19/04/2026

ഭാഗ്യജാതകം : ഭാഗം 17

രചന – അയിഷ അക്ബർ

പുസ്തകങ്ങളെല്ലാം അടുക്കി വെച്ച് മുറി തുടച് പുറത്തേക്കിറങ്ങുമ്പോൾ അവിടെ വേണി നിൽക്കുന്നുണ്ടായിരുന്ന്….. നിന്റെ അച്ഛൻ വന്നിട്ടുണ്ട്….. വല്യ താല്പര്യമില്ലാത്ത മട്ടിലത് പറഞ്ഞു വേണി പോയി….. ശിവയുടെ കണ്ണുകൾ വിടർന്നിരുന്നു…. അവൾ വേഗം കോണിപ്പടികളിറങ്ങി…. അച്ഛാ….. ശങ്കരന് നേരെ അവളോടി ചെല്ലുമ്പോഴേക്കും ശങ്കരൻ ഇരിക്കുന്നിടത് നിന്നും എഴുന്നേറ്റ് അവളെ കെട്ടിപ്പിടിച്ചിരുന്നു….. അവൾ പരിസരം മറന്നയാളോട് ചേർന്ന് നിന്നു….. ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്ന അത്രയും ദിവസങ്ങൾ ഒരു പെണ്ണ് ഏറ്റവും കൂടുതൽ ഓർക്കുക അവളുടെ വീട്ടുകാരെ കുറിച്ചായിരിക്കും….. നമ്മളെത്രത്തോളം അവരിലേക്ക് ലയിച്ചു ചേർന്നിട്ടുണ്ടെന്നത് അപ്പോഴാണ് നമുക്ക് ശെരിക്കും മനസ്സിലാകുന്നത്….. തനിക്ക് പേരിനെങ്കിലും അല്പം സ്നേഹം തന്നിട്ടുണ്ടെങ്കിൽ അത് അച്ഛൻ മാത്രമായിരുന്നു….

അന്നൊന്നും പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം ഇന്നും അച്ഛന്റെ ഉള്ളിൽ കുമിഞ്ഞു കൂടി കിടക്കുന്നത് കൊണ്ടാവാം അച്ഛന്റെ മിഴികൾ നിറഞ്ഞു തൂവിയത്….. എന്താ ശങ്കരാ ഇത്….. കൊച്ചു കുട്ടികളെ പോലെ… രഘു ശാസനയോടെ പറയുമ്പോൾ ശങ്കരൻ മിഴികളോപ്പുകയായിരുന്നു… സന്തോഷം കൊണ്ടാഡോ… നിറയുന്ന മിഴികൾ തുടക്കുമ്പോഴും ചെറു പുഞ്ചിരി അവരുടെ ചൊടികളിൽ തങ്ങി നിന്നിരുന്നു…… ശങ്കരൻ മോളേ കൂട്ടി കൊണ്ട് പോകാൻ വന്നതാണ്…. രഘു പുഞ്ചിരിയോടെ പറയുമ്പോൾ അവൾ അച്ഛന് നേരെ നോക്കി…. തുണികളെടുക്കണമെങ്കിൽ എടുത്തോളൂ…. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം…… ശങ്കരൻ അവളുടെ കൈകകളിൽ പിടിച്ചത് പറയുമ്പോൾ അവൾ രഘുവിനെ നോക്കി….

