രചന – മൈഥിലി മിത്ര
“എന്താ രേവതി… രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ.. എന്തേലും കുഴപ്പമുണ്ടോ നിനക്ക് “…. ശ്രീദേവി ടീച്ചറാണ്… നാൽപതിനു മുകളിൽ പ്രായമുണ്ട്… ശരിക്കും പറഞ്ഞാൽ ഒരു ചേച്ചിയെ പോലെ തന്നെയാണ് എനിക്ക്.. ഇത്തിരി മുൻകോപം ഉണ്ടെങ്കിലും ആള് പാവാണ്…. എന്താ മറുപടി പറയേണ്ടതെന്നറിയാതെ അവൾ കുഴങ്ങി… രാവിലെ സ്കൂളിൽ വന്നപ്പോൾ തൊട്ട് എന്തോ ഒരാകാഴികയാണ്.. മനസ്സ് കൈപ്പിടിയിൽ നിൽക്കുന്നില്ല.. ഒരാപത്തു വരുന്നതുപോലെ…. ആദ്യത്തെ ക്ലാസ്സ് എങ്ങനെയൊക്കെയോ പറഞ്ഞിറങ്ങി… രണ്ടാമത്തെതിന് പോകാൻ തോന്നിയില്ല.. ശ്രീദേവി ടീച്ചറിനെ പറഞ്ഞു വിട്ടു, സ്റ്റാഫ് റൂമിൽ വന്നിരുന്നു… സെക്കന്റ് പീരീഡ് കഴിഞ്ഞു ബെൽ അടിച്ചത് പോലും താൻ അറിഞ്ഞില്ല…
“ഒന്നൂല്യ ടീച്ചറെ.. ഒരു തലവേദന പോലെ.. ലീവ് എടുത്തുപോയാലോന്നു ആലോചിക്കുവാ “… സ്കൂളിൽ ഇരിക്കാൻ ഒട്ടും തോന്നുന്നില്ല… എന്തോ സങ്കടം തൊണ്ടകുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്നതുപോലെ… ഇപ്പോ കുട്ടികളെ പഠിപ്പിച്ചാലും ശരിയാവില്ല…. “ഒട്ടും വയ്യെങ്കിൽ ലീവ് എടുത്തു പൊക്കോ രേവതി… ഇവിടെ ഇരിക്കേണ്ട”… ഉടനെ തന്നെ ടീച്ചറിനോട് യാത്ര പറഞ്ഞു അവിടെനിന്നും പുറത്തിറങ്ങി… ഇന്റർവെൽലിനു ബെൽ അടിച്ചതുകൊണ്ട് കുട്ടികളെല്ലാം വെളിയിലായിട്ട് അവിടെയും ഇവിടെയും കൂട്ടം കൂടി നിൽപ്പുണ്ട്.. നേരെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നടന്നു.. അപ്പുറത്തെ ബിൽഡിങ്ങിലാണ് സാറിന്റെ റൂം… എതിരായിട്ട് നടന്നു വരുന്ന കുട്ടികൾ ഗുഡ് മോർണിംഗ് പറഞ്ഞതിന്, തലയൊന്നു ആട്ടി കാണിച്ചു… വേഗമൊന്നു സാറിന്റെ മുറിയിലെത്തി വീട്ടിൽ പോയാൽ മതിയെന്ന് തോന്നി…. ഭാഗ്യത്തിന് പ്രിൻസിപ്പൽ സാർ അവിടെ ഉണ്ടായിരുന്നു… മാധവൻ സർ… ആളൊരു ശുദ്ധനാണ്.. എല്ലാവരോടും നല്ല സ്നേഹവും.. കാര്യം പറഞ്ഞു രണ്ടു ദിവസത്തെ അവധിയുമെടുത്തു അവിടെ നിന്നുമിറങ്ങി..
