രചന – വൈദേഹി ദേഹി
മാലതിയും ഗോപികയും കൂടെ സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോയേക്കുവായതു കൊണ്ടു നന്ദുവും ദേവിയുടെ കൂടെ നന്ദ്യാരത്തേക്ക് പോന്നു… വൈകുന്നേരം നവി വന്നു വിളിച്ചോണ്ട് പോന്നോളും എന്ന് മാലതി വിളിച്ചവളോട് പറഞ്ഞിരുന്നു…കാർ മുറ്റത്തോട്ട് കേറിയപ്പോഴേ ദേവിയും വരുണും കണ്ടു സാവിത്രി അപ്പച്ചിയുടെ നേതൃത്വത്തിൽ എല്ലാരുടെ ഉമ്മറത്തു സഭ കൂടിയേക്കുന്നത്… വിനു ആണേ ഒരുമാതിരി ഈ ജീവി കടിക്കുവോ എന്നുള്ള രീതിയിൽ അപ്പച്ചിയെ നോക്കുന്നുണ്ട്… മുഖം കണ്ടാലേ അറിയാം പെട്ട് ഇരിക്കുവാന്ന്…അവർക്ക് അത് കണ്ട് ചിരി വന്നു… അവർ കാറിൽ നിന്നിറങ്ങി…വരുൺ ഇറങ്ങിയപാടെ ഉമ്മറത്തേക്ക് നടന്നു…നന്ദു കാറിൽ നിന്നിറങ്ങിയപ്പോഴാണ് സാവിത്രിയെ കണ്ടത്… ദൈവമേ… ഈ മുതൽ ഇവിടുണ്ടാരുന്നോ… അവൾ ദേവിയോട് ചോദിച്ചു… ഹ്മ്മ്…ഇന്ന് രാവിലെ കെട്ടിയെടുത്തു… നാളെ അല്ലെ പൂജ… എടി യൂദാസേ… ഒരു വാക്ക് നീ പറഞ്ഞാരുന്നേ ഞാൻ ഇങ്ങോട്ട് വരുമാരുന്നോ… ഇതിലും ഭേദം ഞാൻ അവിടെ ഒറ്റക്കിരിക്കുന്നതാരുന്നു…
അതുകൊണ്ടല്ലേ ഞാൻ പറയാഞ്ഞതെന്റെ കർളേ… അവൾ നന്ദുവിന്റെ താടിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു… പോടീ… അവൾ ദേവിയുടെ കൈ തട്ടിമാറ്റി… ബാ… നമുക്ക് എന്ന അങ്ങോട്ട് രംഗപ്രവേശം ചെയ്തേക്കാം… ഹ്മ്മ്മ്… എന്നും പറഞ്ഞു നന്ദുവും ദേവിയും കൂടെ അങ്ങോട്ട് ചെന്നു… അപ്പോഴാണ് സാവിത്രി ഉമ്മറത്തേക്ക് കയറുന്ന ദേവിയേം നന്ദുനേം ശ്രദ്ധിച്ചത്… നന്ദുനെ കണ്ടതും അവരുടെ മുഖമൊന്നു ഇരുണ്ടു… വിനുനും വരുണിനും ദേവിക്കും അത് നന്നായി മനസ്സിലാകുകേം ചെയ്തു… നന്ദു അവരെ നോക്കി ഒന്ന് ചിരിച്ചെങ്കിലും അവർ അവളെ മൈൻഡ് ചെയ്യാൻ പോയില്ല… പരട്ട കിളവി… നന്ദു മനസ്സിൽ പറഞ്ഞോണ്ട് അരമതിലിൽ ദേവിയുടെ അപ്പുറത്തായിട്ട് ഇരുന്നു… നിങ്ങളു കഴിച്ചിട്ടാണോ പിള്ളേരെ വന്നത്… അതേ അമ്മേ… കഴിച്ചിട്ടാ ഇറങ്ങിയത്… അല്ല ഇവിടെന്താരുന്നു കാര്യമായ ചർച്ച ഒക്കെ… വരുൺ എല്ലാവരോടുമായി ചോദിച്ചതും വിനു അവനെ നോക്കി ഒന്ന് കോട്ടുവാ ഇട്ടു കാണിച്ചു…
