23/04/2026

ഭാഗ്യജാതകം : ഭാഗം 18

രചന – അയിഷ അക്ബർ

അവന്റെ വാക്കുകൾ അവളെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് തോന്നിയിരുന്നു…..

അതിനേക്കാൾ അവളെ വേദനിപ്പിച്ചത് ശിവയോട് അവൻ അടുപ്പത്തിലാണെന്ന് ആലോചിക്കുമ്പോഴായിരുന്നു…..

അവൾ ഫോൺ ശിവക്ക് നേരെ നീട്ടി…..

ശിവ സംശയ ഭാവത്തോടെ അവളെ നോക്കി…..

ആരാ….

ശിവ അത് ചോദിച്ചപ്പോഴേക്കും ഉത്തരം പറയാൻ പോലും താല്പര്യമില്ലാത്ത വണ്ണം ചമ്രം പടിഞ്ഞിരുന്നു നാമം ജപിക്കുകയായിരുന്ന അവളുടെ മടിയിലേക് ഫോൺ എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്……

ഫോണെ റിഞ്ഞു കൊണ്ട് ദേഷ്യത്തോടെ അകത്തേക്ക് പോകുന്നവളെ മനസ്സിലാകാത്ത വിധം ലക്ഷ്മിയും നോക്കുന്നുണ്ടായിരുന്നു….

ശിവ ഫോൺ ചെവിയോട് ചേർത്ത് വെച്ചു…..

ഹലോ…..

അവൾ സംസാരിക്കുന്നതിനു ചെവി കൂർപ്പിച്ചു ലക്ഷ്മി അവിടെ തന്നെയിരിപ്പായിരുന്നു…..

ഹാ….. ഞാൻ ആദിയാണ്….

അവളുടെ പെരുവിരലിൽ നിന്നും എന്തോ ഒരു തരിപ്പ് തലയിലേക്ക് കയറുന്നത് പോലെ തോന്നി….

തീരെ പ്രതീക്ഷിക്കാത്ത ആളായത് കൊണ്ട് തന്നെ ഞെട്ടൽ അവളുടെ മുഖത്ത് പ്രകടമായിരുന്നു….

ഏകാന്തത മനസ്സിനെ കാർന്നു തുടങ്ങിയിരുന്ന ആ നിമിഷങ്ങളിൽ അവന്റെ ശബ്ദം അവളിലേക്ക് പെയ്തിറങ്ങിയ ഒരു കുളിർമഴയായിരുന്നു…

മാറ്റാരെക്കാളും അവൻ തനിക്കാരൊക്കെയോ ആണെന്ന് മനസ്സ് പറയും പോലെ…..

അവന്റെ ശബ്ദം തന്റെ ഉള്ളിലെ കനലിനെ പാടേ ശമിപ്പിക്കാൻ കഴിവുള്ളതാണെന്ന് അവൾക്ക് തോന്നി….

മറുതെന്തെങ്കിലും പറഞ്ഞു പോയാൽ തന്റെ ഉള്ളിലെ നോവിനെയവൻ തിരിച്ചറിയുമോയെന്നു ഭയന്നിട്ട് തന്നെയാണ് അവൾ മൗനമായിരുന്നത്…..

തന്റെ ചലനങ്ങളോരോന്നും ചെറിയമ്മ വീക്ഷിക്കുന്നുണ്ടെന്നു മനസ്സിലായതും അവളവിടെ നിന്നും എഴുന്നേറ്റു……

ഫോണുമായി മുറിയിലേക്ക് കയറി വാതിലടക്കുന്നവളെ നോക്കി നീതു ദേഷ്യത്തോടെ പല്ലിറുമ്മി…

ഞാനില്ലാത്ത സന്തോഷത്തിൽ വിരുന്ന് പോയതായിരിക്കും അല്ലെ…

അവളിൽ നിന്നു മറുപടിയൊന്നും പ്രതീക്ഷിക്കാതെ തന്നെയാണ് അവനത് പറഞ്ഞത്……

അവളപ്പോഴും നിശബ്ദയായിരുന്നു…..

കഴിച്ചോ…..

അൽപ സമയത്തെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അവൾ തന്നെയാണ് ചോദിച്ചത്…

ഇല്ലാ….. സമയം ആവുന്നതേയുള്ളു…..
നീ കഴിച്ചോ…..

ഇല്ലാ…..

വീണ്ടും നിശബ്ദത…. ഏറെ നേരം രണ്ടു പേരും ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു തന്നെയിരുന്നു…

ശരി…. ഞാൻ പിന്നെ വിളിക്കാം……

നിശബ്ദതയെ ബേധിച്ചു കൊണ്ട് ആദി ഫോൺ വെച്ചു…..

