24/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 29

രചന – ആതിര

പിറ്റേന്ന് കാലത്ത് സ്കൂളിലേക്ക് പോകാൻ ഇറങ്ങിയതാണ് ഗീതു…അവൾ ഒരുങ്ങി താഴേക്ക് വരുമ്പോഴായിരുന്നു സിദ്ധു ഉറക്കം വിട്ട് എഴുനേറ്റ് വന്നത്..അവൾ താഴേക്ക് ഇറങ്ങി..ദേവി അടുക്കളയിലായിരുന്നു..മോഹൻ പത്രവായനയിലും..
ഗീതു അടുക്കളയിലേക്ക് നടന്നു..കുടിക്കാനുള്ള വെള്ളം കുപ്പിയിൽ നിറയ്ക്കാനായി തുടങ്ങുമ്പോഴാണ് ദേവി അവളെ കാണുന്നത്..

“മോള് സ്കൂളിലേക്ക് ഇന്ന് പോകണ്ടാരുന്നല്ലോ..ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ രണ്ടു ദിവസം ദേഹം അനക്കാതെ റെസ്റ്റ് എടുക്കണോന്ന്..”

“ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ലല്ലോ അപ്പച്ചി..ഇന്ന് എന്തായാലും പോയേ പറ്റൂ..സമയത്തിന് തീർക്കേണ്ട കുറച്ച് അത്യാവശ്യ ജോലിയുണ്ട്..’

“കഴിച്ചിട്ട് പോ മോളേ..ഞാൻ എടുത്ത് താരാം…”

“കഴിച്ചാൽ ഇറങ്ങില്ല.”

കൂടുതൽ സംസാരത്തിന് നിൽക്കാതെ ഗീതു വെള്ളം കുപ്പി ബാഗിലേക്ക് വെച്ചുകൊണ്ട് പുറത്തേക്കിറങ്ങി..

അച്ഛാ..ഞാൻ ഇറങ്ങുവാ..”

ഹാളിൽ ഇരിക്കുന്ന മോഹനെ നോക്കി തെളിച്ചമില്ലാത്ത ചിരി വരുത്തിക്കൊണ്ടവൾ പറഞ്ഞു

“മോള് വരുമ്പോഴേക്കും അച്ഛൻ തിരിച്ചുപോകും..”

തലയാട്ടി അകന്ന് പോകുന്നവളെ നോക്കി അയാളും നേടുവീർപ്പെട്ടു..
ആശകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടവൾ..!!!!!

ഗീതു പോകുന്നതും നോക്കിയാണ് സിദ്ധു ഇറങ്ങി വന്നത്..

“സിദ്ധു..”(മോഹൻ)

അവളെ നോക്കിനിന്ന അവനെ മോഹന്റെ ശബ്ദമാണ് ഉണർത്തിയത്..ദേവിയും അങ്ങോട്ടേക്ക് വന്നു..

“ഇന്നലെ നടന്നതിനെക്കുറിച്ച് വീണ്ടും പറയാൻ എനിക്ക് താൽപര്യമില്ല..തന്റൊപ്പം വളർന്ന മകനെ തല്ലാൻ തോന്നുന്നില്ല..
അതുകൊണ്ട് മാത്രമാണ് നീ അവളോട് പറയുന്നതിനും ചെയ്യുന്നതിനും മറുപടി കൈകൊണ്ട് തരാതിരുന്നത്….”(മോഹൻ)

