23/04/2026

ഭാഗ്യജാതകം : ഭാഗം 24

രചന – അയിഷ അക്ബർ

സ്റ്റവിന്റെ മുകളിൽ സ്റ്റീൽ പാത്രത്തിൽ വെള്ളം വെച്ച് ഉപ്പിട്ടു വെച്ച കുപ്പിക്കായവൻ തിരഞ്ഞു….

അമ്മ അടുക്കള ജീവിയായത് കൊണ്ട് തന്നെ അടുക്കള വലിയ പരിചയമില്ല…..

അമ്മക്കെല്ലാം സ്വയം ചെയ്ത് എല്ലാവർക്കും വിളമ്പി കഴിപ്പിക്കുന്നതാണ് ഏറ്റവും വലിയ ഇഷ്ടം….

അതിന്റെ ബുദ്ധിമുട്ട് താനേറ്റവും അറിഞ്ഞതും പുറത്ത് പോയ സമയത്തായിരുന്നു…..

അന്ന് ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നത് കൊണ്ട് തന്നെ കുറച്ചൊക്കെ പഠിഞ്ഞു…

മുകളിലുള്ള തട്ടുകളിലൊക്കെ തിരഞ്ഞപ്പോഴാണ് ഉപ്പ് കുപ്പി അവന്റെ കയ്യിൽ കിട്ടിയത്……

അതിൽ നിന്നും അല്പമെടുത് വെള്ളത്തിലേക്കിട്ടു…..

നല്ലവണ്ണം തിളച്ചെന്നു തോന്നിയപ്പോഴാണ് തുണി കൂട്ടി പിടിച്ചതുമായി മുറിയിലേക്ക് പോയത്…

അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ നെയിൽ കട്ടറുമായി യുദ്ധം നടത്തുന്ന ശിവയെയാണ് കാണുന്നത്……

വെള്ളം അവൾക്കരികിലായി വെച്ചു കൊണ്ട് ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്നു…

അവൾ എന്തിനെന്ന രീതിയിൽ അവനെ നോക്കി…..

കാലെടുത്തിതിലേക്ക് വെക്ക്……

ബക്കറ്റ് ചൂണ്ടിയവനത് പറയുമ്പോൾ സംശയത്തോടെയാണെങ്കിലും അവൾ കാൽ വെച്ചു….

അവളുടെ കാൽ പാദത്തിനോരതായി അവൻ കുനിഞ്ഞിരുന്നു…..

പിന്നീട് തിളപ്പിച്ച വെള്ളം പതിയേ അവളുടെ കാൽ വിരലിലേക്ക് കോരിയൊഴിച്ചതും……

ആ……
അലറലും തട്ടി തെറിപ്പിക്കലും ഒപ്പമായിരുന്നു…..

ഭാഗ്യം കൊണ്ട് അവനെതിർവശത്തേക്കായിരുന്നു വെള്ളം തെറിച്ചത്….

നിനക്കെന്താടീ ഭ്രാന്താണോ…..

ചോദിക്കുന്നതോടൊപ്പം അവൻ പല്ലിറുമ്മുന്നുണ്ടായിരുന്നു…

പിന്നെ തിളച്ച വെള്ളം കാലിലേക്കൊഴിച്ചാൽ എന്താ ചെയ്യാ..

കാലിലേക്ക് നോക്കി കൊണ്ടായിരുന്നു അവളത് പറഞ്ഞത്….

അവൻ കാലുകൾ പിടിച്ചു നോക്കി…… നന്നായി ചുവന്നിട്ടുണ്ടായിരുന്നു….

അവൻ കുറച്ചു കൂടി തണുത്ത വെള്ളം ചേർത്ത് പതിയേ വീണ്ടും കാലുകളിലേക്കൊഴിച്ചു….

അവളുടെ മുഖത്ത് ആശ്വാസം തളം കെട്ടിയിരുന്നു……

ചെറു ചൂടിൽ അവൾക്ക് വേദന കുറയുന്നുണ്ടായിരുന്നു…..

ചെളിയിലങ്ങനെ ചെരുപ്പിടാതെ മണിക്കൂറോളം നിൽക്കും….
പിന്നെങ്ങനെ ചെളി കയറാതിരിക്കും….
അവനത് പറയുമ്പോൾ അവൾ കേൾക്കാത്ത മട്ടിലിരുന്നു…..