മഴ ചെറുതായിട്ട് ചാറുന്നുണ്ട്.. കുട നിവർത്തി, ബാഗ് ശരീരത്തോട് ചേർത്തു വെച്ചു വേഗം നടന്നു.. കാരണമറിയാതെ ഒരു സങ്കടം ഉള്ളിൽ കിടന്നു പുകയുന്നുണ്ട്.. ഒന്ന് പെതൊഴിഞ്ഞിരുന്നെങ്കിലെന്നു അവളാശിച്ചു… അപ്പു മാഷിന്റെ വീടും കഴിഞ്ഞു വേണം തന്റെ വീട്ടിലേക്കു കയറാൻ… മാഷിന്റെ വീടിന്റെ പുറകിൽ നിന്നുള്ള സ്റ്റെപ് ഇറങ്ങിയാൽ, തന്റെ വീടിന്റെ അടുക്കള വശമാണ്… മാഷിന്റെ തല വേദനയുടെ കാര്യമോർത്തപ്പോൾ, വിവരമറിഞ്ഞിട്ട് പോകാമെന്നു വിചാരിച്ചു … നേരെ അങ്ങോട്ടേക്ക് കയറി… ചെന്നപ്പോൾ വീട് പൂട്ടി കിടക്കുന്നു… ഈ നേരം മാഷിതെവിടെപ്പോയി… ഓരോന്നാലോചിച്ചു കൊണ്ട് അവൾ അപ്പുവിന് ഫോൺ ചെയ്തു… ബെല്ലടിക്കുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല.. വീണ്ടും ടെൻഷൻ തോന്നി… എന്തോ ഒരു ഉൾപ്രേരണയാൽ നേരെ പാറുവിന്റെ വീട്ടിലേക്കു കാലുകൾ നീണ്ടു… പേരറിയാത്ത ഒരു വികാരം തന്നെ മൂടുന്നതായി അവളറിഞ്ഞു… നൊമ്പരത്തിന്റെ തീചൂളയിൽ ഉരുകിതീരുന്നതുപോലെ… എന്തോ ആപത്തു വന്നപോലെ കാലുകൾ വേച്ചു വെച്ചു അങ്ങോട്ടേക്ക് വേഗത്തിൽ ഓടി…..
കോടതി എന്നുമുള്ളതിൽ നിന്നും വളരെ ശാന്തമായിരുന്നു ആ ദിവസം .. അഡ്വ. ഹരിയും ബാക്കിയുള്ള ലോയേഴ്‌സും അവരുടേതായ സീറ്റുകളിൽ ഇരിപ്പുണ്ട്… അനന്തൻ ബോണിൽ ജഡ്ജിയുടെ വിധി നിർണ്ണയത്തിനായി കാത്തു നിന്നു… യാതൊരുവിധ ടെൻഷനുകളും അവന്റെ മുഖത്ത് കാണാനായില്ല… അപ്പുവും ഉണ്ണിയും, മാധവന്റെ ഭാര്യ രമണിയും, കോളനി പെൺകുട്ടികളുടെ കുടുംബാoഗങ്ങളും പിന്നെ അനന്തന്റെ നാട്ടുകാരും ആധിയോടെ വാദം കേൾക്കാനായി കോടതി മുറിയിലെ ബെഞ്ചിൽ, ശ്വാസമെടുക്കാൻ മറന്നു ഇരിപ്പുണ്ടായിരുന്നു… അനന്തൻ കുറ്റം സമ്മതിച്ചുകൊണ്ടുള്ള, പഞ്ച് വിറ്റ്നെസ്സ് സാക്ഷ്യം ചെയ്തുള്ള വീഡിയോ, ഓഡിയോ റെക്കോർഡ്സ്, അർണവ് ജഡ്ജി.സരസ്വതി അയ്യർക്കു കൈമാറി….. അനന്തന്റെ സ്വഭാവത്തെക്കുറിച്ചും, നാട്ടുകാർക്ക് അവനോടുള്ള മതിപ്പിനെക്കുറിച്ചും ജഡ്ജിക്കു ഒരു രൂപരേഖ കൊടുക്കുവാൻ അർണവിന് കഴിഞ്ഞു…