“അവളുടെ വയറ്റിലുണ്ടാക്കിയ ചോദിച്ച് നടന്ന നിനക്ക് ഇപ്പൊ ഉത്തരം മനസ്സിലായില്ലേ…?
അവള് നിന്നോട് പറയുന്നതൊക്കെ ഞാനും കേട്ടാരുന്നൂ..ആദർശം പറഞ്ഞ് നടന്നിരുന്ന നീ തന്നെ കുടിച്ച് കുന്തം മറിഞ്ഞ് ആ പെണ്ണിന്റെ വയറ്റിലുണ്ടാക്കിട്ട് അവൾക്കെതിരെ പരപുരുഷബന്ധം പറഞ്ഞില്ലേടാ..അപ്പോഴൊക്കെ ആ പെണ്ണിന്റെ മനസ്സിലെ നീറ്റൽ നീ കണ്ടില്ല..ആരും കണ്ടില്ല..എന്നെ വിശ്വസിച്ചാ സുമിത്ര ഗീതുമോളെ ഏൽപ്പിച്ചിട്ട് പോയത്..പക്ഷേ എന്റെ കുഞ്ഞ് ഇവിടെ കരഞ്ഞു തീർത്തതിനു കയ്യും കണക്കും ഇല്ല.. സുമിത്രയോട് സന്തോഷവാർത്ത വിളിച്ചു പറയാനൊരുങ്ങിയ എന്നെ ഗീതുവായിരുന്നു തടഞ്ഞത്..
ഇല്ലെങ്കിൽ കുഞ്ഞുപോയ കാര്യം സുമിത്ര അറിയുമ്പോൾ ഞാൻ എന്ത് മറുപടി കൊടുക്കുമായിരുന്നു..
ഒന്നോർത്തോ മോനെ,
നിനക്കുണ്ടായ ആദ്യത്തെ കുഞ്ഞായിരുന്നു അത്..
ആ കുഞ്ഞ് നഷ്ടപ്പെടാൻ കാരണം നീയാണ്..സ്വന്തം കുഞ്ഞിനെ പോലും തള്ളി പറഞ്ഞില്ലേ..
അല്ലേലും പോയത് നന്നായി ഒരിക്കലും നീ ആ കുഞ്ഞിനെ അംഗീകരിക്കില്ലായിരുന്നു..വളർന്നു വരുമ്പോൾ
വഴിപിഴച്ചുണ്ടായാതെന്ന്
നീ തന്നെ ചിലപ്പോൾ മുഖത്തു നോക്കി പറഞ്ഞേനേ..

“അമ്മേ…..!!!”

“എന്താ നോവുന്നുണ്ടോ.. ഇതിലും കൂടുതൽ പൊള്ളി പിടഞ്ഞിട്ടുണ്ടടാ ആ പെണ്ണ്.. അപ്പോഴൊന്നും നിന്റെ കണ്ണിൽ ഈ കുറ്റബോധം ഒട്ടും ഇല്ലാരുന്നല്ലോ..ഇനി തോന്നിട്ട് കാര്യമില്ല സിദ്ധൂ..”(ദേവി)

“മോനെ ഇനിയെങ്കിലും അവളെ നീ അംഗീകരിക്കാൻ മനസ്സ്‌ കാണിക്കണം…ഇപ്പൊ നിന്റെ സാമിപ്യം ഗീതുമോൾക്ക് ആശ്വാസം ആകും.. അതിന്റെ കണ്ണുനീർ ഇനീം ഈ വീട്ടിൽ വീണാൽ ആ ശാപം എന്തൊക്കെ ചെയ്താലും പോകില്ല.. അതിന്റെ കണ്ണീർ കാണാൻ ത്രാണിയില്ല..ഞാൻ ഇന്ന് തന്നെ പോകുവാണ്.. ഇവിടെ നിന്നാൽ സമാധാനമായൊന്ന് ഉറങ്ങാൻ പോലും പറ്റില്ലെനിക്ക്…”(മോഹൻ)

സിദ്ധു കുറ്റബോധത്താൽ നീറി..അതിലുപരി ‘സ്വന്തം’ കുഞ്ഞായിരുന്നുവെന്ന സത്യം അവൻ അംഗീകരിച്ചു..ഗീതുവിനോട് ചെയ്തതെല്ലാം മനസ്സിന്റെ തിരശ്ശീലയിൽ ആടിത്തിമിർക്കുന്നു..