പുഞ്ചിരിച്ചു കൊണ്ട് രഘു തലയാട്ടി….. അപ്പോഴാണ് ശങ്കരനുള്ള ചായയുമായി ജാനകി അങ്ങോട്ട് വന്നത്…… ജാനകിയുടെ മുഖത്തെ ഗൗരവത്തിനവൾ മുഖം കൊടുത്തിരുന്നില്ല….. അവൾ മുറിയിലേക്ക് പോയി അവളുടെ വസ്ത്രങ്ങളോരോന്നും മടക്കി വെച്ച് തുടങ്ങി….. താൻ ജനിച്ചു വളർന്ന ആ വീട്ടിലേക്ക് പോകുന്നത് സന്തോഷമാണെങ്കിലും ചെറിയമ്മയുടെയും നീതുവിന്റെയും മുഖം ആലോചിക്കുമ്പോഴേക്കും അവൾക്കാകെ ഒരു അസ്വസ്ഥത തോന്നി…. അവൾ ഒരു സഞ്ചിയിൽ അത്യാവശ്യം വേണ്ട തുണികൾ മാത്രമെടുത് താഴേക്ക് വന്നു…. അവളെ കണ്ടതും ശങ്കരൻ എഴുന്നേറ്റു…. രഘുവിനരികിലായി ജാനകിയും ജാനാകിയെ ചാരി വേണിയും നിൽക്കുന്നുണ്ടായിരുന്നു…. ഞങ്ങളിറങ്ങാണ്…. ശങ്കരൻ പറഞ്ഞു കൊണ്ട് രഘുവിനു കൈ നീട്ടി…. ഞാൻ പോവാണ്…. അവൾ ജാനകിയുടെ അരികിലായി നിന്നാണത് പറഞ്ഞത്….. മ്മ്…. പോയി വരൂ… ഗൗരവത്തോടെയാണെങ്കിലും അവളുടെ മുഖത്ത് നോക്കിയാണ് ജാനകിയത് പറഞ്ഞത്….. അവൾ വേണിക് നേരെ പോവാണെന്ന അർത്ഥത്തിൽ തല കുലുക്കി…. വേണി താല്പര്യമില്ലാത്ത മട്ടിലൊന്നു തല ചെരിച്ചു…. സന്തോഷമായി പോയി വാ മോളേ….. രഘു അവളെ തോളിൽ തട്ടി പറയുമ്പോൾ അവളൊന്നും പുഞ്ചിരിക്കാൻ ശ്രമിച്ചു….

ശങ്കരന്റെ കൂടെ ഓട്ടോയിൽ ആ വീടിന്റെ മുറ്റത്തിറങ്ങിയപ്പോൾ ചെറിയമ്മയും നീതുവും ഉമ്മറത്തു തന്നെയുണ്ടായിരുന്നു….. ഓ…. ഈ നാശത്തിനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ വേണ്ടിയാണോ രാവിലെ ഇവിടെ നിന്നിറങ്ങിയത്….. ചെറിയമ്മ അച്ഛന് നേരെ അലറി….. അച്ഛന്റെ ദയനീയമായ മുഖം മനസ്സിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു….. കല്യാണം കഴിഞ്ഞതിനു ശേഷം തനിക്ക് ആ വീട്ടിൽ നിന്നു കിട്ടിയ മനസ്സമാധാനത്തെ അപ്പോഴാണവൾ തിരിച്ചറിഞ്ഞത്….. ഈ വീട്ടിലേക്ക് കയറിയതും മനസ്സൊന്നാകെ ഇടുങ്ങിയ പോലെ തോന്നിയിരുന്നു….. കല്യാണം കഴിഞ്ഞെന്നു വെച്ച് അവളെന്റെ മോളല്ലാതാവില്ല…. അവളെ ഇനി ഇവിടെ കയറ്റാൻ പറ്റില്ലെങ്കിൽ സമാധാനമുള്ള മറ്റെങ്ങോട്ടെങ്കിലും ഞാൻ അവളെ കൊണ്ട് പോകും….

അവളിപ്പോ ഒന്നുമില്ലാത്ത ആ പഴയ ശങ്കരന്റെ മോള് മാത്രമല്ല….. മംഗലശ്ശേരി തറവാട്ടിൽ ഇളയ മകൻ ആദിത്യന്റെ ഭാര്യ കൂടിയാണ് … അതെല്ലാവരും ഓർക്കുന്നത് നല്ലതാണ്…. ഒറ്റ ശ്വാസത്തിൽ അത്രയേറെ ഗൗരവത്തോടെ ശങ്കരനത് പറയുമ്പോൾ അയാളുടെ ശബ്ദം വളരേ ഉയർന്നിരുന്നു…. അച്ഛനെ ഇത്രയും ദേഷ്യത്തോടെ അതിലേറെ വീറും വാശിയോടെ താൻ കാണുന്നത് തന്നെ ആദ്യമാണെന്നവളോർത്തു… അവൾ കണ്ണിമ വെട്ടാതെ അച്ഛനെ നോക്കി…. ചെറിയമ്മയും നീതുവുമൊക്കെ അച്ഛന്റെ ഈ ഭാവ പകർച്ചയിൽ പതറിയിരിക്കുന്നത് അവരുടെ മുഖ ഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു…. അമ്മേ……. വേണ്ട….. നീതു വന്നു ചെറിയമ്മയുടെ കൈകളിൽ പിടിച്ചു….

