22/04/2026

ഈ മെഴുക്കു പിരട്ടിയൊന്നെടുത്തു നോക്കെന്റെ ജാനെറ്റെ.

രചന – ജാസ്മിൻ റോസ്

#വസന്തത്തെ_തേടി

“ഈ മെഴുക്കു പിരട്ടിയൊന്നെടുത്തു നോക്കെന്റെ ജാനെറ്റെ. എന്നിട്ടു പറ നീ വെണ്ടക്ക കൊണ്ട് എന്തൊക്കയോ കാട്ടികൂട്ടി കൊണ്ടു വന്നേക്കുന്ന പോലെ ആണോ എന്ന്. പാചകം ചെയ്യുമ്പോൾ അൽപ്പം ശ്രദ്ധ വേണം കുട്ടി. അല്ലേൽ ഉള്ള സമയവും പോകും ഭക്ഷണവും വേസ്റ്റ് ആകും”

“എന്റെ പൊന്നു ശ്രീകുമാർ സാറേ. ഈ കിട്ടുന്ന വാക്കിൽ നൈസ് ആയി കെട്ടിയോളെ പുകഴ്ത്താൻ അവസരം നോക്കി നടക്കുവാ അല്ലെ .ഞാനോക്കെ പാവം. ഉള്ള സമയത്തു കാട്ടി കൂട്ടു എന്തൊക്കെയോ ഉണ്ടാക്കി എടുത്തോണ്ട് വരുന്നതല്ലെ. രാവിലെ കുട്ടികളെയും ആൽബിച്ഛായനേം പറഞ്ഞു വിടണ്ടേ .ആ ഗുസ്തിക്കിടയിൽ എങ്ങാനൊക്കെയോ ഇതൊക്കെ ഒപ്പിച്ചെടുക്കുന്നതാ. അതു തന്നെ ഭാഗ്യം അതോണ്ട് അല്പം കുറവൊക്കെ കാണും.”

“അതല്ല ജാനെറ്റെ . പാചകം കാട്ടികൂട്ടി ചെയ്യാനുള്ളതല്ല. .സമയമെടുത്തു പാകത്തിന് ഓരോന്നുമിട്ട് വെടിപ്പോടെ ചെയ്തെടുക്കണം. നമ്മളുണ്ടാക്കുന്നത് ചെറിയ ഒരു മോര് കറിയാണേൽ കൂടി അതു കൂട്ടുന്നവരുടെ നാവിൽ അതോർക്കുമ്പോൾ അതിന്റെ രുചി തത്തിക്കളിക്കണം”.

“എന്റെ പൊന്നു സാറേ. പല രീതിയിലും സ്ഥിരം പറയുന്ന ഈ ഡയലോഗ് പറയാതെ നേരെ പറയരുതോ ഇന്ന് എന്റെ വൈഫ് ഉണ്ടാക്കിത്തന്ന മെഴുകു പെരുട്ടി നല്ല ടേസ്റ്റ് ആണെന്നും അവൾ പാചക റാണി ആണെന്നും”..സുമി ഒരു കള്ളച്ചിരിയോടെ പറഞ്ഞു..

അതു കേട്ട് ചിരിച്ചോണ്ടു ശ്രീകുമാർ

” അതല്ലേലും എന്റെ ദേവു നല്ല കുക്കാണ്”

“ഓ അത്രയ്ക്കൊന്നുമില്ല. കൊള്ളാം ..അത്ര തന്നെ. എന്തായാലും സാറ് ആ ഉപ്പേരി അല്പം ഇതിലേക്കു വെച്ചേക്കു”

“എന്നാലും കള്ളികൾ ദേവൂനെ ഒന്ന് പ്രശംസിച്ചു പറയില്ല…ദേവിയെ. ഇതാല്ലേ ഈ പെണ്ണുങ്ങൾക്കിത്ര അസൂയ എന്നു പറയുന്നത്”

ജാനെറ്റും സുമിയും ശ്രീകുമാറും ഒരു ഇൻഷുറൻസ് കമ്പനിയിലെ സഹപ്രവർത്തകരാണ്. ഏകദേശം അവരുടെ അച്ഛന്റെ പ്രായം വരുന്ന ഒരാളാണു ശ്രീകുമാർ
ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ടു ഒരു വർഷത്തിനടുത്താകുന്നു. എപ്പോഴും നല്ല പ്രസരിപ്പുള്ള ഒരു വ്യക്തി. വന്നധികമാകാതെ തന്നെ എല്ലാരുടെയും പ്രിയപ്പെട്ട ആരൊക്കെയോ ആകാൻ ശ്രീകുമാറിന് സാധിച്ചു .

ശ്രീകുമാറിന്റെ ഭാര്യ ദേവപ്രഭ എന്ന ദേവു, ഒരു കണക്കദ്ധ്യാപികയാണ്. ഒരേ ഒരു മോള് അൻവിക ഡിഗ്രിക്ക് പഠിക്കുന്നു. ജാനെറ്റും കെട്ടിയോൻ ആൽബിയും 4 വയസുകാരൻ മോനുമടങ്ങുന്നതാണ് അവരുടെ കുടുംബം..