എന്നാണ് താൻ ഇത്രയും ക്രൂരമായി ചിന്തിക്കാനും പറയാനും തുടങ്ങിയത്..ശങ്കരമംഗലത്ത് വെച്ച് തന്നോടൊപ്പം ഗീതുവിനെ കണ്ടനാൾ
മാറിയതാണ്..എല്ലാ സ്വപ്നങ്ങളും ഒരു നേരം കൊണ്ട് തകർന്നടിഞ്ഞപ്പോൾ ഉണ്ടായ ദേഷ്യമാണ് ഇന്നത്തെ സിദ്ധുവിന്റെ മാറ്റത്തിന്റെ പിന്നിൽ..
അവളറിയാതെ ഒരിക്കലും അത് സംഭവിക്കില്ലന്ന് ഉറച്ച് വിശ്വസിച്ചു..
ഇപ്പോഴും നേരും നുണയും വേർതിരിഞ്ഞിട്ടില്ല..
എന്നാൽ താൻ അവളോട് ചെയ്തത് അതിലും വലിയ തെറ്റായിരുന്നില്ലേ..
മദ്യത്തിന്റെ പുറത്ത് അനുവാദം പോലും ചോദിക്കാതെ കീഴ്‌പ്പെടുത്തി…
ഭർത്താവാണെങ്കിൽ പോലും അനുവാദം ഇല്ലാതെ ഭാര്യയെ ശാരീരികമായി കീഴ്പ്പെടുത്തുന്നത് പീഡനം തന്നെയാണ്..ഇത്രയൊക്കെ താൻ ചെയ്തിട്ടും പരാതിയോ പരിഭവമോ കാട്ടിയിട്ടില്ല..എല്ലാ തെറ്റുകളും സ്വയം ഏറ്റെടുത്തിട്ടെ ഉളളൂ.. സ്വയം കരഞ്ഞു തീർത്തതെയുള്ളൂ..പാവം…!!!!! ഈ പാപമൊക്കെ ഞാൻ ഗംഗയിൽ
കൊണ്ടൊഴുക്കിടാലും തീരുമോ..???

കുറ്റബോധത്തിന്റെ ഉമിത്തീയിൽ അവൻ അവനെത്തനെ ഇറക്കി നിർത്തി..ഉരുകിത്തീരുമ്പോഴെങ്കിലും ഇത്തിരി സമാധാനം കിട്ടാൻ..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പതിവുപോലെ ഗീതുവിനെ നോക്കി അമ്മുവും ആനന്ദും ഉണ്ടായിരുന്നു..
കുഞ്ഞുപോയത് സ്കൂളിൽ എലാവരും അറിഞ്ഞിരുന്നു..
അതുകൊണ്ട് തന്നെ അവളെ നോക്കുന്ന എല്ലാകണ്ണിലും ഒരേ വികാരമായിരുന്നു..
അനുകമ്പ..!!സഹാനുഭൂതി..!!!!

ചിന്നുമോൾക്ക് പനിയായിരുന്നതിനാൽ
അവൾ ഇന്ന് ഗീതുവിന്റെ കൂടെ സ്കൂളിലേക്ക് വന്നില്ല..

അവളെ കണ്ടപ്പോഴെ അമ്മു കരയാൻ തുടങ്ങിയിരുന്നു..
അവളുടെ അവസ്ഥയിൽ ഏറ്റവും ദുഃഖിച്ചിരുന്നത് അമ്മുവും ആനന്ദും ആയിരുന്നു..കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും സിദ്ധു പറഞ്ഞ എല്ലാ കാര്യങ്ങളും,ആനന്ദിന്റെ കുഞ്ഞാണെന്ന സംശയം വരെ അവൾ അവരോട് പറഞ്ഞു..

“ഞാൻ കാരണം ഗീതു ഒരുപാട് അനുഭവിക്കുന്നുണ്ടല്ലേ..അവന് സംശയ രോഗമാണ് ഗീതു..നിന്നെ എന്തു പറഞ്ഞാണെടി ഞാൻ ആശ്വസിപ്പിക്കുന്നത്..???”(ആനന്ദ്)

“ഇതിൽ കൂടുതൽ എന്ത് വരാനാ??..ന്റെ കുഞ്ഞ് എന്നെ വിട്ട് പോയില്ലേ..ഒരിക്കലും നടക്കില്ലന്ന് കരുതിയ സ്വപ്നം വിടരും മുൻപേ കൊഴിഞ്ഞുപോയി..അത്രേ ആയുസ്സേ വിധിച്ചുള്ളായിരിക്കും..
ടാ.. എന്റെ പേരിൽ നിങ്ങൾ തമ്മിൽ ഒരിക്കലും വഴക്കുണ്ടാക്കരുത്..
സംശയം വന്നാലേ ദാമ്പത്യം തകരും..ഇനി ഞായറാഴ്ചകളിൽ അങ്ങോട്ട് ഞാനില്ല കേട്ടോടി..
ആർക്കിടയിലും ശല്യമാകാൻ ഗീതു ഇനി വരില്ല..”

