17/04/2026

നീ മാത്രം : ഭാഗം 40

ചന – വൈദേഹി ദേഹി

രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ദേവിയെ ഡിസ്ചാർജ് ചെയ്തത്… കൃഷ്ണൻ ഇടക്ക് അങ്ങോട്ട് വരാമെന്ന് പറഞ്ഞെങ്കിലും വരുൺ വേണ്ടന്ന് പറഞ്ഞു… ഹോസ്പിറ്റലിന്നു അവർ നന്ദ്യാരത്ത് എത്തിയതും കണ്ടു അവരെ കാത്തു ഉമ്മറത്തിക്കുന്നവരെ…രാത്രി വൈകിയത് കൊണ്ട് തന്നെ വന്ന ബന്ധുക്കൾ എല്ലാരും തിരികെ പോയിരുന്നു…നന്ദ്യാരത്തുള്ളവരും ചെമ്പകത്തുന്നു ഗോപിയും മാലതിയും ഗോപികയും മാത്രമാണവിടെ ഉണ്ടായിരുന്നത്… കാർ വന്നു നിന്നതും ഗായത്രിയും കൃഷ്ണനും പെട്ടന്ന് ഇറങ്ങി വന്നു…നന്ദു പതിയെ ദേവിയെ പിടിച്ചിറക്കി… മുന്നിൽ നിൽക്കുന്ന ഗായത്രിയെ കണ്ടതും അവൾ നന്നായി ഒന്ന് ഇളിച്ചു കാട്ടി… വിളക്കെടുപ്പിന് നിൽക്കാണ്ട് നീ എവിടെ കറങ്ങാൻ പോയതാരുന്നെടി… അതും പറഞ്ഞു ഗായത്രി അവളെ അടിക്കാൻ ഓങ്ങിയതും ദേവിയോടി പോയി കൃഷ്ണന്റെ പിറകിൽ ഒളിച്ചു… ഒന്ന് രക്ഷിക്ക് തന്തേ… നിങ്ങടെ ഭാര്യ എന്റെ മറ്റേ കൈയും കൂടെ ഇല്ലേ തല്ലി ഓടിക്കും… അവൾ അയാളുടെ ചെവിയിൽ പറഞ്ഞു…അയാൾ ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു…

മതി… മതി… ഗായത്രി അവളിങ്ങോട്ട് വന്നതല്ലേ ഉള്ളൂ… ചെല്ല് മോളെ… കൃഷ്ണൻ പറഞ്ഞതും ഗായത്രി പിന്നെ ഒന്നും മിണ്ടിയില്ല…എല്ലാരും ഉമ്മറത്തേക്ക് കയറി… ദേവി ചെന്നു ലക്ഷ്മിയമ്മയുടെ അടുത്തിരുന്നു… നവിയും വിനുവും വരുണും നന്ദുവും എല്ലാം അവിടെ അരമതിലിലായി ഇരുന്നു… എന്താ ദേവൂ… എങ്ങനാ നീ വീണത്… താലമെടുക്കാൻ നിന്നതിന്റെ ഇടക്ക് നീ ഇത് എങ്ങോട്ടാ പോയെ… ലക്ഷ്മിയമ്മ അവളുടെ തലയിൽ തഴുകി കൊണ്ട് ചോദിച്ചതും ദേവി വരുണിനെ ഒന്ന് നോക്കി… അത് അച്ഛമ്മേ… അവളുടെ കൊലുസു കാണുന്നില്ലാരുന്നു… അവളത് നോക്കി പോയതാ… ആ കമ്മിറ്റി ഓഫീസിന്റെ അവിടൊക്കെ ഇരുട്ടല്ലാരുന്നോ…അതാ എന്തിന്റെയോ വേരിൽ തട്ടി വീണത്… വരുണത് പറഞ്ഞതും ദേവി ഗായത്രിയെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി… ഗായത്രി അവളെ രൂക്ഷമായി നോക്കി…

