന്നു മഹേഷ്വറും ഭാര്യ പ്രഭയും ചെമ്പകത്തെത്തി ശിവക്ക് വേണ്ടി നന്ദുനെ പെണ്ണ് ചോദിച്ചത്…അന്ന് നന്ദ്യരാത്തു നിന്ന് വരുണും വിനുവും ഒഴിച്ചു ബാക്കി എല്ലാവരും അവിടെ വന്നിട്ടുണ്ടാരുന്നു…അവർ രണ്ടു പേരും അവരുടെ അമ്മയുടെ ആങ്ങളയുടെ വീട്ടിലേക്ക് പോയതുകൊണ്ട് അവർ ഉണ്ടായിരുന്നില്ല…ഗോപിക്കും നവിക്കും കൃഷ്ണനും അച്ഛമ്മക്കും ഗോപികക്കുമൊക്കെ എല്ലാം അറിയാമെങ്കിലും മാലതിയും ഗായത്രിയും സാവിത്രിയും ശ്രുതിയുമൊക്കെ നിന്നതുകൊണ്ട് അവർ ഒന്നും പറഞ്ഞില്ല…നവിയും ദേവിയും പൊന്തി വന്ന ദേഷ്യം കടിച്ചമർത്തി നിന്നു…ആലോചിച്ചു പറയാമെന്നൊരു വെറും വാക്ക് പറഞ്ഞവർ അവരെ യാത്രയാക്കി…
പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ശിവയെ ഇഷ്ടമാണെന്നും അവനെ വിവാഹം കഴിക്കാൻ സമ്മതമാണെന്നും നന്ദു പറഞ്ഞത്…എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടിപോയിരുന്നു…
എല്ലാവരോടുമായി അതും പറഞ്ഞു മുറിയിലേക്ക് പോയ നന്ദുവിനോട് പിറകെ ചെന്ന നവിയും ദേവിയും ഗോപികയും മാറി മാറി ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല…
ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ…അങ്ങനെ അല്ലേ അന്ന് നിങ്ങടെ കാര്യത്തിൽ കൃഷ്ണൻമാമ പറഞ്ഞത്… എന്നാ ആ ഞാൻ പറയുന്നു… എനിക്ക് ശിവയെ ഇഷ്ടമാണ്…കല്യാണം കഴിക്കാൻ സമ്മതവുമാണ്…
നവിയോടും ദേവിയോടുമായി അവളത് പറഞ്ഞതും ദേവിയുടെ വലത്തേ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു…
ഇനി ഞാൻ നിന്നോട് ഒന്നും പറയില്ല… കുറച്ചു ദിവസങ്ങളായി തന്നെ നിന്റെ ഈ മാറ്റം ഞങ്ങൾക്ക് മനസ്സിലായതാ… ഒന്ന് മാത്രം ഓർത്തോ നീ… നീ ഇത് എന്തിനു പറഞ്ഞു… എന്ത് കൊണ്ടു പറഞ്ഞു എന്നൊക്കെ ഞാൻ കണ്ടുപിടിച്ചിരിക്കും… നിനക്കുള്ള മറുപടി ഞാൻ ഇനി അന്നേ തരുള്ളു…
കത്തുന്ന കണ്ണുകളോടെ അവളോട് അതും പറഞ്ഞുകൊണ്ട് ദേവി പുറത്തേക്ക് പോയി…നവി അപ്പോഴും നന്ദുനോട് ഒന്നും ചോദിച്ചില്ല… അവളെ ഒന്ന് നോക്കികൊണ്ട് അവനും പുറത്തേക്കിറങ്ങി… ദേവി വിളിച്ചു പറഞ്ഞപ്പോഴാണ് നടന്നതൊക്കെ വിനുവും വരുണും അറിഞ്ഞത്…കേട്ട പാതി രണ്ടുപേരും അവിടേക്ക് വന്നു… വിനു അവളോട് സംസാരിച്ചെങ്കിലും ദേവിയോടും നവിയോടും പറഞ്ഞതുതന്നെ അവൾ ആവർത്തിച്ചു… അപ്പോഴാണ് വരുൺ അങ്ങോട്ടേക്ക് കയറി വന്നത്… അവന്റെ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു…കണ്ണുകൾ രക്തവർണ്ണമായി… അവന്റെ ആ രൂപം കണ്ട് ഒരു നിമിഷം അവൾക്ക് വല്ലാത്ത ഭയം തോന്നി…അവനെ കണ്ടതും വിനു പുറത്തേക്ക് പോയി…
ഞാൻ കേട്ടത് സത്യമാണോ…
അവൻ ചോദിച്ചതും നന്ദു ഒന്നും പറഞ്ഞില്ല… താഴേക്ക് നോക്കി തന്നെ നിന്നു…
നിന്നോടാ നന്ദു ഞാൻ ചോദിച്ചത് ഞാൻ കേട്ടത് സത്യമാണോന്ന്….