“ഞങ്ങളൊക്കെ അത്രപെട്ടന്ന് അന്യയായോ ഗീതു നിനക്ക്..?എതിനാ ഗീതു ഇങ്ങനൊക്കെ സംസാരിച്ചെന്നെ വിഷ്‌മിപ്പിക്കുന്നത്?
അംഗനാണോടി നീ ഞങ്ങളെ കരുതിയത്..?? ഓർമ്മ വേച്ചനാൾ മുതൽ കണ്ടതാ നിന്നെ..
ആരൊക്കെ തള്ളി പറഞ്ഞാലും ഞങ്ങൾക്ക് നിന്നെ അറിയാല്ലോ..
ആരേം ബോധിപ്പിക്കുവേം വേണ്ട..
ആർക്കുവേണ്ടിയും നിന്റെ ശീലങ്ങൾ മാറ്റരുത് ഗീതു..
ഇനിയെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്ക്..നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട..എല്ലാം വിട്ട് അങ്ങോട്ട് വരാൻ ഞാനും ഇവനും നിന്നോട് പരഞ്ഞതല്ലേ..”

“അയ്യോ ..ദേ ബെല്ലടിച്ചു..വാ വേഗം..”

ആ സംസാരത്തെ അവിടെ അവസാനിപ്പിക്കാണെന്നവണ്ണം പറഞ്ഞുകൊണ്ട് ഗീതു അവരോടൊപ്പം അകത്തേക്ക് കയറി..

സ്റ്റാഫ് റൂമിൽ പോയി ബാഗും ബുക്കും വച്ചശേഷം അവൾ നേരെ പോയത് ഹെഡ്മാസ്റ്ററിന്റെ റൂമിലേക്കാണ്..കയ്യിൽ കരുതിയ എന്തെല്ലാമോ കൊടുത്ത ശേഷം വേറൊരു പേപ്പർ കയ്യിൽ വാങ്ങിച്ചവൾ മാനേജരുടെ റൂമുലേക്ക് പോയി..

ആ പേപ്പർ ഭദ്രമായി ഫലയലിലാക്കി ബാഗിലേക്ക് വെച്ചു..പിന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള ബുക്കും എടുത്തുകൊണ്ട് ക്ലാസ് മുറിയിലേക്ക് പോയി..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

വൈകുന്നേരം അവളുടെ വരവും കാത്തിരിക്കുവാണ് സിദ്ധു..
എല്ലാത്തിനും അവളോട് മാപ്പ്
പറയാൻ..തുറന്ന് സംസാരിക്കാൻ..

അവൾ വന്ന് കേറിയപ്പോഴും ഉമ്മറത്ത് കസേരയിൽ ഇരിക്കുന്നവനെ നോക്കിയില്ല.. ബാഗ്
ടീപോയിൽ വെച്ചവൾ അടുക്കളയിലേക്ക് നടന്നു..അവളെ കണ്ടതും ദേവി ചായയും പലഹാരവും കൊണ്ട് മേശപുറത്ത് അവൾക്കായി വെച്ചു..മുഖം കഴുകിയ ശേഷം ഡൈനിങ്ങ് റ്റേബിളിൽ വന്നിരുന്നവൾ ചായ കുടിച്ചു..അവൾ ഇരിക്കുന്നതിന് തൊട്ടടുത്ത്‌ തന്നെ സിദ്ധുവും വന്നിരുന്നു..