ശ്രീകുമാറിനെ എല്ലാർക്കും ഇഷ്ടവും ബഹുമാനവുമാണെങ്കിലും ,,ഈ പെണ്മണികൾക്ക് ഇടക്കെങ്കിലും അല്പം ദേഷ്യം തോന്നുന്നതു ശ്രീകുമാർ തന്റെ ഭാര്യയെ കിട്ടാവുന്ന അവസരങ്ങളിലൊക്കെ പുകഴ്ത്തുമ്പോഴാണ്..അതു കേൾക്കുമ്പോൾ ഒരു തരം അസൂയ ഇവർക്കൊക്കെ പൊട്ടിമുളയ്ക്കും.. പ്രത്യേകിച്ചു ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ… തന്റെ ഭാര്യയുടെ കൈപുണ്യം ആവോളം വാഴ്ത്തിപറയും . അത് എതിർക്കാൻ നോക്കുന്ന പെണ്മമികളും പലപ്പോഴും ആ രുചിയിൽ പിന്നീട് തോറ്റ് കൊടുക്കും. അതാണ് പതിവ്. ദേവപ്രഭയെപോലെ ഒരാളെ ഭാര്യയായി കിട്ടിയതിൽ അദ്ദേഹം ഭാഗ്യവാനാണെന്നു അവർക്കെല്ലാം തോന്നിയിട്ടുണ്ട്. തിരിച്ചും..

ഉച്ചക്ക് ലഞ്ച് ബ്രെക്കിന് അവരെല്ലാപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാർക്കും കൂടെ പങ്കിട്ടെടുക്കാൻ വേണ്ടി അല്പം കൂടുതൽ എല്ലാരും കരുതും.

എന്നാൽ വന്നിട്ടു വർഷം ഒന്നായെങ്കിലും ഇത് വരെയും അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഒരു നോക്കു കാണാൻ അവർക്കാർക്കും കഴിഞ്ഞിട്ടില്ല. ഫാമിലി get together പോലെ എന്തേലും ഉണ്ടെങ്കിലും അദ്ദേഹം ഒറ്റക്കായിരിക്കും വരിക. മറ്റുള്ളവരുടെ ചോദ്യങ്ങളിൽ എന്തെങ്കിലും മറുപടി പറഞ്ഞു ശ്രീകുമാർ ഒഴിവാകും. പലപ്പോഴും സ്റ്റാഫ്‌ എല്ലാരും കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെല്ലാമെന്നു പറയുമെങ്കിലും അതും ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കും.
അതിനാൽ പെണ്മണികൾക്കിടയിലെ ആ ഭാഗ്യതാരത്തെ കാണാനുള്ള ആഗ്രഹം അതു വരെയും സാധിക്കാതെ പോയി…

അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി..ഒരു ദിവസം വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം ഹാഫ് ഡേ ലീവ് എടുത്തു ഹോസ്പിറ്റലിൽ ഒരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു ജാനെറ്റ്‌. അയാളെ കണ്ടിറങ്ങി തിരിച്ചു പോകാൻ നേരമാണ് ദൂരെയായി ശ്രീകുമാർ തന്റെ വണ്ടിയിൽ കേറുന്നത് അവൾ ശ്രദ്ധിച്ചത്. കൂടെ ഫ്രണ്ടിൽ ഒരു പെണ്കുട്ടിയും കേറി . പ്രായം വെച്ചു നോക്കിയപ്പോൾ അതു മകളാണെന്നു മനസിലായി. അവൾ അയാളെ ഉറക്കെ വിളിച്ചെങ്കിലും അവരതു ശ്രദ്ധിച്ചില്ല… അവരുടെ അടുത്തേക്ക് ജാനെറ്റ്‌ ഓടിയെത്തിയപ്പോഴേക്കും വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കഴിഞ്ഞു പുറത്തേക്കിറങ്ങിയിരുന്നു. ഒരു കൗതുകത്തിനെന്നോണം, ശ്രീകുമാറിന്റെ വീട് കണ്ടു പിടിക്കാൻ ചിലപ്പോളാകുമെന്നു കരുതി അവൾ തന്റെ ആൾട്ടോയിൽ ആ വണ്ടിയെ പിന്തുടർന്നു.

ശ്രീകുമാറിന്റെ കാറു ലക്ഷമാക്കി ജാനെറ്റ്‌ തന്റെ വണ്ടിയിൽ പോയി. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി ഒരു ഇരുനില വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കേറിയത് ജാനെറ്റ്‌ കണ്ടു. അവളവിടെക്ക് എത്തുമുന്നേ വീടിന്റെ ഗേറ്റ് അടക്കപ്പെട്ടു . അവൾ തന്റെ വണ്ടിയുടെ പിറകെ ഉണ്ടായിരുന്ന കാര്യം ശ്രീകുമാർ ശ്രദ്ധിച്ചില്ല.

എന്തായാലും ഇതുതന്നെയാകും ശ്രീകുമാറിന്റെ വീടെന്നു ജാനെറ്റ്‌ ഏകദേശം ഊഹിച്ചു

വീട്ടിലേക്കെത്താൻ തിരക്കുള്ളതിനാലും പെട്ടെന്ന് ശ്രീകുമാറിന്റെ വീട്ടിലേക്കു കേറി ചെല്ലുന്നത് അത്ര പന്തിയല്ലെന്ന് തോന്നിയതിനാലും സർപ്രൈസ് ആയി നാളെ ആൽബിയെയും മോനെയും കൂട്ടി അവരുടെ വീട്ടിലേക്കു പോകാമെന്നവൾ തീരുമാനിച്ചു.

പിറ്റേന്ന് സെക്കന്റ് saturday ആയതിനാൽ വീട്ടിലെ ജോലികളൊക്കെ നേരത്തെ തീർത്തു. ആൽബിയെയും കൂടെ കൂട്ടാമെന്നു കരുതിയെങ്കിലും അദ്ദേഹത്തിന് ചില അസൗകര്യം കാരണം കൂടെ വരാൻ പറ്റിയില്ല. അതിനാൽ മോനെ ജാനെറ്റിന്റെ അമ്മയെ ഏല്പിച്ചിട്ടു അവൾ മാത്രമിറങ്ങി . തലേ ദിവസം ശ്രീകുമാറിന്റെ വണ്ടി കയറിപ്പോയ വീട് ലക്ഷ്യമാക്കി പോയി.