ഓഹ് ഞങ്ങൾ നാളത്തെ പൂജയുടെ കാര്യങ്ങൾ ഒക്കെ സംസാരിച്ചോണ്ട് ഇരിക്കുവാരുന്നു മോനെ… സാവിത്രി മറുപടി പറഞ്ഞു… നന്ദുട്ടി ഇന്നിനി പോകണ്ട… ഞാൻ ഗോപിയോടും മാലതിയോടും വിളിച്ചു പറയാം… നാളെ വെളുപ്പിന് ഗണപതിഹോമത്തിന് നമുക്കെല്ലാർക്കുടെ പോകാം… അച്ഛമ്മ പറഞ്ഞു… നന്ദു എന്ത് പറയണമെന്ന് അറിയാതെ ഗായത്രിയെ നോക്കി… അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു തലയാട്ടിയതും അവൾ സമ്മതമെന്ന പോലെ അച്ഛമ്മയെ നോക്കി… ശെരി അച്ഛമ്മേ… അല്ല വല്യമ്മേ… പൂജക്ക് നമ്മുടെ കുടുംബത്തിലെ ആളുകൾ മാത്രം മതിയെന്നല്ലേ പറഞ്ഞത്… പിന്നെന്തിനാ ഇവളൂടെ നമ്മുടെ കൂടെ വരുന്നേ… നന്ദുവിനെ നോക്കി കൊണ്ടു സാവിത്രി പറഞ്ഞു… നന്ദു ആകെ വല്ലാണ്ടായി… വിനുനും ദേവിക്കും അത് കേട്ട് ദേഷ്യം വന്നെങ്കിലും ചോദ്യം അച്ഛമ്മയോടായതുകൊണ്ട് അവർ മറുപടി കൊടുത്തില്ല…ഫോണിൽ നോക്കി കൊണ്ടിരുന്ന വരുൺ കണ്ണുകളുയർത്തി അച്ഛമ്മയെ ഒന്ന് നോക്കി…
അതിനു നന്ദുമോൾ ഈ കുടുംബത്തിലെ അല്ലെന്ന് നിന്നോടാരാ സാവിത്രി പറഞ്ഞത്…അവളീ വീട്ടിലെ കുട്ടി തന്നെയാ… ദേവൂനെ പോലെ തന്നാ ഞങ്ങൾക്കെല്ലാർക്കും നന്ദുവും… ഇവിടാരും ദേവുനേം നന്ദുനേം വേർതിരിച്ചു കണ്ടിട്ടില്ല… അത്കൊണ്ട് നീ ആയിട്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാൻ നിൽക്കണ്ട…കേട്ടല്ലോ… സാവിത്രിയുടെ മുഖം കടന്നൽ കുത്തിയപോലെ വീർത്തു…അച്ഛമ്മയിൽ നിന്ന് അങ്ങനൊരു മറുപടി അവർ പ്രതീക്ഷിച്ചിരുന്നില്ല…നന്ദു അച്ഛമ്മയെ നോക്കി ഒന്ന് ചിരിച്ചു… ആഹ് പിന്നെ…നിങ്ങൾക്കെല്ലാർക്കും നാളത്തേക്ക് പുതിയ ഡ്രെസ്സൊക്കെ വല്ലോം എടുക്കണമെങ്കിൽ ഇന്ന് പോയി എടുക്കാൻ നോക്ക്… അച്ഛമ്മ പറഞ്ഞു… ഞങ്ങൾക്കെന്തിനാ അമ്മേ പുതിയത് ഇപ്പോ എടുക്കുന്നത്… നല്ലത് ഇവിടെ ഉടുക്കാതെ വെച്ചിട്ടുണ്ട്… അതെടുക്കാം… പിള്ളേര് നാലുപേരുടെ പോയി എന്താന്ന് വെച്ചാൽ എടുക്കട്ടെ… അല്ലെ ഗായത്രി… കൃഷ്ണൻ പറഞ്ഞു… അതേ അമ്മേ… ഇവര് നാലുപേരുടെ പോകട്ടെ…ദേവും നന്ദും നാളെ ദാവണി ഉടുത്താൽ മതി… രണ്ടുപേരും അത് ഓരോന്ന് എടുക്ക് കേട്ടോ… എന്നാൽ ഞാനും പോകും… എനിക്കും വാങ്ങണം… പുറത്തുന്നുള്ളവർക്ക് വാങ്ങാമെങ്കിൽ എനിക്കും വാങ്ങാം… സാവിത്രി നന്ദുനെ നോക്കി പറഞ്ഞു…