അവന്റെ ആ പ്രവൃത്തി ദേവിയെ സന്തോഷപ്പെടുത്തിയെങ്കിലും ഗീതുവിന് യാതൊരു മാറ്റവും ഇല്ലാഞ്ഞത് അവരെ രണ്ടാളെയും സങ്കടപ്പെടുത്തി..സിദ്ധുവിന്റെ കണ്ണുകൾ ഗീതുവിന്റെ മുഖത്ത് ഒഴുകി നടന്നു..താൻ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ മാത്രം ചുവപ്പിക്കാതിരുന്ന നെറുകിൽ ഇന്നും സിന്ദൂരം നേർമയിൽ മറച്ച് തൊട്ടിട്ടുണ്ട്..
ഒരിക്കൽ പോലും അവളത്തിന് മുടക്കം വരുത്തിയിട്ടില്ല..എന്നും കാണുന്ന കണ്മഷികറുപ്പ് പക്ഷേ ഇന്നാ കണ്ണുകളിൽ ഇല്ല.. സ്ഥിരമായി തൊടാറുള്ള കുഞ്ഞിപ്പൊട്ടും..
കണ്ണുകളിളെ ഭാവം സങ്കടമല്ല..
നിർവികാരതയാണ്..

സിദ്ധുവിന്റെ കണ്ണുകൾ തന്നെ ഇമ ചിമ്മാതെ വീക്ഷിക്കുന്നത് അവളിൽ അസ്വസ്ഥത നിറച്ചു..ഗീതു അവിടെ നിന്നും എഴുനേറ്റ് മുറിയിലേക്ക് പോയി..സിദ്ധുവിന്റെ മനസ്സ് ഒന്ന് പിടഞ്ഞു..

നേരെ നോക്കിയപ്പോഴാണ് തന്നെ ശ്രദ്ധിച്ചിരിക്കുന്ന ദേവിയെ കണ്ടത്..അവനൊരുതരം ചടപ്പ് തോന്നി..

“നിന്റെ മനസ്സിൽ ഇപ്പോൾ നല്ലത് മാത്രമാണെന്നാണ് അമ്മ കരുതുന്നത്..അവൾ ഉടനെയൊന്നും
ക്ഷമിക്കില്ലന്ന് നീ മനസ്സിലാക്കണം.
ആദ്യം തന്നെ രണ്ട് മുറിയിലെ കിടപ്പ് അവസാനിപ്പിക്കണം..തെറ്റ് പറ്റിപ്പോയി ഇനി അത് തിരുത്തി പരസ്പരം സ്നേഹത്തോടെ ജീവിക്കണം..മനസ്സിലായോ നിനക്ക്..??”

ദേവിയുടെ വാക്കുകൾക്ക് തലയാട്ടികൊണ്ട് അവൻ അവളുടെ മുറിയിലേക്ക് പോയി..അകത്തേക്ക് കടന്നവൻ മേശയുടെ പുറത്ത് വെച്ചിരുന്ന ബുക്കൊക്കെ മറിച്ചു നോക്കി..

തന്നെ ഒരു നോക്കുകൊണ്ട് പോലും ശ്രദ്ധിക്കുന്നില്ലവന് മനസ്സിലായി..
ബാഗ് മേശമേൽ വെച്ചവൾ മാറാനുള്ള ഡ്രെസ്സും തോർത്തും എടുത്തു..

“എനിക്ക് ഡ്രെസ്സ് മാറണം..”

അത്രമാത്രം പറഞ്ഞവൾ അവനെ നോക്കി..തന്നോട് മുറിയിൽ നിന്നും പോകാൻ പറഞ്ഞത് മനസ്സിലായെങ്കിലും അവൻ അത് കേട്ട ഭാവം നടിച്ചില്ല..

“പ്ലീസ്‌…” അവളുടെ സ്വരം അപേക്ഷയെ കൂട്ട് പിടിച്ചു..

സിദ്ധു എഴുനേറ്റ് മുറിക്ക് വെളിയിൽ ഇറങ്ങിയപ്പോൾ അവൾ വാതിൽ അടച്ചു കുറ്റിയിട്ടു..തന്റെ നേർക്ക് അടച്ച വാതിലേക്കവൻ നോക്കി സ്വന്തം മുറിയിലേക്ക് പോയി..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

വൈകിട്ട് അത്താഴം കഴിക്കാനിരുന്നപ്പോഴും അവൻ അവളുടെ അടുത്തിരുന്നു..അവന്റെ കണ്ണുകൾ അപ്പോഴും അവളിലേക്ക് തന്നെയായിരുന്നു..രണ്ടുപേരേയും തനിച്ചാക്കി ദേവി അടുക്കളയിലേക്ക് പോയി..

