23/04/2026

ഭാഗ്യജാതകം : ഭാഗം 20

രചന – അയിഷ അക്ബർ

ബൈക്കിനു പിറകിലായി അള്ളിപ്പിടിച്ചിരിക്കുമ്പോൾ തണുത്ത പാതിരക്കാറ്റ് അവളുടെ മുഖത്തേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു……

അവനിൽ നിന്നും വരുന്ന നേർത്ത സുഗന്ധം നിശാഗന്ധി പോൽ അവളിലേക്ക് വമിച്ചു കൊണ്ടിരുന്നു……

അവരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടതിലുള്ള ഒരു സമാധാനം അവളുടെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു…..

അപ്പോഴും അവിടെ താനറിയാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു…
എന്തായിരിക്കുമെന്നതാവളാലോചിച്ചു കൊണ്ടിരുന്നു..

എന്നാൽ ആധിക്കപ്പോഴും ദേഷ്യം നിൽക്കുന്നില്ലായിരുന്നു…

രണ്ടാനമ്മമാരുടെ പീഡനങ്ങളെ കുറിച്ച് കേട്ട് കേൾവി മാത്രമുള്ള തനിക്ക് അതിന്റെ ആഴം കാണിച്ചു തന്ന ദിവസം കൂടിയായിരുന്നു ഇന്ന്….

വഴക്ക് പറയുന്നത് അവളെയായത് കൊണ്ടല്ല തനിക്ക് ഇത്രയേറെ ദേഷ്യം തോന്നിയത്…..

അവളുടെ സ്ഥാനത് ആർക്ക് ആ നിസ്സഹായാവസ്ഥ വന്നാലും താൻ ഇടപെടുമായിരുന്നു….

എന്നാൽ വിവാഹത്തിൽ കുരുങ്ങി കിടക്കുന്ന എന്തൊക്കെയോ രഹസ്യങ്ങളുണ്ട് താനറിയാത്തതായിയെന്ന് അവന് വ്യക്തമായിരുന്നു….

ശിവക്ക് വേണ്ടിയാണ് നീതുവിനെ ചതിച്ചെന്ന് പാവം നീതുവിനെ ഒരുപക്ഷെ പറഞ്ഞു പറ്റിച്ചതാവാം….

ശിവക്കും നീതുവിനുമിടയിൽ കളിച്ചത് അവര് തന്നെയായിരിക്കും…..

എങ്കിലും എന്തിനെന്ന ചോദ്യം അവനിൽ ബാക്കി നിന്നു……

വീടിന്റെ ഉമ്മറത്തെത്തി
വാതിൽ തുറന്നവർ അകത്തു കയറി….

അവർ വരുമെന്നുള്ളത് കൊണ്ട് തന്നെ വാതിൽ ചാരി എല്ലാവരും കിടന്നിരുന്നു…..

ദിവസങ്ങൾക്കു ശേഷമായിരുന്നു രണ്ട് പേരും ആ മുറിയിലേക്ക് കയറുന്നത്….

രണ്ട് പേരുടെയും മനസ്സിൽ ഒരു പോലെ തണുപ്പിരച്ചെതിയിരുന്നു…..

രണ്ട് പേരും മുഖത്തോട് മുഖം നോക്കി…. ആദിയുടെ ചൊടികളിൽ ഒരു പുഞ്ചിരി പറ്റിപ്പിടിച്ചിരുന്നു….. ശിവയുടെ മുഖത്ത് പ്രത്യേകിച്ച് വികാരങ്ങളൊന്നുമില്ലെങ്കിലും ഹൃദയം പതിവില്ലാത്തൊരു സന്തോഷത്തിനടിമപ്പെടുന്നതവളറഞ്ഞിരുന്നു….

ഷർട്ടഴിച്ചു വെച്ച് അലമാരയിൽ നിന്നും ഒരു ബനിയനെടുത്തിട്ട് കൊണ്ട് അവൻ കിടന്നു…..

മേശ മേൽ അവൻ കൊണ്ട് വന്ന ബാഗിരിക്കുന്നുണ്ടായിരുന്നു……

അവരുടെ കയ്യിൽ കൊടുത്തു വിട്ടതാകുമെന്നവളൂഹിച്ചു…

അത് പതിയേ എടുത്തവൾ തുറന്നു തുണികളെല്ലാം എടുത്ത് പുറത്തേക്കിട്ടു….

അവൻ അവളെ നോക്കി…

ആ കവറിൽ വെച്ചത് അലക്കാനുള്ളതാണ്….

അവന്റെ ശബ്ദം കേട്ടതും അലക്കാനുള്ളതിനെ അവൾ മാറ്റി വെച്ചു…..

പിന്നീട് ലൈറ്റ് ഓഫ്‌ ചെയ്ത് കട്ടിലിനോരത്തായി വന്നു കിടന്നു…..

ശിവാ….
ശബ്ദം വളരേ ആർദ്രമായി തോന്നിയവൾക്ക്…. അവൾക്കത്ഭുതം തോന്നി…

ശിവാ….. അവളിൽ നിന്നും മറുടിയൊന്നും വരാത്തത് കൊണ്ട് തന്നെ അല്പം കനത്തിലാണ് വിളി വന്നത്….

ആ…പറഞ്ഞോളൂ….
അവളുടെ വാക്കുകൾക്കും മിനുസമൊന്നുമുണ്ടായിരുന്നില്ല….

മലർന്നു കിടക്കുകയായിരുന്ന അവൾക് നേരെ അവൻ തിരിഞ്ഞു കിടന്നു….

അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി… സാധാരണ താൻ മലർന്ന് കിടക്കുകയാണെങ്കിലും അപ്പുറത്തേക്ക് തിരിഞ്ഞു കിടക്കുക മാത്രം ചെയ്യുന്നവൻ തന്റെ നേർക്ക് മുഖം ചേർത്തപ്പോൾ പറഞ്ഞറിയിക്കാനാവാത്തൊരു വെപ്രാളം അവൾക്ക് തോന്നി….

എന്നെ വിവാഹം ചെയ്യാൻ നിന്നോട് ആരാണ് പറഞ്ഞത്…..

വളരേ ശാന്തമായ ചോദ്യമായിരുന്നെങ്കിലും ആ ചോദ്യം ശെരിയല്ലാത്ത പോലെ അവൾക്ക് തോന്നി….

അവൾ അവന്റെ മുഖത്തേക്ക് നോക്കി….

എന്റെ കഴുത്തിൽ താലി കെട്ടാൻ ഇയാളോടാരാ പറഞ്ഞത്……
അവളും വിട്ട് കൊടുത്തിരുന്നില്ല….

തന്റെ ചോദ്യം അവൾ മറ്റൊരു രീതിയിലാണെടുത്തതെന്ന് അവന് മനസ്സിലായി….

അതല്ല മാഡം ചോദിച്ചത്….
അവൻ നെടുവീർപ്പിട്ടു…

സത്യാവസ്ഥകളെ അറിയാനാണ് അവനത് ചോദിച്ചതെങ്കിലും അവളങ്ങനെ തിരിച്ചു ചോദിച്ചപ്പോൾ അവനാകെ ദേഷ്യം വന്നു…..

അവളോട് ചോദിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നവന് തോന്നി…..

ഇവളോടൊക്കെ പറയാൻ നിന്ന എന്നെ പറഞ്ഞാൽ മതി…..

അവൻ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു….

എന്നോട് ചാടിക്കേറാൻ നല്ല മിടുക്കാണ്….
ഈ നാവ് മാറ്റാരോടും ഇല്ലല്ലോ…. അതെന്താ….

അവൾക്ക് നേരെ തല ചെരിച്ചവനത് ചോദിച്ചപ്പോൾ അവളവനെ തന്നെ നോക്കി…..

ആ നോട്ടം അവന്റെ ദേഷ്യത്തെ പാടേ മായ്ച്ചു കളഞ്ഞിരുന്നു…..

അത്രമേൽ ആർദ്രമായ ആ മിഴികൾ ആ ചോദ്യം തന്നോടൊന്നു കൂടി ചോദിക്കുന്നത് പോലെ തോന്നി….

ആരോടും ഒന്നും പറയാത്തവൾ തന്നോട് പറയുന്നുണ്ടെങ്കിൽ അത് തന്നിലുള്ള സ്വാതന്ത്ര്യമാണോ…. അതോ ഇഷ്ടമാണോ… അതുമല്ലെങ്കിൽ……..

അവൻ പിന്നീടൊന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു…..

അപ്പോഴും അവളുടെ കണ്ണുകളിൽ അവളുടെ ആദിത്യൻ നിറഞ്ഞു നിന്നിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ജാനകിയില്ലാത്തത് കൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കേണ്ടത് അവളുടെ ജോലിയായിരുന്നു…..

അച്ഛന് നേരത്തെ ഓഫീസിൽ പോവേണ്ടത് കൊണ്ട് തന്നെ എല്ലാം വേഗം വേഗം ചെയ്തു….

രഘു ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് ഗുഡ് മോർണിംഗ് പറഞ്ഞു കൊണ്ട് രാഹുലും വന്നത്….

അപ്പോഴും വേണി എഴുന്നേറ്റിട്ടില്ലായിരുന്നു….