വേണ്ട… അവരുടെ പറച്ചിൽ കേട്ട് ദേവി എന്തോ പറയാനായി വന്നതും അവിടെ വരുണിന്റെ ശബ്ദം ഉയർന്നു… എല്ലാവരും അവനെ നോക്കി… തല്ക്കാലം അപ്പച്ചി വരണ്ട… അപ്പച്ചിക്കുള്ളത് ഞാൻ എടുത്തോണ്ട് തരാം പോരെ… ഞങ്ങൾ എല്ലാരുടെ പോയിട്ട് വന്നോളാം… വരുൺ കൂടുതൽ ഒന്നും പറയാൻ ഇല്ലാത്ത പോലെ അതും പറഞ്ഞെണീറ്റു… സാവിത്രി ഒന്ന് ചമ്മിയെങ്കിലും അത് പുറത്ത് കാട്ടാതെ ചിരിച്ചുകൊണ്ടത് സമ്മതിച്ചു… എന്നാൽ നിങ്ങൾ പോയി ഒന്ന് ഫ്രഷ് ഒക്കെ ആയിട്ട് വാ… നമുക്ക് ഇപ്പൊ തന്നെ പോകാം… എന്താ… വരുൺ അവരോട് മൂന്നുപേരോടുമായി പറഞ്ഞു… ആഹ് ഏട്ടാ പോകാം…ഞങ്ങളിപ്പോ വരാം…വാടി… അതും പറഞ്ഞു ദേവിയും നന്ദുവും വിനും കൂടെ അകത്തേക്ക് പോയി… വരുൺ ഫോണിൽ ആരെയോ വിളിക്കാൻ വേണ്ടി മുറ്റത്തേക്കിറങ്ങി… സാവിത്രി വല്ലാത്തൊരു മുഖത്തോടെ നന്ദു പോയ വഴിയേ നോക്കി… കുറച്ചു കഴിഞ്ഞതും അവർ മൂന്നുപേരും റെഡി ആയി വന്നു… ഏട്ടാ ഇറങ്ങാം… ദേവി പുറത്ത് ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്ന വരുണിനോടായി പറഞ്ഞു…
അവൻ പെട്ടന്ന് അവളെ തിരിഞ്ഞു നോക്കി അവരോട് വന്നോളാൻ കൈകാണിച്ചു…അവർ മൂന്നുപേരും വന്നു വണ്ടിയിൽ കേറി… വരുൺ ഫോൺ കട്ട് ചെയ്തു വന്നു വണ്ടിയിൽ കേറി കാർ മുന്നോട്ടെടുത്തു… അവരിറങ്ങിയതും അതിനു പിറകെ കൃഷ്ണൻ നാളത്തെ കാര്യങ്ങൾക്കായി അമ്പലത്തിലോട്ട് ഇറങ്ങി…ഗായത്രി തൊടിയിലുള്ള പച്ചക്കറി തോട്ടത്തിലേക്കും പോയി … അച്ഛമ്മ ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാരി കിടന്നു ഫോണിൽ നോക്കാൻ തുടങ്ങി… വല്യമ്മ ആ നന്ദുന് ഈ വീട്ടിൽ ഇത്രക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത് ശെരിയല്ല… അങ്ങോട്ട് വന്ന സാവിത്രി പറഞ്ഞു…ലക്ഷ്മിയമ്മ ഫോണിൽ നിന്ന് കണ്ണെടുത്തു അവരെ ഒന്ന് നോക്കി… ഞാനവൾക്ക് എന്ത് സ്വാതന്ത്ര്യം കൊടുത്തെന്നാ സാവിത്രി നീയി പറയുന്നേ… എന്തൊക്കെ കൊടുക്കുന്നില്ലെന്ന് പറ… നന്ദു ആരാ… ഗായത്രിയുടെ ആങ്ങളയുടെ മകൾ… അവൾ എങ്ങനാ ഇവിടുത്തെ കുട്ടി ആവണേ… ഇവിടുത്തെ കുട്ടികൾ വരുണും വിനും ദേവിയും എന്റെ മോള് ശ്രുതിയും ഒക്കെയല്ലേ… വല്യമ്മ ചുമ്മാ ആവശ്യമില്ലാതെ ഈ ആണ്പിള്ളേര് ഒക്കെ ഉള്ളിടത് അവളെ കേറ്റി ഒടുക്കം നമ്മുടെ കുടുംബത്തിന് ചീത്തപ്പേരൊന്നും ആവരുത്…ഞാൻ പറഞ്ഞില്ലെന്ന് വേണ്ട… ലക്ഷ്മിയമ്മ ഒന്ന് ചിരിച്ചു…
എന്നിട്ട് ഫോൺ അങ്ങോട്ട് മാറ്റി കണ്ണാടി നേരെ വെച്ച് കസേരയിൽ നിവർന്നിരുന്നു… അല്ല സാവിത്രി… വരുണും വിനും ദേവും ഇവിടുത്തെ കുട്ടികൾ തന്നെ… നിന്റെ മോള് ശ്രുതി എങ്ങനാ ഇവിടുത്തെ കുട്ടി ആകുന്നെ… അവൾ എന്റെ അനിയത്തി ശാരദയുടെ വീട്ടിലെ കുട്ടി അല്ലെ… അ… അത്… വല്യമ്മേ… ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല… സാവിത്രി ആകെ വിളറി വിയർത്തു… പിന്നെ നന്ദു…അതേ…അവൾ ഗായത്രിയുടെ ആങ്ങളയുടെ മകളാണ്… ഇത് ഗായത്രിയുടെ വീടല്ലേ… അപ്പൊ അവിടെ അവളുടെ ആങ്ങളയുടെ മകൾക്ക് വരരുതോ…അത് മാത്രവുമല്ല… നന്ദുനേം ദേവുനേം ഞങ്ങളാരും അവിടുത്തെ കുട്ടി… ഇവിടുത്തെ കുട്ടി… എന്നൊന്നും കണ്ടിട്ടില്ല… രണ്ടു കുട്ടികളും ഇവിടുത്തെയാണ്… അങ്ങനെ കണ്ടിട്ടുള്ളു… ഇനി കാണാനും പോന്നുള്ളു…പിന്നെ അവൾ ഇവിടെ വരുന്നതിൽ എന്റെ കുടുംബത്തിനോ എന്റെ കൊച്ചുമക്കൾക്കോ എന്തേലും ചീത്തപ്പേര് വന്ന അതെങ്ങനെ കളയണമെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്…
തല്ക്കാലം അതിനു നിന്റെ ഉപദേശം എനിക്ക് വേണ്ട… അതെന്താ വല്യമ്മ അങ്ങനെ പറയുന്നേ…ആ പെണ്ണ് കേറി ഇറങ്ങി ഇങ്ങനെ നടന്നാൽ… ഈ പ്രായത്തിലുള്ള ആണ്പിള്ളേരാ…അവർക്ക് വല്ലോം എന്തേലും ഒന്ന് തോന്നിപ്പോയല്ലോ… ആർക്കണോ തോന്നുന്നേ അവരെ കൊണ്ടു ഞാൻ അങ്ങ് കെട്ടിക്കും…തീർന്നല്ലോ… ലക്ഷ്മിയമ്മ നിസ്സാരമട്ടിൽ പറഞ്ഞു… വല്യമ്മ ഇതെന്തൊക്കെയാ ഈ പറയുന്നേ… അപ്പൊ വരുണിന് അവളോട് വല്ലോം തോന്നിയാൽ വല്യമ്മ അവനെ കൊണ്ടു അവളെ കെട്ടിക്കുവോ… അപ്പോ ഞാൻ എന്റെ ശ്രുതിമോളെ എന്തോ ചെയ്യണം… നിന്റെ ശ്രുതിമോളെ ഞാൻ എന്ത് ചെയ്യണമെന്നാ… ഞാൻ പറഞ്ഞിട്ടുണ്ടോ നിന്നോട് വരുണിനെ കൊണ്ടു ഞാൻ ശ്രുതിയെ കെട്ടിക്കാന്ന്… അല്ലേൽ അവന്റെ അച്ഛനോ അവനോ പറഞ്ഞിട്ടുണ്ടോ… പിന്നെ നീ എന്ത് ഉദേശത്തിലാ ഈ പറഞ്ഞത്… അ… അത്… പിന്നെ… സാവിത്രിക്ക് ഉത്തരം മുട്ടി… അത്കൊണ്ട് സാവിത്രി ആവശ്യമില്ലാത്ത ചിന്തകൾ വല്ലോം മനസ്സിൽ കേറ്റീട്ടുണ്ടേൽ അതങ്ങ് കളഞ്ഞേക്ക്… അത്പോലെ മേലിൽ നന്ദുനെ കളിയാക്കാനോ കൊച്ചാക്കാനോ നിൽക്കരുത് കേട്ടല്ലോ…ഇനിയും നീ എന്നെ കൊണ്ടു ഇത് പറയിപ്പിക്കാൻ ഇട വരുത്തരുത്… പറഞ്ഞേക്കാം… അതും പറഞ്ഞു ലക്ഷ്മിയമ്മ കസേരയിൽ നിന്നെണീറ്റു അകത്തേക്ക് നടന്നു… സാവിത്രി പക എരിയുന്ന കണ്ണുകളോടെ അവർ പോയ വഴിയേ നോക്കി ഇരുന്നു… എന്നിട്ട് ഫോൺ എടുത്ത് ശ്രുതി എന്ന് സേവ് ചെയ്തെക്കുന്ന നമ്പറിലേക്ക് വിളിച്ചോണ്ട് പുറത്തേക്കിറങ്ങി…
ടെക്സ്റ്റൈൽസിൽ കേറി കുറെ തപ്പീട്ടും നന്ദുനും ദേവിക്കും ഇഷ്ടമുള്ള ദാവണി കിട്ടിയില്ല…വിനുനാണെ ആകെ ബോർ അടിക്കാൻ തുടങ്ങി… എന്റെ പൊന്നോ… എന്തേലും ഒന്ന് എടുക്കിനെടികളെ… നാളെ നിന്നെയൊന്നും പെണ്ണുകാണാൻ വരുവൊന്നുമല്ലലോ… അവൻ പറഞ്ഞു… അവർ അത് മൈൻഡ് ചെയ്യാതെ വേറെ തപ്പാൻ തുടങ്ങി…വിനു അപ്പുറത്തു മാറി ഒരു സോഫയിലിരുന്നു ഫോൺ നോക്കികൊണ്ടിരുന്നു…അപ്പോഴാണ് വരുണും നവിയും കൂടെ അങ്ങോട്ട് വരുന്നതവർ കണ്ടത്…നവിയെ കണ്ടതും ദേവി മുഖം വീർപ്പിച്ചവനെ ഒന്ന് നോക്കി മുഖം വെട്ടിച്ചു… അവനത് കണ്ടു ചിരി വന്നു… ഇതെന്താ ഇതുവരേം എടുത്തില്ലേ ഒന്നും… ഇല്ല ഏട്ടാ… ഞങ്ങൾക്ക് ഇഷ്ടമുള്ള ഒന്നും കണ്ടില്ല ഇത് വരെ… ദേവി വരുണിനോട് പറഞ്ഞു… അവനും നവിയും കൂടെ ആ കൂട്ടിയിട്ടിരിക്കുന്നതിൽ തപ്പാൻ തുടങ്ങി…ദേവിയും നന്ദുവും പരസ്പരം നോക്കി… അപ്പോഴാണ് നവി ആ ഷെൽഫിൽ ഇരിക്കുന്ന ഒന്ന് എടുക്കാൻ ആ സെയിൽസ് ഗേളിനോട് പറഞ്ഞത്… അവരത് എടുത്തുകൊടുത്തു…കരിനീല കളറിൽ ഉള്ള ഒരു ദാവണി ആരുന്നു അത്… ദേവിക്കത് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു…