അവന്റെ നേർക്ക് നോക്കിയില്ലെങ്കിലും അവന്റെ നോട്ടം തന്നിൽ തങ്ങി നിൽക്കുന്നത് അവളിൽ വീണ്ടും അസ്വസ്ഥയാക്കി..
അതിന്റെ ഫലമെന്നോണം ഭക്ഷണം നെറുകയിൽ കയറി അവൾ ചുമച്ചു..സിദ്ധുവിന്റെ കൈകൾ തന്റെ ഉച്ചിയിലേക്ക് നീളുന്നതറിഞ്ഞ് അവൾ വേഗം നെറുകയിൽ കൊട്ടി..അവൻ വെള്ളം ഗ്ലാസ്സിൽ പകർന്ന് തീരുന്നതിനു മുന്നേ അവൾ സ്വയം വെള്ളമെടുത്ത് കുടിച്ചു..

ദേവിയുടെ സാമിപ്യമില്ലാതെ അവന്റടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ വയ്യാതെയവൾ കഴിപ്പവസാനിപ്പിച്ച് അടുക്കളയിലേക്ക് പോയി..

🥀🥀🥀🥀🥀🥀🥀🥀🥀🥀

അവൾ കിടക്കാനായി മുറിയിലേക്ക് ചെന്നപ്പോൾ ദേവിയാ
മുറിപൂട്ടിയിരുന്നു..താഴേക്ക് ദേവിക്കൊപ്പം കിടക്കാൻ ചെന്നെങ്കിലും ദേവി അവളെ സിദ്ധൂനൊപ്പം കിടക്കാൻ പറഞ്ഞയച്ചു..മറുത്ത് പറയാനാകാത്ത വിധം ദേവി അവളോട് യാചിച്ചു..മകന് വേണ്ടി ക്ഷമ ചോദിച്ചു..അവൾ മുറിയിൽ പോകില്ലെന്ന് കരുതി ദേവി അവളെ സിദ്ധൂന്റെ മുറിയിക് കൊണ്ടാക്കി..
കതക് ചാരിയിട്ട് അകത്തുനിന്ന് കുറ്റിയിട്ടേക്കാൻ പറഞ്ഞിട്ടാണവർ പോയത്..കട്ടിലിൽ വായനയിൽ ആയിരുന്നു സിദ്ധു.. അവൾ അകത്തേക്ക് കയറിയപ്പോൾ അവൻ കതകിന് കുറ്റിയിട്ട് പഴയപോലെ കട്ടിലിൽ ചെന്നിരുന്നു.

താൻ കിടന്നിരുന്ന മെത്തയ്ക്കായി അവൾ കട്ടിലിനടിയിൽ പരതിയെങ്കിലും നിരാശയായിരുന്നു ഫലം.. ദേവി നേരത്തെ തന്നെ അത് അവിടെനിന്നും മാറ്റിയിരുന്നു..

അവൾ തിരച്ചിൽ അവസാനിപ്പിച്ച് നിവർന്ന് നിന്നപ്പോൾ അവൻ കാട്ടിലിനോരം ചേർന്ന് അവൾക്കായി സ്ഥലം ഒഴിച്ചിട്ടു..ഗീതു
അലമാരയിൽ ചെന്ന് പുതയ്ക്കാനായി പുതപ്പെടുത്ത് കട്ടിലിനു നേരെ നടന്നു..തനിക്കായി ഒഴിച്ചിട്ട സ്ഥലത്തെ തലയിണയും കയ്യിലെടുത്ത് താഴേക്ക് പുതപ്പ് വിരിച്ചു..തലയിണ താഴെക്കിട്ടവൾ ലൈറ്റ് ഓഫ് ചെയ്തു കിടന്നു..
സിദ്ധു ഇങ്ങനൊരു നീക്കം പ്രതീക്ഷിച്ചില്ല..അവന്റെ കണ്ണുകൾ ഒരു വേള ഈറനായി..

തലയിണയിലേക്ക് മുഖമമർത്തുമ്പോൾ എന്തിനോവേണ്ടി ഗീതുവിന്റെ കണ്ണുകളും പെയ്തു തുടങ്ങിയിരുന്നു..

(തുടരും)