ജാനകി പോയതിൽ ഏറ്റവും കഷ്ടത്തിലായത് രാഹുൽ തന്നെയായിരുന്നു….

ശിവാ…. ഒരു ഗ്ലാസ്‌ ചൂട് വെള്ളം തരാമോ….
ചോദിക്കുമ്പോൾ അവൻ ശബ്ദം വളരേ താഴ്ത്തിയിരുന്നു….

അച്ഛൻ കേൾക്കുന്നതിൽ അവന് വല്ലാത്ത നാണക്കേട് തോന്നി….

എന്നാൽ രഘു അതൊന്നും കാണുന്നില്ലെന്ന പോൽ കഴിച്ചു കൊണ്ടിരുന്നു….

ഗുഡ് മോർണിംഗ്…..
ആദിയുടെ ശബ്ദത്തിനരികിലേക്ക് അവരുടെ മിഴികൾ പോയി..

ഹാ….. നീയെന്തിനാ ആദീ ഇത്ര നേരത്തെ എഴുന്നേറ്റിരിക്കുന്നത്…..
നീ ഫുൾ ഫ്രീ അല്ലെ…
ഞാനായിരുന്നെങ്കിൽ ഇരുട്ടുവോളം കിടന്നുറങ്ങിയേനെ….

ചിരിച്ചു കൊണ്ട് രാഹുലത് പറയുമ്പോൾ വാക്കുകളിൽ വിട്ട് മാറാത്ത ഉറക്കത്തിന്റെ ആലസ്യം പ്രകടമായിരുന്നു…..

ആദി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

എന്നാൽ നീയും ഉറങ്ങിക്കോ….
രഘു രാഹുലിനെ നോക്കി അത് പറഞ്ഞപ്പോൾ അവനൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ കഴിച്ചു കൊണ്ടിരുന്നു…..

അപ്പോഴാണ് ശിവയങ്ങോട്ട് വരുന്നത്….

സാരി തലപ്പ് എളിയിൽ കുത്തി വെച്ചിരുന്നു…

നടക്കുമ്പോൾ പിന്നിയിട്ട മുടി പിറകിലാടി കളിക്കുന്നുണ്ട്….

നെറ്റിയിൽ അല്പം സിന്ദൂരം അല്ലാതെ മുഖത്ത് മറ്റൊന്നുമുണ്ടായിരുന്നില്ല…

കയ്യിൽ രാഹുലിനുള്ള ചൂട് വെള്ളമുണ്ടായിരുന്നു….

അതവന്റെ അരികിലായി വെച്ച് കൊണ്ട് മേശ മേൽ വെച്ച ചൂട് ചായ ഗ്ലാസ്സിലേക്കോഴിച് ആധിക്കരികിലേക് നീക്കി…

അവൻ അതെടുത്തു ചുണ്ടോടാടുപ്പിക്കുമ്പോഴും രാഹുൽ അവരെ തന്നെ ശ്രദ്ധിച്ചു….

അവനൊന്നു പറയുക പോലും ചെയ്യാതെ അവന്റെ കാര്യങ്ങൾ എത്ര മനോഹരമായാണ് അവള് ചെയ്യുന്നത്….

താൻ എഴുന്നേൽക്കുമ്പോൾ മുതൽ തട്ടി വിളിചിട്ടും കുറച്ചു കൂടെ കഴിയട്ടെ രാഹുലേട്ടാ എന്നു പറഞ്ഞു തിരിഞ്ഞു കിടന്നവളെ ഓർത്തു അവന് സ്വയം പുച്ഛം തോന്നി……

ആദീ….. നീ വെറുതെ ഇരിക്കുകയാണെങ്കിൽ ഓഫീസിലൊട്ടൊന്നിറങ്….

ഭക്ഷണം കഴിച്ചെഴുന്നേൽക്കുമ്പോൾ രഘു അത് പറഞ്ഞതും ആദിക്ക് വല്ലാത്ത സന്തോഷം തോന്നി…..

അച്ഛന്റെ ബിസ്സിനെസ്സ് ഏറ്റെടുക്കാൻ പറഞ്ഞിട്ടും അത് ചെയ്യാതെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന വാശിയിലാണ് തന്റെ കമ്പനി തുടങ്ങിയത്…..
അത് അച്ഛന് വലിയ ഇഷ്ടമുണ്ടായിരുന്നില്ല….

അതിനു ശേഷം അച്ഛന്റെ ബിസ്സിനെസ്സ് കാര്യങ്ങളിലൊന്നും തന്നെ എന്നെ പരിഗണിക്കാറില്ലായിരുന്നു…..

എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് തന്നോട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞതെന്നതവനോർത്തു…..