ദേവി കൃഷ്ണനെ ഒന്ന് തോണ്ടി… അയാളവളെ നോക്കി കണ്ണടച്ച് കാണിച്ചു… എന്തായാലും ഭാഗ്യം… ചതവല്ലേ ഉണ്ടായുള്ളൂ… പൊട്ടലുണ്ടാരുന്നെങ്കിലോ… ഇതിപ്പോ എത്ര ദിവസം ഈ ബാൻഡേജ് ഇടണമെന്നാ വരുൺ പറഞ്ഞേക്കുന്നെ… ഗോപി വരുണിനോട് ചോദിച്ചു… വൺ വീക്ക്‌ എന്നാ ഡോക്ടർ പറഞ്ഞത് അങ്കിളെ… ചെറിയൊരു ചതവല്ലേ ഉള്ളൂ… മ്മ്മ്… ആഹ് എന്തായാലും ഇത്രയല്ലേ പറ്റിയുള്ളൂ… അത് തന്നെ മഹാഭാഗ്യം… മാലതി അത് പറഞ്ഞതും നന്ദുവും വിനുവും പരസ്പരം ഒന്ന് നോക്കി… എന്തായാലും നല്ലൊരു ദിവസം ആയിട്ട് ഇങ്ങനൊരു അപകടം പറ്റിയത് ഒരു ദുർനിമിത്തം ആന്നാ എനിക്ക് തോന്നണേ… സാവിത്രി അത് പറഞ്ഞതും എല്ലാരും ഒരു നിമിഷം അവരെ ഒന്ന് നോക്കി… എന്ത് ദുർനിമിത്തം ആന്നാ അപ്പച്ചി ഈ പറയുന്നേ… വിനു ചോദിച്ചു…

ശെടാ… ഈ കുടുംബത്തിലെ എല്ലാരും പങ്കെടുക്കണ്ട ഒരു പൂജ അല്ലാരുന്നോ അത്… എന്നിട്ട് ദേവൂനോ വിനുനോ വരുണിനോ അതിൽ പങ്കെടുക്കാൻ പറ്റിയോ… അത് മാത്രവുമല്ല ഈ കുടുംബത്തിലെ ഏക പെൺകുട്ടി ആയ ദേവൂന് അപകടവും പറ്റി…ഞാൻ അത്കൊണ്ട് പറഞ്ഞന്നേ ഉള്ളൂ… നവി വരുണിനെ ഒന്ന് നോക്കി… എന്റെ അപ്പച്ചി… അവളൊന്നു തട്ടി വീണേനാണോ അപ്പച്ചി ഈ ആവശ്യമില്ലാത്ത നിമിത്തോം ദുർനിമിത്തോം ഒക്കെ പറഞ്ഞോണ്ട് വരുന്നേ… വരുൺ പറഞ്ഞു…സാവിത്രിയുടെ പറച്ചിൽ കേട്ട് അവനു ദേഷ്യം വരുന്നുണ്ടാരുന്നു… വരുൺ… മതി… അച്ഛമ്മ പറഞ്ഞു… കൃഷ്ണാ… നാളെ തന്നെ ആ പണിക്കരോട് ഇത്രെടം വരെ ഒന്ന് വരാൻ പറയണം… എന്തായാലും ഒന്ന് നോക്കിയേക്കാം… ശെരി അമ്മേ… ആഹ്… എന്നാ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ ലക്ഷ്മിയമ്മേ… ഗോപിയും മാലതിയും ഗോപികയും നവിയും കൂടെ പോകാൻ ഇറങ്ങി…

ആയിക്കോട്ടെ ഗോപി… നാളെ രാവിലെ നിങ്ങൾ ഇങ്ങോട്ട് ഇറങ്ങു… ശെരി എന്നാൽ… അവർ യാത്ര പറഞ്ഞിറങ്ങി…അവരുടെ ഒപ്പം നന്ദുവും ഇറങ്ങാൻ തുടങ്ങിയെങ്കിലും ഇന്നൂടെ അവിടെ നിൽക്കാൻ പറഞ്ഞു ദേവി അവളെ നിർബന്ധിച്ചതു കൊണ്ടു അവളവിടെ തങ്ങി… അവരുടെ വണ്ടി ഗേറ്റ് കടന്നതും ലക്ഷ്മിയമ്മ എണീറ്റു… എന്നാ ഇനി എല്ലാരും പോയി കിടന്നോളു…ക്ഷീണം കാണും… അതും പറഞ്ഞു അവർ അകത്തേക്ക് നടന്നു… വരുണും വിനും നന്ദുവും ദേവിയും അവരുടെ മുറിയിലേക്കും പോയി…നല്ല ക്ഷീണം ഉള്ളതുകൊണ്ട് എല്ലാരും അപ്പൊ തന്നെ കിടന്നു… രാവിലെ ആരുടെയോ വഴക്ക് കേട്ടുകൊണ്ടാണ് ദേവി കണ്ണുതുറന്നത്… ഈശ്വരാ…ഞാനിന്നലെ വല്ല മാർക്കറ്റിലും ആണോ കിടന്നുറങ്ങിയെ… അതും ഓർത്തോണ്ട് ദേവി പതിയെ കൈ താങ്ങി എണീറ്റിരുന്നു… കണ്ണൊന്നു തിരുമ്മി നോക്കിയ ദേവി കാണുന്നത് രാവിലെ തന്നെ പോര്കോഴികളെ പോലെ നിൽക്കുന്ന നന്ദുനേം വിനുനേം ആണ്…അവൾ തലക്ക് കൈകൊടുത്തു പോയി…

