രചന – രച്ചൂസ് പപ്പൻ
#ദാമ്പത്യം
നീ ഏതവനെയും മനസിലിട്ടൊണ്ടാടി എന്റെ കൂടെ കിടക്കുന്നെ .. ഞാൻ പണ്ടൊന്ന് ചിരിച്ചു കാണിച്ചപ്പോൾ അതുകണ്ടു മയങ്ങി എനിക്ക് പിന്നാലെ ഇറങ്ങി തിരിച്ചവളാ.. നീ… നിനക്കൊക്കെ ആണായാൽ മതി…. പിന്നേ കൊറേ അധികം കാശും…..
ഒന്ന് നിർത്തുമോ ഹരീഷേട്ടാ…. അനിയൻ കുട്ടൻ വന്നിട്ടുണ്ട് അപ്പുറത്ത്… ആദ്യത്തെ ലീവാ പട്ടാളത്തിൽ ജോലി കിട്ടിയിട്ട്… അവൻ കേൾക്കും … അവനൊന്നു പോയിട്ട് എന്തുവേണേലും ആയിക്കോളൂ…
സ്വരം താഴ്ത്തി ഞാനത് പറഞ്ഞിട്ടും ഹരീഷേട്ടന്റെ ഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു….
അവൻ എന്നേ എന്തോ ചെയ്യൂവെന്ന നീ ഈ പറയുന്നേ… നിന്റെ അഴിഞ്ഞാട്ടവും കാണണം നിന്റെ അനിയനേയും പേടിക്കണം കൊള്ളാലോഡി…
ഏട്ടാ… ദയവ് ചെയ്തു ഒന്ന് പതുക്കെ… ഞാൻ എന്ത് ചെയ്തിട്ടാ.. ഇങ്ങനെ.. ഞാൻ അയാളോട് ഇരക്കും പോലെ ആണ് ചോദിച്ചത്..
എന്റെ മുന്നിൽ നിന്ന് പോകുന്നുണ്ടോ അതോ ഞാൻ അടിച്ചിറക്കണോ… പതിവൃത നടക്കുന്നു… പോടീ എൻറെ മുന്നിൽ നിന്ന്….
സാരീ തലപ്പിൽ കണ്ണുകൾ തുടച്ചു കൊണ്ട് ഹാളിലേക്ക് ചെല്ലുമ്പോൾ അനിയൻകുട്ടനും ന്റെ ഉണ്ണിമോനുമായി കളിക്കുകയായിരുന്നു…
ഉള്ളിലെ പിടച്ചിൽ പുറമെ കാണിക്കാതെ അവനോട് വിശേഷങ്ങൾ തിരക്കുമ്പോൾ പോലും നിറകണ്ണുകളെ അവനിൽ നിന്ന് മറച്ചു പിടിക്കാൻ നന്നേ പാടുപെട്ടു…
എന്താടി ചേച്ചി… നിനക്കൊരു സങ്കടം പോലെ… എന്തെങ്കിലും… വിഷമം ഉണ്ടോ നിനക്ക് എന്ന ചോദ്യത്തിന്… ഒരിക്കലും മറുപടി പറയാൻ ഉള്ള അർഹത എനിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ… അനിയൻകുട്ടാ… നീ ഇരിക്കു ചേച്ചി ചായ എടുക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ആണ് തോന്നിയത്….
ചായ എടുക്കുമ്പോൾ പോലും മനസ്സ് ശാന്തം ആയിരുന്നില്ല..
ഏഴു വർഷമായി ഹരീഷേട്ടനും ആയുള്ള ജീവിതം..
കോളേജിലേക്കുള്ള വഴിയരികിൽ മൊട്ടിട്ട പ്രണയമായിരുന്നു… പൂത്തതും തളിർത്തതും എല്ലാം പെട്ടന്നായിരുന്നു… കാര്യമായി ജോലി ഇല്ലാത്ത ഒരാളെ വേണ്ട മോളെ എന്ന് എല്ലവരും പറഞ്ഞപ്പോൾ മനസിലെ ഇഷ്ടത്തെ ഊതി കെടുത്താൻ പറ്റിയില്ല…
പട്ടിണി കിടന്നും വാശി കാണിച്ചും എല്ലാരേയും കൊണ്ട് സമ്മതിപ്പിക്കുമ്പോൾ.. ഹരീഷേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടുന്ന മനോഹര നിമിഷം ആയിരുന്നു ഹൃദയത്തിൽ..
വിവാഹത്തിന്റെ നല്ല നാളുകൾ കഴിയുമ്പോൾ… ഒരു ജോലിക്കും പോകാതെ എനിക്ക് ചുറ്റും കറങ്ങി തിരിഞ്ഞു നിൽകുമ്പോൾ ഞാൻ കരുതിയത് പുതുമോടിയിലെ സ്നേഹപ്രകടങ്ങൾ ആണെന്നാണ്…
ദിവസങ്ങൾ കഴിയുംതോറും ഒരു ജോലിക്കും പോകാതെ ഭാര്യക്ക് കാവലിരിക്കുന്ന ഹരീഷേട്ടനോട് എനിക്ക് പുച്ഛമാണ് തോന്നിയത്….
വിട്ടീലെ അവസ്ഥ പരുങ്ങലിലായപ്പോൾ ദൈവാനുഗ്രഹം പോലെയാണ് പണ്ടെങ്ങോ എഴുതിയ ഗവണ്മെന്റ് ജോലി കിട്ടിയത്..
ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആണ് ഉള്ളിലെവിടെയോ ഉറങ്ങി കിടന്നിരുന്ന സംശയരോഗം ഉടലെടുത്തത്…
വിശേഷം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഇത് എന്റെ വിത്ത് തന്നെയാണോടി എന്നു ചോദിച്ച അയാളുടെ മുന്നിൽ നിന്ന് പൊട്ടി കരയുകയാണ് ഞാൻ ചെയ്തത്…
ഒരു പൊട്ടു തൊട്ടാൽ… ഒന്ന് അമ്പലത്തിൽ പോയാൽ.. ഇതൊക്കെ ഓരോ ദിവസത്തേക്കുള്ള പ്രശ്നങ്ങൾ ആയിരുന്നു…
എല്ലാത്തിൽ നിന്നും പിടിച്ചു നിന്നതും പൊരുതിയതും എന്റെ കുഞ്ഞിന് വേണ്ടി മാത്രം ആയിരുന്നു….
ഇന്നത്തെ പ്രശ്നം ഹരീഷേട്ടൻ വിളിച്ചപ്പോൾ നമ്പർ ബിസി ആയിരുന്നു എന്നതാണ്…
അമ്മ ആണ് വിളിച്ചത് എന്ന് ആണ ഇട്ട് പറഞ്ഞിട്ടും തെളിവ് സഹിതം കാണിച്ചിട്ടും… വിശ്വസിക്കാത്ത അയാൾ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചാണ് കലി അടക്കിയത്….
ചായ… തൂവിയപ്പോൾ ആണ് ഓർമകളിൽ നിന്ന് ഉണർന്നത്…
ചായ ഗ്ലാസ്സിലേക്ക് പകർത്തി അനിയൻ കുട്ടന് കൊടുക്കാൻ അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോൾ ഹരീഷേട്ടൻ വാതിലിൽ വന്നു കൈ തടഞ്ഞു ചോദിച്ചത്….
നിന്റെ വേശ്യാവൃത്തിയെ കുറിച്ച് പൊന്നാങ്ങളയോട് പറയട്ടെ എന്നായിരുന്നു….
അരുത്… എന്ന് കേണു പറയുമ്പോഴേക്കും കയ്യിലിരുന്ന ഗ്ലാസും കപ്പും തട്ടി തെറിപ്പിച്ചിരുന്നു..
അടുക്കളയിലെ ബഹളം കേട്ട് ഓടിവന്ന അനിയൻ കുട്ടന്റെ നേർക്ക് എന്നെ പിടിച്ചു തള്ളിയിടുമ്പോൾ നിലത്തേക്ക് വീഴാതെ അവൻ എന്നെ താങ്ങി പിടിച്ചിരുന്നു….
എന്താ… അളിയാ പ്രശ്നം…
എന്ന് ചോദിച്ച ന്റെ അനിയനോട് നിന്റെ പെങ്ങൾ വെറും പിഴയാടാ.. വെച്ച് പൊറുപ്പിക്കില്ല കൊല്ലും ഇവളെ.. എന്ന് പറഞ്ഞു എന്നിലേക്ക് നടന്നടുക്കുന്ന അയാളുടെ മുന്നിലേക്ക് എന്നെ പിന്നിലേക്ക് മറച്ചു നെഞ്ച് വിരിച്ചുകൊണ്ട് അനിയൻ കുട്ടൻ ഒന്നേ പറഞ്ഞോളു…
നിന്റെ പിഴച്ച നാവ് കൊണ്ട് ഇനിയെന്റെ പെങ്ങളെ പറ്റി പറഞ്ഞാൽ പിഴുതെടുക്കും നിന്റെ ആ പുഴുത്ത നാവ്…
അവന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം പിന്നോട്ടാഞ്ഞ അയാൾ എനിക്ക് നേരെ ചീറ്റി കൊണ്ട് അലറിയത്..
ഇവൻ പോയി കഴിഞ്ഞു നിന്റെ നെഗളിപ്പ് മാറ്റി തരാടി എന്നായിരുന്നു…
മതി നിന്റെ ഭീഷണി…… എന്റെ പെങ്ങളെയും അവളുടെ കുഞ്ഞിനേയും ഇനി നിനക്ക് കണികാണാൻ ഇവിടെ നിറുത്തില്ല… നിനക്ക് ചവിട്ടി മെതിക്കാൻ അല്ല നിനക്കവളെ കെട്ടിച്ചു തന്നത്…
മതി ചേച്ചി നീ ഇവനെ സഹിച്ചത്…. കണ്ണുതുടക്ക് ഇനി നിന്റെ കണ്ണുകൾ സന്തോഷം കൊണ്ടല്ലാതെ നിറയാൻ പാടില്ല …
നീ ഉള്ളതും ഇല്ലാത്തതും അവൾക്കും കുഞ്ഞിനും ഒരുപോലെ തന്നെയാ എന്ന് അയാളോട് പറഞ്ഞു കുഞ്ഞിനേയും എടുത്ത് എന്റെ കൈയിൽ പിടിച്ചു ആ വീടിന്റെ പടി ഇറങ്ങുമ്പോൾ അവനിലെ പട്ടാളക്കാരന്റെ ചോര തിളപ്പ് എനിക്കു തിരിച്ചറിയാമായിരുന്നു…ഒരു ആങ്ങളയുടെ ചങ്കുറപ്പും ഉത്തരവാദിത്തവും തിരിച്ചറിയാമായിരുന്നു….

by