ഒരുപക്ഷെ അതിലേക്ക് ഒന്ന് കൂടി തന്നെ പിടിച്ചു വലിക്കാനുള്ള ശ്രമം കൂടിയാവാം…..

എങ്കിലും അവന് സന്തോഷം തോന്നി….

രാഹുലും അത്ഭുതത്തിൽ തന്നെയായിരുന്നു….

അച്ഛന് പിറകിലായി നടന്ന രാഹുൽ ആദിയുടെ പുറത്തൊന്നും തട്ടി ചിരിച്ചു കൊണ്ടാണ് പോയത്…..

മുഖത്തൊരു പുഞ്ചിരിയുമായി ആദിയപ്പോഴും അവിടെയിരുന്നു……

അപ്പോഴാണ് വേണിയെഴുന്നേറ്റു വരുന്നത്…..

ആഹാ…..
ഏട്ടത്തി ഇത്ര നേരത്തെ എഴുന്നേറ്റോ…..

ആദിയുടെ ചോദ്യം വേണിക്ക് തീരെ രസിച്ചിരുന്നില്ല…..

നല്ല തലവേദന ആദീ….. ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല…..

തലക്ക് കൈ കൊടുത്ത് കൊണ്ട് വേണിയത് പറയുമ്പോൾ ആദിയൊന്ന് ചിരിക്കുക മാത്രം ചെയ്തു….

പിന്നെ പതിയേ അടുക്കള പുറത്തേക്കിറങ്ങി…

പിറകിലെ അടുക്കള തോട്ടം നനക്കുകയായിരുന്നു ശിവയപ്പോൾ ….

താ….. ഞാൻ നനക്കാം….

ആദിയത് പറഞ്ഞു കൊണ്ട് അവളുടെ കയ്യിലെ പൈപ്പ് വാങ്ങി….

വിറക് പുരക്കരികിലായി ചാരി വെച്ചിരുന്ന ചൂലെടുത്തു അവള് മുറ്റമടിക്കാൻ തുടങ്ങി….

അപ്പോഴാണ് വേണിയങ്ങോട്ട് വരുന്നത്…

ഞാൻ അടിച്ചു വാരണോ ശിവാ….

വേണി യത് ചോദിക്കുമ്പോഴും ശിവ മറുപടിയൊന്നും തരില്ലെന്ന ഉറപ്പ് വേണിക്കുണ്ടായിരുന്നു…

അത് കൊണ്ട് തന്നെയാണ് അവളത് ചോദിച്ചതും….

ശിവ ഒന്നും മിണ്ടാതെ മുറ്റമടി തുടർന്നു….

ആ…. ഏട്ടത്തി അടിച്ചു വാരാൻ വരുമായിരിക്കുമെന്ന് ശിവ ദേ ഇപ്പൊ എന്നോട് പറഞ്ഞതെ യുള്ളൂ…

അവരുടെ സംസാരത്തിനിടയിലേക്ക് ആദിയുടെ നുഴഞ്ഞു കയറ്റമായിരുന്നു…..

ശിവ മുറ്റമടി നിർത്തി തലയുയർത്തി ആദിയെ സംശയ ഭാവത്തിൽ നോക്കി….

വേണിയാകെ പെട്ട പോലെ നിൽക്കുകയായിരുന്നു….

എന്നാ ഞാൻ…..
എന്തെങ്കിലും പറഞ്ഞു ഒഴിവാകാൻ ശ്രമിക്കുന്ന വേണിയെ പാടേ തളർത്തി കൊണ്ടായിരുന്നു വീണ്ടും ആദിയുടെ നീക്കം….

നീ ചൂല് പിടിച്ചോണ്ട് നിന്നാലെങ്ങനെയാ ശിവാ അത് ഏട്ടത്തിക്കങ്ങു കൊടുക്ക്‌….
പറയുന്നതോടൊപ്പം ശിവയുടെ കയ്യിലെ ചൂൽ വാങ്ങി ആദി വേണിക്ക് നീട്ടി….

വാങ്ങുകയല്ലാതെ അവൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല…

ആദിയെ കൊല്ലാനുള്ള ദേഷ്യം അവൾക്കുണ്ടായിരുന്നു….
ശിവയെ ഒന്നമർത്തി നോക്കി കൊണ്ട് വേണി അടിച്ചു വാരൽ തുടങ്ങി….

ശിവയെ നോക്കി ആദി കണ്ണിറുക്കി കാണിച്ചു…

അവൾ ഒന്നും മിണ്ടാത്തെ അകത്തേക്ക്‌ പോയി മറ്റു ജോലികളിലേക്ക് തിരിഞ്ഞു…….

(തുടരും )