കുറച്ചു സമയം കൂടി ആ ശബ്ദം കേൾക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പറയാൻ തനിക്ക് കഴിയുമായിരുന്നില്ല….

അവൾ ഒരു നെടുവീർപ്പോടെ കട്ടിലിലേക്ക് ചാഞ്ഞു…..

അവൻ പോയതിനു ശേഷം എല്ലാ വൈകുന്നേരവും അച്ഛന്റെ ഫോണിലേക്ക് വിളിക്കും…..

അച്ഛനുമാമ്മയോടും സംസാരിച്ചു കഴിഞ്ഞാൽ തന്റെ ഊഴമായിരുന്നു…..

ഇത് പോലെ ഒന്നോ രണ്ടോ ചോദ്യങ്ങൾ ചോദിച് വെക്കും….

അവിടെ നിന്നു എനിക്ക് വിളിക്കുമ്പോഴൊക്കെ കരുതിയിരുന്നത് അച്ഛനെ പേടിച്ചിട്ടാവുമെന്നായിരുന്നു…..

എന്നാൽ ഇവിടെ വന്നിട്ടും വിളിച്ചതെന്തിനാണെന്ന് അവളാലോചിച്ചു…..

മുറി തുറന്നവൾ പുറത്തേക്കിറങ്ങിയപ്പോൾ അവളെ തുറിച്ചു നോക്കി കൊണ്ട് നീതുവിന് കൂട്ടായി ലക്ഷ്മിയുമുണ്ടായിരുന്നു….

ഓഹ്….. തമ്പുരാട്ടീടെ കഴിഞ്ഞെങ്കി അടുക്കളയിലൊട്ടൊന്നു എഴുന്നള്ളാമോ…. അവിടെ കുറച്ചു പണിയൊക്കെയുണ്ട്….. ഇവിടെ നിന്നു വല്ലോം തിണ്ണണമെങ്കി മേലനങ്ങി പണിയെടുക്കണം….

ലക്ഷ്മി അത് പറഞ്ഞു നിർത്തുമ്പോൾ അവളൊന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു….

നീതുവിന്റെ മനസ്സിൽ അപ്പോഴും ദേഷ്യം ആളി കത്തുകയായിരുന്നു…..

ഒരിക്കലും അവൾ സന്തോഷിക്കരുതെന്ന് കരുതിയിട്ടു തന്നെയാണ് വിവാഹത്തിന്റെ അന്ന് അവൾ ചതിച്ചതാണെന്ന് ആധിയേട്ടനോട് താൻ പറഞ്ഞത്……

തന്നോടുള്ള സഹതാപവും അവളോടുള്ള ദേഷ്യവും ഒത്തു ചേർന്നാൽ ആധിയേട്ടനൊരിക്കലും അവളെ സ്നേഹിക്കാൻ കഴിയില്ല എന്ന് താനുറച്ചു വിശ്വസിച്ചിരുന്നു…..

എന്നാൽ താൻ കണക് കൂട്ടിയതിനും അപ്പുറത്താണ് കാര്യങ്ങൾ….

ഓർക്കും തോറും അവൾക്ക് തല പെരുക്കുന്നത് പോളർ തോന്നി
🔹🔹🔹🔹🔹🔹🔹🔹 🔹🔹🔹🔹🔹🔹🔹🔹🔹

ഫോൺ കയ്യിൽ പിടിച്ചു ആദി അൽപ നേരം അതെ ഇരിപ്പ് തുടർന്നു…

നീതുവിനു താൻ അവളെ മനപ്പൂർവം ഒഴിവാക്കിയതാണെന്ന് മനസ്സിലായിട്ടുണ്ടാവുമെന്നവന് തോന്നി…..

അവൾ തന്നിൽ നിന്നാ പഴയ ആദിയെ പ്രതീക്ഷിക്കുന്നത് തെറ്റായി തോന്നുന്നത് കൊണ്ട് തന്നെയാണ് അവളിൽ നിന്നകന്നു നിൽക്കാൻ ശ്രമിക്കുന്നത്……

തന്റെ ഉള്ളിലുള്ള മുറിവിലേക്കുള്ള നീറ്റലാണ് നീതുവിനോടൊരോ നിമിഷവും സംസാരിക്കുമ്പോൾ ലഭിക്കുന്നത്……

ഹൃദയം കൊണ്ട് ചേർത്ത് വെച്ച അവളെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ശ്രമിക്കും തോറും അവളുടെ ശബ്ദം പോലും അവളെ തന്നിലേക്ക് ചേർത്ത് വെക്കും പോലെ….

