രചന – വൈദേഹി ദേഹി
രാവിലെ ലൈബ്രറിയിൽ ഇരുന്നു എന്തോ എഴുതികൊണ്ടിരിക്കുവാരുന്നു ശില്പ… തൊട്ട് മുന്നിൽ ആരോ വന്നു നിൽക്കുന്ന പോലെ തോന്നി അവൾ തലയുയർത്തി നോക്കി…
ഓഹ് നീയോ…
ഹാ എന്താ ശിൽപ്പേ ഇത്…കുറച്ചു ദിവസമായി ക്ലാസ്സിൽ വരാതിരുന്ന ഒരു കൂട്ടുകാരിയെ കണ്ടാ ഇങ്ങനെ ആണോ ചോദിക്കണ്ടേ… നീ എവിടെയായിരുന്നു… എന്താ വരാഞ്ഞേ… എന്തേലും വി… ശേ… ഷം… ഉണ്ടോ… അങ്ങനെ ഒക്കെയല്ലേ ചോദിക്കാറ്…
അവളെ നോക്കി ഒരു പരിഹാസത്തിൽ ദേവി പറഞ്ഞതും അവളൊന്നു പുച്ഛിച്ചു ചിരിച്ചു…
നീ വന്നാലും വരാതിരുന്നാലും ഒന്നും എനിക്കൊരു ചുക്കുമില്ല… ഞാനെന്തിനാ കണ്ടവളുമാരുടെ അറ്റെൻഡൻസ് എടുക്കാൻ നടക്കുന്നെ…
ശേ… എന്തായാലും നീയായിട്ട് ചോദിക്കില്ലെന്ന് എനിക്ക് മനസ്സിലായി… വേണ്ട…എന്നും പറഞ്ഞു എനിക്ക് നിന്നോട് പറയാതിരിക്കാൻ പറ്റില്ലല്ലോ…
ഇന്നലെ എന്റെ വീട്ടിൽ ഒരു ചെറിയ ഫങ്ക്ഷൻ ഉണ്ടായിരുന്നു… ഫങ്ക്ഷൻ എന്നു പറഞ്ഞാൽ ചെറിയൊരു വിവാഹനിശ്ചയം…
അതും പറഞ്ഞു എഴുതികൊണ്ടിരിക്കുന്ന ശിൽപയുടെ മുന്നിലേക്ക് ദേവി തന്റെ വലതു കൈ നീട്ടി പിടിച്ചു…അവളാ കയ്യിലെ മോതിരത്തിൽ ഒന്ന് നോക്കി…അപ്പോഴാണവൾ അതിലെ പേര് ശ്രദ്ധിച്ചത്…
Navi ❤️
ഒരു നിമിഷം വേണ്ടി വന്നു ശില്പക്ക് എല്ലാം മനസ്സിലാക്കാൻ… അവളുടെ മുഖം വലിഞ്ഞു മുറുകി… കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടി…
ഇരിക്കുന്നിടത്തുന്നു അവൾ എണീറ്റു ദേവിയെ നോക്കി… അവളപ്പോഴും ഒരു ചിരിയോടെ ശില്പയെ തന്നെ നോക്കി നിൽക്കുവാരുന്നു…
ഡീ… നീ…
ശില്പ കൈചൂണ്ടി കൊണ്ട് അവളോട് പറഞ്ഞതും ദേവി കൈയുയർത്തി ആ വിരൽ പതിയെ താഴ്ത്തി…
ഹാ… ചുമ്മാ പൈങ്കിളി സീരിയലിലെ വില്ലത്തിമാരുടെ കണ്ണുരുട്ടലും ശ്വാസം വിടലും ഒക്കെ കള മോളെ…നീയെന്താടി കരുതിയത്… നവിയേട്ടൻ നിന്റെ ആകുവെന്നോ… കഴിഞ്ഞ ദിവസം നീ നവിയേട്ടനോട് നിന്റെ ഇഷ്ടം പറഞ്ഞപ്പോഴേ ഞാൻ മനസ്സിൽ കരുതിയിരുന്നതാ നിനക്കൊരു മറുപടി തരണമെന്ന്…ഹോ…ഇതാണേ പറയുന്നേ നമ്മൾ മനസ്സിൽ കാണുമ്പോ ദൈവം മാനത്തു കാണുമെന്ന്… ഇതിലും നല്ലൊരു മറുപടി ഇനി നിനക്ക് ഞാൻ തരണ്ടല്ലോ…
അതും പറഞ്ഞു അവളെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ദേവി പുറത്തേക്ക് നടന്നു…പെട്ടന്ന് അവളൊന്നു നിന്നു…
ആഹ് പിന്നെ… ഞങ്ങളുടെ കുറെ റൊമാന്റിക് ഫോട്ടോസ് ഉണ്ട് കേട്ടോ…ഞാൻ എല്ലാം നിനക്ക് അയച്ചേക്കാമേ…
തിരിഞ്ഞു നിന്ന് ശില്പയോട് അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി…
നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ച ശേഷം അവിടെയിരുന്ന ബാഗും എടുത്തുകൊണ്ടു ശില്പ വേഗം പുറത്തേക്ക് പോയി…
എന്നിട്ട്… അവളുടെ അപ്പോഴത്തെ മുഖഭാവം എങ്ങനെ ഉണ്ടാരുന്നു… ശോ… നീ പോയപ്പോ എന്നെ കൂടെ ഒന്ന് വിളിക്കാൻ മേലാരുന്നോടി ദുഷ്ടേ…
ക്ലാസ്സിലിരുന്ന് ലൈബ്രറിയിൽ വെച്ച് ശില്പയോട് പറഞ്ഞതൊക്കെ നന്ദുനോട് വിശദീകരിക്കുവാരുന്നു ദേവി…
അതെങ്ങനാ നീ അപ്പൊ നിന്റെ ഏട്ടന്റെ അടുത്തോട്ടു പോയിട്ടല്ലേ… ക്ലാസ്സിൽ വെച്ച് അവളോട് പറയുന്നേനേക്കാൾ നല്ലത് ഇതാന്ന് എനിക്ക് തോന്നി… അതാ അപ്പൊ പോയെ…
ശേ… കറക്റ്റ് സമയത്ത് തന്നെ ഏട്ടൻ ഫുഡ് എടുക്കാൻ മറന്നേനു കൊണ്ടു കൊടുക്കാൻ പോകേണ്ടി വന്നു…ഹ്മ്മ്… എന്നിട്ട് എന്തെ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ ആ അസ്പരസിനെ… ഇനി അവിടെ വല്ലോം ബോധം കെട്ട് കിടപ്പുണ്ടോ ആവോ…
ഏയ്… അത് നിനക്ക് അവളെ അറിയാൻ വയ്യാത്തോണ്ടാ… അതേ ശിവയുടെ പെങ്ങളാ… അടുത്ത യുദ്ധ മുറയുമായി വരാനുള്ള ആലോചനയിലാവും…
ഓഹ്…
അപ്പോഴാണ് നവി ക്ലാസ്സിലേക്ക് കയറി വന്നത്… അതോടെ എല്ലാരും സൈലന്റ് ആയി…അവൻ ക്ലാസ്സിൽ വന്നെങ്കിലും പേരിനു പോലും ദേവിയുടെയും നന്ദുവിന്റെയും ഭാഗത്തേക്ക് നോക്കാനേ പോയില്ല…
കണ്ടില്ലേ കാര്യം കഴിഞ്ഞപ്പോ ഇങ്ങോട്ടൊന്ന് നോക്കുന്നു പോലുമില്ല… ഇനി രാത്രി അങ്ങ് വാ ഉമ്മിക്കാൻ… കാണിച്ചു തരുന്നുണ്ട് ഞാൻ… ഉമ്മച്ചൻ…
ദേവി ദേഷ്യത്തിൽ ഇരുന്നു പിറുപിറുത്തു…
ദേവി… സ്റ്റാൻഡ് അപ്പ്…
