19/04/2026

ഋതുനന്ദ : ഭാഗം 01

രചന – ജിഷ

ജൂണിലെ നിലാമഴയിൽ നാണമായി നനഞ്ഞവളെ……… ഒരു ലോലമാം നറുതുള്ളിയായി…….. ഒരു ലോലമാം നറുതുള്ളിയായി……… നിന്റെ നെറുകയിലൊഴുകുന്നതെൻ ഹൃദയം…….. മധുരമായി ഒഴുകിയെത്തുന്ന പാട്ടിന്റെ ഈണത്തിൽ ലയിച്ച് പുറത്തേക്കുള്ള ജനാലഴകിൽ പിടിച്ചു വെറുതെ പുറത്തെ മഴയിലേക്ക് നോക്കി നിന്നു… പാട്ടിന് ഒപ്പം പുറത്ത് തുള്ളി കളിക്കുന്ന മഴത്തുള്ളികളെ നോക്കി കൊതിയോടെ ചുണ്ടിൽ ആ വരികൾ ഒന്നൂടെ മൂളി… കൊതിയാണ് എന്നും ഈ മഴയും ഈ പാട്ടും, ഒരിക്കലും മറക്കാനും വെറുക്കാനും പറ്റാത്ത ആ വരികൾക്ക് എന്നോട് പറയുവാൻ ഒരുപാട് ഉണ്ട്.. മോളെ… ബാലൻ മാമായാണ് ഇവിടെ നിൽക്കുവാണോ, താഴോട്ടു വാ.. അമ്മാമ വിളിക്കുന്നുണ്ട്….. ഞാൻ വരുവാ ബാലൻമാമേ… കുളി കഴിഞ്ഞമുടിയിൽ കുളിപിന്നലിട്ടു ബാലൻമാമേടെ പിന്നാലെ നടന്നു…

ചുണ്ടുകളിൽ വിരിഞ്ഞ മന്ദഹാസത്തോടെ ഇറങ്ങി വരുമ്പോൾ എല്ലാവരും തന്നെ നോക്കിയിരിക്കുന്നു… അച്ഛനും അമ്മയും അമ്മാമയും എന്നെ ഏതോ അന്യഗ്രഹ ജീവിയെ പോലെ തുറിച്ചുനോക്കി…. എന്തു കോലമാ ഈ നന്ദുട്ടി ഇപ്പോൾ, ക്ഷിണിച്ച്‍ കണ്ണുകുഴിഞ്ഞ്, മുഖത്തെ കളറൊക്കെ മങ്ങി തുടങ്ങി, അമ്മയുടെ സ്നേഹത്തോടെ യുള്ള ശാസന കേട്ടതോടെ ഞാൻ മുഖം കൂർപ്പിച്ച്, അമ്മാമയുടെ അടുത്തോട്ടു ഓടിയെത്തി.. പുറകിൽ കൂടി കെട്ടിപിടിച്ചു, തോളിൽ മുഖം ചേർത്ത് വെച്ചു….. എന്നാലും എന്റെ അമ്മമേ എന്നെ ഇങ്ങനെ പേടിപ്പിക്കേണ്ടായിരുന്നു.. അമ്മാമയ്ക്ക് സീരിയസ്സ് ആണെന്നും പറഞ്ഞ് എന്റെ അച്ഛനും ബാലൻമാമയും കൂടി എന്നെ ചതിച്ച് നാട്ടിലെത്തിച്ചാണ്…. പിന്നെ…….. എന്റെ നന്ദുട്ടിയോട് വല്ലതും നേരെ ചൊവ്വേ പറഞ്ഞ കേൾക്കുമോ?? ബാലൻമാമയാണ്……