നിന്റെ മറ്റവനെ പോയി വിളിക്കെടി ചട്ടിത്തലയനെന്ന്… എന്നാ നിന്റെ മറ്റവളെ പോയി വിളിക്കെടാ മഞ്ഞത്തവളേന്ന്… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും… അങ്ങോട്ട് വന്ന വരുൺ ദേഷ്യത്തിൽ പറഞ്ഞതും രണ്ടും ഒന്ന് അടങ്ങി… ദേവി അപ്പോഴാണ് ഒന്ന് തല പൊക്കി നോക്കിയത്… എന്തുവാടാ ഇവിടെ… ഏത് നേരം നോക്കിയാലും രണ്ടും കൂടെ കിടന്ന് അടിപിടി ആഹ്… മനുഷ്യന് ചെവിതല കേൾക്കണ്ട… ഏട്ടാ ഇവൾ എന്റെ ചായ എടുത്തു കുടിച്ചു… അത് ഞാൻ അറിഞ്ഞില്ല വരുണേട്ടാ അതിവന്റെ ചായ ആന്നു… ഇവിടെ കൊണ്ടു വെച്ചിട്ട് പോയപ്പോ ഞാൻ കരുതി അപ്പ കൊണ്ടു വെച്ചതാന്നു… ആഹാ ഇവിടെ കൊണ്ടുവെക്കുന്നതെല്ലാം നീയങ്ങു എടുക്കുവോ… ചുമ്മാതാ ഏട്ടാ…ഇവളത് മനപ്പൂർവ്വം തന്നാ… എന്നിട്ട് ചോദിക്കാൻ ചെന്ന എന്നെ ചട്ടിത്തലയനെന്നും വിളിച്ചു… ഓ… ഒന്ന് നിർത്തെടാ… നാണമില്ലല്ലോ രണ്ടിനും…കൊച്ചുപിള്ളേരെ പോലെ കിടന്ന് വഴക്കുണ്ടാക്കാൻ… വരുൺ രണ്ടുപേരോടും ആയിട്ട് പറഞ്ഞു..

അപ്പോഴാണ് അവിടെ എഴുന്നേറ്റിരിക്കുന്ന ദേവിയെ അവൻ കണ്ടത്… അവൻ അവളുടെ അടുത്തോട്ടു ചെന്നിരുന്നു… ഇപ്പൊ എങ്ങനുണ്ട് മോളെ… വേദന കുറവുണ്ടോ… ചെറിയ വേദന ഉണ്ട് ഏട്ടാ… മ്മ്മ്…അത് കുഴപ്പില്ല… മെഡിസിൻ ഉണ്ടല്ലോ… നീ പതുക്കെ പോയി റെഡി ആയി ഇരിക്ക്…10 മണി ഒക്കെ ആകുമ്പോഴേക്കു ആ പണിക്കർ വരും… അതും പറഞ്ഞവൻ നന്ദുനെ തിരിഞ്ഞു നോക്കി… അവിടെ രണ്ടുപേരും അപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നോക്കി പേടിപ്പിച്ചോണ്ട് നിൽക്കുവാരുന്നു… ഡീ… അവന്റെ ആ വിളിയിൽ അവൾ ഞെട്ടി നോക്കി… എന്താ വരുണേട്ടാ… കള്ളി…അവൻ വിളിച്ചപ്പോ വിളി കേട്ടത് കണ്ടില്ലേ… വരുണേട്ടാന്നു തികച്ചു വിളിക്കില്ല… ബാക്കി ഉള്ളവരെ ചട്ടിത്തലയനെന്നും… ഇവൾ എന്റെ ഏട്ടത്തി ആയ എനിക്കതൊരു ഭീഷണി ആണല്ലോ ഈശ്വരാ… വിനു മനസ്സിൽ പറഞ്ഞോണ്ട് അവളെ നോക്കി… നീ ചുമ്മാ അവനുമായി വഴക്കുണ്ടാക്കികൊണ്ട് നിൽക്കാതെ ഇവളെ ഒന്ന് ഹെല്പ് ചെയ്യ്‌… എന്നിട്ട് മൂന്നുപേരുടെ താഴോട്ട് വന്നേക്കണം… കേട്ടോടാ… മ്മ്മ്… ശെരി… അതും പറഞ്ഞു വരുൺ താഴേക്ക് പോയി… നന്ദു വിനുനെ ഒന്ന് നോക്കി കണ്ണുരുട്ടിയിട്ട് ദേവിടെ അടുത്തോട്ടു പോയി…വിനു ആണേ അവളെ ഒന്ന് നോക്കിട്ട് ബാൽക്കണിയിലോട്ട് പോയി…