വെള്ളം ഒഴിച് കഴിഞ്ഞു പാത്രങ്ങളെല്ലാം എടുത്ത് വെച്ചവൻ വന്നപ്പോഴും അവൾ കാലിൽ പിടിച്ചിരിക്കുകയായിരുന്നു…
ഇനിയും മാറിയില്ലേ….
അവൻ അവളെ സംശയത്തോടെ നോക്കി…

അവളൊന്നും മിണ്ടാതെ കാലിലേക്ക് നോക്കിയിരുന്നു……

നിന്റെ ചൂട് വെള്ളമൊന്നും ഫലിച്ചില്ലെങ്കിൽ ഇത് കഴിക്ക്…..

അലമാര തുറന്ന് അതിൽ നിന്നെടുത്ത ഒരു ഗുളിക അവൾക്ക് നേരെ നീട്ടി….

എന്തെന്ന ഭാവത്തിൽ അവൾ നോക്കി….

പെയിൻ കില്ലർ ആണ്…. കഴിച്ചിട്ട് മിണ്ടാതെ കിടന്നോ….

വേറെ നിവൃത്തിയില്ലെന്ന് അവൾക്കും തോന്നിയത് കൊണ്ടാവാം അവളത് വാങ്ങിയത്…..

ജഗ്ഗിലുള്ള വെള്ളം കൂടി ഗ്ലാസിലോക്കൊഴിച്ചു അവൻ അവൾക്ക് നേരെ നീട്ടി….

അവളത് വാങ്ങി ഗുളിക കഴിച് കട്ടിലിലേക്ക് ചാഞ്ഞു…..

കണ്ണിമ വെട്ടാതെ അവളെ നോക്കിയിരിക്കുന്ന അവനെ കാൺ കേ അവളിലൊരു പ്രയാസം അനുഭവപ്പെട്ടത് കൊണ്ട് തന്നെയാണ് അവൾ പതിയേ മിഴികളടച്ചു കിടന്നത് ……

പിന്നീടെപ്പോഴാണ് നിദ്രയവളെ തഴുകിയതെന്നവൾ പോലുമറിഞ്ഞിരുന്നില്ല…..

രാവിലെ ശിവ എഴുന്നേൽക്കുമ്പോൾ സൂര്യൻ തന്റെ സ്വർണ വിരലുകളാൽ ജനൽ കടന്നവളെ തഴുകി തുടങ്ങിയിരുന്നു…..

അവൾ വേഗം എഴുന്നേറ്റു മുടി വാരി കെട്ടി…..

ഉറങ്ങി കിടക്കുന്ന ആദിയുടെ മുഖത്തേക്ക് പതിക്കുന്ന സൂര്യ രശ്മികളെ തടയാനെന്ന വണ്ണം അവൾ ജനലുകളടച്ചു…

അടുക്കളയിലേക് ചെല്ലുമ്പോൾ പതിവില്ലാത്ത കാഴ്‌ച എന്നോണം വേണിയുണ്ടായിരുന്നു……

മുഖത്തേക്ക് നോക്കാതെ തന്റെ സാന്നിധ്യം അറിഞ്ഞത് കൊണ്ടാവാം അവൾ പാത്രങ്ങൾ ഓരോന്നും ശബ്ദത്തോടെ ഇട്ട് തുടങ്ങിയത്…..

അരച്ച് വെച്ച ദോശ മാവ് ചട്ടിയിലേക്കോഴിക്കുമ്പോൾ അത് ശെരിയാവാതത്തിലുള്ള ദേഷ്യമാണോ അതോ തന്നോടുള്ള ദേഷ്യമാണോ വേണിയുടെ മുഖത്ത് പ്രകടമാകുന്നതെന്നവളൊരു നിമിഷം സംശയിച്ചു…..

ഞാൻ ചുടാം…. ഇങ്ങോട്ട് തന്നോളൂ…..

എന്ന പറഞ്ഞ് ശിവ പാത്രത്തിൽ പിടിച്ചതും വേണിയവളെ തുറിച്ചു നോക്കി…….

ഇത്ര നേരം ആരും വന്നില്ലല്ലോ….. ഇനി ആരുടെയും ആവശ്യമില്ല…

അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു….

ഞാൻ….. എഴുന്നേൽക്കാൻ….