അമ്മയുടെ ഏറ്റവും ഇളയആങ്ങള.. ആള് ഒരു സാധു ആണ്… അമ്മയോടൊപ്പം നിൽക്കാനാണ് ആൾക്കിഷ്‌ടം കല്യാണം കഴിച്ചിട്ടില്ല, കല്യാണം ഉറപ്പിച്ചപെൺകുട്ടി വിഷം തീണ്ടി മരിച്ചു. അതിൽ പിന്നെ കല്യാണം എന്നൊരു കാര്യം ആളുടെ മനസ്സിലെ ഇല്ല, അച്ഛനും ആളും നല്ല ലോഹ്യമാണ്…. കൃഷിയും പറമ്പും വയലും പശുവും മൊക്കെയായി അങ്ങനെ പോകുന്നു ആളുടെ ജീവിതം…. ഞങ്ങളെന്ന് വെച്ചാൽ ബാലൻ മാമക്ക് ജീവനാണ്….. എത്രവട്ടം പറഞ്ഞതാ, വീടും നാടും ഉപേക്ഷിച്ചു വേറെ സ്‌ഥലത്ത് പോയി കിടക്കേണ്ടാന്ന് , നീ കെട്ടോ ഇല്ലാലോ….. ഇനി ഇതൊക്കെയുള്ളൂ മാർഗം……. ഞാനൊന്ന് അമർത്തി മൂളി.. അച്ഛനാണ് പറഞ്ഞു തുടങ്ങിയത് മോളെ നിന്നെ ഇല്ലാകഥ പറഞ്ഞിങ്ങോട്ട് വിളിച്ചതിന് ഒരു കാര്യമുണ്ട്… കാര്യം വളരെ സീരിയസ് ആണല്ലോ ബാലൻ മാമേ ?? മ്മ് മം !! അതെ സീരിയസ് തന്നെയാണ്…

മതി നിന്റെ ഒറ്റയ്ക്കുള്ള ജീവിതവും കറക്കവും, നിന്നെ ഞങ്ങൾ കെട്ടിച്ചുവിടാൻ തിരുമാനിച്ചിരിക്കുവാ…. !!! ഓഹോ എങ്കിൽ അതൊന്നു കാണണമല്ലോ…. സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ തമാശ വേണ്ട കെട്ടോ നന്ദുട്ടി.. അമ്മയാണ്….സ്കൂൾ ടീച്ചർ ആണ്.. ലക്ഷ്മി അമ്മാമ എന്റെ തലമുടിയിഴകളെ തഴുകി കൊണ്ടു പറഞ്ഞു…. മൂത്തവർ പറയുന്നത് അങ്ങോട്ട്‌ അനുസരിക്കുക അതല്ല ഇനി എന്റെ കുട്ടീടെ മനസ്സിൽ വല്ല ഇഷ്‌ടവും ഉണ്ടേൽ അതിപ്പം തന്നെ തുറന്നു പറഞ്ഞോളൂ.. നല്ല ബന്ധംന്നാച്ചാ അങ്ങ് നടത്തിയേക്കാം… മ്മ് മം നടന്നത് തന്നെ…!!!ഞാൻ മനസ്സിൽ പറഞ്ഞു… നാളെ യെദുവും നീതുവും വരുന്നുണ്ട്, യെദുവേട്ടൻ എന്റെ രണ്ടാമത്തെ ആങ്ങളയാണുകെട്ടോ.., നീതുയേച്ചി യെദുവേട്ടന്റെ ഭാര്യ.. എല്ലാവരും കൂടി എത്രയും വേഗം ഇവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടേയുള്ളൂ…. ഞാൻ എല്ലാം മൂളി കേട്ടു.. ഈ പ്രാവിശ്യം ഇച്ചിരി പ്രശ്നമാണ് രക്ഷപെടാൻ ഒരു മാർഗവുമില്ല..