അച്ഛൻ തന്നെ കൂട്ടി അവിടെ നിന്നിറങ്ങുമോയെന്ന ഭയം ചെറിയമ്മായിലുണ്ടായത് കൊണ്ട് തന്നെയാണ് അവർ ദേഷ്യപ്പെട്ടു കൊണ്ട് അകത്തേക്ക് കയറി പ്പോയത്…… മോള് കയറ്…. ശങ്കരൻ പറയുമ്പോൾ അവൾ ദയനീയമായി അയാളെ നോക്കി….. ഇത് വരെ അച്ഛൻ പ്രതികരിക്കാത്തിരുന്നെങ്കിൽ അതിന്റെ പേരിലും കൂടി അവൾ നിന്നെ ഉപദ്രവിക്കുന്നത് കാണാൻ കഴിയാനിട്ടാണ്….. ഇനി അച്ഛന് ഒന്നും നോക്കാനില്ല…. നിനക്ക് നല്ലൊരു ജീവിതം കിട്ടിയതിനാണ് ഞാൻ ദൈവത്തോട് ഏറ്റവും കൂടുതൽ നന്ദി പറയുന്നത്…. ആദിത്യൻ സ്നേഹമുള്ളവനാ….. അതാണച്ഛന്റെ സമാധാനം…… അതും പറഞ്ഞു കൊണ്ട് ആശ്വാസത്തോടെ നെടുവീർപ്പിടുന്ന അചനറിയില്ലായിരുന്നു ആദിത്യനു അച്ഛന്റെ മോളേ മാത്രം സ്നേഹിക്കാൻ കഴിയില്ലെന്ന്….. അവളുടെ ഹൃദയത്തിൽ ഒരു നൊമ്പരം കൂടു കൂട്ടിയിരുന്നു……

ഇടുങ്ങിയ ആ മുറിയുടെ വാതിലവൾ തുറന്നു…. കുറെയായി അടച്ചിട്ട പോൽ ഒരു കുഞ്ഞു ശബ്ദത്തോടെയാണ് വാതിലവൾക്ക് മുമ്പിൽ തുറന്നത്…… അവളുടെ സാധനങ്ങളെല്ലാം പൊടി പിടിച്ചു കിടന്നിരുന്നു…. ആ മുറി തുറക്കാറോ വൃത്തിയാക്കാറോ ഇല്ലെന്ന് അവൾക്ക് മനസ്സിലായി…. അടുക്കളയിൽ പോയി ചൂലെടുത്തു വന്നു അവൾ മുറി അടിച്ചു വൃത്തിയാക്കി തുടച്ചെടുത്ത ശേഷമാണ് സാധനങ്ങളൊക്കെ വെച്ചത്…… ഇത്ര ദിവസം വിശാലമായ മുറിയിൽ കിടന്നത് കൊണ്ട് തന്നെ ആ മുറിക്ക് പതിവിലധികം ഒരു ഇടുക്കം അവൾക്കനുഭവപ്പെട്ടു….. എങ്കിലും തന്റെ ഓർമകൾ പലതും തങ്ങി നിന്നിരുന്നതവിടമായിരുന്നു… എത്ര ബുദ്ധിമുട്ടുകൾക്കിടയിലും അവളാശ്വാസം കണ്ടെത്തിയത് അവിടെ നിന്നു തന്നെയായിരുന്നു…. അവൾ ജനൽ തുറന്നിട്ടു….. പതിയേ കാട്ടിലിലേക്ക് മലർന്നു കിടന്നു….

തണുത്ത ഒരു കാറ്റ് അവളെ തഴുകി കടന്നു പോകുന്നുണ്ടായിരുന്നു…. താൻ കയറി വരുമ്പോൾ സന്തോഷത്തോടെ ചേർത്ത് പിടിക്കാൻ അമ്മയുണ്ടായിരുന്നെങ്കിലെന്നവളൊരു നിമിഷം ആലോചിച്ചു…… ഒരു തുള്ളി കണ്ണുനീർ അവൾ പോലുമറിയാതെ കവിളിലൂടെ ഒലിച്ചിറങ്ങി…. ശിവ പഴയ ശിവ തന്നെയാണെങ്കിലും ജീവിതത്തിനു കാര്യമായ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെന്നവളോർത്തു…. ആദ്യം മനസ്സിൽ തെളിഞ്ഞത് ആദിയുടെ മുഖമായിരുന്നു….. പഴയ ആദിത്യനുമായി അവനെ ചേർത്ത് വെക്കാൻ താൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല….. എന്നാൽ പലപ്പോഴായി അവനിലാ പഴയ ആദിത്യനെ തനിക്ക് കളഞ്ഞു കിട്ടിയിട്ടുണ്ടായിരുന്നു….. പരസ്പര സ്നേഹമില്ലാതെ അൽപ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു…..