വണ്ടി വീടിന്റെ മുൻ വശത്തിട്ടതിന് ശേഷം ഗേറ്റ് തുറന്ന് അവളുള്ളിലേക്ക് കേറി. സാമാന്യം മോശമല്ലാത്ത ഒരു രണ്ടു നില വിട്. മുൻവശം മനോഹരമായി പൂന്തോട്ടത്താൽ അലങ്കരിച്ചിരിക്കുന്നു. കുറച്ചു സൈഡിലായി ഒരു കിളിക്കൂടുമുണ്ടായിരുന്നു. ആ കാഴ്‌ച്ചകൾ തന്നെ അവളുടെ മനസ്സിൽ നല്ലോരു കുളിർമ്മ സൃഷ്ടിചു

വീടിന്റെ സൈഡിലായിട്ടു മഞ്ചാടി എന്നു ചെറിയ ബോർഡിൽ എഴുതി ഒട്ടിച്ചിട്ടുണ്ട്. വീട്ടു പേരായിരിക്കും. വീടിനു വെളിയിലായിട്ടു ഏകദേശം പത്തു പതിനഞ്ചു വയസുള്ള കുട്ടികളുടെ മൂന്ന്‌ നാലു ചെരുപ്പുകൾ കിടക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ ശ്രീകുമാർ സാറിന്റെ ഭാര്യയുടെ അടുത്തു ട്യൂഷന് വന്നവരായിരിക്കും. ഉള്ളിൽ നിന്നും മാതസ് പടിപ്പിക്കുന്നതിന്റെ ശബ്ദം കേൾക്കാം.

എത്ര മനോഹരമായിട്ടാണവർ പഠിപ്പിച്ചു കൊടുക്കുന്നതെന്നവൾ ഓർത്തു
അവൾ കാളിങ് ബെല്ലടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പ്രായമായ സ്ത്രീ വന്നു വാതിൽ തുറന്നു.

” ആരാ”

“ഇതു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയുന്ന ശ്രീകുമാർ സാറിന്റെ വീടല്ലേ””

“അതേ.”

“സാറിവിടെ ഉണ്ടോ”

“സാറ് പുറത്തേക്കു പോയെക്കുവാണല്ലോ. ദേവുകുഞ്ഞും അൻവി മോളുമുണ്ട്. ഒന്ന് നിക്കു .ഞാൻ പോയി മോളെ വിളിച്ചിട്ട് വരാം”

അതും പറഞ്ഞു അവർ അകത്തേക്ക് പോയി

കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം പതിനേഴ് പതിനെട്ട് വയസോക്കെ തോന്നിക്കുന്ന സുന്ദരിയായ പെണ്കുട്ടി പുറത്തേക്ക് വന്നു.. ഇന്നലെ ശ്രീകുമാറിന്റെ കൂടെ കാറിൽ കയറിപ്പോയ പെണ്കുട്ടി ആണതെന്നു ജാനെറ്റിന് മനസ്സിലായി.

“ആരാ…മനസ്സിലായില്ലല്ലോ”

“ഞാൻ ജാനെറ്റ്‌ . ശ്രീകുമാർ സാറിന്റെ കൂടെ വർക്ക് ചെയുന്നതാ. ഇതു വഴി പോയപ്പോൾ ഇവിടെ കേറിയതാ”

“അച്ഛൻ ഇവിടെ ഇല്ലാലോ. ഇതാ വീടെന്നു എങ്ങനെ മനസ്സിലായി.”

“ഇന്നലെ നിങ്ങൾ ഹോസ്പിറ്റൽൽ നിന്നും പോകുന്നത് ഞാൻ കണ്ടിരുന്നു. നിങ്ങളുടെ പുറകെ ഞാനും ഉണ്ടായിരുന്നു. അങ്ങനെയാണ് വീട് കണ്ടു പിടിച്ചത്. പലതവണ സാറിന്റെ അടുത്ത് ഞങ്ങൾ എല്ലാവരും ഇങ്ങോട്ട് വരാമെന്നു പറഞ്ഞപ്പോളും ഓരോ കാരണങ്ങൾ പറഞ്ഞു അദ്ദേഹമൊഴിഞ്ഞു. അതാ പറയാതെ വന്നത്.”

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“അമ്മയെ കുറിച്ചും മോളെ കുറിച്ചും പറയുമ്പോൾ സാറിന് നൂറു നാവാണ്. ‘അമ്മ ഉണ്ടാക്കിയ കറികളിൽ ഒരു പങ്കു നമ്മുക്കും കിട്ടും . നല്ല കൈപുണ്യമാ അമ്മക്ക്. പലപ്പോഴും അമ്മയെ കാണണമെന്നു ആഗ്രഹിക്കുമെങ്കിലും ഇതു വരെയും അത് നടന്നില്ല..അല്ല..സാറ് അതു നടത്തി തന്നില്ല….ഇന്നെന്തായാലും കാണാല്ലോ”

അവൾ പറഞ്ഞൊപ്പിച്ചു..

“അതിനെന്താ . ചേച്ചി അകത്തേക്കു വരു. അച്ഛൻ വരാൻ ഒരുപാടു താമസിക്കും. ഒരു ഫാമിലി ഫ്രണ്ടിനെ കാണാൻ പോയിരിക്കുകയാണ് . ജോസഫ് uncle. വൈകിട്ടാകും എത്താൻ.”