എന്നും നേരത്തെ എഴുന്നേൽക്കാറുണ്ടല്ലോ….
ഇന്ന് അച്ഛൻ ഇല്ലായെന്നുള്ളത് കൊണ്ട് തന്നെയാണ് നീയെഴുന്നേൽക്കാത്തിരുന്നത്……
അച്ഛന്റെ മുന്നിൽ നല്ലപിള്ള ചമയാനാണല്ലോ എന്നും കാട്ടിക്കൂട്ടലുള്ളത്…..
ഇന്നതിന്റെ ആവശ്യമില്ല… അത്ര തന്നെ…..

രാഹുലേട്ടൻ പാവം…. ഒന്നും കഴിക്കാതെയാണ് പോയത്……

വേണിയുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും ഒരുപോലെ കണ്ടിരുന്നു…..

ശിവക്കും വല്ലാത്തൊരു പ്രയാസം തോന്നി…. ഇന്നലെ കാലു വേദന കാരണം ഉറങ്ങാത്തത് കൊണ്ടാണ് എഴുന്നേൽക്കാൻ വൈകിയത്….
എങ്കിലും രാഹുലൊന്നും കഴിക്കാതെ പോയിയെന്ന് കേട്ടപ്പോൾ വല്ലാത്തൊരു മനപ്രയാസം അവളെ വന്നു മൂടി…..

അവളൊന്നും മിണ്ടാതെ മറ്റു ജോലികളിലേക്ക് തിരിയുമ്പോഴും വേണി നിർത്തിയിരുന്നില്ല….

എങ്ങനെ ജീവിച്ച ഞാനാ…. തറവാഢിത്തം നോക്കി കല്യാണം നടത്തിയതാ എന്റെ അച്ഛൻ…..

വേണിയുടെ മുഖത് അമർഷം നിറഞ്ഞു നിന്ന്….

എന്താ ഏട്ടത്തീ….. എന്താ ഇവിടെയൊരു ബഹളം….

അതും ചോദിച്ചു കൊണ്ട് ആദിയങ്ങോട്ട് കടന്നു വന്നു…..

ഒന്നുമില്ലേയ്…… നീയും അറിഞ്ഞു കൊണ്ടാണല്ലോ ഇതൊക്കെ ഇവിടെ നടക്കുന്നത്……

ഒന്നിലും ശ്രദ്ധിക്കാതെ പാത്രങ്ങൾ കഴുകിയെടുത്തു കൊണ്ടിരുന്ന ശിവയെ ആദിയൊന്ന് നോക്കി….

ഇന്ന് അച്ഛൻ അമ്മ വീട്ടിൽ പോയത് കൊണ്ട് തന്നെ ഇന്നിവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല….
രാഹുലേട്ടൻ ഒന്നും കഴിക്കാതെയാണ് പോയത്….
ഇപ്പോഴാണ് ഓരോരുത്തർ എഴുന്നേറ്റ് വരുന്നത് തന്നെ….

വേണി ശിവയെ കടുപ്പിച്ചോന്ന് നോക്കി കൊണ്ടാണ് ആദിയോട് പറഞ്ഞത്…..

അച്ഛനില്ലാത്തത് കൊണ്ടല്ല ഏട്ടത്തീ…. അവൾക്കിന്നലെ സുഗമുണ്ടായിരുന്നില്ല…. അതാണ്‌…..

ഹാ…. അത് ഞാൻ പറഞ്ഞല്ലോ നീയറിഞ്ഞു കൊണ്ടാണ് ഇത് നടക്കുന്നതെന്ന്…..
ഇവിടെ സ്വന്തം കാര്യം നോക്കി എല്ലാവരും കഴിയാനായിട്ടുണ്ടെങ്കിൽ അത് പറഞ്ഞാൽ മതി…. പിന്നെ ഞങ്ങൾക്കും ആരെയും കാത്തു നിൽക്കേണ്ടതില്ലല്ലോ…..

വേണി യത് പറയുമ്പോൾ ആദിക്ക് ദേഷ്യം വന്നു….

രാഹുലേട്ടൻ കഴിക്കാതെ പോയിട്ടുണ്ടെങ്കിൽ അതെങ്ങനെ അവളുടെ തെറ്റാവും….
ഏട്ടന്റെ കാര്യത്തിൽ ശിവയെക്കാൾ ഉത്തരവാദിത്യം ഏട്ടത്തിക്ക് തന്നെയല്ലേ……

ആദിയത് പറഞ്ഞതും വേണിക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു…..