അവന്റെ ഉച്ചത്തിലുള്ള പറച്ചിൽ കേട്ടതും അവളെറിയാതെ തന്നെ സീറ്റിൽ നിന്നു എണീറ്റുപോയി…
എന്താ തന്നെ ഇരുന്നു കാര്യം പറയുന്നേ…ഉറക്കെ പറ… ഞങ്ങളും കൂടി കേൾക്കട്ടെ…
അവനത് പറഞ്ഞതും അവൾ ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് നന്ദുനെ ഒന്ന് നോക്കി… അവളാണേ ചിരി വന്നിട്ട് വാ പൊത്തി പിടിച്ചു ബുക്കിലോട്ടും നോക്കി ഇരിപ്പുണ്ട്…
ന്… നത്തിങ് സർ… ഞാൻ വെറുതെ…
എസ്ക്യൂസ് മീ സർ…
നവി എന്തോ പറയാനായി വന്നപ്പോഴാണ് ക്ലാസ്സിന്റെ വാതിൽക്കൽ നിന്ന് ഒരു കുട്ടി അവനെ വിളിച്ചത്…
യെസ്…
ഈ ക്ലാസ്സിലെ ദേവിയെ HOD വിളിക്കുന്നുണ്ട്…
ആ കുട്ടി അത് പറഞ്ഞതും ദേവിയുടെ മുഖത്ത് പൂത്തിരി കത്തിയത് പോലെ തെളിഞ്ഞു…HOD യുടെ മുഖത്തിന് ചുറ്റും ഒരു പ്രകാശവലയം പോലെ അവൾക്ക് തോന്നി…
മ്മ്… ദേവി ചെല്ല്…
താങ്ക്യൂ സർ…
നവിയെ നോക്കി അതും പറഞ്ഞു ദേവി വേഗം ക്ലാസിനു പുറത്തേക്ക് ഓടി…
•••••••••••••••••••••••••••••••••••••••••••
ബാൽക്കണിയിൽ ഇരുന്നു തന്റെ ഫോണിൽ ഇന്നലെ നന്ദു അറിയാതെ എടുത്ത അവളുടെ ഫോട്ടോസ് കാണുവാരുന്നു വരുൺ… താൻ സെലക്ട് ചെയ്ത ഡ്രസ്സിൽ സുന്ദരിയായി ഒരുങ്ങിവന്ന അവളെ കാണുന്തോറും ഉള്ളിൽ വല്ലാത്തൊരു സന്തോഷം നിറയുന്നതവൻ അറിഞ്ഞു…
എന്താണ് മിസ്റ്റർ കള്ളകാമുകൻ ഫോണിൽ ഒക്കെ നോക്കിയിരുന്നു ചിരിക്കുന്നത്…
ആരുടെയോ സംസാരം കെട്ട് നേരെ നോക്കിയ വരുൺ കാണുന്നത് കയ്യും കെട്ടി മുന്നിൽ നിന്ന് തന്നെ അടിമുടി നോക്കുന്ന വിനുനെ ആണ്…
മ്മ്മ്? എന്താ…
എന്തുവാ ഫോണിൽ ഒക്കെ നോക്കിയിരുന്നു ഇത്ര ചിരിക്കാൻ…
അറിഞ്ഞിട്ടിപ്പോ എന്തിനാ…
എന്തിനാന്നോ…നിങ്ങൾക്ക് കുറച്ചെങ്കിലും മനസ്സാക്ഷി ഉണ്ടോ മനുഷ്യാ… ഇന്നലെ നിങ്ങൾ നന്ദുനെ ഒന്ന് നോക്കിയോ… എന്തുവാരുന്നു ആ ശ്രുതിയുടെ കൂടെ ഉള്ള കൊഞ്ചിക്കുഴയൽ…
അവനതു പറഞ്ഞതും വരുണൊന്ന് ചിരിച്ചു… എന്നിട്ട് പിറകിലേക്ക് ചാരി ഇരുന്നു കൊണ്ടു വിനുനെ നോക്കി…
നിന്നെ ഞാൻ ഒരു കാര്യം ഏൽപ്പിച്ചാരുന്നു… എന്തായി അത്…
അ… അത്…
അത്?