പ്രതി സ്വയമേ കുറ്റം സമ്മതിച്ചതുകൊണ്ട്, അഡ്വക്കേറ്റ്സ് പോലും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു…. മുഴുവൻ റെക്കോർഡ്സും, കുറ്റം സമ്മതിച്ചുകൊണ്ടുള്ള അനന്തന്റെ വീഡിയോസും കണ്ടശേഷം, സരസ്വതി, ബോണിൽ നിൽക്കുന്ന അനന്തനെ നെറ്റി ചുളിച്ചൊന്നു നോക്കി…. “Mr. അനന്തൻ… താങ്കളാണോ മാധവനെ കൊന്നത്.. അതോ ബലമായിട്ട് ആരെങ്കിലും താങ്കളുടെ പേരിൽ കുറ്റം ചാർത്തിയതാണോ… ആണെങ്കിൽ കോടതി മുൻപാകെ തുറന്നു പറയാം “…. “അല്ല, മാഡം…. കൊന്നത് ഞാൻ തന്നെയാണ്”… ഒരു നേരിയ വിറയൽ പോലുമില്ലാത്ത അനന്തന്റെ ഉറച്ച ശബ്ദം, ആ മുറിയിൽ മുഴങ്ങി കേട്ടു….. അപ്പുവിന്റെയും ഉണ്ണിയുടെയും കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു…. രമണിയാണെങ്കിൽ സാരിത്തുമ്പു കൊണ്ട് വാ പൊത്തിപിടിച്ചുകൊണ്ട് ഒച്ചയില്ലാതെ കരഞ്ഞു..
“എന്തുകൊണ്ടാണ് അനന്തൻ ഇങ്ങനെയൊരു കൊലപാതകം ചെയ്തത് “…. ജഡ്ജിയുടെ ചോദ്യം കേട്ടു, അനന്തനൊന്നു ചിരിച്ചു… “മാഡം, മാധവൻ എന്ന തേർഡ് റേറ്റഡ് ക്രിമിനൽ ഈ ഭൂമിയിൽ ഉണ്ടാവേണ്ട ആവശ്യം എന്താണ് “…. മറുചോദ്യം ജഡ്ജിക്കു നേരെ അവൻ ഉയർത്തി.. “Mr. അനന്തൻ, താങ്കൾ എന്നെ ചോദ്യം ചെയ്യുകയാണോ “… “ഒരിക്കലും അല്ല മാഡം… ഞാനെന്റെ വേദന കൊണ്ടു ചോദിച്ചു പോയതാണ് “…. ബോണിൽ മുറുകുന്ന അവന്റെ കൈകൾ, പറയുന്നുണ്ടായിരുന്നു ഉള്ളിലുള്ള പുകയുന്ന നൊമ്പരങ്ങൾ… “പിന്നേ, ഈ ചോദ്യം എന്നോട് ചോദിക്കാൻ എന്താണ് കാരണം”… ജഡ്ജിയുടെ വാക്കുകളിൽ ദേഷ്യത്തിന്റെ നേരിയ ലാഞ്ചന ഉണ്ടായിരുന്നു…. “എന്റെ ഭാമയുടെ ആത്മാവിന്റെ ശാന്തിക്കു വേണ്ടി… പിന്നെ, ഞാൻ സഹോദരികളായി കണ്ട കുറച്ചു പാവം പെൺകുട്ടികൾക്ക് വേണ്ടി… ഇനിയും ഈ നാട്ടിലെ പെൺകുട്ടികൾ സെക്സ് റാക്കറ്റിന്റെ വലയിൽ വീണു ജീവിതം തകാരാതിരിക്കാൻ വേണ്ടി… അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് മാഡം ആ കൊലപാതകത്തിന് പിന്നിൽ “…. പറയുമ്പോൾ ചെന്നിയിലെ ഞരമ്പുകൾ പിടഞ്ഞിരുന്നു…