അതും പറഞ്ഞു ഉള്ളിലേക്ക് ജാനെറ്റിനേ അവൾ ക്ഷണിച്ചു . ജാനെറ്റ്‌ വീടിനു ചുറ്റും നോക്കി. നല്ല വൃത്തിയായി വെച്ചിരിക്കുന്നു. ഉള്ളിലേക്ക് ചെല്ലുന്തോറും ദേവപ്രഭ കണക്ക്
പഠിപ്പിക്കുന്ന ശബ്ദം കൂടിവന്നു

“അമ്മേ. ഒന്നിതുവരെ വരുവോ. ദാ അച്ഛൻ എപ്പോഴും പറയാറുള്ള ജാനെറ്റ്‌ ചേച്ചി വന്നിരിക്കുന്നു.”

“ദാ വരുന്നു”

..അകത്തു നിന്നും ശബ്ദം കേട്ടു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചുമന്ന സാരിയൊക്കെ ചുറ്റി നെറ്റിയിൽ ചന്ദനകുറിട്ടൊക്കെ തൊട്ട, വല്യ പ്രായം തോന്നിക്കാത്ത, സുന്ദരിയായ ഒരു സ്‌ത്രീ, പുഞ്ചിരിച്ചു കൊണ്ടു അവളുടെ അരികിലേക്കു വന്നു .

പക്ഷെ…

അവരെ കണ്ടപ്പോൾ , അത് വരെ ഉണ്ടായിരുന്ന ഉത്സാഹം മുഴുവനും ആവിയായത് പോലെ തോന്നി. അവളുടെ ചുണ്ടിൽ അതു വരെ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു പോയി. മനസ്സിനും ശരീരത്തിനും ഒരു പോലെ തളർച്ച അനുഭവപ്പെടുന്നത് അവൾ മനസ്സിലാക്കി

“അമ്മേ..ഇതാട്ടോ അച്ഛൻ എപ്പോഴും പറയുന്ന ജാനെറ്റ്‌ ചേച്ചി. ഇന്നലെ നമ്മൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ചേച്ചി കണ്ടായിരുന്നു. അങ്ങനെ ഇന്നലെ നമ്മുടെ പിറകെ വന്നു വീട് കണ്ടു പിടിച്ചു”…

“ആഹാ കൊള്ളാല്ലോ…മോൾടെ കാര്യം എപ്ലോഴും ശ്രീയേട്ടൻ പറയും . മോൾടെ മാത്രമല്ലാട്ടോ ഓഫീസ് വിശേഷങ്ങൾ മുഴുവനും. അതോണ്ട് ആരേം കണ്ടില്ലെങ്കിളും എല്ലാം കാണാപാഠമാണ്”..

ആ സ്ത്രീ പുഞ്ചരിച്ചുകൊണ്ടു പറഞ്ഞു.

“പിന്നെയും അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും വ്യക്തമായി കേൾക്കാതെ മനസെവിടേക്കോ പറന്ന് പോയ ഒരവസ്ഥ ആയിരുന്നു.
വാതിൽ തുറന്നു തന്ന സ്ത്രീ കൊണ്ടു വന്ന കൂൾ ഡ്രിങ്‌സ് പകുതി കുടിച്ചിട്ട് ഞാൻ ദൃതിയിൽ അവിടെ നിന്നുമിറങ്ങി.

“ചേച്ചി ഒന്നു നിന്നെ”

,അൻവിക ആയിരുന്നു

“ചേച്ചിയുടെ മനസിൽ ഇപ്പൊ പല സംശയങ്ങളുമുണ്ടാകും. എല്ലാം ഞാൻ പറയാം. നാളെ ഫ്രീ ആണെങ്കിൽ ഒന്ന് ബീച്ച് വരെ വരുവോ. വൈകിട്ട് 4 മണി ഒക്കെ ആകുമ്പോൾ. ”

“വരാം”.

“പിന്നെ ചേച്ചി ഇവിടെ വന്ന കാര്യം വേറെ ആരും അറിയണ്ട. അച്ഛൻ പോലും. എല്ലാം ഞാൻ നാളെ പറയാം.”

സമ്മതമറിയിച്ചു കൊണ്ട് ജാനെറ്റ്‌ ഇറങ്ങി.

.അവിടെ നിന്നുമിറങ്ങിയപ്പോഴും കണ്ട കാഴ്ച്ച ജാനെറ്റിന്റെ മനസ്സ് അസ്വസ്ഥമാക്കിയിരുന്നു , സങ്കടപ്പെടുത്തിയിരുന്നു…
എന്തായിരിക്കും അൻവികയ്ക്ക് എന്റെ കൂടെ പറയാനുള്ളത്.

വീട്ടിലെത്തിയിട്ടും ഒന്നിനും ശ്രദ്ധ കൊടുക്കാൻ അവൾക്കു പറ്റിയില്ല. ജാനെറ്റിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നത് ശ്രദ്ധിച്ച ആൽബി, കുറെ നിർബന്ധിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളൊക്കെ പറഞ്ഞു. അല്ലേലും നമ്മെ മനസ്സിലാകുന്ന പാതിയുടെ അടുത്തു നമ്മുടെ വേവലാതികൾ പറയുമ്പോൾ തന്നെ പകുതി ആശ്വാസമാണ് .

പിറ്റേന്ന് അൻവിക പറഞ്ഞ സ്ഥലത്തു ചെന്ന് സത്യാവസ്തകൾ മനസിലാക്കുമ്പോൾ ഉള്ള ടെൻഷൻ ഒക്കെ മാറുമെന്നു ആൽബി അവളെ പറഞ്ഞു സമാധാനിപ്പിച്ചു.