ദേഷ്യം കൊണ്ടു അലറിക്കൊണ്ടവൻ ചോദിച്ചതും നന്ദു ഒന്ന് ഞെട്ടി അവനെ നോക്കി…
പറയെടി പുല്ലേ…
അടുത്തുകിടന്ന മേശപ്പുറത്തേക്ക് അടിച്ചുകൊണ്ടവൻ പറഞ്ഞതും അവൾ ഞെട്ടി കൊണ്ടു പറഞ്ഞു…
അ… അതേ…
തൊട്ടടുത്ത നിമിഷം അവന്റെ അടി കൊണ്ടവൾ നിലത്തേക്ക് വീണിരുന്നു…
അപ്പോഴേക്കും നവി എത്തി അവനെ പിടിച്ചുമാറ്റിയിരുന്നു…
നവിയേട്ടാ…
വിനുന്റെ വിളി കേട്ടാണ് നവി പെട്ടന്ന് ഞെട്ടി കണ്ണുതുറന്നത്…
എന്താടാ…
ഏട്ടൻ…
മ്മ്മ്… അവൻ പോയല്ലേ… കണ്ടു ഞാൻ…
വിനു അവന്റെ അടുത്തായി മുട്ട് കുത്തിയിരുന്നു…നവി അവനെ ഒന്ന് നോക്കി… അവന്റെ കണ്ണുകളിലും നീർതിളക്കം നവി കണ്ടു…
എന്താ ഏട്ടാ അവൾക്ക് പറ്റിയത്…
അവന്റെ ചോദ്യം കേട്ടതും നവി ഒന്നും മിണ്ടാതെ അവന്റെ ചുമലിൽ ഒന്ന് പിടിച്ചു…പെട്ടന്നാണ് നവിയുടെ ഫോൺ റിങ് ചെയ്തത്… വിനുനെ ഒന്ന് നോക്കിട്ട് അവൻ ആ കാൾ അറ്റൻഡ് ചെയ്തു…
ഗോപികയുടെ മടിയിൽ കിടന്നു ദേവിയും അവരോടത് തന്നെ ആരുന്നു ചോദിച്ചത്…
എന്താ ഗോപുവമ്മേ അവൾക്ക് പറ്റിയത്… അത്… അത് നമ്മുടെ നന്ദു തന്നെയാണോ…
അവളുടെ ചോദ്യം കേട്ടതും ഗോപിക ഒന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവളുടെ മുടിയിലൊന്ന് തലോടി… അവൾ പെട്ടന്ന് ചാടി എണീറ്റു കണ്ണുകൾ തുടച്ചു…
ഇല്ല…ഇതിന്റെ പിന്നിൽ അവര് തന്നാ… എനിക്ക് അറിയാം… എനിക്ക് നന്നായി അറിയാം… ഇത് ആ ശിവയും ശില്പയും കൂടിയുള്ള ചതിയാ… എന്റെ നന്ദു എങ്ങനോ അതിൽ വീണു പോയതാ…ഞാൻ… ഞാൻ അവളോട് ചോദിക്കാം…അവളെ എനിക്ക് എങ്ങനെ എങ്കിലും രക്ഷിക്കണം…
അതും പറഞ്ഞു ദേവി കട്ടിലിൽ നിന്നെണീറ്റപ്പോഴാണ് അവൾ പറഞ്ഞതും കേട്ടുകൊണ്ട് നവിയും വിനുവും കൂടെ അങ്ങോട്ടേക്ക് വന്നത്…
നീയിപ്പോ അവളോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട…