തന്റെ വീട്ടിൽ നിന്നും മറ്റുള്ളവരുടെ മുമ്പിൽ പരാതികളെതുമില്ലാതെ തന്റെ ഭാര്യയായി തുടരുന്നവളോടുള്ള ഒരു പരിഗണന ആയിരുന്നു ഈ ഒരു വിളി…..

അവളുടെ വീട്ടുകാരുടെ മുമ്പിലും ഞങ്ങൾ സ്നേഹത്തോടെയാണ് കഴിയുന്നതെന്ന് വരുത്തി തീർക്കാൻ കൂടിയാണ് ശ്രമിച്ചതെങ്കിലും മനസ്സിലെന്തോ ഒരു ഭാരം…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എല്ലാവരും മേശ മേൽ ഭക്ഷണം കഴിക്കാനിരുന്നു….

ശങ്കരൻ ശിവയെ കൂടി മേശമേലിരുത്തിയത് കണ്ട് ലക്ഷ്മിക്ക് ദേഷ്യം വന്നു…..

അതിന്റെ പേരിൽ ലക്ഷ്മി ബഹളം വെച്ചു തുടങ്ങിയപ്പോൾ അച്ഛനെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി തന്നെയാണ് അവളവിടെ നിന്നും എഴുന്നേറ്റത്….

അടുക്കളയുടെ ജനൽ മലർക്കേ തുറന്നിട്ടു കൊണ്ട് അതിനൊരത്ത് ഭക്ഷണവുമായി അവളിരുന്നു…..

ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രൻ രാത്രിയുടെ ഭംഗിയെ അതിന്റെ പൂർണതയിലെത്തിക്കുന്നുണ്ടായിരുന്നു……

ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അത്രയും വലിയ ആ വീട്ടിൽ ഒരു തവണ പോലും താനീ ബുദ്ധിമുട്ടിലൂടെ കടന്നു പോയിട്ടില്ലെന്നവലോർത്തു…..

അവൾക്കാദ്യമായി ആ തറവാടും അവിടുത്തെ ഓരോന്നും തന്നെ എത്രത്തോളം പരിഗണിച്ചിരുന്നുവെന്ന് തോന്നിപ്പോയി…..

അന്ന് ലക്ഷ്മിയും നീതുവും കഴിച്ച പാത്രങ്ങൾ കൂടി കഴുകാതെ പോയി കിടന്നു…

അവരുടെ വേലക്കാരി ഉണ്ടെന്ന ധൈര്യത്തിൽ….

എല്ലാം ഒതുക്കി വെച്ചു അവൾ കിടക്കാൻ ഏറെ വൈകിയിരുന്നു…..

നാളെ നേരത്തെ എഴുന്നേൽക്കേണ്ടതും തന്റെ ബാധ്യത തന്നെയാണെന്നാലോചിച്ചു കൊണ്ട് അവൾ കിടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറച്ചു ദിവസങ്ങൾ അങ്ങനെ പോയപ്പോഴേക്കും ഏകാന്തത അവളെ വീർപ്പു മുട്ടിച്ചു തുടങ്ങിയിരുന്നു….

പഴയ വേലക്കാരിയെ തിരിച്ചു കിട്ടിയതോടെ അവർ രണ്ടു പേരും വിശ്രമത്തിലായിരുന്നു….

അവൾ വീണ്ടും ആ അടുക്കളയിലേക്ക് തന്നെ ഒതുങ്ങി പോയിരുന്നു……

പണ്ടത്തെ പോലെ തന്നെ അച്ഛൻ വരുമ്പോൾ മാത്രമായിരുന്നു അവൾ സമാധാനം അറിഞ്ഞിരുന്നത്…. അച്ഛന് വേണ്ടി തന്നെയായിരുന്നു അവളവിടെ നിന്നിരുന്നതും….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് രാത്രി വാതിലിൽ തുടരെ മുട്ടുന്നത് കേട്ട് കൊണ്ടാണ് ശിവ എഴുന്നേറ്റത്……

മോളേ…. ശിവാ ജാനകിയുടെ അമ്മ….. പോയീത്രെ…. നീ വേഗം എഴുന്നേൽക്കു…. നമുക്കവിടം വരെ പോകണം…..

വെപ്രാളത്തോടെ ശങ്കരനത് പറയുമ്പോൾ ശിവയൊന്ന് ഞെട്ടി…

പിന്നെ വേഗം മുടി വാരി കെട്ടി ഉടുത്തിരുന്ന പഴയ ദാവണി മാറ്റി ഒരു സാരി ചുറ്റി പുറത്തേക്ക് വന്നപ്പോഴേക്കും ലക്ഷ്മിയും നീതുവും ശങ്കരനും എല്ലാവരും പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു….