പിറ്റേ ദിവസം പറഞ്ഞ സമയത്തു തന്നെ ജാനെറ്റ്‌ ബീച്ചിലെത്തി അവിടെ ഒരു ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. അവൾ ദൂരെ കടലിലേക്ക് നോക്കി.ആർത്തലച്ചു പൊങ്ങുന്ന തിരമാലകൾക്കു എന്തൊക്കെയോ കഥകൾ പറയാനുള്ളത് പോലെ തോന്നി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ അൻവിക അവളുടെ സ്കൂട്ടിയിൽ എത്തി. വണ്ടി പാർക്ക് ചെയ്തിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജാനെറ്റിന്റെ അരികിലേക്ക് ചെന്നിരുന്നു.

“ചേച്ചി എത്തിയിട്ട് കുറെ നേരമായോ”

“ഇല്ല..അഞ്ചു മിനുറ്റാകുന്നേ ഉള്ളു”

പിന്നെ അല്പനേരം അവർ പരസ്പരം ഒന്നും മിണ്ടിയില്ല.

“ഇന്നലെ ചേച്ചി വീട്ടിൽ വന്ന് അമ്മയെ കണ്ടപ്പോ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ തോന്നി കാണുമല്ലേ”.

“അത്..കുട്ടി.. ഞാനെന്ത് പറയാ”

“ഞാൻ പറയാം ചേച്ചി. ഓരോ മനുഷ്യർക്കും ഒരു ഭൂതകലമുണ്ടാകില്ലേ…ഒരിക്കൽ ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞിട്ടു., പിന്നെ ദുരന്തങ്ങളുടെ കയത്തിൽ മുങ്ങി പോയി, പിന്നെയും ആ കയത്തിൽ നിന്നും ദൈവ നിയോഗം പോലെ കേറി…അങ്ങനെ പോകുവല്ലേ ജീവിതം”.

ജാനെറ്റ്‌ അൻവിക യെ കണ്ണെടുക്കാതെ നോക്കി

“അയ്യോ.
ഞാൻ സാഹിത്തിക്കുകയല്ല കേട്ടോ. അനുഭവങ്ങൾ. ചിലപ്പോൾ അതാകും ഇത്രയൊക്കെ എന്നെക്കൊണ്ട് പറയിപ്പിക്കുന്നത്…”

“എന്നാലും മോളെ…ശ്രീകുമാർ സാർ നമ്മുടെ കമ്പനിയിൽ എല്ലാരുടെയും പ്രിയപ്പെട്ട , ജ്യേഷ്ഠന്റെ അല്ലേൽ പിതാവിന്റെ ബഹുമാനം കൊടുക്കുന്ന വ്യക്തിയാണ്. ഓരോ തവണയും അദ്ദേഹം ഭാര്യയെ പറ്റി പറയുമ്പോൾ അസൂയ ആയിരുന്നു..ഇതിപ്പോൾ…”
.
“അറിയാം ചേച്ചി…അത്രക്കും അച്ഛന് അമ്മയെ ഇഷ്‌ടമാണ്‌ ..തിരിച്ചും. ഒരു തരം മാജിക്കൽ ലൗ. ബന്ധുക്കൾക്, എന്തിന് ഞങ്ങൾ മക്കൾക്കു പോലും അസൂയായിരുന്നു പലപ്പോയും അവരുടെ കൂടി”

“മക്കളോ”

“അതേ എന്റെ കൂടെപ്പിറപ്പു”

“പക്ഷെ ഒരു മോളാണെന്നാ ശ്രീകുമാർ സർ പറഞ്ഞേ…”

“അതേ. ഇപ്പോൾ അദ്ദേഹത്തിനു ഒരുമോളെ ഉള്ളു..”

അത് പറഞ്ഞപ്പോൾ അൻവികയുടെ കണ്ണ് നിറഞ്ഞു…

അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അവർ രണ്ടു പേരും ഒരേ കോളേജിലെ , ഒരേ ക്ലാസിലെ സ്റ്റുഡന്റ്‌സ് ആയിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപെട്ട ‘അമ്മ പഠിച്ചതും വളർന്നതുമൊക്കെ പള്ളി വക കോണ്വന്റിലായിരുന്നു.

ഡിഗ്രി കഴിഞ്ഞു ജോലിയൊക്കെ കിട്ടിയ ശേഷം അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അച്ഛനെ അച്ഛന്റെ വീട്ടുകാർ എതിർത്തെങ്കിലും അവസാനം അച്ഛന്റെ വാശിക് മുന്നിൽ അവർ തല കുനിച്ചു.

പാലക്കാട്ടെ ഒരു ഗ്രാമത്തിലെ പേര് കേട്ട തറവാട്ടിലെ രണ്ടാമത്തെ ആണ് തരി ആയിരുന്നു എന്റെ അച്ഛൻ.

“അച്ഛനും അമ്മയ്ക്കും ഞങ്ങൾ 3 മക്കളായിരുന്നു. ഞാനും എന്റെ ഇരട്ട സഹോദരി അശ്വനി, പിന്നെ ഞങ്ങളുടെ അനിയൻ അശ്വന്തും . തറവാടിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ഞങ്ങളുടെ വീടും. തീർത്തും സന്തോഷത്തോടെ കഴിഞ്ഞിരുന്ന സമയം . ശെരിക്കും അച്ഛനും അമ്മയും ഞങ്ങൾ മൂന്നു മക്കളും കൂടെ തീർത്ത ഒരു സ്വർഗ്ഗം തന്നെയായിരുന്ന ആ വീട്. …..