എന്താണേലും യെദുയേട്ടൻ കൂടി വരട്ടെ എന്നിട്ട് തന്റെ തീരുമാനം പറയാം… ഇനിയൊരു ജീവിതം അതിനി നന്ദുട്ടിക്ക് ഇല്ല. എനിക്കറിയാം എന്റെ തീരുമാനം എല്ലാവരെയും കണ്ണുനീരിൽ ആഴ്ത്തുമെന്ന് എങ്കിലും വേണ്ട… അറിഞ്ഞുകൊണ്ട് ഒരാളുടെ ജീവിതം നശിപ്പിക്കാൻ എനിക്കാവില്ല…… യെദുയേട്ടനോട് ഇപ്പോൾ കല്യാണം വേണ്ടാന്ന് പറയുമ്പോൾ എന്താണേലും കുറെ ഉപദേശങ്ങളുണ്ട്…… എന്റെ തീരുമാനം നാളെ പറഞ്ഞാൽ ഇന്നത്തെ കൂടി ചേർത്ത് എല്ലാം കൂടി ഒന്നിച്ചു കേട്ടാൽ മതിയല്ലോ…. എന്തായാലും എന്തെങ്കിലും പറഞ്ഞു കുറെനാൾ കൂടി മുന്നോട്ട് പോകണം…. മനസ്സിൽ ഓരോന്ന് ആലോചിച്ച് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അമ്മാമ എന്റെ കവിളിലൂടെ വിറയ്ക്കുന്ന കൈകളാലൊന്ന് തഴുകി… എന്റെ നന്ദുട്ടി എന്താ ഇങ്ങനെ.. എന്റെ കണ്ണടയുന്നതിന് മുൻപ് എന്റെ കുട്ടിയുടെ മംഗല്യം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്… ഞാൻ ഒന്നും മിണ്ടാതെ ആ കവിളിലൊരുമ്മ കൊടുത്തു…

ബാലൻമാമയും അച്ഛനും അന്താരാഷ്‌ട ചർച്ചകൾക്ക് ആരംഭം കുറിച്ചപ്പോൾ ഞങ്ങൾ പതിയെ അടുക്കളയിലേക്ക് ചേക്കേറി… അടുക്കളയുടെ ഇറയത്ത് മഴ കണ്ടിരിക്കുയ്ക്കുമ്പോൾ അമ്മയുടെ സ്പെഷ്യൽ ചുക്ക് കാപ്പിയും എത്തി… പതിയെ മൊത്തി കുടിച്ചു…… അമ്മേ വരിക്ക ചക്ക പഴുത്തിട്ടുണ്ടോ, നല്ല മണം വരുന്നുണ്ടല്ലോ…?? എന്റെ ചോദ്യം കേട്ടപ്പോൾ അമ്മ ചിരിയോടെ പറഞ്ഞു ഉണ്ടെടി കൊതിച്ചി പാറു…. നാളെ മുറിയ്ക്കാം… യെദുകൂടി വരട്ടെ.. യെദുന്റെ മൂത്തകുട്ടി അപ്പൂസ് മിടുക്കനാ.. അവന് നല്ലയിഷ്‌ടമാ ഇതൊക്കെ… നീതു കൊടുക്കാൻ സമ്മതിക്കുകേല, എങ്കിലും അവളു കാണാതെ അവൻ അകത്തക്കും കുറെ….. എന്നിട്ട് അവളുടെ കൈയിൽ നിന്ന് നല്ലത് മേടിക്കുകയും ചെയ്യും ചെക്കൻ….. ചക്ക ഡേർട്ടി ഫ്രൂട്ട്സ് ആണത്രേ.. അവൾക്ക് ശർദ്ധിക്കാൻ വരുമെന്ന് അതിന്റെ മണമടിച്ചാൽ….. ഇപ്പോൾ യെദു കുറെ യൊക്കെ മാറിയിരിക്കുന്നു…