നവി പറഞ്ഞതും ദേവി അവനെ സംശയത്തിൽ നോക്കി…
പിന്നെ? അവൾ പറയുന്നതും കേട്ട് മിണ്ടാതെ നിൽക്കണമെന്നാണോ…
അല്ല…പറയണം… പക്ഷെ അതിപ്പോഴല്ല…
നവി അത് പറഞ്ഞതും ദേവി മുഖം ചുളിച്ചവനെയും വിനുനെയും മാറി മാറി നോക്കി…
എന്താ നവി… എന്താ നിന്റെ മനസ്സിൽ…
ഗോപിക ചോദിച്ചു…
പറയാം…
അവൻ വിനുനെ ഒന്ന് നോക്കിയതും അവൻ പെട്ടന്ന് ചെന്ന് ആ വാതിൽ അടച്ചു കുറ്റി ഇട്ടു…
•••••••••••••••••••••••••••••••••••••••••••
നീ പറഞ്ഞത് പോലെ ഞാനും പ്രഭയും കൂടെ ചെന്നവരുടെ വീട്ടിൽ പോയി സംസാരിച്ചിട്ട് അവരിത് വരെ ഒന്നും പറഞ്ഞില്ലല്ലോ…
രാത്രി അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് മഹേഷ്വർ ശിവയോടത് ചോദിച്ചത്…അവനൊന്നു ചിരിച്ചു… പതിയെ ആ ചിരി ശില്പയിലേക്കും പടർന്നു…
നല്ല മോളാ… എനിക്ക് കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു…അവർ പഴയതെല്ലാം മറന്നു അവളെ നമ്മുടെ മോനു തന്നെ ഇങ്ങ് തന്നാൽ മതിയാരുന്നു… അല്ലേ മഹിയേട്ട…
പ്രഭ പറഞ്ഞതും അയാളൊന്ന് ചിരിച്ചു…
പണം കൊണ്ടും ഫാമിലി സ്റ്റാറ്റസ് കൊണ്ടും നമ്മളുടെ കുടുംബത്തിന്റെ ഏഴയലത്തു വരാൻ ഉള്ള യോഗ്യത അവർക്കില്ല… എന്നിട്ടും നിന്റെ ഇഷ്ടം ഒന്നുകൊണ്ടു മാത്രമാ ഞാൻ ഇതിനു സമ്മതിച്ചത്…അറിയാലോ അത്…
ശിവയെ നോക്കി അയാളത് പറഞ്ഞു…
അറിയാം ഡാഡി… ഡാഡി ഒന്നുകൊണ്ടും പേടിക്കണ്ട… നിങ്ങൾ എനിക്ക് വേണ്ടി അവിടെ ചെന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും നാണം കെട്ട് തിരിച്ചുവരാനല്ല…ഡാഡി നോക്കിക്കോ… അവരീ കല്യാണത്തിന് സമ്മതിക്കും…
അതും പറഞ്ഞു അവൻ ശിൽപ്പയെ ഒന്ന് നോക്കി…
സമ്മതിപ്പിക്കും ഞാൻ…
അവൻ പറഞ്ഞതും ശിൽപ്പയുടെ മുഖത്ത് ഗൂഢമായൊരു ചിരി വിരിഞ്ഞു…
…………….. തുടരും………

by