ഇനിയും എത്ര നാൾ….. ഓർമകൾക്ക് കനം കൂടി തുടങ്ങിയപ്പോൾ അവൾ മിഴികളടച്ചു കിടന്നു….. സൂര്യൻ നീങ്ങി പ്പോയതും ഇരുട്ട് പരന്നു തുടങ്ങിയതും അവളറിഞ്ഞിട്ടില്ലായിരുന്നു…. ശിവാ….. മോളേ….. എഴുന്നേൽക്കുന്നില്ലേ…. കുറെ നേരമായില്ലേ കിടന്നിട്ട്….. ശങ്കരൻ വന്നവളെ കുലുക്കി വിളിച്ചപ്പോഴാണ് ഗാഡ്ഢമായ ഉറക്കത്തിൽ നിന്നും ശിവ കണ്ണുകളെ വലിച്ചു തുറന്നത്….. മുഖം കഴുകി ഉമ്മറത്തേക്ക് വന്നപ്പോൾ ചെറിയമ്മയും നീതുവും അവിടെയുണ്ടായിരുന്നു….. കത്തിച്ചു വെച്ച വിളക്കിനോരതായവളിരുന്നു സന്ധ്യാ നാമം ജപിച്ചു കൊണ്ടിരുന്നു….. അവൾ വന്നതും നീതു മുഖം കനപ്പിച്ചു കൊണ്ടെഴുന്നേറ്റ് അകത്തേക്ക്‌ പോയി….

ഫോൺ തുടർച്ചയായി അടിച്ചപ്പോഴേക്കും ശങ്കരനെടുത്തു ചെവിയിലേക്ക് വെച്ചു …. ഹാ…. പറ മോനേ…..എന്തൊക്കെ വിശേഷങ്ങൾ….. ശങ്കരന്റെ സംസാരത്തിനു നീതു കാതോർക്കുകയായിരുന്നു…. ആദിയാണ് വിളിക്കുന്നതെന്ന് ശങ്കരന്റെ സംസാരത്തിൽ നിന്നും നീതുവിന് മനസ്സിലായി….. എങ്കിൽ ഞാൻ ശിവ മോൾക്ക് കൊടുക്കാമെന്നു പറഞ്ഞു ശങ്കരൻ നീതുവിനു നേരെ ഫോൺ നീട്ടി…. മോളേ…. ഇത് ചേച്ചിക്ക് കൊടുക്ക്‌….. ഏട്ടനാണ്…. അച്ഛൻ നീതുവിനോടത് പറയുമ്പോൾ അവൾ ഫോൺ വാങ്ങി അച്ഛൻ കാണാതെ മുറിയിലേക്ക് നിന്നു….. ആദിയേട്ടാ…. ഇത് ഞാനാ…. നീതു….. പ്രണയർദ്രമായി അവൾ പറഞ്ഞു…. സുഖമാണോ നീതു….. പ്രത്യേകിച്ചൊരു വികാരവുമില്ലാത്ത ഒരു ചോദ്യമായി നീതുവിന് തോന്നി….. മ്മ്…. അവൾ പ്രണയത്തോടെ മൂളി…. ആദിയേട്ടാ…. അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു തുടങ്ങുമ്പോഴേക്കും അവന്റെ വാക്കുകൾ വന്നു… ശിവക്കൊന്നു ഫോൺ കൊടുക്കു….കൂടുതൽ സമയമില്ല…..തിരക്കിലാണ്… ആ പറഞ്ഞത് നീതുവിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു…. അവൾ ഫോൺ കയ്യിൽ പിടിച്ചു തിരിച്ചൊന്നും പറയാൻ പോലുമാവാതെ അതെ നിൽപ്പ് നിന്നു….. (തുടരും )