അവനായിട്ട് ഉണ്ടാക്കിയ വിധിയല്ലേ അനുഭവിക്കട്ടെ…. അമ്മ പറഞ്ഞു നിർത്തി എന്റെ അരികിലിരുന്നു…………. എന്റെ ദേവൻ കുഞ്ഞിന് തേൻ വരിക്കചക്കപ്പഴം എന്തിഷ്‌ടമായിരുന്നു… തേൻ വരിക്കയിൽ ചക്ക കായ്ച്ചൽ പിന്നെ അവൻ അതിന്റെ ചുവട്ടിന്ന് മാറില്ല….. അമ്മാമയുടെ ഓർമ്മപ്പെടുത്തൽ അമ്മയുടെയും എന്റെയും കണ്ണുകളെ ഈറൻഅണിയിച്ചു… സാരി തുമ്പലെ കണ്ണു തുടച്ച് അലമാരയിൽ നിന്ന് രാസനാധി പൊടിയെടുത്തെന്റെ തലയിൽ തിരുമ്മി തരുമ്പോൾ അമ്മ എന്നോട് ചോദിച്ചു ദേവൻ ഫോൺ വിളിയുണ്ടോ നന്ദുട്ടി..?? ദേവേട്ടൻ പേര് പോലെ തന്നെ ഒരു ദേവനാണ്.. കണ്ണ് എടുക്കാൻ തോന്നില്ല അത്രയ്ക്ക് സുന്ദരൻ എന്റെയും യെദുയേട്ടന്റെയും വല്യട്ടൻ……. അവൻ ഞങ്ങളെ എല്ലാം വെറുത്തുവോ,? മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും എന്റെ കുട്ടിയെ ഒന്നു കാണാൻ ആവുമോ എന്തോ?? വല്ലപ്പോഴും ഏട്ടൻ വിളിക്കാറുണ്ട് അമ്മേ…!!! എവിടണന്നോ എന്താണന്നോ ഒന്നും പറയാറില്ല…

ഞാൻ ഒരുപാട് വിളിച്ചതാ തറവാട്ടിലോട്ടു വരാൻ… ഏട്ടൻ വരില്ല.. പോയി കാണാമെന്നു വെച്ചാൽ എവിടണന്നെന്നും പറയില്ല……… എന്നെ കുറിച്ച് ചോദിക്കാറുണ്ടോ മോളെ..?? അമ്മയുടെ മുഖത്ത് നോക്കാതെ ഞാനൊന്ന് മൂളി……. ഏട്ടൻ ആരെയും പ്രത്യേകം അന്വേഷിക്കാറില്ലെന്ന് പെറ്റ വയറിനോട് പറയാൻ പറ്റുമോ….. പക്ഷേ എന്റെ മൂളലിൽ ആ മുഖമൊന്ന് തെളിഞ്ഞതെനിക്ക് കാണാമായിരുന്നു… യെദുവിന് അറിയാമോ എന്തോ??? അവനെയും വിളി മാത്രമേ ഉള്ളൂന്നാ കഴിഞ്ഞവട്ടം വന്നപ്പോൾ പറഞ്ഞെ… എല്ലാം കേട്ട് കണ്ണു തുടച്ചോണ്ട് അമ്മാമ സ്വയം പറഞ്ഞു… എങ്ങനെ വരുമെന്റെ കുട്ടി എല്ലാവരും കൂടി അത്രയ്ക്കും ദ്രോഹമല്ലേ കാട്ടിയെ… അവൻ പറഞ്ഞതല്ലേ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… ആരെങ്കിലും കെട്ടോ എന്റെ കുട്ടിയെ …..??? എല്ലാവരും കൂടി ഒന്നിച്ചു നിന്ന് ഒറ്റപ്പെടുത്തിയപ്പോൾ സഹിക്കാൻ പറ്റികാണില്ല.. അകവും പുറവും ഒരുപാട് നീറിയാ എന്റെ കുട്ടി ഈ പടി ഇറങ്ങിയത്…..