‘അമ്മ പഠിപ്പിക്കുന്ന സ്‌കൂളിൽ തന്നെയായിരുന്നു ഞങ്ങളും പഠിച്ചിരുന്നത്. അമ്മയുടെ മാത്‌സ് ക്ലാസ്‌ എല്ലാർക്കും ഇഷ്ടമായിരുന്നു. മാത്രമല്ല അമ്മയെയും. എല്ലാരുടെയും പ്രിയപ്പെട്ട അദ്ധ്യാപിക ആയിരുന്നു.”

അങ്ങനെ സന്തോഷത്തോടെ പൊയ്കൊണ്ടിരുന്നപ്പോഴാണ് ജീവിതം താറുമാറാക്കിയ ആ സംഭവമുണ്ടായത്.
.
അമ്മയും ഞങ്ങളും പ്രൈവറ്റ് ബസ്സിലായിരുന്നു സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. ചിലപ്പോളൊക്കെ അച്ഛൻ കൊണ്ടാക്കുമായിരുന്നു. അതു എപ്പോഴും പ്രാക്‌ടിക്കൽ അല്ലാത്തതിനാൽ അച്ഛൻ അമ്മക്കും ഞങ്ങൾക്കും പോകാൻ വേണ്ടി ഒരു ആൾട്ടോ കാർ വാങ്ങി തന്നു. അതും സിർപ്രൈസ് ആയിട്ടു. അമ്മക്ക് ലൈസൻസ് ഉണ്ടെങ്കിലും വണ്ടി ഓടിക്കാൻ പേടിയാണ്. ലൈസൻസ് പോലും അച്ഛന്റെ നിർബന്ധത്തിനാണെടുത്തത്. വണ്ടി വാങ്ങുന്ന കാര്യം പറഞ്ഞാൽ ‘അമ്മ സമ്മതിക്കില്ലെന്നുറപ്പുള്ളതിനാൽ അച്ഛൻ വണ്ടി വാങ്ങുന്നത് സർപ്രൈസ് ആയി വെച്ചു

തുടക്കത്തിൽ വണ്ടി ഓടിക്കാൻ പേടിയുള്ളതിനാൽ അച്ഛനും കൂടി ഉണ്ടായിരുന്നു അമ്മയെ ഡ്രൈവ് ചെയ്യാൻ സഹായിക്കാൻ.

ഒരിക്കലിതുപോലെ ഞങ്ങൾ നാലു പേരും സ്കൂളിലേക്ക് പോകുംവഴിയാണ് നിയന്ത്രണം വിട്ട ഒരു ലോറി ഞങ്ങളുടെ വണ്ടിക്ക് നേരെ പാഞ്ഞു വന്നു വണ്ടി ഇടിച്ചു തെറിപ്പിച്ചത്. അമ്മയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പ്രതീക്ഷിക്കാത്തതിനാൽ അമ്മയ്ക്ക് വണ്ടി വെട്ടിച്ചു മാറ്റൻ പറ്റിയില്ല…

ആ ആക്‌സിഡന്റ് ഞങ്ങളെ നല്ലതുപോലെ ബാധിച്ചു. സ്പോട്ടിൽ തന്നെ ഞങ്ങളെ അഞ്ചു പേരെയും ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അതിനു മുന്നേ അശ്വനിയും അശ്വന്തും മരണപ്പെട്ടു. അമ്മയാണെങ്കിൽ അതോടെ അരക്ക് താഴെ തളർന്ന് പോയി. അന്ന് വലിയ പരിക്കുകളൊന്നുമില്ലാതെ ഞാനും അച്ഛനും രക്ഷപ്പെട്ടു. പക്ഷെ ബോധം തെളിഞ്ഞ അച്ഛൻ കാണുന്നത് ശരീരം തളർന്ന് കിടക്കുന്ന അമ്മയെയും ജീവൻ വെടിഞ്ഞ രണ്ടു മക്കളെയുമായിരുന്നു.

ആ സംഭവം അച്ഛനെ സാരമായി ബാധിച്ചു… ആരോടും മിണ്ടാതെയായി.. ഒരു തരം ഡിപ്രെഷൻ…ആ ഷോക്കിൽ അച്ഛൻ കുറെ നാൾ മെന്റൽ അസൈലത്തിലായിരുന്നു. ഒരു വശത്ത് ശരീരം തളർന്ന് അമ്മ, മറുവശത്ത് അച്ഛൻ, പിന്നെ നഷ്ട്ടപ്പെട്ട എന്റെ കൂടേപ്പിറപ്പുകൾ. ഞാനന്ന് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു .

ഉണ്ടായിരുന്ന ബന്ധുകളൊക്കെ കിട്ടിയ അവസരത്തിൽ സഹതപിക്കാനും കുറ്റപ്പെടുത്താനും മാത്രം വന്നു . പ്രതേകിച്ചും അച്ഛന്റെ കൂടെപിറപ്പുകൾ. ഒന്ന് ആശ്വസിപ്പിക്കാനോ സഹായിക്കാനോ ആരുമില്ലാത്ത അവസ്ഥ. എന്നും സന്ദർശകരുണ്ടായിരുന്നു അമ്മയെ കാണാൻ. മിക്കവരും ഡ്രൈവിങ്ങ് പഠിച്ചതും വണ്ടിയെടുത്തതുമൊക്ക എങ്ങും തൊടാതെ കുറ്റപ്പെടുത്തി. ചിലർ സഹതാപ വാക്കുകൾ മാത്രം പറഞ്ഞു. സത്യം പറഞ്ഞാൽ അന്ന് വെറുത്തതാ സഹതാപമെന്ന വാക്ക്. ഒരു. ദുരന്തം വന്നാൽ അതിന്റെ പ്രത്യാഖാതങ്ങൾ അനുഭവിക്കാൻ നമ്മൾ മാത്രം കാണും