നെറ്റിയിൽ നിന്നും വിയർപ്പുത്തുള്ളികൾ തറയിൽ വീണു ചിതറി തെറിച്ചു… രോഷത്താൽ ജ്വലിക്കുന്ന അവന്റെ കണ്ണുകളിലെ തീ വീണ്ടും ആളുന്നപോലെ തോന്നി സരസ്വതിക്കു….. “എന്താണ് അനന്തന് പറയാനുള്ളത്… വ്യക്തമായി പറയൂ “…. ഭാമയുമായിട്ടുള്ള അവന്റെ പ്രണയവും, മാധവനിൽ നിന്നും അവൾക്കു നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗിക ആക്രമണങ്ങളും, ഒടുവിൽ ഗർഭിണിയായ അവളുടെ ആത്മഹത്യയും ഒരു നോവോടെ വിവരിച്ചവൻ… കോളനിയിലെ പാവപ്പെട്ട പെൺകുട്ടികളെ, ജോലിക്കെന്നും പറഞ്ഞു സെക്സ് റാക്കെറ്റിനു വിറ്റതും, അവിടുന്ന് അവരെ രക്ഷിച്ച കാര്യവും ഓരോന്നായി വിശദീകരിച്ചു… ഭാമ എഴുതിയ ആത്മഹത്യ കുറിപ്പും, കോളനിപെൺകുട്ടികളുടെ കേസിൽ മാധവനെതിരെയുള്ള FIR കോപ്പിയും ഒരാവർത്തി കൂടി സരസ്വതി കണ്ണോടിച്ചു …
“ഇനിയും പറയ് മാഡം, ഞാൻ ചെയ്തത് തെറ്റാണോ… ഇതാദ്യമായിട്ടല്ല മാധവൻ പെൺകുട്ടികളെ വിൽക്കുന്നത്.. ഇതിനു മുൻപ് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്.. പുറം ലോകം അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ പേടിച്ചിട്ട് കുടുംബങ്ങങ്ങൾ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.. അവനെപ്പോലെയുള്ള കാമ ചെന്നായ്ക്കളെ ഭൂമിക്ക് ഭാരമായി ഇനിയും വെച്ചു പൊറുപ്പിച്ചിട്ട് എന്ത് ചെയ്യാനാണ് മാഡം… എത്ര പെൺകുട്ടികളെ ആ നീചൻ നശിപ്പിച്ചിട്ടുണ്ടെന്നറിയാവോ… എന്റെ ഭാമയെ… അവളെ… നിസ്സഹായ അല്ലായിരുന്നോ അവൾ.. എന്നിട്ടും വയറ്റിലൊരു കുഞ്ഞിനെ കൊടുത്തില്ലേ ആ നീചൻ… അവളെ കൊല്ലാതെ കൊന്നില്ലേ… എന്റെ പ്രാണൻ അല്ലായിരുന്നോ… ഇത്തിരി ജീവൻ ഉണ്ടായിരുന്നെങ്കിൽ, ഞാൻ പൊന്നു പോലെ നോക്കിയേനെ അവളേം കുഞ്ഞിനേം… പേടിച്ചു പേടിച്ചു, ഒടുവിൽ സഹിക്ക വയ്യാതെയാ എന്റെ ഭാമ ആത്മഹത്യ ചെയ്തത്… അങ്ങനെയുള്ളവനെ ജീവിക്കാൻ അനുവദിക്കണോ “…. കരഞ്ഞു പോയിരുന്നവൻ… കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു…
