18/04/2026

നിന്നോളം : ഭാഗം 02

രചന – ഫൗസിയ യൂസഫ്

ആരോരുമില്ലാത്തവളായി, ഈ പടിപ്പുരവാതിൽ കടന്ന് വരുമ്പോൾ.., ഇവിടെ സ്നേഹത്തിന്റെ പര്യായമായ മറ്റൊരു സാധു മനുഷ്യൻ കൂടി ഉണ്ടായിരുന്നു.. ശങ്കരേട്ടൻ…! ഇവിടത്തെ കാര്യസ്ഥൻ… കാര്യസ്ഥനെന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ശങ്കരേട്ടൻ ഇവിടത്തെ ഒരംഗം തന്നെയാണെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്… അങ്ങനെയേ അച്ഛനും മറ്റുള്ളോരും പെരുമാറീട്ടുള്ളൂ… വന്നനാൾ വൈകീട്ടാണ്, ഇടയ്ക്കിടെ അലിവോടെ എന്നെ നോക്കിക്കൊണ്ടിരുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചത്…. ഷർട്ടിനൊപ്പം മുറിയൻ ട്രൗസറുമിട്ടൊരു പയ്യൻ… “” അതാണുട്ടോ ശങ്കരന്മാമേടെ മോൻ ഹരികൃഷ്ണൻ.. കണ്ണേട്ടൻ ന്നാ ഞങ്ങളൊക്കെ വിളിക്കാ.. “” ഭദ്രേച്ചിയാണ് ആദ്യമായി കണ്ണേട്ടനെ എനിക്ക് വിവരിച്ചു തന്നത്. കൂടെ, അമ്മയില്ലാത്ത കുട്ട്യാണ് കണ്ണേട്ടൻ എന്നും ഭദ്രേച്ചി ഇത്തിരി വ്യസനത്തോടെ എന്നെ ഉണർത്തിച്ചു… “” കണ്ണേട്ടന് അച്ഛനുണ്ടല്ലോ.. ചാരൂനല്ലേ ആരും ഇല്ലാത്തെ.. “” ഞാൻ കണ്ണു നിറച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോ, അമ്മയാണ് ഓടിവന്നെന്നെ കെട്ടിപ്പിടിച്ചതും ന്റെ കണ്ണീരൊപ്പിയെടുത്തതും.

“” ആരു പറഞ്ഞു, ചാരൂന് ആരും ഇല്ല്യാന്ന്? മോൾക്ക് എല്ലാരും ഉണ്ട്ട്ടോ.. അച്ഛനും അമ്മേം ചേച്ചിയും എല്ലാരും.. “” എന്ന് അമ്മ പറഞ്ഞപ്പോ ഞാനനുഭവിച്ചൊരു ആനന്ദം, അന്നുവരെ ഞാനറിഞ്ഞിട്ടില്ലായിരുന്നു കണ്ണേട്ടനും അച്ഛനും, അന്നും ഇവിടെ തന്നെയായിരുന്നു താമസം.. അവർക്കുവേണ്ടി മാത്രം പണികഴിപ്പിച്ചതാണത്രേ കണ്ണേട്ടൻ താമസിക്കുന്ന ആ ചെറിയവീട്.. അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു അച്ഛന് ശങ്കരേട്ടൻ… ഞങ്ങളെയെല്ലാം വിട്ടുപോയിട്ട് കൊല്ലം ആറായി.. അച്ഛൻ പോയി മൂന്നാം കൊല്ലമാണ് കണ്ണേട്ടൻ കോളേജില് ലെക്ചറായി ജോലിക്ക് കയറിയത്.. “” ചാരൂ, നീയിത് കൊണ്ടോയി കണ്ണന് കൊടുക്കൂ.. അവനെ ഇങ്ങട്ട് കണ്ടില്ല്യ” അമ്മ, കയ്യിൽ കാപ്പിയുമായി മുറിയിലേക്ക് വന്നു.. കണ്ണേട്ടന്റെ മുന്നിലേക്ക് ചെല്ലാൻ എനിക്ക് കഴിയുമായിരുന്നില്ല! പക്ഷേ,, അമ്മയോട് വിസമ്മതം പറയാനും വയ്യ… “” ആലോചിച്ചു നിൽക്കാതെ ഇത് കൊണ്ടോയി കൊടുക്ക് കുട്ടീ.. അതാകെ ആറിത്തണുത്തു പോകും.. ഭദ്രയോട് പറയാന്നു വച്ചാ, കുട്ടി അച്ഛനോടെന്തോ കാര്യായിട്ടുള്ള സംസാരത്തിലാ.. “” അമ്മ പറഞ്ഞതുകേട്ട് ഒരുനിമിഷം എന്റെ ഉള്ളൊന്ന് കിടുങ്ങി..