അവൾ നിർത്തിയിട്ടു തുടങ്ങി

ആ സമയത്തു ഞങ്ങളെ ആത്മാർഥമായി സഹായിച്ചത് അച്ചന്റെ സുഹൃത്ത് ജോസഫ് അങ്കിളായിരുന്നു .അച്ഛന്റെ ബാല്യകാല സുഹൃത്. അങ്കിളിന്റെ സഹായത്തോടെ അമ്മയെ നല്ലൊരു ഫിസിയോതെറാപ്പിസ്റ്റിനെ കാണിച്ചു അച്ഛന് നല്ല ട്രീറ്റ്മെന്റ്ന്റ് കൊടുക്കാൻ വേണ്ടതൊക്കെ ചെയ്തു തന്നു. അദ്ദേഹവും ഭാര്യ റബേക്ക ആന്റിയും മകൾ ജെന്നിഫറും എനിക്ക് വേണ്ട മെന്റൽ സപ്പോർട്ട് തന്നു.. അല്ലേൽ ചിലപ്പോൾ ഞാൻ …

ജെന്നിഫറും ഞാനും ഒരേ ക്ലാസ്സ്സിലായിരുന്നതിനാൽ മിസ്സ്‌ ആയ പോർഷൻസ് ഒക്കെ ഒരു വിധം പടിച്ചെടുത്തു

അൽപ്പ സമയം ഒന്നും മിണ്ടിയില്ല

ആറു മാസമെടുത്തു അച്ഛൻ പഴയ സ്ഥിതിയിലേക്കെത്താനും ‘അമ്മ ബെഡിൽ നിന്നും ചേച്ചി ഇന്നലെ കണ്ട പോലെ വീൽ ചെയറിലേക്ക് മാറാനും.

ജാനെറ്റ്‌ അത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു.

പിന്നെ പാലക്കാട് നിക്കാൻ തോന്നിയില്ല. പഴയ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി.. അത് ചിലപ്പോൾ അച്ഛനെ വിണ്ടും ബാധിക്കുമെന്നൊരു പേടി. പിന്നെ പരിചയക്കാരുടെ സഹതാപം.. അതിലുപരി അച്ഛൻ വീണ്ടും മാനസിക രോഗി ആയി തങ്ങൾക്ക് ബാധ്യത ആകുമെന്ന് സ്വന്തം കൂടിപ്പിറപ്പുകളുടെ പേടി.. അതുകൊണ്ട് ഉള്ളതെല്ലാം വിറ്റുപെറക്കി ജോസഫ് അങ്കിൾ ജോലി ചെയുന്ന ഈ നാട്ടിൽ വന്നു. ഇന്നലെ ചേച്ചി കണ്ട വീടും വാങ്ങി

അങ്കിളിന്റെ സഹായത്തോടെ ഇൻഷുറൻസ് കമ്പനിയിൽ അച്ഛൻ ജോലിക്ക് കേറി . ഞാൻ ഇവിടെ ഡിഗ്രിക്കു ജോയിൻ ചെയ്തു. പതിയെ പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 3 പേരും പരംസ്പരം മനസിലാക്കിയുള്ള, അങ്ങോട്ടുമിങ്ങോട്ടും വേണ്ടിയുള്ള ജീവിതം.

സ്വയം ഒരു രോഗിയായി അമ്മക്കു തോന്നാതിരിക്കാൻ വേണ്ടിയാണ് ട്യൂഷൻ എടുക്കാൻ കുറച്ചു കുട്ടികളെ ജോസഫ്‌ അങ്കിൾ ഏർപ്പാടാക്കി കൊടുത്തത്. അമ്മക്കിഷ്ടപ്പെട്ടപോലെ പൂന്തോട്ടവും കിളിക്കൂടുമൊക്കെ ഉണ്ടാക്കിയെടുത്തതും അച്ഛനായിരുന്നു.

അമ്മയും അതുപോലെ , പറ്റുന്നപോലെയൊക്കെ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങി. അച്ഛനിഷ്ടപ്പെട്ട ഓരോ ഭക്ഷണവിഭവങ്ങളും ‘അമ്മ എന്നെ കൊണ്ട് ഉണ്ടാക്കിക്കുകയാ ചെയ്യുന്നേ. അമ്മയും അടുക്കളയിൽ എന്റെ കൂടെ ഉണ്ടാകും..ഓരോന്നും ഉണ്ടാക്കേണ്ട രീതി എനിക്ക് പറഞ്ഞു തരും. പറ്റുന്ന ചെറിയ സംഹായങ്ങൾ ചെയ്യും. അതിനെയാ ‘അമ്മ ഉണ്ടാക്കിയതാണെന്നും പറഞ്ഞു ഓഫീസിൽ അച്ഛൻ കൊണ്ടു വരുന്നേ. ചിലപ്പോൾ അച്ചൻ സ്വയം ഒരു സന്തോഷത്തിനാകും അങ്ങനെ പറയുന്നത് . ഇടയ്ക്ക് നിങ്ങളൊക്കെ ഓഫീസിൽ ഓരോന്നും പറഞ്ഞു കളിയാക്കുന്ന കാര്യവും അച്ഛൻ പറയാറുണ്ട്. കുറിച്ചു. അങ്ങനെ ഓരോന്നിലും എൻഗേജ്ഡ് ആകുമ്പോൾ പഴയതൊക്കെ മറക്കും.