വികാരത്തിന്റെ വേലിയേറ്റത്തിൽ അവനെത്തന്നെ മറന്നുപോയിരുന്നു … കൈകൾ തലയ്ക്കു തല്ലി പറയുന്നവനെ കണ്ടു സരസ്വതിയുടെ കണ്ണുകളും ഈറനണിഞ്ഞുവെങ്കിലും, അതി സമർത്ഥമായിട്ട് അവരത് മറച്ചു… കോടതിമുറിയിൽ കൂടി നിന്നവരുടെ കണ്ണുകളും പെയ്തു തുടങ്ങി … പക്ഷെ കൊല ചെയ്തവനെന്നും കൊലയാളിയാണ്… അത് രക്ഷിക്കാൻ വേണ്ടിയായാലും ശിക്ഷിക്കാൻ ആയാലും… ആ സമയമാണ് അനന്തനെ ശിക്ഷിക്കരുതെന്നും പറഞ്ഞു ഒരു കൂട്ടം ആൾക്കാർ കോടതി മുറിയിൽ ബഹളം വെച്ചത്.. അനന്തന്റെ നാട്ടുകാരും, അവൻ രക്ഷിച്ച പെൺകുട്ടികളുടെ കുടുംബക്കാരും ആയിരുന്നത്.. പ്രശ്നം സങ്കീർണ്ണമാകുമെന്ന് തോന്നിയതും പോലീസുകാർ അവരെ ബലം പ്രയോഗിച്ച് അവിടുന്ന് മാറ്റേണ്ടി വന്നു… ഇതിനെല്ലാത്തിനും സാക്ഷിയായ സരസ്വതി ഒരു നിമിഷം പകച്ചുപോയി…
അവരുടെ കൈകൾ വിധിയെഴുതാൻ ആദ്യമായിട്ടൊന്നു വിറച്ചു… നീതിന്യായത്തിന്റെ വിധി കർത്താവെങ്കിലും, മനസ്സുകൊണ്ട് ഒരമ്മയായിരുന്നവരപ്പോൾ … “അനന്തൻ ചെയ്തത് ശരിയാണെന്ന് ന്യായവും ചട്ടവും ഒരിക്കലും പറയില്ല… നിയമപ്രകാരം നീ ചെയ്തത് തെറ്റാണു… എന്തുകൊണ്ട് ഇതൊന്നും അന്ന് പോലീസിൽ പരാതിപെട്ടില്ല “… ജഡ്ജിയുടെ ചോദ്യത്തിന് പുച്ഛത്തോടെയുള്ള ചിരിയായിരുന്നു അവന്റെ മറുപടി…. “ഇതിനുള്ള മറുപടി ഞാൻ തന്നെ പറയണോ മാഡം “.. കൈകൾ രണ്ടും പിണച്ചുകെട്ടി ഗൗരവത്തോടെ അനന്തൻ ചോദിച്ചു… “മാഫിയയും രാഷ്ട്രീയവും കൊടികുത്തി വാഴുന്ന ഈ മണ്ണിൽ, മയക്കുമരുന്നും കഞ്ചാവും സെക്സ് റാക്കറ്റും ഒക്കെ വാഴുന്ന ഈ ദേശത്തു, ഒരാഴ്ച തികച്ചു മാധവനെ ജയിലിലിടാൻ നിങ്ങൾ പറയുന്ന നിയമത്തിന് കഴിഞ്ഞോ മാഡം.. അതും തെളിവോടെ തന്നെ കയ്യിൽ കിട്ടിയിട്ടും… അന്ന് നിങ്ങളീ പറയുന്ന ചട്ടവും നീതിയും തന്നെ അല്ലായിരുന്നുവോ ഉള്ളത്.”….. രോഷാത്താൽ അനന്തൻ വിറച്ചു…