എങ്കിലും നവി എടുത്തതായതു കൊണ്ടവൾ അനങ്ങിയില്ല… നവി അവളെ ഒന്ന് നോക്കി എന്നിട്ട് അത് വരുണിന്റെ കയ്യിലേക്ക് കൊടുത്തു… ദേണ്ടെടി… നിനക്കിത് ഇഷ്ടമായോ… ഇത് നല്ല ഭംഗി ഉണ്ട്… അവൾ ഒന്നും മിണ്ടാതെ അത് കയ്യിൽ വാങ്ങി തിരിച്ചും മറിച്ചും നോക്കി…എന്നിട്ട് അപ്പുറത്തുള്ള കണ്ണാടിയിലോട്ട് നോക്കി അത് ദേഹത്തോട്ട് വെച്ചു…അപ്പോഴാണ് കണ്ണാടിയിലൂടെ അവളെ തന്നെ നോക്കുന്ന നവിയെ അവൾ കണ്ടത്… അവളൊന്നു കണ്ണു കൂർപ്പിച്ചു നോക്കി… അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി സൂപ്പർ എന്ന് കൈ കാണിച്ചു… അത് കണ്ട് അവൾക്ക് ചിരി വന്നെങ്കിലും അവളത് പുറത്ത് കാട്ടിയില്ല… മ്മ്മ്… ഇത് മതി ഏട്ടാ… ഇതെനിക്ക് ഇഷ്ടമായി… ദേവി നവിയെ നോക്കികൊണ്ട് വരുണിനോട് പറഞ്ഞു… നവി ഒന്ന് ചിരിച്ചു… പക്ഷെ ഇത് കണ്ടോണ്ട് നിന്ന നന്ദുന്റെയും വിനുന്റെയും തലയിൽ നിന്ന് കിളി പാറി…അവർ രണ്ടു പേരും വായും പൊളിച്ചു പരസ്പരം നോക്കി… ഇതൊക്കെ എപ്പൊ… വിനു നന്ദുനോട് ചോദിച്ചു…
ആാാ… നന്ദു കൈമലർത്തി… ഡീീ… വരുണിന്റെ വിളി കേട്ടാണ് നന്ദു ഞെട്ടി നോക്കിയത്… എ… എന്താ… അവൾ നോക്കിയപ്പോ കണ്ടു കയ്യിൽ മറ്റൊരു ദാവണിയുമായി നിൽക്കുന്ന വരുണിനെ… ഇന്നാ ഇത് വെച്ചു നോക്ക്… അതും പറഞ്ഞവൻ അത് അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു… അവൾ അത് ഒന്ന് നോക്കി… വാടാമുല്ലയും ചുവപ്പും നിറത്തിലുള്ള ഒരു ദാവണി ആരുന്നു അത്… അവൾക്കത് നന്നായി ഇഷ്ടപ്പെട്ടു…അവളതിൽ ഒന്ന് തലോടി… ഇഷ്ടമായോ… വരുൺ ചോദിച്ചു… അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു… മ്മ്മ്… ഒത്തിരി ഇഷ്ടായി… അത് കേട്ടതും വരുണിന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു… അവളൊരു നിമിഷം അവനെ തന്നെ നോക്കി നിന്നു… ഇതും കണ്ടോണ്ട് ഇരുന്ന വിനുന്റെ ബാക്കിയുള്ള കിളികൾ കൂടെ പറന്നു…അവൻ ദേവിയേം നന്ദുനേം മാറി മാറി നോക്കി… ഇപ്പൊ രണ്ടുപേർക്കുമുള്ളത് ആയല്ലോ… എന്നാ ഇനി ഞങ്ങൾക്കുള്ളത് നോക്കട്ടെ…വാടാ… അതും പറഞ്ഞു വരുണും നവിയും കൂടെ വിനുനേം വിളിച്ചോണ്ട് പോയി…അവർക്ക് എല്ലാർക്കും ഉള്ള ഡ്രെസ്സും കൂട്ടത്തിൽ അപ്പച്ചിക്കുള്ളതും കൂടെ എടുത്തു രാത്രിയിലത്തെ ഫുഡും കഴിച്ചിട്ടാണവർ വീട്ടിലേക്ക് മടങ്ങിയത്… …………. തുടരും………….

by