അതിനു ഞാൻ ഇവളെ പോലെ ചെറ്റ കുടിലിൽ ഇങ്ങോട്ട് ജോലി ചെയ്യാൻ വേണ്ടി വന്നതല്ല….. നാലഞ്ചു ജോലിക്കാരുള്ള വീട്ടിൽ രാജ കുമാരിയായി ജീവിച്ചവളാ…..

പറയുമ്പോൾ അവളുടെ ശ്വാസം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….

എവിടെ ജീവിച്ചാലും അവനവനു വേണ്ട ജോലികൾ അറിഞ്ഞിരിക്കണം……

ആദിയും വിട്ട് കൊടുത്തില്ല…

വേണി പിന്നീടൊന്നും പറയാതെ മുഖം കനപ്പിച്ചു കൊണ്ട് മുറിയിലേക്ക് പോയി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാഹുൽ വീട്ടിലെത്തിയപ്പോൾ അവന്റെ മുഖത്തെ ഗൗരവം ആദി ശ്രദ്ധിച്ചിരുന്നു….

പതിവു പോലെയുള്ള സംസാരമോ ചിരിയോ ഇല്ലാത്തത് ആദിക്കൊരു പ്രയാസം തോന്നി…..

എന്താ ഏട്ടാ മുഖത്തൊരു വല്ലായ്മ….

ആദിയത് ചോദിക്കുമ്പോഴും രാഹുലിന്റെ മുഖത്ത് വലിയ തെളിച്ചമൊന്നുമുണ്ടായിരുന്നില്ല……

ഇവിടെയിപ്പോ മുമ്പത്തെ പോലെയലല്ലോ ആദീ…. എല്ലാവർക്കും അവരവരുടെ കാര്യമല്ലേ…

രാഹുൽ അർത്ഥം വെച്ചു കൊണ്ടത് പറയുമ്പോൾ വേണി പറഞ്ഞിട്ടാണെന്ന് ആദിക്കറിയാമായിരുന്നു….

അവൻ നെടുവീർപ്പിട്ടു…

എന്താ ഏട്ടാ ഇത്… കൊച്ചു കുട്ടികളെ പോലെ….
എന്റേതെന്നോ നിന്റേതെന്നോ ഇന്നേ വരെ എന്തെങ്കിലും വേർതിരിച്ചിട്ടുണ്ടോ നമ്മൾ….. പിന്നെന്താ ഇങ്ങനൊക്കെ പറയുന്നത്….

ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

നിറഞ്ഞ അവന്റെ മിഴികൾ രാഹുലിന്റെ മനസ്സിലും നോവ് തീർത്തു…..

ഞാൻ…. പോട്ടെടാ…. ഞാൻ ചുമ്മാ പറഞ്ഞതാ… അത്രയും പറഞ്ഞ് കൊണ്ട് രാഹുൽ ആദിയുടെ തോളിൽ തട്ടി അവിടെ നിന്നും പോയി…

ആദിയുടെ മനസ്സിലപ്പോഴും ഒരു വിങ്ങൽ നിറഞ്ഞു നിന്നു…..

എന്നാൽ രാഹുലിന്റെ മനസ്സിൽ ശിവ തെറ്റുകാരിയാവുകയായിരുന്നു….. ആദിക്കും തനിക്കും ഇടയിൽ അകലം സൃഷ്ടിക്കുന്നത് അവളാണെന്ന് അവൻ കരുതി തുടങ്ങിയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്നച്ചൻ വന്നപ്പോൾ കൂടെ അമ്മയുമുണ്ടായിരുന്നു…

കുറെ ദിവസങ്ങൾക്കു ശേഷം അമ്മ വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരുടെ മുഖത്തും വല്ലാത്തൊരു വെളിച്ചം വീശിയിരുന്നു…..

ആദിയും രാഹുലും അവരെ കെട്ടിപ്പിടിച്ചു…..

ജാനകി വീട് മുഴുവൻ നോക്കി….

വളരേ അടുക്കും ചിട്ടയോടും കൂടിയിരിക്കുന്ന തിന്റെ കാരണക്കാരി ശിവായായിരിക്കുമെന്നവരൂഹിച്ചു…..

(തുടരും )