അച്ഛാ… ഞാൻ വരണോ… ചോദിക്കുമ്പോൾ ഉറക്കച്ചടവ് നീതുവിൽ പ്രകടമായിരുന്നു…..

പിന്നേ…. വരാതെ…. ആദിയുടെ മുത്തശ്ശിയല്ലേ… നമുക്കത്രയും അടുത്ത ബന്ധമല്ലേ ……

പറയുന്നതോടൊപ്പം ശങ്കരൻ മുറ്റത്തേക്കിറങ്ങി..

പറഞ്ഞേൽപ്പിച്ച ഓട്ടോ റിക്ഷ അപ്പോഴേക്കും എത്തിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മരണ വീടിന്റെ മുറ്റത്തെത്തിയപ്പോഴേ പലരുടെയും കരച്ചിലിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…

മുത്തശ്ശി വയ്യാതെ കിടക്കുകയായിരുന്നത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞ സമയത്ത് തന്നെ കാണണമെന്ന് പറഞ്ഞു ആദിയോടൊപ്പം അവിടെ പോയതവളോർത്തു….

അന്ന് കണ്ടപ്പോൾ വല്ലാതെ ശോഷിച്ചൊരു ശരീരമായിരുന്നെങ്കിലും ഇന്ന് കിടക്കുന്നത് കാണുമ്പോൾ അന്നത്തേതിലും മുഖത്തിനാകെ ഒരു പ്രസരിപ്പുള്ളത് പോലെ… ശിവ അൽപ നേരം അവരെ നോക്കി നിന്നു…..

അവരുടെ ഓരത്തായി ജാനകി സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചിരിക്കുന്നുണ്ടായിരുന്നു…….സങ്കടം പിടിച്ചു നിർത്താൻ ശ്രമിക്കുന്ന അവരുടെ ചുണ്ടുകൾ വിരൂപമായി ശിവക്ക് തോന്നി…

പാതി ചാരിയ മുറിയിൽ വേണിയിരിക്കുന്നുണ്ടായിരുന്നു….. ആ മുറിയിൽ ഒഴിവുള്ളത് കൊണ്ട് തന്നെ ശിവയും നീതുവും ലക്ഷ്മിയും ആ മുറിയിലേക്ക് കയറി….

ശിവയെ കണ്ട് വേണി മുഖം തിരിച്ചിരുന്നെങ്കിലും നീതുവിനോട് അവൾ നല്ലവണ്ണം സംസാരിക്കുന്നുണ്ടായിരുന്നു……
അത് കാണുമ്പോൾ ശിവക്ക് ഹൃദയത്തിൽ ഒരു ഭാരം തോന്നി….
നീതുവായിരുന്നു അവരുടെ കുടുംബത്തിലേക്ക് വരേണ്ടതെന്ന ഭാവത്തിൽ വേണി അവളെ നോക്കുന്നുണ്ടായിരുന്നു…..

സൂര്യൻ തന്റെ സൂവർണ രശ്മികളാൽ ഭൂമിയെ തലോടി കൊണ്ടിരുന്നു….

കറുത്ത ഷർട്ടിട്ട ഒരാളുടെ പുറം ഭാഗം കണ്ടപ്പോൾ ശിവയുടെ മിഴികൾ ആ മുഖം കാണാൻ ധൃതി കൂട്ടിയിരുന്നത് പോലെ….എന്നാൽ തിരക്കിനിടയിൽ ആ മുഖം അവൾക്ക് കാണാൻ കഴിഞ്ഞില്ല…..

തിരക്ക് കാരണം മുറ്റത്തേക്കിറങ്ങി നിന്നപ്പോഴാണ് വീണ്ടും ആ കറുപ്പ് ഷർട്ടവളുടെ കണ്ണിൽ പെട്ടത്….

ഇത്തവണ പുറം ഭാഗമായിരുന്നില്ല അവൾ കണ്ടത് …. മിഴികൾ അമർത്തി തുടച്ചു നിൽക്കുന്ന അവന്റെ മൂക്കിൻ തുമ്പാകെ ചുവന്നത് പോലെയവൾക്ക് തോന്നി….

അവനെ കണ്ട അവളുടെ മിഴികൾ അവൾ പോലുമറിയാതെ വിടർന്നിരുന്നു…..

ആദിയേട്ടൻ…..
താൻ മനസ്സിൽ വിചാരിച്ചതിനെ ശബ്ദമായി പുറത്തു വന്നത് നീതുവിന്റെ വായിൽ നിന്നായിരുന്നു….
അവളുടെ മുഖത്താകെ ഒരു തിളക്കം…..

ശിവക്ക് മനസ്സ് ഇടുങ്ങുന്നത് പോലെ തോന്നിയിരുന്നു……

(തുടരും )