“കണ്ണേട്ടനെ കുറിച്ചായിരിക്കോ ഭദ്രേച്ചി അച്ഛനോട് പറയണേ ” ഞാൻ ചിന്തിച്ചു. “” അല്ല കുട്ടീ, നീയിവടൊന്നും അല്ലേ? ” അമ്മ വീണ്ടും ചോദിച്ചതും,പെട്ടന്ന് അമ്മേടെ കയ്യിലിരുന്ന കാപ്പി വാങ്ങി ഞാൻ ധൃതിയിൽ നടന്നു.. ഞാൻ ചെല്ലുമ്പോ, കണ്ണേട്ടൻ കുളിച്ചോണ്ടിരിക്കുവാരുന്നു… കാപ്പി ടേബിളിൽ വെച്ച് വേഗത്തിൽ തിരിച്ചു നടന്നതും, പിന്നീന്ന് കണ്ണേട്ടന്റെ വിളി വന്നു.. “” ഒന്നവിടെ നിന്നേ.. “” ഞാൻ തിരിഞ്ഞു നോക്കാതെ നിന്നു.. ആ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല… അത്രയ്ക്ക് ബലഹീനമായിരുന്നു എന്റെ മനസ്സ്.. “” ഇന്നെന്തായിരുന്നു അമ്പലത്തിലേക്കു വരാതിരിക്കാനുള്ള തടസ്സം?? “” വാദ്ധ്യാരുടെ ഗൗരവം നിറഞ്ഞ ചോദ്യം എന്നെ ഒന്നാകെ കീഴ്പ്പെടുത്തിക്കളയുന്നതായിരുന്നു… അന്നേരം മനസ്സിൽ തെളിഞ്ഞ ഭദ്രേച്ചിയുടെ രൂപവും, ” കണ്ണേട്ടൻ എന്റെയാണെന്ന ” താക്കീതും മനസ്സിനെ വീണ്ടും ഉയർത്തെഴുന്നേൽപ്പിച്ചു.. ഞാൻ, പെട്ടന്ന് തിരിഞ്ഞു നിന്നു..

“”പ്രത്യേകിച്ച് തടസ്സൊന്നും ഉണ്ടായിട്ടല്ല വരാഞ്ഞേ.. എന്തോ വരണംന്ന് തോന്നീല്ല അത്രെന്നെ “” ഞാൻ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. “” ഇതെന്താ തനിക്ക് പുതിയൊരു ഭാവം? ഇതെനിക്കൊട്ടും പരിചയമില്ലാത്തതാണല്ലോ “” “” സത്യം പറയാലോ കണ്ണേട്ടാ, എനിക്ക്.. എനിക്ക് മടുത്തു തുടങ്ങി!”” പെട്ടന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. എന്നാലും, ആ മുഖത്തു നോക്കി അതിന്റെ പ്രതികരണം അറിയാനുള്ള ത്രാണി എനിക്കില്ലായിരുന്നു.. ഞാൻ വീണ്ടും പുറം തിരിഞ്ഞു നിന്നു.. “” മടുത്തൂന്നോ…! എന്ത് മടുത്തൂന്ന്? എന്നെയോ, അതോ എന്റെ പ്രണയമോ?? “”കണ്ണേട്ടന്റെ എല്ലാ വികാരങ്ങളും, ആ ഒരൊറ്റ ചോദ്യത്തിൽ ഉണ്ടായിരുന്നു… “” അങ്ങനെ ചോദിച്ചാ,,, രണ്ടും!!”” ഞാൻ പറഞ്ഞു. “” എന്താ നീ പറഞ്ഞേ…? ഈ പറഞ്ഞത് ഒന്നുകൂടി എന്റെ മുഖത്തു നോക്കി പറയെടി “” ദേഷ്യത്തോടെ എന്റെ മുന്നിൽ വന്നു നിന്നു കണ്ണേട്ടൻ! സംഭരിച്ച ധൈര്യമെല്ലാം എങ്ങോ ചോർന്നു പോകും പോലെ…. തൊണ്ട വറ്റി വരളും പോലെ… “” എന്തേ, നിന്റെ നാവിറങ്ങിപ്പോയോ?” കണ്ണേട്ടൻ പുച്ഛത്തോടെ ചോദിച്ചതും ഞാൻ മുഖമുയർത്തി..