എല്ലാവർക്കും അറിയാമായിരുന്നല്ലോ സത്യം എന്താണെന്ന്…. നന്ദുട്ടി ചെറുതാണെങ്കിലും അവളും പറഞ്ഞതല്ലേ എല്ലാം എന്നിട്ടും…… !!! എന്നിട്ടും ഈ നിമിഷം വരെ അവന്റച്ഛൻ അവനെ തിരികെ വിളിച്ചോ…. ഒന്നുമില്ലേലും അവനും ഇവിടുത്തെ രക്തം തന്നെ യല്ലേ അവനുമില്ലേ വാശി, വർഷം അഞ്ചായി കാണാൻ കണ്ണ് കൊതിയ്ക്കാ…..!!! എന്റെ ഈശ്വരാ കണ്ണടയും മുൻപ് എന്റെ എല്ലാ ആഗ്രഹങ്ങളും ഒന്ന് സാധിച്ചു തരണേ…… ഞാൻ ഒന്നുകിടക്കട്ടെ ലക്ഷ്‌മി… നന്ദുട്ടി……. മോളെ അമ്മാമേടെ കൈ ഒന്നു പിടിച്ചേ? അമ്മമേനെ എഴുനേൽപ്പിച്ച് മുറിയിൽകൊണ്ടു പോയി കിടത്തി തിരികെ പോരുമ്പോൾ ഇടനാഴിയിലെ മുകളിലേക്ക് കയറാനുള്ള കോണി പടിയുടെ താഴേക്ക് ഒന്നുനോക്കി അവസാനമായി ഏട്ടനെ കണ്ടത് ഇവിടെ വെച്ചാണ്…… ആ രാത്രിക്ക് ശേഷം ഒരിക്കൽ പോലും ഏട്ടൻ ഈ വീട്ടിൽ കയറിയിട്ടില്ല….

പിന്നെ ആരും ശരിക്കൊന്ന് കണ്ടിട്ട് കൂടിയില്ല….. ഇറങ്ങി പോകുന്ന സമയം ഒന്ന് മിന്നായം പോലെ ആ മിഴികൾ എന്റെ നേരെ നീണ്ടത് ഞാൻ കണ്ടതാ… നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ എന്നോട് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു…. പക്ഷേ അച്ഛൻ ഏട്ടന്റെ മുന്നിലാ ആ വാതിൽ വലിച്ചടച്ചു… വേഗം ഓടി കോണിപടി കയറി ജനലിൽ കൂടി ഏന്തി വലിഞ്ഞ് ഏട്ടനെ നോക്കുമ്പോഴത്തേക്കും ഏട്ടൻ പടി വാതിൽ കടന്ന് എറെ മുന്നിലെത്തിയിരുന്നു……. ജീവിച്ചിരുപ്പുണ്ടോന്ന് പോലും അറിയാതെ കുറെ നാളുകൾ.., വേദനകൾക്ക് വിരാമം ഇട്ട് ബാലൻമാമക്ക് ഏട്ടനൊരു കത്തെഴുതി… തിരിച്ചെഴുതാൻ അഡ്രെസ്സ് വയ്ക്കാതെ… ഏട്ടൻ പോയതിൽ പിന്നെയുള്ള സങ്കടം മുഴുവൻ അന്ന് അമ്മ കരഞ്ഞു തീർത്തു , അച്ഛനെ ഒരുപാട് കുറ്റപ്പെടുത്തി…

എങ്കിലും ജീവനോടെ എവിടെയോ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിനൊരാശ്വാസമായിരുന്നു…. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഏട്ടൻ എന്നെ വിളിച്ചത്, എന്റെ ഫോൺനമ്പർ എങ്ങനെ കിട്ടിയെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ ഏട്ടൻ ഒരുപാട് മാറി പോയതു പോലെ തോന്നി.. എല്ലാവരുടെയും കാര്യങ്ങൾ അന്വേഷിക്കുമെങ്കിലും ഒരിക്കൽ പോലും അച്ഛന്റെയോ അമ്മയുടേയോ കാര്യം എന്നോട് ചോദിച്ചിട്ടില്ല.. ആരോടും സംസാരിക്കാൻ ആഗ്രഹിക്കാത്ത പോലെ… പലപ്പോഴും ഞാൻ തിരിച്ചു വിളിക്കാൻ ഫോൺ നമ്പർ ചോദിച്ചതാണ് പക്ഷേ തന്നില്ല… ഞാനാണ് യെദുവേട്ടന്റെ നമ്പർ കൊടുത്തത്… ഓരോന്ന് ആലോചിച്ച് ഞാൻ ഏട്ടന്റെ മുറിയുടെ മുന്നിലെത്തി… അടച്ചിട്ട വാതിലിൽ നോക്കി വെറുതെ നിന്നു…… തുടരും .