ഞാനും അച്ഛനും പോകുമ്പോൾ ‘അമ്മ ജോലിക്ക്‌ നിക്കുന്ന ചേച്ചിയുടെ സഹായത്തോടെ ഗർഡനിലൊക്കെ പോകും. മനസ്സ് റിലാക്സ് ആകും ..അങ്ങനെ അമ്മയാൽ കഴിയുന്ന രീതിയിൽ ആക്റ്റീവ് ആകാൻ ശ്രമിക്കും…

എന്നാലും എന്റെ കൂടിപ്പിറപ്പുകളില്ലാത്ത കുറവ്……

അവൾ കരയാൻ തുടങ്ങി..

അന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ പോയത് അമ്മയെയും കൊണ്ട് ചെക്കപ്പിനായിരുന്നു.. കുറച്ചു നാള് കൂടി ഫിസിയോതെറാപ്പി തുടർന്നാൽ ചിലപ്പോൾ ഈ വീൽ ചയർ വിട്ട് അമ്മക്കെണീക്കാൻ പറ്റുമെന്ന് ഡോക്ടർ പറയുന്നുണ്ട്..

ഇതൊക്കെ ചേച്ചി മനസിൽവെച്ചാൽ മതി കേട്ടോ…ഓഫീസിലാരെങ്കിലും ഒക്കെ അറിഞ്ഞു വീണ്ടും അച്ഛൻ പഴയാതൊന്നും ഓർക്കാൻ ഇട വരാതിരിക്കാനാണ്. അതു ചിലപ്പൊൾ അച്ഛനെ വീണ്ടും തളർത്തും . പേടിയാ വീണ്ടും അച്ഛൻ പഴയപോലെ ആകുമോ എന്നു”

പിന്നെയും അവൾ എന്തൊക്കെയോ സംസാരിച്ചു.

തിർച്ചുവീട്ടിലേക്ക് പോയപ്പോൾ ദേവപ്രഭാ ടീച്ചർ ആയിരുന്നു മനസ്സ് നിറയെ. അവരെ ആദ്യം കണ്ടത് . താൻ വന്നതറിഞ്ഞു വീൽ ചെയർ ഉന്തി തന്റെ അടുത്തേക്ക് വന്നത് . അതോർത്തപ്പോൾ ജാനെറ്റിന്റെ കണ്ണു നിറഞ്ഞു പക്ഷെ അൻവിക പറഞ്ഞതൊക്കെ ഓർകുമ്പോൾ രണ്ടു പേരോടും ഒത്തിരി ബഹുമാനാം തോന്നുവ. സ്വന്തം അവശതയിൽ തളരാതെ ഭർത്താവിന് വേണ്ടി പറ്റുന്നതൊക്കെ ചെയ്യാൻ ശ്രമിക്കുന്ന ഭാര്യയും ഭാര്യയുടെ പരിമിതികൾ മറന്ന് അവളെ നെഞ്ചോടു ചേർക്കുന്ന ഭർത്താവും….
……………………………………………………………………

പിറ്റേന്ന് ഓഫീസിൽ

“ദാ.. ഇന്നത്തെ മാമ്പഴ പുള്ളിശ്ശേരി ഒന്നെടുത്തു നോക്കിയേ…എന്നാ ടെസ്റ്റ് ആ… അന്ന് ഈ സുമ ഉണ്ടാക്കികൊണ്ടു വന്നപോലാണോ എന്നു..”.

പതിവ് പോലെ ഉച്ചഭക്ഷണം കഴിക്കുന്ന നേരത്തു ശ്രീകുമാർ പറഞ്ഞു തുടങ്ങി….

“ദേ സാറേ . എന്നെ കളിയാക്കിയാൽ ഞാൻ പിണങ്ങും കേട്ടോ”…

ചെറുപരിഭവത്തോടെ സുമ പറഞ്ഞു..

പക്ഷെ ജാനെറ്റിന് ആ മാമ്പഴ പുളിശേരി പതിവിലും രുചികരമായി തോന്നി. ചിലപ്പോൾ ദേവപ്രഭാ തന്റെ സ്നേഹാമൃതം കൂടി ചേർത്തത് കൊണ്ടാകാം…അതിന്റെ രഹസ്യമവൾക്ക് കൂടി മനസ്സിലായത് കൊണ്ടാകും

അപ്പോഴും ശ്രീകുമാർ എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…..

നമ്മുടെ മുന്നിൽ ചിരിക്കുന്ന, സന്തോഷിക്കുന്ന മുഖങ്ങൾക്ക് ചിലപ്പോൾ ഒരുപാട്‌ കനലുകളെരിയുന്ന മനസ്സുണ്ടായിരിക്കുമെന്നു ജാനെറ്റിന് മനസ്സിലായി…

മറ്റുള്ളവർ അറിഞ്ഞാൽ സഹതാപിക്കുക മാത്രം ചെയുന്ന ചില കനലുകൾ…..തീ കെടുത്താനാകാത്ത ചില കനലുകൾ….

ഓരോന്നും ആലോചിച്ചപ്പോൾ ജാനെറ്റിന്റെ കണ്ണുകൾ നിറഞ്ഞു ..അത് മറ്റുള്ളവർ കാണാതിരിക്കാൻ അവൾ അവിടെ നിന്നും.
മാറിപ്പോയി……

ദേവപ്രഭാ തന്റെ വീൽ ചെയറിൽ നിന്നുമെഴുനേറ്റു നഷ്ടപ്പെട്ട അവരുടെ വസന്ത കാലം കടന്ന് വരട്ടെ എന്നവൾ ആശിച്ചു..