“” കോളേജില് കുട്ട്യോളെല്ലാം പ്രേമിക്കണ കണ്ടപ്പോ നിക്കും പൂതി തോന്നിപ്പോയി ആരേലും ഒന്ന് പ്രേമിച്ചാലോ ന്ന്.. എന്നാ ഒരാളും ന്നോട് പ്രേമം പറഞ് വന്നതൂല്ല്യ… ഒടുക്കം ആരേലും പ്രേമിച്ചേ അടങ്ങൂ എന്ന വാശീലാ, നിങ്ങളോട് ഇഷ്ടാണെന്നൊക്കെ പറഞ്ഞത്… എന്നാ സത്യം പറയാലോ, ഇപ്പൊ ശരിക്കും ബോറടിച്ചു തുടങ്ങി… ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല. ഒരുമാതിരി സ്കൂൾ പിള്ളേരെ പോലെ അവിടേം ഇവിടേം കാത്തുനിക്കാ, വെറുതെ ഓരോന്നും പറഞ് സമയം കളയാ… നിക്ക് മടുത്തു… ഞാനിത് ഇവടെ നിർത്താ.. എനിക്ക് പറ്റിയ ആളെ, അച്ഛനും അമ്മേം കണ്ടുപിടിച്ച് തരും.. അതാ, അതിന്റൊരു സുഖം!”” സ്വാസമടക്കിപ്പിടിച്ചാണ് അത്രയും പറഞ്ഞു തീർത്തത്… കുറഞ്ഞത്, ഒരു അടിയെങ്കിലും പ്രതീക്ഷിച്ചു നിന്ന ഞാൻ കേട്ടത് കണ്ണേട്ടന്റെ പൊട്ടിച്ചിരിയാണ്… വാദ്ധ്യാര് ഇങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യായിട്ട് കാണുകയായിരുന്നു… എനിക്കൊന്നും മനസ്സിലായില്ല! “” നീ നാടകത്തിലും അഭിനയിച്ചു തുടങ്ങ്യോ..? ഇതേതു നാടകത്തിലെ ഡയലോഗാ? എന്തായാലും സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്”” കണ്ണേട്ടൻ വീണ്ടും ചിരിച്ചു..

ഉള്ളിലെ സങ്കടവും, കണ്ണേട്ടന്റെ ചിരിയുമെല്ലാം കൂടിയായപ്പോൾ എനിക്ക് നിയന്ത്രണം കിട്ടിയില്ല.. ഞാൻ പൊട്ടിത്തെറിച്ചു… “” കാര്യം പറയുമ്പോ, മനസ്സിലാക്കാൻ കഴിവില്ലെങ്കി മനസ്സിലാക്കണ്ട! എന്തായാലും.., നാളെ മുതല് അമ്പലമുറ്റത്ത് കാത്തുനിക്കാനും ശൃംഗരിക്കാനും ന്നെ നോക്കണ്ട! ചോദ്യം ചെയ്യലുമായി ആരും വരേം വേണ്ട! കേട്ടല്ലോ “”” ആ മുഖത്ത് നോക്കി ദേഷ്യത്തിൽ അത്രേം പറഞ്ഞുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നു… “കണ്ണേട്ടൻ ന്നെ ശപിക്കരുതേ ദേവ്യേ ” എന്നൊരു പ്രാർത്ഥന അപ്പോഴും ന്റെ നെഞ്ചിലുണ്ടായിരുന്നു… “” മോളേ ചാരൂ, നീയറിഞ്ഞോ ഒരു വിശേഷം? “” അച്ഛന്റെ സ്നേഹത്തോടെയുള്ള വിളികേട്ട് ഞാനൊന്നു നിന്നു.. ആരും കാണാതെ കണ്ണുകൾ അമർത്തിത്തുടച്ച്, ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു.. “” ന്തേ അച്ഛാ..? “” “” നിന്റെ ചേച്ചീടെ കാര്യാ.. ഭദ്രേടെ. അവൾക്ക് മ്മടെ കണ്ണനെ ഇഷ്ടാന്ന്.. വേളി കഴിക്കാൻ ആഗ്രഹണ്ട് ന്ന്.. “” അച്ഛന്റെ വാക്കുകളിലെ സന്തോഷത്തിൽ നിന്നുതന്നെ, അച്ഛന് ഈ ആലോചനയോടുള്ള താല്പര്യം എനിക്ക് മനസ്സിലായിരുന്നു…