അപ്പുവിനും ഉണ്ണിക്കും പോലും അവന്റെയീ രൂപം ആദ്യമായിട്ടായിരുന്നു…. “പറയ് മാഡം, നിങ്ങൾ അയാൾക്ക് എന്ത് ശിക്ഷ നൽകി… പാവപ്പെട്ട പെൺകുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും കണ്ണീര് നിങ്ങളുടെ നീതിന്യായ വ്യവസ്ഥ കാണുന്നില്ലേ… എത്ര പേരുടെ ജീവിതം നശിച്ചു.. ഈ എന്റെയും.. അപ്പോളെവിടെപ്പോയി മാഡം നിങ്ങളീ പറഞ്ഞ നിയമം… വളർന്നു വരുന്ന രാഷ്ട്രീയ സ്വാതീനത്തിൽ, തെറ്റ് ചെയ്യുന്ന ഇവനെപോലെയുള്ളവർ പുഷ്പം പോലെ പുറത്തിറങ്ങുന്നത്, നിങ്ങളുടെ ഒന്നും കണ്ണിൽ പിടിക്കുന്നില്ലേ.. അതോ കണ്ണു മൂടികെട്ടിയ പ്രതിമയെ പോലെ, നിങ്ങളും കണ്ണടച്ചു ഇരുട്ടക്കുവാണോ.. കൂടുതലെന്തിനു പറയണം, മാഡത്തിന്റെ മകൾക്കാണിത് സംഭവിച്ചിരുന്നെങ്കിലോ “…. ആ നാല് ഭീതിക്കുള്ളിൽ അവന്റെ ശബ്ദം മാറ്റൊലി കൊണ്ടു….
സരസ്വതിയിൽ ഒരു വിറയൽ ഉണ്ടായി.. തന്റെ പൊന്നു മോൾക്കാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ… ആവർത്തിച്ചു അത് തന്നെയാണ് അവരുടെ തലച്ചോറിൽ മുഴങ്ങികേട്ടത്… അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, തനിക്കു പൊറുക്കാനാവുമോ… ഇല്ല, ഒരിക്കലും പൊറുക്കില്ല… അവന്റെ നാശം കണ്ടല്ലേ താൻ അടങ്ങുകയുള്ളൂ… അനന്തനാണ് ശരി.. പക്ഷെ നിയമം… മനസ്സും തലച്ചോറും തമ്മിൽ അവിടെ യുദ്ധമായിരുന്നപ്പോൾ… “തെറ്റ് ചെയ്തവൻ തലയുയർത്തി നടക്കുന്ന ഈ ദേശത്തു, രക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്തത് എങ്ങനെ തെറ്റാവും മാഡം… ഇങ്ങനെയുള്ള നീതി വ്യവസ്ഥയോട് എനിക്ക് പുച്ഛം തോന്നിയത് കൊണ്ടാണ്, കൊല ചെയ്തിട്ടും അന്ന് ഞാൻ കുറ്റമേറ്റു നിയമത്തിന് മുൻപിൽ വരാഞ്ഞത്.. അന്നെനിക്ക് അതായിരുന്നു ശരി…
ഞാൻ ചെയ്തത്, നിയമ വ്യവസ്ഥകൾക്ക് മുൻപിൽ തെറ്റാണു… ബഹുമാനപ്പെട്ട കോടതി തരുന്ന എന്ത് ശിക്ഷയും ഞാൻ സ്വീകരിക്കും “…. ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ തീഷ്ണത, കണ്ട് സരസ്വതിക്കു അവനോടു ബഹുമാനം തോന്നി… നിസ്സഹായമായ ആ അമ്മമനസ്സ്, അവന്റെ കാൽക്കൽ വീണു പല പ്രാവശ്യം ക്ഷമ ചോദിച്ചിരുന്നു ഇതിനോടകം… ഇടറുന്ന കൈകളാൽ അവർ വിധിയെഴുതി…. അവന്റെ ജീവിതത്തെ തന്നെ മാറ്റിയെഴുതിയത്… ഒരുപക്ഷെ ഒരു പുതു ജീവിതത്തിനായി…. തുടരും……

by