രാവിലത്തെ ബ്രേക്ഫാസ്റ് കഴിച്ചു നന്ദ്യാരത്തേക്ക് പോകാൻ ഒരുങ്ങുവാരുന്നു ഗോപികയും മാലതിയും…ഗോപി കവല വരെ പോയിട്ട് അങ്ങോട്ട് വന്നതും നവി റെഡി ആയി താഴേക്ക് വന്നു… ആഹ്… നിങ്ങൾ റെഡിയായോ… ഞാൻ ദാ പെട്ടന്ന് വരാം…നീയി കവർ അങ്ങോട്ട് വച്ചേക്കു… അതും പറഞ്ഞു ഗോപി കയ്യിലിരുന്ന കവർ നവിയുടെ കയ്യിൽ ഏൽപ്പിച്ചു മുറിയിലേക്ക് പോകാൻ ഒരുങ്ങി… അച്ഛാ… എനിക്കൊരു കാര്യം അച്ഛനോട് പറയാൻ ഉണ്ടാരുന്നു… അച്ഛനൊന്ന് പുറത്തേക്ക് വരുമോ… അവൻ പറഞ്ഞത് കേട്ടതും അയാളൊന്ന് നിന്നു… അവന്റെ മുഖം കണ്ടപ്പോഴേ അയാൾക്ക് മനസ്സിലായി അവനു സീരിയസ് ആയി എന്തോ പറയാനുണ്ടെന്ന്… മ്മ്മ്… നീ വാ… അതും പറഞ്ഞു ഗോപിയും നവിയും കൂടെ മുറ്റത്തേക്ക് ഇറങ്ങി…

10 മണി ആയപ്പോഴേക്കും പണിക്കർ എത്തിയിരുന്നു… അയാൾ വന്നു വിളക്ക് കൊളുത്തി കവടി നിരത്താൻ തുടങ്ങി…ലക്ഷ്മിയമ്മയും കൃഷ്ണനും വിളക്കിന് മുന്നിലായി ഇരുന്നു… വരുണും നവിയും ഒരു സൈഡിലും നന്ദുവും ദേവിയും വിനുവും അപ്പുറത്തോട്ട് മാറിയും ഇരുന്നു… ഗായത്രിയും മാലതിയും സാവിത്രിയും ഗോപികയും കൃഷ്ണന്റേം ലക്ഷ്മിയമ്മയുടേം പിറകിലായി ഇരുന്നു… കവടി നിരത്തി ദേവിയുടെ ഗ്രഹനില വെച്ചു ഗണിച്ചതും അയാളുടെ മുഖമൊന്നു ചുളിഞ്ഞു…എല്ലാരും കവടിയിലേക്കും അങ്ങേരുടെ മുഖത്തേക്കും മാറി മാറി നോക്കികൊണ്ടിരുന്നു… വല്ലതും മനസ്സിലായിട്ടാണേ വേണ്ടില്ല… വിനുവും നന്ദുവും ദേവിയും മുഖത്തോട് മുഖം ഒന്ന് നോക്കി… എടിയേ… അങ്ങേർടെ മുഖം കണ്ടിട്ട് ഇവളുടെ കാര്യം പോക്കാന്നാ എനിക്ക് തോന്നുന്നേ… വിനു നന്ദുനെ നോക്കി പറഞ്ഞതും ദേവി അവനേം അയാളേം മാറി മാറി നോക്കി… ………….. തുടരും……….