“” അത്… അത് നല്ല കാര്യല്ലേ അച്ഛാ. കണ്ണേട്ടൻ… കണ്ണേട്ടനെ നമുക്കൊക്കെ അറിയണതല്ലേ “” ഞാൻ പറഞ്ഞു. വാക്കുകൾ പതറാതിരിക്കാൻ ഞാൻ ആവുന്നതും ശ്രദ്ധിച്ചു… “” അതേലോ… ഞങ്ങൾക്കതില് സന്തോഷേ ഉള്ളു മോളേ… ഇങ്ങനൊരാഗ്രഹം അച്ഛന്റെ ഉള്ളിലും ഉണ്ടായിരുന്നു… മക്കളിൽ ഒരാളെ കണ്ണനെ ഏൽപ്പിക്കണം ന്ന്.. ഇപ്പൊ അച്ഛന് സന്തോഷായി ! “” അച്ഛൻ പുഞ്ചിരിയോടെ എന്നെ തഴുകിക്കൊണ്ട് പറഞ്ഞു… “” ഒക്കെ തീരുമാനിക്കണതിന് മുമ്പ് കണ്ണനോടൊന്ന് ചോദിക്കണ്ടേ.. അവന്റെ താല്പര്യംകൂടി നമ്മള് നോക്കണ്ടേ “” അമ്മ അങ്ങോട്ട് വന്നു. “” വേണം… ചോദിക്കണം. അവനിങ്ങോട്ട് വരട്ടെ… എന്തായാലും അവൻ എതിരൊന്നും പറയില്ല.. അതെനിക്കുറപ്പാ. എന്റെ വാക്ക് അവന് തള്ളിക്കളഞ് ശീലമില്ലല്ലോ ലക്ഷ്മീ.. നമ്മടെ മക്കളെല്ലാരും എന്നും ഇവിടെത്തന്നെ വേണം ന്നാ എന്റെ ആഗ്രഹം.. അതിന്, അവര് ഒന്നു ചേരുന്നത് തന്ന്യാ നല്ലത് “” അച്ഛൻ പറഞ്ഞപ്പോ, അതിനെ ശരിവെക്കും വിധം അമ്മയും തലയനക്കി.. “” എല്ലാം ഇത്ര പെട്ടന്നാവുംന്ന് നീയ് പ്രതീക്ഷിച്ചു കാണില്ല്യാലേ ചാരൂ “” മുറിക്കകത്തേക്ക് കടക്കുമ്പോൾ, ഭദ്രേച്ചി പിന്നിലൂടെ വന്ന് പറഞ്ഞു.

“” അത് നല്ലതല്ലേ ചേച്ചി.. ശുഭകാര്യങ്ങള് അധികം വെച്ചു താമസിപ്പിക്കരുതെന്നല്ലേ പറയാറ്.. “” ഞാൻ പറഞ്ഞു. “” നിനക്കിത് അത്ര ശുഭകാര്യല്ലെന്ന് എനിക്കറിയാം.. എന്നാലും, നീയൊഴികെ ബാക്കി എല്ലാരും ഇതാ ആഗ്രഹിച്ചിരുന്നേ… അത് അച്ഛൻ പറയേം ചെയ്തു.. “” “” മ്.. ന്നോടും പറഞ്ഞു. ചെരേണ്ടവരെ തമ്മിലേ ദൈവം ചേർത്തു വെക്കൂ.. ഇതാ എല്ലാരേം പോലെ ദൈവത്തിനും ഇഷ്ടം “” ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു. “” പക്ഷേ, എന്റെ പേടി അതോണ്ടൊന്നും മാറില്ല… അത് മാറണെങ്കിൽ, നീ തന്നെ വിചാരിക്കണം!”” ഭദ്രേച്ചി പറഞ്ഞതും ഞാൻ പകപ്പോടെ ആ മുഖത്തേക്ക് നോക്കി.. “” വേളി വേഗം വേണം ന്നാ അച്ഛന്റേം അമ്മേടേം തീരുമാനം… എനിക്കും അതാ ആഗ്രഹം.. പക്ഷേ,…. “” പറഞ്ഞു മുഴുമിപ്പിക്കാതെ ഭദ്രേച്ചി എന്നെ നോക്കി.. ഞാനും… “” ഞങ്ങടെ വേളി നടക്കുമ്പോ, നീയിവിടെ ഉണ്ടാവാൻ പാടില്ല! നീ പോണം.. മറ്റെവിടേക്കെങ്കിലും..! എങ്കിലേ, എനിക്ക് സമാധാനമായി കണ്ണേട്ടനൊപ്പം ജീവിക്കാനാകൂ!!”” ഭദ്രേച്ചിയുടെ ആവശ്യത്തിന്, എന്ത് മറുപടി നൽകണം എന്നറിയാതെ ഞാഞാൻ ഞെട്ടലോടെ നിന്നു… കൈപിടിച്ചവൾ തന്നെ, കൈവിട്ടു കളയുന്നൊരു അവസ്ഥ… അത് മരണത്തിന് തുല്യമാണ്….!! കാത്തിരിക്കണേ… ❤