ഞാൻ പറഞ്ഞു ഏട്ടാ… അവളോട്… ഞാൻ മാത്രമല്ല ദേവുവും…
നീ ദേവൂനോടെല്ലാം പറഞ്ഞോ…
മ്ഹും…എല്ലാം പറഞ്ഞില്ല… നിങ്ങൾക്ക് ശിവയുടെ കാര്യങ്ങൾ എല്ലാം അറിയാമെന്നും പിന്നെ ഏട്ടന് നന്ദുനെ ഇഷ്ടമാന്നും മാത്രം…
ഹ്മ്മ്…എന്നിട്ട്…
എന്നിട്ടെന്താ… ഇന്നലെ മര്യാദക്ക് അവളോട് ഒന്ന് മിണ്ടിയിരുന്നേ അവൾ എല്ലാം പറഞ്ഞേനെ…അതങ്ങനാ നിങ്ങളപ്പോ ആ അപശ്രുതിയുമായി കപ്പിൾ ഡ്രസ്സ് ഇട്ട് ഫാഷൻ ഷോ നടത്തുവല്ലാരുന്നോ…
അതിനെന്താ… അതുകൊണ്ട് പെണ്ണിന്റെ മുഖത്തെ കുശുമ്പോന്ന് കാണാൻ പറ്റിയില്ലേ…
കുന്തം… നിങ്ങളവിടെ കുശുമ്പും കണ്ടിരുന്നോ… നേരെ നോക്കിയ വാളും പരിചയും എടുത്തോണ്ടിരുന്ന രണ്ടെണ്ണം വരെ സെറ്റ് ആയി… ഈ കണക്കിന് പോയാൽ നിങ്ങളിവിടെ ഇരിക്കത്തേ ഉള്ളൂ… പറഞ്ഞേക്കാം…
അതും പറഞ്ഞു വിനു എഴുന്നേറ്റ് പോയി… വരുൺ ഒരു ചിരിയോടെ അവന്റെ പോക്കും നോക്കിയിരുന്നു…
•••••••••••••••••••••••••••••••••••••••••••
ക്ലാസ്സ് കഴിഞ്ഞതും നന്ദു പുറത്തേക്കിറങ്ങി സ്റ്റാഫ് റൂമിന്റെ അവിടേക്ക് നടന്നു… അപ്പോഴാണ് അവിടുന്ന് ഇറങ്ങി നടന്നു വരുന്ന ദേവിയെ അവൾ കണ്ടത്…
ഡീ… എന്തായി സോങ് ഫിക്സ് ചെയ്തോ മാം…
ആഹ്… ചെയ്തു… മറ്റേ സോങ് ഇല്ലേ… മാർഗഴി തിങ്കൾ… അത് മതീന്ന് പറഞ്ഞു…
അടിപൊളി… ഇനിയപ്പോ പ്രാക്ടീസ് തുടങ്ങണ്ടേ…
വേണം… നെക്സ്റ്റ് വീക്ക് അല്ലേ… ടൈം ഇല്ല…
മ്മ്മ്…
ബാ… കാന്റീനിലേക്ക് പോകാം… എനിക്ക് വിശക്കുന്നു… രാവിലെ ആ ശില്പപിശാശ്ശിനെ കാണാൻ വേണ്ടി ധൃതി പിടിച്ചു ഓടിയത് കൊണ്ടൊന്നും കഴിക്കാൻ പറ്റിയില്ല…
അതും പറഞ്ഞു രണ്ടുപേരൂടെ കാന്റീനിലേക്ക് നടന്നു…
•••••••••••••••••••••••••••••••••••••••••••
കൃഷി ഓഫീസിൽ കേറി തിരിച്ചു വരുന്ന വഴിക്ക് വീട്ടിലേക്ക് അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങളും വാങ്ങി സ്കൂട്ടറിൽ വെച്ച് ഹെൽമെറ്റ് വെക്കാൻ തുടങ്ങുവാരുന്നു ഗോപി…അപ്പോഴാണ് ആരോ തന്റെ പേര് വിളിച്ചത് പോലെ അയാൾക്ക് തോന്നിയത്…അയാളാ ഹെൽമെറ്റ് മാറ്റി തിരിഞ്ഞു നോക്കി…തന്നെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്ന ആളെ പെട്ടന്ന് ഗോപിക്ക് മനസ്സിലായില്ല…അയാളൊരു ചിരിയോടെ ഗോപിയുടെ മുന്നിലേക്ക് വന്നു…
എന്താ ഗോപി… എന്നെ മനസ്സിലായില്ലേ…
ഇല്ല…എനിക്ക്…പെട്ടന്ന് അങ്ങോട്ട്…
ആഹ്… നമ്മൾ തമ്മിൽ അത്ര വല്യ പരിചയമൊന്നുമില്ല…ഒരു വട്ടമേ കണ്ടിട്ടുള്ളു… വർഷങ്ങൾക്ക് മുൻപ്… ഓർമ്മയുണ്ടോ…
പതിയെ ഗോപിയുടെ മനസ്സിലേക്ക് അയാളുടെ മുഖം തെളിഞ്ഞു വന്നു…അയാൾ പതിയെ പറഞ്ഞു…
മഹേഷ്വർ…
………….. തുടരും………..

by